പുരുഷന്മാർ

ലൈംഗികതയെ ചൂഴ്ന്നുനില്‍ക്കുന്ന കെട്ടുകഥകൾ ദുരിതങ്ങൾക്കു കാരണമാകുമോ ?

ലൈംഗിക പ്രകടനത്തേയും ലൈംഗിക ആരോഗ്യത്തേയും സംബന്ധിച്ചുള്ള തെറ്റിദ്ധാരണകള്‍ ഇന്ത്യന്‍ യുവാക്കളിൽ മാനസികാരോഗ്യ പ്രശ്‌നങ്ങൾക്കു കാരണമാകുന്നുണ്ട്.

ഡോ സന്ദീപ് ദേശ്പാണ്ഡെ

2017 ൽ ഇറങ്ങിയ ജീവിതഗന്ധിയായ ഹാസ്യ സിനിമയാണ് ശുഭ് മംഗൾ സാവ്ധാൻ. മുദിത് ശർമ്മ ആയി ആയുഷ്മാൻ ഖുറാനയും സുഗന്ധ ആയി ഭൂമി പഡ്‌നേക്കറും അഭിനയിക്കുന്ന സിനിമ യുവദമ്പതികളുടെ  ഉറ്റ ജീവിതബന്ധ ത്തിനു ചുറ്റും കറങ്ങുന്നു. ലിംഗോദ്ധാരണം നിലനിർത്തുന്നതിനും വിവാഹത്തിന്‍റെ പൂർണ്ണാവസ്ഥയിൽ എത്തിക്കുന്നതിനും ഉള്ള മുദിതിന്‍റെ കഴിവുകേട് സിനിമ ചിത്രീകരിക്കുന്നു. വിചിത്രമെന്നു പറയട്ടെ, അയാൾ മനഃക്ലേശത്തിലാണെന്നും ആ മനഃക്ലേശമാണ് പ്രവൃത്തിനിർവ്വഹണം സംബന്ധമായ ഉത്കണ്ഠ സൃഷ്ടിക്കുന്നതെന്നും അയാളെ ബോദ്ധ്യപ്പെടുത്തുന്നതിന് ഒരു മൃഗഡോക്ടർ വേണ്ടി വന്നു. 

ഇന്ത്യയിലേതു പോലെ ഒരു യാഥാസ്ഥിതിക സമൂഹത്തിൽ, ജനപ്രിയ മാദ്ധ്യമത്തിലൂടെ അങ്ങനെയുള്ള വിലക്കപ്പെട്ട പ്രശ്‌നങ്ങൾ ഉയർത്തുന്നതു തന്നെ മുന്നോട്ടുള്ള ഒരു കാൽവയ്പ്പാണ്. ലൈംഗികപരമായതും പരസ്പര ബന്ധങ്ങളെ കുറിച്ചും ഉള്ള പ്രശ്നങ്ങൾ സംബന്ധിച്ച് സ്‌കൂളിൽ പാഠ്യപദ്ധതി ഇല്ല. ലൈംഗികാരോഗ്യം എന്നത് പുതുതായി ആവിർഭവിച്ചു വരുന്ന മേഖലയാണ്, യോഗ്യത നേടിയ വിദഗ്ദ്ധരുടെ കഠിനമായ ദൗർലഭ്യം നേരിടുന്ന മേഖല. 

ഇന്ത്യയിൽ ഇങ്ങനെയുള്ള പ്രശ്‌നങ്ങൾ എത്രത്തോളം സാധാരണമാണ്?

ഇന്ത്യയെ സംബന്ധിച്ച് വിശ്വസനീയമായ സ്ഥിതിവിരക്കണക്ക് ഇല്ലാത്തപ്പോൾ, യുകെ പോലെയുള്ള വികസിത രാജ്യത്തു പോലും ആറുപേരിൽ ഒരാൾ ലൈംഗികപ്രശ്‌നം അറിയിക്കുന്നുണ്ട് (ദ ബ്രിട്ടീഷ് നാഷണൽ സർവേയ്‌സ് ഓഫ് സെക്ഷ്വൽ ആറ്റിറ്റിയൂട്‌സ് ആൻഡ് ലൈഫ്‌സ്റ്റൈൽസ്, 2012). ബംഗളുരുവിൽ നിന്നുള്ള, ലൈംഗിക - പരസ്പരബന്ധ വിഷയത്തിൽ പ്രവർത്തിക്കുന്ന പ്രത്യേക ചികിത്സകരുടെ (തെറപ്പിസ്റ്റുകളുടെ) ഒരു സംഘം (Aiyappa et al. ഹാപ്പി റിലേഷൻസ് ഗ്രൂപ്പ്, 2017) അവർക്ക് ഓൺലൈനായി ലഭിച്ച 500 ചോദ്യങ്ങളുടെ വിശകലനം നടത്തി. 97 ശതമാനം ചോദ്യങ്ങളും പുരുഷന്മാരിൽ നിന്നാണ് ലഭിച്ചത്, അവരിൽ ഭൂരിഭാഗവും 20 മുതൽ 35 വയസ്സു വരെ പ്രായത്തിനുള്ളില്‍ പെട്ടവരായിരുന്നു. പുരുഷ ലൈംഗികാവയവത്തിന്‍റെ വലിപ്പം ('വലിപ്പം കുറഞ്ഞ ലൈംഗികാവയവം' സംബന്ധിച്ചുള്ളത്), നേരത്തെ സംഭവിക്കുന്ന സ്ഖലനം (അവരിൽ ഒരു വലിയ ഭൂരിപക്ഷം സ്ഖലന സമയത്തിന്‍റെ പരിധിക്കുള്ളിൽ ആയിരുന്നിട്ടു പോലും), ഉദ്ധാരണത്തെ കുറിച്ചുള്ള  ഉത്കണ്ഠകള്‍ എന്നിവ സംബന്ധിച്ചുള്ളതായിരുന്നു മിയ്ക്കവാറും ചോദ്യങ്ങൾ. 

എന്തുകൊണ്ടാണ് ചെറുപ്പക്കാരായ ഇന്ത്യാക്കാർ ലൈംഗിക പ്രശ്‌നങ്ങൾ അവതരിപ്പിക്കുന്നത്?

ലൈംഗികത സംബന്ധിച്ച് ധാരാളം സങ്കൽപ്പങ്ങളും മിഥ്യാധാരണകളും വച്ചു പുലർത്തുന്ന പുരുഷന്മാരെ ഞാൻ കാണാൻ ഇടയായിട്ടുണ്ട്. ഒരു വർഷം മുമ്പ് വിവാഹിതനായ ഒരു എഞ്ചിനീയറാണ് സഹീൽ.  സ്ഖലനം കഴിഞ്ഞ് രണ്ടു ദിവസത്തേക്ക് അയാൾക്ക് 'കഠിനമായ തളർച്ച' അനുഭവപ്പെടുന്നതിനാൽ, അയാൾക്ക് ആറു പ്രാവശ്യത്തോളം മാത്രമേ ലൈംഗിക വേഴ്ച്ച നടത്തുവാൻ കഴിഞ്ഞിട്ടുള്ളു. ഇന്ത്യൻ ഉപഭൂഖണ്ഡത്തിനു മാത്രം സവിശേഷമായ ഉത്കണ്ഠബന്ധിത അവസ്ഥയായ ' ധാത് സിൻഡ്രോം - ധാതു രോഗലക്ഷണം' ആയിരുന്നിരിക്കണം സഹീലിന്‍റേത്. രേതസ്സ് നഷ്ടം ശാരീരിക തളർച്ചയിലേക്കു നയിക്കുന്നു എന്ന് ഒരു മൂഢ വിശ്വാസം ഇവിടെ പുരുഷന്മാർ പുലർത്തി വരുന്നുണ്ട്.

വിവാഹിതനും രണ്ടു കുട്ടികളുടെ പിതാവുമായ 35 വയസ്സു പ്രായമുള്ള ഒരു അക്കൗണ്ടന്‍റ് ആണ് രജത്. ഒരു 'ലിംഗം വലുതാക്കൽ' ശസ്ത്രക്രിയയ്ക്കു വേണ്ടി രജത് ഒരു പ്ലാസ്റ്റിക് സർജന്‍റെ ഉപദേശം തേടിയപ്പോൾ അദ്ദേഹമാണ് അയാളെ എന്‍റെ അടുത്തേക്ക് പറഞ്ഞു വിട്ടത്. അയാൾ വിവാഹിതനായിട്ട് 9 വർഷങ്ങൾ കഴിഞ്ഞിരുന്നു, ഭാര്യയുമായി തൃപ്തികരമായ ലൈംഗിക ബന്ധവും പുലർത്തി വന്നിരുന്നു. എങ്കിലും ഏതാനും ആഴ്ചകൾക്കു മുമ്പ്, അയാൾ തന്‍റെ പുരുഷസുഹൃത്തുക്കളുമൊത്ത് ഒരു യാത്ര പോയപ്പോൾ, ഒരു കുളത്തിൽ കുളിച്ചുകൊണ്ടിരിക്കവേ, അയാളുടെ ലിംഗത്തിന്‍റെ കുറഞ്ഞ വലിപ്പത്തെ പറ്റി പറഞ്ഞ് കൂട്ടുകാർ അയാളെ പരിഹസിച്ചു. അന്നു മുതൽ, തന്‍റെ ലിംഗത്തിന്‍റെ വലിപ്പത്തെ കുറിച്ച് ഓർത്ത് അയാൾ ഖിന്നനായിരുന്നു, തന്‍റെ ഭാര്യയുമായി ശാരീരികമായി അടുത്ത് ഇടപഴകുന്നതിൽ നിന്ന് അയാൾ ഒഴിഞ്ഞുമാറി നിന്നു, ഈ പ്രശ്‌നം അയാളെ നിരന്തരം അലട്ടിക്കൊണ്ടിരിക്കുകയും ചെയ്തു. 

ഓൺലൈനിൽ അശ്ലീലപരമായ സംഗതികളോട് വളരെ എളുപ്പത്തിൽ അഭിഗമ്യതയുള്ളതിനാൽ, രജത് നെ പോലെയുള്ള യുവാക്കൾ,  ലൈംഗിക പ്രവർത്തനം എന്നാൽ സംഭോഗ കേന്ദ്രീകൃതവും ലിംഗ കേന്ദ്രീകൃതവും മാത്രം ആണ് എന്ന വികലമായ ആശയങ്ങൾ വച്ചു പുലർത്തിയിരുന്നു. ഹാപ്പി റിലേഷൻഷിപ്പ്‌സ് - ലൈംഗികാരോഗ്യ വിദ്യാഭ്യാസ രംഗത്ത് പ്രവർത്തിക്കുന്ന ഒരു സാമൂഹ്യ സംരംഭം - നടത്തിയ ഒരു പഠനത്തിൽ ഒരു യുവാവ് ചോദിച്ചു,' ഡോക്ടർ, എനിക്ക് ഒരു ചെറിയ ലിംഗം ആണ് ഉള്ളത്, അതിനു ആറു ഇഞ്ചു മാത്രമേ ഉള്ളു. അതിന്‍റെ വലിപ്പം വർദ്ധിപ്പിക്കുന്നതിനായി എനിക്ക് മരുന്നുകൾ വേണം.' നിർഭാഗ്യകരമെന്നു പറയട്ടെ, ലിംഗത്തിന്‍റെ നീളം വർദ്ധിപ്പിക്കുന്നതിനു ഉതകും എന്നു മിഥ്യാധാരണ  നിലനിര്‍ത്തുന്ന കൃത്രിമവും വ്യാജവും ആയ മരുന്നുകളും ഒൗഷധജലങ്ങളും കഷായങ്ങളും എണ്ണകളും വിൽക്കുന്ന നിയമാനുസൃതമല്ലാത്ത വിൽപ്പനകേന്ദ്രങ്ങൾ ധാരാളം ഉണ്ട്, പ്രത്യേകിച്ചും ഓൺലൈനിൽ. 

ഇരുപങ്കാളികളും ഏകകാലിക പൊരുത്തത്തോടെ വർത്തിക്കേണ്ടത് ആവശ്യമാക്കുന്ന ദമ്പതികളുടെ നൃത്തം പോലെ തന്നെ ഉള്ളതാണ് അടുത്ത് ഇടപഴകലും എന്നത് അംഗീകരിക്കുന്നതിൽ ചെറുപ്പക്കാരായ ഇന്ത്യാക്കാർ പരാജയപ്പെടുന്നു. അതിനു പകരം, ലൈംഗിക പ്രവർത്തികൾക്കു തുടക്കം കുറിക്കുക, ഒരു 'ഗംഭീരമായ ലിംഗോദ്ധാരണം' ലഭിക്കുക, തുളച്ചു കയറ്റുക, കഴിയുന്നത്ര കൂടുതൽ സമയം അതു തുടരുക തുടങ്ങിയവയെല്ലാം തങ്ങളുടെ മാത്രം ചുമതലയിൽ ആണ് എന്നാണ് ഇന്ത്യാക്കാരായ പലേ പുരുഷന്മാരും കണക്കാക്കി വച്ചിരിക്കുന്നത്. തങ്ങളുടെ സ്ത്രീ പങ്കാളികളുടെ ഭാഗം അവർ ഇതിൽ എല്ലാത്തിലും അവഗണിക്കുന്നു. ഇങ്ങനെ ചെയ്യുന്നതു മൂലം, കാര്യങ്ങൾ തെറ്റായ രീതിയിൽ നീങ്ങുമ്പോൾ, പുരുഷന്മാർ തങ്ങളെ തന്നെ പഴിക്കുന്നു, തങ്ങള്‍ക്കാണ് തെറ്റു പറ്റിയത് എന്ന് അവർ ഉറച്ചു വിശ്വസിക്കുകയും ചെയ്യുന്നു. ചിലപ്പോൾ ഇവയെല്ലാം മൂലമുണ്ടാകുന്ന മനഃക്ലേശം ഉത്കണ്ഠയും വിഷാദവും പോലയുള്ള രോഗങ്ങളിലേക്ക് നയിക്കുകയും ചെയ്തുവെന്നും വരാം. കുറച്ചുകൂടി ആഴത്തിലുള്ള തലത്തിലേക്ക് ഇറങ്ങിയാൽ തന്‍റെ 'ആണത്തം' സംബന്ധിച്ച് സംശയങ്ങൾ വളർന്നു വരികയും, അങ്ങേയറ്റം തീവ്രമായ ചില അവസരങ്ങളിൽ, ആത്മഹത്യയെ കുറിച്ചു നിരന്തരം ചിന്തിക്കുന്നതിലേക്കു വരെ അവരെ അതു നയിച്ചുവെന്നും വരാം.

ഉദാഹരണത്തിന് ഗീതയുടേയും ശരത്തിന്‍റേയും കാര്യം എടുക്കുക. അവർ വിവാഹിതരായിട്ട് ഒരു വർഷത്തിൽ താഴെയേ ആയിട്ടുള്ളു, പക്ഷേ 'ശുഭവാർത്ത' നൽകുന്നതിനായി അവരുടെ കുടംബങ്ങളിൽ നിന്നു സമ്മർദ്ദമുണ്ട്. തനിക്ക് എപ്പോഴാണ് അണ്ഡോൽപ്പാദനം നടക്കുന്നത് എന്ന് പറയുന്ന ഒരു ആപ്പ്  ഗീതയ്ക്ക് ഉണ്ട്, ഗർഭധാരണം നടക്കുന്നതിലേക്കായി ദമ്പതികൾ സംഭോഗം നടത്തേണ്ട ദിവസങ്ങൾ ഏതെല്ലാം ആണ് എന്ന് ഈ ആപ്പ് ആജ്ഞാപിക്കുന്നു. ശരത്തിന് ആണെങ്കില്‍ 'ലൈംഗികബന്ധം' കൂടിയേ കഴിയൂ, ചില സമയത്ത് ക്ഷമ നശിച്ച ഗീത 'സ്വയം അങ്ങു സ്ഖലനം നടത്തിക്കൂടേ' എന്നു ചോദിക്കുകയും ചെയ്യുന്നു. അനഷ്ഠാനത്തിനു വേണ്ടിയുള്ള ഈ സമ്മർദ്ദം ശരത്തിന് ഉദ്ധാരണബന്ധിയായ പ്രവർത്തനക്ഷമതയില്ലായ്മക്കു കാരണഭൂതമാകുന്നു, തൽഫലമായി രണ്ടുപേർക്കും നിരാശയും ഉളവാകുന്നു. ഇത് തങ്ങൾക്കിടയിലുള്ള ബന്ധത്തിൽ ബുദ്ധിമുട്ടുകൾ ഉണ്ടാക്കുന്നതിലേക്കു നയിക്കുന്നു.  ലൈംഗികബന്ധം ഉത്പാദന ആവശ്യത്തിനു വേണ്ടി മാത്രം കേന്ദ്രീകരിച്ചിരിക്കുന്ന ഈ സാഹചര്യത്തെ, 'ആവശ്യകത ഉള്ളപ്പോൾ മാത്രം ഉള്ള ലൈംഗികബന്ധം', എന്നു ഞാൻ വിളിക്കുന്നു.

ലൈംഗികതയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളും മാനസികാരോഗ്യവും തമ്മിൽ വളരെ അടുത്ത ബന്ധമുണ്ട്, ലൈംഗിക പ്രവർത്തനങ്ങളെ പറ്റിയും അതിന്‍റെ ശാരീരികവും വൈകാരികവുമായ ഘടകങ്ങളെ പറ്റിയും മനസ്സിലാക്കേണ്ടത് ഒരു അത്യാവശ്യം ആണ് എന്ന് ഇതു സൂചന നൽകുന്നുണ്ട്. ഒരു സെക്‌സോളജിസറ്റ് എന്ന നിലയിൽ,  ഈ പ്രസ്താവനകൾ എന്‍റെ  ക്ലിനിക്കിൽ വളരെയധികം പ്രാവശ്യം ഞാൻ ആവർത്തിക്കുന്നതായി ഞാൻ സ്വയം കണ്ടെത്താറുണ്ട്.

  • ഒരു ബന്ധത്തിൽ ആകുന്നതോ അല്ലെങ്കിൽ വിവാഹിതരാകുന്നതോ ലൈംഗിക ഇടപഴകൽ സംബന്ധിച്ചു മാത്രമുള്ളതല്ല. ഒരു വ്യക്തി ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതായ  വൈകാരികവും വിനോദദായകവും ആയ ദമ്പതീ സമയങ്ങൾ എന്ന തരത്തിലുള്ള അടുത്ത് ഇടപഴകലും ഉണ്ട്. 
  • ലൈംഗികബന്ധം എന്നാൽ സംഭോഗം മാത്രമല്ല. ശാരീരിക ഇടപഴകലുകളുടെ ഒരു ഭാഗം മാത്രമാണ് ലിംഗം യോനിയുടെ ഉള്ളിലേക്കു കയറ്റുന്ന ലൈംഗികത.
  • ഒരു ഓൺ - ഓഫ് സ്വച്ച് ഉള്ള ഉപകരണം എന്നതു പോലെ ഉദ്ധാരണം പ്രവർത്തിക്കുന്നതിനു സാദ്ധ്യമല്ല. ലൈംഗിക ഉദ്ദീപനം (പുരുഷന്മാരിൽ ഉദ്ധാരണവും സ്ത്രീകളിൽ യോനീസ്രവവും)  എന്നു പറയുന്നത് മനസ്സിൽ ഉത്ഭവിക്കുന്നതും ശരീരം ക്രമപ്പെടുത്തുന്നതുമായ ഒരു പ്രക്രിയ ആണ്. ആളുകൾ വളരെ ശാന്തരാകേണ്ടതുണ്ട്, ഉദ്ദീപനം നേടുന്നതിലുള്ള പരാജയങ്ങളിൽ ഉത്കണ്ഠാകുലരാകേണ്ടതില്ല, പ്രത്യേകിച്ചും തങ്ങളുടെ ലൈംഗിക പര്യവേക്ഷണത്തിന്‍റെ പ്രാരംഭ ഘട്ടങ്ങളിൽ. പലേ വ്യക്തികളുടേയും ദമ്പതികളുടേയും മനസ്സുകൾ, നടപ്പാക്കൽ  സംബന്ധമായ ഉത്കണ്ഠ നശിപ്പിച്ചിട്ടുണ്ട്, ഇത് അവരുടെ ബന്ധങ്ങൾ താറുമാറ് ആക്കും വിധം അലങ്കോലം സൃഷ്ടിച്ചിട്ടുമുണ്ട്.
  • നിങ്ങളുടേയും നിങ്ങളുടെ പങ്കാളിയുടേയും ഇടയില്‍ ഉള്ള ആനന്ദത്തിന്‍റെ കൊടുക്കല്‍ വാങ്ങലുകളുടെ ഇടയില്‍ ഒരു ഉത്കൃഷ്ട സമതുലിതാവസ്ഥ ഉണ്ട് എന്നു മനസ്സിലാക്കുക. അത് ഒരു പങ്കാളിത്ത പ്രവര്‍ത്തനം എന്ന രീതിയില്‍ വേണം ഒരു വ്യക്തി അതു കാണേണ്ടത്, അല്ലാതെ ഒരു വ്യക്തിയുടെ മാത്രം ചിമതല എന്ന രീതിയില്‍ അല്ല. 
  • നിങ്ങൾക്ക് ഉറപ്പു പോരെങ്കിൽ, ദമ്പതിമാർ എന്ന നിലയിൽ തന്നെ ഒരു യോഗ്യതയുള്ള സെക്‌സോളജിസ്റ്റിനെ സമീപിക്കുക. വിവാഹപൂർവ്വ ഉത്ബോധന യോഗം അടക്കം നിങ്ങളുടെ ബന്ധത്തിന്‍റെഏതു തലത്തിലും, നിങ്ങൾക്ക് ഇതു ചെയ്യുവാൻ സാധിക്കും.

ഈ പ്രശ്‌നത്തെ പറ്റി എല്ലാവരും സംസാരിച്ചു തുടങ്ങുക എന്നത് അത്യാവശ്യമായ ഒരു കാര്യമാണ്: മാതാപിതാക്കൾക്ക് തങ്ങളുടെ കുട്ടികളെ വിദ്യാഭ്യാസം ചെയ്യുന്നതിലേക്കായി, അദ്ധ്യാപകർക്ക് ശരിയായ അറിവ് പകർന്നു കൊടുക്കുവാൻ സാധിക്കുന്നതിനായി, സമൂഹത്തിന് ലൈംഗിക ചോദനകളേയും ലൈംഗികതയേയും സംബന്ധിച്ചുള്ള വിലക്കുകളും സങ്കൽപ്പങ്ങളും മിഥ്യാധാരണകളും  നീക്കുന്നതിനായി.

വ്യക്തിഗത വിവരങ്ങൾ (പേരുകളും കണ്ടുപിടിക്കപ്പെടത്തക്ക വിധമുള്ള മറ്റു വിവരങ്ങളും) മാറ്റി വേണ്ടവിധത്തിൽ വിശദവിവരങ്ങൾ അജ്ഞാതമാക്കിയിട്ടുണ്ട്.

ലൈംഗികാരോഗ്യവും ബന്ധങ്ങളും എന്ന വിഷയത്തിൽ പ്രത്യേകപഠനം നടത്തുന്ന, ബംഗളുരു ആസ്ഥാനമാക്കിയിട്ടുള്ള സൈക്ക്യാട്രിസ്റ്റ് ആണ് ഡോ സന്ദീപ് ദേശ്പാണ്ഡെ.

White Swan Foundation
malayalam.whiteswanfoundation.org