ഗർഭച്ഛിദ്രത്തിനു ശേഷമുള്ള മാനസികാരോഗ്യ പരിപാലനം എങ്ങനെ വേണം?
30 ശതമാനത്തിന് അടുത്ത് ഗർഭങ്ങൾ അലസിപ്പോകുന്നതിലാണ് അവസാനിക്കാറുള്ളത് എന്ന് ഏതാനും വർഷങ്ങൾക്കു മുമ്പ് ടൈം മാഗസിൻ ഒരു വാർത്ത പ്രസിദ്ധീകരിച്ചിരുന്നു. മറ്റുള്ള വിലയിരുത്തല്‍ കണക്കുകള്‍ പറയുന്നത്, അമേരിക്കൻ ഐക്യനാടുകളിൽ ഏതാണ്ട് നാലു സ്ത്രീകളിൽ ഒരാൾക്ക് ഏതെങ്കിലും ഒരു സമയത്ത് ഗർഭച്ഛിദ്രം അനുഭവിക്കേണ്ടി വരുന്നുണ്ട് എന്നാണ്. ഇന്ത്യയിൽ, 2400 സ്ത്രീകളിൽ നടത്തിയ ഒരു പഠനം കാണിക്കുന്നത് പ്രതികരിച്ചവരിൽ 32 ശതമാനം പേർ ഗർഭച്ഛിദ്രാവസ്ഥയിലൂടെ കടന്നു പോയിട്ടുണ്ട് എന്നത്രേ.
പരസ്യമായി പുറത്ത് അറിയുന്നതിനേക്കാള്‍ കൂടുതൽ സാധാരണമായി ഗർഭം അലസൽ സംഭവിക്കുന്നുണ്ട്, ഗർഭച്ഛിദ്രം അനുഭവിക്കേണ്ടി വരുന്ന ഒരു സ്ത്രീയുടെ മേൽ വൈകാരികമായും ശാരീരികമായും അതിന്‍റെ പ്രഭാവം ഉണ്ടാവുകയും ചെയ്യും. അതിന്‍റെ വൈകാരിക പ്രഭാവം മനസ്സിലാക്കുന്നതിനായി ഗൈനക്കോളജിസ്റ്റുകളായ ഡോ ഷോയിബ സൽദാൻഹ, ഡോ അരുണ മുരളീധർ, സൈക്യാട്രിസ്റ്റായ ഡോ ആഷ്‌ളേഷ ബഗാദിയ എന്നിവരോട് വൈറ്റ് സ്വാൻ ഫൗണ്ടേഷൻ സംസാരിച്ചു.
ഗർഭച്ഛിദ്രം എന്നത് ഒരു സ്ത്രീയുടെ ജീവിതത്തിലെ തന്നെ ഒരു പ്രധാന നഷ്ടമായി ഭവിച്ചേക്കാം.
പല വിധത്തിലും, ഗർഭം അലസി പോകൽ എന്നത് ഒരു കുഞ്ഞിനെ നഷ്ടപ്പെടുന്നതിനു തുല്യമാണ്. അമ്മ അതികഠിന വിഷാദവും സങ്കടവും അനുഭവിക്കുന്നു എന്നു വരാം, തന്‍റെ നഷ്ടത്തിൽ നിന്നു കരകയറുവാൻ അവൾക്ക് സമയവും ആവശ്യമുണ്ട്. ഗർഭച്ഛിദ്രത്തിനെ ചുറ്റിപ്പറ്റിയുള്ള ഭ്രഷ്ട് പലപ്പോഴും അർത്ഥമാക്കുന്നത്, തന്‍റെ വിഷാദമോ വേദനയോ വേണ്ടവിധം അഭിമുഖീകരിക്കുന്നതിന് അമ്മയ്ക്ക് ഇടം തീരെ കുറവാണ് എന്നതാണ്. തന്‍റെ നഷ്ടവുമായി പൊരുത്തപ്പെട്ടു പോകുക എന്നത് ഇതു കൂടുതൽ ശ്രമകരമാക്കി തീര്‍ക്കുകയും ചെയ്യുന്നു.
ഗർഭാവസ്ഥയുടെ എത്രത്തോളം താമസിച്ചാണോ ഗർഭച്ഛിദ്രം സംഭവിക്കുന്നത്, അത്രത്തോളം കഠിനതരമായിരിക്കും ആ നഷ്ടം കൈകാര്യം ചെയ്യുക എന്നത്.
ഗർഭാവസ്ഥ പുരോഗമിക്കുന്തോറും, അമ്മ അനേകം സ്‌കാനുകളിലൂടെ കടന്നു പോകുന്നു, അവയിൽ കുഞ്ഞിന്‍റെ ചിത്രം 'കാണുന്നുണ്ട് ', കുഞ്ഞിനെ തിരിച്ചറിഞ്ഞു തുടങ്ങുകയും അതുമായി ബന്ധം സ്ഥാപിക്കുകയും ചെയ്തു തുടങ്ങുന്നുമുണ്ട്. അതുകൊണ്ടാണ് രണ്ടാമത്തേയോ മൂന്നാമത്തേയോ മൂന്നുമാസക്കാലങ്ങളിൽ സംഭവിക്കുന്ന ഗർഭം അലസലിന് അമ്മയുടെ മേൽ കൂടുതൽ പ്രഭാവം ചെലുത്തുവാൻ കഴിയുന്നത്.
തങ്ങൾ എന്തോ തെറ്റു ചെയ്തു എന്ന് മിയ്ക്ക സ്ത്രീകൾക്കും തോന്നും, പക്ഷേ അത് ശരിയല്ല.
ഗർഭച്ഛിദ്രം സംഭവിച്ചിട്ടുള്ള ഒരു സ്ത്രീയക്ക് കുറ്റബോധവും പശ്ചാത്താപവും അനുഭവപ്പെട്ടേക്കാം, വളരെ നിർണ്ണായകമായ ഒന്നിൽ അവൾ പരാജയപ്പെട്ടു എന്നു പ്രസ്താവിക്കുകയും ചെയ്‌തെന്നു വരാം. അതിനു പ്രേരകമായ എന്തോ ഒന്ന് താൻ ചെയ്യുവാൻ പാടില്ലായിരുന്നുവെന്നു ചിന്തിക്കുവാനും സ്വയം കുറ്റപ്പെടുത്തുവാനും അവൾ മുതിർന്നുവെന്നു വരാം. എന്തെങ്കിലും പ്രവർത്തികൾ മൂലം, യാത്ര ചെയ്തതുകൊണ്ട്, അതല്ലെങ്കിൽ പപ്പായ കഴിച്ചതുകൊണ്ട് എന്നിങ്ങനെയാണ് ഗർഭം അലസൽ സംഭവിക്കുന്നതിനെ പറ്റി സാധാരണ പ്രചാരത്തിലുള്ള കെട്ടുകഥകൾ. തീരെ ആസൂത്രണം ചെയ്യാതെ സംഭവിച്ചു പോയ ഗർഭത്തിന് അലസൽ സംഭവിക്കുമ്പോൾ അത് താൻ കുഞ്ഞിനെ വേണ്ടത്ര ആഗ്രഹിക്കാത്തതു കൊണ്ടാണ് എന്ന് സ്ത്രീ ചിന്തിക്കുന്നു. മിയ്ക്കവാറുമുള്ള ഗർഭം അലസലുകൾ സംഭവിക്കുന്നത് ക്രോമസോമുകളുടെ ക്രമവിരുദ്ധതകള്‍ മൂലമാണ്.
ചില ഗർഭച്ഛിദ്രങ്ങള്‍ അംഗീകരിക്കുന്നത് കഠിനതരമാണ്.
രക്തസ്രാവം, കോച്ചിവലിക്കൽ, മുതുകിന്‍റെ അടിഭാഗത്ത് വേദന തുടങ്ങിയ പ്രകടമായ വിധത്തിൽ ചില ഗർഭം അലസലുകൾ സംഭവിക്കുമ്പോൾ, ചിലവയാകട്ടെ, പ്രത്യക്ഷ ശാരീരിക ലക്ഷണങ്ങൾ ഒന്നും തന്നെ കാണിക്കാതെ സംഭവിച്ചു പോയ ഗർഭം അലസൽ ആയിരിക്കും. അതുമായി പൊരുത്തപ്പെട്ടു പോകുന്നത് ഇതു കൂടുതൽ ശ്രമകരമാക്കി തീർക്കുന്നു - തെളിവായി കൂടുതൽ സ്‌കാനുകൾ നടത്തണം, ഹൃദയമിടിപ്പിന്‍റെ പരിശോധന വേണം എന്നും മറ്റും അവൾ ആവശ്യപ്പെട്ടെന്നും വരാം.
തുടക്കത്തിൽ തന്നെ സംഭവിക്കുന്ന ഗർഭം അലസൽ എന്നത് സ്വകാര്യമായി ദുഃഖിക്കുന്നു എന്ന് അർത്ഥമാക്കിയേക്കാം.
ആദ്യ മൂന്നുമാസക്കാലയളവിലാണ് ഗർഭം അലസൽ സംഭവിക്കുന്നത് എങ്കിൽ, ഏറ്റവും അടുത്ത സുഹൃത്തുക്കളോടും കുടുംബത്തോടും ഒഴിച്ച് മറ്റാരോടും സ്ത്രീ ഈ വാർത്ത പങ്കു വച്ചിട്ടുണ്ടാവില്ല. ഒരു വശത്ത് ഇത് അവൾക്ക് കാര്യങ്ങൾ കൂടുതൽ എളുപ്പമാക്കി തീർത്തെന്നിരിക്കും, കാരണം അവൾ അറിയുന്ന എല്ലാവരോടും ഈ 'മോശം വാർത്ത' അവൾക്ക് അറിയിക്കേണ്ടതായി വരുന്നില്ലല്ലോ. മറുവശത്ത്, അവളുടെ സങ്കടം കൂടുതല്‍ സ്വകാര്യതയായി മാറ്റുന്നു, താൻ ആഗ്രഹിക്കാത്ത പക്ഷം തന്‍റെ നഷ്ടത്തെ പറ്റി സംസാരിക്കാനോ തുറന്നു സങ്കടപ്പെടാനോ കഴിയാത്ത അവസ്ഥ സംജാതമാകുകയും ചെയ്യുന്നു.
ഒരു ഗർഭം അലസലിനെ പറ്റി സംസാരിക്കപ്പെടുന്നത് എങ്ങനെയാണ് അമ്മയുടെ മാനസിക സൗഖ്യത്തെ ബാധിക്കുന്നത്?
ആ സംഭവത്തോട് കുടുംബം ഏതു തരത്തിലാണ് പ്രതികരിക്കുന്നത് എന്നുള്ളത് അമ്മ അതിനോട് എങ്ങനെ പൊരുത്തപ്പെടുന്നു എന്നതിനെ സാരമായി ബാധിക്കുന്നു. ഗർഭം അലസൽ സംഭവിച്ചതിന് കുടുംബം സ്ത്രീയെ കുറ്റപ്പെടുത്തുന്നു എങ്കിൽ, അതു ത്വരിതപ്പെടുന്ന വിധത്തിൽ അവൾ എന്തെങ്കിലും ചെയ്തിട്ടുണ്ടാകും എന്ന് ധ്വനിപ്പിക്കുകയാണെങ്കിൽ, അമ്മയ്ക്ക് സുഖപ്പെടുന്നതിന് അതു കൂടുതൽ ബുദ്ധിമുട്ടുണ്ടാക്കും. സ്‌നേഹപൂർണ്ണവും, പിന്തുണയ്ക്കുന്നതുമായ ഒരു ചുറ്റുപാടിന്, സംഭവിച്ചു പോയത് എന്തു കാര്യമാണോ അതും, അതു സംബന്ധിച്ച് ആ സ്ത്രീക്ക് എങ്ങനെ തോന്നുന്നു എന്നതും അഭിമുഖീകരിക്കുന്നതിനു സ്ത്രിയെ സഹായിക്കുവാന് കഴിയും.
ഗർഭം അലസൽ തൃപ്തികരമായി നേരിടൽ: എനിക്ക് എന്താണ് ചെയ്യുവാൻ കഴിയുക?
നിങ്ങൾ ഗർഭം അലസൽ അനുഭവിച്ചിട്ടുണ്ടെങ്കിൽ, നിങ്ങളുടെ ശാരീരികവും മാനസികവും ആയ ആരോഗ്യം സംരക്ഷിക്കുക എന്നത് പ്രധാനമത്രേ. നിങ്ങൾക്ക് ചെയ്യുവാൻ കഴിയുന്ന ചില കാര്യങ്ങൾ ഇവിടെ വിവരിക്കുന്നു:
എപ്പോഴാണ് അത് "വെറും സങ്കടത്തിനും" അപ്പുറം ആകുന്നത്?
തന്‍റെ കുഞ്ഞ് നഷ്ടപ്പെട്ടതിനു ശേഷം അമ്മ തീവ്രമായ വികാരങ്ങൾ അനുഭവിക്കുന്നതിനു സാദ്ധ്യതയുണ്ട്, പക്ഷേ പലപ്പോഴും രണ്ട് ആഴ്ച്ചകൾ കൊണ്ട് ദുഃഖത്തിന്‍റെ തീവ്രത തേഞ്ഞു പോകുന്നു, അമ്മയ്ക്ക് ശാരീരികമായും മാനസികമായും താൻ മെച്ചപ്പെട്ടു എന്നു തോന്നുകയും ചെയ്യുന്നു. എങ്കിലും ചില അവസരങ്ങളിൽ, താഴെ പറയുന്ന കാര്യങ്ങള്‍ അവർ അനുഭവിക്കന്നുണ്ടെങ്കിൽ, തങ്ങളുടെ നഷ്ടവുമായി പൊരുത്തപ്പെട്ടു പോകുന്നതിന് സ്ത്രീകൾക്ക് സഹായം ആവശ്യമായി വന്നേക്കാം:
- തടസ്സപ്പെടുന്ന ഉറക്ക ക്രമങ്ങൾ: തീരെ കുറവോ അല്ലെങ്കിൽ അമിതമായതോ ആയ ഉറക്കം
- നിരന്തരമായ കുറ്റബോധം ("ഞാൻ എന്തെങ്കിലും തെറ്റായി ചെയ്തിട്ടുണ്ടാകണം," അല്ലെങ്കിൽ "ഇത് എന്‍റെ കുറ്റമാണ്")
- ആവർത്തിച്ചു വരുന്ന ചിന്തകള്‍ "ഇനി എനിക്ക് ഒരിക്കലും ഒരു കുഞ്ഞ് ഉണ്ടാകാൻ പോകുന്നില്ല")
- മറ്റാരോടെങ്കിലും നഷ്ടത്തെ കുറിച്ചു സംസാരിക്കുന്നതിനുള്ള കഴിവ് ഇല്ലാതാകുക.
- കരച്ചിൽ ഇടവേളകൾ, പ്രതീക്ഷയില്ലായ്മ, വിശദീകരിക്കാനാവാത്ത ശാരീരിക പ്രശ്‌നങ്ങൾ ഉള്‍പ്പെടെയുള്ള മറ്റു ലക്ഷണങ്ങള്‍.
- മരണത്തെ കുറിച്ചോ മരിക്കുന്നതിനെ കുറിച്ചോ ഉള്ള ചിന്തകൾ
അടുപ്പിച്ച് രണ്ടാഴ്ച്ചയിൽ അധികം ഈ ലക്ഷണങ്ങൾ നിങ്ങൾ ശ്രദ്ധിക്കുന്നുവെങ്കിൽ, ഒരു ഹെൽപ് ലൈനില്‍ ബന്ധപ്പെടുക അതല്ലെങ്കിൽ ഒരു ഉപദേഷാടാവിനെ സമീപിക്കുക.