വിട്ടുമാറാത്ത അസുഖം നിങ്ങളുടെ മാനസികാരോഗ്യത്തെ ബാധിച്ചേക്കുമോ?

വിട്ടുമാറാത്ത അസുഖം നിങ്ങളുടെ മാനസികാരോഗ്യത്തെ ബാധിച്ചേക്കുമോ?

വിട്ടുമാറാത്ത ശാരീരിക അസുഖങ്ങൾക്ക് ഒപ്പം അകമ്പടിയായി വരുന്ന മാനസിക രോഗം കൈകാര്യം ചെയ്യേണ്ടത് അനിവാര്യമാണ്

പ്രായത്തിന്‍റെ ആക്രമണം ഒരു വ്യക്തിയെ പകര്‍ച്ചവ്യാധികളല്ലാത്ത അനേകം അസുഖങ്ങൾക്ക് (ജീവിതശൈലീ രോഗങ്ങൾ എന്നും ഇവയെ വിളിക്കപ്പെടുന്നു), ഉദാഹരണത്തിന് പ്രമേഹം, ഉയർന്ന രക്തസമ്മർദ്ദം, ഹൃദയാനുബന്ധ രോഗങ്ങൾ മുതലായവയ്ക്ക്, എളുപ്പത്തിൽ വശംവദരാക്കുന്നു. ഇത്തരം വിട്ടുമാറാത്ത തരം രോഗങ്ങൾ കൈകാര്യം ചെയ്യുക എന്നത് വെല്ലുവിളി ഉയർത്തുന്നത് ആയേക്കാം, പ്രത്യേകിച്ചും രോഗിയുടെ ആഹാരക്രമത്തിൽ മാറ്റങ്ങൾ വരുത്തുകയും രോഗത്തെ മെച്ചപ്പെട്ട രീതിയിൽ കൈകാര്യം ചെയ്യുന്നതിനായി മരുന്നുകൾ കഴിക്കുകയും ചെയ്യേണ്ടത് ആവശ്യമായി വരും എന്നതുകൊണ്ട്. അതേ സമയം തന്നെ ഇത്തരം ജീവിതശൈലീ രോഗങ്ങള്‍ നിലനിൽക്കുന്നു എന്നതു തന്നെ മാനസിക ആരോഗ്യത്തിൽ ശ്രദ്ധ പതിപ്പിച്ചേ മതിയാകൂ എന്ന കാര്യം പണ്ടത്തേതിലും വളരെ കൂടുതൽ നിർണ്ണായകമാക്കി തീർക്കുന്നുണ്ട്. 

ലോക ആരോഗ്യ സംഘടനയുടെ (വേൾഡ് ഹെൽത്ത് ഓർഗനൈസേഷൻ, WHO) സ്ഥിതിവിവര കണക്കു പ്രകാരം, ഹൃദയബന്ധ രോഗങ്ങളും പ്രമേഹവും പോലെ വിട്ടുമാറാത്ത രോഗങ്ങൾ ഇൻഡ്യയിൽ മരണത്തിനും അംഗപരിമിതിക്കും പ്രധാനപ്പെട്ട കാരണമായി ഭവിക്കുന്നുണ്ട്. ഇൻഡ്യയിലെ മരണങ്ങളിൽ ഏതാണ്ട് 25 ശതമാനത്തിനും സംഭാവന നൽകുന്നത് ഹൃദയ ബന്ധ അസുഖങ്ങളും പക്ഷാഘാതവും (സ്റ്റ്രോക്ക്, തലച്ചോറിലേയ്ക്കുള്ള രക്തസ്രാവത്തിൽ തടസ്സം നേരിടുന്നതു മൂലം ഉണ്ടാകുന്ന, പെട്ടന്നു തളർത്തിക്കളയുന്ന രോഗാക്രമണം) ആണ്. അതു കൂടാതെ ജനസംഖ്യയുടെ 29.8 ശതമാനം ആളുകൾക്കിടയിൽ  അമിത രക്ത സമ്മർദ്ദം നിലനിൽക്കുന്നുണ്ട്, എല്ലാ വര്‍ഷവും 62 ദശലക്ഷം ഇൻഡ്യാക്കാരെ പ്രമേഹം ബാധിക്കുന്നുമുണ്ട്.

ഇത്തരം അസുഖങ്ങളെല്ലാം വിട്ടുമാറാത്ത, ദീർഘകാലം നീണ്ടുനിൽക്കുന്ന സ്വഭാവം പ്രദര്‍ശിപ്പിക്കുന്നതുകൊണ്ട്, അത് കൈകാര്യം ചെയ്യുന്നത് ഒരു ദീർഘകാല സമർപ്പണം ആയി മാറുന്നു. ആ വ്യക്തി താഴെ പറയുന്നത് ഉള്‍പ്പടെ അനേകം ക്രമീകരണങ്ങൾ സ്വയം നടപ്പാക്കേണ്ടതായും വരുന്നു:

  • കുറഞ്ഞുവരുന്ന ശാരീരിക ശക്തിയും മാനസിക അവബോധവും ആയി പൊരുത്തപ്പെടുക
  • രോഗത്തിന് അനുസൃതമായി തങ്ങളുടെ ആഹാരരീതി ക്രമീകരിക്കുക
  • കുടുംബത്തിലെ മറ്റ് അംഗങ്ങളുടെ മേൽ വർദ്ധിച്ചു വരുന്ന ആശ്രിതത്വം
  • രോഗചികിത്സ, മരുന്നുകൾ വാങ്ങുക എന്നതിന്‍റെ അധികച്ചെലവു മൂലമുള്ള സാമ്പത്തിക ഭാരം, മുതിർന്ന ആളിന്‍റെ മേലോ പരിപാലിക്കുന്ന വ്യക്തിയുടെ മേലോ, പതിക്കൽ

ഈ പെട്ടെന്നുള്ള മാറ്റം നിരന്തരമുള്ള വൈകാരിക തകർച്ചയ്ക്കും അതുമൂലം മാനസികമായ ആരോഗ്യ പ്രശ്‌നങ്ങൾക്കു വിധേയരായി തീരുന്നതിനുള്ള സാദ്ധ്യതയ്ക്കും  കാരണമായേക്കാം എന്ന്  കുടുംബവും പരിചരണം നൽകുന്നവരും അംഗീകരിക്കുന്നു എന്നത് വളരെ പ്രധാനമാണ്. അങ്ങനെയുള്ള സന്ദർഭങ്ങളിൽ, മാനസിക അസുഖം ചികിത്സിക്കുക എന്നുള്ളത് കൂടുതൽ പ്രധാനപ്പെട്ടതായി മാറുന്നു, കാരണം രോഗങ്ങളും അനുബന്ധ മനഃക്ലേശങ്ങളും, ഇവ രണ്ടും ഒരുമിച്ച് കൈകാര്യം ചെയ്യുന്നതിൽ അപകട സാദ്ധ്യത ഉണ്ട്. 

പ്രമേഹം

പ്രമേഹം എന്നു രോഗനിർണ്ണയം നടത്തപ്പെട്ടിട്ടുള്ള ഓരോ വ്യക്തിക്കും ഒരു മാനസിക രോഗ പ്രശ്‌നം ഉണ്ടാകണം എന്നില്ല. പക്ഷേ 4വിഷാദം പോലെ ഉള്ള മാനസിക രോഗത്തിന്‍റെ ആക്രമണം എന്ന അപകടസാദ്ധ്യത വർദ്ധിപ്പിക്കുന്നതിന് പ്രമേഹത്തിനു കഴിയും. വിഷാദം ബാധിച്ചിട്ടുള്ള ഒരു വ്യക്തി പ്രമേഹത്തിനു വശംവദനാകുന്നതിനുള്ള സാദ്ധ്യത, അത് ഇല്ലാത്ത ഒരാളേക്കാൾ  തുലോം കൂടുതലാണ്.

പ്രമേഹ രോഗനിർണ്ണയം നടത്തിയിട്ടുള്ള, ഒപ്പം സ്ഥിരീകരിച്ചിട്ടില്ലാത്ത വിഷാദ രോഗവും ഉള്ള ഒരു വ്യക്തി അനേക തരം സങ്കീർണ്ണതകൾ സഹിക്കുന്നതിന് സാദ്ധ്യതയുണ്ട് എന്ന് പഠനങ്ങൾ കാണിച്ചു തന്നിട്ടുണ്ട്: 

സമായസമയത്ത് മരുന്നുകൾ കഴിക്കുന്ന രീതി പിന്തുടരുന്നതിനോട് അലംഭാവം കാണിക്കുക: പ്രമേഹവും രോഗനിർണ്ണയം സ്ഥിരീകരിച്ചിട്ടില്ലാത്ത വിഷാദ രോഗവും ഉള്ള ഒരു വ്യക്തി തന്‍റെ മരുന്നു കഴിക്കുന്നതിനുള്ള ചിട്ട അവഗണിക്കുന്നതിന് സാദ്ധ്യതയുണ്ട്. ഇത് പ്രമേഹം വഷളാക്കുന്നതിന് ഇടയാക്കിയേക്കാം.

ഗ്ലൈസീമിക് നിയന്ത്രണത്തിൽ അലംഭാവം കാണിക്കുക: ഗ്ലൈസീമിക് നിയന്ത്രണം  എന്നു പരാമർശിക്കുന്നത് ശരീരത്തിലുള്ള രക്തത്തിലെ ഗ്ലൂക്കോസിന്‍റെ അളവുകളാണ്. സമായസമയത്ത് മരുന്നുകൾ കഴിക്കുന്ന രീതിയോടും, വിഷാദം മൂലം മരുന്നുകൾ കഴിക്കുന്നതിന്‍റെ ഫലപ്രാപ്തിയില്ലായ്മ കൈകാര്യം ചെയ്യുന്ന രീതിയോടും, ഒരു വ്യക്തി ചേർന്നു പോകാത്തതുകൊണ്ട്, ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവുകളിലുള്ള ഏറ്റക്കുറച്ചിലുകൾക്കു കാരണമായേക്കാം. 

ജീവശാസ്ത്രപരം, മാനസിക-സാമൂഹ്യപരമായ ഘടകങ്ങൾ എന്നിവ രണ്ടും വിഷാദത്തിന്‍റേയും പ്രമേഹത്തിന്‍റേയും അനുബന്ധരോഗത്തിന് (ഒരു പ്രഥമ രോഗത്തിനോട് ഒപ്പം ഉണ്ടാകുന്ന മറ്റൊരു രോഗത്തിന്‍റെ സാന്നിദ്ധ്യം) സംഭാവന നൽകുന്നു. ശരീരത്തിൽ ഉണ്ടാകുന്ന ഇൻസുലിൻ ശരീരം തന്നെ ചെറുക്കുകയാണെങ്കിൽ ഒരു വ്യക്തിക്ക് പ്രമേഹം ഉണ്ടാകുന്നതിനു സാദ്ധ്യതയുണ്ട്; അതല്ലെങ്കിൽ ആഗ്നേയ ഗ്രന്ഥി (പാൻക്രിയാസ്) യിൽ നിന്ന് വേണ്ടത്ര ഇൻസുലിൻ ലഭിക്കുന്നില്ല എന്നുള്ളപ്പോൾ. ഈ രണ്ടു അവസ്ഥകളും രക്തത്തിലെ പഞ്ചസാരയുടെ വളരെ ഉയർന്ന അളവിലേക്കു നയിച്ചേക്കാം. ഒരു വ്യക്തി മനഃക്ലേശം അനുഭവിക്കുമ്പോൾ കോർട്ടിസോൾ (ഹൈഡ്രോ കോര്‍ട്ടിസോണ്‍) അളവുകൾ വർദ്ധിക്കുന്നു, ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവുകൾ പെട്ടന്ന് ഉയരുന്നതിനു കാരണമായേക്കാം, ഇത് പ്രമേഹം കൈകാര്യം ചെയ്യുന്നത് ശ്രമകരവുമാക്കുന്നു. കോർട്ടിസോളിന്‍റെ അസന്തുലിതാവസ്ഥയും വിഷാദരോഗത്തിനു (ഡിപ്രഷൻ) കാരണമായേക്കാം എന്നു പറയപ്പെടുന്നു.

നേരേ മറിച്ച്, വിഷാദരോഗം ഉള്ള ഒരു വ്യക്തി, മുൻപേ തന്നെ ഗ്ലൂക്കോസ് അളവുകളിൽ ഏറ്റക്കുറച്ചിലുകൾ ഉണ്ടാക്കുന്നതിനു കാരണമാകുന്ന കോർട്ടിസോൾ അസന്തുലിതാവസ്ഥയുമായി മല്ലടിക്കുന്നുണ്ടാകാം. വിഷാദ രോഗം അഭിംസംബോധന ചെയ്യാതെ ഉപേക്ഷിച്ചിരിക്കുകയാണെങ്കിൽ, വിഷാദരോഗത്തിന്‍റെ ലക്ഷണങ്ങളിൽ ഒന്നായ കോർട്ടിസോൾ അസന്തുലിതാവസ്ഥ പഞ്ചസാരയുടെ അളവുകളിൽ ഏറ്റക്കുറച്ചിലുകൾ ഉണ്ടാക്കുന്നതിന് കാരണമായേക്കാം, ഇത് പ്രമേഹത്തിന് ഒരു കാരണമായി ഭവിക്കുകയും ചെയ്തെന്നു വരാം. അതുകൊണ്ട്, പ്രമേഹവും വിഷാദ രോഗവും തമ്മിൽ ശക്തമായ പരസ്പര ബന്ധം ഉണ്ട് എന്ന് ഇതു സൂചിപ്പിക്കുന്നു.

ഇതു കൂടാതെ മാനസിക പിരിമുറുക്ക അളവുകൾ, ജീവിതശൈലി, ആഹാരക്രമം തുടങ്ങിയ മാനസിക-സാമൂഹിക ഘടകങ്ങൾ വിഷാദ രോഗം അഭിസംബോധന ചെയ്യപ്പെട്ടിട്ടില്ലാത്ത, പ്രമേഹം ബാധിച്ചിട്ടുള്ള ഒരു വ്യക്തിയെ സ്വാധീനിക്കുന്നതിന് സാദ്ധ്യതയുണ്ട്. വിഷാദം ബാധിച്ചിട്ടുള്ള ഒരു വ്യക്തി തീരെ മോശമായ ജീവിത ശൈലീ തീരുമാനങ്ങൾ   - ആരോഗ്യപരമല്ലാത്ത ഭക്ഷണം കഴിക്കൽ, കായിക പ്രവർത്തനങ്ങൾ അവഗണിക്കൽ, പുക വലിക്കൽ, ഇവയെല്ലാം കൂടിച്ചേർന്ന് അമിതവണ്ണം - കൈക്കൊണ്ടു എന്നു വരാം. ഇത്തരം കാര്യങ്ങൾ എല്ലാം തന്നെ പ്രമേഹത്തിന്‍റെ അപകട സാദ്ധ്യതകൾ ആണ്. അതു കൂടാതെ വിഷാദമുള്ള ഒരു വ്യക്തി ചില പ്രത്യേക തീരുമാനങ്ങൾ (ഉദാഹരണത്തിന് സമയാസമയത്തു മരുന്നുകൾ കഴിക്കുന്നതിൽ നിന്നു പിന്മാറുക തുടങ്ങിയവ) എടുത്തേക്കാം, അവ പ്രമേഹരോഗത്തെ ഹാനികരമായി ബാധിച്ചുവെന്നും വരാം.

പ്രമേഹരോഗം ബാധിച്ച ഒരു വ്യക്തിക്ക് പരിചരണം നൽകുന്ന വ്യക്തി എന്ന നിലിയിൽ മാനസിക അസുഖത്തിന്‍റെ ലക്ഷണങ്ങൾ ഉണ്ടോ എന്ന് ശ്രദ്ധിക്കുക. അവർ/ അവർക്ക്

  • മിയ്ക്ക സമയത്തും നിരാശരും ദുഃഖിതരും ആണ് എങ്കിൽ
  • അവരുടെ മരുന്നുകളും നിശ്ചിത ഇടവേളകളിലുള്ള പരിശോധനകളും അവഗണിക്കുകയാണ് എങ്കിൽ
  • തങ്ങളുടെ ജീവിതവും ഭാവിയും സംബന്ധിച്ച് നിഷേധാത്മക ചിന്തകൾ ഉണ്ടാക്കുന്നു എങ്കിൽ
  • ഭക്ഷണത്തിനോട് താത്പര്യമില്ലായ്മ അനുഭവപ്പെടുന്നു എങ്കിൽ
  • സാധാരണഗതിയിൽ അവർക്ക് ഇഷ്ടമുള്ള പ്രവർത്തനങ്ങളിൽ താൽപ്പര്യക്കുറവ് അനുഭവിക്കുന്നു എങ്കിൽ
  • ആത്മഹത്യയെ കുറിച്ചോ മരണത്ത കുറിച്ചോ ചിന്തകള്‍ ഉണ്ടാകുന്നു എങ്കിൽ

വിഷാദത്തെ കുറിച്ചുള്ള കൂടുതൽ ലക്ഷണങ്ങൾ ഇവിടെ വായിക്കുക.

അനുബന്ധരോഗം മൂലം വിഷാദം ബാധിച്ച ഒരു വ്യക്തി പ്രമേഹത്തിന്‍റെ അപകട സാദ്ധ്യതകൾ അവഗണിക്കുവാൻ പാടില്ല, പ്രമേഹം ബാധിച്ചിട്ടുള്ള ഒരു വ്യക്തി തന്‍റെ മാനസിക ആരോഗ്യം എപ്പോഴും പരിശോധിക്കുകയും വിഷാദത്തിന്‍റെ ലക്ഷണങ്ങൾ ഉണ്ടോ എന്ന് ശ്രദ്ധിക്കുകയും ചെയ്യേണ്ടതുണ്ട്. രണ്ടു രോഗങ്ങളും വേണ്ടവിധത്തിൽ കൈകാര്യം ചെയ്യുന്നതിന് പ്രമേഹം, വിഷാദം എന്നിവ രണ്ടും ചികിത്സിക്കേണ്ടത് ആവശ്യമാണ്.

ഹൃദയാനുബന്ധ രോഗങ്ങൾ 

ഹൃദയാനുബന്ധ രോഗങ്ങൾ എല്ലാം തന്നെ ജീവിതശൈലിയുമായി ബന്ധപ്പെട്ടതും പൊതുവായി വ്യക്തിയുടെ ശാരീരിക പ്രവർത്തനങ്ങളിലും ആഹാരക്രമത്തിലും അധിഷ്ഠിതവുമാണ് എന്നാണ് പരിഗണിക്കപ്പെടുന്നത്.

ഹൃദയധമനികളുടെ അസുഖങ്ങൾ (കൊറെനെറി ഹാർട്ട് ഡിസീസ്, രക്തധമനികളിലൂടെയുള്ള രക്തപ്രവാഹം തടസ്സപ്പെടുന്നത്), ശ്വാസകോശബന്ധിതമായ ഉയർന്ന രക്തസമ്മർദ്ദം (പള്‍മണറി ഹൈപ്പര്‍ടെന്‍ഷന്‍), തലച്ചോറിലേക്കുള്ള രക്തപ്രവാഹം തടസ്സപ്പെടുന്നതു മൂലം പെട്ടെന്നുണ്ടാകുന്ന പക്ഷാഘാതം എന്നിവയാണ് ഇൻഡ്യയിലെ മരണനിരക്കിന്‍റെ ഏറ്റവും വലിയ കാരണമായി കണക്കാക്കപ്പെടുന്നത്. എങ്കിൽ കൂടി, ഹൃദ്രോഗങ്ങളുടെ അനുബന്ധ മാനസികാരോഗ്യ വശം രോഗ ചികിത്സയ്ക്കും രോഗം കൈകാര്യം ചെയ്യുന്നതിനും ഇടയിൽ പലപ്പോഴും അവഗണിക്കപ്പെട്ടു പോകുകയാണ് ചെയ്യാറുള്ളത്. 

ഹൃദയ രോഗങ്ങളുടെ ചരിത്രം ഉള്ള വ്യക്തികൾക്ക്, ജീവിതത്തിലെ പലേ കാര്യങ്ങളേയും കുറിച്ചുള്ള ആനുപാതികമല്ലാത്ത ഉത്കണ്ഠ എന്ന 'പൊതുവായ ഉത്കണ്ഠാ തകരാർ, (ജനറൈലൈസ്ഡ് ആങ്സൈറ്റി ഡിസോര്‍ഡർ)', ചില കാര്യങ്ങൾ എത്രവട്ടം ചെയ്താലും മതിവരാതെ പിന്നെയും പിന്നെയും ചെയ്യുക എന്ന 'നിർബന്ധിത ഉൾപ്രേരണ തകരാർ (അബ്‌സെസ്സീവ് കംപൾസീവ് ഡിസോർഡർ)' 'സമൂഹത്തോടുള്ള അതിരു കവിഞ്ഞ ഭയം (സോഷ്യൽ ഫോബിയ)' അല്ലെങ്കിൽ കൃത്യമായ എന്തെങ്കിലും ഭയം തുടങ്ങിയ മാനസിക ആരോഗ്യ പ്രശ്‌നങ്ങൾ ബാധിക്കുന്നതിന് കൂടുതൽ സാദ്ധ്യതകൾ ഉണ്ട് എന്ന് ഒരു 1പഠനം രേഖപ്പെടുത്തുന്നു. 2മറ്റൊരു പഠനം പറയുന്നത് ഹൃദയാഘാതത്തെ തുടർന്ന് ഗുരുതരമായ വിഷാദം ബാധിക്കുന്നത് വളരെ സാധാരണമാണ് എന്നും, ഏതാണ്ട് 20 ശതമാനം രോഗികളെ അതു ബാധിച്ചിട്ടുണ്ട്, 19 ശതമാനം രോഗികൾ ഉയർന്ന തോതിലുള്ള ഉത്കണ്ഠ അനുഭവിച്ചിട്ടുണ്ട് എന്നും ആണ്.

"ഒരിക്കൽ ഒരു വ്യക്തി ഹൃദയാഘാതം അനുഭവിക്കുകയോ ഹൃദയ ശസ്ത്രക്രിയ യ്ക്കു വിധേയനാവുകയോ ചെയ്താൽ, പിന്നെ ആ വ്യക്തി തന്‍റെ ആരോഗ്യത്തെ കുറിച്ച് ആവശ്യത്തിൽ അധികം ശ്രദ്ധ വയ്ക്കാൻ തുടങ്ങുകയും അത് ആരോഗ്യപരമായ ഉത്കണ്ഠയിലേക്കു നയിക്കുകയും ചെയ്‌തേക്കാം,"  ബംഗളുരുവിലെ നിംഹാൻസ് (NIMHANS) ആശുപത്രിയിലുള്ള സൈക്യാട്രി  അസിസ്റ്റന്‍റ്  പ്രൊഫസർ ആയ ഡോ. അജിത് ഡഹലെ പറയുന്നു.

മറുവശത്ത്, ഉത്കണ്ഠയോട് അനുബന്ധിച്ച് ഹൃദയത്തിന്‍റെ രക്തധമനികളുടെ അസുഖങ്ങൾ (കൊറെനെറി ഹാർട്ട് ഡിസീസസ്, രക്തധമനികളിലൂടെയുള്ള രക്തപ്രവാഹം തടസ്സപ്പെടുന്നത്) പിടിപെടുക എന്ന ഉയർന്ന തോതിലുള്ള അപകടസാദ്ധ്യതയും ഉണ്ട്. ഭീതി ഉത്കണ്ഠ (ഫോബിക് ആങ്സൈറ്റി), പൊതുവായ ഉത്കണ്ഠ (ജനറലൈസ്ഡ് ആങ്സൈറ്റി), പരിഭ്രമ തകരാർ (പാനിക് ഡിസോര്‍ഡർ), ആകുലത എന്നിവയെല്ലാം മയോകാഡിയൽ ഇൻഫാക്ഷൻ (Mayocardial Infarction, ഹൃദയാഘാതം) അല്ലെങ്കില്‍ ഹൃദ്രോഗമരണം വരാൻ പോകുന്നു എന്നുള്ളതിന്‍റെ മുൻസൂചനകൾ ആണ്. 

എൻസിഡിയും (നോണ്‍ കമ്യൂണിക്കബിള്‍ ഡിസീസസ്, പകര്‍ച്ചവ്യാധിയല്ലാത്ത രോഗങ്ങള്‍) മാനസിക അസുഖവുമായി തൃപ്തികരമാം വിധം ഒത്തു പോകുന്നത്

ജനിതക ഘടകങ്ങള്‍ മാററിവച്ചാൽ തന്നെ, പ്രമഹം, ഹൃദയബന്ധ രോഗങ്ങൾ എന്നിവ പോലെയുള്ള വിട്ടുമാറാത്ത അസുഖങ്ങളുടെ ഉയർന്ന തോതിലുള്ള വർദ്ധനവ് ഉണ്ടാകുന്നതിന്‍റെ കാരണം, മോശമായ ജീവിതശൈലീ തിരഞ്ഞെടുപ്പുകൾ, ഉദാഹരണത്തിന്, എളുപ്പത്തിൽ ഉണ്ടാക്കാവുന്ന,  മുന്‍പേ തന്നെ പാതി പാകപ്പെടുത്തിയ ഭക്ഷണങ്ങളുടെ വളരെ കൂടിയ ഉപയോഗം, കായിക പ്രവർത്തനങ്ങളുടെ അഭാവം, കായികാദ്ധ്വാനം ഇല്ലാത്ത ഉദാസീനമായ ജീവിതരീതി, പുകവലി, മദ്യോപയോഗം തുടങ്ങിയവ ആണ്. അതുകൊണ്ട് ആളുകൾ വേണ്ടവിധമുള്ള ആഹാരക്രമം സ്വീകരിക്കുന്നതിലൂടെയും പതിവായി കായിക പ്രവർത്തനങ്ങളിൽ ഏർപ്പെടുക വഴിയും ഇതുപോലെയുള്ള ജീവിതശൈലീ രോഗങ്ങൾ നിവാരണം ചെയ്യുന്നതിന് കഴിയും എന്നത് വളരെ പ്രധാനമാണ്.

നിങ്ങൾക്ക് അറിയാവുന്ന ആർക്കെങ്കിലും പ്രമേഹമോ ഹൃദയ രോഗമോ സ്ഥിരീകരിച്ചിട്ടുണ്ട് എങ്കിൽ, അവരുടെ പെരുമാറ്റത്തിലോ വികാരങ്ങളിലോ വ്യത്യാസം നിങ്ങൾക്ക് അനുഭവപ്പെടുന്നും ഉണ്ട് എങ്കിൽ, അവരോടു സംസാരിക്കുക. മാനസിക ആരോഗ്യ വിദഗ്ദ്ധനെ സമീപിക്കുന്നതിന് നിങ്ങൾക്ക് അവരെ സഹായിക്കുവാൻ കഴിയും. "ആ വ്യക്തി മുൻപേ തന്നെ നിലവിലുള്ള ഏതെങ്കിലും മാനസിക രോഗത്തിനായി മരുന്നുകൾ കഴിക്കുക കൂടി ചെയ്യുന്ന ആൾ ആണ് എങ്കിൽ, വിവിധ മരുന്നുകൾ തമ്മിൽ പ്രതിപ്രവര്‍ത്തിച്ച് പൊരുത്തക്കേടുകൾ ഉണ്ടാകാതിരിക്കുന്നതിനായി, ചികിത്സിക്കുന്ന ഡോക്ടറുമായി അക്കാര്യം ചർച്ച ചെയ്യുക എന്നത് പ്രധാനമാണ്. ചികിത്സിക്കുന്ന ഫിസീഷ്യൻ, സൈക്യാട്രിസ്റ്റ് എന്നിവർ രണ്ടു പേർക്കും രോഗി ഉപയോഗിക്കുന്ന മരുന്നുകളെ പറ്റി വേണ്ടത്ര അറിവുകൾ ഉണ്ടായിരിക്കേണ്ടതുണ്ട്," ഡോ. അജിത് ഡഹലെ പറയുന്നു. ഒപ്പം തന്നെ, ഉയർന്ന രക്തസമ്മർദ്ദത്തിനു ഉപയോഗിക്കുന്ന ചില മരുന്നുകൾ മാനസികരോഗ ചികിത്സാര്‍ത്ഥം നൽകുന്ന ചില മരുന്നുകളുമായി ഒത്തു ചേരുമ്പോൾ ശരീരത്തിന്‍റെ തൂക്കം വർദ്ധിക്കുക തുടങ്ങിയതു പോലുള്ള പാർശ്വ ഫലങ്ങൾ ഉണ്ടാക്കുന്നതായി അദ്ദേഹം ഉദാഹരണം നൽകുകയും ചെയ്തു.

വിട്ടുമാറാത്ത ഏതൊരു രോഗത്തിന്‍റേയും ആക്രമണം, രോഗം ബാധിച്ചിട്ടുള്ള വ്യക്തിക്കും അയാൾക്കു ചുറ്റും ഉള്ളവർക്കും തങ്ങളുടെ ആഹാരക്രമത്തിലും ജീവിതശൈലിയിലും മാറ്റങ്ങൾ വരുത്തേണ്ടതിനു കാരണമാകുന്നു - അവർക്ക് കൃത്യസമയത്ത് ആഹാരം ലഭിക്കുന്നുണ്ട് എന്ന് ഉറപ്പു വരുത്തുക, അവരുടെ മരുന്നുകളെ കുറിച്ച് ശ്രദ്ധ വയ്ക്കുക, അവരുടെ പൊതുവായ സൗഖ്യത്തെ കുറിച്ച് എപ്പോഴും ജാഗ്രത പാലിക്കുക. പരിചരണം നൽകുന്നവർ എന്ന നിലയിൽ, നിങ്ങള്‍ നല്‍കുന്ന പിന്തുണയും തന്മയീഭാവശക്തിയും, പ്രായമുള്ള വ്യക്തികൾക്ക് ആരോഗ്യദായകമായ ഒരു ജീവിതം പ്രദാനം ചെയ്യുന്നതിൽ വിജയിക്കുന്നതിന്, നിങ്ങളെ  വളരെയേറെ സഹായിക്കും..

അവലംബങ്ങൾ:

1. ഹൃദയത്തേയും രക്തധമനികളേയും സംബന്ധിച്ച രോഗമുള്ളവരെ ബാധിക്കുന്ന വിഷാദരോഗം - ഒരു ഇരട്ട ശാപം  (ഡിപ്രഷൻ ഇൻ കാർഡോയോവാസ്‌കുലർ പേഷ്യന്‍റ്സ്-എ ഡബിൾ വാമി): ഡോ.ജോൺസൺ പ്രദീപ് ആർ, ഡോ. വീണ എ സത്യനാരായണ, ഡോ. കൃഷ്ണമാചാരി ശ്രീനിവാസൻ; അൾസെവിയർ (Elsevier) പബ്ലിക്കേഷൻസ് പ്രസിദ്ധീകരിച്ചിട്ടുള്ള 'വൈദ്യശാസ്ത്രപരമായി രോഗബാധിതരായ രോഗികളിലെ വിഷാദരോഗം കൈകാര്യം ചെയ്യേണ്ടത്' (ഫ്രം ഡീലിങ് വിത്ത് മെഡിക്കലി ഇൽ പേഷ്യന്റ്‌സ്) എന്ന പുസ്തകത്തിൽ നിന്ന്.

2.ഹൃദയത്തിന്‍റെ രക്തധമനികളുടെ അസുഖങ്ങളും (കൊറെനെറി ഹാർട്ട് ഡിസീസസ്,) ഉത്കണ്ഠയും തമ്മിലുള്ള ബന്ധത്തിന്‍റെ ഒരു വിവരണാത്മക അവലോകനം (എ നരേറ്റീവ് റെവ്യൂ ബിറ്റ്വീൻ കൊറെനെറി ഹാർട്ട് ഡിസീസസ് ആൻഡ് ആങ്‌സൈറ്റി), അജിത് ഭാലചന്ദ്ര ഡഹലെ, ജയ്ദീപ് സി മേനോൻ, ജയ്‌സൂര്യ റ്റി എസ്.

3. ഇൻഡ്യയിലെ വിട്ടുമാറാത്ത രോഗങ്ങളും പരിക്കുകളും (ക്രോണിക് ഡിസീസസ് ആൻഡ് ഇൻജുറീസ് ഇൻ ഇൻഡ്യ,) ലാൻസെറ്റ്, 2011
4. പ്രമേഹവും വിഷാദരോഗവും സംബന്ധിച്ചുള്ള അന്തർദ്ദേശീയ അവബോധ കൈപ്പുസ്തകം (ഇന്റർനാഷണൽ എവെയേർനെസ്സ് ബുക്ക്‌ലെറ്റ് ഓഫ് ഡയബറ്റിസ് ആൻഡ് ഡിപ്രഷൻ), വേൾഡ് ഫെഡറേഷൻ ഫോര്‍ മെന്റൽ ഹെൽത് , യുഎസ്എ

ബംഗളുരുവിലെ ജ്ഞാന സഞ്ജീവനി മെഡിക്കൽ സെന്‍ററിലെ എൻഡോക്രൈനോളജിസ്റ്റ്  ഡോ.കമല തുമ്മല, ബംഗളൂരുവിലെ നിംഹാൻസ് (NIMHANS) ആശുപത്രിയിലെ സൈക്യാട്രി വിഭാഗത്തിലെ അസിസ്റ്റന്റ് പ്രൊഫസർ ആയ ഡോ. അജിത് ഭാലചന്ദ്ര ഡഹലെ എന്നിവരിൽ നിന്നു ലഭിച്ച  വിവരങ്ങളും കൂടി ചേർത്ത് വൈറ്റ് സ്വാൻ ഫൗണ്ടേഷനിലെ പ്രിയങ്ക എം. തയ്യാറാക്കിയ ലേഖനം.

Related Stories

No stories found.
White Swan Foundation
malayalam.whiteswanfoundation.org