ശരീരവും മനസ്സും

തൈറോയിഡ് രോഗാവസ്ഥ എന്‍റെ മാനസികാരോഗ്യത്തെ ബാധിക്കുന്നതിന് ഇടയുണ്ടോ?

ഒരു തൈറോയിഡ് അസന്തുലിതാവസ്ഥ വിഷാദത്തിലും ഉത്കണ്ഠയിലും അനുഭവിക്കുന്നതിനു തുല്യമായ വൈകാരിക നിരുത്സാഹം സൃഷ്ടിക്കുന്നതിനു കാരണമായേക്കാം.

എം.പ്രിയങ്ക

എന്താണ് തൈറോയിഡ് ?

കഴുത്ത് ഭാഗത്ത് സ്ഥിതി ചെയ്യുന്ന തൈറോയിഡ് ഗ്രന്ഥി, തൈറോയിഡ് ഹോർമൺസ് എന്നു പേരുള്ള ഒരു കൂട്ടം ഹോർമണുകൾ (അന്തർഗ്രന്ഥി സ്രവങ്ങൾ) ഉത്പാദിപ്പിക്കുന്നു. ഈ ഹോർമണുകൾ ശരീരത്തിന്‍റെ  പോഷണ പരിപോഷണ തോത് നിലനിർത്തുന്നതിനും പ്രോട്ടീനുകൾ (മാംസ്യം) സമന്വയിപ്പിക്കുന്നതിനും സഹായിക്കുന്നു. തൈറോയിഡ് സ്രവത്തിലുള്ള അസന്തുലിതാവസ്ഥ ഒരു വ്യക്തിയുടെ ശാരീരികാരോഗ്യത്തേയും ഒപ്പം തന്നെ മാനസികവും വൈകാരികവുമായ ആരോഗ്യത്തേയും ബാധിക്കുന്നതിന് സാദ്ധ്യതയുണ്ട്. 

തൈറോയിഡ് ഗ്രന്ഥിയെ ബാധിക്കുന്നതിന് സാദ്ധ്യതയുള്ള പ്രശ്‌നങ്ങളിൽ താഴെ പറയുന്നവ കൂടി ഉൾപ്പെടുന്നു:

1. ഹൈപ്പോതൈറോയിഡിസം അഥവാ തൈറോയ്ഡ് ഹോർമണിന്‍റെ അപര്യാപ്ത. ഇൻഡ്യാക്കാർ, പുരുഷന്മാരും സ്ത്രീകളും ഇരുകൂട്ടരും, അധികവും അഭിമുഖീകരിക്കുന്ന സാധാരണ പ്രശ്‌നം ആണ് ഇത്.

2. ഹൈപ്പർതൈറോയിഡിസം അഥവാ തൈറോയിഡ് ഹോർമോണുകളുടെ അധികരിച്ച സ്രവിപ്പിക്കൽ

3. തൈറോയിഡ് ക്യാൻസർ

4. ഗോയിറ്റർ (തൈറോയിഡ് ഗ്രന്ധിയുടെ വലിപ്പം വർദ്ധിക്കുക ) 

ഇക്കൂട്ടത്തിൽ തൈറോയിഡ് അസന്തുലിതാവസ്ഥ കൊണ്ടുണ്ടാകുന്ന പ്രശ്‌നങ്ങൾ (ഹൈപ്പർതൈറോയിഡിസം, ഹൈപ്പോതൈറോയിഡിസം) വളരെ സാധാരണമാണ്, അധികവും സ്ത്രീകളെയാണ് അതു ബാധിക്കുന്നതും.

ഒരു തൈറോയിഡ് അസന്തുലിതാവസ്ഥ വിഷാദത്തിലും ഉത്കണ്ഠയിലും അനുഭവിക്കുന്നതിനു സമാനമായ വൈകാരിക നിരുത്സാഹം സൃഷ്ടിക്കുന്നതിനു കാരണമായേക്കാം. അതിനാൽ മാനസികരോഗത്തിന്‍റെ ഏതുതരം രോഗനിർണ്ണയവും തൈറോയിഡ് പ്രശ്‌നങ്ങൾ അല്ല എന്ന് ആദ്യം തന്നെ ഉറപ്പിച്ച് അതിനുള്ള സാദ്ധ്യത തള്ളിക്കളയേണ്ടതുണ്ട്.

തൈറോയിഡ് പ്രശ്‌നങ്ങളും മാനസികാരോഗ്യവും എങ്ങനെ ബന്ധപ്പെട്ടിരിക്കുന്നു?

1. ഹൈപ്പോതൈറോയിഡിസം ബാധിച്ച ആളുകൾക്ക്   വിഷാദത്തിന്‍റെ സമാനമായ ലക്ഷണങ്ങൾ - നിരുത്സാഹം, ക്ഷീണം, മനസ്സ് ഏകാഗ്രമാക്കുന്നതിനും തീരുമാനങ്ങൾ എടുക്കുന്നതിനും ബുദ്ധിമുട്ട്, ഭക്ഷണത്തിൽ താൽപ്പര്യക്കുറവ്, ശരീരഭാരം വർദ്ധിക്കൽ - ഉണ്ടാകുന്നു. ഹൈപ്പർതൈറോയിഡിസം  ബാധിച്ച വ്യക്തികളാകട്ടെ  ഉയർന്ന രക്തസമ്മർദ്ദം, ഉയർന്ന ഹൃദയമിഡിപ്പ് തോത് തുടങ്ങിയ ഉത്കണ്ഠബന്ധിത ലക്ഷണങ്ങൾ അനുഭവിക്കുന്നു.

2. തൈറോയിഡ് അസന്തുലിതാവസ്ഥ ഒരു സ്ത്രീയുടെ ശരീരത്തിൽ പ്രതിച്ഛായാ പ്രശ്‌നങ്ങളിലേക്കു വഴി തെളിയിക്കുവാൻ ഇടയുള്ള മാറ്റങ്ങൾക്കു - ശരീരഭാരം വർദ്ധിക്കൽ, മുഖത്ത് അധിക രോമവളർച്ച അല്ലെങ്കിൽ തള്ളിനിൽക്കുന്ന കണ്ണുകൾ - കാരണമായേക്കാം. 

നിങ്ങൾക്ക് പഴക്കം ചെന്ന ഹൈപ്പർതൈറോയിഡിസം ഉണ്ടെങ്കിൽ നിങ്ങൾ താഴെ പറയുന്നവ അനുഭവിച്ചേക്കാം:

 • ഡിസ്‌ഫോറിയ (ജീവിതത്തോട് പൊതുവായി തോന്നുന്ന അതൃപ്തി)
 • ഉത്കണ്ഠ
 • ശുണ്ഠി പിടിക്കൽ
 • ഏകാഗ്രമായിരിക്കുവാൻ കഴിയാതെ വരിക

നിങ്ങൾക്ക് ഹൈപ്പോതൈറോയിഡിസം ഉണ്ടെങ്കിൽ, നിങ്ങൾ താഴെ വിവരിക്കുന്നവ അനുഭവിച്ചേക്കാം:

 • നിരുത്സാഹവും ദുഃഖവും തോന്നുക
 • ബ്രെയിൻ ഫോഗ് (മുന്നറിയിപ്പൊന്നുമില്ലാതെ ചെറിയ തോതിലോ തീവ്രമായോ സംഭവിക്കുന്ന മാനസിക കുഴാമറിച്ചിൽ) 
 • പ്രവർത്തനങ്ങളിൽ താൽപ്പര്യം കുറയുക
 • അലസതയും ഉദാസീനതയും തോന്നുക

തൈറോയിഡ് പ്രശ്‌നങ്ങൾ ചികിത്സിച്ചു കഴിഞ്ഞതിനു ശേഷമോ അല്ലെങ്കിൽ തൈറോയിഡ് പകരം വയ്ക്കലിനു ഒപ്പം തന്നെയോ  മനോരോഗചികിത്സ ചെയ്യേണ്ടതുണ്ട് എന്നാണ് വിദഗ്ദ്ധർ അഭിപ്രായപ്പെടുന്നത്.

അതിനാൽ ഏതു തരത്തിലുള്ള മനോരോഗ ചികിത്സയുമായി മുൻപോട്ടു പോകുന്നതിനു മുൻപും തൈറോയിഡ് പരിശോധിക്കുന്നതും അതല്ലെങ്കിൽ രണ്ടു തരം ചികിത്സയും ഒരേസമയം തന്നെ ചെയ്യുകയോ ചെയ്യുന്നതും ഉചിതമാണ്. 

അവസ്ഥ തൃപ്തികരമായി നേരിടുന്നത്: സ്വയപരിപാലനം

തൈറോയിഡ് അസന്തുലിതാവസ്ഥ. എന്നത് ചികിത്സയ്ക്കും ഔഷധോപയോഗത്തിനും ഒപ്പം ജീവിതശൈലിയിലെ ചിട്ടയായ മാറ്റങ്ങൾ കൂടി ആവശ്യമായ ഒരു ദീർഘകാലാടിസ്ഥാനത്തിലുള്ള അവസ്ഥയാണ്. രോഗത്തിന്‍റെ മനഃശാസ്ത്രപരമായ വശങ്ങൾക്കു കൂടി ചികിത്സ സഹായകമാകും എങ്കിലും, ആ വ്യക്തിക്ക് പിന്നെയും വൈകാരികമായ ഉയർച്ച താഴ്ച്ചകൾ അനുഭവിക്കുന്നതിന് സാദ്ധ്യതയുണ്ട്. അങ്ങനെയുള്ള അവസരങ്ങളിൽ ആ വ്യക്തിക്ക്:

 •  ചികിത്സിക്കുന്ന ഡോക്ടറോട്, മനോഭാവത്തിലെ വ്യതിയാനങ്ങളെ കുറിച്ചു സംസാരിക്കാം
 • അവർക്ക് വിശ്വാസമുള്ള ആരോടെങ്കിലും സംസാരിക്കാം
 • ശാരീരിക വ്യായാമങ്ങളോ യോഗയോ ചെയ്യാം
 • പിന്തുണ സംഘത്തിൽ ചേരാം
 • ഒരു മാനസികാരോഗ്യ വിദഗ്ദ്ധനെ സമീപിപ്പിക്കുന്നത് പരിഗണിക്കാം

സൈക്യാട്രിസ്റ്റായ ഡോ. സന്ദീപ് ദേശ്പാണ്ഡെ, ഒബ്‌സ്റ്റെട്രീഷ്യൻ ആൻഡ് ഗൈനക്കോളജിസ്റ്റ് ആയ ഡോ. അരുണ മുരളീധർ, സൈക്കോളജിസ്റ്റ് ആയ ഡോ. ഗരിമ ശ്രീവാസ്തവ എന്നിവർ പകർന്നു തന്ന വിവരങ്ങൾ കൂടി ഉൾക്കൊള്ളിച്ചാണ് ഈ ലേഖനം രചിച്ചിരിക്കുന്നത്. 

White Swan Foundation
malayalam.whiteswanfoundation.org