ആത്മഹത്യയെ പറ്റി സാധാരണ ഉന്നയിക്കപ്പെടാറുള്ള ചോദ്യങ്ങൾ
ആത്മഹത്യ തടയൽ

ആത്മഹത്യയെ പറ്റി സാധാരണ ഉന്നയിക്കപ്പെടാറുള്ള ചോദ്യങ്ങൾ

ആത്മഹത്യ എന്നത് ഒരു സങ്കീർണ്ണമായ പ്രതിഭാസം ആണ്, അതു മനസ്സിലാക്കുന്നത് ഉൽക്കട വ്യഥ അനുഭവിക്കുന്നവരെ പരിചരിക്കുന്നതിന് നമ്മെ സഹായിക്കും

ശ്രീരഞ്ജിത ജ്യൂർക്കർ

ആത്മഹത്യയെ പറ്റി ചിന്തകൾ ഉണ്ടാകുന്നത് സാധാരണമാണോ?

ആത്മഹത്യാ ചിന്തകൾ അസാധാരണമല്ല, മിയ്ക്ക ആളുകളും തീവ്രമായ വികാരവിക്ഷോഭങ്ങള്‍ അനുഭവിക്കുന്ന അവസരങ്ങളിൽ, എല്ലാം കൊണ്ടു മടുത്തു എന്നു തോന്നല്‍ ഉണ്ടാകുമ്പോൾ, എല്ലാം അവസാനിപ്പിക്കണം എന്നു തോന്നല്‍ ഉണ്ടാകുമ്പോൾ, ഇത്തരം ഒറ്റതിരിഞ്ഞ ചിന്തകൾ അനുഭവിക്കാറുണ്ട്. എന്നിരുന്നാലും, മാനസികാരോഗ്യ പ്രശ്‌നങ്ങൾ അനുഭവിക്കുന്നവരോ അല്ലാത്തവരോ ആരാണെങ്കിലും ശരി, ഏതൊരാളുടെ മനസ്സിൽ കൂടിയും ഒരു ചടുലമായ ചിന്ത എപ്പോള്‍ വേണമെങ്കിലും കടന്നു പോകാം. ആ ചിന്തകളുടെ ഇടവേളകളും തീവ്രതയും വർദ്ധിക്കുകയും, ഒരു വ്യക്തിയുടെ ദൈനംദിന ജീവിതത്തിൽ അത് ഇടപെടലുകൾ നടത്തിത്തുടങ്ങുകയും ചെയ്യുമ്പോൾ, അത് ഉത്കണ്ഠയ്ക്കു കാരണമായിത്തീരുന്നു. 

ആർക്കാണ് ആത്മഹത്യ ചിന്തകൾ ഉണ്ടാകുവാൻ സാദ്ധ്യതയുള്ളത്?

പ്രായമോ വ്യക്തിത്വ സവിശേഷതകളോ ശ്രേഷ്ഠതയോ സാമൂഹ്യ പദവിയോ എന്തു തന്നെ ആണെങ്കിലും ഏതു വ്യക്തിയില്‍ വേണമെങ്കിലും ആത്മഹത്യാ ചിന്തകൾ ഉടലെടുക്കാം. ഒരു മാനസിക രോഗമോ അരികുവൽക്കരണമോ അനുഭവിക്കുക, സാമൂഹിക - സാംസ്‌കാരിക ക്ലേശകാരകങ്ങൾക്ക് വെളിപ്പെടുക തുടങ്ങിയ ചില ഘടകങ്ങൾ ഒരു വ്യക്തിയുടെ ക്ഷിപ്രവശംവദത്വം വർദ്ധിപ്പിച്ചേക്കാം. ഇന്ത്യയിൽ 15-29 പ്രായക്കാർക്കിടയിലാണ്,  അതിൽ തന്നെ ആ പ്രായക്കാരിലുള്ള സ്ത്രീകള്‍ ആണ് പുരുഷന്മാരേക്കാൾ കൂടുതൽ ക്ഷിപ്രവശംവദത്വം അനുഭവിക്കുന്നത് എന്നാണ് ഗവേഷണം വെളിപ്പെടുത്തുന്നത്. ഇത്രയും പറഞ്ഞെങ്കിലും, ഒരു പ്രായക്കാരും ഇതിന് പ്രതിരോധം ഉള്ളവരല്ല എന്നു കൂടി പറയട്ടെ. 

ആത്മഹത്യ എന്നാൽ ആ വ്യക്തിക്ക് ഇപ്പോൾ/മുമ്പ് ഒരു മാനസികരോഗം ഉണ്ട്/ഉണ്ടായിരുന്നു എന്നാണോ അർത്ഥമാക്കേണ്ടത്?

ആത്മഹത്യാ ചിന്തകൾ പേറുന്നവരോ അല്ലെങ്കിൽ ആത്മഹത്യാ ശ്രമം നടത്തുന്നവരോ ആയ എല്ലാവരും മാനസിക രോഗം ഉള്ളവരായിരിക്കണം എന്നു നിര്‍ബന്ധം ഇല്ല. എല്ലാ തരം മാനസിക രോഗങ്ങളും ഒരു വ്യക്തിക്ക് ആത്മഹത്യയ്ക്ക് ക്ഷിപ്രവശംവദത്വം നൽകണം എന്നുമില്ല. ജീവശാസ്ത്രപരവും, മനഃശാസ്ത്രപരവും സാമൂഹികവും ആയ അനേകം ഘടകങ്ങളാണ് ഒരു വ്യക്തിയെ ആത്മഹത്യയ്ക്കു പ്രേരിപ്പിക്കുന്നത്. ആത്മഹത്യ എന്നത് ഒരു സങ്കീർണ്ണമായ പ്രതിഭാസം ആണ്, അനേകം ഘടകങ്ങളുടെ സംയുക്തം മൂലം സംഭവിക്കുന്ന ഒന്ന്. മാനസിക രോഗം ആ ഘടകങ്ങളിൽ ഒന്ന് ആകുകയോ അല്ലാതിരിക്കുകയോ ചെയ്യാം. ആത്മഹത്യ തീവ്രമായ വൈകാരിക വ്യഥയുടെ ഒരു സൂചകം ആകുമ്പോഴും, അത് മാനസിക രോഗത്തിന്‍റെ സൂചകം ആകുന്നില്ല. 

തങ്ങളുടെ പ്രശ്‌നങ്ങൾ കൈകാര്യം ചെയ്യുന്നതിന് ഒരു വ്യക്തിക്കുള്ള ശക്തിക്കുറവോ കഴിവില്ലായ്മയോ ആണോ ആത്മഹത്യ?

തങ്ങൾ നേരിടേണ്ടി വരുന്ന വെല്ലുവിളികൾ അഭിമുഖീകരിക്കുന്നതിനുള്ള ഒരു വ്യക്തിയുടെ ശക്തിക്കുറവോ  കഴിവു കുറവോ ആണ് ആത്മഹത്യ സൂചിപ്പിക്കുന്നത് എന്ന് ഒരു പൊതുവിശ്വാസം ഉണ്ട്. ഒരു വ്യക്തി വെറുതെ അങ്ങ് ആത്മഹത്യാ ചിന്തകൾ തെരഞ്ഞെടുക്കുകയല്ല ചെയ്യുന്നത്. അനേകം ഘടകങ്ങളുടെ -ജീവശാസ്ത്രപരം, മനഃശാസ്ത്രപരം, സാമൂഹികം - പരസ്പര പ്രവർത്തനം മൂലം ആയിരിക്കും അതു സംഭവിക്കുക. ആത്മഹത്യാ ചിന്തകൾ സാധാരണമായി ഉൽക്കട വ്യഥയുടെ ഒരു സൂചനയാണ്, എത്ര ശക്തരായ ആളുകൾ ആണെങ്കിലും  ഒരു വ്യക്തിയെ തീർത്തും പരവശതയിൽ ആഴ്ത്തുന്നതിന് അതിന് കഴിയുകയും ചെയ്യും. 

പക്ഷേ എന്തുകൊണ്ടാണ് അവർ സഹായം തേടാത്തത്?

ആത്മഹത്യാ ചിന്തകൾ പേറുന്ന ഒരു വ്യക്തി ഏകാന്തത, നിസ്സഹായത, പ്രതീക്ഷയില്ലായ്മ എന്നിവ തീവ്രമായി അനുഭവിക്കുന്നതിന് സാദ്ധ്യതയുണ്ട്, ഇതു കൊണ്ടു തന്നെ പുറമേയക്ക് സഹായം തേടുക എന്നത് അവരെ സംബന്ധിച്ച് വളരെ ശ്രമകരം ആയിരിക്കും. മറ്റുള്ളവരുടെ വിധിക്കൽ അവർ ഭയപ്പെടുന്നും ഉണ്ടാകും. അവർ പലപ്പോഴും തങ്ങളുടെ പ്രശ്‌നങ്ങളുമായി സമരസപ്പെടുന്നതിനു വേണ്ടി മറ്റു പെരുമാറ്റങ്ങളിൽ - വിനോദങ്ങൾ, ജോലി, കുടുംബം, സുഹൃത്തുക്കൾ എന്നിവരിൽ നിന്ന് ഒഴിഞ്ഞു നിൽക്കുക, പെട്ടെന്ന് ലഹരി പദാർത്ഥങ്ങളെ ആശ്രയിച്ചു തുടങ്ങുക, തങ്ങൾക്ക് അറിയാവുന്ന ആൾക്കാരോട് വളച്ചുകെട്ടി വിഷയം അവതരിപ്പിക്കുക - ഏർപ്പെടും, അതു ഒരു സഹായം തേടലായി എളുപ്പത്തിൽ കാണാനുമാവില്ല. തങ്ങൾക്ക് ഏറ്റവും അടുപ്പം ഉള്ളവരോട് സഹായം ചോദിക്കുവാൻ ചിലർ തീരുമാനിക്കില്ല, അവർ  അത് എങ്ങനെ ആയിരിക്കും സ്വീകരിക്കുക എന്നതിൽ ഉള്ള വേവലാതി മൂലമോ, അല്ലെങ്കിൽ തങ്ങൾ സഹായം തേടുന്നവർക്കു യഥാർത്ഥത്തിൽ തങ്ങൾ എന്തിലൂടെയാണ് കടന്നു പോകുന്നത് എന്ന് മനസ്സിലാകുകയില്ല എന്ന ഭീതി മൂലമോ ആകാം അത്. നിലവിലുള്ള തെറ്റിദ്ധാരണകളും ആത്മഹത്യയേയും മാനസിക രോഗത്തേയും ചുറ്റിപ്പറ്റിയുള്ള സാമൂഹ്യകളങ്കബോധവും സഹായം തേടുന്നതിന് കൂടുതൽ ബുദ്ധിമുട്ട് സൃഷ്ടിക്കുന്നു. 

വിഷാദം അനുഭവിക്കുന്ന വ്യക്തിക്ക് ആത്മഹത്യ ചെയ്യുക എന്ന  അപകടസാദ്ധ്യത  ഉണ്ടോ?

വിഷാദം പോലെയുള്ള മനോഭാവ ചാഞ്ചാട്ടങ്ങൾ അനുഭവിക്കുന്ന ആൾക്കാർ ജീവശാസ്ത്രപരമായി  അതില്ലാത്ത വ്യക്തികളേക്കാൾ ആത്മഹത്യ ചെയ്യുക എന്ന അപകടസാദ്ധ്യത കൂടുതലുള്ളവർ ആയിരിക്കും. എന്നിരുന്നാലും സാമൂഹിക ഘടകത്തിനും പ്രസക്തിയുണ്ട്: വിഷാദം പേറുന്ന ഒരു വ്യക്തിക്ക് പിന്തുണയ്ക്കുകയും സ്‌നേഹിക്കുകയും ചെയ്യുന്ന ഒരു കുടുംബം, തൊഴിലിടം അല്ലെങ്കിൽ അവർക്ക് അംഗീകാരവും പിന്തുണയും ലഭിയ്ക്കുന്ന സാമൂഹിക ഇടങ്ങൾ എന്നിവയില് ഏതെങ്കിലും ഉണ്ടെങ്കിൽ, വേണ്ടുന്ന സമയത്ത് പിന്തുണ തേടുന്നതിനും അങ്ങനെ വൈകാരിക വ്യഥ തരണം ചെയ്യുന്നതിനും അവർക്കു കഴിഞ്ഞെന്നു വരാം. ഒരു വ്യക്തിയുടെ ക്ഷിപ്രവശംവദത്വം തീരുമാനിക്കപ്പെടുന്നതിനുള്ള ഒരേ ഒരു ഘടകം ഒരു മാനസിക രോഗം നിലവിലുണ്ട് എന്നത് (അല്ലെങ്കിൽ അതിന്‍റെ അഭാവം) അല്ല തന്നെ. 

ആരെങ്കിലും അവരവരെ തന്നെ പരിക്കേൽപ്പിക്കുന്നു എങ്കിൽ, അതിന്‍റെ അർത്ഥം ആത്മഹത്യയ്ക്കുള്ള അപകട സാദ്ധ്യത നിലനിൽക്കുന്നുണ്ട് എന്നായിരിക്കുമോ?

ആത്മഹത്യാ ചിന്തകൾ പേറുന്ന ചില ആളുകൾ, അവരവരെ തന്നെ പരിക്കേൽപ്പിക്കുമ്പോൾ, അങ്ങനെ ചെയ്യുന്ന എല്ലാവരും ജീവിതം അവസാനിപ്പിക്കുക എന്ന ലക്ഷ്യത്തോടെ അതു ചെയ്യുന്നവരാകണം എന്നു നിർബന്ധമില്ല.  *ഡിഎസ്എം-5 ന്‍റെ ആത്മഹത്യാപരമല്ലാത്ത സ്വയം പരിക്കേൽപ്പിക്കുന്ന തകരാർ (Nonsuicidal Self Injury disorder, NSSI) എന്ന പുതിയ ഇനം തിരിക്കലോടെ, ലോകം മുഴുവനും ഇത് ഇപ്പോൾ അംഗീകരിച്ചു വരികയാണ്, സ്വയം പീഡിപ്പിക്കൽ അധികവും ഉപയോഗിക്കപ്പെടുന്നത് സമരസപ്പെടുന്നതിനോ ശ്രദ്ധ തിരിക്കലിനോ ഉള്ള ഒരു രീതി ആയിട്ടാണ്. തങ്ങളുടെ ജീവിതം അവസാനിപ്പിക്കുവാൻ ഒരിക്കൽ പോലും ശ്രമിക്കാതെ മാസങ്ങളോളമോ വർഷങ്ങളോളമോ സ്വയം പീഡിപ്പിച്ചെന്നു വരാം. ഇത്രയും പറഞ്ഞ സ്ഥിതിക്ക്, സ്വയം-പീഡിപ്പിക്കുന്നത് ആത്മഹത്യയ്ക്കുള്ള അപകട സാദ്ധ്യതകളിൽ ഒന്ന് ആകാൻ സാദ്ധ്യതയുണ്ടെന്നും അത് വളരെ സൂഷ്മമായി നിരീക്ഷിക്കേണ്ടതുണ്ട് എന്നു കൂടി പറഞ്ഞു വയ്ക്കട്ടെ. 

*ഡിഎസ്എം-5- അമേരിക്കൻ സൈക്യാട്രിക് അസോസ്സിയേഷൻ പ്രസിദ്ധീകരിച്ച  Diagnostic and Statistical Manual of Mental Disorders, Fifth Edition (DSM-5)

ആരെങ്കിലും ആത്മഹത്യ ചെയ്തു (committed suicide) എന്നു പറയുന്നത് അനുവദനീയമാണോ?

ഇംഗ്ലീഷിൽ 'commit' എന്ന് ഉപയോഗിക്കുന്നത് നിയമത്തിനോ ധർമ്മശാസ്ത്രത്തിന്‍റെ നിലവിലിരിക്കുന്ന ആശയങ്ങൾക്കോ എതിരായി നടത്തുന്ന പ്രവർത്തികളുടെ സന്ദർഭത്തിലാണ്. ആത്മഹത്യയുടെ സന്ദർഭത്തിൽ ഈ വാക്ക് (ചിലപ്പോൾ അറിയാതെ) ഉപയോഗിക്കുന്നത് നിലവിലുള്ള സാമൂഹിക കളങ്കബോധവും ഈ പ്രതിഭാസത്തെ കുറിച്ചുള്ള തെറ്റിദ്ധാരണയും മൂലം, ഒരു അപരാധമായി കണക്കാക്കി എന്നു വരാം. ഈ സാമൂഹിക കളങ്ക ബോധത്തിന് തങ്ങൾക്ക് ആവശ്യമുള്ള സഹായം തേടുന്നതിനും പകരം ആളുകളെ ആത്മഹത്യയക്ക് എളുപ്പത്തിൽ വശംവദരാക്കുന്നതിനും കഴിയും. കുറ്റബോധം വ്യഞ്ജിപ്പിക്കാത്ത വിധം ആത്മഹത്യയെ കുറിച്ച് സംസാരിക്കുന്നത്, അതെക്കുറിച്ചുള്ള സാമൂഹിക കളങ്കബോധം കുറയ്ക്കുന്നതിനു സഹായകമായി ഭവിച്ചേക്കാം. ഒരു സംഭവം വിവരിക്കുന്നതിന്  'ജീവിതം അവസാനിപ്പിക്കുവാൻ ശ്രമിച്ചു',  'സ്വന്തം ജീവിതം സ്വയം അങ്ങ് എടുത്തു ',  ' ആത്മഹത്യ മൂലം മരണപ്പെട്ടു' തുടങ്ങിയ പ്രയോഗങ്ങൾ കൂടുതൽ ആനുകമ്പാർഹമായ ആവിഷ്‌കാരരീതികളാണ്. 

ക്ലിനിക്കൽ സൈക്കോളജിസ്റ്റായ ഡോ ദിവ്യ കണ്ണൻ, ഫോർട്ടിസ് ഹെൽത്ത്‌കെയറിലെ  കൺസൽറ്റന്‍റ് സൈക്കോളജിസ്റ്റ് ആയ കാമ്‌ന ഛിബ്ബർ (Kamna Chibber), ദി ആൾട്ടർനേറ്റ് സ്‌റ്റോറി എന്ന സ്ഥാപനത്തിലെ കൗൺസിലിംഗ് സൈക്കോളജിസ്റ്റ് ആയ പരസ് ശർമ്മ, ദ ടോക്കിംഗ് കോംപസ്സ് എന്ന സ്ഥാപനത്തിലെ സൈക്കോ തെറപ്പിസ്റ്റ് ആയ ഷെറെസെഡേ സഞ്ചിത സിയോഭൻ (Scherezade Sanchita Siobhan) എന്നിവർ പകർന്നു തന്ന അറിവുകൾ സമാഹരിച്ച് തയ്യാറാക്കിയത്. 

White Swan Foundation
malayalam.whiteswanfoundation.org