മാനസികാരോഗ്യത്തെ കുറിച്ചു മനസ്സിലാക്കൽ

ഡയലക്റ്റിക്കല്‍ ബിഹേവിയർ തെറപ്പി : എന്താണത്? എങ്ങനെയാണ് അതു വ്യത്യസ്തമാകുന്നത്?

ഡയലക്റ്റിക്കല്‍ ബിഹേവിയർ തെറപ്പിയിൽ (വൈരുദ്ധ്യാത്മക പെരുമാറ്റ തെറപ്പിയില്‍) സൂഷ്മത/പരിപൂർണ്ണ ശ്രദ്ധയിൽ ഊന്നിയ *മൈൻഡ്ഫുൾനെസ്സ് (mindfulness) അധിഷ്ഠിതമായ പ്രവർത്തനങ്ങളും നൈപുണ്യ പരിശീലനവും ചികിത്സാർത്ഥം ഉൾക്കൊള്ളിച്ചിട്ടുണ്ട്.

ആരതി കണ്ണൻ

1961 ൽ ഒരു 17 കാരിയെ അതിരൂക്ഷമായ സാമൂഹിക ഉള്‍വലിയലും പതിവായി സ്വയം മുറിവേൽപ്പിക്കലും മൂലം യുഎസ്എ യിലെ കണക്ടിക്കട്ട് സൈക്യാട്രിക് ഫെസിലിറ്റിയിൽ പ്രവേശിപ്പിച്ചു. "ആശുപത്രിയിലുള്ള ഏറ്റവും അസ്വസ്ഥരായ രോഗികളിൽ ഒരാൾ," എന്ന് ആശുപത്രി രേഖകൾ അവളെ വിശേഷിപ്പിച്ചപ്പോൾ, കഠിനതരമായ രോഗമുള്ള രോഗികൾക്കു വേണ്ടിയുള്ള വിജനമുറിയിൽ സമയം കഴിച്ചു കൂട്ടിയ ആ നാളുകളെ പറ്റി അവൾ സ്വയം ഓർമ്മിച്ചെടുക്കുന്നത് "നരകം" എന്നത്രേ. 

ഈ ചെറുപ്പക്കാരിയായ പെൺകുട്ടി ആണ് ഡോ മാർഷ ലിനാൻ (Dr Marsha Linehan), ഡയലക്റ്റിക്കല്‍ ബിഹേവിയർ തെറപ്പി  (ഡിബിറ്റി) ക്ക് വഴി തെളിച്ച വ്യക്തി. 2011 ൽ, തന്‍റെ ജീവിതയാത്രയെ കുറിച്ച് ഡോ ലിനാൻ ആദ്യമായി പരസ്യമായി സംസാരിച്ചു. ന്യൂയോർക്ക് ടൈംസിൽ പ്രസിദ്ധീകരിച്ച ഒരു ലേഖനത്തിൽ മാനസികാരോഗ്യവുമായിട്ടുള്ള അവരുടെ യുദ്ധം, രോഗമുക്തിയുടെ വഴി - അവരുടെ അസുഖം, കൃത്യമായ രോഗനിർണ്ണയത്തിന്‍റെ അഭാവം - രോഗം ശമിപ്പിക്കുന്ന സവിശേഷ ചികിത്സാ ഇടപെടൽ വികസിപ്പിക്കുന്നതിന് അവരെ പ്രോത്സാഹിപ്പിച്ച ചികിത്സ എന്നിവയുടെ കഥ ഉൾപ്പെട്ടിരുന്നു.        ബോർഡർലൈൻ പെഴ്‌സണാലിറ്റി തകരാർ (borderline personality disorder, BPD) എന്നായിരുന്നു തന്‍റെ രോഗനിർണ്ണയം നടത്തപ്പെടേണ്ടിയിരുന്നത്, അന്ന് അത് അറിയപ്പെട്ടിരിരുന്നു എങ്കിൽ, എന്ന് ഡോ ലിനാൻ വിശ്വസിക്കുന്നു. ഇന്ന് ഏറ്റവും സാധാരണമായി രോഗനിർണ്ണയം നടത്തപ്പെടുന്ന ഒന്നാണ് ബിപിഡി. സങ്കീർണ്ണമായ രോഗിനർണ്ണയങ്ങളുടേയും തെറ്റായ കൈകാര്യം ചെയ്യലിന്‍റേയും ഇതേ പോലുള്ള യാത്രകൾ നടത്തിയിട്ടുള്ള, തങ്ങളുടെ ലക്ഷണങ്ങൾ കൈകാര്യം ചെയ്യുന്നതിന് ഡിബിറ്റി സഹായകമാണെന്നു മനസ്സിലാക്കിയ  അനേകം ആളുകളുണ്ട്.

എന്താണ് ഡിബിറ്റി? 

ഇപ്പോൾ നിലവിലുള്ള പെരുമാറ്റ തെറപ്പി (ബിഹേവിയർ തെറപ്പി) രീതി പരിഷ്‌കരിച്ച് എടുത്ത ഒരു തരം സംഭാഷണ തെറപ്പി (talk therapy) ആണ് ഡിബിറ്റി. അതിന്‍റെ പ്രധാന ലക്ഷ്യം തങ്ങളുടെ വികാരങ്ങൾ ക്രമീകരിക്കുന്നതിന് ബുദ്ധിമുട്ട് നേരിടുന്ന ആളുകളെ ചികിത്സിച്ചുകൊണ്ട്, 'ജീവിക്കുന്നതിനു മൂല്യമുള്ള ഒരു ജീവിതം ' ജീവിക്കുന്നതിന് അവരെ സഹായിക്കുക എന്നതാണ് - അത് അവരെ അവരുടെ പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിന് പ്രോത്സാഹിപ്പിക്കുന്നു. തങ്ങളുടെ പ്രശ്‌നങ്ങൾ പ്രയോജനപ്രദമായി നേരിടുന്നതിന് ഉപകരിക്കുന്ന സാമഗ്രികൾ കൊണ്ട് സജ്ജമാക്കുന്നതിന് വേണ്ടുന്ന നൈപുണ്യ പരിശീലനത്തിൽ ആണ് അത് ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. ദീർഘകാലാടിസ്ഥാനത്തിലുള്ള ലക്ഷ്യങ്ങൾ സൃഷ്ടിക്കുന്നതിനും അതു നേടുന്നതിനു വേണ്ടി പ്രവർത്തിക്കുകയും ചെയ്യുന്നതിനും ഡിബിറ്റി സഹായിക്കുകയും ചെയ്യുന്നു. 

വിവിധതരത്തിലുള്ള മാനസിക അസുഖങ്ങൾക്ക് ഡിബിറ്റിയുടെ ഉപയോഗം

ഡിബിറ്റി ആദ്യം വികസിപ്പിച്ചെടുത്തത് ബിപിഡി ചികിത്സിക്കുന്നതിനു വേണ്ടിയാണ്. 1991 ൽ ഡോ ലിനാനും അവരുടെ സംഘവും ബിപിഡി, ആത്മഹത്യാശ്രമ സാങ്കൽപിക ചിന്തകൾ (parasuicidal ideation, മരണം ലക്ഷ്യമാക്കാത്ത ആത്മഹത്യാ ശ്രമം) എന്നിവ ബാധിച്ചിട്ടുള്ള സ്ത്രീകളുടെ ചികിത്സയെ പറ്റി ഒരു പഠനം നടത്തി. സ്വയം പരിക്കേൽപ്പിക്കുന്ന പെരുമാറ്റങ്ങൾ കുറയ്ക്കുന്നതിനും തെറപ്പിയ്ക്കു ഹാജരാകുന്നവരുടെ എണ്ണം വർദ്ധിപ്പിക്കുന്നതിനും അത് ഒരു പ്രയോജനപ്രദമായ രീതി ആണെന്ന് അവർ കണ്ടെത്തി.

കാലങ്ങൾ കൊണ്ട് വൈവിദ്ധ്യമാർന്ന മറ്റു പലതരം ചികിത്സാവിധി സംബന്ധിയായ അവസ്ഥകളും അഭിസംബോധന ചെയ്യത്തക്ക വിധം ഡിബിറ്റി വികസിപ്പിച്ചെടുത്തു. ആഹാരം കഴിക്കൽ തകരാറുകൾ (eating disorders), കോപ നിയന്ത്രണം (anger management), അറ്റൻഷൻ ഡഫിസിറ്റ്/ഹൈപ്പർ ആക്ടിവിറ്റി (ADHD) തകരാറുകളുടെ ചില വശങ്ങൾ, വിഷാദം (depression), പോസ്റ്റ് ട്രൗമാറ്റിക് സ്‌ട്രെസ് ഡിസോഡർ (PTSD) എന്നിവ ഇതിൽ ഉൾപ്പെട്ടിരിക്കുന്നു. അങ്ങനെയുള്ള അവസരങ്ങളിൽ ഡിബിറ്റി, അസുഖത്തിന്‍റെ വിവിധ വശങ്ങൾ ലക്ഷ്യം വയ്ക്കുന്നു - മറ്റു വ്യക്തികളുമായി ആശയവിനിമയം നടത്തുന്നതിനോ സമ്പർക്കം പുലർത്തുന്നതിനോ  വേണ്ടുന്ന കഴിവുകൾ (ആത്മവിശ്വാസത്തോടെ ഉറപ്പിച്ചു പറയൽ പോലെ), മൈൻഡ്ഫുൾനെസ്സ് കഴിവുകൾ, വൈകാരിക ക്രമീകരണം, ആഗ്രഹസാഫല്യവും പെട്ടെന്നുണ്ടാകുന്ന ഉൾപ്രേരണാധിഷ്ഠിത പ്രതികരണങ്ങളും (അമിതമായ തീറ്റയും കുടിയും തകരാർ അഥവാ binge eating disorder, ലഹരി/പദാർത്ഥ ഉപയോഗ തകരാർ) വൈകിപ്പിക്കൽ. 

അവബോധ പെരുമാറ്റ ചികിത്സ (CBT) പോലെ തന്നെ, പ്രവർത്തന പദ്ധതികൾ (അഥവാ വീട്ടിലിരുന്നു ചെയ്യാൻ ഏൽപ്പിക്കപ്പെട്ടിട്ടുള്ള ചുമതലകൾ) എന്നിവയും ഡിബിറ്റി ചികിത്സയുടെ ഒരു ഭാഗമായി ഉൾപ്പെട്ടിട്ടുണ്ട്. ഇവിടെ അസുഖബാധിതർക്ക് കൂടിക്കാഴ്ച്ചാ യോഗങ്ങൾക്ക് ഇടയ്ക്ക്, അവരുടെ പുരോഗതിക്കു സഹായമാകുന്ന വിധത്തിൽ, അവര്‍ പൂർത്തീകരിക്കേണ്ട തായ ചുമതലകൾ നൽകുന്നു. ഡിബിറ്റി ചികിത്സ തേടുന്ന അസുഖബാധിതർക്ക് പലപ്പോഴും ആശയവിനിമയം നടത്തുകയൊ സമ്പർക്കം പുലർത്തുകയോ ചെയ്യേണ്ടുന്ന ബന്ധങ്ങളിൽ ബുദ്ധിമുട്ട് അനുഭവപ്പെടും; ചികിത്സാ പ്രക്രിയയിൽ പുരോഗതി അനുഭവപ്പെടത്തക്ക വിധം ഒരു കരുത്തുറ്റ ചികിത്സാപര ബന്ധം രൂപീകരിച്ചെടുക്കുക എന്നത് അസുഖബാധിത വ്യക്തിക്കും തെറപ്പിസ്റ്റിനും ഒരേ പോലെ നിർണ്ണായകമാണ്. 

ഡിബിറ്റിയും സിബിറ്റിയും തമ്മിലുള്ള വ്യത്യാസം എന്താണ്?

രണ്ടു തരത്തിലുള്ള സംഭാഷണ തെറപ്പികളും അതാതിന്‍റെ പ്രാഥമിക ശ്രദ്ധാ കേന്ദ്രീകരിക്കൽ രീതിയിലും അവയുടെ കാതലായ ഘടകഭാഗങ്ങളിലും വ്യത്യസ്തമാണ്. 

അസുഖബാധിതവ്യക്തിയുടെ, പ്രവർത്തനക്ഷമം അല്ലാത്ത ചിന്തകളിലും പെരുമാറ്റങ്ങളിലും മാറ്റം വരുത്തുന്നതിൽ ആണ്, സിബിറ്റി ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. ഡിബിറ്റി - മാറ്റം കൂടാതെ - അസുഖത്തിന്‍റെ ഒപ്പം വരുന്ന എല്ലാ തോന്നലുകളേയും അംഗീകരിക്കുന്നുണ്ട്. ഒരാളുടെ തിരിച്ചറിയൽ, അംഗീകരിക്കൽ, ഒരാളുടെ അനുഭവങ്ങളും ചിന്തകളും വികാരങ്ങളും മനസ്സിലാക്കൽ എന്നീ കാര്യങ്ങൾക്ക് തങ്ങളുടെ പ്രശ്‌നങ്ങൾ ഒരു വ്യത്യസ്തമായ വിധത്തിൽ കൈകാര്യം ചെയ്യുവാൻ സഹായകമാകും എന്ന് ഡിബിറ്റി ചികിത്സകർ വിശ്വസിച്ചു വരുന്നു. അതു ലക്ഷ്യമിടുന്നത് അംഗീകരിക്കലിന്‍റേയും മാറ്റത്തിന്‍റേയും ഇടയ്ക്ക് ഒരു സന്തുലിതാവസ്ഥ പാലിക്കുന്നതിനാണ്. 

സിബിറ്റി, ഡിബിറ്റി എന്നിവ രണ്ടും അസുഖബാധിതരെ ചികിത്സിക്കുന്നതിന് സവിശേഷ ചികിത്സാപര തന്ത്രങ്ങൾ ഉപയോഗിക്കുന്നുണ്ട്. സിബിറ്റിയിൽ വിവിധ തരത്തിലുള്ള ആകാംക്ഷാ-ഉത്തേജിപ്പിക്കൽ നിർവ്വഹണ സങ്കേതങ്ങൾ ഉൾപ്പെട്ടിട്ടുണ്ട്. നേരേ മറിച്ച് മൈൻഡ്ഫുൾനെസ്സ് അധിഷ്ഠിത ഇടപെടലുകൾ ഡിബിറ്റിയുടെ കാതലായ ഘടകഭാഗങ്ങളിൽ ഒന്നാണ്, സിബിറ്റി പ്രയോഗങ്ങളുടെ വ്യവസ്ഥാപിത രീതികളിൽ ഇതിന്‍റെ അഭാവം അനുഭവപ്പെടുന്നുമുണ്ട്. 

ഡിബിറ്റിയുടെ ഒരു സവിശേഷ അസുഖചികിത്സാ പദ്ധതി എന്താണ് രൂപവൽക്കരിക്കുന്നത?

ഡിബിറ്റിയുടെ പ്രാഥമിക ചികിത്സാ വിതരണ സമ്പ്രദായങ്ങൾ വ്യക്തിഗത തെറപ്പി, സംഘമായിട്ടുള്ള നൈപുണ്യ പരിശീലനങ്ങൾ, കൂടിക്കാഴ്ച്ചാ യോഗങ്ങൾക്ക് ഇടയ്ക്കുള്ള നൈപുണ്യ പരിശീലനം എന്നിവയാണ്. 

വ്യക്തിഗത കൂടിക്കാഴ്ച്ചാ യോഗങ്ങൾ അസുബാധിത വ്യക്തിയുമായി മാനസികമായി ഒരു ഐകമത്യം സൃഷ്ടിച്ചെടുക്കുന്നതിന് തെറപ്പിസ്റ്റിനെ സഹായിക്കുന്നു. എപ്പോഴാണ് കൂടിക്കാഴ്ച്ചാ യോഗങ്ങൾ നടത്തേണ്ടത്, എപ്പോഴാണ് തങ്ങളുടെ ദൈനംദിന ജീവിതത്തിൽ സംഭവിക്കുന്ന പ്രത്യേക വെല്ലുവിളികൾ നേരിടുന്നതിനുള്ള കഴിവുകൾ പഠിപ്പിക്കേണ്ടത് എന്നതു സംബന്ധിച്ചുള്ള പരിധികൾ ക്രമീകരിക്കേണ്ടതു കൂടി ഇതിൽ ഉൾപ്പെട്ടിട്ടുണ്ട്. തന്‍റെ പ്രശ്‌നങ്ങൾ മെച്ചപ്പെടുത്തുന്നതിനായി സമയം ചെലവഴിക്കുന്നതിലും തെറപ്പിസ്റ്റ് അസുഖബാധിത വ്യക്തിയെ പ്രോത്സാഹിപ്പിക്കുന്നു. 

നൈപുണ്യ പരിശീലനത്തിലാണ് അസുഖബാധിതർ തങ്ങളുടെ വികാരങ്ങൾ കൈകാര്യം ചെയ്യുന്നതിനും സ്വയം മെച്ചപ്പെടുന്നതിനോട് കൂടുതൽ അടുക്കുന്നതിനും വേണ്ട വ്യത്യസ്ത കഴിവുകൾ സ്വായത്തമാക്കുന്നത്. ഇതിൽ മൈൻഡ്ഫുൾനെസ്സ്, തന്‍റെ വികാരങ്ങളെ കുറിച്ച് അവബോധം ഉണ്ടാകുന്നതിനും അവ തിരിച്ചറിയുന്നതിനും സ്വയം പീഡിപ്പിക്കുന്ന തരം ആശയപ്രകാശനരീതികൾ അഭിസംബോധന ചെയ്യുന്നതിനും ഒരു പ്രതിസന്ധിഘട്ടം സ്വതന്ത്രമായി കൈകാര്യം ചെയ്യുന്നതിനും ബന്ധങ്ങളിൽ ആശയവിനിമയം നടത്തൽ (അസുഖബാധിത വ്യക്തി തെറപ്പിസ്റ്റിനു ഒപ്പം നടത്തുന്ന, നിർദ്ദേശാനുസരണം പ്രവർത്തിക്കുന്ന രീതികൾക്ക് അനുസൃതമായി നടത്തുന്ന അഭ്യർത്ഥനകൾ/ നിരാസങ്ങൾ) എന്നിവ ഉൾപ്പെട്ടിട്ടുണ്ട്. ഈ കൂടിക്കാഴ്ച്ചാ യോഗങ്ങൾ പതിവായി നടത്തുന്നു, കാരണം, കഴിവുകളുടെ പോരായ്മകള്‍  അഭിസംബോധന ചെയ്യപ്പെടുന്നത് സ്ഥിരമായ പരിശീലനം കൊണ്ടത്രേ. 

അസുഖബാധിതരായ വ്യക്തികൾ, തങ്ങൾ ഒരു പ്രതിസന്ധിയിലാണ്, തൽക്ഷണം നൈപുണ്യ പരിശീലനം വേണ്ടതുണ്ട് എന്നു കണ്ടാൽ തെറപ്പിസ്റ്റുമായി ബന്ധപ്പെടുന്നതിന് അവരെ പ്രോത്സാഹിപ്പിക്കുന്നുണ്ട്. എപ്പോഴാണ് തെറപ്പിസ്റ്റിന്‍റെ സേവനം തേടേണ്ടേത് എന്നതിന്‍റെ പരിധികൾ ഈ കൂടിക്കാഴ്ച്ചാ യോഗങ്ങളിൽ ചർച്ച ചെയ്യുന്നു. 

ബംഗളുരു നിംഹാൻസ് ആശുപത്രിയിലെ ക്ലിനിക്കൽ സൈക്കോളജിസ്റ്റ് ആയ ഡോ പൗലോമി സുധീർ പങ്കു വച്ച വിവരങ്ങൾ ഉൾക്കൊള്ളിച്ചാണ് ഈ ലേഖനം തയ്യാറാക്കിയിരിക്കുന്നത്. 

*മൈൻഡ്ഫുൾനെസ്സ്, mindfulness- ഒരാളുടെ തോന്നലുകളും ചിന്തകളും ശാരീരിക അനുഭവങ്ങളും ശാന്തമായി അംഗീകരിച്ചുകൊണ്ടു തന്നെ, ഇപ്പോൾ, ഈ നിമിഷത്തിൽ നിലവിലുള്ള ഒരാളുടെ അവബോധത്തിൽ മാത്രം പരിപൂർണ്ണ ശ്രദ്ധ കേന്ദ്രീകരിക്കുന്ന തരം ഒരു സവിശേഷ ചികിത്സാ സങ്കേതം. 

    വിവരസ്രോതസ്സുകൾ:

White Swan Foundation
malayalam.whiteswanfoundation.org