മനോരോഗൗഷധങ്ങളുടെ ഗുണഫലങ്ങൾ അവയുടെ പാർശ്വഫലങ്ങളേക്കാൾ മുന്നിട്ടു നിൽക്കുന്നുണ്ടോ?

മനോരോഗ ഔഷധങ്ങളെ പറ്റി അനുകൂല-പ്രതികൂല വാദങ്ങൾ വളരെ അധികം പറഞ്ഞു കേൾക്കുന്നുണ്ട്. ഒരു വശത്ത് എങ്ങനെയാണ് മനോരോഗത്തിനുള്ള ഔഷധങ്ങൾ പ്രവർത്തിക്കുന്നത് എന്നതിലുള്ള അറിവു കുറവു മൂലമാണ് ചില ആശങ്കകൾ ഉടലെടുക്കുന്നത് എങ്കിൽ, മറുവശത്ത് ഔഷധങ്ങൾ അവയ്ക്ക് ഒപ്പം കൊണ്ടുവരുന്ന പാർശ്വഫലങ്ങളെ കുറിച്ചും അവയുടെ ഉപയോക്താക്കൾ ഉത്കണ്ഠ പ്രകടിപ്പിച്ചു വരുന്നുണ്ട്. സാധാരണയായി ചോദിക്കാറുള്ള ചില ചോദ്യങ്ങൾ സൈക്യാട്രിസ്റ്റ് ആയ ഡോ സബീന റാവുവിനോട് ഞങ്ങൾ ഉന്നയിച്ചു. 

മനോരോഗ ഔഷധങ്ങളെ കുറിച്ച് ആളുകളുടെ ഏറ്റവും സാധാരണമായ ഉത്കണ്ഠകൾ എന്തെല്ലാമാണ്?

മനോരോഗൗഷധങ്ങൾ ഉപയോഗിക്കുവാൻ ആളുകൾ ആഗ്രഹിക്കുന്നില്ല. കുറേ വർഷങ്ങളായി ഞാൻ കേട്ടുവരാറുള്ളത്- "അവ എന്‍റെ മസ്തിഷ്‌കത്തെ മാറ്റി മറിക്കും" അല്ലെങ്കിൽ "ഞാൻ അവയ്ക്കു കീഴ്‌പ്പെട്ടു പോകും" എന്നത്രേ. മനോരോഗൗഷധങ്ങളുടെ 'കെണിയിൽ അകപ്പെട്ടു പോകും' എന്നു ചിന്തിക്കുന്നതു കൂടാതെ, ഒരു സൈക്യാട്രിസ്റ്റിനെ കാണുന്നതോ ഔഷധങ്ങൾ ഉപയോഗിക്കുന്നതോ ഒരു ദൗർബ്ബല്യം ആണ് എന്നു വിശ്വസിക്കുകയും ചെയ്യുന്നു. ഒരു സൈക്യാട്രിസ്റ്റിനെ കാണുകയോ ഔഷധങ്ങൾ ഉപയോഗിക്കുകയോ ചെയ്യുന്നത് നിങ്ങൾക്ക് ' അസുഖം ' ആണ്, അല്ലെങ്കിൽ നിങ്ങൾക്ക്  'ഉന്മത്തത ' ഉണ്ട് എന്ന് വെളിപ്പെടുത്തുന്നു.

മനോരോഗ ഔഷധങ്ങളുടെ ഉപയോഗം പലപ്പോഴും വളരെ കാലം നീണ്ടുനിൽക്കുന്നു എന്ന വസ്തുതയിൽ നിന്ന് ഉടലെടുക്കുന്നതാണോ ഇത്?

ഹ്രസ്വ കാലയളവു മാത്രം ഉപയോഗിച്ചാൽ മതിയാകുന്ന ആന്‍റിബയോട്ടിക്‌സ്, വേദനാസംഹാരികൾ എന്നിവയെ കുറിച്ചു മാത്രമേ എനിക്കു ചിന്തിക്കുവാൻ സാധിക്കൂ. ബാക്കിയുള്ളതെല്ലാം ദീർഘകാലം കഴിക്കേണ്ടതാണ്. ഈ പശ്ചാത്തലത്തിൽ നോക്കിയാൽ മറ്റേതൊരു ഔഷധ ഉപയോഗത്തിനേക്കാളും വിഭിന്നമല്ല മനോരോഗ ഔഷധങ്ങളും. ലോകാരോഗ്യ സംഘടനയുടെ ഒരു സ്ഥിതിവിവര കണക്കു പ്രകാരം ഇന്ത്യയിലെ മുഖ്യമായ വിഷാദ പരമ്പര നിരക്ക് 36 ശതമാനം എന്നത്ര തോതിൽ ഉയർന്നിട്ടാണ്. മറ്റൊരു പഠനം കണ്ടെത്തിയത് സ്‌കിസോഫ്രീനിയ - മാനസിക രോഗം - ആകസ്മികതകൾ ഓരോ ആയിരം പേരിലും മൂന്നു മുതൽ നാലു വരെ പേർ ഉണ്ട് എന്നാണ്. സ്‌കിസോഫ്രീനിയ പോലെയുള്ള വിരളമായ അസുഖാവസ്ഥകൾ ദീർഘകാല ഔഷധ ഉപയോഗം ആവശ്യപ്പെട്ടേക്കാം, എന്നാൽ സാധാരണ അസുഖങ്ങളായ വിഷാദം, ഉത്കണ്ഠ മുതലായവയക്ക് അതു വേണ്ടി വരില്ല. 

അതിനാൽ പതിവായി ഔഷധങ്ങൾ ഉപയോഗിക്കുകയും ശുപാർശ ചെയ്യപ്പെട്ടിട്ടുള്ള സവിശേഷ ചികിത്സ (തെറപ്പി)/വിദഗ്‌ദ്ധോപദേശം (കൗൺസിലിംഗ്) പാലിക്കുകയും ചെയ്യുന്ന, വിഷാദമോ ഉത്കണ്ഠയോ ഉള്ള ഒരു വ്യക്തിക്ക് ആറു മാസത്തേക്ക്, അല്ലെങ്കിൽ ചില അവസരങ്ങളിൽ പരമാവധി ഒരു വർഷത്തേക്ക് ചികിത്സാ പദ്ധതി തുടരേണ്ടതായി വന്നേക്കാം. നിങ്ങൾ ഒരിക്കൽ വിഷാദാവസ്ഥ അനുഭവിച്ചിട്ടുണ്ടെങ്കിൽ, ഒരിക്കൽ കൂടി വിഷാദം അനുഭവിക്കേണ്ടി വരിക എന്നതിന് 50 ശതമാനം സാദ്ധ്യത നിലനിൽക്കുന്നുണ്ട്, വീണ്ടും അത് ആവർത്തിക്കാതിരിക്കുന്നതിനും നിങ്ങൾക്ക് 50 ശതമാനം സാദ്ധ്യതയുണ്ട്. അതിനാൽ ആറുമാസം മുതൽ ഒരു വർഷം വരെ നിങ്ങൾ ഔഷധം ഉപയോഗിക്കുകയും എങ്ങിനെയാണ് വിഷാദം കൈകാര്യം ചെയ്യേണ്ടത് എന്നതു സംബന്ധിച്ചുള്ള  ചില കഴിവുകള്‍ നിങ്ങൾ സ്വായത്തമാക്കുകയും ചെയ്യുകയാണെങ്കിൽ, നിങ്ങൾക്ക് അതിന്‍റെ ആവർത്തനം ഒഴിവാക്കുവാൻ ആകും. വീണ്ടും നിങ്ങൾ വിഷാദത്തിന് അടിപ്പെടുകയാണെങ്കിൽ, വിഷാദം കൈകാര്യം ചെയ്യുന്നതിനു വേണ്ടി നിങ്ങൾ അഭ്യസിച്ചെടുത്ത കഴിവുകൾ ഉപയോഗിക്കുന്നതിനു കഴിഞ്ഞെന്നു വരാം. അങ്ങനെയെങ്കിൽ ചിലപ്പോൾ ഔഷധം ഉപോയഗിക്കേണ്ടതായി പോലും വരില്ല എന്നും വരാം.

ഏത് അവസരത്തിലാണ് സൈക്യാട്രിസ്റ്റുകൾ സാധാരണയായി ഔഷധങ്ങൾ നിർദ്ദേശിക്കുാറുള്ളത്?  

തനിക്ക് എന്തോ ചിലത് ശരിയല്ല എന്നു മനസ്സിലാക്കിക്കൊണ്ടാണ് ചില രോഗികൾ വരാറുള്ളത്, അവർക്ക് ചികിത്സയിൽ ഔഷധങ്ങൾ ആവശ്യമായിരിക്കും. എന്നാൽ മറ്റു ചിലരുണ്ട്, നേരെ വന്നിട്ട് "താങ്കളെ വന്നു കാണുവാൻ എന്നോട് ആവശ്യപ്പെട്ടിരിക്കുന്നു, എന്തിനാണ് എന്ന് എനിക്ക് അറിയില്ല, പക്ഷേ നിശ്ചയമായിട്ടും എനിക്ക് മരുന്നുകൾ വേണ്ട," എന്ന് അന്ധമായി പറയുന്നവർ. വെറുതെ ഒന്നു വന്ന് സൈക്യാട്രിസ്റ്റിനെ കാണുന്നതു കൊണ്ടു മാത്രം നിങ്ങൾക്ക് ഭേദപ്പെടുകയില്ല എന്ന് ആളുകൾ ധരിക്കേണ്ടതുണ്ട്. ഡോക്ടർ കൗൺസിലിംഗ് (വിദഗ്‌ദ്ധോപദേശം) മാത്രമേ ശുപാർശ ചെയ്യുന്നുള്ളു എന്നാണെങ്കിൽ കൂടി ഒന്നോ രണ്ടോ കൂടിക്കാഴ്ച്ചകൾ കൊണ്ട് പ്രശ്‌നം തീർന്നു കിട്ടില്ല. നിങ്ങൾ അനന്തര നടപടികൾ തുടരേണ്ടതുണ്ട്, നിർദ്ദേശിച്ചിട്ടുള്ള അത്രയും തവണ കൂടിക്കാഴ്ച്ചകൾക്കു വേണ്ടി സന്നിഹിതരാകുകയും ചെയ്യേണ്ടതുണ്ട്. ഉദാഹരണത്തിന് കോഗ്നിറ്റീവ് ബിഹേവിയർ തെറപ്പി (സിബിറ്റി) അഥവാ  പെരുമാറ്റ അവബോധ ചികിത്സ, അതു ചെയ്യേണ്ട രീതി പതിനാറ് ആഴ്ച്ചകൾ, അതായത് നാലു മാസം എന്നാണ്. അങ്ങനെയുള്ള സമയക്രമങ്ങളുമായി നിങ്ങൾക്ക് സ്വയം സമർപ്പിക്കുവാൻ ആവില്ല എങ്കിൽ, കുറഞ്ഞ പക്ഷം പകുതി എണ്ണം കൂടിക്കാഴ്ച്ചകൾക്കെങ്കിലും എത്തുക, നിങ്ങളുടെ അസുഖാവസ്ഥ കൈകാര്യം ചെയ്യുന്നതിനു വേണ്ടുന്ന അത്യാവശ്യം കഴിവുകളെങ്കിലും അങ്ങനെ നിങ്ങൾ വളർത്തി എടുക്കുവാൻ സാധിക്കുമല്ലോ. 

നിങ്ങൾ ഡോക്ടറോട് അങ്ങോട്ടു പറയുന്നത് എന്താണോ അതിനെ ആസ്പദമാക്കിയാണ് ഡോക്ടർ തീരുമാനമെടുക്കുക. "എനിക്ക് ആത്മഹത്യ ചെയ്യണമെന്നു തോന്നുന്നു, ഇത് ഇനിമേൽ എനിക്ക് സഹാക്കാൻ ആവില്ല, എനിക്ക് പ്രതീക്ഷയില്ലായ്മയും സ്വയം വിലയില്ലായ്മയും വിഷാദവും തോന്നുന്നുണ്ട്"  എന്ന് നിങ്ങൾ എന്നോടു പറയുകയാണെങ്കിൽ, ഞാൻ നിങ്ങൾക്ക് മരുന്നുകൾ നിർദ്ദേശിക്കുക തന്നെ ചെയ്യും. കാരണം ഈ അസുഖത്തെ "രൂക്ഷത ഇല്ലാത്തത്" എന്നു നിർവ്വചിക്കാനാവില്ല തന്നെ. നിങ്ങൾ പക്ഷേ ഇതിനു പകരം, "തൊഴിൽ സ്ഥലത്ത് എനിക്കു ബുദ്ധിമുട്ട് അനുഭവപ്പെടുന്നു, ഞാൻ അതിൽ മുഴുകി പോകും പോലെ അനുഭവപ്പെടുന്നു, ആത്മഹത്യ ചിന്തകളൊന്നും ഇല്ല," എന്നാണ് പറയുന്നത് എങ്കിൽ നിങ്ങൾ  വിദഗ്‌ദ്ധോപദേശം തേടൂ എന്ന് ഞാൻ പറഞ്ഞെന്നു വരാം. നിങ്ങൾ ഒരു സൈക്യാട്രിസ്റ്റിന്‍റെ ഓഫീസിലേക്ക് കടന്നു ചെല്ലുമ്പോൾ, ഒരു തുറന്ന മനസ്സോടെ പോകുക. മനോരോഗ ഔഷധങ്ങൾ ആസക്തി ഉളവാക്കുന്നവ അല്ല, മിയ്ക്കവാറും ഗർഭാവസ്ഥയിൽ പോലും നിർദ്ദേശിക്കാവുന്ന തരം സുരക്ഷിതമായ ഔഷധങ്ങളാണ് അവ.

പക്ഷേ ഇക്കാലത്ത് എല്ലാവർക്കും വേണ്ടത് പെട്ടന്നുള്ള പ്രശ്‌നപരിഹാരമാണ്.

തനിക്ക് എന്തോ കുഴപ്പമുണ്ട് എന്ന് ആദ്യം ശ്രദ്ധിച്ചപ്പോള്‍ തന്നെ ഒരു രോഗി എന്‍റെ ഓഫീസിലെത്തിയാൽ, നമുക്ക് അവരുടെ സമയ പരിധിക്കുള്ളിൽ തന്നെ പ്രശ്‌നത്തിനു പരിഹാരം കാണുവാൻ ശ്രമിക്കുന്നതിന് സാധിക്കും. ആളുകൾ ഒരു സൈക്യാട്രിസ്റ്റിന്‍റെ ഓഫീസിലേക്ക് എത്തുമ്പോൾ തന്നെ അവരുടെ അസ്വസ്ഥത മദ്ധ്യമാവസ്ഥയിലേക്കോ രൂക്ഷാവസ്ഥയിലേക്കോ പുരോഗമിച്ചിട്ടുണ്ടാകും. മാസങ്ങളായി നിങ്ങൾക്ക് ഉറക്കപ്രശ്‌നങ്ങൾ ഉണ്ടായിരുന്നു എങ്കിൽ, ഒരു ഡോക്ടറിനും അത് ഒന്നോ രണ്ടോ ദിവസങ്ങൾ എന്ന കാലയളവു കൊണ്ട് പരിഹരിക്കാൻ സാധിക്കുകയില്ല. ഏതു ചികിത്സയുടെ കാര്യത്തിലും ഉള്ളതുപോലെ തന്നെ മനോരോഗ ചികിത്സയ്ക്കും സമയം ആവശ്യമുണ്ട്.

സാധാരണ മാനസിക തകരാറുകൾക്കുള്ള ചികിത്സയുടെ ഒരു ഘടകം, ഒരാൾ തന്‍റെ ചുറ്റുപാടിൽ ഉള്ള മാനസിക പിരിമുറുക്കങ്ങളെ എങ്ങനെ നോക്കിക്കാണുന്നു, അതിനോട് എങ്ങിനെ പ്രതികരിക്കുന്നു എന്നത് ആണെന്ന് ആളുകൾ മനസ്സിലാക്കേണ്ടതുണ്ട്. വർഷങ്ങൾ കൊണ്ട് രൂപപ്പെടുത്തപ്പെട്ടിരിക്കുന്ന നിങ്ങളുടെ അവബോധം മാറ്റുന്നതിന് സമയവും നിങ്ങളുടെ പക്ഷത്തു നിന്നുള്ള ചില ശ്രമങ്ങളും ആവശ്യമുണ്ട്. 

സാധാരണയായി ഔഷധ ഉപയോഗത്തിന്‍റേയും വിദഗ്‌ദ്ധോപദേശത്തിന്‍റേയും  അനുപാതം  എന്താണ്?

മിതാവസ്ഥയില്‍ ലക്ഷണങ്ങൾ ഉള്ള ഒരാളിന്, ചികിത്സ വിദഗ്‌ദ്ധോപദേശം മാത്രം മതിയായേക്കും. പക്ഷേ ഞാൻ പറഞ്ഞതു പോലെ ഇന്ത്യയിൽ ആളുകൾ ഡോക്ടറിനെ സമീപിക്കുമ്പോഴേയ്ക്കും അത് മദ്ധ്യമതലത്തിലേക്കോ രൂക്ഷ തലത്തിലേക്കോ മാറിയിട്ടുണ്ടാകും. ആ അവസരത്തിൽ, പ്രാവർത്തിക മാർഗ്ഗനിർദ്ദേശപ്രകാരം മരുന്നുകൾ നിർദ്ദേശിക്കപ്പെടും എന്ന് ഒരാൾ പ്രതീക്ഷിക്കണം. തീർച്ചയായും മരുന്നുകൾ വേണ്ട എന്നു നിർബന്ധം പിടിക്കുന്ന രോഗികൾ ഉണ്ടായിരിക്കും, അവർ  തെറപ്പിയിൽ കൃത്യത പാലിക്കേണ്ടതുണ്ട്. ഒന്നാമതായി, വെറും ഒരു സന്ദർശനം മാത്രം നടത്തിയിട്ട്, നിങ്ങൾക്ക് മാനസിക പിരിമുറുക്കം ഉണ്ടാക്കുന്ന അതേ പരിതസ്ഥിതിയിലേക്ക് തിരിച്ചു പോകാനാവില്ല. ആഴ്ച്ച തോറുമുള്ള തീവ്രമായ തെറപ്പിയിൽ ആരംഭിക്കുക, പിന്നീട് നിങ്ങൾക്ക് അതു കുറച്ചു കുറച്ചു മതിയാകുന്ന അവസ്ഥ സംജാതമാകും. 

ഗൗരവതരമായ മാനസിക തകരാറുകൾ ഉള്ള അവസ്ഥകളിലോ?

ബൈപോളാർ ഡിസോഡർ, സ്കിസോഫ്രീനിയ അല്ലെങ്കിൽ ചിലപ്പോൾ മതിഭ്രമത്തിന്‍റെ അകമ്പടിയോടെയുള്ള ഗുരുതരമായ വിഷാദാവസ്ഥ എന്നിങ്ങനെ ഏതെങ്കിലും ഉള്ള അവസരങ്ങളിൽ, ഔഷധങ്ങൾ തിരസ്‌ക്കരിക്കുന്നതിലൂടെ നിങ്ങൾ നിങ്ങളോടു തന്നെ എന്തെങ്കിലും ഒരു ദാക്ഷിണ്യം കാണിക്കുകയല്ല ചെയ്യുന്നത്. നിങ്ങളുടെ തൊഴിൽ, വിവാഹം, ജീവിതത്തിന്‍റെ പല ഭാവങ്ങൾ എന്നിങ്ങനെ പലേ രീതികളിൽ നിങ്ങളുടെ ജീവിതത്തിൽ ഇടങ്കോലിടുന്നതിനു സാധിക്കുന്ന ഗൗരവതരമായ മാനസിക അസുഖങ്ങൾ ഉണ്ട്. ഔഷധം ഇല്ലാതെ, തെറപ്പി മാത്രം ഉൾപ്പെടുത്തിയ രീതി എന്ന പരിഹാരം, നിർഭാഗ്യവശാൽ  ഇപ്പോഴത്തെ അവസ്ഥയിൽ സയൻസിന് ഇല്ല. മിയ്ക്കവാറും അവസരങ്ങളിൽ, രോഗിയെ ഒന്നു സ്ഥിരതയുള്ള അവസ്ഥയിൽ എത്തിക്കാതെ തെറപ്പി തുടങ്ങുവാൻ പോലും സാധിക്കുകയില്ല. 

മനോരോഗ ഔഷധങ്ങളുടെ പാർശ്വഫലങ്ങളെ കുറിച്ച് എന്താണ് അഭിപ്രായം? ഇതിനെ ചുറ്റിപ്പറ്റി വളരെയധികം ഭീതി ഉണ്ടല്ലോ.

സാധാരണ മാനസിക അസുഖങ്ങൾക്കു നൽകി വരുന്ന ഔഷധങ്ങൾക്ക് ലഘുവായ പാർശ്വഫലങ്ങളേ ഉള്ളു. മിയ്ക്ക രോഗികളും വിളിച്ചിട്ട് പറയാറുള്ളത് അവർക്ക് ഓക്കാനം, തലവേദന, വായ് ഉണക്ക്, ക്ഷീണം അങ്ങനെ പലതുമാണ്. ഇവയെ എല്ലാം ലഘുവായ, തീവ്രമല്ലാത്ത പാർശ്വഫലങ്ങൾ ആയി പരിഗണിക്കപ്പെട്ടു വരുന്നു. പക്ഷേ അവയിൽ നിന്നു ലഭിക്കുന്ന പ്രയോജനങ്ങൾ പാർശ്വഫലങ്ങളെക്കാൾ മുന്നിട്ടു നിൽക്കുന്നു. പഴയ കാലത്ത് നമ്മൾ നൽകി വന്നിരുന്ന മൂന്നു ചുറ്റ് വിഷാദദുരീകരണ ഔഷധങ്ങൾ (ട്രൈസൈക്കിളിക് ആന്‍റിഡിപ്രസന്‍റ്സ്) പോല അല്ലാതെ സാധാരണ മാനസിക അസുഖങ്ങൾക്കുള്ള പുതിയ ഔഷധങ്ങൾക്ക് തീവ്രമല്ലാത്ത, ലഘുവായ പാർശ്വഫലങ്ങളേ ഉള്ളു. ദുർല്ലഭമായ ഒരു പാർശ്വഫലം ഉണ്ടായേക്കാം എന്നൊരു വിരളമായ സാദ്ധ്യത എപ്പോഴും ഉണ്ട്, പക്ഷേ അതു വളരെ വിരളമാണ്. 

പക്ഷേ ഗുരുതരമായ മാനസിക തകരാറുകൾക്കുള്ള ഔഷധങ്ങൾ മൂലം അവനവനെ തന്നെ നഷ്ടപ്പെടുന്നതു പോലൊരു തോന്നൽ ഉണ്ടാകുന്നു എന്ന് പരാതികൾ ഉണ്ടല്ലോ? ഇങ്ങനെയുള്ള ഒരു അവസ്ഥയുമായി ഒരു വ്യക്തി സന്ധി ചെയ്യുന്നത് എങ്ങനെയാണ്?

ഇത് എങ്ങനെയാണ് പ്രവർത്തിക്കുന്നത് എന്നതിനെ പറ്റി അറിയുക എന്നൊരു ഗൗരവതരമായ ആവശ്യകതയുണ്ട്. ഉദാഹരണത്തിന് ഒരാൾക്കു ബൈപോളാർ തകരാർ ഉണ്ടെന്നു കരുതുക. ചിലർ ആ മതിഭ്രമാവസ്ഥ വളരെ അധികം സ്വയം ആസ്വദിക്കാറുള്ളതിനാൽ ഇത്തരം സൃഷ്ടിപരതയുടെ കുതിച്ചുയരലിനും ഔഷധോപയോഗത്തിനും അതു മരവിപ്പിക്കുവാൻ കഴിയും എന്ന തോന്നൽ ഉണ്ടാകുന്നു. പക്ഷേ  ഈ മതിഭ്രമം പലപ്പോഴും അപകടകരമായ, ജീവൽഭീഷണി വരെ ഉണ്ടാകുന്ന തലങ്ങളിലേക്കു വരെ പോയെന്നു വരാം. അവർ പക്ഷേ വിഷാദത്തിന്‍റെ ഔഷധങ്ങൾ ആവശ്യപ്പെട്ടേക്കം, കാരണം അവർക്കു പ്രതീക്ഷയില്ലായ്മ അനുഭവപ്പെടും. ദുർല്ലഭമായ എന്നാൽ ഗൗരവതരമായ അസുഖങ്ങളിൽ കുടുംബം കൂടി ഉൾപ്പെടേണ്ട ആവശ്യമുണ്ട്. രോഗിയെ ശരിയായ തീരുമാനങ്ങൾ കൈക്കൊള്ളുന്നതിനു സഹായിക്കുവാൻ കുടുംബങ്ങൾക്കു സാധിക്കും. തീർച്ചയായും നിങ്ങൾക്ക് അലസതയും ക്ഷീണവും അനുഭവപ്പെടും, ഔഷധോപയോഗം മൂലം ശരീരഭാരവും വർദ്ധിച്ചെന്നു വരാം, പക്ഷേ നിങ്ങൾ അസുഖം ചികിത്സിക്കുന്നില്ല എങ്കിൽ, അത് വളരെ വേഗം നിയന്ത്രണാതീതമായ നിലയിലേക്ക് ഉയരും. ഔഷധം ഉപോയഗിക്കാത്ത സ്‌കിസോഫ്രീനിയ അവസ്ഥ അങ്ങേയറ്റം നശിപ്പിക്കുന്നതായിരിക്കും. എങ്കിലും ഏറ്റവും ദുർല്ലഭമായ അസുഖങ്ങളിൽ പോലും, ഒരു കാലം കഴിഞ്ഞാൽ വിദഗ്‌ദ്ധോപദേശം കൊണ്ട് ഒരാളിന് ചില ലക്ഷണങ്ങൾ കൈകാര്യം ചെയ്യുന്നതിനോ ഔഷധങ്ങൾ സ്ഥിരമായ ഒരളവിൽ നിലനിർത്തുന്നതിനോ ഉള്ള കഴിവുകൾ നേടിയെടുക്കുവാൻ സാധിക്കും.

അതായത് നിങ്ങളുടെ മാനസികാരോഗ്യ വിദ്ഗ്ദ്ധനുമായി സമ്പർക്കം പുലർത്തുകയും നിങ്ങളുടെ ലക്ഷണങ്ങൾ ക്രമമായി നിരീക്ഷിക്കുകയും ചെയ്യുക എന്നാൽ പകുതി ജോലി ആയി എന്നാണ് അർത്ഥം, അല്ലേ?

പകുതിയിൽ അധികം ജോലി. സാധാരണ മാനസിക തകരാറുകളിൽ, കാലം ചെല്ലുമ്പോൾ നിങ്ങൾക്ക് ഔഷധോപയോഗത്തിൽ നിന്നു പുറത്തു കടക്കാനാകും, മറ്റു പലേ അവസരങ്ങളിലും നിങ്ങൾക്ക് സ്ഥിരത കൈവരിക്കുകയോ അസുഖലക്ഷണവിമുക്തമായി നിലനിൽക്കുന്നതിനു ആവശ്യമുള്ള മരുന്നിന്‍റെ അളവ് കുറയ്ക്കുകയോ ചെയ്യുന്നതിനു കഴിയും. 

ഇതര വിദഗ്ദ്ധ ചികിത്സകളെ കുറിച്ച് എന്താണ് അഭിപ്രായം?

ഇതര രീതികൾ ശ്രമിച്ചു നോക്കുന്നതിൽ നിന്ന് ഒരു ഡോക്ടർക്കും രോഗിയെ തടയാനാവില്ല, പക്ഷേ സൈക്യാട്രിസ്റ്റ് നിർദ്ദേശിക്കുന്ന ഔഷധങ്ങളുമായി ഇതര ഔഷധങ്ങൾ ഇടപെടുന്നതിനു സാദ്ധ്യതയുണ്ട് എന്ന് എല്ലാവരും നിർബന്ധമായും അറിഞ്ഞിരിക്കേണ്ടതുണ്ട്. ഇതര ഔഷധങ്ങൾ എങ്ങനെയാണ് പ്രവർത്തിക്കുക എന്നതിനെ കുറിച്ച് നമുക്കു പലപ്പോഴും അറിവുണ്ടാവില്ല, കാരണം അതു സംബന്ധമായി വേണ്ടത്ര പഠനങ്ങൾ ഇല്ല, ഇതര രീതികളിലുള്ള ചികിത്സയുടെ കാര്യത്തിൽ സൈക്യാട്രിസ്റ്റുകൾ വിദഗ്ദ്ധരുമല്ല. യോഗയ്ക്കും ധ്യാനത്തിനും  കൂടുതൽ മെച്ചപ്പെടുന്നതിന് പലപ്പോഴും നിങ്ങളെ സഹായിക്കുവാൻ കഴിയും, പക്ഷേ നിങ്ങൾ മറ്റൊരു ഗുളികയോ പൊടിയോ ഉപയോഗിക്കുകയാണെങ്കിൽ അലോപ്പതി മരുന്നുകളോട് എങ്ങനെയാണ് അവ പ്രതിപ്രവർത്തിക്കുക എന്നതു സംബന്ധിച്ച് എനിക്ക് യാതൊരു ഊഹവുമില്ല. 

സമയക്കുറവു മൂലം സൈക്യാട്രിസ്റ്റുകൾ പലപ്പോഴും മരുന്നുകൾ തള്ളിക്കയറ്റുന്നു എന്നുള്ള ആരോപണത്തോട് താങ്കൾ എങ്ങനെയാണ് പ്രതികരിക്കുന്നത്?

ഈ വിധത്തിൽ ചിന്തിക്കുന്നതിന് ഞാൻ ആളുകളെ കുറ്റപ്പെടുത്തുന്നില്ല. പക്ഷേ ഇന്ത്യയിൽ ഇത് പ്രവർത്തിക്കുന്നത് ഇവ്വിധമാണ്. രോഗികളുടെ എണ്ണവുമായി താരതമ്യം ചെയ്യുമ്പോൾ  ഇവിടെ ആവശ്യത്തിനു സൈക്യാട്രിസ്റ്റുകൾ (മനോരോഗ വിദഗ്ദ്ധർ), സൈക്കോളജിസ്റ്റുകൾ (മനഃശാസ്ത്രജ്ഞർ), മനോരോഗ സാമൂഹ്യ പ്രവർത്തകർ എന്നിവർ ഇല്ല എന്നതാണ് യഥാർത്ഥം. നൂറു കണക്കിനു രോഗികൾ ക്യൂവിൽ ഉള്ള ഒരു ഡോക്ടറെയാണ് ഒരാൾ കാണുന്നത്. നിങ്ങളുടെ ലക്ഷണങ്ങൾ മദ്ധ്യമതലത്തിലോ രൂക്ഷതലത്തിലോ ആയിരിക്കുന്ന സമയത്തായിരിക്കും നിങ്ങൾ മിയ്ക്കവാറും ക്ലിനിക്കിൽ എത്തിയിട്ടുണ്ടാവുക, അപ്പോൾ കാര്യങ്ങൾ ഒന്നു സ്ഥിരപ്പെടുത്തി എടുക്കുന്നതിനായി, ഡോക്ടറിനു നിങ്ങൾക്കു ഔഷധം നൽകേണ്ടതായി വരാം. ഉത്തമമായ കാര്യം നിങ്ങൾ സൈക്കോളജിസ്റ്റിനൊപ്പം സമയം ചെലവഴിക്കണം എന്നതാണ്, പക്ഷേ പലപ്പോഴും നമുക്ക് സ്രോതസ്സുകളുടെ ദൗർലഭ്യം ഉണ്ട്. അതിനാൽ, തങ്ങൾ പ്രശ്‌നം ഭാഗികമായിട്ടെങ്കിലും പരിഹരിച്ചുവല്ലോ എന്നായിരിക്കും ഡോക്ടർമാർ കരുതുക.

ഒരു ഡോക്ടറെ അഞ്ചു മിനിറ്റെങ്കിലും കാണുന്നത് ഒരു പിന്തുണയാണ് എന്നാണ് എന്‍റെ ചിന്ത. തെറപ്പിക്കു പ്രാമുഖ്യം നൽകുക, നിങ്ങളുടെ തിരക്കു പിടിച്ച ജീവിതചര്യകൾക്കിടയിൽ വിദഗ്‌ദ്ധോപദേശം സ്വീകരിക്കുന്നതിനായി സമയം കണ്ടെത്തുക.

നിങ്ങൾ പറയാൻ ഉദ്ദേശിക്കുന്നതോ ചോദിക്കുവാൻ ഉദ്ദേശിക്കുന്നതോ ആയ കാര്യങ്ങൾ നിങ്ങൾ കുറിച്ചു വയ്ക്കുക, അപ്പോൾ നിങ്ങൾക്ക് ഡോക്ടറുമായിട്ടുള്ള കൂടിക്കാഴ്ച്ച ഫലപ്രദമാക്കുവാൻ പറ്റും. ഒരു ഓർത്തോപീഡിഷ്യൻ, ഡെർമറ്റോളജിസ്റ്റ് (ത്വക് രോഗചികിത്സകർ) അല്ലെങ്കിൽ മറ്റേതെങ്കിലും ഒരു ഡോക്ടറെ സമീപിക്കുമ്പോഴും ഇത് ശരിയാണ്. ഡോക്ടർമാർക്കെല്ലാവർക്കും നിറഞ്ഞുകവിഞ്ഞ കാത്തിരിപ്പു മുറികളുണ്ട്, അതു മാറണമെന്ന് നമ്മൾ എല്ലാവരും ആഗ്രഹിക്കുകയും ചെയ്യുന്നുമുണ്ട്. ഞങ്ങളുടെ രോഗികൾക്കൊപ്പം സമയം ചെലവഴിക്കുവാൻ സാധിക്കുക എന്ന ആർഭാടം അനുഭവിക്കുന്നതിന് ഞങ്ങളും ഇഷ്ടപ്പെടുന്നുണ്ട്. 

Related Stories

No stories found.
White Swan Foundation
malayalam.whiteswanfoundation.org