എന്‍റെ ഉപദേശം/സഹായം തേടുന്നവരോട് അവർ അധിക്ഷേപിക്കപ്പെടുന്നുണ്ടോ എന്ന് ഞാൻ എങ്ങനെയാണ് ചോദിച്ചറിയുക?

എന്‍റെ ഉപദേശം/സഹായം തേടുന്നവരോട് അവർ അധിക്ഷേപിക്കപ്പെടുന്നുണ്ടോ എന്ന് ഞാൻ എങ്ങനെയാണ് ചോദിച്ചറിയുക?

ഗാർഹിക പീഡനം അനുഭവിക്കുന്നതിനെക്കുറിച്ച് ഉപേദേശം തേടുന്ന വ്യക്തി തുറന്നു പറയുന്നില്ല എങ്കിൽ, അത് വിലയിരുത്തുന്നതിനു വേണ്ടി ഒരു മാനസികാരോഗ്യ വിദഗ്ദ്ധന് അവലംബിക്കാൻ സാധിക്കുന്ന വ്യത്യസ്ത തന്ത്രങ്ങളുണ്ട്.
Published on

പങ്കാളിയുടെ അതിക്രമത്തിൽ നിന്നോ ലൈംഗികാതിക്രമത്തിൽ നിന്നോ അതിജീവിക്കുന്നവരുമായി ബന്ധപ്പെടുന്നതിനുള്ള ആദ്യ സന്ദർഭം ലഭിക്കുന്നതിനു സാധ്യതയുള്ളത് ആരോഗ്യ പരിരക്ഷാ ദാതാക്കൾക്കാണ്. ആരോഗ്യ പരിരക്ഷാ ദാതാക്കളെയാണ് അധിക്ഷേപം വെളിപ്പെടുത്തുന്നതിനു വേണ്ടി ഏറ്റവും വിശ്വസിക്കാവുന്ന വിദ്ഗദ്ധരായി സ്ത്രീകളും കണക്കാക്കാറുള്ളത്. ശാരീരികവും അല്ലെങ്കിൽ ശാരീരികവും മാനസികവുമായ ആഘാതം ചികിത്സിക്കുന്നതിനായി അവർ ആരോഗ്യ സേവനങ്ങൾ തേടുമ്പോൾ, നേരിട്ടുള്ള നിരീക്ഷണങ്ങളിലും ചികിത്സയിലും ഊന്നിയ ഇടപെടലുകളും വൈകാരിക പിന്തുണയും ഉൾപ്പെടെയുള്ള ഉചിതമായ പ്രതികരണങ്ങൾ ചികിത്സാവിധി സംബന്ധിയായ പരിചരണത്തിൽ സമന്വയിപ്പിക്കാൻ ശുപാർശ ചെയ്യപ്പെടുന്നുണ്ട്.

പരിമിതമായ വിഭവങ്ങളും അഭിപ്രായം ചോദിക്കൽ സൗകര്യങ്ങളും നടപടിക്രമങ്ങളും മൂലം, വികസ്വര രാജ്യങ്ങളിൽ ആരോഗ്യ പരിരക്ഷാ വിദഗ്ദ്ധർ സ്ത്രീകൾക്കു നേരേയുളള അതിക്രമത്തിൽ സാർവത്രിക പരിശോധന നടത്തുന്നത് ലോകാരോഗ്യ സംഘടന (ഡബ്ല്യുഎച്ച്ഒ) ശുപാർശ ചെയ്യുന്നില്ല. എന്നിരുന്നാലും, അക്രമവുമായി ബന്ധപ്പെട്ടതാണെന്ന് സംശയിക്കാവുന്ന പരിക്കുകളോ അവസ്ഥകളോ ഉള്ളപ്പോൾ ആ വിഷയങ്ങൾ സ്ത്രീകളുമായി ചേർന്ന് ഉന്നയിക്കുന്നതിന് ലോകാരോഗ്യ സംഘടന ആരോഗ്യ പരിരക്ഷാ ദാതാക്കളെ പ്രോത്സാഹിപ്പിക്കുന്നുമുണ്ട്.

ചില സാഹചര്യങ്ങളിൽ, ഉപദേശം തേടുന്ന വ്യക്തികൾ തങ്ങൾ അഭിമുഖീകരിച്ചുകൊണ്ടിരിക്കുന്ന അക്രമത്തെക്കുറിച്ച് തുറന്നു സംസാരിക്കാൻ തുടങ്ങിയെന്നിരിക്കും. പക്ഷേ ഗാർഹിക പീഡനത്തെക്കുറിച്ച് അവർ തുറന്നു പറയുവാൻ തയ്യാറാകാത്ത പക്ഷം, ഇത് വിലയിരുത്തുന്നതിനു വേണ്ടി മാനസികാരോഗ്യ വിദഗ്ദ്ധർക്ക് നിരവധി പ്രധാന ഉപായങ്ങൾ നടപ്പിലാക്കാൻ കഴിയും.

പ്രതിരോധമോ നിരാകരണമോ പ്രതീക്ഷിക്കുക

ഉപദേശമോ സഹായമോ തേടി വരുന്ന വ്യക്തികൾ ഗാർഹിക പീഡനത്തെക്കുറിച്ച് സ്പഷ്ടമായി ചർച്ച ചെയ്യാതിരിക്കുന്നത് സാധാരണമാണ്. പലപ്പോഴും ആ വ്യക്തിക്ക് തങ്ങളുടെ ബന്ധം അധിക്ഷേപപരമാണെന്ന് തിരിച്ചറിയുന്നതിനു പോലും കഴിയാറില്ല എന്നതാണ് വസ്തുത. അതുകൊണ്ടാണ് വിദഗ്ദ്ധർ അവരോട് അവരുടെ പ്രണയ/വൈവാഹിക ബന്ധങ്ങളെക്കുറിച്ച് ചോദ്യങ്ങൾ നിശ്ചയമായും ചോദിക്കേണ്ടതും, തുടർന്ന് ഗാർഹിക പീഡനത്തിന് കാരണമായേക്കാവുന്നതോ അല്ലാത്തതോ ആയ ഏതെങ്കിലും അധിക്ഷേപം ആ വ്യക്തി നേരിടുന്നുണ്ടോ ഇല്ലയോ എന്ന് അളക്കുന്നതിനായി അവരുടെ പ്രതികരണങ്ങൾ ഉപയോഗിക്കേണ്ടതും.

സാദ്ധ്യമായ പ്രാരംഭ ചോദ്യങ്ങൾ:

  • ഉപേദേശം/ചികിത്സ തേടി വന്ന വ്യക്തിക്ക് അക്രമത്തെക്കുറിച്ച് സംസാരിക്കുന്നത് എളുപ്പമാക്കുന്നതിനു വേണ്ടി, അവരുടെ അനുഭവത്തെക്കുറിച്ച് സംസാരിക്കാൻ സഹായിക്കുന്ന, അതേ സമയം വിധിക്കുന്ന രീതിയിൽ അല്ലാത്തതും അനൗദ്യോഗികമായ രീതിയിലും ഉള്ള ചോദ്യങ്ങൾ ചോദിക്കുക: ''ഗാർഹിക പീഡനം വളരെ സാധാരണമാണ്. മൂന്ന് സ്ത്രീകളിൽ ഒരാൾ എങ്കിലും അവരുടെ ജീവിതത്തിലെ ഏതെങ്കിലും ഒരു ഘട്ടത്തിൽ ഗാർഹിക പീഡനങ്ങൾ നേരിടുന്നുണ്ട്. നിങ്ങളുടെ പങ്കാളിയോ മറ്റാരെങ്കിലുമോ ഏതെങ്കിലും വിധത്തിൽ നിങ്ങളെ വേദനിപ്പിക്കുകയോ ഭയപ്പെടുത്തുകയോ ചെയ്തിട്ടുണ്ടോ?"

  • ഗാർഹിക പീഡനം വളരെ സാധാരണമായതിനാൽ, ഉപദേശം/ചികിത്സ തേടുന്നവരോട് ഇത് പതിവായി ചോദിക്കുന്നത് നല്ലതാണ്, ''പ്രായപൂർത്തിയായ ഒരു വ്യക്തി എന്ന നിലയിൽ നിങ്ങളെ ആരെങ്കിലും ശാരീരികമോ വൈകാരികമോ ലൈംഗികമോ സാമ്പത്തികമോ ആയ അധിക്ഷേപത്തിനു വിധേയയാകേണ്ടി വന്നിട്ടുണ്ടോ?'' എന്നു പതിവായി ചോദിക്കുന്നത് നല്ലതാണ്.

  • നിങ്ങളെ അസന്തുഷ്ടയാക്കുന്ന എന്തെങ്കിലും കാര്യം വീട്ടിൽ സംഭവിക്കുന്നുണ്ടോ?

  • നിങ്ങളുടെ വീട്ടിൽ വാദപ്രതിവാദങ്ങൾ ഉണ്ടാകുമ്പോൾ എന്താണ് സംഭവിക്കാറുള്ളത്?

ശാരീരികമോ ലൈംഗികമോ ആയ അധിക്ഷേപത്തിന്‍റെ ലക്ഷണങ്ങൾ തിരയുക

ഉപദേശം/ ചികിത്സ തേടുന്നവർ, ശാരീരിക അധിക്ഷേപം - പരിക്കുകൾ, ഉളുക്കുകൾ തുടങ്ങിയവ- സൂചിപ്പിക്കുന്ന അടയാളങ്ങളോടെയാണ് ഹാജരാകുന്നതെങ്കിൽ, പരിക്കുകൾ എങ്ങനെ സംഭവിച്ചുവെന്ന് വിദഗ്ദ്ധർ ചോദിക്കേണ്ടത് പ്രധാനമാണ്, പ്രത്യേകിച്ചും അധിക്ഷേപം ആവർത്തിക്കപ്പെടുന്നുണ്ട് എന്നു ഇതിനകം ഒരു സംശയം ജനിച്ചിട്ടുണ്ടെങ്കിൽ.

പരിക്കുകളുമായി ബന്ധപ്പെട്ട ചോദ്യങ്ങളോടുള്ള ആ വ്യക്തിയുടെ പ്രതികരണത്തിൽ നിന്ന് അധിക്ഷേപത്തിന്‍റെ ഒരു പ്രധാന സൂചന കണ്ടെത്താൻ കഴിയും - അവർ അവരുടെ പ്രതികരണത്തിൽ മടികാണിക്കുകയോ അതല്ലെങ്കിൽ സാദ്ധ്യതയില്ലാത്തതോ അസ്വാഭാവികമോ ആണെന്ന് തോന്നാവുന്ന ഒരു വിശദീകരണം നൽകുകയോ ചെയ്താൽ, ഗാർഹിക പീഡനം ഒരു പ്രധാന കാരണം ആകുന്നതിനുള്ള സാമാന്യം നല്ല സാദ്ധ്യതയുണ്ട്. ഈ പ്രതികരണം എല്ലാ വിദ്ഗദ്ധരും നിശ്ചയമായും തിരിച്ചറിയേണ്ടുന്ന ഒരു പ്രധാന ആപൽസൂചനാചിഹ്നം ആണ്.

നിങ്ങൾക്ക് ചോദിക്കാൻ കഴിയുന്ന ചില ചോദ്യങ്ങൾ:

  • നിങ്ങളുടെ ശരീരത്തിൽ നിരവധി പരിക്കുകൾ / മുറിവുകൾ / ക്ഷതങ്ങൾ / പൊള്ളൽ അടയാളങ്ങൾ ഞാൻ കാണുന്നുണ്ടല്ലോ? ആരാണ് നിങ്ങളെ വേദനിപ്പിച്ചത്? എന്താണ് സംഭവിച്ചത്?

  • ഇത്തരത്തിലുള്ള മുറിവുകളോടെയും പരിക്കുകളോടെയും ഞാൻ കാണാറുള്ള നിരവധി ആളുകൾ ഗാർഹിക പീഡനം അനുഭവിക്കുന്നുണ്ട്. വീട്ടിൽ ആരെങ്കിലും നിങ്ങളെ വേദനിപ്പിക്കുന്നുണ്ടോ?

  • നിങ്ങളുടെ പങ്കാളി മയക്കുമരുന്ന് / മദ്യം ഉപയോഗിക്കുന്നുണ്ടെന്ന് നിങ്ങൾ പരാമർശിച്ചുവല്ലോ. മദ്യപിക്കുമ്പോഴോ മയക്കുമരുന്ന് ഉപയോഗിക്കുമ്പോഴോ അവർ എങ്ങനെയാണ് പ്രവർത്തിക്കാറുള്ളത്? അവർ എപ്പോഴെങ്കിലും വാക്കാലോ ശാരീരികമോ ആയി അധിക്ഷേപപരമാണോ?

  • നിങ്ങളുടെ കുടുംബത്തിലെ ആരെങ്കിലും നിങ്ങളേയോ മക്കളേയോ ഗുരുതരമായി പരിക്കേൽപ്പിക്കുകയോ കൊല്ലുകയോ ചെയ്യുമെന്ന് നിങ്ങൾ ഭയപ്പെടുന്നുണ്ടോ?

  • നിങ്ങൾക്ക് ഏർപ്പെടാൻ താൽപ്പര്യമില്ലാത്ത ലൈംഗിക പ്രവർത്തനത്തിലേക്ക് ആരെങ്കിലും നിങ്ങളെ നിർബന്ധിച്ചിട്ടുണ്ടോ?

  • നിങ്ങളുടെ പങ്കാളി സുരക്ഷിതമായ ലൈംഗിക ബന്ധത്തിലേർപ്പെടുന്നതിനോ ജനന നിയന്ത്രണം ഉപയോഗിക്കുന്നതിനോ വിസമ്മതിച്ചിട്ടുണ്ടോ?

വൈകാരികമോ സാമ്പത്തികമോ ആയ അധിക്ഷേപത്തിന്‍റെ ലക്ഷണങ്ങൾക്കായി തിരയുക

ഗാർഹിക പീഡനത്തിന് - ശാരീരികമോ മാനസികമോ രണ്ടും കൂടിയുമോ ആണെങ്കിലും - ഒരു വ്യക്തിയുടെ മാനസികാരോഗ്യത്തിൽ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുന്നതിനു കഴിയും. തൽഫലമായി, കൗൺസിലറെ സമീപിക്കുന്ന ചില സവിശേഷ മാനസികാരോഗ്യ പ്രശ്നങ്ങളുള്ള ഒരു വ്യക്തി, യഥാർത്ഥത്തിൽ ഇപ്പോൾ ഒരു അധിക്ഷേപപരമായ ബന്ധത്തിൽ ആയിരിക്കാമെന്നും, അവർ അവരുടെ പ്രശ്‌നങ്ങൾ അവതരിപ്പിക്കുന്നതിൽ ഈ ബന്ധം ഒരു പ്രധാന ഘടകം ആയിരിക്കാമെന്നും അവർ അങ്ങനെ വ്യക്തമായി പറയുകയില്ലെങ്കിൽ കൂടി, കൗൺസിലർമാർ സ്വയം ഓർമ്മിക്കേണ്ടത് നിർണ്ണായകമാണ്.

നിങ്ങളുടെ ചോദ്യങ്ങൾക്ക് ഉത്തരം നൽകാൻ അവർ മടിക്കുന്നുവെങ്കിൽ, നിങ്ങൾക്ക് ഇങ്ങനെ പറയാൻ കഴിയും - "നിങ്ങളുടെ സുരക്ഷയെക്കുറിച്ച് എനിക്ക് താൽപ്പര്യമുള്ളതിനാലും നിങ്ങൾക്ക് എന്തെങ്കിലും വിവരമോ പിന്തുണയോ ആവശ്യമുണ്ടോ എന്ന് കണ്ടെത്താനും വേണ്ടിയാണ് ഞാൻ നിങ്ങളോട് ചോദിക്കുന്നത്. നിങ്ങൾ എന്നോട് പറയുന്ന കാര്യങ്ങൾ ഞാൻ നിങ്ങളുടെ കുടുംബത്തോടോ പങ്കാളിയോടോ പറയില്ല."

വൈകാരികമോ സാമ്പത്തികമോ ആയ അധിക്ഷേപത്തിന്‍റെ ലക്ഷണങ്ങൾ തിരയുമ്പോൾ ചോദിക്കേണ്ട ചോദ്യങ്ങളുടെ ചില ഉദാഹരണങ്ങൾ:

  • നിങ്ങളുടെ പങ്കാളിയുടയോ മറ്റ് കുടുംബാംഗങ്ങളിൽ ആരുടെയെങ്കിലുമോ കോപത്തെക്കുറിച്ച് നിങ്ങൾ വിഷമിക്കുന്നുണ്ടോ?

  • നമ്മൾ എല്ലാവരും വീട്ടിൽ വഴക്കിടാറുണ്ട്. നിങ്ങളും പങ്കാളിയും തമ്മിൽ വഴക്കിടുകയോ വിയോജിക്കുകയോ ചെയ്യുമ്പോൾ എന്താണു സംഭവിക്കാറുള്ളത്?

  • വീട്ടിൽ നിന്നു പുറത്തു പോകുന്നതിലോ സുഹൃത്തുക്കളെ കാണുന്നതിലോ ജോലി നേടുന്നതിലോ വിദ്യാഭ്യാസം തുടരുന്നതിലോ ആരെങ്കിലും നിങ്ങളെ തടഞ്ഞിട്ടുണ്ടോ?

  • ആരെങ്കിലും അസൂയയോടെ പ്രവർത്തിച്ചിട്ടുണ്ടോ? അല്ലെങ്കിൽ നിങ്ങൾ എവിടേക്കാണ് പോകുന്നതെന്നും ആരെയാണ് കണ്ടുമുട്ടുാറുള്ളതെന്നും നിരീക്ഷിക്കാൻ ശ്രമിച്ചിട്ടുണ്ടോ?

  • നിങ്ങളുടെ പങ്കാളിയോ മറ്റ് കുടുംബാംഗങ്ങളോ ചുറ്റുവട്ടത്ത് ഉള്ളപ്പോൾ നിങ്ങളുടെ സുരക്ഷയെക്കുറിച്ച് നിങ്ങൾ എപ്പോഴെങ്കിലും ഭയപ്പെട്ടിട്ടുണ്ടോ?

  • ആരെങ്കിലും നിങ്ങളെ ചീത്ത വിളിക്കുകയോ ശാപവാക്കുകൾ ചൊരിയുകയോ ഭീഷണിപ്പെടുത്തുകയോ ചെയ്യുന്നുണ്ടോ?

  • ആരെങ്കിലും നിങ്ങളോട് മോശമായി പെരുമാറിയിരുന്നതായി നിങ്ങൾക്ക് തോന്നുന്ന തരം ഒരു ബന്ധത്തിലാണോ (ഇപ്പോഴോ അല്ലെങ്കിൽ എപ്പോഴെങ്കിലുമോ) നിങ്ങൾ? അത് ഏത് രീതിയിലാണ്?

  • ആരെങ്കിലും നിങ്ങളുടെ ധനകാര്യം നിയന്ത്രിക്കുന്നുണ്ടോ അല്ലെങ്കിൽ നിങ്ങൾക്ക് പരിമിതമായ ഒരു തുക നൽകുന്നുണ്ടോ?

  • നിങ്ങൾ അവരോട് വിയോജിക്കുന്ന പക്ഷം നിങ്ങൾക്കു നൽകുന്ന സാമ്പത്തികം വെട്ടിക്കുറയ്ക്കുമെന്ന് ആരെങ്കിലും നിങ്ങളെ ഭീഷണിപ്പെടുത്തുന്നുണ്ടോ?

  • നിങ്ങളുടെ അറിവില്ലാതെ ആരെങ്കിലും നിങ്ങളുടെ പണം ചെലവഴിക്കുന്നുണ്ടോ?

ആ വ്യക്തി ചോദ്യങ്ങൾക്ക് ഉത്തരം നൽകാൻ വിസമ്മതിക്കുകയോ അധിക്ഷേപം നേരിടുന്നുണ്ട് എന്നതു നിരസിക്കുകയോ ചെയ്താൽ, അവരുടെ തീരുമാനത്തെ മാനിക്കുക, എന്നാൽ ഉൽക്കടവ്യഥയും ഭയവും സൂചിപ്പിക്കുന്ന അടയാളങ്ങളും കൂടാതെയോ അവയ്‌ക്കൊപ്പമോ അല്ലെങ്കിൽ വാക്കുകൊണ്ടുള്ളതല്ലാത്ത ഇതര സൂചനകളും ശ്രദ്ധിക്കുക.

ഘടനാപരമായ ഉപകരണങ്ങളായ കോംപോസിറ്റ് അബ്യൂസ് സെകെയിൽ , കോൺഫ്‌ളിക്ട്‌സ് ടാക്ടിക്‌സ് സ്‌കെയിൽ, ഇന്ത്യൻ ഫാമിലി വയലൻസ് ആൻഡ് കൺട്രോൾസ് സ്‌കെയിൽ (ഐഎഫ്വിസിഎസ്), അബ്യൂസ് അസസ്സ്‌മെന്‍റ് സ്‌ക്രീൻ, പങ്കാളി അധിക്ഷേപ സൂചിക (ഇൻഡക്‌സ് ഓഫ് സ്പൗസ് അബ്യൂസ്) എന്നിവ സാധാരണയായി ഉപയോഗിക്കുന്ന വിലയിരുത്തൽ ഉപകരണങ്ങളാണ്.

എന്നിരുന്നാലും പതിവുള്ള ചരിത്ര പരിശോധനകളും, അർദ്ധ ഘടനാപരമായ മുഖാമുഖങ്ങളും പലപ്പോഴും മതിയായ വിവരങ്ങൾ നൽകുമെങ്കിലും, നേരിട്ടുള്ള നിരീക്ഷണത്തിലും ചികിത്സയിലും ഊന്നിയ ക്രമീകരണവുമായി താരതമ്യപ്പെടുത്തുമ്പോൾ ഗവേഷണ ക്രമീകരണങ്ങളിൽ അവയുടെ ഉപയോഗയോഗ്യത കൂടുതലാണ്. ഇവയിൽ, ഐഎഫ്വിസിഎസ്, 63 ഇനങ്ങളുള്ള മാനദണ്ഡമാണ്, ഇത് ഇന്ത്യയിലെ ജനങ്ങൾക്കു വേണ്ടി പ്രത്യേകമായി വികസിപ്പിക്കുകയും സാധൂകരിക്കുകയും ചെയ്തിട്ടുള്ളതുമാണ്, അതിൽ നാല് ഉപമാനദണ്ഡങ്ങൾ കൂടി ഉൾപ്പെടുന്നുമുണ്ട്: നിയന്ത്രണം, മാനസിക അതിക്രമങ്ങൾ, ശാരീരിക അതിക്രമങ്ങൾ, ലൈംഗിക അതിക്രമങ്ങൾ.

ഇത് തെറാപ്പിയിൽ അധിക്ഷേപവുമായി ബന്ധപ്പെട്ട ആഘാതം കൈകാര്യം ചെയ്യുന്നതിനു വേണ്ടി ശക്തി എന്ന സംഘടനയുമായി സഹകരിച്ച് വൈറ്റ് സ്വാൻ ഫൗണ്ടേഷൻ ചെയ്യുന്ന ഒരു പരമ്പരയുടെ ഭാഗമാണ്. അധിക്ഷേപം അതിജീവിക്കുന്നവരെ സവിശേഷ ചികിത്സ ഉപയോഗിച്ച് സുഖപ്പെടുത്തുന്നതിനു വേണ്ടി മാനസികാരോഗ്യ പരിശീലകർക്കുള്ള ഒരു മാർഗ്ഗനിർദ്ദേശമാണ് ഈ പരമ്പര. ഈ പരമ്പര അതിജീവിച്ചവരെ സ്ത്രീകളായിട്ടാണ് പരാമർശിക്കുന്നത്, എന്നിരുന്നാലും, അതിജീവിക്കുന്നവർ ഏതെങ്കിലും വ്യക്തിത്വത്തിൽ ഉൾപ്പെട്ടവർ ആകാമെന്നത് ഞങ്ങൾ അംഗീകരിക്കുന്നുണ്ട്. ഗാർഹിക പീഡനം അതിജീവിച്ചവരെ സ്ത്രീകൾ എന്ന വാക്കിലൂടെ പരാമർശിച്ചിട്ടുള്ളത്, അധിക്ഷേപം അതിജീവിച്ചിട്ടുള്ള സ്ത്രീകളെ കേന്ദ്രീകരിച്ചുള്ള നിയമങ്ങളും സ്ത്രീകളെ മനസ്സിൽ കണ്ടുകൊണ്ടുള്ള മറ്റു മാർഗ്ഗനിർദ്ദേശങ്ങളും പ്രതിഫലിപ്പിക്കുന്നതിനു വേണ്ടിയാണ്.

പത്രപ്രവർത്തകയും പരിശീലനത്തിലൂടെ സാമൂഹ്യ പ്രവർത്തകയുമായ, ശക്തി എന്ന സംഘടനയിലെ ഉപദേഷ്ടാവ് ആയ ഭൂമിക സഹാനി ,നിംഹാൻസിലെ സൈക്യാട്രി വിഭാഗം റസിഡന്‍റ് ഡോക്ടർ ആയ ഡോ. പാറുൾ മാത്തൂർ എന്നിവർ ചേർന്ന് എഴുതിയത്;

Related Stories

No stories found.
White Swan Foundation
malayalam.whiteswanfoundation.org