വ്യസനം ഒരു നിഷേധാത്മക വികാരമാണോ?
മെഗാൻ ഡെവിൻ (Megane Devine), 'ഇറ്റീസ് ഓകെ ദാറ്റ് യൂ ആർ നോട്ട് ഓകെ (It's Okay That You Are Not Okay)' എന്ന അവരുടെ പുസ്തകത്തിൽ, വ്യസനം/സങ്കടം സംബന്ധിച്ചുള്ള നമ്മുടെ കാഴ്ച്ചപ്പാടുകൾ എത്രത്തോളം നിഷേധാത്മകം ആണ് എന്നു പറയുന്നുണ്ട്. "വ്യസനത്തെ ഒരു വ്യതിചലനം, സാധാരണ സന്തുഷ്ട ജീവിതത്തിൽ നിന്നുള്ള ഒരു വഴിമാറിപ്പോകൽ എന്ന നിലയില്‍ ആണ് കാണുന്നത്. നമ്മുടെ വൈദ്യശാസ്ത്ര മാതൃകകൾ അതിനെ ഒരു തകരാർ എന്നു വിളിക്കുന്നു. ഞങ്ങൾ വിശ്വസിക്കുന്നത് ഒരു ബുദ്ധിമുട്ടുള്ള അവസ്ഥയുടെ ഹ്രസ്വകാല പ്രതികരണം ആണ് സങ്കടം എന്നാണ്, അതിനാൽ ഏതാനും ആഴ്ച്ചകളുടെ ഇടയിൽ അത് പൂർണ്ണമാക്കിയിരിക്കുകയും വേണം എന്നും," അവർ എഴുതുന്നു.
വ്യസനം/സങ്കടം എന്നത് ഒരു വ്യക്തിക്ക് ഒരു തരത്തിലും തിരിച്ചു നേടാനാവാത്ത, അവർക്ക് തൽസ്ഥാനത്ത് മറ്റാരേയും പ്രതിഷ്ഠിക്കാനൊക്കാത്ത ഒരു നഷ്ടം - എന്തെങ്കിലും വസ്തുവിന്‍റെ അല്ലെങ്കിൽ വ്യക്തിയുടെ - നേരിടേണ്ടി വരുമ്പോൾ ആ വ്യക്തി അനുഭവിക്കേണ്ടി വരുന്ന വികാരമാണ്. ഒരു വ്യക്തി ഒരു പിരിഞ്ഞു പോകൽ അനുഭവിക്കുമ്പോൾ, സ്‌നേഹിക്കുന്ന ഒരു വ്യക്തി നഷ്ടപ്പെടുമ്പോള്‍, ഒരു വളർത്തു മൃഗം നഷ്ടപ്പെടുമ്പോള്‍, ഒരു ചിരസ്ഥായിയായ അസുഖമാണ് എന്ന് രോഗനിർണ്ണയം നടത്തപ്പെടുമ്പോൾ - കാരണം തങ്ങൾ മനസ്സിലാക്കിയിരുന്ന സന്തോഷത്തിന്‍റെ ചിത്രവുമായി യാഥാർത്ഥ്യം ഇനി ഒരിക്കലും ചേർന്നു പോകുകയില്ല - അയാള്‍ വ്യസനം അനുഭവിക്കുന്നത് അതുകൊണ്ടാണ്.
ഒരു വ്യക്തിയുടെ ഇപ്പോഴത്തെ അവസ്ഥ എന്താണ്, അയാൾ നേരിടുന്ന നഷ്ടവും (വ്യക്തിയുടേയോ വസ്തുവിന്‍റേതോ) ആയി അയാൾക്കുള്ള ബന്ധം എന്താണ് എന്നതിനെ ആശ്രയിച്ചാണ് വ്യസനം അനുഭവിക്കുക എന്നു മനസ്സിലാക്കേണ്ടത് പ്രധാനമാണ്. ഒരു വ്യക്തി അനുഭവിക്കുന്ന സങ്കടത്തിന്‍റെ തീവ്രത നിർവ്വചിക്കുന്നത് ഇതാണ്.
വ്യസനത്തിന്‍റെ വിവിധ അവസ്ഥകൾ ഏതെല്ലാമാണ്?
സൈക്കോളജിസ്റ്റ് ആയ എലിസബത്ത് കൂബ്ലർ റോസ് (Elizabeth Kubler-Ross), തന്‍റെ 'ഡെത്ത് ആൻഡ് ഡയിംഗ് (Death and Dying)' എന്ന പുസ്തകത്തിൽ വ്യസനത്തെ പറ്റിയുള്ള അവരുടെ സിദ്ധാന്തത്തെ കുറിച്ച് പറയുന്നുണ്ട്:
നിരാകരണം: ഈ അവസ്ഥ അംഗീകരിക്കുവാൻ വ്യക്തിക്കു സാധിക്കുന്നില്ല, തങ്ങൾക്കു സുഖമാണ് എന്ന് അവർ അവരോടു തന്നെ പറയുകയും ചെയ്‌തേക്കാം.
കോപം: വ്യസനം നേരിടേണ്ടി വരുമ്പോൾ വ്യക്തി ഒന്നുകിൽ അവനവനോടു തന്നെയോ അതല്ലെങ്കിൽ അവർക്ക് അടുപ്പമുള്ള മറ്റുള്ളവരോടോ കോപിച്ചു എന്നു വരാം. അത് വ്യസനത്തിന്‍റെ ഒരു സ്വാഭാവിക ഭാഗം മാത്രമാണ് എന്നു മനസ്സിലാക്കേണ്ടത് പ്രധാനമാണ്, കാരണം വ്യക്തിയുടെ ഒപ്പമുള്ള മറ്റുള്ളവർക്ക് അത് വ്യസനത്തിന് അപ്പുറം കാണാനും വ്യസനിക്കുന്ന വ്യക്തി എന്തിലൂടെയാണ് കടന്നു പോകുന്നത് എന്നതു സംബന്ധിച്ച് മെച്ചപ്പെട്ട ധാരണ ഉണ്ടാകുന്നതിനും സഹായിക്കും..
വില പേശൽ: മാരകമായ രോഗം ബാധിച്ചിട്ടുള്ള ഒരു വ്യക്തിക്ക്, "എന്‍റെ മകളുടെ വിവാഹം കഴിയുന്നതു വരെ എങ്കിലും ഞാൻ ഒന്നു ജീവിച്ചു കൊള്ളട്ടെ," എന്ന മട്ടിലുള്ള തരം എന്തെങ്കിലും ആവാം ഇത്. അവർ അവരുടെ ജീവിതാവസ്ഥയെ കുറിച്ചാണ് അവരുടെ വിശ്വാസം ഉപയോഗിച്ച് വില പേശുന്നത്. അതേ പോലെ, ഒരു പിരിഞ്ഞു പോകലിനു ശേഷം വ്യസനിക്കുന്ന വ്യക്തിയെ സംബന്ധിച്ച്, "നമുക്ക് ചുരുങ്ങിയ പക്ഷം സുഹൃത്തുക്കളായിരിക്കാനെങ്കിലും കഴിയുമോ," എന്നതു പോലെ എന്തെങ്കിലും ആകാം.
വിഷാദം (Depression): തങ്ങൾ അനുഭവിച്ച നഷ്ടത്തിന്‍റെ യഥാർത്ഥ അളവ് അവർ ഇപ്പോൾ യഥാർത്ഥത്തിൽ മനസ്സിലാക്കുവാൻ തുടങ്ങുന്നു. ഈ സമയത്ത് അവർ അവരുടെ കുടുംബത്തെ ഒഴിവാക്കുന്നു, അവർ നിരന്തരം ദുഃഖം പേറുന്നതായി കാണപ്പെടും, വികാര വൈവശ്യം അനുഭവിക്കും, കരഞ്ഞുകൊണ്ട് വളരെയധികം സമയം ചെലവഴിക്കും. ആളുകൾ ആ വ്യക്തിയോട് കരച്ചിൽ നിർത്തുവാനും ചുറുചുറുക്കോടെ ഇരിക്കുവാനും മുമ്പോട്ടു നോക്കുവാനും ആവശ്യപ്പെടുന്നത് സാധാരണമാണ്; പക്ഷേ വിദഗ്ദ്ധർ ഊന്നിപ്പറയുന്നത്, ആ വ്യക്തി സ്വയം വ്യസനം കൈകാര്യം ചെയ്യുന്നതിന് ശ്രമിക്കുന്ന സമയം ഇതാണ് എന്നത്രേ. വിവിധ വികാരങ്ങൾ അനുഭവിച്ച് അവർ തന്‍റെ അവസ്ഥ കൈകാര്യം ചെയ്യുന്നത് തടസ്സപ്പെടുത്താതെ അവരെ അതിന് അനുവദിക്കുക എന്നത് പ്രധാനമാണ്.
അംഗീകാരം: ഈ അവസ്ഥയിൽ, വ്യക്തി അയാളുടെ നഷ്ടവുമായി സമരസപ്പെട്ടു കഴിഞ്ഞു, അവസ്ഥ അതിജീവിക്കുന്നതിനോ അല്ലെങ്കിൽ പരിണതഫലങ്ങളുമായി സമരസപ്പെടുന്നതിനോ ഉള്ള വഴികൾ കണ്ടുപിടിക്കുവാൻ അവർ ശ്രമിക്കുന്നു. അവർക്കു പണം നഷ്ടപ്പെട്ടിട്ടുണ്ടെങ്കിൽ വരുമാനം വർദ്ധിപ്പിക്കുന്നതിനുള്ള വഴികൾ തേടിക്കൊണ്ടോ അവരുടെ പഴയ പങ്കാളിയുടെ ശേഷിപ്പുകൾ നീക്കം ചെയ്തുകൊണ്ട് ബന്ധം പിരിഞ്ഞു പോകലിനു ശേഷം പിടിച്ചു നിൽക്കുവാൻ ശ്രമിക്കുകയോ ആകാം.
ഒരു വ്യക്തി കടന്നു പോകുവാൻ ഇടയുള്ള വിവിധ അവസ്ഥകൾ ഇവയെല്ലാം ആയിരിക്കെ, എല്ലാവരും മുകളിൽ പറഞ്ഞ എല്ലാ അവസ്ഥകളും അനുഭവിക്കണമെന്നോ അതേ രീതിയിലോ തരത്തിലോ തന്നെ അനുഭവിക്കണമെന്നോ യാതൊരു നിർബന്ധവുമില്ല.
വ്യസനം ശാരീരിക ആരോഗ്യത്തെ എങ്ങനെയാണ് ബാധിക്കുന്നത്?
നീണ്ടുനിൽക്കുന്ന വ്യസനത്തിന് മസ്തിഷ്‌ക്കത്തിലും ശരീരത്തിലും പ്രഭാവം ചെലുത്തുവാൻ കഴിയും.
- ശ്രദ്ധ കേന്ദ്രീകരിക്കാൻ കഴിയാതാകുക അഥവാ മസ്തിഷ്‌ക മറ
- യാഥാർത്ഥ്യവുമായി ബന്ധം വിട്ടു പോകുക (Dissociation)
- തലവേദനകൾ
- പ്രകോപിതരാകൽ
- സമയം വേണ്ടതു പോലെ കൈകാര്യംചെയ്യാൻകഴിയാതാകുക
- സാമൂഹിക ഒറ്റപ്പെടൽ
- കുടുംബത്തിൽ നിന്നോ കുട്ടുകാരിൽ നിന്നോ പിൻവലിയുക (withdrawal)
- ക്രമമല്ലാത്ത ഭക്ഷണ ശീലങ്ങൾ- അധികം കഴിക്കുകയോ കുറവു കഴിക്കുകയോ ചെയ്യുക
ഒരു വ്യക്തി വ്യസനം അനുഭവിക്കുമ്പോൾ മസ്തിഷ്‌ക്കത്തിൽ ഉള്ള നാഡീകോശങ്ങൾ ഒരു മാറ്റം അനുഭവിക്കുന്നു എന്ന് ഗവേഷണം (Research) കാണിക്കുന്നുണ്ട്. ഇതിന് മസ്തിഷ്‌കത്തിൽ മാത്രമല്ല, ദഹന സംവിധാനം പോലെയുള്ള മറ്റ് അവയവങ്ങളുടെ പ്രവർത്തനങ്ങളിലും പ്രഭാവം ചെലുത്താനാകും, ഹൃദയത്തിന്‍റെ നിയന്ത്രണം തുടങ്ങിയവയേയും ബാധിക്കും.
വ്യസനം അനുഭവിക്കുന്ന ഒരാളോട് സംസാരിക്കുന്നത്.
പലപ്പോഴും വ്യസനം അനുഭവിക്കുന്ന ഒരു വ്യക്തിയോട് പ്രതികരിക്കേണ്ടത് എങ്ങനെയാണ് എന്നതു സംബന്ധിച്ച് ആവശ്യത്തിനുള്ള ധാരണ ആളുകൾക്ക് ഉണ്ടായെന്നു വരില്ല. അവരോടു സംസാരിക്കുന്നതിലൂടെ അവരുടെ വേദന അധികരിപ്പിപ്പിക്കുന്നതിന് തങ്ങൾ കാരണക്കാരായാലോ എന്നു കരുതി, ആ വ്യക്തിയിൽ നിന്നും പൂർണ്ണമായും തങ്ങളെ തന്നെ ചിലര്‍ അകറ്റി നിർത്തും. നേരേ മറിച്ച് മറ്റു ചിലർ എത്രയും പെട്ടെന്ന് വ്യസനത്തെ അതിജീവിച്ച് വീണ്ടും സാധാരണ ജീവിതത്തിലേക്ക് മടങ്ങി വരണമെന്ന് ആ വ്യക്തിയെ നിർബന്ധിക്കുന്നു. ഡോ പൂർവ റാനഡേ അഭിപ്രായപ്പെടുന്നത് ഈ രണ്ടു തരത്തിലുള്ള സമീപനങ്ങളും വ്യസനിക്കുന്ന വ്യക്തിക്ക് സഹായകമാകില്ല എന്നാണ്. അങ്ങനെയുള്ള ഒരു അവസ്ഥയിൽ പെട്ടിട്ടുള്ള വ്യക്തിയോട് സംസാരിക്കുമ്പോൾു സഹായകമാകുന്ന ചില സൂചകങ്ങൾ താഴെ പറയുന്നു:
താദാത്മ്യം പ്രാപിക്കുകയും ചിന്തിക്കുകയും ചെയ്യുക: "നിങ്ങൾ അത് അതീജീവിച്ചല്ലേ മതിയാകൂ," എന്നോ "അതു കുഴപ്പമില്ല," എന്നോ പറയുന്നതിനു പകരം," നിങ്ങൾക്ക് ഇത് വളരെ ബുദ്ധിമുട്ടേറിയ സമയമാണ് എന്ന് എനിക്ക് ഊഹിക്കുവാൻ കഴിയും," എന്നു നിങ്ങള്‍ക്കു പറയുവാന്‍ കഴിയും.
ഒരു തുറന്ന മനഃസ്ഥിതിയോടെ ഒരു അഭിപ്രായം പറയുക: "എനിക്കു തോന്നുന്നത് നിങ്ങൾ (.....)"' എന്നു പറയുന്നതിനു പകരം "നിങ്ങൾ (.....) ഒന്നു പരിഗണിക്കുമോ?" എന്നു ചോദിക്കാം.
അവർക്കു വേണ്ടി ഉണ്ടായിരിക്കുക: അവർക്കു സംസാരിക്കുന്നതിനു വിമുഖതയുണ്ട് എന്നു തോന്നിയാൽ "ഏതെങ്കിലും അവസരത്തിൽ നിങ്ങൾക്കു സംസാരിക്കണം എന്നു തോന്നിയാൽ ഞാൻ നിങ്ങൾക്കു വേണ്ടി ഉണ്ടാകും,"എന്ന് അവരോടു പറയുക.
സഹായം തേടൽ
നീണ്ടുനിൽക്കുന്ന വ്യസനവും വിഷാദമട്ടിലുള്ള ലക്ഷണങ്ങളും ഏതാണ്ട് ഒരേ പോലെ തോന്നാം, അവ രണ്ടു കൂടി വേർതിരിക്കുന്നത് ഒരു നേർത്ത വര മാത്രമാണ്. വ്യസനിക്കുക എന്ന പ്രക്രിയ വളരെ സ്വാഭാവികമാകുകയും അത് കടുത്ത വിഷാദത്തിനു സദൃശമാകുകയും ചെയ്‌തേക്കാം.വ്യസനവും വിഷാദവും പരസ്പരം വ്യതസ്തമാണ് എന്നാണ് അമേരിക്കൻ സൈക്യാട്രിക് അസോസിയേഷൻ (എപിഎ) പ്രസ്താവിക്കുന്നത്.
വളരെ കാലം കഴിഞ്ഞിട്ടും വ്യസനത്തിന്‍റെ തോന്നലുകൾ കൂടാതെ ആ വ്യക്തിക്ക് തന്‍റെ ദൈനംദിന ജീവിതത്തിൽ കാര്യങ്ങൾ ചെയ്യുന്നതിന് സാധിക്കുന്നില്ല, ആത്മഹത്യാ ചിന്തകൾ (മരിച്ചു പോയ സ്‌നേഹിച്ചിരുന്ന വ്യക്തിയോട് അടുത്തെത്താന്‍ എന്നതു പോലെ) ഉണ്ടാവുകയും ചെയ്യുന്നു എങ്കിൽ അവർ ഒരു മാനസികാരോഗ്യ വിദഗ്ദ്ധന്‍റെ സഹായം തേടേണ്ടതുണ്ട്.
ഓരോരുത്തരും വ്യസനിക്കുന്നത് വ്യത്യസ്തമായാണ്. ചിലരെ സംബന്ധിച്ച് സ്‌നേഹിച്ചിരുന്ന ഒരാളുടെ നഷ്ടം അനുഭവിക്കുന്നത് മറ്റു ജോലികളിൽ മുഴുകുന്നതിൽ നിന്നു വിട്ടു നിന്നുകൊണ്ടായിരിക്കും. പക്ഷേ മറ്റൊരാൾക്ക്, അവർ സ്‌നേഹിച്ചിരുന്ന ആൾക്ക് ഒപ്പം ആസ്വദിച്ചിരുന്ന പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നതായിരിക്കും വ്യസനിക്കുന്നതിനുള്ള രീതി.
"ഓരോ വ്യക്തിയുടേയും വ്യസനാനുഭവം മറ്റുള്ളവരുടേതിൽ നിന്നും വിഭിന്നമായിരിക്കും - സിദ്ധാന്തപ്രകാരം പറയുന്ന എല്ലാ അവസ്ഥകളും കൃത്യമായി അനുഭവിക്കണമെന്നില്ല. ഇവയിൽ പലതും വ്യക്തി വെളിപ്പെട്ടിരുന്ന സാമൂഹികവും സാംസ്‌ക്കാരികവുമായ ചുറ്റുപാടിനേയും അതേ പോലെ തന്നെ വ്യസനം കൈകാര്യം ചെയ്യുന്നതിനു വേണ്ടി, പൂർവ്വസ്ഥിതി പ്രാപിക്കാനുള്ള കഴിവ് അവർ സ്വയം സൃഷ്ടിച്ചെടുക്കുന്നതിനേയും ആശ്രയിച്ചിരിക്കും," ബംഗളുരു ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന സൈക്കോളജിസ്റ്റ് ആയ ഡോ പൂർവ റാനഡെ പറയുന്നു.
അവലംബം
ഈ ലേഖനം എഴുതിയിരിക്കുന്നത് ബംഗളുരു ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന സൈക്കോളജിസ്റ്റ് ആയ ഡോ പൂർവ റാനഡെ പകർന്നു തന്ന അറിവുകൾ ഉപയോഗിച്ചാണ്.