ഓർത്തൊറെക്സിയ: ആരോഗ്യകരമായ ഭക്ഷണം കഴിക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നത് ഭക്ഷണ ക്രമക്കേടായി മാറുന്നതിനു സാദ്ധ്യതയുണ്ടോ?
എന്താണ് ഓർത്തൊറെക്സിയ?
നമ്മളിൽ പലർക്കും, ആരോഗ്യകരമായ ഭക്ഷണം ഒരു അഭിലാഷമോ മുൻഗണനയോ ആകാം; എന്നിരുന്നാലും, ആരോഗ്യകരമായ ഭക്ഷണം ഒരു ആസക്തിയായി മാറുന്നവരുണ്ട്.
ഓർത്തൊറെക്സിയ ഉള്ള ആളുകൾക്ക് അവരുടെ ഭക്ഷണത്തിന്‍റെ ഗുണനിലവാരവും അളവും നിർണ്ണയിക്കപ്പെട്ടിട്ടുണ്ടാകും. കഴിക്കുന്ന ഭക്ഷണത്തിന്‍റെ എല്ലാ വശങ്ങളിലും അവർ ശ്രദ്ധ പതിപ്പിക്കുന്നു- അവർ എന്തു കഴിക്കുന്നു, എത്രമാത്രം കഴിക്കുന്നു, എപ്പോള്‍ കഴിക്കുന്നു, ചേരുവകൾ എത്രമാത്രം ശുദ്ധമോ വൃത്തിയുള്ളതോ ആണ് എന്നിങ്ങനെ. തങ്ങളുടെ ഭക്ഷണരീതി എത്രത്തോളം ആരോഗ്യകരമാണെന്ന് അവർ തിരിച്ചറിയുകയും അതില്‍ അഭിമാനം കൊള്ളുകയും ചെയ്യുന്നു. കാലക്രമേണ, അവരുടെ ഭക്ഷണവും ഭക്ഷണക്രമവും കൂടുതൽ കൂടുതൽ നിയന്ത്രിതമായിത്തീരുന്നു, ആരോഗ്യം വർദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച ഒരു പരിശീലനം യഥാർത്ഥത്തിൽ അതിനെ തടസ്സപ്പെടുത്താൻ തുടങ്ങുന്ന അവസ്ഥയിലേക്ക് എത്തുന്നു. ഇത് അവരുടെ ജീവിതത്തെയും സാമൂഹിക ബന്ധങ്ങളെയും ബാധിക്കുന്ന ഒരു ബാധയായി മാറിയേക്കാം. ഓരോ വീഴ്ചയ്ക്കും കർശനമായ ഭക്ഷണക്രമങ്ങളോ ഉപവാസങ്ങളോ ഉപയോഗിച്ച് അവർ സ്വയം ശിക്ഷിച്ചെന്നു വരാം.
ഡയഗ്നോസ്റ്റിക് ആൻഡ് സ്റ്റാറ്റിസ്റ്റിക്കൽ മാനുവൽ ഓഫ് മെന്‍റൽ ഡിസോർഡേഴ്സ് (ഡിഎസ്എം) അല്ലെങ്കിൽ ഇന്‍റർനാഷണൽ ക്ലാസിഫിക്കേഷൻ ഓഫ് ഡിസീസസ് (ഐസിഡി) പ്രകാരം ഓർത്തൊറെക്സിയയെ ഔദ്യോഗികമായി അംഗീകരിക്കുന്നില്ല, എന്നാൽ ഈ അവസ്ഥയുടെ ലക്ഷണങ്ങളാൽ ബുദ്ധിമുട്ടുന്ന ആളുകളുടെ എണ്ണം വർദ്ധിച്ചുവരുന്നുണ്ട്. ഓർത്തൊറെക്സിയ രോഗപ്രതിരോധ ശേഷിക്കുറവ്, ദുർബലമായ അസ്ഥികൾ, ശരീരത്തിന്‍റെ പ്രവർത്തനത്തിലെ മൊത്തത്തിലുള്ള ക്ഷയം എന്നിവയ്ക്ക് കാരണമായേക്കാം.
ഓർത്തോറെക്സിയയുടെ ലക്ഷണങ്ങൾ എന്തൊക്കെയാണ്?
ഒരു വ്യക്തിയുടെ ജീവിതത്തെയും ബന്ധങ്ങളെയും സ്വാധീനിക്കാൻ തുടങ്ങുന്ന അവസ്ഥ എത്തുമ്പോൾ ആരോഗ്യകരമായ ഭക്ഷണം കഴിക്കുന്നതിൽ ശ്രദ്ധ പതിപ്പിക്കുന്നതില്‍ നിന്ന് ഓർത്തോറെക്സിയ വ്യത്യസ്തമാകുന്നു. ഓർത്തോറെക്സിയ ഉള്ളവർ ഇനിപ്പറയുന്നവ ചെയ്യാൻ സാധ്യതയുണ്ട്:
അവർ കഴിക്കുന്ന എല്ലാ ഭക്ഷണത്തിന്‍റേയും പോഷക മൂല്യങ്ങൾ നിർബന്ധിതമായി പരിശോധിക്കുക
അവരുടെ ഭക്ഷണം ആസൂത്രണം ചെയ്യുന്നതിനായി ധാരാളം സമയവും ചിന്തയും ചെലവഴിക്കുക
മറ്റുള്ളവർ കഴിക്കുന്ന കാര്യങ്ങളിൽ അമിത താൽപ്പര്യം പ്രകടിപ്പിക്കുക
തങ്ങള്‍ക്ക് ചില ഭക്ഷണങ്ങളോട് അസാധാരണമായ പ്അരതികരണങ്ങളൊന്നും ശരീരത്തിന് ഉണ്ടാകാറില്ലാത്തപ്പോള്‍ പോലും അനാരോഗ്യകരമെന്ന് അവർ കരുതുന്ന ചിലതരം ഭക്ഷണങ്ങൾ ഒരു ബാധ എന്നോണം ഒഴിവാക്കുക
അവർ കഴിക്കുന്ന ഭക്ഷണരീതികൾ പരിമിതപ്പെടുത്താൻ തുടങ്ങുക - തങ്ങള്‍ ചിലതരം “ആരോഗ്യകരമായ” ഭക്ഷണം മാത്രമേ കഴിക്കാൻ സ്വയം അനുവദിക്കൂ എന്ന പരിധി വരെ എത്തുവോളം
ഭക്ഷണം ഉൾപ്പെടുന്ന പാർട്ടികളോ മറ്റു സാമൂഹിക വിരുന്നുകളോ ഒഴിവാക്കുക
അവരുടെ “സുരക്ഷിത” അല്ലെങ്കിൽ “ആരോഗ്യകരമായ” ഭക്ഷണപദാർത്ഥങ്ങൾ ലഭ്യമല്ലെങ്കിൽ ദുരിതം അനുഭവിക്കുക
അവരുടെ ഭക്ഷണക്രമത്തിൽ വല്ലപ്പോഴും സംഭവിക്കുന്ന സംയമനം ഇല്ലായ്മയെ കുറിച്ചോ അല്ലെങ്കിൽ വീഴ്ചകളെക്കുറിച്ചോ വളരെ കുറ്റബോധം തോന്നുക
സ്വന്തം ഭക്ഷണക്രമത്തിൽ അവർ സ്വയം ഏർപ്പെടുത്തിയ നിയന്ത്രണങ്ങളുടെ ഫലമായി, അവർക്ക് പോഷകാഹാരക്കുറവ് അല്ലെങ്കിൽ കടുത്ത ഭാരം കുറയല്‍ എന്നിവ അനുഭവപ്പെടാന്‍ സാധ്യതയുണ്ട്.
ഓർത്തോറെക്സിയയ്ക്ക് ചികിത്സ ലഭ്യമാകുന്നത്
ഓർത്തോറെക്സിയ ചികിത്സ സാധാരണയായി ഒരു വിവിധ-വൈവിദ്ധ്യാത്മക സമീപനമാണ്, അതിൽ വൈദ്യശാസ്ത്ര പിന്തുണ, സൈക്കോതെറാപ്പി, സൈക്യാട്രിക് മരുന്നുകൾ (ആവശ്യമെങ്കിൽ) എന്നിവ ഉൾപ്പെടുന്നു.
ഓർത്തോറെക്സിയയുടെ ലക്ഷണങ്ങൾ ഉത്കണ്ഠയ്ക്കും / അല്ലെങ്കിൽ വിഷാദത്തിനും സമാനമാണ്, ഇവ നിയന്ത്രണാധീനമാ ക്കുന്നതിനായി ഒരു സൈക്യാട്രിസ്റ്റ് മരുന്ന് നിർദ്ദേശിച്ചെന്നിരിക്കാം.
സൈക്കോതെറാപ്പി ഉപയോഗിച്ച്, വ്യക്തി അവരുടെ അവസ്ഥയെക്കുറിച്ച് കൂടുതലായി അറിയുകയും ഭക്ഷണവുമായുള്ള അവരുടെ ബന്ധം രൂപാന്തരപ്പെടുത്താൻ തുടങ്ങുകയും അത് അവരുടെ ആത്മാഭിമാനത്തെ എങ്ങനെ ബാധിക്കുന്നുവെന്ന് മനസിലാക്കുകയും ചെയ്യുന്നു. അവരുടെ നിർബന്ധിത ചിന്തകൾ കൈകാര്യം ചെയ്യുന്നതിനു ആവശ്യമായ സമരസപ്പെടുന്നതിനുള്ള നൈപുണ്യങ്ങളും അവർ പഠിച്ചെന്നു വരാം, കൂടാതെ
അവരുടെ നിയന്ത്രിത ഭക്ഷണശീലങ്ങള്‍ മൂലം ഉണ്ടായേക്കാവുന്ന ആരോഗ്യപരമായ പ്രശ്നങ്ങൾ (പോഷകാഹാരക്കുറവ് പോലുള്ളവ) ഒരു ഡോക്ടർ പരിഗണിക്കുകയും ചെയ്തെന്നു വരാം.
ഓർത്തോറെക്സിയ ഉള്ള ഒരാളെ പരിചരിക്കുന്നത്
ഭക്ഷണ തകരാര്‍ ഉള്ള ഒരാളെ പരിപാലിക്കുന്നത് ഒരു പരിചരിക്കുന്ന വ്യക്തി എന്ന നിലയ്ക്ക് നിങ്ങളെ വൈകാരികമായി ബുദ്ധിമുട്ടിലാക്കി എന്നു വരാം. എന്നിരുന്നാലും, അവരുടെ സുഖം പ്രാപിക്കലിന് നിങ്ങളുടെ പിന്തുണയും ക്ഷമയും അത്യാവശ്യമാണ്.
ഒരാൾക്ക് ഓർത്തോറെക്സിയ ഉണ്ടാകുമ്പോൾ, അവരുടെ ആരോഗ്യത്തെ അതു ശാരീരികമായും മാനസികമായും ബാധിക്കുന്നു. ആദ്യം, തങ്ങള്‍ക്ക് ഭക്ഷണ തകരാര്‍ ഉണ്ടെന്ന കാര്യം പരിഗണിക്കുന്നതിന് അവർ വിമുഖത കാണിച്ചെന്നു വരാം, കാരണം തങ്ങള്‍ ആരോഗ്യകരമായ ഭക്ഷണം കഴിക്കുന്നുവെന്നതാണ് അവരുടെ കാഴ്ചപ്പാട്. നിങ്ങൾ ക്ഷമയോടെയിരിക്കുക എന്നതു പ്രധാനമാണ്, സഹായം തേടാൻ അവരെ സൌമ്യമായി പ്രോത്സാഹിപ്പിക്കുകയും ചെയ്യുക. ചികിത്സാ ഘട്ടത്തിലുടനീളം, ചുറ്റുമുള്ള എല്ലാവരും നല്ല ഭക്ഷണശീലങ്ങൾ ഒരു ഉദാഹരണം എന്നോണം നിലനിർത്തുക എന്നത് പ്രധാനമാണ്. ഭക്ഷണ, ശരീരഭാരം സംബന്ധിച്ച പ്രശ്നങ്ങൾ, ഭക്ഷണ ഗുണനിലവാരം സംബന്ധിച്ചുള്ള പ്രശ്നങ്ങൾ തുടങ്ങിയവയെ കറിച്ചുള്ള സംഭാഷണങ്ങൾ കഴിവതും ഒഴിവാക്കുവാന്‍ ശ്രമിക്കുക
ഓർത്തോറെക്സിയയെ നേരിടുന്നത്
ഭക്ഷണ തകരാറായി മാറുന്ന ഭക്ഷണ ശീലവുമായി പൊരുത്തപ്പെടുന്നത് പ്രയാസമായിരിക്കും. എന്നിരുന്നാലും, നിങ്ങളുടെ അവസ്ഥ ചികിത്സിക്കാവുന്നതാണെന്നും പൂർണ്ണമായ സുഖം പ്രാപിക്കല്‍ സാദ്ധ്യമാണെന്നും അറിയുക. നിങ്ങളുടെ ചികിത്സ ആരംഭിച്ചുകഴിഞ്ഞാൽ, നിങ്ങൾ ചികിത്സാ പദ്ധതിയിൽ ഉറച്ചുനിൽക്കേണ്ടത് അത്യാവശ്യമാണ്. ഏതെങ്കിലും ഓർത്തോറെക്സിക് പ്രേരണകൾ ഉണ്ടാകുന്ന പക്ഷം ഡോക്ടറെ സമകാലിക വിവരങ്ങള്‍ അറിയിച്ചു കൊണ്ടിരിക്കുക.
ഈ പ്രേരണകൾ ഉണ്ടാകുമ്പോൾ നിങ്ങൾക്ക് പിന്തുടരാവുന്ന ഒരു പദ്ധതി സൃഷ്ടിക്കുന്നതിന് നിങ്ങളുടെ ഡോക്ടറോ തെറാപ്പിസ്റ്റോ നിങ്ങളെ സഹായിക്കും. ചികിത്സയുടെ പ്രാരംഭ ഘട്ടത്തിൽ, വിവിധ ഭക്ഷണങ്ങളുടെ പോഷക ഗുണങ്ങളെക്കുറിച്ച് നിങ്ങളെ ബോധവൽക്കരിക്കും; സമയാസമയങ്ങളിൽ ഈ വിവരങ്ങൾ വീണ്ടും ഓര്‍മ്മ പുതുക്കുന്നതിന് ഇത് സഹായകമാകും.