എന്താണ് മനഃശാസ്ത്രപരമായ പരിശോധനകൾ, അവ എന്തിനുവേണ്ടിയാണ് ഉപയോഗിക്കുന്നത്?

എന്താണ് മനഃശാസ്ത്രപരമായ പരിശോധനകൾ, അവ എന്തിനുവേണ്ടിയാണ് ഉപയോഗിക്കുന്നത്?

രോഗനിർണ്ണത്തിലേക്കും പിന്നെ ചികിത്സയിലേക്കും എത്തിച്ചേരുന്നതിനായി ഒരു വ്യക്തിയുടെ പ്രവർത്തനവും പെരുമാറ്റവും മനസിലാക്കുന്നതിനു വേണ്ടി ഒരു മനഃശാസ്ത്രപരമായ വിലയിരുത്തൽ ഉപയോഗിക്കുന്നു
Published on

നിങ്ങളുടെ കാഴ്ച്ച സംബന്ധിച്ചുള്ള ഒരു പ്രശ്‌നത്തിനു വേണ്ടി നിങ്ങൾ ഒരു നേത്രരോഗവിദഗ്ദ്ധനെ സമീപിക്കുമ്പോൾ, അവർ നിങ്ങളെ നിരവധി പരിശോധനകൾക്കു വിധേയനാക്കും - അവർ നിങ്ങൾക്ക് ഒരു എഴുത്ത്/വായന പരീക്ഷ നടത്തുകയോ അണുബാധയുടെ ലക്ഷണങ്ങൾക്കായി നിങ്ങളുടെ കണ്ണുകൾ പരിശോധിക്കുകയോ ചെയ്യും. ഈ പരിശോധനകളുടെ ഫലങ്ങൾ ഒരു രോഗനിർണ്ണയത്തിലെത്താൻ അവരെ സഹായിക്കുകയും ശരിയായ ചികിത്സാ പദ്ധതിയിൽ നിങ്ങളെ ഉൾപ്പെടുത്തുകയും ചെയ്യും: ഒന്നുകിൽ കണ്ണട അല്ലെങ്കിൽ കണ്ണിൽ ഒഴിക്കാൻ തുള്ളിമരുന്ന്.

അതുപോലെ, മനഃശാസ്ത്രജ്ഞരും സൈക്യാട്രിസ്റ്റുകളും ഒരു മാനസികാരോഗ്യ പ്രശ്നത്തിന്‍റെ രോഗനിർണ്ണയവും അനുബന്ധ ചികിത്സയും തീരുമാനിക്കുന്നതിനായി ഒരു വ്യക്തിയുടെ പ്രവർത്തനവും പെരുമാറ്റവും മനസ്സിലാക്കുന്നതിനായി വിവിധ പരിശോധനകൾ നടത്തുന്നു.

Q

എന്താണ് മനഃശാസ്ത്രപരമായ വിലയിരുത്തൽ?

A

ആളുകൾ എങ്ങനെ ചിന്തിക്കുന്നു, അവർക്ക് എങ്ങനെ തോന്നുന്നു, അവർ എങ്ങനെപ്രതികരിക്കുന്നു എന്നുള്ള കാര്യങ്ങളെ കുറിച്ചുള്ള വിവരങ്ങൾ ശേഖരിക്കുന്നതിന് ഒരു മനഃശാസ്ത്രജ്ഞൻ നടത്തുന്ന പരിശോധനകളുടെ ഒരു പരമ്പരയാണ് മനഃശാസ്ത്രപരമായ വിലയിരുത്തൽ. ഈ പരിശോധനകളുടെ അടിസ്ഥാനത്തിലുള്ള ഒരു വ്യക്തിയുടെ കഴിവുകളുടെയും പെരുമാറ്റത്തിന്‍റേയും ഒരു റിപ്പോർട്ട് ഉണ്ടാക്കുന്നതിനായി ഇവ ഉപയോഗിക്കുന്നു - ഇത് മനഃശാസ്ത്രപരമായ റിപ്പോർട്ട് എന്നറിയപ്പെടുന്നു- ഇത് പിന്നീട് വ്യക്തിയുടെ ചികിത്സയ്ക്കു വേണ്ടുന്ന ശുപാർശകൾ നൽകുന്നതിനുള്ള അടിസ്ഥാനമായി ഉപയോഗിക്കുകയും ചെയ്യുന്നു.

മനഃശാസ്ത്രപരമായ വിലയിരുത്തലുകളും റിപ്പോർട്ടുകളും മറ്റ് മേഖലകളിലും ഉപയോഗിക്കുന്നുണ്ട് - ചെറുപ്പക്കാർക്കുള്ള ഔദ്യോഗിക തൊഴിൽ ആസൂത്രണ പദ്ധതിയിലോ അല്ലെങ്കിൽ തൊഴിൽ അപേക്ഷാ പ്രക്രിയയിലോ അപേക്ഷിക്കുന്ന ഒരു വ്യക്തി ലഭ്യമായ തൊഴിൽ ഒഴിവുകളിലേക്ക് എത്രത്തോളം യോജിക്കുമെന്ന് നിർണ്ണയിക്കുന്നതു പോലെ.

ഒരു വിലയിരുത്തൽ നടത്തുന്നതിനു ഉപയോഗിക്കുന്ന നടപടിക്രമങ്ങൾ ഇവയാണ്:

· അഭിമുഖങ്ങള്‍

· നിരീക്ഷണം

· എഴുത്തു വിലയിരുത്തൽ പരീക്ഷ

· മറ്റ് മാനസികാരോഗ്യ വിദഗ്ദ്ധരുമായി കൂടിയാലോചിക്കുക

· ഔപചാരികമായ മനഃശാസ്ത്ര പരിശോധനകൾ

മനഃശാസ്ത്രപരമായ വിലയിരുത്തല്‍, താഴെ പറയുന്നതുപോലെയുള്ള മറ്റു മേഖലകളിലും ഉപയോഗിക്കുന്നുണ്ട്:

  • വിദ്യാഭ്യാസം - ഒരു വിദ്യാർത്ഥിയുടെ പഠിക്കാനുള്ള കഴിവും ക്ലാസ് മുറിയിലെ പുരോഗതിയും വിലയിരുത്തുന്നതിനും

  • നിയമ സംവിധാനം - ഒരു വ്യക്തിയുടെ മാനസികാരോഗ്യ നില വിലയിരുത്തുന്നതിന്

Q

എന്താണ് മനഃശാസ്ത്രപരമായ പരിശോധന?

A

ഒരു വ്യക്തിയുടെ വ്യത്യസ്ത കഴിവുകൾ, ഏതെങ്കിലും ഒരു പ്രത്യേക മേഖലയിലുള്ള അവരുടെ അഭിരുചി, ഓർമ്മശക്തി, സ്ഥലസംബന്ധിയായ തിരിച്ചറിവ് അല്ലെങ്കിൽ ചിലപ്പോൾ അന്തർമുഖത്വം പോലയുള്ള ധാരണാപരമായ പ്രവർത്തനങ്ങൾ എന്നിവ കണക്കാക്കുന്നതിനായി ഒരു മനഃശാസ്ത്രപരമായ പരിശോധന ഉപയോഗിക്കുന്നു. ശാസ്ത്രീയമായി പരീക്ഷിച്ച മനഃശാസ്ത്ര സിദ്ധാന്തങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ് ഈ പരിശോധനകൾ.

ഒരു പരിശോധനയുടെ രീതി പെൻസിൽ, പേപ്പർ ഉപയോഗിച്ചുള്ള കൃത്യങ്ങൾ മുതൽ കമ്പ്യൂട്ടർ അടിസ്ഥാനമാക്കിയുള്ളവ വരെ വ്യത്യാസപ്പെടാം. വിനോദാർത്ഥമുള്ള ഗൂഢപ്രശ്‌നം (പസിൽ) പരിഹരിക്കൽ, പടം വരയ്ക്കൽ, യുക്ത്യാനുസൃത പ്രശ്‌ന പരിഹാരങ്ങൾ, ഓർമ്മശക്തി ഉപയോഗിക്കേണ്ടുന്ന കളികൾ എന്നിവ പോലെയുള്ള പ്രവർത്തനങ്ങൾ അവയിൽ ഉൾപ്പെടുന്നു.

ചില പരിശോധനകൾ അബോധാവസ്ഥയിലേക്ക് പ്രവേശിക്കാൻ ലക്ഷ്യമിടുന്ന "പ്രൊജക്റ്റീവ് ടെക്‌നിക്കുകൾ" എന്നറിയപ്പെടുന്ന ചില സമ്പ്രദായങ്ങളും ഉപയോഗിക്കുന്നുണ്ട്. ഈ സന്ദർഭങ്ങളിൽ, ടെസ്റ്റിനു വിധേയനാകുന്ന വ്യക്തിയുടെ പ്രതികരണങ്ങൾ മനഃശാസ്ത്രപരമായ വ്യാഖ്യാനത്തിലൂടെയും മുകളിൽ സൂചിപ്പിച്ച പ്രൊജക്റ്റീവ് അല്ലാത്ത സമ്പ്രദായങ്ങളേക്കാൾ സങ്കീർണ്ണമായ അൽഗോരിതങ്ങളിലൂടെയും വിശകലനം ചെയ്യുന്നു. ഉദാഹരണത്തിന്, ഇങ്ക്-ബ്ലോട്ട് ടെസ്റ്റ് എന്നറിയപ്പെടുന്ന റോഷാക് പരിശോധനയ്ക്ക് (Rorschach test) വ്യക്തിയുടെ വ്യക്തിത്വത്തെയും വൈകാരിക പ്രവർത്തനത്തെയും കുറിച്ച് ഉൾക്കാഴ്ച നൽകുന്നതിനു കഴിയും.

ഒരാളുടെ ഇടപെടലുകളും പെരുമാറ്റവും നിരീക്ഷിക്കുന്നതും മനഃശാസ്ത്രപരമായ പരിശോധനകളിൽ ഉൾപ്പെട്ടേക്കാം. പരിശോധനയുടെ ഫലത്തെ അടിസ്ഥാനമാക്കി, വ്യക്തിയുടെ അന്തർലീനമായ കഴിവുകളെയും സാദ്ധ്യതകളെയും കുറിച്ച് ഒരു നിഗമനത്തിൽ എത്തുകയും ചെയ്യും.

Q

മനഃശാസ്ത്രപരമായ പരിശോധനകൾ എന്താണ് അളക്കുന്നത്?

A

മനഃശാസ്ത്രപരമായ പരിശോധനകൾ നിരവധി വ്യത്യസ്ത മേഖലകള്‍ ഉൾക്കൊള്ളുന്നുണ്ട്:

മാനസികാരോഗ്യ വിലയിരുത്തൽ

ഒരു മാനസികാരോഗ്യ വിലയിരുത്തലിൽ ഒരു വ്യക്തിയുടെ വൈദ്യശാസ്ത്ര ചരിത്രം, അവരുടെ കുടുംബ ചരിത്രം, അവരുടെ മാനസികാരോഗ്യത്തിന്‍റെ നിലവിലെ അവസ്ഥ എന്നിവയെക്കുറിച്ചുള്ള വിവരങ്ങൾ ഉൾപ്പെടുന്നു. ഇപ്പോൾ എന്തെങ്കിലും മാനസികാരോഗ്യ പ്രശ്നങ്ങൾ ഉണ്ടോയെന്ന് തിരിച്ചറിയുന്നതിനും അതിനനുസരിച്ച് രോഗനിർണ്ണയം നടത്തുന്നതിനും ചികിത്സ തീരുമാനിക്കുന്നതിനും വിലയിരുത്തൽ സഹായിക്കുന്നു.

ഒരു സൈക്കോളജിസ്റ്റ് അല്ലെങ്കിൽ സൈക്യാട്രിസ്റ്റ് ഒരു കൂടിക്കാഴ്ച ആരംഭിക്കുന്നത് ഒരു മാനസികാരോഗ്യ വിലയിരുത്തലോടെ ആയിരിക്കുന്നതിനു സാദ്ധ്യതയുണ്ട്, ഇത് നിങ്ങളുടെ രോഗം ശരിയായി നിർണ്ണയിക്കുന്നതിനും നിങ്ങളെ ചികിത്സിക്കുന്നതിനും അവരെ പ്രാപ്തരാക്കും.

കാലാനുഗുണമായ പെരുമാറ്റ വിലയിരുത്തലുകൾ (അഡാപ്റ്റീവ് ബിഹേവിയർ അസസ്സ്‌മെന്‍റ്‌സ്)

ഇത് ഒരു വ്യക്തിയുടെ വീട്ടിൽ, സ്‌കൂളിൽ അല്ലെങ്കിൽ ജോലിസ്ഥലത്ത് ദിവസേന പ്രവർത്തിക്കാനുള്ള അവരുടെ കഴിവ് നിർണ്ണയിക്കുന്നതിനു വേണ്ടി അയാളുടെ സാമൂഹികവും പ്രായോഗികവുമായ കഴിവുകൾ അളക്കുന്നു; അവ സാധാരണയായി ധാരണാപരമായ പരിശോധനകൾക്കൊപ്പം നടത്തുകയും ചെയ്യുന്നു.

ഉദാഹരണത്തിന്, സ്‌കൂളിലെ മറ്റ് വിദ്യാർത്ഥികളുടെ ഒപ്പം സാമൂഹിക പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നതിനുള്ള കുട്ടിയുടെ കഴിവ് വിലയിരുത്തുന്നതിന് ഇത് ഉപയോഗിച്ചേക്കാം.

അഭിരുചി പരിശോധന

അഭിരുചി പരിശോധന വിവിധ തരത്തിലുള്ള ജോലികൾ ചെയ്യാനുള്ള ഒരു വ്യക്തിയുടെ കഴിവ് അളക്കുന്നു. അവരുടെ കഴിവുകൾ ഏറ്റവും ശക്തമായ മേഖലകൾ ഏതാണ് എന്നു നിർണ്ണയിക്കുന്നതിനാണ് ഇത് ചെയ്യുന്നത്. ചില ആളുകൾ ഗണിത, യുക്ത്യാനുസൃത അനുമാന കഴിവുകൾ ആവശ്യമുള്ള പാരിമാണിക കൃത്യങ്ങളിൽ ആയിരിക്കും കൂടുതൽ മെച്ചം, മറ്റു ചിലരാകട്ടെ, ഭാഷ, ചിലത് സൃഷ്ടിപരമായ ചിന്താഗതി എന്നിവയിൽ ആയിരിക്കും മികച്ചു നിൽക്കുന്നത്.

കഴിവ് അളക്കുന്നതിനായി തൊഴിൽപര (വൊക്കേഷണൽ) തെറാപ്പിസ്റ്റുകൾ ഈ പരിശോധനകൾ ഉപയോഗിക്കുന്നു, അങ്ങനെ ഒരു വ്യക്തിക്ക് അനുയോജ്യമായേക്കാവുന്ന ജീവിതവൃത്തികൾ അല്ലെങ്കിൽ ജോലികൾ കണ്ടെത്തുകയും ചെയ്യുന്നു. ഉയർന്ന കഴിവ് പ്രകടിപ്പിക്കുന്ന മേഖലകളിൽ ആളുകളെ ഉന്നത വിദ്യാഭ്യാസത്തിലേക്ക് നയിക്കുന്നതിനു വേണ്ടി, കരിയർ കൗൺസിലർമാർ അവരെ ഉപയോഗിച്ചെന്നും വരാം.

ധാരണാപര പരിശോധന (കോഗ്നിറ്റീവ് ടെസ്റ്റിംഗ്)

ധാരണാപര പരിശോധന ഒരു വ്യക്തിയുടെ വൈജ്ഞാനിക കഴിവുകൾ - പ്രശ്‌നം പരിഹരിക്കൽ, യുക്തി, പദാവലി, ഗ്രഹിക്കല്‍, ഓർമ്മശക്തി - അളക്കുന്നു. അവ സാധാരണയായി ബുദ്ധി അല്ലെങ്കിൽ ഐക്യു പരിശോധനകൾ എന്നറിയപ്പെടുന്നു, മാത്രമല്ല ഒരു വ്യക്തിയുടെ ശക്തിയും സാദ്ധ്യതയും തിരിച്ചറിയുന്നതിന് വിദ്യാഭ്യാസ മേഖലയിലും അത് ഉപയോഗിക്കുന്നുണ്ട്.

ഉദാഹരണത്തിന്, വ്യത്യസ്ത വിഷയങ്ങളിലുള്ള ഒരു കുട്ടിയുടെ കഴിവ് ആ കുട്ടിക്ക് ഒരു ധാരണാപര പരിശോധന നൽകിയേക്കാം; കുട്ടികൾക്ക് പ്രശ്നമുള്ള വിഷയങ്ങൽ ഏതാണോ അവയിൽ പ്രവർത്തിക്കുന്നതിന് അവരെ സഹായിക്കുന്നതിനായി അത് അദ്ധ്യാപകരെ അനുവദിക്കുന്നു.

വിദ്യാഭ്യാസ / പ്രാപ്തി നിർണ്ണയ പരിശോധന

ഗണിതശാസ്ത്രം, വായന, ഗ്രഹിക്കൽ പോലെയുള്ള ഒരു പ്രത്യേക വിഷയം പഠിക്കുന്നതിൽ ഒരു വ്യക്തി എത്രമാത്രം പുരോഗതി കൈവരിച്ചുവെന്ന് പരിശോധിക്കുന്നതിനും അവർ അതിൽ എന്തെങ്കിലും ബുദ്ധിമുട്ടുകൾ അനുഭവിച്ചിരുന്നുവോ എന്നു തിരിച്ചറിയുന്നതിനും വേണ്ടിയാണ് വിദ്യാഭ്യാസ പരിശോധന നടത്തുന്നത്.

സ്‌കൂളുകളിലും കോളേജുകളിലും വിദ്യാർത്ഥികൾ എടുക്കുന്ന പരീക്ഷകളാണ് പ്രാപ്തി നിർണ്ണയ പരീക്ഷകൾ.

ഫോറൻസിക് മനഃശാസ്ത്രപര പരിശോധന

ഒരാളിൽ ആരോപിക്കപ്പെട്ട ഒരു കുറ്റകൃത്യം ചെയ്യുന്നതിന് അയാൾക്ക് പ്രാപ്തിയുണ്ടോ എന്നു നിർണ്ണയിക്കുന്നതിനായി നിയമരംഗത്ത് ഫോറൻസിക് പരിശോധന ഉപയോഗിക്കുന്നു. ധാരണാപരം, വ്യക്തിത്വം, നാഡീവ്യൂഹബന്ധിത (ന്യൂറോ) മനഃശാസ്ത്രപര പരിശോധനകൾ എന്നിവ ഇതിൽ ഉൾപ്പെടുന്നു.

നാഡീവ്യൂഹബന്ധിത (ന്യൂറോ) മനഃശാസ്ത്രപര പരിശോധനകൾ

നാഡീവ്യൂഹബന്ധിത (ന്യൂറോ) മനഃശാസ്ത്രപര പരിശോധനകൾ, ഒരു വ്യക്തിയുടെ മസ്തിഷ്‌കത്തിന്‍റെ പ്രവർത്തനത്തിൽ എന്തെങ്കിലും പ്രശ്‌നങ്ങൾ ഉണ്ടോ എന്നു തിരിച്ചറിയുന്നതിനു വേണ്ടി അത് എങ്ങനെ പ്രവർത്തിക്കുന്നുവെന്ന് വിശകലനം ചെയ്യുന്നു.

ഉദാഹരണത്തിന്, തലയ്ക്ക് പരിക്കേറ്റ ഒരാളുടെ, വിവരങ്ങൾ സൂക്ഷിക്കാനുള്ള തലച്ചോറിന്‍റെ കഴിവ് പരിശോധിക്കുന്നതിനു വേണ്ടി, ഒരു നാഡീവ്യൂഹബന്ധിത (ന്യൂറോ) മനഃശാസ്ത്രപര പരിശോധനയ്ക്ക് അയാൾക്ക് വിധേയനാകേണ്ടതായി വരാം.

വ്യക്തിത്വ വിലയിരുത്തൽ

ഒരു വ്യക്തിത്വ പരിശോധന, ഒരു വ്യക്തിയുടെ വ്യക്തിത്വ സവിശേഷതകളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നു. ഒരു വ്യക്തി കൂടുതൽ അന്തർമുഖത്വം ഉള്ളയാളാണോ അതോ കൂടുതൽ ബഹിർമുഖത്വം ഉള്ളയാളാണോ, ജാഗ്രതയോടെ ഇരിക്കുന്നയാളോ അതോ നൈസർഗ്ഗികമായി പ്രവർത്തിക്കുന്നയാളോ ആണോ, വിവിധ തരം ജീവിത സാഹചര്യങ്ങളോട് അവർ എങ്ങനെ ആയിരിക്കും പ്രതിപ്രവർത്തിക്കകയോ പ്രതികരിക്കുകയോ ചെയ്യുക എന്നു വിലയിരുത്തുന്നതിനും ഇത് സഹായിക്കുന്നു.

മനഃശാസ്ത്രപരമായ പരിശോധനകളുടെ വ്യാഖ്യാനം

മനഃശാസ്ത്രപരമായ പരിശോധനകൾ, പരീക്ഷിക്കപ്പെടുന്ന വ്യക്തിയുടെ ജീവിതസന്ദർഭങ്ങൾ - അവരുടെ പരിതസ്ഥിതി, സാമൂഹിക സാമ്പത്തിക നില അല്ലെങ്കിൽ ശാരീരിക ആരോഗ്യം - കൂടി കണക്കിലെടുക്കാതെ വ്യാഖ്യാനിക്കപ്പെടുന്നതിനു ഉദ്ദേശിച്ചിട്ടുള്ളവയല്ല. പരിശോധനകൾ, ശാസ്ത്രീയമായി പരിശോധിക്കപ്പെട്ട മാനദണ്ഡങ്ങൾ ഉപയോഗിക്കുമെങ്കിലും, അതിന്‍റെ ഫലങ്ങൾ മാത്രമായി മാനദണ്ഡമായി ഉപയോഗിക്കുന്നത് തെറ്റായ വ്യാഖ്യാനങ്ങളിലേക്ക് നയിച്ചേക്കാം.

ഉദാഹരണത്തിന്, ഒരു രക്തപരിശോധനാ റിപ്പോർട്ടിന്‍റെ കാര്യത്തിൽ, ഒരു ഡോക്ടർ അതിലെ അക്കങ്ങൾ നിങ്ങളുടെ ലക്ഷണങ്ങളും പൊതു ശാരീരിക ആരോഗ്യവുമായി ബന്ധപ്പെട്ട് വായിക്കേണ്ടത് രോഗനിർണ്ണയത്തിന് ആവശ്യമാണ്.

അതുപോലെ, മുകളിൽ സൂചിപ്പിച്ച പല മാനസിക പരിശോധനകളും ഇൻറർനെറ്റിൽ എളുപ്പത്തിൽ ലഭ്യമാണെങ്കിലും, ഒരു മാനസികാരോഗ്യ വിദഗ്ദ്ധന്‍റെ ഉപദേശം തേടാതെ അവ എടുക്കുന്നത് നിങ്ങളുടെ വ്യക്തിത്വം, അഭിരുചി അല്ലെങ്കിൽ പെരുമാറ്റം എന്നിവയുടെ യഥാർത്ഥ വിശകലനം നേടുന്നതിലേക്ക് നയിച്ചു എന്നു വരില്ല. എന്നു മാത്രമല്ല, നിങ്ങൾക്ക് ആവശ്യമായ സഹായം ലഭിക്കുന്നില്ലെന്നാണ് ഇത് അർത്ഥമാക്കുന്നതും.

Related Stories

No stories found.
White Swan Foundation
malayalam.whiteswanfoundation.org