മാനസികാസ്വാസ്ഥ്യത്തിൽ രോഗപ്രത്യാഗമനം എന്നാൽ അർത്ഥമെന്താണ്?

മാനസികാസ്വാസ്ഥ്യത്തിൽ രോഗപ്രത്യാഗമനം എന്നാൽ അർത്ഥമെന്താണ്?

രോഗമുക്തിക്ക് അപ്പുറം രോഗപ്രത്യാഗമനം തടയൽ എന്നുള്ളതും മാനസിക അസുഖാവസ്ഥയുടെ ഒരു പ്രധാന ഭാഗമാണ്

മാനസികാസ്വാസ്ഥ്യാവസ്ഥയിൽ നിന്നു രോഗമുക്തി എന്നത് വ്യക്തികളുടെ മാനസികാരോഗ്യവും സൗഖ്യവും വീണ്ടെടുത്ത് അവരുടെ പ്രവർത്തനങ്ങൾ പഴയതു പോലെ പുനരാരംഭിക്കുന്നതിനു പ്രാപ്തമാക്കുന്ന ഒരു പ്രക്രിയയും മാറ്റവുമാണ്. എന്നിരുന്നാലും മുൻകൂട്ടി കാണാൻ കഴിയാതിരുന്ന കാരണങ്ങളാൽ, മാനസികാസ്വാസ്ഥ്യങ്ങൾക്ക് ഒരു തിരിച്ചു വരവ് നടത്താൻ കഴിയും, ഇത് രോഗമുക്തി തടസ്സപ്പെടുത്തുകയും ചെയ്യും. ജീവിതകാലം മുഴുവൻ നീളുന്ന ശ്രദ്ധ ആവശ്യമുള്ള സ്‌കിസോഫ്രീനിയ, ബൈപോളാർ തകരാർ തുടങ്ങിയ കഠിനമായ മാനസികാസുഖങ്ങളുടെ കാര്യത്തിൽ രോഗപ്രത്യാഗമനത്തിനുള്ള സാദ്ധ്യത വളരെ ഉയർന്നതാണ്. എന്നിരുന്നാലും രോഗപ്രത്യാഗമനത്തിന്‍റെ പ്രഭാവം ആ അവസ്ഥയുടെ പ്രകൃതത്തേയും അതിന്‍റെ കാഠിന്യത്തേയും ആശ്രയിച്ച് ആയിരിക്കും അനുഭവപ്പെടുക.

വിഷാദം പോലെയുള്ള സാധാരണ മാനസികാസുഖങ്ങളെ സംബന്ധിച്ച്, രോഗപ്രത്യാഗമനം എന്നാൽ ഉത്പാദനക്ഷമത നഷ്ടപ്പെടുന്നതും പ്രചോദനത്തിലും സാമൂഹ്യ പാരസ്പര്യത്തിലും കുറവുണ്ടാകുന്നതും ആയിരിക്കും. കൂടുതൽ കഠിനതരമായ അസുഖങ്ങൾക്ക്, രോഗപ്രത്യാഗമനം എന്നാൽ ദൈനംദിന പ്രവർത്തനങ്ങളിൽ ഗുരുതരമായ വീഴ്ച്ച, സാമൂഹ്യ പിൻവലിയൽ, മിഥ്യാബോധം, മതിഭ്രമം, അല്ലെങ്കിൽ അക്രമോത്സുകത തുടങ്ങിയവ ആകാം.

Q

എന്താണ് രോഗപ്രത്യാഗമനം?

A

രോഗപ്രത്യാഗമനം (Relapse) എന്നാൽ രോഗമുക്തിക്കു ശേഷം ലക്ഷണങ്ങൾ വീണ്ടും ശക്തിയായി തിരികെ പ്രത്യക്ഷപ്പെടുന്നതാണ്. സാധാരണഗതിയിൽ രോഗപ്രത്യാഗമനം ഘട്ടം ഘട്ടമായാണ് സംഭവിക്കുക, ഓരോ വ്യക്തിയുടെ രോഗപ്രത്യാഗമനത്തിനും ഓരോ സവിശേഷ ക്രമരൂപവും ഉണ്ടാകും. അതായത്, ഓരോ സംഭവത്തിനോടും അനുബന്ധിച്ച് ആവർത്തിക്കുന്ന ചില ലക്ഷണങ്ങൾ. ഒരു വ്യക്തി ഒരു പ്രാവശ്യം രോഗപ്രത്യാഗമനം അനുഭവിച്ചിട്ടുണ്ടെങ്കിൽ, രോഗപ്രത്യാഗമനലക്ഷണങ്ങളെ കുറിച്ച് അവബോധമുണ്ടാകുന്നത് പിന്നീടു വരുമ്പോൾ, കൂടുതൽ മെച്ചപ്പെട്ട രീതിയിൽ അതു കൈകാര്യം ചെയ്യുന്നതിനോ ശരിയായ സമയത്ത് സഹായം തേടുകയോ ചെയ്യുന്നതിന് അവരേയും പരിചരിക്കുന്നവരേയും സഹായിക്കുകയും ചെയ്യുന്നു.

Q

എന്തുകൊണ്ടാണ് രോഗപ്രത്യാഗമനം സംഭവിക്കുന്നത്?

A

കഴിക്കുന്ന ഔഷധങ്ങൾ വ്യത്യാസപ്പെടുത്തുന്നത്, കഴിക്കുന്ന അളവിൽ വ്യത്യാസം വരുത്തുകയോ പെട്ടെന്നു നിർത്തുകയോ ചെയ്യുന്നത് രോഗപ്രത്യാഗമനത്തിന്റെ മുന്നറിയിപ്പു ലക്ഷണങ്ങൾ പ്രകടമാക്കാം. വ്യക്തി എന്ന നിലിയിൽ, മരുന്നുകളുടെ അളവ് മാറ്റുന്നു എന്നു നിങ്ങൾക്ക് അനുഭവപ്പെടുന്നു എങ്കിൽ, എന്താണ് നിങ്ങൾ പ്രതീക്ഷിക്കേണ്ടത് എന്നു നിങ്ങളുടെ സൈക്യാട്രിസ്റ്റിനോട് ചോദിക്കുന്നതാണ് നല്ലത്; നിങ്ങളുടെ പെരുമാറ്റത്തിലോ ചിന്തകളിലോ എന്തെങ്കിലും വ്യത്യാസം നിങ്ങൾക്ക് തോന്നുന്നുവെങ്കിൽ ഡോക്ടറുമായി ബന്ധം പുലർത്തുകയും ചെയ്യുക. പരിചരിക്കുന്ന ഒരു വ്യക്തി എന്ന നിലിയിൽ, മരുന്നുകളുടെ വ്യത്യാസം മാനസികാസ്വാസ്ഥമുള്ള വ്യക്തിക്ക് കൂടുതൽ മെച്ചപ്പെട്ടതായാണോ മോശമായാണോ അനുഭവപ്പെടുന്നത് എന്നു നിരീക്ഷിക്കുക, ചികിത്സിക്കുന്ന സൈക്യാട്രിസ്റ്റിനോട് അതേ കുറിച്ച് സംസാരിക്കുകയും ചെയ്യുക.

പദാർത്ഥ ഉപയോഗം, അല്ലെങ്കിൽ മയക്കു മരുന്ന്, മദ്യം എന്നിവ കൊണ്ടും രോഗപ്രത്യാഗമനം സംഭവിക്കാം. ജോലിയിലെ സ്ഥാനക്കയറ്റം, വിവാഹം, ഗർഭധാരണം, ശിശു ജനനം തുടങ്ങിയവ സൃഷ്ടിക്കുന്ന മാനസിക പിരിമുറുക്കം മൂലവും ഇത് സംഭവിക്കാവുന്നതാണ്; ജോലി നഷ്ടം, അല്ലെങ്കിൽ സ്‌നേഹിക്കുന്ന ഒരാളുടെ മരണം തുടങ്ങിയ വെല്ലുവിളികൾ കൊണ്ടും ഇതു സംഭവിക്കാം.

Q

രോഗപ്രത്യാഗമനം പ്രവചിക്കുവാൻ കഴിയുമോ?

A

സാധാരണഗതിയിൽ രോഗപ്രത്യാഗമനത്തിന്‍റെ ആദ്യകാലമുന്നറിയിപ്പുകൾ ഏതാനും ദിവസങ്ങൾക്കോ ആഴ്ച്ചകൾക്കോ മുമ്പു മുതലേ രോഗമുള്ള വ്യക്തിയുടേയോ പരിചരിക്കുന്നവരുടേയോ ശ്രദ്ധയിൽ പെടുന്നതിനു സാദ്ധ്യതയുണ്ട്. വ്യക്തിയുടെ ചിന്തകളിലോ പെരുമാറ്റത്തിലോ പ്രത്യക്ഷബോധത്തിലോ ഉള്ള മാറ്റങ്ങൾ ആയിരിക്കും ആദ്യകാല മുന്നറിയിപ്പു ലക്ഷണങ്ങൾ.

 • ഉറക്കം ഇല്ലായ്മ

 • ഏകാന്തത

 • ഭക്ഷണാഭിരുചികളിൽ ഉള്ള മാറ്റങ്ങൾ

 • അസ്വസ്ഥത, ശാന്തമാകാൻ കഴിയാതിരിക്കുക

 • പിരിമുറുക്കമോ പ്രകോപനപരതയോ അനുഭവപ്പെടുക

 • ബാഹ്യരൂപത്തിലും വ്യക്തി ശുചിത്വത്തിലും ശ്രദ്ധയില്ലായ്മ

 • ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനുള്ള കഴിവില്ലായ്മ, മറവി

 • വിശദീകരിക്കാനാവാത്ത ശരീരപീഡകളും വേദനകളും (വിഷാദത്തിന്‍റെ)

രോഗപ്രത്യാഗമനസമയത്തുള്ള ആസൂത്രണം

പരിചരിക്കുന്ന വ്യക്തികൾ എന്ന നിലയിൽ, രോഗമുക്തിക്കു ശേഷം, മാനസികാസ്ഥ്വാസ്ഥ്യത്തിന്റെ ലക്ഷണങ്ങൾ മടങ്ങി വരുന്നതിനു സാദ്ധ്യതയുണ്ട് എന്നു മനസ്സിലാക്കേണ്ടത് പ്രധാനമാണ്. ഒരു ആസൂത്രണരേഖ ചമയ്ക്കുന്നതിന് അസുഖമുള്ള വ്യക്തിയേയും ആ ആളുടെ മാനസികാരോഗ്യ വിദദ്ധനേയും കൂടി നിങ്ങൾക്ക് ഉൾപ്പെടുത്താവുന്നതുമാണ്. രോഗപ്രത്യാഗമനം നേരിടുന്നതിനു വേണ്ടി കൈക്കൊള്ളേണ്ട ചില തയ്യാറെടുപ്പുകൾ ഇതാ ചുവടെ തന്നിരിക്കുന്നു:

 • മാറ്റങ്ങളുടെ/ആദ്യകാല മുന്നറിയിപ്പു ലക്ഷണങ്ങളുടെ പ്രത്യേകമായ ലക്ഷണങ്ങൾ: രോഗാവസ്ഥയിലുള്ള വ്യക്തിയുടെ ചിന്തകളിലുും പെരുമാറ്റത്തിലും വൈകാരിക സ്ഥിതിയിലും സംഭവിക്കുന്ന സവിശേഷമായ മാറ്റങ്ങൾ പരിചരിക്കുന്ന വ്യക്തികൾക്ക് തിരിച്ചറിയാൻ കഴിയുന്നതാണ് - അവർ പതിവിലും കൂടുതൽ ശുണ്ഠി പിടിക്കുന്നുണ്ടോ? ഉറക്ക ക്രമങ്ങളിൽ എന്തെങ്കിലും ഗുരുതരമായ മാറ്റം ഉണ്ടോ? പരിചരിക്കുന്ന വ്യക്തിക്ക് തീവ്രതയുടെ അളവും ലക്ഷണങ്ങളുടെ ഇടവേളകളും കുറിച്ചു വയ്ക്കാവുന്നതാണ്.

 • രോഗപ്രത്യാഗമന സംഭവം ചർച്ച ചെയ്യുക: രോഗം ബാധിച്ച വ്യക്തി പൂർണ്ണമായും പരിചരിക്കുന്നവരെ ആശ്രയിക്കുന്ന ആളാണ് എങ്കിൽ, അവർ ഇരുവരും രോഗപ്രത്യാഗമന സംഭവത്തെ പറ്റി ചർച്ച ചെയ്യേണ്ടത് പ്രധാനമാണ്. ആ വ്യക്തി മിതപ്രകൃതിയോ ഉയർന്ന പ്രവർത്തനരീതിയോ ഉള്ള ആളാണെങ്കിൽ, പരിചരിക്കുന്നവർക്ക് മുന്നറിയിപ്പു ലക്ഷണങ്ങൾ അസുഖമുളള ആളുമായി ചർച്ച ചെയ്ത് അതു കൈകാര്യം ചെയ്യുന്നതിനായുള്ള ഒരു രൂപരേഖ സൃഷ്ടിക്കാവുന്നതാണ്.

 • അവരുടെ ഔഷധോപയോഗം പിന്തുടരുക- അത് അളവിൽ അല്ലെങ്കിൽ ഉപയോഗക്രമത്തിൽ ഉള്ള ഒരു വ്യത്യാസമാകട്ടെ, ഔഷധങ്ങളിലുള്ള മാറ്റമാകട്ടെ. അതിനോട് അനുബന്ധിച്ചു ഉണ്ടാകുന്ന മാറ്റങ്ങൾ, അസുഖം ബാധിച്ച വ്യക്തിശ്രദ്ധിക്കുന്നതിന് ഇത് ഇടയാക്കും. പരിചരിക്കുന്നതിനു നിയോഗിച്ചിരിക്കുന്ന വ്യക്തിക്ക് കർമ്മപദ്ധതി സംബന്ധിച്ച് ചികിത്സിക്കുന്ന സൈക്യാട്രിസ്റ്റിന്റേയും അഭിപ്രായം ആരായാം.

 • മാനസിക പിരിമുറുക്കം സൃഷ്ടിക്കുന്ന സംഭവങ്ങൾ അടയാളപ്പെടുത്തുക: രോഗം ബാധിച്ച വ്യക്തി എന്തെങ്കിലും പ്രധാന ജീവിതസംഭവം പ്രതീക്ഷിക്കുന്നുണ്ടെങ്കിൽ, ശുഭാത്മകമായവ ആണെങ്കിൽ കൂടി, അവയെ കുറിച്ചു പരിചരണം നൽകുന്ന വ്യക്തി അറിഞ്ഞിരിക്കേണ്ടതാണ്, രോഗലക്ഷണങ്ങൾ പ്രകടമായാൽ, അവ എങ്ങനെയാണ് കൈകാര്യം ചെയ്യേണ്ടത് എന്നതിനെ കുറിച്ച് ചർച്ചയും ചെയ്യേണ്ടതാണ്.

രോഗപ്രത്യാഗമനത്തിനു ശേഷമുള്ള രോഗമുക്തി

ഒരു രോഗപ്രത്യാഗമന സംഭവത്തിനു ശേഷമുള്ള രോഗമുക്തി കാലം വെല്ലുവിളി ഉയർത്തുന്നത് ആകുന്നതിനു സാദ്ധ്യതയുണ്ട്, ഇതിന് പരിചരണം നിർവ്വഹിക്കുന്നവരുടെ പിന്തുണയും ക്ഷമയും ആവശ്യവുമാണ്. തന്റെ അസുഖത്തിൽ നിന്ന് രോഗം ബാധിച്ച വ്യക്തി വേണ്ടുന്നത്ര രോഗമുക്തി നേടിയിട്ടില്ലെങ്കിൽ, രോഗപ്രത്യാഗമനം ഉത്സാഹം കെടുത്തുന്നത് ആകാം, അത് അവരുടെ ആത്മാഭിമാനത്തെ ബാധിക്കുകയും ചെയ്യും. പരിചരിക്കുന്ന വ്യക്തി എന്ന നിലയ്ക്ക്, തന്റെ പിന്തുണ ലഭ്യമാണ് എന്ന് അസുഖമുള്ള വ്യക്തിക്ക് സ്ഥിരീകരണം നൽകാവുന്നതാണ്. പരിചരണം നൽകുന്ന വ്യക്തി എന്ന നിലയ്ക്ക് നിങ്ങൾക്ക് ഈ അവസ്ഥ വൈകാരികമായി പരവശപ്പെടുത്തുന്നത് ആയി തോന്നുന്നുവെങ്കിൽ, അതിനെ കുറിച്ചു സംസാരിക്കുന്നതിന് നിങ്ങൾക്ക് ഒരു തെറപ്പിസ്റ്റിന്റെ ഉപദേശം ആരായാവുന്നതാണ്. പരിചരിക്കുന്ന വ്യക്തിക്കും അസുഖമുള്ള വ്യക്തിക്കും രോഗപ്രത്യാഗമനത്തെ കുറിച്ച് ഉള്ള സംശയങ്ങൾ ചികിത്സിക്കുന്ന സൈക്യാട്രിസ്റ്റിനോട് ചോദിച്ച് സ്പഷ്ടമാക്കേണ്ടതുണ്ട്.

അവലംബങ്ങൾ:

സിസ്റ്റം ടു എയ്ഡ് റിക്കവറി ബുക്ക്‌ലെറ്റ്, സൗത്ത് വെസ്റ്റ് ഹെൽത്ത് സർവീസസ്, ആസ്‌ട്രേലിയ

ബംഗളുരു നിംഹാൻസിലെ (NIMHANS ) സൈക്യാട്രിക് റീഹാബിലിറ്റേഷൻ സർവീസസിലെ അസിസ്റ്റന്റ് പ്രൊഫസർ ആയ ഡോ കൃഷ്ണപ്രസാദ്, മുംബൈ ആസ്ഥാനമാക്കിയ സൈക്യാട്രിസ്റ്റ് ഡോ ദയാൽ മിർച്ചന്ദാനി എന്നിവർ പകർന്നു തന്ന അറിവുകൾ ഉൾക്കൊള്ളിച്ച് തയ്യാറാക്കിയത്.

White Swan Foundation
malayalam.whiteswanfoundation.org