സൗഖ്യം

കൃതജ്ഞത : സുപ്രധാന വികാരം

ഡോ. എഡ്വേര്‍ഡ് ഹോഫ്മാന്‍

ജീവിതത്തില്‍  എന്തിനെക്കുറിച്ചാണ് നിങ്ങള്‍ക്ക് ഏറ്റവും നന്ദിയുള്ളത്. എപ്പോഴെല്ലാമാണ് നിങ്ങള്‍ക്ക് കൃതജ്ഞത തോന്നുന്നത്, കൃതജ്ഞത പ്രകടിപ്പിക്കുക നിങ്ങള്‍ക്ക് എത്രത്തോളം എളുപ്പമാണ്. ഗുണാത്മക മനഃശാസ്ത്രം (പോസിറ്റീവ് സൈക്കോളജി) എന്ന പുതിയ മേഖലയില്‍ ഇത്തരം ചോദ്യങ്ങള്‍ സുപ്രധാനമായിരിക്കുന്നതില്‍ അതിശയിക്കാനില്ല, കാരണം മനുഷ്യ ചരിത്രത്തിലുടനീളം വ്യത്യസ്ത സംസ്കാരങ്ങളില്‍ കൃതജ്ഞത എന്നത് വളരെ വിലമതിക്കപ്പെടുന്ന ഒരു വികാരമാണ്. 

ഇന്ത്യയില്‍ ഇക്കാര്യം വളരെ ശരിയാണ്. ഉദാഹരണത്തിന്, 1200ലധികം വര്‍ഷങ്ങള്‍ക്ക് മുമ്പ് ഒരു കവിയായിരുന്ന ഹിന്ദു  ദാര്‍ശനികന്‍ എഴുതിയ 'കുറള്‍' എന്ന തമിഴ് കൃതിയില്‍ ദൈനംദിന  ജീവിതത്തിലെ കൃതജ്ഞതയില്‍ പ്രത്യേകം കേന്ദ്രീകരിക്കുന്ന ഒരു ഭാഗമുണ്ട്. അതില്‍ ഈ ഈരടിയുണ്ട്.
" മറ്റെല്ലാ പാപങ്ങളില്‍ നിന്നും മനുഷ്യന് മുക്തിനേടാനായേക്കും. പക്ഷെ നന്ദികേടെന്ന പാപത്തില്‍ നിന്ന് ആരും ഒരിക്കലും രക്ഷപെട്ടിട്ടില്ല." ( ജി എന്‍ ദാസിന്‍റെ  റീഡിംഗ്സ് ഫ്രം തിരുക്കുറള്‍  എന്ന പുസ്തകം. പേജ് 32)
കൃതജ്ഞതയെ പോസിറ്റീവ് സൈക്കോളജിസ്റ്റുകള്‍ എങ്ങനെയാണ് നിര്‍വചിക്കുന്നത്? ഈ മേഖലയിലെ പ്രമുഖ ഗവേഷകനായ ഡോ. റോബര്‍ട്ട് എമണ്‍സ് ഇങ്ങനെ പറയുന്നു; "കൃതജ്ഞത എന്നത് ഒരു ഉപഹാരത്തോടുള്ള വൈകാരിക പ്രതികരണമാണ്.ഒരാള്‍ക്ക് മനുഷ്യസ്നേഹപരമായ ഒരു പ്രവര്‍ത്തിയുടെ ഗുണഭോക്താവായ ശേഷം തോന്നുന്ന മതിപ്പാണ് അത്".
   
 ഹിന്ദു ടെമ്പിള്‍ സൊസൈറ്റി ഓഫ് നോര്‍ത്ത് അമേരിക്ക എന്ന സംഘടനയുടെ പ്രസിഡന്‍റായ സമകാലിക ചിന്തക ഡോ. ഉമാ മൈസൂര്‍ക്കര്‍ നിരീക്ഷിക്കുന്നു," ഹിന്ദു പാരമ്പര്യത്തില്‍ കൃതജ്ഞതയ്ക്ക് വലിയ സ്ഥാനമാണ് ഉള്ളത്. ഇതിന് രണ്ടു വശങ്ങളുണ്ട്. കിട്ടുന്നതിനെല്ലാം നമ്മള്‍ കൃതജ്ഞതയുള്ളവരായിരിക്കണം, എന്നാല്‍ മറ്റുള്ളവരില്‍ നിന്നും കൃതജ്ഞതയൊന്നും പ്രതീക്ഷിക്കരുത്. ഫലേച്ഛകൂടാതെ നല്‍കുക എന്നാണ് ഹിന്ദുമതം പഠിപ്പിക്കുന്നത്." ലോകത്തിലെ മറ്റ് പ്രധാന മതങ്ങളും എപ്പോഴും കൃതജ്ഞതയ്ക്ക് ഊന്നല്‍ കൊടുത്തിട്ടുണ്ട്. പാശ്ചാത്യ ദാര്‍ശനിക പാരമ്പര്യമെടുത്താല്‍ പുരാതന ഗ്രീക്ക് ദാര്‍ശനികനായ സിസറോ ഇങ്ങനെ പറഞ്ഞു," കൃതജ്ഞത എന്നത് ഗുണങ്ങളില്‍ ഏറ്റവും മഹത്തായത് മാത്രമല്ല മറ്റെല്ലാത്തിന്‍റേയും മാതാവുമാണ്." എന്നാല്‍ അടുത്ത കാലം വരെ മനഃശാസ്ത്രം ഈ സ്വാഭവവിശേഷത്തെപ്പറ്റി വളരെ കുറച്ചു മാത്രമേ പറഞ്ഞിരുന്നുള്ളു. അമേരിക്കന്‍ സൈദ്ധാന്തികനായ ഏബ്രഹാം മാസ്ലോ ഇതിന് ഒരു അപവാദമായിരുന്നു. ഇരുപതാം നൂറ്റാണ്ടിന്‍റെ മധ്യത്തില്‍ സ്വയം സാക്ഷാത്ക്കരിക്കുന്ന (വളരെ ഉത്പാദനക്ഷമരും സര്‍ഗാത്മകതയുള്ളവരും ആത്മ-സംതൃപ്തരും)  സ്ത്രീ പുരുഷന്മാരെക്കുറിച്ച് നടത്തിയ പഠനങ്ങളെ അടിസ്ഥാനമാക്കി കൃതജ്ഞത തോന്നാനും എളുപ്പത്തില്‍ പ്രകടിപ്പിക്കാനുമുള്ള കഴിവുകള്‍ മാനസികാരോഗ്യത്തിന്‍റെ സുപ്രധാന ഘടകങ്ങളാണെന്ന് അദ്ദേഹത്തിന് ബോധ്യമായി-ഇതിന് പ്രയാസം അനുഭവിക്കുന്നവര്‍ക്ക് ഈ സ്വഭാവ സവിശേഷതകള്‍ വളര്‍ത്തിയെടുക്കുന്നതിന് മാര്‍ഗനിര്‍ദ്ദേശം നല്‍കാന്‍ കഴിയുമെന്നും. അതിനാല്‍ സ്വന്തം ജീവിതത്തിന്‍റെ ആഹ്ലാദങ്ങള്‍ ഓര്‍ത്തെടുക്കുക, തനിക്ക് ഭൂമിയില്‍ കുറച്ച് സമയം മാത്രമേ ബാക്കിയുള്ളു  എന്ന് സങ്കല്‍പ്പിക്കുക എന്നിങ്ങനെ കൃതജ്ഞത വളര്‍ത്തിയെടുക്കുന്നതിനുള്ള മാര്‍ഗങ്ങള്‍ അദ്ദേഹം പഠിപ്പിച്ചു. മാസ് ലോയുടെ അഭിപ്രായത്തില്‍, 'കിട്ടിയ അനുഗ്രഹങ്ങളെ എണ്ണിയെടുക്കുക' എന്ന പഴമൊഴി ഇപ്പോഴും വളരെ പ്രസക്തമാണ്.

ഇന്ന് ലോകത്തില്‍ കൃതജ്ഞതയില്‍ ഗവേഷണം നടത്തുന്നവരില്‍   പ്രമുഖനായ ഒരാള്‍ ഡേവിസിലെ കാലിഫോര്‍ണിയ സര്‍വ്വകലാശാലയിലെ ഡോ. റോബര്‍ട്ട് എമണ്‍സാണ്. കൃതജ്ഞതയുള്ള ആളുകള്‍ ജീവിതത്തിന്‍റെ പല പ്രധാന മേഖലകളിലും മാനസികമായി ഗുണം നേടുന്നു എന്ന് അദ്ദേഹവും  സഹപ്രവര്‍ത്തകരും           കണ്ടെത്തിയിട്ടുണ്ട്. ഇവയില്‍ സന്തോഷം, ശുഭാപ്തിവിശ്വാസം, ഊര്‍ജസ്വലത എന്നിവയടങ്ങിയ ഉയര്‍ന്ന വ്യക്തിപരമായ സൗഖ്യാനുഭവം, മറ്റുള്ളവരുമായി കൂടുതല്‍ അടുത്ത ബന്ധങ്ങള്‍, എല്ലാ ജീവികളോടുമുള്ള ബന്ധത്തെക്കുറിച്ച് കൂടുതല്‍ ശക്തമായ ബോധം, ഭൗതിക സ്വത്തുക്കളെ കുറിച്ച് കുറഞ്ഞ ഉത്കണ്ഠ എന്നിവ ഉള്‍പ്പെടുന്നു. ഈ അര്‍ത്ഥത്തില്‍, കൃതജ്ഞത അസൂയ തോന്നുന്നതിനെ കുറയ്ക്കുന്നു.

വിവാഹം പോലുള്ള പ്രണയബന്ധങ്ങളുടെ കാര്യത്തിലോ? വര്‍ദ്ധിച്ചുവരുന്ന ഗവേഷണ ഫലങ്ങള്‍ കാണിക്കുന്നത് ഉയര്‍ന്ന പരസ്പര കൃതജ്ഞതയുള്ള ദമ്പതികള്‍ക്കിടയില്‍ മറ്റുള്ളവരേക്കാള്‍ സംഘര്‍ഷം കുറവാണെന്നാണ്. തീര്‍ച്ചയായും ഈ കണ്ടുപിടുത്തത്തില്‍ അര്‍ത്ഥമുണ്ട്: നിങ്ങളുടെ ജീവിതത്തിലെ ഒരു പ്രധാന വ്യക്തിയോട് കൃതജ്ഞതപോലുള്ള ഒരു ശക്തമായ അനുകൂല വികാരമാണ് ഉള്ളതെങ്കില്‍ ദേഷ്യവും നിരാശയും പോലുള്ള പ്രതികൂല വികാരങ്ങള്‍ക്കുള്ള ഇടം കുറയും. വളരെ സ്വാധീനം ചെലുത്തിയ ഒരു പഠനത്തില്‍ ചാപ്പല്‍ഹില്‍ നോര്‍ത്ത് കരോലിന സര്‍വ്വകലാശാലയിലെ ഡോ. സാറ ആല്‍ഗോയും സഹപ്രവര്‍ത്തകരും കണ്ടെത്തിയത് പ്രണയ പങ്കാളിയോട് തോന്നുന്ന കൃതജ്ഞത ആ ബന്ധത്തിന് പെട്ടെന്ന് മുന്നോട്ട് കുതിക്കുന്നതിനുള്ള ശക്തി പകരുന്ന ഇന്ധനമാകുന്നു എന്നാണ്. അതായത് ഈ വികാരം ജനിപ്പിക്കുന്ന ചെറിയ ദൈനംദിന പ്രവര്‍ത്തികള്‍ പ്രണത്തെ വളരെയേറെ ശക്തിപ്പെടുത്തുന്നു. അതിനാല്‍ വിവാഹ-കുടുംബകാര്യ വിദഗ്ധര്‍ ബന്ധങ്ങള്‍ ശക്തിപ്പെടുത്തുന്നതിനായി ദൈനംദിന ജീവിതത്തില്‍ പ്രിയപെട്ടവരോട് കൃതജ്ഞത പ്രകടിപ്പിക്കണമെന്ന് കൂടുതലായി ഉപദേശിക്കുന്നു എന്നതില്‍ അതിശയമില്ല. ഇത്തരമൊരു പ്രവര്‍ത്തിയുടെ ദീര്‍ഘകാല ഗുണങ്ങള്‍ ഒരു ആഡംബര അവധിക്കാല യാത്രയില്‍ നിന്ന് കിട്ടുന്നതിനേക്കാള്‍ വളരെ ശക്തമാണ്. രണ്ടാമത് പറഞ്ഞ സാഹചര്യത്തില്‍ (അവധിക്കാലയാത്രയില്‍) കിട്ടുന്ന ഗുണങ്ങള്‍ മിക്കപ്പോഴും നീണ്ടു നില്‍ക്കുന്നില്ല എന്നാണ് ഗവേഷണം കാണിക്കുന്നത്. 

പെന്‍സില്‍വാനിയ സര്‍വകലാശാലയിലെ ഡോ. മാര്‍ട്ടിന്‍ സെലിഗ്മാനും സഹപ്രവര്‍ത്തകരും കൃതജ്ഞതയിലൂടെ സൗഖ്യം വര്‍ദ്ധിപ്പിക്കുന്നതിനുള്ള നിരവധി രീതികള്‍  വികസിപ്പിച്ചെടുത്തിട്ടുണ്ട്. ഇവയില്‍ ഏറ്റവും ശക്തമായവയില്‍ ഒന്ന് 'കൃതജ്ഞതാ സന്ദര്‍ശനം' ആണ്. ഇതില്‍ ഒരാള്‍ തനിക്ക് കൃതജ്ഞതയുള്ള ജീവിച്ചിരിക്കുന്ന ഒരു വ്യക്തിയെ തെരഞ്ഞെടുക്കുന്നു- മുന്‍ അദ്ധ്യാപകനേയോ സുഹൃത്തിനേയോ മുതിര്‍ന്ന ബന്ധുവിനേയോ- എന്നിട്ട് ഈ വികാരം പ്രകടിപ്പിച്ചുകൊണ്ട് ഒരു കത്തെഴുതി ആ വ്യക്തിക്ക് കൊണ്ടുപോയി കൊടുക്കുന്നു. ഈ കൃതജ്ഞതാ സന്ദര്‍ശനത്തെക്കുറിച്ച് മനോഹരവും തീഷ്ണവുമായ അനുഭവ വിവരണങ്ങള്‍ ഉണ്ടായിട്ടുണ്ട്.  മാസങ്ങള്‍ക്ക് ശേഷവും ഇതുമൂലം ഈ സന്ദര്‍ശനം നടത്തിയ ആളുടെ സൗഖ്യം ഉയര്‍ന്ന അവസ്ഥയിലായിരുന്നിട്ടുണ്ട്. 
നിര്‍ദ്ദേശിക്കപ്പെട്ട പ്രവര്‍ത്തികള്‍ 

എത്രത്തോളം നിങ്ങള്‍ക്ക് ദൈനംദിന ജീവിതത്തില്‍ കൃതജ്ഞത കൊണ്ടുവരാന്‍ കഴിയുന്നുവോ അത്രത്തോളം നിങ്ങളുടെ സന്തോഷവും സൗഖ്യവും വര്‍ദ്ധിക്കാന്‍ ഇടയുണ്ട്. ഇതിനുള്ള കാര്യക്ഷമമായ അഞ്ച് വഴികള്‍ ഇനി പറയുന്നു : 

1. കൃതജ്ഞതാ പട്ടിക തയ്യാറാക്കുക. അടുത്ത നാലാഴ്ചക്കാലത്തേക്ക് ആഴ്ചയില്‍ ഒരിക്കല്‍ നിങ്ങള്‍ക്ക് ജീവിതത്തില്‍ കൃതജ്ഞതയുള്ളതിനെയെല്ലാം എഴുത്തിലൂടെ തിരിച്ചറിയാന്‍ സമയം കണ്ടെത്തുക. തീര്‍ച്ചയായും നിങ്ങളുടെ പട്ടികയില്‍ കുടുംബാംഗങ്ങളും സുഹൃത്തുക്കളും സഹപ്രവര്‍ത്തകരും അയല്‍ക്കാരും മറ്റുള്ളവരും ഉള്‍പ്പെടാം. ഇതുകൂടാതെ ആരോഗ്യം, ഉപജീവനം, വ്യക്തിപരമായ നൈപുണ്യങ്ങളും കഴിവുകളും താല്‍പര്യങ്ങളും എന്നിവയെ സംബന്ധിച്ച കാര്യങ്ങള്‍. 

2. കൃതജ്ഞതാ ദിനക്കുറിപ്പുകള്‍ ഉണ്ടാക്കുക. എല്ലാ രാത്രിയിലും ഉറങ്ങാന്‍ പോകുന്നതിന് മുമ്പ് ആ ദിവസം നിങ്ങള്‍ക്ക് കൃതജ്ഞത തോന്നിയ ഏതെങ്കിലും സംഭവത്തെക്കുറിച്ച് ഒരു കുറിപ്പ് തയ്യാറാക്കുക. അതത്ര വലുതോ നാടകീയമോ ആകണം എന്നില്ല. ഉദാഹരണത്തിന്, ജോലി സ്ഥലത്തേക്കുള്ള യാത്രയോ, പോസ്റ്റോഫീസിലെ കാത്തുനില്‍പ്പോ നിങ്ങള്‍ വിചാരിച്ചതിലും കുറവു സമയമാണ് എടുത്തതെങ്കില്‍ അതു നന്ദി തോന്നേണ്ട ഒരു കാര്യമാണ്. എന്നും എഴുതുകയും അങ്ങനെ നിങ്ങളുടെ 'കൃതജ്ഞതാ പേശികളെ'ബലപ്പെടുത്തുകയും ചെയ്യുക എന്നതാണ് പ്രധാന കാര്യം. ദിനക്കുറിപ്പ് എഴുതുന്നതിന് ഒരു പ്രത്യേക സമയം നീക്കിവെച്ചാല്‍ ഈ പ്രവര്‍ത്തി കൂടുതല്‍ ശക്തവും ഫലപ്രദവുമാകും.  

3. നിങ്ങളുടെ ബന്ധുവിന് ഒരു കൃതജ്ഞതാ കത്തെഴുതുക. നിങ്ങള്‍ വിവാഹിത/വിവാഹിതന്‍ ആണെങ്കില്‍ ജീവിത പങ്കാളിക്ക് എഴുതുക. അല്ലെങ്കില്‍ മാതാപിതാക്കള്‍ക്കോ സഹോദരങ്ങള്‍ക്കോ എഴുതുക. നിങ്ങളുടെ വിശാലമായതും പൊതുവായ വികാരങ്ങള്‍ പ്രകടിപ്പിക്കുന്നതുമാകാം, പക്ഷെ അതില്‍ പ്രത്യേകമായ കാര്യങ്ങളും കൊടുക്കണം. അതായത്, കഴിഞ്ഞ ഒരു മാസത്തിനുള്ളിലെ ഒരു സംഭവമങ്കിലും വിവരിക്കുക. ഉദാഹരണത്തിന് " കഴിഞ്ഞയാഴ്ച എനിക്ക് മേലുദ്യോഗസ്ഥനുമായുണ്ടായ പ്രശ്നം പരിഹരിക്കുന്നതിനായി നിങ്ങളുടെ സമയം ചെലവഴിച്ച് നിങ്ങള്‍ എനിക്ക് തന്നെ ഉപദേശത്തിന് എനിക്ക് നിങ്ങളോട് അങ്ങേയറ്റം നന്ദിയുണ്ട്."

4.സുഹൃത്തിന് കൃതജ്ഞതാ കത്തെഴുതുക. അടുത്ത സുഹൃത്തുക്കളുടെ കാര്യത്തില്‍ പോലും ചിലപ്പോള്‍ നമ്മള്‍ തിരക്കുകളില്‍ പെട്ട് നമ്മുടെ ജീവിതത്തില്‍ അവര്‍ക്കുള്ള പ്രധാന്യം അവരെ അറിയിക്കാന്‍ വിട്ടുപോകുന്നു. നിങ്ങള്‍ക്ക് ഇത് സംഭവിക്കാതെ നോക്കണം. തങ്ങള്‍ കാണിക്കുന്ന ശ്രദ്ധയ്ക്കും സൗഹൃദത്തിനും ഉത്കണ്ഠയ്ക്കും നന്ദികിട്ടുന്നത് എല്ലാവര്‍ക്കും ഇഷ്ടമാണ്. ഒരു അടുത്ത സുഹൃത്തിനെ തെരഞ്ഞെടുത്ത് അയാളോട് കൃതജ്ഞത പ്രകടിപ്പിച്ചുകൊണ്ട് വ്യക്തിപരമായി കൈകൊണ്ട് എഴുതിയ ഒരു കത്തയ്ക്കുക. മുകളില്‍ രണ്ടാമതായി പറഞ്ഞ പ്രവര്‍ത്തിയിലെന്ന പോലെ ഒരു പ്രത്യേക സംഭവം വിവരിക്കുന്നതാണ് ഏറ്റവും നല്ലത്. 

5. കൃതജ്ഞത പരിശീലിക്കുമെന്ന് പ്രതിജ്ഞ ചെയ്യുക. ഗവേഷണങ്ങള്‍ സൂചിപ്പിക്കുന്നത് ഒരു പെരുമാറ്റം നടപ്പിലാക്കുമെന്ന് വാഗ്ദാനം ചെയ്യുന്നത് അത് നടപ്പിലാകാനുള്ള സാധ്യതയെ വര്‍ദ്ധിപ്പിക്കുന്നു എന്നാണ്. അതിനാല്‍ നിങ്ങളുടെ സ്വന്തം കൃതജ്ഞതാ പ്രതിജ്ഞ എഴുതുക. അത് " ഞാന്‍ എന്നും എനിക്ക് കിട്ടിയ അനുഗ്രഹങ്ങളെ നന്ദിയോട് എണ്ണിയെടുക്കുമെന്ന് പ്രതിജ്ഞ ചെയ്യുന്നു," എന്നിങ്ങനെ  വളരെ ലളിതമാകാം. എന്നിട്ട് വീട്ടിലെവിടെയെങ്കിലും ഇത് എളുപ്പത്തില്‍ കാണാനാകുന്ന ഇടത്ത്
പതിപ്പിച്ചുവെയ്ക്കുക.
ഡോ. എഡ്വേര്‍ഡ് ഹോഫ്മാന്‍ ന്യൂയോര്‍ക്ക് സിറ്റിയിലെ യെഷിവ യൂണിവേഴ്സിറ്റിയില്‍ അസോസിയേറ്റ് സൈക്കോളജി പ്രൊഫസറാണ്. സ്വകാര്യ ചികിത്സ നടത്തുന്ന ലൈസന്‍സുള്ള മനശാസ്ത്രജ്ഞനായ ഇദ്ദേഹം മനഃശാസ്ത്രത്തേയും അനുബന്ധവിഷയങ്ങളേയും കുറിച്ചുള്ള 25 ലേറെ പുസ്തകങ്ങളുടെ രചയിതാവ്/എഡിറ്റര്‍ ആണ്. അടുത്തകാലത്ത് ഡോ. വില്യം കോംപ്റ്റണുമൊത്ത് പോസിറ്റീവ് സൈക്കോളജി: ദ സയന്‍സ് ഓഫ് ഹാപ്പിനസ് ആന്‍റ് ഫ്ളറിഷിംങ് (ഗുണാത്മക മനഃശാസ്ത്രം: സന്തോഷത്തിന്‍റേയും അഭിവൃദ്ധിയുടേയും  ശാസ്ത്രം) എന്ന പുസ്തകം രചിച്ചു. ഇന്ത്യന്‍ ജേര്‍ണല്‍ ഓഫ് പോസിറ്റീവ് സൈക്കോളജി, ജേര്‍ണല്‍ ഓഫ് ഹ്യൂമനിസ്റ്റിക് സൈക്കോളജി എന്നീ പ്രസിദ്ധീകരണങ്ങളുടെ പത്രാധിപസമിതി അംഗമാണ്. നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും ഇദ്ദേഹത്തെ എഴുതി അറിയിക്കാനുള്ള വിലാസം- columns@whiteswanfoundation.org .
White Swan Foundation
malayalam.whiteswanfoundation.org