നമ്മുടെ പ്രതികരണമാണ് നമ്മളെ രക്ഷിക്കുക

നമ്മുടെ പ്രതികരണമാണ് നമ്മളെ രക്ഷിക്കുക

അസ്വാഭാവിക മാനസികാവസ്ഥകൾ കൈകാര്യം ചെയ്യുക എന്നതിന്‍റെ അർത്ഥം നിങ്ങളെ സ്വയം രക്ഷിക്കുന്നതിനു ഉതകുന്ന വികാരരാഹിത്യം വളർത്തുക എന്നത്രേ, പക്ഷേ അതു നിങ്ങളുടെ വൈകാരിക ആരോഗ്യത്തിന്‍റെ് ബുദ്ധിമുട്ടിനെ കുറിച്ച് സൂചന നൽകുന്നു.
Published on

നമ്മുടെ ഉത്കണ്ഠയെ കുറിച്ച് അവബോധമുള്ള നമ്മുടെ കൂട്ടത്തിലുള്ളവർ ഭാഗ്യമുള്ളവരത്രേ. അങ്ങനെയല്ലാത്തവർക്ക് മറ്റു കാര്യങ്ങളെ കുറിച്ച് - തലവേദനകൾ, പുറം വേദനകൾ, വയറിനു സുഖമില്ലായ്മ, ചെന്നിക്കുത്തുകൾ, അലസത, നിർവ്വികാരത, ബോധം മറയൽ, താൽപ്പര്യക്കുറവ്, ഉത്സാഹക്കുറവ് - അവബോധമുണ്ടായിരിക്കാം.

ഉത്കണ്ഠ (Anxiety) എന്നത് നമ്മുടെ ശരീരവ്യവസ്ഥ ഗ്രഹിക്കുന്ന ഒരു ഭീഷണിയാണ്. അത് ഒരു മുന്നറിയിപ്പു പോലെ പ്രവർത്തിക്കുന്നിടത്തോളം കാലം, അതിനു ശ്രദ്ധ നൽകുന്നത് ഗുണകരമാണ്. പ്രവർത്തനത്തിലേക്കു നീങ്ങാനുള്ള ശരീരശാസ്ത്രപരമായ ഒരു പ്രേരണ - ഇര പിടിക്കാൻ വരുന്നവനുമായി യുദ്ധം, അല്ലെങ്കിൽ അതിൽ നിന്നുള്ള പലായനം - സൃഷ്ടിക്കുന്നു. അതുകൊണ്ട് ഇപ്പോഴത്തെ കൊറോണ വൈറസിന്‍റെ ഈ ഭീഷണി വീട്ടിൽ തന്നെ കഴിഞ്ഞു കൂടുക, ഒന്നും ചെയ്യാതിരിക്കുക എന്നതാണ് എന്നത് തികച്ചും വിപരീതാർത്ഥകമാണ്.

ഒരു സൈക്കോതെറപ്പിസ്റ്റ് എന്ന നിലയിൽ ആളുകളുടെ ഉയർന്ന തോതിലുള്ള ഉത്കണ്ഠയും തീവ്രമായ വികാരങ്ങളും കൈകാര്യം ചെയ്യുക എന്നത് എന്‍റെ ദൈനംദിന ജോലിയുടെ ഭാഗമാണ്. അപ്പോൾ പോലും അവരുടെ വികാരങ്ങൾ അവരവരുടെ സജീവത്വത്തിന്‍റെ തെളിവാണ് എന്ന് എന്‍റെ ഇടപാടുകാരെക്കൊണ്ട് അംഗീകരിപ്പിക്കുവാൻ എനിക്കു നന്നേ ബുദ്ധിമുട്ടാണ്. സങ്കടം, സന്തോഷം, കോപം - ഇവയെല്ലാം നമ്മൾ സജീവമായിരിക്കുന്നു എന്നതിന്‍റെ തെളിവുകളാണ്. തന്മയീ ഭാവവും (Empathy) - മറ്റൊരാളുടെ വ്യക്തിത്വവുമായി താദാത്മ്യം പ്രാപിക്കാനുള്ള കഴിവ് - അപരാധബോധവും, എല്ലാ വികാരങ്ങളിലും വച്ച് ഏറ്റവും വേദനാജനകമായത്, യഥാർത്ഥത്തിൽ അവ നമ്മുടെ ദാക്ഷിണ്യത്തിന്‍റെ ലക്ഷണങ്ങളാണ്, മറ്റൊരു വ്യക്തിയോട് നമുക്കു തോന്നുന്ന വികാരങ്ങളിൽ ഏറ്റവും അമൂല്യമായ ഒരു അനുബന്ധം. എങ്കിലും ചികിത്സയ്ക്ക് എത്തുന്നവർ എന്നോടു പതിവായി പറയാറുള്ളത്, 'ഒരു വികാരവും തോന്നിക്കുവാൻ ഞാൻ ആഗ്രഹിക്കുന്നില്ല! ' എന്നോ 'എനിക്ക് മരവിച്ച അവസ്ഥ വേണം, ' എന്നോ ആണ്. എന്‍റെ തത്വശാസ്ത്രപ്രകാരം, ജീവിച്ചിരിക്കണം, പക്ഷേ അത് ഏതാണ്ട് യാന്ത്രികമായി, നിർവ്വികാരമായി വേണം എന്നാണ് ഇതിന്‍റെ അർത്ഥം

ലോക്ഡൗൺ കാലത്ത് യാന്ത്രികമാകുക എന്നത് വളരെ എളുപ്പമാണ്, പ്രത്യേകിച്ചും നമ്മളെ ആദ്യം അറിയിച്ചതിൽ നിന്നു വ്യത്യസ്തമായി അത് നീണ്ടുപോകാനിടയുണ്ട് എന്ന് നമ്മൾ പ്രതീക്ഷിക്കുന്നതു മൂലം. ജീവിതം സാധാരണത്വത്തിലേക്കു മടങ്ങി വരുന്നതിനെ കുറിച്ചുള്ള പ്രതീക്ഷകൾ (അത് യാതൊരു അടിസ്ഥാനവും ഇല്ലാത്ത പ്രതീക്ഷ പുലർത്തലാണ് എന്ന് നമുക്ക് അറിയാമെങ്കിൽ കൂടി) ഞെരിക്കപ്പെട്ടു പോയെങ്കിലും ലോക്ഡൗൺ കാലത്ത് സജീവമായി കഴിയേണ്ടത് എങ്ങനെയാണ് എന്നതു സംബന്ധിച്ച് നമ്മളിൽ മിയ്ക്കവരും പോരാടേണ്ടതായി വരും എന്നു പ്രതീക്ഷിക്കപ്പെടുന്നുണ്ട്. എങ്ങനെയാണ് ലോക്ഡൗൺ - യന്ത്രമനുഷ്യർ ആയി തീരാതിരിക്കുക എന്നതിനെ പറ്റി.

നമ്മളിൽ പലർക്കും നമ്മുടെ വൈകാരിക ജീവിതങ്ങൾക്കു ഇന്ധനമായ ബന്ധങ്ങൾ, ജോലി, പരസ്പരബന്ധം എന്നിവ വീട്ടിനു പുറത്തുള്ളത് ആയിരിക്കാം, അവ ഈ ഒറ്റപ്പെടൽ കാലത്ത് ലഭ്യമായിരിക്കുകയുമില്ല. നമ്മുടെ വൈകാരിക ജീവിതങ്ങളെ മൂകമാക്കി വയ്ക്കുന്നതിനും നമ്മുടെ തൊഴിൽ നമ്മെ സഹായിക്കുന്നുണ്ട്. നമ്മൾ ജോലി ചെയ്യുമ്പോൾ, നമുക്ക് നമ്മുടെ കൈകളും മനസ്സുകളും കൊണ്ട് എന്തെങ്കിലും ചെയ്യാനുണ്ടാകും. അത് നമ്മുടെ അസ്തിത്വപരമായ ഉദ്ദേശം, നമ്മുടെ ജീവിതത്തിന് ഒരു അർത്ഥം നൽകുന്നു, മാസാവസാനം വേതന ചെക്ക് കിട്ടുന്നതിനുവേണ്ടി മാത്രമാണ് നമ്മൾ ജോലി ചെയ്യുന്നതെങ്കിൽ കൂടി. ലോക്ഡൗൺ കാലത്ത്, നമുക്ക് ചെയ്യാൻ ജോലി ഇല്ലെങ്കിൽ, ആ ഒഴിഞ്ഞിരിക്കുന്ന കൈകളും മനസ്സുകളും നമ്മുടെ നിഷ്പ്രയോജനകരമായ അവസ്ഥയെപ്പറ്റി നമ്മെ വളരെ കൂടുതൽ ബോധമുള്ളവരാക്കി മാറ്റുന്നു.

എന്തുകൊണ്ടാണ് ഞാൻ ലോക്ഡൗൺ യാന്ത്രികയ്ക്ക് ഇത്രയ്ക്ക് എതിര്? കാരണം, അത് പുറത്തേക്കു വരാൻ അങ്ങേയറ്റം ബുദ്ധിമുട്ടുള്ള ഒരു മാനസികാവസ്ഥയാണ്. നരച്ച്, നിർവ്വികാരമായി, ഒരിക്കൽ സ്ഥാപിക്കപ്പെട്ടു കഴിഞ്ഞാൽ, ഗൂഢമായി പടർന്നു പിടിക്കുന്ന, ജീവിതത്തിലെ ഓരോ വശത്തേയും അരിച്ചിറങ്ങുന്ന, *അസ്‌കബാനിലെ ഭയങ്കരമായ വിനാശകാരികളെ പോലെ, എല്ലാത്തിൽ നിന്നും സന്തോഷം വലിച്ചൂറ്റിയെടുക്കുന്ന ഒന്നാണ് അത്. അത് കനം തൂങ്ങിയ നെഞ്ചും തീവ്രവേദനയും ഉളവാക്കുന്ന ഇച്ഛാഭംഗമാണ്. ചലിക്കുന്ന ശരീരത്തിൽ കുടിയിരിക്കുന്ന മരണം അത്രേ അത്.

എന്‍റെ തൊഴിൽസംബന്ധമായി, അതിനെ കപടഗൗരവത്തിന്‍റെ നിസ്സംഗത അഥവാ ഒറ്റപ്പെടൽ (Affect) എന്നാണു വിളിക്കുക, നമുക്ക് ഒരു വികാരത്തെ - കോപം, ദുഃഖം, ഉത്കണ്ഠ, സന്തോഷം - പറ്റി സംസാരിക്കാൻ സാധിക്കുക, പക്ഷേ, നമ്മുടെ ശരീരത്തിൽ അത് അനുഭവപ്പെടാതെ ഇരിക്കുക. ഇത് ബാല്യകാലത്ത് നമ്മുടെ ഏറ്റവും അടുപ്പമുള്ള ബന്ധങ്ങളിൽ നിന്നുള്ള വേദനയിൽ നിന്നും കോപത്തിൽ നിന്നും നമ്മെ സ്വയം രക്ഷപ്പെടുത്തുന്നതിനായി ആവിർഭവിക്കുന്ന ഒരു സുരക്ഷാ സംവിധാനമാണ്. ഒരു ബന്ധം സംരക്ഷിക്കേണ്ടത് പ്രധാനം ആയിരിക്കുകയും എന്നാൽ ആ വ്യക്തിയുടെ പ്രവർത്തനങ്ങളോ/ നമ്മളോടുള്ള പെരുമാറ്റമോ കൊണ്ട് നമ്മൾ മുറിപ്പെടുന്നു എന്ന ഒരു അവസ്ഥ ജീവിതത്തിൽ സംജാതമാകുന്ന അവസരത്തിൽ, അത് സ്വയമേവ സംഭവിക്കുന്നു, അതിന്‍റെ ഉദ്ദേശം വൈകാരിക നിലനിൽപ്പാണ്. നിർഭാഗ്യവശാൽ, അതേ കാരണം കൊണ്ടു തന്നെ അത് നമ്മുടെ ഉള്ളിൽ അകപ്പെട്ടു പോകുന്നു, അതിന്‍റെ ഉപയുക്തത, സമയം കഴിഞ്ഞും നമ്മിൽ തങ്ങി നിൽക്കുകയും ചെയ്യുന്നു, കാരണം അത് എങ്ങനെയാണ് പ്രവർത്തിപ്പിക്കാതാക്കേണ്ടത് എന്നു നമുക്ക് അറിയില്ല. ബാല്യകാലത്ത് നമ്മൾ പഠിച്ചത് ശിഥിലീകരിക്കുന്നത് അങ്ങേയറ്റം ദുഷ്‌കരമാണ്.

ചില സമയത്ത് ഞാൻ എന്നെത്തന്നെ വിരക്തിയോടെ കാണാറുണ്ട്. ആളുകളുടെ പ്രിയപ്പെട്ടവർ മരിച്ചതിനെ കുറിച്ച് വായിക്കുമ്പോൾ ഒരു വികാരവും തോന്നാതിരിക്കുക, അവരോട് അവസാന യാത്രാവന്ദനം ചൊല്ലാൻ കഴിയാതിരിക്കുക തുടങ്ങി; കുടിയേറ്റ തൊഴിലാളികൾ ആഹാരമില്ലാതെ നൂറു കണക്കിനു കിലോമീറ്ററുകൾ നടക്കുന്നു, തങ്ങളുടെ ലക്ഷ്യം അണയുന്നതിനു മുമ്പ് മരിക്കുന്നതിനായി മാത്രം; തങ്ങളുടെ മതത്തിന്‍റെ പേരിൽ കുടുംബങ്ങൾ ഭ്രഷ്ടരാക്കപ്പെടുന്നു. അത്തരം വാർത്തകൾ വളരെ പെട്ടെന്ന് നമ്മൾ സ്‌ക്രോൾ ചെയ്തു നീക്കി ഒഴിവാക്കുന്നു.

എനിക്ക് പുറം വേദനയുണ്ട്. ലോക്ഡൗണിന്‍റെ ആദ്യദിവസം മുതൽ അങ്ങനെയാണ്. പക്ഷേ അപ്പോഴാണ് ഇനി ഒരടി പോലും മുന്നോട്ടു നടക്കാൻ കഴിയാത്ത ഏതെങ്കിലും ഒരു കുടിയേറ്റ തൊഴിലാളിയെ പറ്റി, അല്ലെങ്കിൽ തന്‍റെ കുടുംബത്തെ ബാധിച്ചാലോ എന്നു ഭയന്ന് വീട്ടിൽ വരാൻ സാധിക്കാത്ത ഒരു ഡോക്ടറെ പറ്റി ഞാൻ വായിക്കുക, അപ്പോഴേയ്ക്കും എന്നിൽ വേദന നിറയുന്നു. കോപത്തിന്‍റേയും താപത്തിന്‍റേയും ചുടുകണ്ണുനീർ എന്‍റെ കവിളുകളിൽ കൂടി ഒഴുകുമ്പോൾ, വിരക്തി ഇല്ലാത്തതിൽ, എന്‍റെ വൈകാരിക പ്രതിരോധങ്ങളുടെ അഭാവത്തെ കുറിച്ച്, എനിക്ക് കൃതജ്ഞത തോന്നുന്നു. ഞാൻ വികാരം കൊള്ളുന്നതിന് ഇഷ്ടപ്പെടുന്നു, വികാരങ്ങൾ ഇല്ലാതെ ഇരിക്കുന്നതിനേക്കാളും.

എന്‍റെ പുറം വേദന കുറയുകയും ചെയ്യുന്നു.

ഡോ നൂപുർ ധിങ്ഗ്ര പൈവ ഒരു ക്ലിനിക്കൽ സൈക്കോളജിസ്റ്റും എഴുത്തുകാരിയുമാണ്.

*അസ്‌കബാനിലെ ഭയങ്കരമായ വിനാശകാരികൾ- Dementors of Azkaban- മനുഷ്യരുടെ സന്തോഷങ്ങൾ കാർന്നു തിന്നുന്ന, മരവിപ്പിന്‍റേയും ഇരുട്ടിന്‍റേയും ക്ലേശങ്ങളുടേയും നിരാശയുടേയും അന്തരീക്ഷം സൃഷ്ടിക്കുന്ന ഇരുണ്ട ജീവികളാണ് ഡെമന്‍റേഴ്‌സ. മനുഷ്യരുടെ സന്തോഷവും പ്രതീക്ഷയും ഒഴുക്കിക്കളയുന്നതിനുള്ള ശക്തി ഉള്ളതിനാൽ ഇവരെ അസ്‌കബാനിൽ കാവൽക്കാരുടെ ചുമതല ഏൽപ്പിച്ചു, അവിടെ അവർ തടവുകാരുടെ രക്ഷപ്പെട്ടു പോകുന്നതിനുള്ള നിശ്ചയദാർഢ്യമോ കഴിവോ തടയുന്നു. 'ഹാരി പോട്ടർ ആൻഡ് ദ പ്രിസണർ ഓഫ് അസ്‌കബാൻ' എന്ന് ജെ കെ റൗളിംഗ് പുസ്‌കം എഴുതിയിട്ടുണ്ട്.

Related Stories

No stories found.
White Swan Foundation
malayalam.whiteswanfoundation.org