സൗഖ്യം

സ്വയം വെളിപ്പെടുത്തല്‍ : നിങ്ങളുടെ മുഖംമൂടി മാറ്റല്‍

ഡോ. എഡ്വേര്‍ഡ് ഹോഫ്മാന്‍

നിങ്ങള്‍ നിങ്ങളുടെ വികാരങ്ങളും അനുഭവങ്ങളും മറ്റുള്ളവരുമായി അനായാസതയോടെ പങ്കുവെയ്ക്കാറുണ്ടോ അതോ അവരെ വൈകാരികമായ ഒരു അകലത്തില്‍ നിര്‍ത്താനാണോ ഇഷ്ടപ്പെടുന്നത്? നിങ്ങളുടെ മനസിന്‍റെ അഗാധതയിലുള്ള ആനന്ദവും നിരാശകളും ലക്ഷ്യങ്ങളും മറ്റുള്ളവര്‍ക്കു മുന്നില്‍ തുറന്ന് വെയ്ക്കുക എന്നത് നിങ്ങള്‍ക്ക് എത്രമാത്രം ബുദ്ധിമുട്ടുള്ള കാര്യമാണ്? തുടര്‍ച്ചയായ നിരവധി ഗവേഷണങ്ങളിലൂടെ ഇപ്പോള്‍ വ്യക്തമാകുന്നത് നിങ്ങളുടെ ഉത്തരങ്ങള്‍ക്കനുസൃതമായിട്ടായിരിക്കും നിങ്ങള്‍ക്ക് സന്തോഷം ലഭിക്കുക എന്നാണ്. ഇക്കാര്യത്തില്‍, മാര്‍ഗദര്‍ശകമായ ഗവേഷണ പ്രവര്‍ത്തനം നടത്തിയ കാനഡക്കാരനായ മനഃശാസ്ത്രജ്ഞന്‍ ഡോ. സിഡ്നി ജൊറാര്‍ഡിന്‍റെ കണ്ടെത്തലുകള്‍ക്ക് വേണ്ടത്ര സ്ഥിരീകരണം ലഭിച്ചിട്ടുണ്ട്-  50ല്‍ ഏറെ വര്‍ഷം മുമ്പ് അദ്ദേഹം സ്വയം വെളിപ്പെടുത്തല്‍ എന്ന ആശയം  വികസിപ്പിച്ചെടുത്തു. 1974 ല്‍ അദ്ദേഹത്തിന്‍റെ പെട്ടെന്നുള്ള അപകട മരണം വരെ തുടര്‍ന്ന സര്‍ഗാത്മകമായ ജീവിതകാലത്ത് അദ്ദേഹം ഈ വിഷയത്തില്‍ നടത്തിയ ഗവേഷണ പ്രവര്‍ത്തനം അന്താരാഷ്ട്ര മനഃശാസ്ത്ര മേഖലയെ മാത്രമല്ല വിശാലമായ അര്‍ത്ഥത്തില്‍ നമ്മുടെ സംസ്കാരത്തേയും സ്വാധീനിച്ചിട്ടുണ്ട്. ജൊറാര്‍ഡ് പറഞ്ഞതുപോലെ, മറ്റുള്ളവരോട് നമുക്ക് നമ്മളെ എത്രത്തോളം വെളിപ്പെടുത്താന്‍ കഴിയും എന്നതിന് നമ്മുടെ സാമൂഹ്യ ബന്ധങ്ങളിലും സന്തോഷത്തിലു ഒരു പക്ഷെ ശാരീരികാരോഗ്യത്തിലും വലിയ സ്വാധീനം ഉണ്ട്.

വിചിത്രമെന്ന് പറയാം, വ്യക്തിത്വത്തേയും പെരുമാറ്റത്തേയും കുറിച്ചുള്ള പഠന ശാഖയുടെ സ്ഥാപകരില്‍ പ്രധാനികളായവര്‍ ആരും തന്നെ ഈ വിഷയത്തെക്കുറിച്ച് കാര്യമായി എഴുതിയിട്ടില്ല.  ലൈംഗികാഗ്രഹങ്ങളെ അമര്‍ത്തിവെയ്ക്കലായിരുന്നു സിഗ്മണ്ട് ഫ്രോയ്ഡിന് എന്നും പ്രധാന വിഷയം. അദ്ദേഹത്തിന്‍റെ ആദ്യകാല സഹപ്രവര്‍ത്തകന്‍ ആല്‍ഫ്രഡ് ആഡ്ലറിന് പ്രധാന താല്‍പര്യം അധികാരത്തിനും അധീശത്വത്തിനും വേണ്ടിയുള്ള നമ്മുടെ ജന്മവാസനയിലായിരുന്നു. ഇരുപതാം നൂറ്റാണ്ടില്‍ ഈ മേഖലയില്‍ ഉണ്ടായ  ത്രിമൂര്‍ത്തികളില്‍ മൂന്നാമനായ കാള്‍ യുങ്ങിന്‍റെ കാര്യമെടുത്താല്‍ നമുക്ക് മറ്റുള്ളവരോട് സ്വയം വെളിപ്പെടുത്താനുള്ള ശേഷിയെ മനസിലാക്കുന്നതിന് അദ്ദേഹം ഇവരുടെയത്ര പോലും താല്‍പര്യം കാണിച്ചില്ല. അമേരിക്കന്‍ മനഃശാസ്ത്രത്തിന്‍റെ സ്ഥാപകനായ വില്യം ജെയിംസ് ആത്മീയാനുഭവത്തിന്‍റെ വകഭേദങ്ങളെക്കുറിച്ച് തന്‍റെ അതേ പേരിലുള്ള പുസ്തകത്തില്‍ വാചാലമായി എഴുതിയെങ്കിലും അടുത്ത വ്യക്തി ബന്ധങ്ങള്‍ അദ്ദേഹത്തിന്‍റെ ശ്രദ്ധാകേന്ദ്രമായിരുന്നില്ല. ജോണ്‍ ബി വാട്സനേയും പിന്നീട് ബി എഫ് സ്കിന്നറേയും പോലുള്ള പ്രമുഖ അമേരിക്കന്‍ പെരുമാറ്റ മനഃശാസത്രജ്ഞരാണെങ്കില്‍ ലബോറട്ടറിയില്‍ എലികളുടേയും പ്രാവുകളുടേയും മേല്‍ നടത്തിയ പരീക്ഷണ  പഠനങ്ങളെ അടിസ്ഥാനമാക്കിയാണ് മിക്കവാറും സിദ്ധാന്തങ്ങള്‍ രൂപീകരിച്ചത്.അവിടെ വൈകാരികമായ അടുപ്പം മനസിലാക്കാന്‍ വലിയ അവസരം ഇല്ലല്ലോ!

1950 കളുടെ അവസാനമായപ്പോഴേക്കും മനഃശാസ്ത്ര മേഖലയില്‍ ആരോഗ്യകരമായ അടുത്ത ബന്ധങ്ങളുടെ വിഷയത്തില്‍ തീര്‍ച്ചയായും ആശയപരമായ വലിയൊരു വിടവ് ഉണ്ടായിരുന്നു. അത് പരിഹരിക്കാന്‍ സിഡ്നി ജൊറാര്‍ഡിന്‍റെ പ്രതിഭ സഹായകമായി. അദ്ദേഹം ഒരിക്കലും ഓര്‍മ്മക്കുറിപ്പോ ആത്മകഥയോ എഴുതാത്തതുകൊണ്ട് ഈ വിഷയത്തില്‍ പുതിയ പാത തെളിച്ച  അദ്ദേഹത്തിന്‍റെ പഠനങ്ങളെ സ്വാധീനിച്ചത് എന്താണെന്ന് ഉറപ്പിച്ചു പറയാന്‍ ബുദ്ധിമുട്ടുണ്ട്. അദ്ദേഹത്തിന്‍റെ മകന്‍ ഓണ്‍ലൈനില്‍ നല്‍കിയ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ജൊറാര്‍ഡ് റക്ഷ്യക്കാരായ യഹൂത കുടിയേറ്റക്കാര്‍ക്ക് കാനഡയില്‍ വെച്ച് ജനിച്ച പുത്രനാണെന്നും 1930 കളിലെ    കടുത്ത സാമ്പത്തിക മാന്ദ്യകാലത്ത് ഒരു വലിയ കുടുംബത്തിലാണ് വളര്‍ന്നതെന്നും നമുക്ക് അറിയാം. കുടുംബത്തില്‍ അഞ്ച് സഹോദരങ്ങളും ഒപ്പം താമസിക്കുന്ന ഒരു അമ്മായിയും ഉണ്ടായിരുന്നു. താരതമ്യേന സമ്പന്നരും ടൊറന്‍റോയില്‍ നന്നായി നടക്കുന്ന ഒരു തുണിക്കടയുടെ ഉടമകളുമായിരുന്ന ഇദ്ദേഹത്തിന്‍റെ മാതാപിതാക്കളോടൊപ്പം ചില ബന്ധുക്കളും ഇടയ്ക്കിടയ്ക്ക് താമസിക്കാന്‍ വരുമായിരുന്നു. അദ്ദേഹത്തിന് ധാരാളം കൂട്ടുകാരുള്ള സന്തുഷ്ടമായ ഒരു കുട്ടിക്കാലമായിരുന്നു എന്ന് അനുമാനിക്കാനാകും. ജീവിത കാലം മുഴുവന്‍ അദ്ദേഹത്തിന് തന്‍റെ അമ്മയോട് വളരെ അടുപ്പം ഉണ്ടായിരുന്നു. 

മനഃശാസ്ത്രത്തില്‍ ഡോക്ടറേറ്റ് നേടി അഞ്ചു വര്‍ഷം കഴിഞ്ഞ് 1958 ല്‍ അദ്ദേഹം ഡോ. പോള്‍  ലസാക്കോവുമായി ചേര്‍ന്ന്  തന്‍റെ  ആദ്യത്തെ ഗവേഷണ പ്രബന്ധം എഴുതി. ഈ പഠനത്തില്‍ ജൊറാര്‍ഡും സഹപ്രവര്‍ത്തകനും ഈ സ്വഭാവ സവിശേഷതയെക്കുറിച്ചുള്ള ആദ്യത്തെ ചോദ്യാവലി തയ്യാറാക്കി. അതിന് ശേഷം എക്കാലവും ഇതായിരുന്നു  ഈ മേഖലയിലെ ഗവേഷണത്തിനുള്ള അടിസ്ഥാന മാതൃക. അടുത്ത വര്‍ഷം അദ്ദേഹം സ്വയം വെളിപ്പെടുത്തലിനെക്കുറിച്ചുള്ള വിശദമായ ഒരു സൈദ്ധാന്തിക ലേഖനം എഴുതി. ഇതിന് വളരെ വലുതും നീണ്ടു നില്‍ക്കുന്നതുമായ സ്വാധീനം ചെലുത്താനായി.

അന്ന് അദ്ദേഹത്തിന്‍റെ പ്രായം   മുപ്പതുകളുടെ മധ്യത്തിലായിരുന്നു. അദ്ദേഹം അക്കാലത്ത് ഇങ്ങനെ പറഞ്ഞു,"സ്നേഹിക്കല്‍, സൈക്കോതെറാപ്പി, കൗണ്‍സിലിംഗ്, പഠിപ്പിക്കല്‍, പരിചരിക്കല്‍ തുടങ്ങിയ കാര്യങ്ങളൊന്നും ഇതിന് വിധേയനാകേണ്ട വ്യക്തിയുടെ സ്വയം വെളിപ്പെടുത്തല്‍ കൂടാതെ സാധ്യമല്ല. സ്വയം വെളിപ്പെടുത്തലിലൂടെയാണ് ഒരു വ്യക്തി തന്നോടും മറ്റുള്ളവരോടും കൃത്യമായി താന്‍ ആരാണെന്നും എന്താണെന്നും എവിടെയാണെന്നും വെളിപ്പെടുത്തുന്നത്. തെര്‍മ്മോമീറ്ററും രക്തസമ്മര്‍ദ്ദം അളക്കുന്നതിനുള്ള ഉപകരണവും മറ്റും ശരീരത്തിന്‍റെ യഥാര്‍ത്ഥ അവസ്ഥയെക്കുറിച്ചുള്ള വിവരങ്ങള്‍ വെളിപ്പെടുത്തുന്നതുപോലെ സ്വയം വെളിപ്പെടുത്തല്‍ വ്യക്തിത്വത്തിന്‍റെ യഥാര്‍ത്ഥ പ്രകൃതം വെളിപ്പെടുത്തുന്നു. നിങ്ങളുടെ ജീവിത പങ്കാളി, കുട്ടി, അല്ലെങ്കില്‍ സുഹൃത്ത്,  അവരെ  അറിയാനും കൂടുതല്‍ ആരോഗ്യത്തിലേക്കും സൗഖ്യത്തിലേക്കും നീങ്ങാന്‍ അവര്‍ക്ക് എന്താണ് ആവശ്യമെന്ന് അറിയാനും  നിങ്ങളെ അനുവദിച്ചിട്ടില്ലായെങ്കില്‍ നിങ്ങള്‍ക്ക് അവരെ സ്നേഹിക്കാനാകില്ല.

ജൊറാര്‍ഡ് ഇതിന് ശേഷം ദൈനംദിന ജീവിതത്തിലെ സ്വയം വെളിപ്പെടുത്തലിനെക്കുറിച്ചുള്ള ഒരു പരമ്പര തന്നെ തുടര്‍ച്ചയായി എഴുതി. ഇതില്‍ അദ്ദേഹത്തിന്‍റെ ഏറ്റവും പ്രശസ്തമായ കൃതിയായ സുതാര്യമായ സ്വത്വം (ദ ട്രാന്‍സ്പാരന്‍റ് സെല്‍ഫ്), മനുഷ്യന് അവനെ വെളിപ്പെടുത്തല്‍ (ഡിസ്ക്ലോസിംഗ് മാന്‍ ടു ഹിംസെല്‍ഫ്), സ്വയം വെളിപ്പെടുത്തല്‍: സുതാര്യമായ സ്വത്വത്തിന്‍റെ ഒരു പരീക്ഷണാത്മക വിശകലനം (സെല്‍ഫ് ഡിസ്ക്ലേഷര്‍: ആന്‍ എക്സ്പിരിമെന്‍റല്‍ അനാലിസസ് ഓഫ് ദ  ട്രാന്‍സ്പാരന്‍റ് സെല്‍ഫ്), ആരോഗ്യകരമായ വ്യക്തിത്വം (ഹെല്‍ത്തി പേഴ്സണാലിറ്റി) എന്നിവ ഉള്‍പ്പെടുന്നു. പിന്നീടുണ്ടായ അനേകം മനഃശാസ്ത്ര പഠനങ്ങള്‍ അദ്ദേഹത്തിന്‍റെ അഭിപ്രായങ്ങളെ സ്ഥിരീകരിച്ചിട്ടുണ്ട്. പ്രത്യേകിച്ച് വിവാഹം പോലുള്ള അടുത്ത വൈകാരിക ബന്ധങ്ങളുടെ കാര്യത്തില്‍, സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും സ്വയം വെളിപ്പെടുത്തല്‍ സാധ്യമാകുന്നിടത്താണ് കൂടുതല്‍ സംതൃപ്തി അനുഭവപ്പെടുന്നത്- പ്രത്യേകിച്ച്, സ്വയം തുറന്ന് സംസാരിക്കാനുള്ള കഴിവിനെക്കുറിച്ച്. തന്‍റെ ജീവിത പങ്കാളി വികാരങ്ങള്‍ തുറന്നു പറയുന്നു എന്ന് തോന്നുകയെന്നതും പ്രധാനമാണ്.
എത്രത്തോളം സ്വയം വെളിപ്പെടുത്തുന്നു എന്ന കാര്യത്തില്‍ ജീവിത പങ്കാളികള്‍ ഒരുപോലെയായിരിക്കാന്‍ സാധ്യത കൂടുതലാണെന്നും സാംസ്കാരികമായ പ്രത്യേകതകള്‍ക്കും ഇതില്‍ തീര്‍ച്ചയായും ഒരു പങ്കുണ്ടെന്നും ഗവേഷണങ്ങള്‍ കാണിക്കുന്നു. ഉദാഹരണത്തിന് ലാറ്റിന്‍ അമേരിക്കക്കാര്‍ വടക്കേ അമേരിക്കക്കാരേക്കാള്‍ കൂടുതല്‍ സ്വയം വെളിപ്പെടുത്താറുണ്ടെന്നതിന് തീര്‍ച്ചയായും തെളിവുണ്ട്. എന്നാല്‍ ഈ രണ്ട് സംസ്കാരങ്ങളിലും ആളുകള്‍ കുടുംബ സംഘര്‍ഷത്തേക്കുറിച്ചും ലൈംഗിക കാര്യങ്ങളെക്കുറിച്ചും സംസാരിക്കുന്നത് ഒഴിവാക്കുന്നു. ലാറ്റിന്‍ അമേരിക്കക്കാര്‍ സംസാരിക്കാന്‍ തയ്യാറാകുന്ന  വിഷയങ്ങള്‍ കുറേക്കൂടി വ്യാപകമായതാണ്. ഉദാഹരണത്തിന് സംഗീതത്തിലും സിനിമയിലുമുള്ള വ്യക്തിപരമായ ഇഷ്ടങ്ങള്‍, വിനോദങ്ങള്‍.
സ്വയം വെളിപ്പെടുത്തല്‍ സംബന്ധിച്ച ഗവേഷണം ഇന്ത്യയില്‍ വിരളമാണെങ്കിലും വിശ്വസ്തരായ മറ്റുള്ളവരോട് സ്വന്തം വികാരങ്ങള്‍ വെളിപ്പെടുത്തുന്നതിനെ ഇവിടെ അനുകൂലമായാണ് കാണുന്നതെന്ന് തെളിവുകള്‍ സൂചിപ്പിക്കുന്നു. 

സ്വയം വെളിപ്പെടുത്തല്‍ എന്ന പ്രക്രിയയ്ക്ക് പരസ്പരം സ്വധീനിക്കാനാകും എന്നൊരു സവിശേഷതയുണ്ട്. അതായത് നിങ്ങള്‍ ഒരാളോട് സ്വയം വെളിപ്പെടുത്തല്‍ നടത്തിയാല്‍ മിക്കവാറും തന്നെ അയാള്‍ നിങ്ങളോടും അങ്ങനെ ചെയ്തേക്കും എന്ന് മനഃശാസ്ത്രജ്ഞന്മാര്‍ കണ്ടെത്തിയിട്ടുണ്ട്. അതിനാല്‍ പത്തൊമ്പതാം നൂറ്റാണ്ടിലെ ബ്രിട്ടീഷ് നോവലിസ്റ്റായ ജയിന്‍ ഓസ്റ്റിന്‍ " വിവാഹത്തിലെ സന്തോഷം എന്നത് തീര്‍ത്തും യാദൃശ്ചികമായി സംഭവിക്കുന്ന ഒന്നാണ്." എന്ന് വിലപിച്ചത് ശരിയാണെന്ന് തോന്നുന്നില്ല.
അതായത് ഒരാള്‍ തന്നെക്കുറിച്ചുള്ള വിവരങ്ങള്‍ വെളിപ്പെടുത്തുന്നത് നമ്മള്‍ കേള്‍ക്കുമ്പോള്‍ നമ്മളേയും കൂടുതല്‍ തുറന്നു പറയാന്‍ അത് പ്രോത്സാഹിപ്പിക്കുന്നു എന്നതിന് വ്യക്തമായ തെളിവുണ്ട്. ഇതാകട്ടെ മറ്റേ വ്യക്തിയെ കൂടുതല്‍ ആഴത്തില്‍ പ്രതികരിക്കാന്‍ പ്രേരിപ്പിക്കുന്നു. അടുത്തകാലത്തെ ഗവേഷണങ്ങള്‍ കാണിക്കുന്നത് സാമൂഹ്യ മാധ്യമങ്ങളും ഡേറ്റിംഗ് വെബ്സൈറ്റുകളും പോലുള്ള ഓണ്‍ലൈന്‍ ആശയ വിനിമയത്തിലും ഇതു തന്നെ സംഭവിക്കുന്നു എന്നാണ്. 

പ്രണയബന്ധങ്ങളില്‍ മാത്രമല്ല സ്വയം വെളിപ്പെടുത്തലിന് പ്രാധാന്യം. മാതാപിതാക്കളും കുട്ടികളും തമ്മിലുള്ള വൈകാരികമായ അടുപ്പത്തിനും അത് അത്യാവശ്യമാണെന്ന് കാണുന്നു. ഞാനും എന്‍റെ സഹപ്രവര്‍ത്തകരും അടുത്തകാലത്ത്   കോളേജ് വിദ്യാര്‍ത്ഥികളില്‍ നടത്തിയ ഒരു പഠനത്തില്‍ കുട്ടികളില്‍ നിന്ന് അകന്നു നില്‍ക്കുന്ന മാതാപിതാക്കളുടെ കുട്ടികള്‍ക്ക് അവരുടെ അച്ഛനമ്മമാരോട് ഉള്ളതിനേക്കാള്‍ വൈകാരികമായ അടുപ്പം കുട്ടിക്കാലത്തേയും കൗമാരത്തിലേയും യൗവ്വനത്തിലേയും ഓര്‍മ്മകള്‍ പങ്കുവെയ്ക്കുന്ന മാതാപിതാക്കളുള്ള കുട്ടികള്‍ക്ക് അവരുടെ അച്ഛനമ്മമാരോട് ഉള്ളതായി കണ്ടെത്തിയിരുന്നു. മാതാപിതാക്കളുടെ കാഴ്ചപ്പാടില്‍ നിന്ന് നോക്കുമ്പോള്‍ ഒരു പക്ഷെ കൂടുതല്‍ പ്രാധാന്യമുള്ള കാര്യം സ്വയം വെളിപ്പെടുത്തുന്ന മാതാപിതാക്കളുള്ള വിദ്യാര്‍ത്ഥികള്‍ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ അവരുടെ സഹായവും ഉപദേശവും തേടാന്‍ കൂടുതല്‍ സാധ്യതയുള്ളതായി കണ്ടു എന്നതാണ്. കാര്യം വളരെ വ്യക്തമാണ്, നിങ്ങളുടെ കുട്ടി നിങ്ങളോട് അടുപ്പം കാണിക്കാനും നിങ്ങളുടെ മാര്‍ഗനിര്‍ദ്ദേശത്തെ വിലമതിക്കാനും നിങ്ങള്‍ ആഗ്രഹിക്കുന്നു എങ്കില്‍ നിങ്ങളുടെ ജീവിതാനുഭവങ്ങളെക്കുറിച്ച് അവരോട് സ്വതന്ത്രമായി സംസാരിക്കുക.

ഇതിന് അര്‍ത്ഥം എല്ലാം വെളിപ്പെടുത്തണം എന്നാണോ? തീര്‍ച്ചയായും അല്ല. ജൊറാര്‍ഡ് നിശ്ചയമായും സമ്മതിക്കുമായിരുന്നതുപോലെ നിങ്ങള്‍ മറ്റുള്ളവരോട് എന്ത് വെളിപ്പെടുത്തുന്നു എന്ന കാര്യത്തില്‍ വിവേകത്തോടെയുള്ള തീരുമാനം കൈക്കൊള്ളേണ്ടത് ആവശ്യമാണ്- മാതാപിതാക്കളോടോ ജീവിത പങ്കാളിയോടോ സുഹൃത്തുക്കളോടോ സഹപ്രവര്‍ത്തകരോടോ ആയാലും. പ്രത്യേകിച്ച് ജോലി സ്ഥലത്തെ സ്വയം വെളിപ്പെടുത്തലിന്‍റെ കാര്യത്തില്‍, എന്ത് പങ്കുവെയ്ക്കണം എന്നതിനെക്കുറിച്ച് മുന്‍കരുതല്‍ വേണം എന്നാണ് മിക്ക മനഃശാസ്ത്രജ്ഞരും ശുപാര്‍ശ ചെയ്യുന്നത്. എങ്കിലും നമ്മളില്‍ അധികം പേര്‍ക്കും മനസിന്‍റെ കെട്ടഴിച്ച് വിടുന്നതില്‍ നിന്ന് ഗുണം ഉണ്ടാകും. ഇതെങ്ങിനെ സാധിക്കണം? ചെറിയ കാര്യങ്ങളില്‍ തുടങ്ങുക, അടുത്തകാലത്തെ ടി വി പരിപാടികളെക്കുറിച്ചോ, സിനിമകളേക്കുറിച്ചോ നിങ്ങളെ ഏതെങ്കിലും തരത്തില്‍ സ്പര്‍ശിച്ച പുസ്തകങ്ങളെക്കുറിച്ചോ ഉള്ളു തുറന്നു സംസാരിക്കല്‍ പോലെ. പക്ഷെ ഒന്നോര്‍ക്കുക: വല്യവല്യ ബുദ്ധിജീവി വര്‍ത്തമാനങ്ങള്‍ ഒഴിവാക്കുകയും വികാരങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയും ചെയ്യുക.
ഡോ. എഡ്വേര്‍ഡ് ഹോഫ്മാന്‍ ന്യൂയോര്‍ക്ക് സിറ്റിയിലെ യെഷിവ യൂണിവേഴ്സിറ്റിയില്‍ അസോസിയേറ്റ് സൈക്കോളജി പ്രൊഫസറാണ്. സ്വകാര്യ ചികിത്സ നടത്തുന്ന ലൈസന്‍സുള്ള മനശാസ്ത്രജ്ഞനായ ഇദ്ദേഹം മനഃശാസ്ത്രത്തേയും അനുബന്ധവിഷയങ്ങളേയും കുറിച്ചുള്ള 25 ലേറെ പുസ്തകങ്ങളുടെ രചയിതാവ്/എഡിറ്റര്‍ ആണ്. അടുത്തകാലത്ത് ഡോ. വില്യം കോംപ്റ്റണുമൊത്ത് പോസിറ്റീവ് സൈക്കോളജി: ദ സയന്‍സ് ഓഫ് ഹാപ്പിനസ് ആന്‍റ് ഫ്ളറിഷിംങ് (ഗുണാത്മക മനഃശാസ്ത്രം: സന്തോഷത്തിന്‍റേയും അഭിവൃദ്ധിയുടേയും  ശാസ്ത്രം) എന്ന പുസ്തകം രചിച്ചു. ഇന്ത്യന്‍ ജേര്‍ണല്‍ ഓഫ് പോസിറ്റീവ് സൈക്കോളജി, ജേര്‍ണല്‍ ഓഫ് ഹ്യൂമനിസ്റ്റിക് സൈക്കോളജി എന്നീ പ്രസിദ്ധീകരണങ്ങളുടെ പത്രാധിപസമിതി അംഗമാണ്. നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും ഇദ്ദേഹത്തെ എഴുതി അറിയിക്കാനുള്ള വിലാസം- columns@whiteswanfoundation.org.
White Swan Foundation
malayalam.whiteswanfoundation.org