ഉണര്‍വേകുന്ന ഓര്‍മ്മകള്‍ കൊണ്ട് മൂഡ് ശക്തിപ്പെടുത്തുക

"ഒരു വ്യക്തി എത്രത്തോളം ശാന്തത കൈവരിക്കുന്നുവോ അത്രയും കൂടുതലായിരിക്കും അയാളുടെ വിജയവും സ്വാധീനവും നന്മ ചെയ്യാനുള്ള കഴിവും", ബ്രിട്ടീഷ് ലേഖകന്‍ ജയിംസ് അലന്‍ നിരീക്ഷിച്ചു. " മനസിന്‍റെ ശാന്തതയാണ് ജ്ഞാനത്തിന്‍റെ ആഭരണങ്ങളിലൊന്ന്". ഈ വാക്കുകള്‍ എഴുതിയിട്ട് ഒരു നൂറ്റാണ്ടിലേറെയായെങ്കിലും ഈ വാക്കുകള്‍ എന്നും വളരെ പ്രസക്തമാണ്. ദാര്‍ശനികനായിത്തീര്‍ന്ന ഒരു ബിസിനസ് മാനേജര്‍ എന്ന നിലയ്ക്ക് ദൈനംദിന ജീവിതത്തില്‍ സമചിത്തതയ്ക്കുള്ള പ്രാധാന്യത്തെക്കുറിച്ച് അലന്‍ ബോധവാനായിരുന്നു. അദ്ദേഹം ഇങ്ങനെ നിരീക്ഷിക്കുന്നു;  "വളരെ സമചിത്തതയോടെ പെരുമാറുന്ന ഒരാളോട് ഇടപഴകാനാണ് ആളുകള്‍ എപ്പോഴും ഇഷ്ടപ്പെടുന്നത്". അനുകൂല മാനസികാവസ്ഥ നിലനിര്‍ത്താനുള്ള നമ്മുടെ കഴിവില്‍ സാമൂഹ്യ ശാസ്ത്രജ്ഞന്മാര്‍ വളരെക്കാലം വലിയ താല്‍പര്യം കാണിച്ചില്ലെങ്കിലും ആ അവസ്ഥ ഇപ്പോള്‍ വേഗത്തില്‍ മാറുകയാണ്. കാരണം സ്വയം ക്രമപ്പെടുത്തല്‍-ഇപ്പോളിത് സാങ്കേതികമായി ഇങ്ങനെ അറിയപ്പെടുന്നു- വ്യക്തിപരമായ കാര്യങ്ങളില്‍ സുപ്രധാനമായ തലങ്ങള്‍ സൃഷ്ടിക്കുമെന്ന് ഇപ്പോള്‍ വ്യക്തമായിരിക്കുന്നു.

ചികിത്സാപരമായും പരീക്ഷണപരമായുമുള്ള പഠനങ്ങളില്‍ നിന്ന് തെളിയുന്നത് മോശമായ സ്വയം ക്രമീകരണം നിരവധി മാസികാരോഗ്യ പ്രശ്നങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നു എന്നാണ്-നീണ്ടു നില്‍ക്കുന്ന ഉത്കണ്ഠ, വിഷാദം, അമിതാസക്തി എന്നിവ ഉള്‍പ്പെടെ. ഉറക്കത്തിന്‍റെ ഗുണനിലവാരം അടക്കമുള്ള നമ്മുടെ ദൈനംദിന ശാരീരിക സൗഖ്യത്തേയും ഈ കുറവ് ബാധിക്കുന്നു. സ്വയം ക്രമീകരണത്തില്‍ വ്യത്യസ്തമായ എന്നാല്‍  ഒരുപക്ഷെ പ്രധാനമായ നൈപുണ്യങ്ങള്‍ അടങ്ങിയിരിക്കുന്നു എന്നാണ് ഗവേഷണങ്ങള്‍ കാണിക്കുന്നത്. ദൈനംദിന ജീവിതത്തില്‍ അത്യാവശ്യമായ ഈ നൈപുണ്യങ്ങള്‍ ദേഷ്യം, സങ്കടം, ഉത്കണ്ഠ, വേവലാതി തുടങ്ങിയ പ്രതികൂല വികാരങ്ങളെ കുറയ്ക്കുക, ആഹ്ലാദം വര്‍ദ്ധിപ്പിക്കുക എന്നിവയാണ്. സ്വയം ക്രമീകരണത്തിന്‍റെ രണ്ടാമത്തെ വശത്തിലാണ് ഈ കോളം ശ്രദ്ധകേന്ദ്രീകരിക്കുന്നത്. അതായത് സന്തുഷ്ടമായ മാനസികാവസ്ഥ സൃഷ്ടിക്കാനും നിലനിര്‍ത്താനും വലുതാക്കാനുമുള്ള നമ്മുടെ കഴിവില്‍.  നല്ല സ്വയം ക്രമീകരണത്തേക്കാള്‍ അതിന്‍റെ കുറവിനെക്കുറിച്ചാണ് മനഃശാസ്ത്രജ്ഞന്മാര്‍ കൂടുതല്‍ അറിയുന്ന് എന്നതിനാല്‍ ആളുകള്‍ എങ്ങനെയാണ് സന്തോഷകരമായ ഓര്‍മ്മകള്‍ ഉപയോഗിച്ച് തങ്ങളുടെ ദൈനംദിന മാനസികാവസ്ഥയ്ക്ക് ഉണര്‍വേകുന്നത് എന്ന് കൂടുതല്‍ മനസിലാക്കാന്‍ ഞാന്‍ സഹപ്രവര്‍ത്തകരുമൊത്ത് ഇന്ത്യയിലും മറ്റ് സ്ഥലങ്ങളിലും ഒരു അന്താരാഷ്ട്ര പഠനത്തിന് തുടക്കം കുറിച്ചിട്ടുണ്ട്. 
നല്ല വഴിയില്‍ ചിട്ടപ്പെടുക

ആളുകള്‍ എങ്ങനെയാണ് തങ്ങള്‍ക്കായി നല്ല മാനസികാവസ്ഥ സൃഷ്ടിക്കുന്നത് എന്നത് മനഃശാസ്ത്രത്തില്‍ താരതമ്യേന പുതിയതായി  പ്രത്യേക താല്‍പര്യം ജനിച്ചിരിക്കുന്ന ഒരു മേഖലയാണ്. ഈ രംഗത്തെ മിക്കവാറും ഗവേഷണത്തിനും ഇരുപത് വര്‍ഷത്തില്‍ കുറഞ്ഞ പഴക്കമേയുള്ളു- നമ്മള്‍ ഈ കഴിവ് എങ്ങനെ വികസിപ്പിച്ചെടുക്കുന്നു എന്നതിനെക്കുറിച്ച് വളരെ കുറച്ചേ അറിയപ്പെട്ടിട്ടുള്ളു. ഉദാഹരണത്തിന്, തങ്ങളുടെ മാനസികാവസ്ഥ നന്നാക്കിയെടുക്കാന്‍ കുട്ടികള്‍ക്കുള്ള കഴിവിനെക്കുറിച്ച് ഗവേഷണമൊന്നും നടന്നിട്ടില്ലെന്നു തന്നെ പറയാം.  മാനസിക വികസന രംഗത്ത് പ്രവര്‍ത്തിക്കുന്ന മിക്ക വിദഗ്ധരും കുട്ടികളുടെ മാനസികാവസ്ഥ ഹ്രസ്വകാല സാഹചര്യ ഘടകങ്ങളെ ആശ്രയിച്ചിരിക്കുന്നു എന്നാണ് കരുതുന്നത് എന്നതാകാം ഇതിന് കാരണം. ആദ്യകാല അനുഭവങ്ങളെ- സാധാരണയായി മാതാപിതാക്കളെ സംബന്ധിച്ചുള്ളവ- അടിസ്ഥാനമാക്കി കുട്ടികള്‍ സ്വന്തം വികാരങ്ങളെ കൈകാര്യം ചെയ്യുന്നതിനുള്ള തന്ത്രങ്ങള്‍ മെനഞ്ഞെടുക്കുന്നതായി നമുക്ക് അറിയാം. അടുത്ത സ്നേഹ നിര്‍ഭരമായ ബന്ധങ്ങളുള്ള കുട്ടികള്‍ സന്തോഷജനകമായ അനുഭവങ്ങളെ തേടിയെടുക്കാന്‍ സാധ്യതയുണ്ട്. അത്തരം ബന്ധങ്ങളില്ലാത്തവര്‍ കൂടുതലും വൈകാരികമായി നിഷ്ക്രിയരോ ഒഴിഞ്ഞുമാറുന്ന സ്വഭാവമുള്ളവരോ ആയിരിക്കും. 

ഊഷ്മളവും സുസ്ഥിരവുമായ കുടുംബ ബന്ധങ്ങള്‍ മിക്ക കുട്ടികളിലും ആഹ്ലാദകരമായ ഒരു മാനസികാവസ്ഥ സൃഷ്ടിക്കുന്നു. ഉദാഹരണത്തിന്, കൗമാരത്തിന് മുമ്പുള്ള പ്രായത്തിലെ കുട്ടികള്‍ക്ക് മിക്കവാറും സമയത്ത് 'വളരെ സന്തോഷം' അനുഭവപ്പെടുന്നതായി പറയുന്നു  എന്നാണ് അര്‍ബന ഇല്ലിനോയി സര്‍വ്വകലാശാലയിലെ ഡോ. റീഡ് ലാര്‍സണ്‍ കണ്ടെത്തിയിട്ടുള്ളത്. അവര്‍ക്ക്  സാധാരണായി സങ്കടം അനുഭവപ്പെടുന്നതായി പറയുന്നത് ഒരു കളിയില്‍ തോല്‍ക്കുകയോ മാതാപിതാക്കള്‍ ശാസിക്കുകയോ അതുപോലുള്ള എന്തെങ്കിലും അപ്പപ്പോള്‍ ഉണ്ടാകുന്ന, ഹ്രസ്വകാലം മാത്രം നീണ്ടു നില്‍ക്കുന്ന സംഭവങ്ങള്‍ തങ്ങളുടെ വൈകാരികാവസ്ഥയെ ബാധിക്കുമ്പോള്‍ മാത്രമാണെന്നാണ്. 

കൗമാരം, തീര്‍ച്ചയായും വളരെ വ്യത്യസ്തമാണ്. ഗവേഷണങ്ങള്‍ തുടര്‍ച്ചയായി കാണിക്കുന്നത് കൗമാരക്കാലത്ത്  ഉത്കണ്ഠ, വിഷാദം, ഭക്ഷണം കഴിക്കുന്നതിലെ തകരാറ്, ആത്മ പീഡനം, കുറ്റകൃത്യ വാസന, ആത്മഹത്യ എന്നിവ വര്‍ദ്ധിക്കുന്നു എന്നാണ്.  തങ്ങള്‍ വളരെ സന്തുഷ്ടരാണ് എന്ന് പറയുന്ന 5-6 ക്ലാസില്‍ പഠിക്കുന്നവരേക്കാള്‍   വളരെ കുറവായാണ്  കൗമാരത്തിന്‍റെ ആദ്യഘട്ടത്തിലുള്ളവര്‍ അങ്ങനെ പറയുന്നത്. തങ്ങള്‍ അസന്തുഷ്ടരാണെന്ന് പറയുന്നവരാകട്ടെ വളരെ കൂടുതലുമാണ്, പ്രത്യേകിച്ച് അലസമായി പ്രത്യേകിച്ച് കാരണമൊന്നും പറയാനില്ലാത്ത രീതിയില്‍. ഇതിന് സാങ്കേതികമായി ഡിസ്ഫോറിയ എന്ന് പറയുന്നു. മിക്കവാറും എല്ലാവര്‍ക്കും തങ്ങളുടെ കൗമാരത്തിലെ ഇത്തരം മാനസികാവസ്ഥകള്‍ ഓര്‍ത്തെടുക്കാനാകും. മിക്കവാറും അവ്യക്തമായ അസ്വസ്ഥതയും പ്രതിഷേധവും മുന്‍കോപവും കലര്‍ന്ന ഒരു അവസ്ഥയാണിത്.
പതിറ്റാണ്ടുകളോളം ജനപ്രിയ പുസ്തകങ്ങളും  പ്രസിദ്ധീകരണങ്ങളിലെ എണ്ണമറ്റ ലേഖനങ്ങളും ഇത്തരം മാനസികാവസ്ഥകള്‍ക്ക് കാരണമായി പറഞ്ഞത് മുതിര്‍ന്നവരുടെ സ്വാതന്ത്ര്യത്തെക്കുറിച്ച് കൗമാരക്കാര്‍ക്കുള്ള അസൂയയാണെന്നായിരുന്നു. പക്ഷെ അടുത്തകാലത്തായി മാനസിക വികാസ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന മനഃശാസ്ത്രജ്ഞര്‍ കരുതുന്നത് കൗമാരക്കാരുടെ ഡിസ്ഫോറിയയില്‍ അടങ്ങിയിരിക്കുന്നത് ബാല്യകാലത്തിന്‍റെ സുരക്ഷിതത്വത്തിനും ലാളിത്യത്തിനും വേണ്ടിയുള്ള കൊതിയാണെന്നാണ്. 

കൗമാരക്കാലത്തെ മാനസികാവസ്ഥ (മൂഡ്) കൈകാര്യം ചെയ്യല്‍-ഗവേഷകര്‍ ഇതിനെ മൂഡ് നന്നാക്കല്‍ എന്നാണ് പറയുന്നത്- പരീക്ഷ പഠനങ്ങള്‍ക്ക് വിഷയമായിട്ടുണ്ട്. സംഗീതം കേള്‍ക്കുക എന്നത് കൗമാരക്കാര്‍ ഉപയോഗിക്കുന്ന ഒരു പ്രധാന ഉപാധിയാണെന്ന് ഗവേഷണങ്ങള്‍ സ്ഥിരമായി കണ്ടെത്തിയിട്ടുണ്ട്. ലാര്‍സന്‍റെ അഭിപ്രായത്തില്‍ ജനപ്രിയ സംഗീതം കേള്‍ക്കുന്നത് " ശക്തമായ വൈകാരിക ബിംബങ്ങളെ ഉള്‍ക്കൊള്ളാനും ഇവയ്ക്ക് ചുറ്റും തല്‍ക്കാലത്തേക്കെങ്കിലും ഒരു സ്വത്വ ബോധം സൃഷ്ടിക്കാനും കൗമാരക്കാരെ അനുവദിക്കുന്നു. തീര്‍ച്ചയായും മൂഡ് നന്നാക്കാന്‍ കൗമാരക്കാരെ സംഗീതം സഹായിക്കുന്നു എന്നതിന് ശാസ്ത്രീയമായ തെളിവുണ്ട്. ഫിന്‍ലാന്‍റില്‍ ഡോ. സുവി സാരിക്കാലിയോയും ഡോ. ജാക്കോ എര്‍ക്കിലയും കണ്ടെത്തിയത് സംഗീതം കൗമാരക്കാര്‍ക്ക് വികാരങ്ങള്‍ പുറത്തു വിടുന്നതിനും പുനരുജ്ജീവിപ്പിക്കുന്നതിനും ഉള്ളിലെ മുറിവുകള്‍ക്കുള്ള ആശ്വാസത്തിനും ശക്തമായ ഇന്ദ്രിയാനുഭൂതികള്‍ക്കും ഉള്ള ഒരു വഴിയാണെന്നാണ്.

മുതിര്‍ന്നവരും മൂഡ് നല്ലതാക്കാന്‍ സംഗീതം  ഉപയോഗിക്കുന്നുണ്ടെങ്കിലും അവര്‍ സാധാരണായി സ്വയം ക്രമീകരണത്തിനുള്ള രണ്ടാമത്തെ പ്രധാന ടെക്നിക്കായി ആഹ്ലാദകരമായ ഓര്‍മ്മകളെ ഉപയോഗപ്പെടുത്തുന്നു. പരീക്ഷണ പഠനങ്ങള്‍ കാണിക്കുന്നത് ജീവിതത്തിലെ ഒരു നല്ല സംഭവം ഓര്‍ക്കുന്നത് തീര്‍ച്ചയായും മാനസികാവസ്ഥ നന്നാക്കുന്നു എന്നാണ്- ഇത് ചെയ്യുന്നത് വാക്കുകളാല്‍ വര്‍ണിക്കുന്നതിലൂടെയല്ല പകരം വ്യക്തമായ രൂപങ്ങളിലൂടെയാണെങ്കില്‍ പ്രത്യേകിച്ചും. അതായത് നിങ്ങളുടെ ജീവിത പങ്കാളിയുമൊത്തുള്ള അവധിക്കാല യാത്ര മനോഹരമായ ഒരു ഓര്‍മ്മ നല്‍കുന്നു എങ്കില്‍ ആ രംഗങ്ങള്‍ കഴിയുന്നത്ര വ്യക്തമായി സങ്കല്‍പ്പിക്കുക-പക്ഷെ അവയെ വാക്കുകള്‍ കൊണ്ട് പുനസൃഷ്ടിക്കുകയോ സങ്കടകരമായ ഓര്‍മ്മകളുമായി താരതമ്യപ്പെടുത്തുകയോ ചെയ്യരുത്. ഒരു മുന്നറിയിപ്പും ഇവിടെ നല്‍കേണ്ടതുണ്ട്- ഇത്തരം പഠനങ്ങള്‍ കാണിക്കുന്നത് സന്തോഷകരമായ ജീവിതാനുഭവം ഓര്‍ക്കുന്നത് ചികിത്സ ആവശ്യമുള്ള വിഷാദരോഗം ഉള്ളവരെ സഹായിക്കുന്നില്ല എന്നാണ്. വിഷാദരോഗം ഉണ്ടായിട്ടില്ലാത്തവരേയോ അതില്‍ നിന്നും മുക്തി നേടിയവരേയോ മാത്രമാണ് ഇത്തരം ഓര്‍മ്മകള്‍ സഹായിക്കുന്നത്. 
പുതിയൊരു അന്താരാഷ്ട്ര പഠനം

പരീക്ഷണ പഠനങ്ങള്‍ വിജ്ഞാനപ്രദമായിരിക്കാമെങ്കിലും അവയെ ദൈനംദിന ജീവിതത്തിലേക്ക് സാമാന്യവത്ക്കരിക്കാന്‍ ബുദ്ധിമുട്ടാണ്. ഈ കാരണം കൊണ്ടു തന്നെ ആളുകള്‍ യഥാര്‍ത്ഥത്തില്‍ എങ്ങനെയാണ് മാനസികാവസ്ഥ മെച്ചപ്പെടുത്താന്‍ സന്തോഷമുള്ള ഓര്‍മ്മകളെ ഉപയോഗപ്പെടുത്തുന്നത് എന്നതിനെക്കുറിച്ചുള്ള വിവരങ്ങളാണ് എന്‍റെ ഗവേഷക സംഘം തിരഞ്ഞിട്ടുള്ളത്. ഗവേഷകരിലൊരാള്‍ ഇന്ത്യയില്‍ വൈറ്റ് സ്വാന്‍ ഫൗണ്ടേഷനുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന ഡോ. ഗരിമ ശ്രീവാസ്തവയാണ്. ചോദ്യാവലി  രൂപപ്പെടുത്താനും വിവരങ്ങള്‍ ശേഖരിക്കാനും ഇവര്‍ സഹായിച്ചു. ഞങ്ങള്‍ ഗവേഷണത്തിനായി തെരഞ്ഞെടുത്തത് ഏഷ്യയിലും യൂറോപ്പിലും അമേരിക്കന്‍ ഭൂഖണ്ഡങ്ങളിലും വസിക്കുന്ന മൊത്തത്തില്‍ നല്ല മാനസികാരോഗ്യമുള്ള 110 മുതിര്‍ന്നവരെയാണ്. താരതമ്യേന ഉയര്‍ന്ന ജീവിത സംതൃപ്തിയും സമ്മര്‍ദ്ദം നന്നായി നേരിടാനുള്ള കഴിവും ഉള്ളതായാണ് ഇവര്‍ പറഞ്ഞത്. 

എന്താണ് ഞങ്ങള്‍ കണ്ടെത്തിയത്? ഒന്നാമതായി ഏതാണ്ട് എല്ലാവരും മേല്‍പ്പറഞ്ഞ രീതിയിലുള്ള മാനസികാവസ്ഥാ ക്രമീകരണത്തില്‍ ഏര്‍പ്പെട്ടിരുന്നു എന്നതാണ്. വലിയൊരു ന്യൂനപക്ഷം(23.6%) കുറഞ്ഞത് ദിവസത്തില്‍ ഒരിക്കലെങ്കിലും ഇത് ചെയ്യുന്നതായി പറഞ്ഞു. വ്യക്തമായ ഒരു ഭൂരിപക്ഷം (53.6%) പറഞ്ഞത് ആഴ്ചയില്‍ ഒരിക്കലെങ്കിലും ചെയ്യുന്നു എന്നാണ്. ഒരിക്കലും ഇങ്ങനെ ചെയ്തിട്ടില്ലായെന്ന് പറഞ്ഞത് നാലുപേര്‍ മാത്രമാണ്. ഈ ചെറിയ കൂട്ടത്തില്‍ സ്ത്രീകളുടേയും പുരുഷന്മാരുടേയും എണ്ണം തുല്യമായിരുന്നു. രണ്ടാമതായി സന്തുഷ്ടമായ ഓര്‍മ്മ ഉണര്‍ത്താന്‍ ആളുകളെ പ്രേരിപ്പിക്കുന്നത് എന്ത് എന്ന കാര്യത്തില്‍ വളരെ വൈവിധ്യം ഉണ്ടായിരുന്നു. ഏറ്റവും അധികമായി കണ്ട കാരണങ്ങള്‍ പകല്‍ക്കിനാവ് കാണല്‍ (33.6%), സന്തുഷ്ടമായ മാനസികാവസ്ഥ വലുതാക്കാനുള്ള ആഗ്രഹം (26.3%), ദുഃഖകരമായ വികാരങ്ങള്‍ക്ക് ആശ്വാസം കണ്ടെത്താനുള്ള ആഗ്രഹം (19.1%) എന്നിവയായിരുന്നു. അത്ര അധികമായല്ലാതെ  കണ്ട കാരണങ്ങള്‍ ഉത്കണ്ഠാകുലമായ മാനസികാവസ്ഥയെ മെച്ചപ്പെടുത്താനുള്ള ആഗ്രഹവും (9.1%) ബോറടി മാറ്റാനുള്ള ആഗ്രഹവും (6.4%) ആയിരുന്നു.  ഏറ്റവും വിരളമായി കണ്ട കാരണം (5.4%) മനസ് 'ശൂന്യമാകുക' എന്നതായിരുന്നു. 

ഏത് പശ്ചാത്തലത്തിലാണ് ഈ പ്രവര്‍ത്തി നടക്കുന്നത്? ചെറിയൊരു ഭൂരിപക്ഷം (50.9%) പറഞ്ഞത് സാധാരണയായി അടുത്താരുമില്ലാത്തപ്പോഴാണ്- കാറിലോ മുറിയിലോ ഒറ്റയ്ക്കിരിക്കുമ്പോഴെന്ന പോലെ- തങ്ങള്‍ സന്തുഷ്ടമായ ഓര്‍മ്മകള്‍ ഉണര്‍ത്തുന്നത് എന്നാണ്.  ഏതാണ്ട് ഇത്രതന്നെയുള്ള ഒരു കൂട്ടം ആളുകള്‍ പറഞ്ഞത് സജീവമായി മറ്റുള്ളവരുമായി ഇടപഴകുമ്പോഴോ (26.3%) അല്ലെങ്കില്‍ ശാരീരികമായല്ലെങ്കിലും സാമൂഹ്യമായി ഒറ്റയ്ക്കായിരുന്നപ്പോള്‍- ബസിലിരിക്കുകയോ ഷോപ്പിംഗ് നടത്തുകയോ എന്നതുപോലെ- തങ്ങള്‍ ഇത് ചെയ്തതെന്നാണ് (22.7%) .

എന്തുതരം സന്തുഷ്ടമായ സംഭവങ്ങളാണ് ആളുകള്‍ ഓര്‍ക്കാന്‍ തെരഞ്ഞെടുക്കുന്നത്? ഇവിടേയും ഞങ്ങളുടെ കണ്ടെത്തലുകളില്‍ വൈവിധ്യം ഉണ്ടായിരുന്നു. ഏറ്റവുമധികം പേര്‍ പറഞ്ഞത് സംഭവം കഴിഞ്ഞിട്ട് ഒരു മാസം മുതല്‍ ഒരു വര്‍ഷം വരെയായി എന്നാണ് (37.3%). ഏതാണ്ട് അത്രതന്നെ പേര്‍ പറഞ്ഞത് കഴിഞ്ഞയാഴ്ചയിലോ(22.7%) കഴിഞ്ഞ മാസത്തിലോ (20.0%) ഒരു വര്‍ഷത്തിലേറെ മുമ്പോ (20.0%) നടന്ന സംഭവമാണെന്നാണ്. ഓര്‍മ്മയുടെ ഉള്ളടക്കം വിശദീകരിക്കാനായി പങ്കെടുക്കുന്നവര്‍ക്ക് പത്തു വിഭാഗങ്ങള്‍ നല്‍കിയിരുന്നു. ഏറ്റവുമധികം പേര്‍ പറഞ്ഞത് മറ്റുള്ളവരുമൊത്തുള്ള പ്രവര്‍ത്തികളെക്കുറിച്ചാണ്, സുഹൃത്തുക്കളുമായി  ബന്ധപ്പെടുക എന്നതുപോലെയുള്ളത് (20.0%). മറ്റുള്ളവ വ്യക്തിപരമായ നേട്ടമോ കുടുംബ കാര്യങ്ങളോ ( രണ്ടും 17.3%) യാത്രയോ അവധിക്കാലമോ (16.4%), പ്രണയാനുഭവങ്ങള്‍ (15.5%), പാട്ടോ സംഗീതമോ (7.3%) എന്നിങ്ങനെയായിരുന്നു. മൂന്നു വിഭാഗങ്ങളാണ് ഏറ്റവും കുറവായി പറഞ്ഞത്- കായിക മത്സരം (2.7%), സിനിമയോ ടി വി പരിപാടിയോ (1.8%), മതപരമായ പ്രവര്‍ത്തനം (0.9%). ഇന്‍റര്‍നെറ്റ് വെബ്സൈറ്റുമായി (ക്ഷമിക്കണം, ഫേസ്ബുക്ക്!) ബന്ധപ്പെട്ട സന്തോഷമുള്ള ഓര്‍മ്മയെക്കുറിച്ച് ആരും പറഞ്ഞില്ല. പങ്കെടുത്തവരില്‍ ഒരാള്‍ പ്രത്യേകമായി ഒന്നും പറഞ്ഞില്ല. 

മുന്‍ ഗവേഷണങ്ങളെ സ്ഥിരീകരിക്കുന്ന വിധത്തില്‍ സന്തോഷമുള്ള കാര്യം ഓര്‍ത്തെടുക്കുന്നത് മാനസികാവസ്ഥ മെച്ചപ്പെടുത്താന്‍ വളരെ നല്ല വഴിയാണെന്നാണ് ഞങ്ങള്‍ കണ്ടെത്തിയത്. ഇത് എത്രത്തോളം ഇങ്ങനെയാണ് എന്ന് ചോദിച്ചപ്പോള്‍ 3.6% എന്ന ചെറിയ കൂട്ടം മാത്രമാണ് വളരെ കുറച്ച് എന്നു പറഞ്ഞത്. 12.7% മാത്രമാണ് അല്‍പം എന്ന് പറഞ്ഞത്. മറിച്ച് പകുതിയോളം പേര്‍ (49%) പറഞ്ഞത് മിതമായ തോതില്‍ എന്നാണ്. 25.5% പറഞ്ഞത് വളരെയേറെ എന്നാണ്. മാനസിക സമ്മര്‍ദ്ദം കുറയ്ക്കല്‍ സംബന്ധിച്ച ഞങ്ങളുടെ ചോദ്യങ്ങള്‍ക്ക് കുറേക്കൂടി വിവിധങ്ങളായ മറുപടികളാണ് ഉണ്ടായത്. 40% പേര്‍ പറഞ്ഞത് സന്തോഷകരമായ സ്മരണ ഉണര്‍ത്തുന്നത് മാനസിക സമ്മര്‍ദ്ദത്തെ മിതമായ തോതില്‍ കുറച്ചു എന്നാണ്. 25.7% പേര്‍ ചെറിയ തോതില്‍ എന്ന് പറഞ്ഞു. 22.7 % പേര്‍ വലിയ തോതില്‍ എന്ന് പറഞ്ഞു. 7.2 % പേര്‍ സന്തോഷകരമായ സ്മരണ ഉണര്‍ത്തുന്നത് വളരെ വലിയ തോതില്‍ മാനസിക സമ്മര്‍ദ്ദം കുറയ്ക്കാറുണ്ടെന്ന് പറഞ്ഞപ്പോള്‍ 4.5% മാത്രമാണ് വളരെ കുറഞ്ഞ തോതില്‍ എന്ന് പറഞ്ഞത് എന്നതും ശ്രദ്ധേയമാണ്.

ഉത്തരങ്ങളിലെ ഈ വൈവിധ്യം സൂചിപ്പിക്കുന്നത് മാനസിക സമ്മര്‍ദ്ദം ഹ്രസ്വകാലത്തേക്കോ ദീര്‍ഘകാലത്തേക്കോ ഉള്ളതാകാമെന്ന കാര്യം ഞങ്ങളുടെ സര്‍വ്വേ വേര്‍തിരിച്ചില്ല എന്നതാണ്. ഇന്ത്യയില്‍ ഞങ്ങള്‍ തെരഞ്ഞെടുത്തവരില്‍ അധികം പേരും കോളേജ് വിദ്യാഭ്യാസമുള്ള ഹിന്ദു സ്ത്രീകളായിരുന്നു.  വല്ലപ്പോഴുമെങ്കിലും സന്തോഷമുള്ള ഒരു കാര്യം ഓര്‍ത്തെടുത്തതായി ഏതാണ്ട് ഇവരെല്ലാവരും പറഞ്ഞു. ഒറ്റയ്ക്കായിരിക്കുമ്പോള്‍ എന്നതിനേക്കാള്‍ അധികം മറ്റുള്ളവരുമായി ഇടപഴകിക്കൊണ്ടിരിക്കുമ്പോഴാണ് ഇവര്‍ ഇത് ചെയ്തത്.   

ഈ ഗവേഷണത്തില്‍ നിന്ന് നിങ്ങള്‍ക്ക് എങ്ങനെ ഗുണം നേടാം? ആദ്യമായി ഈ രണ്ട് ചോദ്യങ്ങള്‍ക്ക് ഉത്തരം പറയുക, " എന്ത് തരം പ്രവര്‍ത്തനങ്ങളോ സംഭവങ്ങളോ ആണ് സാധാരണയായി നിങ്ങളെ നല്ല മാനസികാവസ്ഥയിലാക്കുന്നത്?" എന്നും " ഏത് തരം അനുഭവങ്ങളാണ് നിങ്ങളെ മോശം മാനസികാവസ്ഥയിലേക്ക് തള്ളിവിടുന്നത്?" എന്നും. ഉത്തരങ്ങള്‍ കഴിയുന്നത്ര വിശദാംശങ്ങളില്‍ കേന്ദ്രീകരിക്കുന്നത് ആക്കുക. പിന്നെ കഴിഞ്ഞ വര്‍ഷത്തെ മൂന്ന് സന്തുഷ്ടമായ ഓര്‍മ്മകള്‍ വിവരിച്ച് അവ എപ്പോള്‍ എവിടെവെച്ച് സംഭവിച്ചവയാണെന്ന് രേഖപ്പെടുത്തുക. നിങ്ങള്‍ ഇത്തരത്തില്‍ അനുകൂലമായ സ്വയം ക്രമീകരണം നടത്താന്‍ ഏറ്റവും  സാധ്യതയുള്ള സാഹചര്യങ്ങള്‍ തിരിച്ചറിയുക എന്നതാണ് ഇതിന്‍റെ ലക്ഷ്യം. 

രണ്ടാമതായി നിങ്ങള്‍ ഓര്‍ത്തെടുക്കുന്ന സംഭവങ്ങളുടെ വിഭാഗങ്ങളെ വൈവിധ്യവത്ക്കരിക്കാന്‍ പഠിക്കുക. ഇന്ത്യയില്‍ നിന്ന് പങ്കെടുത്തവര്‍ സാധാരണയായി കൂടുതല്‍ സന്തുഷ്ടമായ മാനസികാവസ്ഥയുണ്ടാക്കാന്‍ ഓര്‍ത്തെടുത്തത് കുടുംബപരമായ ഒരു സംഭവമോ വ്യക്തിപരമായ നേട്ടമോ ആണ്. അങ്ങനെ ചെയ്യുന്നത് നല്ലത് തന്നെ. പക്ഷെ ഞാന്‍ ഉറച്ച് വിശ്വസിക്കുന്നത് നമ്മള്‍ മാനസികാവസ്ഥ മെച്ചപ്പെടുത്താന്‍ തെരഞ്ഞെടുക്കുന്ന ഓര്‍മ്മകളുടെ വ്യാപ്തി വര്‍ദ്ധിപ്പിക്കാന്‍ പഠിക്കാന്‍ നമുക്കെല്ലാവര്‍ക്കും കഴിയുമെന്നാണ്. ഇവിടെ നമുക്ക് ചെയ്യാവുന്ന ഒരു കാര്യം പത്തു വിഭാഗങ്ങളുടെ പട്ടിക നോക്കുകയും കുറേ ദിവസങ്ങളിലായി ഓരോന്നിന്‍റേയും സ്വയം ഓരോ ഉദാഹരണം ഓര്‍ത്തെടുക്കാന്‍ ശ്രമിക്കുകയുമാണ്. നിങ്ങളുടെ സന്തുഷ്ടമായ ഓര്‍മ്മകളുടെ വ്യാപ്തി വര്‍ദ്ധിപ്പിക്കുന്നതിലൂടെ നിങ്ങള്‍ കൂടുതല്‍ ആസ്വാദന ശേഷിയും കൃതജ്ഞതയും വളര്‍ത്തിയെടുത്തേക്കാം. ആ സ്വഭാവ സവിശേഷതകള്‍ സ്ഥിരമായി വൈകാരിക സൗഖ്യത്തോടും ജീവിത സംതൃപ്തിയോടും ബന്ധപ്പെട്ടിരിക്കുന്നതായി ഗുണാത്മക മനഃശാസ്ത്രം(പോസിറ്റീവ് സൈക്കോളജി) കാണുന്നു.  
ഡോ. എഡ്വേര്‍ഡ് ഹോഫ്മാന്‍ ന്യൂയോര്‍ക്ക് സിറ്റിയിലെ യെഷിവ യൂണിവേഴ്സിറ്റിയില്‍ അസോസിയേറ്റ് സൈക്കോളജി പ്രൊഫസറാണ്. സ്വകാര്യ ചികിത്സ നടത്തുന്ന ലൈസന്‍സുള്ള മനശാസ്ത്രജ്ഞനായ ഇദ്ദേഹം മനഃശാസ്ത്രത്തേയും അനുബന്ധവിഷയങ്ങളേയും കുറിച്ചുള്ള 25 ലേറെ പുസ്തകങ്ങളുടെ രചയിതാവ്/എഡിറ്റര്‍ ആണ്. അടുത്തകാലത്ത് ഡോ. വില്യം കോംപ്റ്റണുമൊത്ത് പോസിറ്റീവ് സൈക്കോളജി: ദ സയന്‍സ് ഓഫ് ഹാപ്പിനസ് ആന്‍റ് ഫ്ളറിഷിംങ് (ഗുണാത്മക മനഃശാസ്ത്രം: സന്തോഷത്തിന്‍റേയും അഭിവൃദ്ധിയുടേയും  ശാസ്ത്രം) എന്ന പുസ്തകം രചിച്ചു. ഇന്ത്യന്‍ ജേര്‍ണല്‍ ഓഫ് പോസിറ്റീവ് സൈക്കോളജി, ജേര്‍ണല്‍ ഓഫ് ഹ്യൂമനിസ്റ്റിക് സൈക്കോളജി എന്നീ പ്രസിദ്ധീകരണങ്ങളുടെ പത്രാധിപസമിതി അംഗമാണ്. നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും ഇദ്ദേഹത്തെ എഴുതി അറിയിക്കാനുള്ള വിലാസം- columns@whiteswanfoundation.org.

Related Stories

No stories found.
White Swan Foundation
malayalam.whiteswanfoundation.org