സൗഖ്യം

സൗഹൃദത്തിന്‍റെ ഗുണനിലവാരം നിങ്ങളുടെ മാനസിക സൗഖ്യത്തെ ബാധിക്കുന്നുണ്ടാകും

ഡോ. എഡ്വേര്‍ഡ് ഹോഫ്മാന്‍

സൗഹൃദത്തിന്‍റെ കാര്യത്തില്‍ നിങ്ങള്‍ എങ്ങനെയാണ്? ജീവിതത്തിന്‍റെ ആഹ്ലാദങ്ങളും ആശാഭംഗങ്ങളും പങ്കുവെയ്ക്കാവുന്ന ആരെങ്കിലും നിങ്ങള്‍ക്കുണ്ടോ? ഈ വ്യക്തി എപ്പോഴും കൂറോടെ നിങ്ങള്‍ക്ക് അരികില്‍ ഉണ്ടായിരിക്കുമെന്ന് വിശ്വസിക്കാമോ, അതോ വൈകാരികമായ നല്ല കാലാവസ്ഥയില്‍ മാത്രമോ? നിങ്ങളുടെ ബന്ധം നിരുപാധികമായ പരസ്പര വിശ്വാസത്തിന്‍റേതാണോ, അതോ നിങ്ങള്‍ ഇരുവരും വസ്തുതകളും വികാരങ്ങളും പരസ്പരം മറച്ച് പിടിക്കുന്നുണ്ടോ? ഇത്തരം ചോദ്യങ്ങളെക്കുറിച്ച് ചിന്തിക്കുക എന്നത്  സങ്കീര്‍ണമായ കാര്യമാണ് എന്നു മാത്രമല്ല മനഃശാസ്ത്രത്തില്‍ നിന്നും വൈദ്യശാസ്ത്രത്തില്‍ നിന്നും വര്‍ദ്ധിച്ചുവരുന്ന തെളിവുകള്‍ അനുസരിച്ച് അവയുടെ ഉത്തരത്തിലാണ് നമ്മുടെ സൗഖത്തിനും ഊര്‍ജസ്വലതയ്ക്കും ദീര്‍ഘായുസ്സിനുമുള്ള താക്കോല്‍. 

പെരുമാറ്റ ചികിത്സാ ശാസ്ത്രം ഇപ്പോള്‍ അടുത്ത സാമൂഹിക ബന്ധങ്ങളും സൗഖ്യവും തമ്മിലുള്ള ബന്ധത്തെ വീണ്ടും ഉറപ്പിച്ച് പറയുകയാണെങ്കില്‍ സഹസ്രാബ്ദങ്ങള്‍ക്ക് മുമ്പ് അരിസ്റ്റോട്ടില്‍ ധാര്‍മിക ജീവിതത്തേയും സ്വഭാവ ഗുണങ്ങളേയും കുറിച്ചുള്ള തന്‍റെ പ്രധാനകൃതിയായ നിക്കോമാക്കിയന്‍ എത്തിക്സില്‍ ഈ വിഷയം കൈകാര്യം ചെയ്തിരുന്നു. ഈ മേഖലയില്‍ വളരെ സ്വാധീനം ചെലുത്തിയിട്ടുള്ള ഒരു സിദ്ധാന്തത്തില്‍ അരിസ്റ്റോട്ടില്‍ മൂന്നു തരം സൗഹൃദങ്ങളെ വേര്‍തിരിച്ച് പറയുന്നുണ്ട്: ഉപയോഗക്ഷമതയെ അടിസ്ഥാനമാക്കിയുള്ളവ, സുഖത്തെ അടിസ്ഥാനമാക്കിയുള്ളവ, നന്മയെ അടിസ്ഥാനമാക്കിയുള്ളവ. ഉപയോഗക്ഷമതയെ അടിസ്ഥാനമാക്കിയുള്ളവ പ്രധാനമായും വ്യാവസായിക ബന്ധങ്ങളാണ്. പണവും അധികാരവും പോലെ രണ്ടു കൂട്ടര്‍ക്കും കിട്ടുന്ന പ്രത്യക്ഷ ഗുണങ്ങളാണ് ഇവയുടെ അടിസ്ഥാനം. സുഖത്തെ അടിസ്ഥാനമാക്കിയുള്ള സൗഹൃദങ്ങള്‍ വിനോദങ്ങളുടെ പേരിലുള്ളതാണ്, കായിക പരിപാടികള്‍ക്കോ സംഗീത പരിപാടികള്‍ക്കോ ഒരുമിച്ച് പോകുക എന്നതു പോലെ. നന്മയെ അടിസ്ഥാനമാക്കിയുള്ള സൗഹൃദമാണ് ഏറ്റവും ഉന്നതമായ സൗഹൃദമെന്നാണ് അരിസ്റ്റോട്ടില്‍ പറഞ്ഞത്. ഇതില്‍ വൈകാരികമായ താല്‍പര്യവും സഹാനുഭൂതിയോടെയുള്ള ശ്രദ്ധയും അടങ്ങിയിരിക്കുന്നു. അദ്ദേഹത്തിന്‍റെ അടിസ്ഥാനത്തില്‍ നന്മയെ അടിസ്ഥാനമാക്കിയുള്ള സൗഹൃദത്തിനാണ് മനുഷ്യന്‍റെ ദൈനംദിന സൗഖ്യത്തില്‍ ഏറ്റവും സ്വധീനം ചെലുത്താന്‍ കഴിയുന്നത്. 

മധ്യകാലത്ത് അരിസ്റ്റോട്ടിലിന്‍റെ അഭിപ്രായങ്ങളെ പ്രശസ്തനായ യഹൂദ പണ്ഡിതനും ചികിത്സകനും ആയ മോസസ് മൈമോണിഡസ് വികസിപ്പിച്ചെടുത്തു. ഉദാഹരണത്തിന് ചിന്താകുഴപ്പത്തിലായവര്‍ക്കുള്ള മാര്‍ഗ രേഖ (ഗൈഡ് ഫോര്‍ ദ പെര്‍പ്ലെക്സ്ഡ്) എന്ന കൃതിയില്‍ ഇദ്ദേഹം പറയുന്നു, " ജീവിത കാലം മുഴുവന്‍ ഒരാള്‍ക്ക് സുഹൃത്തുക്കളെ ആവശ്യമുണ്ടെന്നത് പരക്കെ അറിയപ്പെടുന്ന കാര്യമാണ്. ഒരാള്‍ക്ക് ആരോഗ്യവും സമ്പദ്സമൃദ്ധിയും ഉള്ളപ്പോള്‍ അയാള്‍ കൂട്ടുകാരുമായുള്ള സമ്പര്‍ക്കം ആസ്വദിക്കുന്നു. കഷ്ടകാലങ്ങളില്‍ അയാള്‍ക്ക് അവരെ ആവശ്യമായി  വരുന്നു. വാര്‍ദ്ധക്യത്തില്‍ ദുര്‍ബലമാകുമ്പോള്‍ അവര്‍ അയാള്‍ക്ക് സഹായമാകുന്നു."

മൈമോണിഡസ് ചികിത്സകന്‍ എന്ന നിലയില്‍ അംഗീകരിക്കപ്പെട്ടിരുന്നെങ്കിലും അദ്ദേഹത്തിന്‍റെ കാലത്ത് വൈദ്യശാസ്ത്രത്തില്‍ 'സവിശേഷ ശാഖകള്‍' ഒന്നും ഉണ്ടായിരുന്നില്ല. പത്തൊമ്പതാം നൂറ്റാണ്ടിന്‍റെ അന്ത്യത്തിലാണ് സിഗ്മണ്ട് ഫ്രോയിഡിനെപ്പോലുള്ളവരുടെ ഗവേഷണത്തോടെ ശാസ്ത്രീയമായ വ്യക്തിത്വ പഠനം ആരംഭിച്ചത്. വിചിത്രമെന്ന് പറയട്ടെ, ഫ്രോയിഡ് വളരെയധികം എഴുതിയിട്ടുണ്ടെങ്കിലും മനുഷ്യര്‍ക്ക് സൗഹൃദം ഉണ്ടാക്കുന്ന ഗുണങ്ങളെപ്പറ്റി അദ്ദേഹത്തിന് കാര്യമായൊന്നും പറയാന്‍ ഉണ്ടായിരുന്നില്ല.  മാത്രമല്ല, മാനസികാസ്വാസ്ഥ്യങ്ങളെ (ന്യൂറോസിസ്) കുറിച്ചുള്ള അദ്ദേഹത്തിന്‍റെ സമഗ്ര സിദ്ധാന്തത്തില്‍ സുഹൃത്തുക്കളെ സമ്പാദിക്കാനുള്ള കഴിവ് കുട്ടിക്കാലത്ത് ആര്‍ജിക്കുകയോ വികലമാക്കപ്പെടുകയോ ചെയ്യുന്നതെങ്ങിനെയെന്ന് അദ്ദേഹം വിശദമാക്കിയില്ല. 

സൗഹൃദം എന്ന വിഷയത്തെ ഫ്രോയിഡ് അവഗണിച്ചെങ്കിലും അദ്ദേഹത്തിന്‍റെ സഹപ്രവര്‍ത്തകനായ ആല്‍ഫ്രഡ് ആഡ്ലര്‍ക്ക് അതിനെപ്പറ്റി പലതും പറയാനുണ്ടായിരുന്നു. ഓസ്ട്രിയന്‍ സൈന്യത്തില്‍ ഒന്നാം ലോക മഹായുദ്ധകാലത്ത് ചികിത്സകനായിരിക്കെ മനുഷ്യന്‍റെ അക്രമവാസനയുടെ ഭീകരതകള്‍ക്ക് സാക്ഷിയായ ആഡ്ലര്‍ സാമൂഹ്യ വികാരം എന്ന ആശയം രൂപീകരിച്ചു.  ഇത് വളരെ സ്വധീനം ചെലുത്തിയിട്ടുണ്ട്. മനുഷ്യര്‍ക്ക് സ്നേഹിക്കാനും പരിചരിക്കാനും ജന്മവാസന ഉണ്ടെന്നും എന്നാല്‍ കുട്ടിക്കാലത്ത് കുടുംബാംഗങ്ങളും അദ്ധ്യാപകരും മറ്റ് സ്കൂള്‍ ജീവനക്കാരും ശക്തിപ്പെടുത്തിയില്ലെങ്കില്‍ ഈ വാസന ദുര്‍ബലമായിരിക്കുമെന്ന് അദ്ദേഹം വാദിച്ചു.  

കുട്ടികളിലും കൗമാരക്കാരിലും സാമൂഹ്യ വികാരം വളര്‍ത്തേണ്ടത് എങ്ങനെ എന്നതിനെക്കുറിച്ചുള്ള ആഡ്ലറുടെ കൃതികള്‍ അന്താരാഷ്ട്ര പ്രശസ്തി നേടി. വ്യക്തിത്വ നിര്‍ണയ രീതികള്‍ പഠിപ്പിക്കുമ്പോള്‍, സുഹൃത്തുക്കള്‍ ഉണ്ടായിരിക്കുക എന്നത് ഒരു കുട്ടിയുടെ വൈകാരിക സൗഖ്യത്തിന്‍റെ പ്രധാന സൂചകമാണെന്ന് അദ്ദേഹം എടുത്ത് പറഞ്ഞു. ഗവേഷണത്തില്‍ നിന്ന് എന്നതിനേക്കാളും ചികിത്സാ പരിചയത്തിന്‍റെ അടിസ്ഥാനത്തിലായിരുന്നു അദ്ദേഹത്തിന്‍റെ വാദങ്ങള്‍. കൂട്ടുകാരില്ലാത്ത ചെറുപ്പക്കാര്‍ക്ക് മാസികാരോഗ്യ പ്രശ്നങ്ങളുണ്ടാകാന്‍ കൂടുതല്‍ സാധ്യതയുണ്ടെന്നും ഇവരെ സാമൂഹ്യ നൈപുണ്യങ്ങള്‍ പഠിപ്പിക്കാന്‍ വിദഗ്ധരുടെ ഇടപെടല്‍ ആവശ്യമാണെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.  ചില കാര്യങ്ങളില്‍ ഗുണാത്മക മനഃശാസ്ത്രം (പോസിറ്റീവ് സൈക്കോളജി) എന്നറിയപ്പെടുന്ന പുതിയ ശാഖ കുടുംബ തെറാപ്പിയിലൂടേയും സ്കൂളിലെ മാര്‍ഗനിര്‍ദ്ദേശങ്ങളിലൂടേയും സാമൂഹ്യ വികാരം വളര്‍ത്തുന്നിനെക്കുറിച്ചുള്ള ആഡ്ലറുടെ സിദ്ധാന്തങ്ങളോട് കടപ്പെട്ടിരിക്കുന്നു.
സൗഹൃദവും പെരുമാറ്റ ചികിത്സാശാസ്ത്രവും
1970 കളില്‍ പെരുമാറ്റ ചികിത്സാശാസ്ത്രത്തിന്‍റെ വരവിന് ശേഷം  സാമൂഹ്യ പിന്തുണ എന്ന് വിളിക്കപ്പെടുന്ന വിഷയത്തെ ഗവേഷകര്‍ സൂക്ഷ്മമായി പഠിച്ചിട്ടുണ്ട്.  ഈ മേഖലയുടെ ഉത്ഭവം മുതല്‍, ഗവേഷകര്‍ പ്രായോഗിക പിന്തുണയും വൈകാരിക പിന്തുണയും തമ്മില്‍ വേര്‍തിരിച്ചിട്ടുണ്ട്.  പ്രായോഗിക പിന്തുണയില്‍ പണം, ഭക്ഷണം, പാചകം, വീടുവൃത്തിയാക്കല്‍ മുതലായ നേരിട്ട് കണ്ടും അനുഭവിച്ചും അറിയാവുന്ന കാര്യങ്ങള്‍ അടങ്ങിയിരിക്കുന്നു. വൈകാരിക പിന്തുണയില്‍ സഹാനുഭൂതിയും, താദാത്മ്യം പ്രാപിക്കലും ഉപദേശവും പോലുള്ള ദൃശ്യമല്ലാത്ത കാര്യങ്ങള്‍ അടങ്ങിയിരിക്കുന്നു. ഇപ്പോള്‍ സാമൂഹ്യ പിന്തുണയുടെ ഒരു പ്രത്യേക ഘടകത്തില്‍ - വിശ്വസ്ത സുഹൃത്ത് എന്ന  ബന്ധത്തില്‍- ഗവേഷണം കേന്ദ്രീകരിക്കാന്‍ തുടങ്ങിയിരിക്കുന്നു. പ്രധാനപ്പെട്ട വ്യക്തിപരമായ കാര്യങ്ങള്‍ പങ്കുവെയ്ക്കാന്‍ ഒരാള്‍ തെരഞ്ഞെടുക്കുന്ന വ്യക്തിയെ(വ്യക്തികളെ) ചിലപ്പോള്‍ വിശ്വസ്ത സുഹൃത്ത് എന്ന് വിശേഷിപ്പിക്കുന്നു. ഹൃദ്രോഗവും മാനസിക സാമൂഹിക ഘടകങ്ങളും എന്ന വിഷയത്തെക്കുറിച്ച് ബ്രിഗാം-യംങ് സര്‍വ്വകലാശാലയിലെ ഡോ. ജൂലിയാന്‍ ഹോള്‍ട്ട്-ലെന്‍സ്റ്റാഡും സഹപ്രവര്‍ത്തകരും നിരീക്ഷിക്കുന്നത് പോലെ      "ചില ബന്ധങ്ങള്‍ മറ്റുള്ളവയേക്കാള്‍ പ്രാധാന്യമുള്ളവയായിരിക്കുമെന്നും ഒരു പ്രത്യേക ബന്ധത്തില്‍ അടുപ്പം തോന്നുക എന്നത് നമ്മള്‍ മനസിലാക്കിയിരിക്കേണ്ട ഒരു പ്രധാന ഘകടമാണെന്നും കരുതാന്‍ മതിയായ കാരണമുണ്ട്".

കഴിഞ്ഞ മുപ്പത് വര്‍ഷങ്ങളിലായി ഒരു വിശ്വസ്ത സുഹൃത്തിന്‍റെ സാന്നിദ്ധ്യവും വ്യക്തിയുടെ സൗഖ്യവും തമ്മില്‍ അളന്ന് തിട്ടപ്പെടുത്താവുന്ന ഒരു ബന്ധമുണ്ടെന്ന് മനുഷ്യരുടെ പെരുമാറ്റം സംബന്ധിച്ചുള്ള ഗവേഷണം സ്ഥിരീകരിച്ചിട്ടുണ്ട്. ഇതിന്‍റെ പഠന മേഖലകള്‍ വ്യാപകമായിരുന്നു-അമേരിക്കന്‍ കൗമാരക്കാര്‍ക്കിടയിലെ മയക്കുമരുന്ന് ഉപയോഗവും വിഷാദരോഗവും മുതല്‍ മെക്സിക്കന്‍ യുവാക്കള്‍ക്കിടയിലെ ആരോഗ്യ പരിരക്ഷാ മുന്‍കരുതലുകള്‍ വരെ. ഇത്തരം പഠനങ്ങള്‍ സ്ഥിരമായി കാണിക്കുന്നത്  വിശ്വസ്ത സുഹൃത്ത് ഇല്ലെന്ന് പറയുന്ന വ്യക്തികള്‍ അപകടകരവും സ്വയം വിനാശകരവുമായ ഏതാണ്ട് എല്ലാ പെരുമാറ്റങ്ങളിലും ഏര്‍പ്പെടുന്നു എന്നാണ്. വിശ്വസ്ത സുഹൃത്ത് ഉണ്ടെന്ന് പറയുന്ന വ്യക്തികള്‍ക്ക് കൂടുതല്‍ നല്ല ആരോഗ്യമുണ്ടെന്നും അവര്‍ക്ക് ഹൃദ്രോഗം വര്‍ദ്ധിച്ച രക്തസമ്മര്‍ദ്ദം ആസ്ത്മ തുടങ്ങിയ ദീര്‍ഘകാല രോഗങ്ങള്‍ ഉണ്ടാകാന്‍ സാധ്യത കുറവാണെന്നും കൂടി ഗവേഷണങ്ങളില്‍ നിന്ന് വ്യക്തമായിട്ടുണ്ട്. അവര്‍ക്ക് കൂടുതല്‍ മാനസിക പ്രതിരോധ ശേഷിയും വിഷാദരോഗം ചെറുത്തു നില്‍ക്കാനുള്ള കഴിവും ഉള്ളതായി കാണുന്നു. പൊണ്ണത്തടിയും പ്രവര്‍ത്തനാരോഗ്യവും എന്ന വിഷയത്തിലുള്ള പഠനത്തില്‍ ഡോ. പോള്‍ സര്‍ടിസും സഹപ്രവര്‍ത്തകരും കണക്കാക്കിയത് ഒരു വിശ്വസ്ത സുഹൃത്തിന്‍റെ സാന്നിദ്ധ്യം സ്ത്രീകളുടെ ആയുര്‍ദൈര്‍ഘ്യത്തില്‍ അഞ്ച് വര്‍ഷവും പുരുഷന്മാരുടേതില്‍ നാലുവര്‍ഷവും കൂട്ടിചേര്‍ക്കുന്നു എന്നാണ്.
കൃത്യമായി എങ്ങനെയാണ് ഒരു വിശ്വസ്ത സുഹൃത്തിന്‍റെ സാന്നിദ്ധ്യത്തിന് നമ്മുടെ സൗഖ്യത്തെ ഇത്ര വലിയ തോതില്‍ സ്വാധീനിക്കാന്‍ ആകുന്നത്? ഗവേഷകരിപ്പോഴും ഇതിന്‍റെ ഉത്തരത്തില്‍ നിന്നും വളരെ അകലെയാണ്.  പക്ഷെ ഇതിന് നേരിട്ടുള്ളതും അല്ലാത്തതുമായ തലങ്ങള്‍ ഉണ്ടെന്നാണ് മിക്കവരും വിശ്വസിക്കുന്നത്. നേരിട്ടുള്ളവ എടുത്താല്‍,  ഒരു അടുത്ത സുഹൃത്തിന്‍റെ സാന്നിദ്ധ്യം കൊണ്ട് നമ്മള്‍ നേടുന്നത് നമ്മുടെ പെരുമാറ്റ വൈചിത്ര്യങ്ങള്‍ അറിയുകയും എങ്കിലും നമ്മുടെ സന്തോഷത്തില്‍ താല്‍പര്യം ഉണ്ടായിരിക്കുകയും ചെയ്യുന്ന ഒരാളുടെ വൈകാരികമായ അടുപ്പവും മാര്‍ഗനിര്‍ദ്ദേശവുമാണ്. അതിനാല്‍ വിശ്വസ്ത സുഹൃത്ത് ഉണ്ടായിരുന്നാല്‍ നമുക്ക് ജോലിയും കുടുംബവും പോലുള്ള മേഖലകളില്‍ കൂടുതല്‍ കാര്യക്ഷമമായ തീരുമാങ്ങള്‍ എടുക്കാനാകും. ഇത് മൂലം ദൈനംദിന ജീവിതത്തിലെ സമ്മര്‍ദ്ദ കാരണങ്ങളോടുള്ള നമ്മുടെ പ്രതികരണം മെച്ചപ്പെടുന്നു. നേരിട്ടല്ലാത്തവ എടുത്താല്‍ വിശ്വസ്തനായ ഒരു വ്യക്തിയോട് വികാരങ്ങള്‍ പങ്കുവെയ്ക്കാന്‍ കഴിവുണ്ടെങ്കില്‍ നമ്മള്‍ പുകവലി, അമിത ഭക്ഷണം, മയക്കുമരുന്ന് ഉപയോഗം, വ്യായാമമില്ലാത്ത  ജീവിത രീതി എന്നിങ്ങനെ ഉത്കണ്ഠ മൂലമുള്ള അനാരോഗ്യ പ്രവണതകളില്‍ ഏര്‍പ്പെടാനുള്ള സാധ്യത കുറയും. ഇങ്ങനെ നോക്കുമ്പോള്‍ ഒരു വിശ്വസ്ത സുഹൃത്തിന്‍റെ സാന്നിദ്ധ്യം മാനസിക സംഘര്‍ഷത്തിന് അയവ് വരുത്താന്‍ അനാരോഗ്യകരമായ വഴികള്‍ തേടാനുള്ള നമ്മുടെ സ്വന്തം പ്രവണതയില്‍ നിന്നുള്ള രക്ഷാകവചമായി പ്രവര്‍ത്തിക്കുന്നു. ഇന്നത്തെ വേഗത കൂടിക്കൊണ്ടിരിക്കുന്ന സമൂഹത്തില്‍ മാനസിക സമ്മര്‍ദ്ദം അത്ര പെട്ടെന്നൊന്നും ഇല്ലാതാകില്ല. അതുകൊണ്ട് ഒരു വിശ്വസ്ത സുഹൃത്ത് ഉണ്ടായിരിക്കുക എന്നത് നമ്മുടെ ദൈനംദിന സൗഖ്യത്തിന്‍റെ കാര്യത്തില്‍ മുമ്പത്തേതിലും ഏറെ പ്രധാന്യമുള്ള സംഗതിയാണ്.  
വിശ്വസ്ത സുഹൃദ്ബന്ധം നിലനിര്‍ത്തുന്നതിനുള്ള 6 നിര്‍ദ്ദേശങ്ങള്‍
  • ആധികാരികതയോടെ വ്യക്തമായി ആശയ വിനിമയം നടത്തുക. നിങ്ങളെ എത്ര ഇഷ്ടമാണെങ്കിലും നിങ്ങളുടെ വികാരങ്ങളെക്കുറിച്ച് നിങ്ങള്‍ അവ്യക്തമായാണ് പറയുന്നതെങ്കില്‍ ആര്‍ക്കും നിങ്ങളോട് താദാത്മ്യം പ്രാപിക്കാനും നിങ്ങളെ സഹായിക്കാനും കഴിയില്ല. "എനിക്ക് അടുത്തകാലത്തായി എന്തോ വിഷമം തോന്നുന്നു", എന്ന് പറയുന്നതിനേക്കാള്‍ " ഞാന്‍ എന്‍റെ ജോലിയെക്കുറിച്ചോര്‍ത്ത് വിഷമിച്ചിരിക്കുകയാണ്", എന്നു  പറഞ്ഞാല്‍ നിങ്ങളുടെ വിശ്വസ്ത സുഹൃത്തിന് അത് കൂടുതല്‍ നന്നായി മനസിലാകും. 
  • ആത്മാരാധന (തന്നില്‍ തന്നെ ശ്രദ്ധ കേന്ദ്രീകരിക്കല്‍ ) ഒഴിവാക്കുക. വികാരങ്ങളുടെ കൈമാറ്റത്തില്‍ ശരിയായ പാരസ്പര്യം ഉണ്ടെന്ന് ഉറപ്പു വരുത്തുക. മറ്റൊരു വിധത്തില്‍ പറഞ്ഞാല്‍ നന്നായി സംസാരിക്കുക മാത്രമല്ല നല്ല കേള്‍വിക്കാരനാകുകയും ചെയ്യുക. നിങ്ങളുടെ വിശ്വസ്ത സുഹൃത്തിന്‍റെ ജീവിതാനുഭവങ്ങളില്‍ യഥാര്‍ത്ഥമായ താല്‍പര്യം കാണിക്കുക.
  • നിങ്ങളുടെ വിശ്വസ്ത സുഹൃത്തില്‍ "പരിചരണം നല്‍കുന്നവര്‍ക്കുണ്ടാകുന്ന തളര്‍ച്ച" ഉണ്ടാകാതെ നോക്കുക. എന്തൊക്കെയാണ് തുറന്നു പറയേണ്ടത്, എപ്പോഴൊക്കെയാണ് പറയേണ്ടത്  എന്നതിനെക്കുറിച്ച് വിവേചനം പാലിക്കുക. നിങ്ങളുടെ എല്ലാ ചെറിയ വൈകാരിക മുറിവുകളെക്കുറിച്ചും എപ്പോഴും പരാതി പറയുന്നത് മടുപ്പുളവാക്കുന്ന കാര്യമാണ്.
  • കൃതജ്ഞത പ്രകടിപ്പിക്കുക. കാരണം തന്നെ മറ്റുള്ളവര്‍ ഉപയോഗിക്കുകയും ചൂഷണം ചെയ്യുകയുമാണെന്ന് തോന്നുന്നത് ആര്‍ക്കും ഇഷ്ടപ്പെടുകയില്ല. ഒരു വിശ്വസ്ത സുഹൃത്ത് എന്നാല്‍ നിങ്ങള്‍ പണം കൊടുത്ത് നിയമിച്ചിരിക്കുന്ന തെറാപ്പിസ്റ്റോ ചികിത്സകനോ അല്ല. പല തരത്തില്‍ നന്ദി പ്രകടിപ്പിക്കാന്‍ കഴിയും. നിങ്ങള്‍ക്ക് ഏറ്റവും പ്രസക്തമായത് അതില്‍ ഏതാണെന്ന്  കണ്ടുപിടിക്കുക.
  • വിശ്വസ്ത സുഹൃത്തിനോട് ഇടയ്ക്കിടയ്ക്ക് നേരിട്ട് തന്നെ നിങ്ങളുമായുള്ള സൗഹൃദത്തെക്കുറിച്ചുള്ള അഭിപ്രായവും വിലയിരുത്തലും മറ്റും ചോദിച്ച് അറിയുക. നിങ്ങളുടെ വിശ്വസ്ത സുഹൃത്തിനോട് നിങ്ങള്‍ വീഴ്ചകളില്‍  നിന്ന് പാഠം പഠിക്കുകയും ഉപദേശങ്ങള്‍ ഉള്‍ക്കൊള്ളുകയും ചെയ്യുന്നുണ്ടോ അതോ ഒരേ വൃത്തത്തില്‍ കിടന്ന് കറങ്ങുകയാണോ എന്ന് ചോദിക്കാന്‍ പേടിക്കേണ്ടതില്ല. ഇതിന് കിട്ടുന്ന മറുപടിക്ക് അനുസരിച്ച് മുന്നോട്ട് പോകുവാന്‍ തയ്യാറാകുക.
  • എല്ലാ ബന്ധങ്ങള്‍ക്കും സമതുലിതാവസ്ഥ ആവശ്യമുണ്ട്. അതുകൊണ്ട് ജീവിത ദുഃഖങ്ങള്‍ മാത്രമല്ല ആഹ്ലാദങ്ങളും പങ്കുവെയ്ക്കുന്നു എന്ന് ഉറപ്പാക്കുക. ചിരിയും തമാശയും ജീവിതത്തിന്‍റെ കാഠിന്യത്തേയും കാര്‍ക്കശ്യത്തേയും ലഘൂകരിക്കുന്നു. ഒരുമിച്ചുള്ള ചില വിനോദങ്ങള്‍ ആസൂത്രണം ചെയ്യുക. നിങ്ങള്‍ക്കും നിങ്ങളുടെ വിശ്വസ്ത സുഹൃത്തിനും പുതിയ ഊര്‍ജം ലഭിക്കും. 
ഡോ. എഡ്വേര്‍ഡ് ഹോഫ്മാന്‍ ന്യൂയോര്‍ക്ക് സിറ്റിയിലെ യെഷിവ യൂണിവേഴ്സിറ്റിയില്‍ അസോസിയേറ്റ് സൈക്കോളജി പ്രൊഫസറാണ്. സ്വകാര്യ ചികിത്സ നടത്തുന്ന ലൈസന്‍സുള്ള മനശാസ്ത്രജ്ഞനായ ഇദ്ദേഹം മനഃശാസ്ത്രത്തേയും അനുബന്ധവിഷയങ്ങളേയും കുറിച്ചുള്ള 25 ലേറെ പുസ്തകങ്ങളുടെ രചയിതാവ്/എഡിറ്റര്‍ ആണ്. അടുത്തകാലത്ത് ഡോ. വില്യം കോംപ്റ്റണുമൊത്ത് പോസിറ്റീവ് സൈക്കോളജി: ദ സയന്‍സ് ഓഫ് ഹാപ്പിനസ് ആന്‍റ് ഫ്ളറിഷിംങ് (ഗുണാത്മക മനഃശാസ്ത്രം: സന്തോഷത്തിന്‍റേയും അഭിവൃദ്ധിയുടേയും  ശാസ്ത്രം) എന്ന പുസ്തകം രചിച്ചു. ഇന്ത്യന്‍ ജേര്‍ണല്‍ ഓഫ് പോസിറ്റീവ് സൈക്കോളജി, ജേര്‍ണല്‍ ഓഫ് ഹ്യൂമനിസ്റ്റിക് സൈക്കോളജി എന്നീ പ്രസിദ്ധീകരണങ്ങളുടെ പത്രാധിപസമിതി അംഗമാണ്. നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും ഇദ്ദേഹത്തെ എഴുതി അറിയിക്കാനുള്ള വിലാസം- columns@whiteswanfoundation.org .
White Swan Foundation
malayalam.whiteswanfoundation.org