സൗഖ്യം

എന്താണ് പോസിറ്റീവ് സൈക്കോളജി (ഗുണാത്മക മനശാസ്ത്രം)? ഡോ. എഡ്വേര്‍ഡ് ഹോഫ്മാന്‍

ഡോ. എഡ്വേര്‍ഡ് ഹോഫ്മാന്‍

പോസിറ്റീവ് സൈക്കോളജി (ഗുണാത്മക മനഃശാസ്ത്രം) ഈയിടെയായി വളരെ ചൂടുള്ള വിഷയമാണ്. പേരില്‍ സന്തോഷം എന്ന വാക്കുള്ള പുസ്തകങ്ങള്‍ പ്രസാധകരുടെ പട്ടികളില്‍ നിറഞ്ഞ് നില്‍ക്കുകയാണ്. പുനരുത്ഥാന ശേഷി, സൗഖ്യം, കൃതജ്ഞത, ധ്യാനം, ശ്രദ്ധ എന്നിവയെക്കുറിച്ചുള്ള പഠനങ്ങള്‍ അക്കാദമിക് പ്രസിദ്ധീകരണങ്ങളില്‍ നിന്ന് മുഖ്യധാരാ പ്രസിദ്ധീകരണങ്ങളിലേക്ക് കടന്നിട്ടുണ്ട്. എന്‍റേതുള്‍പ്പടെ യുഎസ്എയിലെ 200ല്‍ അധികം കോളേജുകളും യൂണിവേഴ്സിറ്റികളും വളര്‍ന്നുകൊണ്ടിരിക്കുന്ന ഈ മേഖലയെക്കുറിച്ചുള്ള കോഴ്സുകള്‍ ഇപ്പോള്‍ ലഭ്യമാക്കുന്നുണ്ട്. ഈ സവിശേഷ ശാഖയ്ക്ക് നീക്കിവെച്ചിട്ടുള്ള പുതിയ പ്രൊഫഷണല്‍ പ്രസിദ്ധീകരണങ്ങളും ഉണ്ട്.  ജേര്‍ണല്‍ ഓഫ് ഹാപ്പിനസ് സ്റ്റഡീസ് എന്ന പോലുള്ള പേരുകളാണിവയ്ക്ക്. 

ഈ താല്‍പര്യത്തിന്‍റെ തിരതള്ളല്‍ നാടകീയമായ ഒരു മാറ്റമാണ് വ്യക്തമാക്കുന്നത്. ഒരു നൂറ്റാണ്ടിലേറെയായി മനഃശാസ്ത്ര സിദ്ധാന്തത്തിലും പ്രയോഗത്തിലും ഊന്നല്‍ കൊടുത്തിരുന്നത് പ്രവര്‍ത്തന തകരാര്‍, മാനസികരോഗം, വൈകാരിക ക്ഷതങ്ങള്‍ പരിഹരിക്കല്‍ എന്നിവയ്ക്കായിരുന്നു. ഫ്രോയിഡിനെപ്പോലുള്ള ആദ്യകാല വിദഗ്ധര്‍ വൈദ്യശാസ്ത്ര രംഗത്തു നിന്നും ഉള്ളവരായിരുന്നു എന്നും അവര്‍ ആരോഗ്യമല്ല രോഗം കണ്ടെത്താനാണ് പരിശീലനം നേടിയിരുന്നതെന്നും ഉള്ള വസ്തുത കണക്കിലെടുക്കുമ്പോള്‍ ഈ കേന്ദ്രീകരണത്തില്‍ അത്ഭുതപ്പെടാനില്ല. പിന്നീട് 1998 ല്‍ പെന്‍സില്‍വാനിയ യൂണിവേഴ്സിറ്റിയിലെ ഡോ. മാര്‍ട്ടിന്‍ സെലിഗ്മാന്‍, അമേരിക്കന്‍ സൈക്കോളജിക്കല്‍ അസോസിയേഷന്‍റെ പ്രസിഡന്‍റ് എന്ന പദവി ഉപയോഗിച്ച് 'മനുഷ്യന്‍റെ ശക്തികളും നന്മകളും' എന്നതിനെക്കുറിച്ചുള്ള ശാസ്ത്രീയമായ പഠനം പ്രോത്സാഹിപ്പിച്ചു.  അദ്ദേഹം ഇങ്ങനെ വിളിച്ചത് ദയ, ജിജ്ഞാസ, സര്‍ഗാത്മകത, ധൈര്യം, പൊറുക്കാനുള്ള കഴിവ്, പ്രത്യാശ, ഉത്സാഹം, നേതൃത്വഗുണം എന്നീ സ്വഭാവ സവിശേഷതകളെയാണ്. 

പോസിറ്റീവ് സൈക്കോളജി (ഗുണാത്മക മനശാസ്ത്രം) എന്ന പേര് നല്‍കിയത് സെലിഗ്മാന്‍ ആണെങ്കിലും, നമ്മളില്‍ തെറ്റായി ഉള്ളതിലല്ല, ശരിയായി ഉള്ളതില്‍ ശ്രദ്ധകേന്ദ്രീകരിക്കുക എന്ന ആശയം ഉത്ഭവിച്ചത് 60 ല്‍ ഏറെ വര്‍ഷം മുമ്പ് മറ്റൊരു പ്രശസ്ത അമേരിക്കന്‍ മനശാസ്ത്രജ്ഞനായ ഏബ്രഹാം മാസ്ലോവിന്‍റെ ചിന്തയിലാണ്. വ്യക്തിത്വത്തേയും പ്രചോദനത്തേയും കുറിച്ചുള്ള പ്രാരംഭ പഠനങ്ങളുടെ പേരിലാണ് അദ്ദേഹം അറിയപ്പെടുന്നത്. ആത്മ യഥാര്‍ത്ഥീകരണം (സെല്‍ഫ് ആക്ച്വലൈസേഷന്‍) ഉന്നതാനുഭവം (പീക്ക്- എക്സ്പീരിയന്‍സ്) സംയോഗകര്‍മ്മവാദം (സിനര്‍ജി)തുടങ്ങിയ അദ്ദേഹത്തിന്‍റെ ആശയങ്ങള്‍ ദൈനംദിന ഇംഗ്ലീഷ് ഭാഷയുടെ ഭാഗമായിത്തീര്‍ന്നിട്ടുണ്ട്. സ്ഥല പരിമിതി കാരണം ഇന്നിവിടെ പോസിറ്റീവ് സൈക്കോളജി (ഗുണാത്മക മനശാസ്ത്രം) യുടെ രണ്ട് പ്രധാന വശങ്ങളിലേ ശ്രദ്ധകേന്ദ്രീകരിക്കാന്‍ കഴിയുകയുള്ളു: ഒഴുക്കനുഭവങ്ങളും (ഫ്ളോ എക്സ്പീരിയന്‍സസ്) ജീവിതത്തില്‍ ഒരു വിശ്വസ്ത സുഹൃത്തിന്‍റെ സാന്നിദ്ധ്യവും.
ദൈനംദിന ജീവിതത്തില്‍ ഒഴുക്ക് കണ്ടെത്തല്‍

നിങ്ങള്‍ക്ക് സന്തോഷത്തോടെ സ്വയം നഷ്ടപ്പെടാന്‍ കഴിയുന്ന വിധം നിങ്ങള്‍ എപ്പോഴെങ്കിലും ഒരു പ്രവര്‍ത്തിയില്‍ അലിഞ്ഞ് ചേര്‍ന്നിട്ടുണ്ടോ? അപ്പോള്‍ സമയം എന്നത് ഇല്ലാതായതുപോലെ തോന്നിയോ? അങ്ങനെയെങ്കില്‍ ഒഴുക്ക് അനുഭവം നിങ്ങള്‍ക്ക് അപരിചിതമല്ല. വ്യക്തിപരം മാത്രമല്ല സ്ഥാപനപരമായ ഗുണങ്ങള്‍ക്കും വേണ്ടി ഇതിപ്പോള്‍ വളരെയേറെ ഗവേഷണങ്ങള്‍ക്ക് വിഷയമാകുകയാണ്. ജോലിസ്ഥലത്ത് ഉണ്ടാകുന്ന ഇത്തരം നിമിഷങ്ങള്‍ കൂടിയ താല്‍പര്യവും ഉത്പാദനക്ഷമതയുമായി ബന്ധപ്പെട്ടിരിക്കുന്നതുകൊണ്ട് ബിസിനസ് മേധാവികള്‍ക്ക് ഈ ജിജ്ഞാസാ ജനകമായ  പ്രതിഭാസത്തില്‍ പ്രത്യേക താല്‍പര്യം ഉണ്ട്. എന്താണ് അവരുടെ ലക്ഷ്യം? ദൈനംദിന പ്രവര്‍ത്തനങ്ങളില്‍ ഒഴുക്കനുഭവങ്ങള്‍ ഉണ്ടാകാനും നിലനിര്‍ത്താനും സഹായിക്കുക.

ഈ മനഃശാസ്ത്ര സങ്കല്‍പ്പം 'ഒഴുക്കിനൊത്ത് നീങ്ങുക' എന്ന ഒരിക്കല്‍ ജനപ്രിയമായിരുന്ന ചൊല്ലിനോട് ബന്ധപ്പെട്ടതല്ലായെന്ന് പറയുമ്പോള്‍ നിങ്ങള്‍ അതിശയിച്ചേക്കാം. ഡോ.മിഹാല്‍യി സിക്സെന്‍റ്മിഹാല്‍യിയാണ് വര്‍ഷങ്ങളുടെ പഠനത്തിന് ശേഷം ഇത് രൂപീകരിച്ചത്. ഭാഗികമായി തന്‍റെ ജീവിതാനുഭവത്തിന്‍റെ അടിസ്ഥാനത്തിലായിലുന്നു അത്. ഹംഗറിയില്‍ 1934 ല്‍ ജനിച്ച് അദ്ദേഹം ബാല്യത്തിന്‍റെ ഒരു  ഭാഗം ചെലവഴിച്ചത് രണ്ടാംലോകമഹായുദ്ധകാലത്തെ തടവുകാരുടെ ഒരു ക്യാമ്പിലായിരുന്നു. അവിടത്തെ വാക്കുകള്‍ക്കതീതമായ യാതനകളെ മറികടക്കാന്‍ ചെസ് തന്നെ സഹായിക്കുന്നതായി അദ്ദേഹം കണ്ടെത്തി. പിന്നീട് ഒരു അഭിമുഖത്തില്‍ അദ്ദേഹം ഓര്‍ത്തു പറഞ്ഞത് ഇങ്ങനെയാണ് " ആ ഭീകരമായ കാര്യങ്ങളൊന്നും പ്രസക്തമല്ലാത്ത വ്യത്യസ്തമായ ഒരു ലോകത്തിലേക്ക് പ്രവേശിക്കാനുള്ള അത്ഭുതകരമായ ഒരു മാര്‍ഗമായിരുന്നു അത്. മണിക്കൂറുകളോളം എനിക്ക് വ്യക്തമായ നിയമങ്ങളും ലക്ഷ്യങ്ങളുമുള്ള ഒരു യാഥാര്‍ത്ഥ്യത്തില്‍ മാത്രമായി ശ്രദ്ധവെയ്ക്കാന്‍ കഴിഞ്ഞു. കൗമാരക്കാരനായിരിക്കെ ചിത്രരചനയില്‍ ഏര്‍പ്പെട്ടപ്പോള്‍ ഈ പ്രവര്‍ത്തിയും ആനന്ദകരമായ ഒരു അലിഞ്ഞുചേരല്‍ ബോധം ഉണ്ടാക്കിയതായി അദ്ദേഹത്തിന് അനുഭവപ്പെട്ടു. ചിക്കാഗോ യൂണിവേഴ്സിറ്റിയില്‍ നിന്ന് 1965 ല്‍ ഡോക്ടറേറ്റ് നേടിയ ശേഷം അദ്ദേഹം ചിത്രകാരന്മാരേയും ഉയര്‍ന്ന സര്‍ഗാത്മകതയുള്ള മറ്റുള്ളവരേയും കുറിച്ച് മാര്‍ഗദര്‍ശകമായ പഠനങ്ങള്‍ നടത്തി. ഈ ഗവേഷണം എത്തിച്ചേര്‍ന്നത് ഒഴുക്ക് എന്ന ആശയത്തിലാണ്. അതിനെ അദ്ദേഹം ഇങ്ങനെയാണ് നിര്‍വചിച്ചത്, " മറ്റൊന്നും കാര്യമല്ലെന്ന് തോന്നുംവിധം നമ്മളൊരു പ്രവര്‍ത്തിയില്‍ ലയിച്ചിരിക്കുക. ആ അനുഭവം അത്രയേറെ ആസ്വാദ്യകരമായതുകൊണ്ട് ആളുകള്‍ എന്ത് വിലകൊടുത്തും അത് ചെയ്യാന്‍വേണ്ടി മാത്രം ചെയ്തുകൊണ്ടിരിക്കും". 
നമ്മള്‍ ഒരു ഒഴുക്കനുഭവത്തില്‍ പെട്ടിരിക്കുകയാണെന്ന് എങ്ങനെ അറിയാനും? ഇക്കാര്യത്തില്‍ ഡോ.സിക്സെന്‍റ്മിഹാല്‍യി 8 ലക്ഷണങ്ങള്‍ തിരിച്ചറിഞ്ഞിട്ടുണ്ട്.
1. പ്രവര്‍ത്തിയും ബോധവും ഒന്നാകല്‍, നിങ്ങള്‍ പൂര്‍ണമായും ആ പ്രവര്‍ത്തിയുടെ 'ഉള്ളില്‍'ആകും വിധം. 2.  മറ്റെല്ലാത്തില്‍ നിന്നും വിട്ട് ചെയ്യുന്ന കാര്യത്തില്‍ പൂര്‍ണ ഏകാഗ്രതയോടെ ശ്രദ്ധിക്കുക. 3. നിയന്ത്രണം നഷ്ടപ്പെട്ടുപോകുമെന്ന ആശങ്കയില്ലാതാകല്‍. 4. അവനവന്‍ എന്ന വിചാരം നഷ്ടപ്പെടുക. നിങ്ങളുടെ അഹംബോധം (ഈഗോ) ഒതുക്കപ്പെടുകയും അതിലും വലിയ എന്തിനോടോ ചേരുകയും ചെയ്യുന്നു. 5. സമയം  കടന്നു പോകുന്നത് അസാധാരണമായ രീതിയിലാണ്. ഒന്നുകില്‍ ഭയങ്കരമായി വേഗത വര്‍ദ്ധിക്കുക, അല്ലെങ്കില്‍ ഭയങ്കരമായി വേഗത കുറയുക എന്നാണിത് സാധാരണയായി വര്‍ണിക്കപ്പെടാറുള്ളത്.  6. ഈ അനുഭവം സ്വയം പൂര്‍ത്തീകരിക്കുന്നതാണ്, അതായത് മറ്റൊരു കാര്യത്തിലേക്കുള്ള മാര്‍ഗം എന്ന നിലയ്ക്കല്ല എന്താണോ ചെയ്യുന്നത് അതിനു വേണ്ടി മാത്രമാണ് അത് ചെയ്യുന്നത്. 7. ഇത് നൈപുണ്യം ആവശ്യമുള്ള ഒരു പ്രവര്‍ത്തിയുമായി ബന്ധപ്പെട്ടിരിക്കുന്നു, പ്രത്യേകിച്ച് നിങ്ങളുടെ നൈപുണ്യത്തിന്‍റെ സാധാരണ തലത്തിന്‍റെ അല്‍പ്പം അപ്പുറം എത്തേണ്ടതായ ഒരു പ്രവര്‍ത്തി.  8. ഈ പ്രവര്‍ത്തി വ്യക്തമായ ലക്ഷ്യങ്ങളുള്ളതും ഉടനേ തന്നെ പ്രതികരണം ലഭിക്കുന്നതുമാണ്.  എന്നു വെച്ചാല്‍ എന്താണ് നിങ്ങള്‍ സാധ്യമാക്കേണ്ടതെന്ന് നിങ്ങള്‍ക്ക് അറിയാം. നിങ്ങളുടെ പ്രകടനത്തെക്കുറിച്ച് ഊഹാപോഹങ്ങളില്‍ ഏര്‍പ്പെടാതെ അപ്പോള്‍ തന്നെ വിലയിരുത്താനും നിങ്ങള്‍ക്ക് കഴിയും. 
നിങ്ങള്‍ക്ക് ഒരു വിശ്വസ്ത സുഹൃത്തുണ്ടോ?   

25 വര്‍ഷത്തിലേറെയായി പെരുമാറ്റ മനഃശാസ്ത്രജ്ഞന്മാര്‍ സൗഹൃദവും സൗഖ്യവും തമ്മില്‍ അളന്ന് തിട്ടപ്പെടുത്താവുന്ന ബന്ധമുണ്ടെന്ന് എടുത്തു പറഞ്ഞുകൊണ്ടിരിക്കുകയാണ്. എങ്കിലും ഈ ആശയം പുതിയതൊന്നുമല്ല. പുരാതന ഗ്രീക്ക് ചിന്തകനായ അരിസ്റ്റോട്ടില്‍ മൂന്ന് തരം സൗഹൃദം തിരിച്ചറിഞ്ഞിട്ടുണ്ട്- ഉപയോഗക്ഷമതയെ അടിസ്ഥാനമാക്കിയുള്ളവ (ബിസിനസ് ലാഭം) സുഖത്തെ അടിസ്ഥാനമാക്കിയുള്ളവ (ഒരുമിച്ചുള്ള വിനോദങ്ങള്‍), നന്മയെ അടിസ്ഥാനമാക്കിയുള്ളവ (വൈകാരികമായ താല്‍പര്യവും ശ്രദ്ധയും).അദ്ദേഹത്തിന്‍റെ അഭിപ്രായത്തില്‍ നന്മയുടെ അടിസ്ഥാനത്തിലുള്ള സൗഹൃദത്തിനാണ് മനുഷ്യരുടെ ദൈനംദിന സൗഖ്യത്തില്‍ ഏറ്റവും സ്വാധീനം ഉള്ളത്.  പിന്നീട് മധ്യകാലത്ത് സ്പെയിനിലും ഈജിപ്റ്റിലുമായി ജീവിച്ചിരുന്ന പ്രശസ്തനായ യഹൂദ പണ്ഡിതനും ചികിത്സകനും ആയ മോസസ് മൈമോണിഡസ് അരിസ്റ്റോട്ടിലിന്‍റെ സിദ്ധാന്തങ്ങളെ വികസിപ്പിച്ചെടുത്തു. സൗഹൃദം വ്യക്തിയുടെ സൗഖ്യത്തിന് അത്യാവശ്യമാണെന്ന് വാദിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു, "ജീവിത കാലം മുഴുവന്‍ ഒരാള്‍ക്ക് സുഹൃത്തുക്കളെ ആവശ്യമുണ്ടെന്നത് പരക്കെ അറിയപ്പെടുന്ന കാര്യമാണ്. ഒരാള്‍ക്ക് ആരോഗ്യവും സമ്പദ്സമൃദ്ധിയും ഉള്ളപ്പോള്‍ അയാള്‍ കൂട്ടുകാരുമായുള്ള സമ്പര്‍ക്കം ആസ്വദിക്കുന്നു. കഷ്ടകാലങ്ങളില്‍ അയാള്‍ക്ക് അവരെ ആവശ്യമായി  വരുന്നു. വാര്‍ദ്ധക്യത്തില്‍ ദുര്‍ബലമാകുമ്പോള്‍ അവര്‍ അയാള്‍ക്ക് സഹായമാകുന്നു."

അരിസ്റ്റോട്ടിലിനേയും മെമോണിഡസിനേയും പോലുള്ള പുരാതന ചിന്തകര്‍ സൗഹൃദവും സൗഖ്യവും തമ്മില്‍ വ്യക്തമായ ബന്ധം കണ്ടിരുന്നു എങ്കിലും ഒടുവിലിപ്പോള്‍ ഈ ബന്ധം തെളിയിക്കുന്ന ശാസ്ത്രീയ വിവരങ്ങള്‍ കിട്ടിക്കൊണ്ടിരിക്കുകയാണ്. ഇതിന്‍റെ പഠന മേഖലകള്‍ വ്യാപകമാണ്-അമേരിക്കന്‍ കൗമാരക്കാര്‍ക്കിടയിലെ മയക്കുമരുന്ന് ഉപയോഗവും വിഷാദരോഗവും മുതല്‍ മെക്സിക്കന്‍ പുരുഷന്മാര്‍ക്കിടയിലെ  ആരോഗ്യ പ്രവര്‍ത്തനങ്ങള്‍ വരെ. ഇത്തരം പഠനങ്ങള്‍ സ്ഥിരമായി കാണിക്കുന്നത്  വിശ്വസ്ത സുഹൃത്ത്  ഉള്ള വ്യക്തികളില്‍ അപകടകരവും സ്വയം വിനാശകരവുമായ ഏതാണ്ട് എല്ലാ പെരുമാറ്റങ്ങളും കുറവാണ് എന്നാണ്. വിശ്വസ്ത സുഹൃത്ത് ഉണ്ടെന്ന് പറയുന്ന വ്യക്തികള്‍ക്ക് കൂടുതല്‍ നല്ല ആരോഗ്യമുണ്ടെന്നും അവര്‍ക്ക് ഹൃദ്രോഗം, വര്‍ദ്ധിച്ച രക്തസമ്മര്‍ദ്ദം ആസ്തമ തുടങ്ങിയ ദീര്‍ഘകാല രോഗങ്ങള്‍ ഉണ്ടാകാന്‍ സാധ്യത കുറവാണെന്നും കൂടി ഗവേഷണങ്ങളില്‍ നിന്ന് വ്യക്തമായിട്ടുണ്ട്. അവര്‍ക്ക് കൂടുതല്‍ മാനസിക പ്രതിരോധ ശേഷിയും വിഷാദരോഗം ചെറുത്തു നില്‍ക്കാനുള്ള കഴിവും ഉള്ളതായി കാണുന്നു. 

ബ്രിട്ടനില്‍ പൊണ്ണത്തടിയെക്കുറിച്ച് നടത്തിയ ഒരുപഠനത്തില്‍, കേംബ്രിഡ്ജിലെ സ്ട്രേഞ്ച്വേസ് ലബോറട്ടറിയിലെ ഡോ. പോള്‍ സര്‍ടിസ്  കണക്കാക്കിയത് ഒരു വിശ്വസ്ത സുഹൃത്ത് ഇല്ലാതിരിക്കുക എന്നത് പുരുഷന്മാരില്‍ പ്രായോഗിക പ്രായം ഉള്ളതിനേക്കാള്‍ നാലുവയസ് കൂടുമെന്നും സ്ത്രീകള്‍ക്ക് അഞ്ചുവയസ് കൂടുമെന്നുമാണ്. ഓരോ മാസവും ഞാന്‍ പോസിറ്റീവ് സൈക്കോളജിയെക്കുറിച്ചുള്ള വളരെ സജീവമായ ശാസ്ത്രീയ വിവരങ്ങള്‍ നിങ്ങളില്‍ എത്തിക്കും. എന്‍റെ അടുത്ത കോളം ശ്രദ്ധേകേന്ദ്രീകരിക്കുന്നത് നമ്മുടെ ദൈനംദിന സൗഖ്യത്തില്‍ കൃതജ്ഞതയുടേയും പൊറുക്കാനുള്ള കഴിവിന്‍റേയും പ്രാധാന്യത്തിലായിരിക്കും. 
ഡോ. എഡ്വേര്‍ഡ് ഹോഫ്മാന്‍ ന്യൂയോര്‍ക്ക് സിറ്റിയിലെ യെഷിവ യൂണിവേഴ്സിറ്റിയില്‍ അസോസിയേറ്റ് സൈക്കോളജി പ്രൊഫസറാണ്. സ്വകാര്യ ചികിത്സ നടത്തുന്ന ലൈസന്‍സുള്ള മനശാസ്ത്രജ്ഞനായ ഇദ്ദേഹം മനഃശാസ്ത്രത്തേയും അനുബന്ധവിഷയങ്ങളേയും കുറിച്ചുള്ള 25 ലേറെ പുസ്തകങ്ങളുടെ രചയിതാവ്/എഡിറ്റര്‍ ആണ്. അടുത്തകാലത്ത് ഡോ. വില്യം കോംപ്റ്റണുമൊത്ത് പോസിറ്റീവ് സൈക്കോളജി: ദ സയന്‍സ് ഓഫ് ഹാപ്പിനസ് ആന്‍റ് ഫ്ളറിഷിംങ് (ഗുണാത്മക മനഃശാസ്ത്രം: സന്തോഷത്തിന്‍റേയും അഭിവൃദ്ധിയുടേയും  ശാസ്ത്രം) എന്ന പുസ്തകം രചിച്ചു. ഇന്ത്യന്‍ ജേര്‍ണല്‍ ഓഫ് പോസിറ്റീവ് സൈക്കോളജി, ജേര്‍ണല്‍ ഓഫ് ഹ്യൂമനിസ്റ്റിക് സൈക്കോളജി എന്നീ പ്രസിദ്ധീകരണങ്ങളുടെ പത്രാധിപസമിതി അംഗമാണ്. നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും ഇദ്ദേഹത്തെ എഴുതി അറിയിക്കാനുള്ള വിലാസം- columns@whiteswanfoundation.org.
White Swan Foundation
malayalam.whiteswanfoundation.org