പരിചരണം നൽകൽ

നാഡീവ്യൂഹക്ഷയം നേരിടുന്നവരെ പരിചരിക്കുന്നവർക്കുള്ള കരുതലും സ്വയം പരിചരണവും

ലളിതശ്രീ ഗണേഷ്

അൾഷിമേഴ്‌സ്, പാർക്കിൻസൺസ് അല്ലെങ്കിൽ ഡെമൻഷ്യ ആണ് എന്ന് രോഗനിർണ്ണയം നടത്തപ്പെട്ടിട്ടുള്ള ആരുടെയെങ്കിലും പരിചരണം നിർവ്വഹിക്കുന്ന ആളാണ് നിങ്ങൾ എങ്കിൽ,  അടുത്ത ഘട്ടങ്ങളിലേക്കുള്ള തയ്യാറെടുപ്പുകൾ നടത്തുന്നതിന് അത് നിങ്ങളെ സഹായിക്കും. എന്താണ് പ്രതീക്ഷിക്കേണ്ടത്, എങ്ങനെയാണ് രോഗിയെ പരിചരിക്കേണ്ടത്, രോഗം മുന്നേറുന്നതനുസരിച്ച് എന്തെല്ലാം ലക്ഷണങ്ങളെ കുറിച്ചാണ് മുന്നറിയിപ്പു വേണ്ടത്  എന്നു നിങ്ങൾ അറിഞ്ഞിരിക്കേണ്ടതുണ്ട്. അതേ പോലെ തന്നെ, നിങ്ങൾക്കും തുല്യ പ്രാധാന്യമുണ്ട് എന്ന് ഓർമ്മിക്കുകയും വേണം. നിങ്ങൾ സ്വയം പരിചരണത്തിനു കൂടി പ്രാധാന്യം നൽകേണ്ടതുണ്ട് എന്നത് വളരെ നിർണ്ണായകമാണ്.

നിങ്ങൾ നിരീക്ഷിക്കേണ്ടത് എന്തെല്ലാം ലക്ഷണങ്ങളാണ്?

വിഷാദം, ഉത്കണ്ഠ, സമരസപ്പെടുന്നതിനുള്ള ബുദ്ധിമുട്ടുകൾ മൂലമുള്ള തകരാറുകൾ  (ഒരു തിരിച്ചറിയാവുന്ന ജീവിത ക്ലേശകാരണത്തിനോട് ഉണ്ടാകുന്ന അസാധാരണവും അമിതവുമായ പ്രതികരണം) എന്നിവ രോഗി, പരിചരിക്കുന്ന വ്യക്തി എന്നിവർ രണ്ടു പേരേയും ബാധിച്ചുവെന്നു വരാം. താഴെ പറയുന്ന വിധത്തിലുള്ള ആദ്യകാല ലക്ഷണങ്ങൾ പരിപാലിക്കുന്നവർ വളരെ ശ്രദ്ധിക്കേണ്ടതാണ്:

  • ഉറങ്ങുന്നതിനുള്ള ബുദ്ധിമുട്ട്
  • ഭക്ഷണം കഴിക്കുന്നതിനുള്ള ബുദ്ധിമുട്ട്
  • ഇതിനു മുമ്പ് ആസ്വദിച്ചു കൊണ്ടിരുന്ന കാര്യങ്ങളിൽ താത്പര്യം നഷ്ടപ്പെടല്‍
  • സാമൂഹ്യപരമായ ഒത്തുകൂടൽ ഒഴിവാക്കൽ

ഇതു കൂടാതെ പരിപാലിക്കുന്നവർ നിശ്ചയമായും ശ്രദ്ധിക്കേണ്ട കാര്യങ്ങൾ:

  • രോഗത്തോടൊപ്പം വരാന്‍ ഇടയുള്ള മറ്റു രോഗങ്ങളെ കുറിച്ച് ജാഗ്രതയുണ്ടായിരിക്കുക
  • ഇപ്പോഴുള്ള സ്ഥിതിയിൽ നിന്നും മോശം സ്ഥിതിയിലേക്ക് മടങ്ങൽ, ലക്ഷണങ്ങൾ മൂർച്ഛിക്കൽ എന്നിവയ്ക്ക് സാദ്ധ്യതകൾ ഉള്ളതിനാൽ രോഗിയുടെ മാനസികാരോഗ്യ ചരിത്രം അന്വേഷിച്ചു വയ്ക്കുക
  • ആവശ്യമുള്ള പക്ഷം രോഗിയെ ഒരു സൈക്യാട്രിസ്റ്റിന്‍റേയോ വിദഗ്‌ദ്ധോപദേശകന്‍റേയോ അടുത്തേക്ക് കൊണ്ടുപോകണം.

നിങ്ങളേയും രോഗിയേയും പരിപാലിക്കുമ്പോൾ നിങ്ങൾ മനസ്സിൽ വയ്‌ക്കേണ്ടതായ ഏതാനും കാര്യങ്ങൾ ഉണ്ട്:

  • എപ്പോഴും കാര്യവിവരങ്ങൾ അറിഞ്ഞിരിക്കുക, അത് നിങ്ങളേയും ഒപ്പം തന്നെ രോഗിയേയും സഹായിക്കും: ഒരു പരിചരിക്കുന്ന വ്യക്തി എന്ന നിലയിൽ, രോഗിയുടെ അസുഖത്തെ കുറിച്ചു കാര്യജ്ഞാനം ഉണ്ടായിരിക്കുന്നതിനും രോഗിയുടെ അസുഖത്തിന്‍റെ വിവിധ ഘട്ടങ്ങളിൽ വിദഗ്‌ദ്ധോപദേശം നൽകി പിന്തുണ നൽകുന്നതിനായി ഒരു ഉപദേഷ്ടാവിനെ കാണുന്നതിനും അത് സഹായകമാകും. കൂടെക്കൂടെയുള്ള സന്ദർശനങ്ങൾ ആരംഭ ഘട്ടങ്ങളിൽ വേണ്ടി വന്നേക്കാം. പക്ഷേ കാലം ചെല്ലുമ്പോൾ, രോഗവുമായും അതോടനുബന്ധിച്ച് ജീവിതത്തിൽ സംഭവിക്കുന്ന മാറ്റങ്ങളെ കുറിച്ചും സമരസപ്പെടുന്നതിന് അനുസരിച്ച് സന്ദർശനങ്ങളുടെ ആവർത്തനം കുറഞ്ഞു വന്നേക്കാം.
  • നിങ്ങളെ സ്വയം പരിചരിക്കുക. നിങ്ങൾക്കും വളരെ പ്രാധാന്യമുണ്ട്: കൂടുതൽ ജോലി ചെയ്യേണ്ടി വരുന്നതുകൊണ്ട് അത് ഏറെ ബുദ്ധിമുട്ടായിരിക്കും, എങ്കിലും നിങ്ങൾ സ്‌നേഹിക്കുന്ന വ്യക്തിക്കു നൽകുന്ന പരിചരണത്തോട് ഒപ്പം തന്നെ നിങ്ങൾ നിങ്ങളുടെ മാനസിക സൗഖ്യവും ശാരീരിക ആരോഗ്യവും കൂടി പരിപാലിക്കേണ്ടതുണ്ട്. അതുകൊണ്ട്, നിങ്ങൾ നിങ്ങൾക്കു വേണ്ടി കൂടിയും കുറച്ചു സമയം നീക്കി വയ്ക്കുന്നുണ്ട് എന്നു ഉറപ്പു വരുത്തുക.  ഇടയ്ക്കിടെ പുറത്തു പോകുക, നിങ്ങൾ ആസ്വദിക്കുന്ന കാര്യങ്ങളിൽ മുഴുകുക, സാമൂഹ്യപരമായി ഇടപഴകുക, കുടുംബത്തിന്‍റേയും സുഹൃത്തുക്കളുടേയും ഒരു വലയം ഉണ്ടായിരിക്കാൻ ശ്രദ്ധിക്കുകയും ചെയ്യുക. 
  • സംസാരിക്കുക, സഹായം വേണ്ടപ്പോൾ ആവശ്യപ്പെടുകയും ചെയ്യുക: രോഗനിർണ്ണയം എന്നത് സാമൂഹിക പാരസ്പര്യത്തിന്‍റേയും കുടുംബസംഗമങ്ങളുടേയും അവസാനമാണ് എന്ന് അര്‍ത്ഥമാക്കുന്നില്ല എന്നത് പരിചരിക്കുന്നന്നവർ ഓർമ്മ വയ്ക്കേണ്ടതുണ്ട്. അത് ഭയപ്പെടേണ്ടതാേ അതെ കുറിച്ച് സാമൂഹികമായ അപമാനം തോന്നേണ്ടതോ ആയ ഒരു കാര്യം അല്ല. അതേ കുറിച്ച്, നിങ്ങൾക്കു വിശ്വാസം തോന്നുന്നവരുമായി നിങ്ങൾക്കു സംസാരിക്കാം, അയൽവാസികളിൽ നിന്നോ കൂട്ടുകുടുംബാംഗങ്ങളിൽ നിന്നോ സുഹൃത്തുക്കളില്‍ നിന്നോ സഹായം തേടുകയും ചെയ്യാം. നിങ്ങൾക്ക് ഇഴയടുപ്പമുള്ള, വിശ്വസനീയമായ പിന്തുണ സംവിധാനം ഉണ്ട് എന്ന് നിങ്ങൾ ഉറപ്പു വരുത്തുക, അപ്പോള്‍ നിങ്ങൾ മാത്രമാണ് എല്ലാ കാര്യങ്ങളും ചെയ്യുന്നത് എന്ന തോന്നൽ നിങ്ങൾക്ക് ഉണ്ടാകാതിരിക്കുമല്ലോ. 
  • രോഗിയെ തന്‍റെ സാമ്പത്തിക കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നതിനു സഹായിക്കുക: ഒരു പരിചരിക്കുന്ന വ്യക്തി എന്ന നിലയ്ക്ക് നിങ്ങൾക്ക് ധാരാളം ദൈനംദിന കടമകളും ചുമതലകളും ഉണ്ടായിരിക്കും. ഒരു ജോയിന്‍റ് അക്കൗണ്ട് ഉണ്ടെങ്കിൽ, അക്കാര്യം ഒരു സംവേദനക്ഷമമായ വിധത്തിൽ ചർച്ചയ്ക്കു കൊണ്ടുവരിക. ആവശ്യമുള്ളപ്പോൾ രോഗിക്ക് തന്‍റെ എറ്റിഎം കാർഡ് ഉപയോഗിക്കുന്നതിനു  സഹായം നീട്ടുന്നതിനും നിങ്ങൾക്കു കഴിയും. ആവശ്യമുള്ളപ്പോൾ രോഗിയുടെ സാമ്പത്തിക കാര്യങ്ങൾ കൈകാര്യം ചെയ്യുന്നതിനു  രോഗിയുടെ പരിചരണം നിർവ്വഹിക്കുന്ന കുടുംബത്തിലെ അംഗങ്ങള ഇതു പ്രാപ്താരാക്കുന്നു. രോഗനിർണ്ണയത്തിനു ശേഷം ഒരു ഉപദേഷ്ടാവിനോടു സംസാരിക്കുന്നത് ഇതിന്‍റെ ആവശ്യകത രോഗിയും പരിചരിക്കുന്ന വ്യക്തിയും മനസ്സിലാക്കുന്നതിന് സഹായകമാകും.
  • സാമൂഹിക പാരസ്പര്യങ്ങൾ: നിങ്ങൾ കുടുംബത്തോടും സുഹൃത്തുക്കളോടും എന്താണ് പറയേണ്ടത്? പൊതുവായി പറഞ്ഞാൽ, നിങ്ങൾ നിങ്ങളുടെ കുടുംബാംഗത്തിന്‍റെ രോഗനിര്‍ണ്ണയത്തെ പറ്റി തുറന്നു പറയുകയണെങ്കിൽ, ആളുകൾ അതു മനസ്സിലാക്കും. താഴെ പറയുന്ന കാര്യങ്ങൾ അവരെ അറിയിക്കുക:

          - അവർ സന്ദർശിക്കുന്നത് സ്വാഭാവികമായ, തികച്ചും കുഴപ്പമില്ലാത്ത         കാര്യമാണ്.

         - എന്താണ് സംസാരിക്കേണ്ടത് എന്ന് അവർക്ക് അറിയില്ലെങ്കിൽ, അവരുടെ അന്നേ ദിവസം എങ്ങനെയിരുന്നു എന്നതിനെ പറ്റി, അവരെപ്പറ്റി, ഒരു ക്രിക്കറ്റ് മത്സരത്തെ പറ്റി അല്ലെങ്കിൽ ആ വ്യക്തിക്ക് യഥാർത്ഥത്തിൽ താത്പര്യമുള്ള വിഷയത്തെ പറ്റി സംസാരിക്കുവാൻ അവരോട് ആവശ്യപ്പെടുക.

- അൾഷിമേഴ്‌സ് അല്ലെങ്കിൽ ഡെമൻഷ്യ എന്നിവയുടെ കാര്യത്തിൽ, ആ വ്യക്തിക്ക് അധികം ഓർമ്മിക്കുവാൻ കഴിയില്ല, അല്ലെങ്കിൽ അവര്‍ക്കു പങ്കു വയ്ക്കുവാൻ അധികം കാര്യങ്ങളൊന്നും ഉണ്ടാവുകയില്ല. വളരെ അധികം ചോദ്യങ്ങൾ ചോദിക്കുന്നതിനും അപ്പുറം, അവർ തങ്ങളുടെ കഥകൾ ആ വ്യക്തിയോടു പങ്കു വയ്ക്കുകയാണെങ്കിൽ, രോഗം ബാധിച്ച വ്യക്തിയെ സംഭാഷണത്തിലേക്കു കൊണ്ടുവരികയാണെങ്കിൽ, അതായിരിക്കും കൂടുതൽ സഹായകമാകുക.

- ആ വ്യക്തിക്കു വേണ്ടി അവർക്ക് ലളിതമായ കാര്യങ്ങൾ, ഉദാഹരണത്തിന് മതപരമായ സ്ഥലം സന്ദർശിക്കുക, ഒരു പുസ്തകക്കടയിൽ കൊണ്ടുപോകുക, അല്ലെങ്കിൽ ഒരു പാർക്കിൽ എങ്കിലും കൊണ്ടു പോകുക എന്നതു പോലെയുള്ളത്, ചെയ്തു കൊടുക്കാവുന്നതാണ്.

- അവർക്ക് ആ വ്യക്തിയുമായി ഇടപഴകേണ്ടത് എങ്ങനെയെന്നോ, ആ വ്യക്തിക്കു വേണ്ടി എന്തു ചെയ്യണമെന്നോ തീർച്ചയില്ല എന്നാണെങ്കിൽ, അത് എങ്ങനെ വേണം എന്നതിനെ കുറിച്ച് രോഗം ബാധിച്ച വ്യക്തിയെ കൂടുതൽ നന്നായി അറിയുന്നവര്‍ എന്ന നിലയ്ക്ക് രോഗിയുടെ കുടുംബാംഗങ്ങളോടോ അല്ലെങ്കിൽ ഒരു അടുത്ത സുഹൃത്തിനോടോ, ചോദിച്ചറിയാവുന്നതാണ്.

- ആ വ്യക്തി ഒരു വൃദ്ധസദനത്തിലോ അല്ലെങ്കിൽ ചികിത്സാർത്ഥം മറ്റേതെങ്കിലും കേന്ദ്രത്തിലോ ആണെങ്കിൽ, സുഹൃത്തുക്കൾക്കും കുടുംബത്തിനും അവരെ പുറത്തു കൊണ്ടു പോകുന്നതിന് മുൻകൂട്ടി അനവാദം വാങ്ങേണ്ടത് ആവശ്യമായി വരാം.

നാഡീവ്യൂഹം ക്ഷയിക്കുന്ന രോഗത്തിന്‍റെ ആക്രമണം തടയുന്നതിനോ അതു താമസിപ്പിക്കുന്നതിനോ നമുക്കു കഴിയുമോ?

ഒരു ജെറിയാട്രിക് സൈക്യാട്രിസ്റ്റ് - മുതിര്‍ന്ന പൌരരുടെ മനോരോഗ ചികിത്സക - ആയ ഡോ സൗമ്യ ഹെഗ്‌ഡെ പറയുന്നു, " അവനവനെ കൂടുതൽ പരിചരിക്കുന്നതു വഴി, പ്രത്യേകിച്ചും 30 കളുടെ മദ്ധ്യം മുതലേ തന്നെ, രോഗത്തിന്‍റെ ആക്രമണം താമസിപ്പിക്കുന്നതിന് കഴിഞ്ഞേക്കാം, ഒരാളുടെ പാരമ്പര്യത്തിന്‍റെ പ്രകൃതം പരിഗണിക്കാതെ തന്നെ. തലച്ചോറിന്‍റെ ധാരണാശക്തിയുടെ ശേഖരം സൃഷ്ടിച്ചെടുക്കുവാൻ കഴിയും, അങ്ങനെ രോഗത്തിന്‍റെ ആവിര്‍ഭാവം താമസിപ്പിക്കുവാൻ കഴിയും. തലച്ചോറിന്‍റെ പ്രവർത്തനം മെച്ചപ്പെടുത്തുന്ന പ്രവർത്തികളിൽ ഏർപ്പെടുത്തുന്നതു വഴിയും ധാരണാശക്തി രൂപീകരിക്കുന്നതു വഴിയും ഇതു ചെയ്യുവാൻ സാധിക്കും. ഉദാഹരണത്തിന് ഒരു പുതിയ ഭാഷ അല്ലെങ്കിൽ സംഗീതോപകരണം പഠിക്കുക." 

മാത്രമല്ല, ശാരീരികവും മാനസികവും ആയ ആരോഗ്യം പരിപാലിക്കുന്നത് വലിയ ഒരളവു വരെ സഹായകമാകുകയും ചെയ്യും. താഴെ പറയുന്നവ നിങ്ങളുടെ ദൈനംദിന ജീവിതത്തിൽ ഉൾപ്പെടുത്തുക:

  • പതിവായ വ്യായാമം
  • ആരോഗ്യകരമായ ഭക്ഷണം കഴിക്കൽ
  • പുതിയ കാര്യങ്ങൾ പഠിക്കൽ
  • സുഹൃത്തുക്കളുമായി സമാഗമം നടത്തൽ
  • ഹൃദ്യമായി ഒന്നു ചിരിക്കൽ
  • ആരോഗ്യകരമായ സാമൂഹിക പാരസ്പര്യത്തിൽ വൃാപൃതരാകല്‍

ബംഗളുരുവിലെ ജെറിയാട്രിക് സൈക്യാട്രിസ്റ്റ് ആയ ഡോ സൗമ്യ ഹെഗ്‌ഡെ നൽകിയ വിവരങ്ങൾ കൂടി ഉൾപ്പെടുത്തി തയ്യാറാക്കിയത്.