നമ്മളെല്ലാം പലപ്പോഴും അമിതമായി ഭക്ഷണം കഴിക്കാറുണ്ട്. ചിലപ്പോള്‍ നമ്മള് ഒരു ബന്ധുവിന്റെ വീട് സന്ദര്‍ശിക്കുമ്പോള്‍ മേശപ്പുറത്ത് നമുക്ക് പ്രിയപ്പെട്ട ഭക്ഷണം കാണുമ്പോള്‍, ചിലപ്പോള്‍ സ്വാദിഷ്ഠമായ ഭക്ഷണങ്ങളോടുകൂടിയ ഒരു സല്‍ക്കാരത്തിന് ചെല്ലുമ്പോള്‍, ചിലപ്പോള്‍ വല്ലാതെ വിശക്കുന്നുണ്ട് എന്ന് നമുക്ക് തോന്നുമ്പോള്‍ നമ്മള് വളരെയധികം ഭക്ഷണം കഴിക്കാറുണ്ട്. ഭക്ഷണം നമ്മുടെ ജീവിതത്തിലെ സുപ്രധാനമായ ഒരു ഘടകമാണ്, നല്ല ഭക്ഷണം നമ്മളെ സന്തോഷിപ്പിക്കുകയും ചെയ്യുന്നു. അതുകൊണ്ട് തന്നെ ചില അവസരങ്ങളില്‍ നമ്മള് അമിതമായി ഭക്ഷണം കഴിച്ചു പോകുന്നത് സ്വാഭാവികമാണ്. എന്നാല്‍ ചില ആളുകള്‍ക്ക് അമിതമായി ഭക്ഷണം കഴിക്കാനുള്ള നിയന്ത്രിക്കാനാകാത്ത ഒരു ത്വര പതിവായി ഉണ്ടാകാറുണ്ട്. ഇവര്‍ക്ക് ഈ ഘട്ടത്തില്‍ നിയന്ത്രണമില്ലായ്മ അനുഭവപ്പെടുകയും ഇത് നിര്‍ത്താന്‍ കഴിയാതെ വരികയും ചെയ്യും. വയറ് നിറഞ്ഞു കഴിഞ്ഞാലും പിന്നേയും കാര്യമായ ഒരു അസ്വസ്ഥത തോന്നുന്നതുവരേയും അവര്‍ ഭക്ഷണം കഴിക്കുന്നത് തുടരും. ഇത്തരക്കാര്‍ക്ക് ബിന്‍ഗ് ഈറ്റിംഗ് (അമിതമായി ഭക്ഷണം കഴിക്കല്‍) തകരാറായിരിക്കും.
ബിന്‍ഗ് ഈറ്റിംഗ് (അമിതമായി ഭക്ഷണം കഴിക്കല്‍) തകരാറുള്ള വ്യക്തികള്‍ ഭക്ഷണത്തെ അവരുടെ ഉത്കണ്ഠയും മാനസികസമ്മര്‍ദ്ദവും മറ്റ് വൈകാരിക പ്രശ്നങ്ങളും മറികടക്കുന്നതിനുള്ള ഉപാധിയായി ഉപയോഗപ്പെടുത്തുകയാണ് ചെയ്യുന്നത്. എന്നിരുന്നാലും ഇങ്ങനെ അമിതമായി ഭക്ഷണം കഴിക്കുന്നതിലും ഒടുവില്‍ വഷളായ അവസ്ഥയില്‍ എത്തുന്നതിലും ഇവര്‍ നാണക്കേട് അനുഭവിക്കുകയും ചെയ്യുന്നുണ്ട്. തക്കസമയത്തുള്ള ചികിത്സകൊണ്ട് നിങ്ങള്‍ക്ക് ബിന്‍ഗ് ഈറ്റിംഗ് (അമിതമായി ഭക്ഷണം കഴിക്കല്‍) തകരാറില്‍ നിന്ന് മുക്തിനേടുകയും ആരോഗ്യകരമായ ഭക്ഷണ ശീലം വീണ്ടെടുക്കുകയും ചെയ്യാം.
ശ്രദ്ധിക്കുക : ബുലിമിയ (വാരിവലിച്ച് തിന്നുകയും പിന്നീടത് ഛര്‍ദ്ദിച്ച് കളയുകയും ചെയ്യുന്ന തകരാര്‍) ഉള്ള ആളുകളും അമിതമായി ഭക്ഷണം കഴിക്കാറുണ്ട്. അങ്ങനെയാണെങ്കിലും അവര്‍ അതിനെ തുടര്‍ന്ന് ആ കഴിച്ച ഭക്ഷണം അധിമായി വ്യായാമം ചെയ്തോ സമ്മര്‍ദ്ദം ചെലുത്തി ഛര്‍ദ്ദിച്ചോ പുറന്തള്ളാറുമുണ്ട്. ഇതിന് കാരണം ബുലിമിയ ഉള്ള ആളുകള്‍ക്ക് മെലിയാനുള്ള അഗ്രഹം ഉണ്ടായിരിക്കുമെന്നതും അവര്‍ക്ക് ശരീരാകൃതിയെക്കുറിച്ച് അബദ്ധധാരണകള്‍ ഉണ്ടായിരിക്കും എന്നതുമാണ്. എന്നാല്‍ ബിന്‍ഗ് ഈറ്റിംഗ് (അമിതമായി ഭക്ഷണം കഴിക്കല്‍) തകരാറുള്ളവര്‍ക്ക് ശരീരാകൃതിയെ സംബന്ധിച്ച പ്രശ്നങ്ങളൊന്നും ഉണ്ടായിരിക്കില്ല, അവര്‍ അവരുടെ വൈകാരികമായ സമ്മര്‍ദ്ദങ്ങളെ മറികടക്കാന്‍ വാരിവലിച്ച് തിന്നുകമാത്രം ചെയ്യുന്നു.