ഒരു ഐടി പ്രൊഫഷണലായ രാമനാണ് ഈ കഥ പങ്കുവെച്ചത് :
" എന്‍റെ സഹപ്രവര്‍ത്തകന്‍ ചിലസമയത്ത് വിചിത്രമായി പെരുമാറുന്നു. ചില സമയം അവന്‍ വല്ലാത്തൊരു ആവേശത്തള്ളിച്ച കാണിക്കും, അടുക്കും ക്രമവുമില്ലാതെ പലവിധ വിഷയങ്ങളെക്കുറിച്ച് തുടര്‍ച്ചയായി സംസാരിക്കും, അല്ലെങ്കില്‍ ഒരു കമ്പനിയുണ്ടാക്കി കോടിക്കണക്കിന് രൂപ സമ്പാദിക്കും എന്നതുപോലുള്ള വമ്പന്‍ പദ്ധതികളെക്കുറിച്ച് വീമ്പടിക്കും. പക്ഷെ കുറച്ച് ദിവസം കഴിയുമ്പോള്‍ അവന്‍ തീര്‍ത്തും മൗനിയാകും, ആരുമായും ബന്ധപ്പെടില്ല, ജോലി സമയത്ത് ചെയ്തു തീര്‍ക്കുകയുമില്ല.
ഒരിക്കല്‍ ഞങ്ങള്‍ എല്ലാവരും കൂടി പുറത്ത് ഉച്ചഭക്ഷണം കഴിക്കാന്‍ പോയപ്പോള്‍, താന്‍ ആവശ്യപ്പെട്ട ഭക്ഷണം സമയത്ത് തന്നില്ലെന്ന് പറഞ്ഞ് അവന്‍ പാത്രം വെയ്റ്റര്‍ക്കു നേരെ വലിച്ചെറിഞ്ഞു. അവന്‍റെ ആ പെരുമാറ്റം കണ്ട് ഞങ്ങള്‍ അന്തിച്ചുപോയി. കുറച്ചുനാള്‍ കഴിഞ്ഞപ്പോള്‍ അവന്‍റെ പെരുമാറ്റം മുന്‍കൂട്ടിപറയാന്‍ പറ്റാത്ത തരത്തിലുള്ളതായി, അതവന്‍റെ ജോലിയേയും സഹപ്രവര്‍ത്തകരുമായുള്ള ബന്ധത്തേയും ബാധിക്കുകയും ചെയ്തു. ഒടുവില്‍ അവനോട് രാജിവെയ്ക്കാന്‍ കമ്പനി ആവശ്യപ്പെട്ടു.
അവന്‍ എന്തുകൊണ്ടാണ് ഇങ്ങനെ പെരുമാറുന്നതെന്നറിയാന്‍ എനിക്ക് ആകാംഷയുണ്ടായി. എന്‍റെ കുടുംബ ഡോക്ടറുമായി സംസാരിച്ചു കഴിഞ്ഞപ്പോള്‍ എന്‍റെ സഹപ്രവര്‍ത്തകന് ബൈപോളാര്‍ ഡിസോര്‍ഡറാണെന്ന് എനിക്ക് മനസിലായി".
(ഈ തകരാറിനെ ഒരു യഥാര്‍ത്ഥ ജീവിത സാഹചര്യത്തില്‍ വെച്ച് മനസിലാക്കാന്‍ സഹായിക്കുന്നതിനാണ് ഈ കഥ ഇവിടെ അവതരിപ്പിച്ചത്.)
ബൈപോളാര്‍ തകരാര്‍ (മാനിക് ഡിപ്രഷന്‍ എന്നും അറിയപ്പെടുന്നു) അസാധാരണവും തീവ്രവുമായ മാനസികാവസ്ഥാ മാറ്റത്തിന് കാരണമാകുന്ന ഗുരുതരമായ മാനസിക രോഗമാണ്. ഇതുള്ള വ്യക്തിക്ക് ചിലപ്പോള്‍ ഒരു ആവേശത്തള്ളിച്ച, (സാങ്കേതികമായി മാനിയ എന്നറിയപ്പെടുന്നു-) ചിലപ്പോള്‍ ഇടിഞ്ഞ അവസ്ഥ (സാങ്കേതികമായി വിഷാദം) തോന്നിയേക്കാം, ഇത് ഏതാനും ദിവസങ്ങളോ ആഴ്ചകളോ തുടര്‍ന്നേക്കും. ഈ വ്യക്തിക്ക് വിഷാദവും മാനിയയും മാറിമാറി വരുന്ന ഘട്ടങ്ങള്‍ ആവര്‍ത്തിച്ച് ഉണ്ടായേക്കാം, ഇവ വേഗം വേഗം മാറിമാറി വന്നേക്കാം, ഒരാഴ്ചയില്‍ പല തവണ പോലും.
കടുത്ത ബൈപോളാര്‍ ഡിസോര്‍ഡറുള്ള വ്യക്തിക്ക് മതിഭ്രമം, മിഥ്യാബോധം തുടങ്ങിയവ പോലുള്ള മനോരോഗ ലക്ഷണങ്ങളും സ്വയം അപകടപ്പെടുത്താനോ ആത്മഹത്യ ചെയ്യാനോ ഉള്ള ചിന്ത പോലും ഉണ്ടായേക്കാം. ബൈപോളാര്‍ തകരാര്‍ ഒരു വ്യക്തിയുടെ നിത്യജീവിതത്തില്‍ സാധാരണ മട്ടില്‍ പ്രവര്‍ത്തിക്കുന്നതിനുള്ള ശേഷിയെ തടസ്സപ്പെടുത്തുകയും ഇതിന്‍റെ ഫലമായി വ്യക്തിപരമായും തൊഴില്‍പരമായും ഉള്ള ബന്ധങ്ങള്‍ തകരാറിലാകുകയും ചെയ്തേക്കും.
ശ്രദ്ധിക്കുക : ബൈപോളാര്‍ തകരാര്‍ ഹൃദ്രോഗവും പ്രമേഹവും മറ്റും പോലെ ദീര്‍ഘകാലം നിലനില്‍ക്കുന്നതും ജീവിതകാലം മുഴുവന്‍ കൈകാര്യം ചെയ്യേണ്ടി വരുന്നതുമായ രോഗമാണ്.