തകരാറുകൾ

ബോഡി ഡിസ്ഫോമിക് ഡിസോഡര്‍

വൈറ്റ് സ്വാൻ ഫൗണ്ടേഷൻ

എന്താണ് ബോഡി ഡിസ്ഫോമിക് ഡിസോഡര്‍ (ബിപിഡി)?

രാജേഷ്, 28 വയസ്സു പ്രായമുള്ള ഒരു പ്രൊഫഷണൽ, വളരെ അറിയപ്പെടുന്ന ഒരു കമ്പനിയിലാണ് ജോലി ചെയ്യുന്നത്. അയാൾ അവിവാഹിതനാണ്, ഒരു മുതിർന്ന സഹോദരിയുമുണ്ട്. അയാളുടെ മാതാപിതാക്കൾ ഇരുവരും ഉദ്യോഗസ്ഥരാണ്, അവർ എല്ലായ്‌പ്പോഴും തങ്ങളുടെ കുട്ടികളിൽ നിന്ന് ഏറ്റവും മികച്ചത് മാത്രം പ്രതീക്ഷിച്ചു. ചെയ്യുന്ന എന്തു കാര്യവും അത്യന്തം ശുഷ്ക്കാന്തിയോടെ സൂഷ്മമായും പൂര്‍ണ്ണമായും  ചെയ്തു തീര്‍ക്കുന്നതിന്‍റെ പേരില്‍ രാജേഷ് എപ്പോഴും അയാളുടെ സ്‌കൂളിലും കോളേജിലും ജോലിസ്ഥലത്തും അഭിനന്ദിക്കപ്പെടുക പതിവായിരുന്നു. അനേകം കാര്യങ്ങൾ ഒരുമിച്ചു  കൈകാര്യം ചെയ്യാനുള്ള അയാളുടെ കഴിവിന്‍റെ പേരിൽ അയാൾ എപ്പോഴും ആരാധിക്കപ്പെടുകയും ചെയ്തിരുന്നു. അയാൾ സ്വന്തമായും അതിൽ അഭിമാനം കൊണ്ടു. പഠനകാര്യങ്ങളിൽ മികവു പുലർത്തിയിരുന്നു എങ്കിലും, അയാൾ ഒരിക്കലും കായിക കലകളിൽ പങ്കു കൊണ്ടിരുന്നില്ല, പലപ്പോഴും അയാളെ ഒരു 'അരസികൻ,' 'അദ്ധ്യാപികയുടെ വാത്സല്യഭാജനം', എന്നും മറ്റും പറഞ്ഞ് കൂട്ടുകാര്‍ കളിയാക്കുകയും ചെയ്തിരുന്നു. അയാൾ വളരെ ഉയരമുള്ള, മെലിഞ്ഞ മനുഷ്യൻ ആയതുകൊണ്ട്, ഇടയക്കിടെ അയാൾക്ക് തന്‍റെ ശരീരഘടനയെ കുറിച്ച് വേവലാതി ഉണ്ടാകുക പതിവായിരുന്നു. ഈ അടുത്ത കാലത്തായി, തന്‍റെ നെറ്റിയുടേയും കാതുകളുടേയും ആകൃതി സംബന്ധിച്ച് എന്തോ ഒരു കുഴപ്പം ഉണ്ടെന്നു അയാൾ  സ്വയം ചിന്തിച്ചു തുടങ്ങി, കണ്ണാടിയിൽ നോക്കി അയാൾ ഏറെ സമയം ചെലവഴിക്കുകയും ചെയ്തു. ഓഫീസിൽ ആയിരിക്കുന്ന സമയത്ത്, തന്‍റെ കേശാലങ്കാര ശൈലി നെറ്റിയും ചെവികളും മൂടുന്നുണ്ട് എന്ന് ഉറപ്പു വരുത്തുന്നതിനായി അയാൾ കൂടെക്കൂടെ വിശ്രമമുറി സന്ദർശിച്ചു കൊണ്ടിരുന്നു. അയാൾ പല വട്ടം ഡോക്ടറെ കണ്ടു കഴിഞ്ഞു, പക്ഷേ തന്‍റെ വിശ്വാസങ്ങളെ പറ്റി ഡോക്ടറേയോ കുടുംബത്തേയോ ബോദ്ധ്യപ്പെടുത്തുന്നതിന് അയാൾക്ക് കഴിഞ്ഞില്ല. ഇക്കാര്യത്തില്‍ ആരും തന്നോടു യോജിക്കുന്നില്ല എന്നതില്‍ അയാള്‍  അതീവ ദുഃഖിതനായിരുന്നു. അയാളുടെ ഈ ഒഴിയാബാധ പോലുള്ള തോന്നൽ ക്രമേണ സ്വന്തം ജോലിയെ ബാധിക്കാൻ തുടങ്ങി. ഒരു സർജന്‍റെ അടുത്തേക്ക് തന്‍റെ കൂടെ വരുന്നതിന് അയാൾ എങ്ങനെയോ തന്‍റെ കുടുംബത്തിനെ നിർബന്ധിച്ചു സമ്മതിപ്പിച്ചു, അയാൾ ഒരു മാനസിക ആരോഗ്യ വിദഗ്ദ്ധന്‍റെ ഉപദേശം ആരായട്ടെ എന്ന് ആ സർജൻ ശുപാർശ ചെയ്യുകയും ചെയ്തു.

ഇങ്ങനെ ഒരു കെട്ടിച്ചമച്ച വർണ്ണന നിർമ്മിച്ചത്, ഒരു ജീവിതഗന്ധിയായ അവസ്ഥയിലേക്ക് അതു പറിച്ചു നട്ട്, ഈ തകരാറിനെ കുറിച്ച് മനസ്സിലാക്കുന്നതിന് സഹായിക്കുന്നതിനു വേണ്ടി ആണ്. 

നമ്മളിൽ പലർക്കും തന്നെ നമ്മുടെ ശരീരം സംബന്ധിച്ച് ഒന്നല്ലെങ്കിൽ മറ്റൊരു പ്രശ്‌നം എപ്പോഴും ഉണ്ട്; തങ്ങളുടെ ശരീരത്തെ കുറിച്ചോ അതിന്‍റെ പുറമേയ്ക്കു കാണപ്പെടുന്ന രൂപത്തെ കുറിച്ചോ പരിപൂർണ്ണമായും സന്തോഷം ഉള്ളവരായി വളരെ കുറച്ചു ആളുകൾ മാത്രമേ കാണുകയുള്ളു. ചിലർക്ക് ഉയരം കൂടണമെന്ന് ആഗ്രഹം കാണും, ചിലർക്ക് ഉയരം കുറയണമെന്ന്, മറ്റു ചിലർക്ക് ദൃഢപേശികളുള്ള ഒരു ശരീരം വേണമെന്ന്, അല്ലെങ്കിൽ കനമുള്ള തലമുടി വേണമെന്ന്, അങ്ങനെയങ്ങനെ ഓരോരുത്തര്‍ക്കും ഓരോരോ ആഗ്രഹങ്ങൾ കാണും. പക്ഷേ ചില ആളുകൾ അങ്ങനെയുള്ള ചിന്തകളില്‍ വളരെ അധികം  മുഴുകി പോകുന്നതിനാൽ അവർ തന്‍റെ ശരീര പ്രതിച്ഛായയെ കുറിച്ചോ അതല്ലെങ്കില്‍ പുറമേയ്ക്കു കാണപ്പെടുന്ന തന്‍റെ ബാഹ്യരൂപത്തെ കുറിച്ചോ വളരെയധികം ശല്യപ്പെടുത്തുന്ന, ഒഴിയാബാധ പോലെ ആയി തീര്‍ന്നിട്ടുള്ള ചിന്തകളിൽ സ്വയം ആമഗ്നരായി പോകുന്നു. സ്‌കൂളിലോ കോളേജിലോ പോകുന്നതോ അതുമല്ലെങ്കിൽ അവരുടെ ജോലിസ്ഥലത്തു പോകുന്നതോ പോലും അവർ  ഒഴിവാക്കിയെന്നു വരാം.

ശരീര രൂപവൈകല്യ തകരാർ (ബോഡി ഡിസ്‌മോർഫിക് തകരാർ, Body Dysmorphic Disorder, BDD) ഒരു ചികിത്സ വേണ്ടുന്ന അവസ്ഥയാണ്. ഈ അവസ്ഥയുള്ളപ്പോൾ, ആ വ്യക്തി തന്‍റെ ഒരു ന്യൂനതയെ കുറിച്ച്, അല്ലെങ്കിൽ തന്‍റെ ബാഹ്യരൂപ സംബന്ധമായി, അതുമല്ലെങ്കിൽ മൂക്ക്, ശരീരത്തിന്‍റെ നിറം, ചെവികൾ, ചുണ്ടുകൾ എന്നിങ്ങനെ എന്തിനെ എങ്കിലും കുറിച്ച് കൽപ്പിച്ചുണ്ടാക്കിയ ഒരു പ്രത്യേക വിശേഷതയെ പറ്റി, നിരന്തരമായ ചിന്തകൾ അനുഭവിച്ചു കൊണ്ടേയിരിക്കുന്നു. സ്വന്തം ന്യൂനതകൾ കണ്ണാടിയിൽ നോക്കി പരിശോധിക്കുക, അല്ലെങ്കിൽ കുടുംബത്തിൽ പെട്ടവരോടോ സുഹൃത്തുക്കളോടോ തങ്ങളുടെ ന്യൂനതകളെ കുറിച്ചു  ഉറപ്പു ലഭിക്കുന്നതിനായി  പലവട്ടം ചോദിക്കുക തുടങ്ങിയവ വഴി അവർ കൽപ്പിച്ചുണ്ടാക്കിയ സ്വന്തം രൂപവൈകല്യത്തെ കുറിച്ചുള്ള ചിന്തയില്‍ തികച്ചും വ്യാപൃതരായ അവസ്ഥയിൽ ആയിരിക്കും, അതിനാൽ അവർ സാമൂഹിക പാരസ്പര്യം ഒഴിവാക്കുവാൻ തുടങ്ങിയേക്കാം. ചില വ്യക്തികളിൽ, അത് വളരെയധികം മനഃക്ലേശകരമായിരിക്കും, അതിനാൽ അവർ തന്‍റെ വൈകല്യം ശരിയാക്കി എടുക്കുന്ന ശസ്ത്രക്രിയകൾ ചെയ്യുന്നതിനെ കുറിച്ച് നിർബന്ധം ചെലുത്തിക്കൊണ്ടേ ഇരിക്കും,  തങ്ങളെ പറ്റി തന്നെയുള്ള അവരുടെ വിശ്വാസങ്ങൾ മാറ്റുന്നതിന് ശസ്ത്രക്രിയകൾക്കു കഴിയുകയില്ലെങ്കിൽ കൂടി. 

ശാരീരിക രൂപവൈകല്യങ്ങള്‍ യഥാർത്ഥത്തില്‍ അനുഭവിക്കുന്ന ആളുകൾ ഉണ്ടെന്നിരിക്കെ, തങ്ങളുടെ ശരീരങ്ങളിൽ പ്രകടമായ രൂപവൈകല്യം യാതൊന്നും ഇല്ലാതിരുന്നിട്ടു കൂടി, ചില ആളുകൾ തങ്ങളുടെ  ശരീരത്തില്‍ തങ്ങൾക്ക് അതൃപ്തിയുള്ള ആ ഒരു പ്രത്യേകലക്ഷണത്തെ കുറിച്ച് ഓർത്ത് വിഷമിച്ചുകൊണ്ടേ ഇരിക്കും.

ബിഡിഡിയുടെ സൂചനകളും ലക്ഷണങ്ങളും എന്തെല്ലാം ആണ്?

  • കൽപ്പിച്ചുണ്ടാക്കിയ വികലമായ ശരീര പ്രകൃതിയെ കുറിച്ച് ആവർത്തിച്ച് ആവര്‍ത്തിച്ച് വരുന്ന ചിന്തകൾ
  • രൂപവൈകല്യം സംബന്ധിച്ച് ശക്തമായ ചിന്താമഗ്നത
  • തങ്ങളുടെ പ്രതിച്ഛായ കൂടെക്കൂടെ കണ്ണാടിയിൽ നോക്കുക
  • തങ്ങളുടെ രൂപവൈകല്യം സംബന്ധിച്ച്, അതു സാരമാക്കേണ്ടതില്ല  എന്നതു പോലെയുള്ള ഉറപ്പ്, തങ്ങളോടു സ്‌നേഹമുള്ള ആളുകളിൽ നിന്നു കൂടെക്കൂടെ ആവശ്യമായി വരിക
  • അവനവനെ കുറിച്ച് വിഷാദകരമായ ചിന്തകൾ ഉണ്ടാകുക
  • അസാധാരണമായ പതിവായ, അണിഞ്ഞൊരുങ്ങൽ  
  • കൂടെക്കൂടെ കോപം പ്രകാശിപ്പിക്കുകയും നിരാശനാകുകയും ചെയ്യുക
  • നിഷേധാത്മകമായ ശരീര പ്രതിച്ഛായാ പ്രശ്‌നങ്ങൾ
  • സ്‌കൂൾ, അല്ലെങ്കിൽ കോളേജ്, അല്ലെങ്കിൽ ജോലിസ്ഥലം എന്നിവടങ്ങളിൽ മറ്റൊന്നിലും ശ്രദ്ധ കേന്ദ്രീകരിക്കാൻ കഴിയാത്ത അവസ്ഥ മൂലം സംഭവിക്കുന്ന പ്രശ്‌നങ്ങൾ
  • സങ്കൽപ്പിച്ചുണ്ടാക്കിയ രൂപവൈകല്യം മൂലം പൊതുവായ സ്ഥലങ്ങളിൽ പോകുന്നതിനു പരിഭ്രമം തോന്നുകയോ ഭയം തോന്നുകയോ ചെയ്യുക
  • തീവ്രമായ ചില സംഭവങ്ങളില്‍, തങ്ങള്‍ സങ്കൽപ്പിച്ചുണ്ടാക്കിയ രൂപവൈകല്യ ചിന്തകള്‍ കാരണം ലോകത്തെ അഭിമുഖീകരിക്കുന്നതിനു അവര്‍ക്കു കഴിവുകേടു തോന്നുകയും അതു മൂലം അങ്ങനെയുള്ള വ്യക്തികളിൽ ആത്മഹത്യാ ചിന്തകൾ ഉടലെടുക്കുകയും ചെയ്തു എന്നും വരാം. 

 
 

ബോഡി ഡിസ്‌ഫോമിക് ഡിസോഡര്‍, ബിഡിഡി) ഉണ്ടാകുന്നതിനുള്ള കാരണങ്ങള്‍ എന്തെല്ലാം ആണ്?

പലേ മാനസിക ആരോഗ്യ അവസ്ഥകളിലേയും പോലെ തന്നെ ബിഡിഡി ഉണ്ടാകുന്നതിനും ഒരു ഒറ്റക്കാരണം ചൂണ്ടിക്കാണിക്കുന്നതിന് ബുദ്ധിമുട്ടാണ്. എന്നിരുന്നാലും ഒരു വ്യക്തിയിൽ ബിഡിഡി വളരുന്നതിന് സ്വാധീനം ചെലുത്തുകയോ മനസ്സുകൊണ്ട് ചായ്വു തോന്നിപ്പിക്കുകയോ ചെയ്യുന്ന ചില ഘടകങ്ങൾ ഉണ്ട്.

  • പരിഹസിക്കപ്പെടുന്ന അനുഭവങ്ങൾ: കുടുംബത്തിലും സുഹൃത്തുക്കളുടെ ഇടയിലും പരിഹസിക്കപ്പെടുക, വട്ടപ്പേരു വിളിക്കപ്പെടുക, പ്രത്യേകിച്ചും ബാഹ്യരൂപം സംബന്ധമായി, എന്നത് സമൂഹത്തിൽ വളരെ സാധാരണമായിട്ടാണ് പരിഗണിക്കപ്പെടുന്നത്. നിര്‍ഭാഗ്യകരമെന്നു പറയട്ടെ, ആരെയെങ്കിലും ലംബു (ഹിന്ദിയില്‍ ഉയരം കൂടിയ ആള്‍ എന്നര്‍ത്ഥം), അല്ലെങ്കില്‍ ഡുമ്മ (കന്നഡയില്‍ തടിച്ച എന്നര്‍ത്ഥം ) എന്നും മറ്റും വിളിക്കുന്നത് തമാശയായിട്ടാണ് കരുതപ്പെടുന്നത്. പക്ഷേ ബാഹ്യരൂപം സംബന്ധിച്ച് കൂട്ടുകാരില്‍ നിന്നോ കുടുംബാംഗങ്ങളില്‍ നിന്നോ ഉണ്ടാകുന്ന വിമര്‍ശനങ്ങള്‍, നിഷേധാത്മകമായ സ്വയം-പ്രതിച്ഛായ (സെല്‍ഫ്-ഇമേജ്) രൂപപ്പെടുന്നതിലേക്കോ,  ഒരാളുടെ ശരീര പ്രതിച്ഛായ സംബന്ധിച്ച് അതൃപ്തി ഉണ്ടാകുന്നതിലേക്കോ, സംഭാവന ചെയ്യുന്നതിന് ഇടയാക്കി എന്നു വരാം.  
  • നിഷേധാത്മകമായ സ്വയം - പ്രതിച്ഛായയും താഴ്ന്നു പോകുന്ന സ്വാഭിമാനവും: അമിതമായ അണിഞ്ഞൊരുങ്ങല്‍, ജിം ൽ വച്ചുള്ള അമിതമായ വ്യായാമം ചെയ്യല്‍, അമിതമായ ആഹാരം ,കഴിക്കൽ അല്ലെങ്കിൽ തീരെ കുറവ് ആഹാരം കഴിക്കൽ തുടങ്ങിയവയുടെ രൂപത്തില്‍ ഇവ പ്രത്യക്ഷപ്പെട്ടു എന്നു വരാം.
  • വളരെ ഉയർന്ന തോതിലുള്ള പരിപൂർണ്ണതാ സിദ്ധാന്തം പോലെയുള്ള, മറ്റു തരം ഉത്കണ്ഠാ തകരാറുകളുമായി (anxiety disorders) ബന്ധപ്പെട്ട, വ്യക്തിത്വ ഘടകങ്ങൾ.

ഒബ്‌സെസ്സീവ് കംപല്‍സീവ് ഡിസോർഡർ (ഒസിഡി, OCD) എന്നു വിളിക്കപ്പെടുന്ന മാനസിക ആരോഗ്യാവസ്ഥകളും അതിന്‍റെ അനുബന്ധ തകരാറുകളും ഉള്‍പ്പെട്ട ഒരു കൂടുതൽ വലിയ സ്‌പെക്ട്രത്തിന്‍റെ ഭാഗമാണ് ബിഡിഡി എന്നുള്ളത് ഗവേഷകർ ഇപ്പോൾ തിരിച്ചറിഞ്ഞു കഴിഞ്ഞിട്ടുണ്ട്. അതിനാൽ ഒരു വ്യക്തിയിൽ ഒസിഡി വളരുന്നതിന് അനുഭാവം കാണിക്കുന്ന, ജനിതകമായതോ അല്ലെങ്കിൽ ജീവശാസത്രപരമായതോ ആയ ഘടകങ്ങൾ തന്നെയാണ് ഒരു വ്യക്തിയിൽ ബിഡിഡി വളരുന്നതിനും സംഭാവന നൽകുന്നത്. ശരീര പ്രതിച്ഛായയ്ക്കും അതു സംബന്ധിച്ച അവബോധത്തിനും അനർഹമായ പ്രാധാന്യം നൽകുന്നതിൽ സംസ്‌കാരവും മാദ്ധ്യമങ്ങളും ഒരു പങ്കു വഹിക്കുന്നുണ്ട്.


 

ബോഡി ഡിസ്‌ഫോമിക് തകരാറിനുള്ള ചികിത്സ

ശരീര രൂപവൈകല്യ തകരാറിന്‍റെ  (ബിഡിഡിയുടെ ) ചികിത്സയ്ക്കായി പല തരത്തിലുള്ള ഇടപെടലുകൾ ഉണ്ട്. ഒരു വ്യക്തി അതിതീവ്രമായ പ്രകൃതമുള്ള ലക്ഷണങ്ങൾ, ഉദാഹരണത്തിന് വിഷാദരോഗം, ആത്മഹത്യാപരമായ ചിന്തകൾ തുടങ്ങിയവ, അനുഭവിക്കുന്നു എങ്കിൽ, ചികിത്സാവിധിയടെ ആദ്യ പടി മരുന്നുകൾ നൽകുക എന്നതായിരിക്കും. അവബോധ പെരുമാറ്റ ചികിത്സ (Cognitive Behavioral Therapy, കാഗ്നിറ്റീവ് ബിഹേവിയറൽ തെറപ്പി, സിബിറ്റി) ആണ് മറ്റൊരു പ്രയോജനകരമായ ഇടപെടൽ.  ബാഹ്യരൂപം സംബന്ധിച്ചും സ്വന്തം പ്രതിച്ഛായ സംബന്ധിച്ചും വച്ചു പുലര്‍ത്തുന്ന  അപായകരമായ വിശ്വാസങ്ങൾ പരിഷ്‌കരിക്കുന്നതിനുള്ള തന്ത്രങ്ങൾ ഉൾപ്പെടുത്തി, അങ്ങനെ വികാരങ്ങളേയും പെരുമാറ്റത്തേയും മാറ്റിയെടുക്കുകയോ അതല്ലെങ്കിൽ പരിഷ്‌കരിക്കുകയോ ചെയ്യുന്നതാണ് ഈ രീതി. ഈ രണ്ടു ഇടപെടലുകളും ലക്ഷ്യം വയ്ക്കുന്നത് ആ വ്യക്തിയുടെ സാമൂഹികമായ പ്രവര്‍ത്തനക്ഷമതയും  ആകമാനമുള്ള പ്രവർത്തനക്ഷമതയും അഭിവൃദ്ധിപ്പെടുത്തുക എന്നത് ആണ്.

ബിഡിഡി ബാധിച്ച ഒരാളുടെ പരിചരണം

ബിഡിഡി മൂലം ബുദ്ധിമുട്ടുന്ന വ്യക്തികൾക്ക് അസാധാരണമാം വിധം ഉയർന്ന ലക്ഷ്യങ്ങൾ ഉണ്ടായിരിക്കും, തങ്ങൾ ഏറ്റവും പരിപൂർണ്ണത നേടണം എന്ന്  അവര്‍ പ്രതീക്ഷിക്കുന്നു, തങ്ങളുടെ കുറവുകളെ കുറിച്ച് മറ്റുള്ളവരിൽ നിന്ന് നിരന്തര ഉറപ്പുകൾ ലഭിക്കണം എന്ന് അവർ ആവശ്യപ്പെട്ടു കൊണ്ടേയിരിക്കും. ബിഡിഡി ബാധിച്ചിട്ടുള്ള ഒരു വ്യക്തി ഒരു മാനസിക ആരോഗ്യ വിദഗ്ദ്ധന്‍റെ സഹായം തേടുന്നുണ്ട് എന്ന് ഉറപ്പു വരുത്തുന്നതിൽ കുടുംബങ്ങൾക്ക് വളരെ പ്രധാനമായ ഒരു പങ്കു വഹിക്കാനുണ്ട്. ആ വ്യക്തി ഔഷധപരവും   മനഃശാസ്ത്രപരവും സാമൂഹികപരവുമായ ഇടപെടലുകളിലൂടെ കടന്നു പോകുമ്പോൾ ആ വ്യക്തിക്ക് പിന്തുണ നൽകുന്നതിനും സഹതാപപൂർവ്വം പെരുമാറുന്നതിനും കുടുംബത്തിന് കഴിയും. 

ബിഡിഡി എന്ന അസുഖത്തെ തൃപ്തികരമായി നേരിടുന്ന വിധം

ബോഡി ഡിസ്ഫോമിക് ഡിസോഡര്‍ അഥവാ ശരീര രൂപവൈകല്യ തകരാര്‍ (ബിഡിഡി) എന്ന രോഗാവസ്ഥയ്ക്ക് ഉള്ള ചികിത്സ ഏറെ കാലം നീണ്ടുനിൽക്കുന്നത് ആയെന്നു വരാം. ശരീര രൂപവൈകല്യ തകരാർ (ബിഡിഡി) ബാധിച്ച ഒരു വ്യക്തി തീരെ കുറവ് ആത്മാഭിമാനം അനുഭവിക്കുന്ന ആളായിരിക്കാം, അതിന്‍റെ തുടർച്ചയായി നിഷേധാത്മകമായ ശരീര പ്രതിച്ഛായാ പ്രശ്നങ്ങളും കൂടി ആ വ്യക്തി അനുഭവിക്കുന്നു. ഒരു മാനസിക ആരോഗ്യ വിദഗ്ദ്ധനുമായി സഹകരിച്ച് ആത്മാഭിമാനം സംബന്ധിച്ചും നിഷേധാത്മകമായ ശരീര പ്രതിച്ഛായ  സംബന്ധിച്ചും നിലനില്‍ക്കുന്ന  പ്രശ്‌നങ്ങൾക്കു പരിഹാരം കാണുക എന്നത് സുപ്രധാനമാണ്.