ബോര്‍ഡര്‍ലൈന്‍ വ്യക്തിത്വ തകരാറുള്ള വ്യക്തികള്‍ മിക്കവാറും മറ്റുള്ളവരുടെ സഹായം തേടാന്‍ തയ്യാറായേക്കില്ല, കാരണം അവരുടെ പെരുമാറ്റം അവര്‍ക്കും സുഹൃത്തുക്കള്‍ക്കും കുടുംബാംഗങ്ങള്‍ക്കും മനക്ലേശം ഉണ്ടാക്കുന്നു എന്ന കാര്യം മനസിലാക്കാന്‍ അവര്‍ക്ക് കഴിവുണ്ടാകില്ല. ഈ വ്യക്തിയെ പരിചരിക്കുന്നവര്ക്ക, ഈ മനക്ലേശവും പെരുമാറ്റത്തില്‍ മാറ്റം വരുത്തുന്നതിലുള്ള രോഗിയുടെ വിസമ്മതവും കൂടിച്ചേര്‍ന്ന് വല്ലാത്ത തളര്‍ച്ച ഉണ്ടാക്കിയേക്കാം.
ബോര്‍ഡര്‍ലൈന്‍ വ്യക്തിത്വ തകരാറ് അനുഭവിക്കുന്ന വ്യക്തികളുള്ള മിക്കവാറും കുടുംബങ്ങള്‍ മാനസിക സംഘര്‍ഷവും നിസ്സഹായതയും നിരാശാബോധവും അനുഭവിക്കാറുണ്ടെന്ന് പറയുന്നു. തങ്ങളുടെ പ്രിയപ്പട്ടവന്/അവള് സ്വയം കൊല്ലാനോ അപകടപ്പെടുത്താനോ ശ്രമിക്കുന്നത് വെറുതെ കണ്ടുനില്‍ക്കേണ്ടി വരുക എന്നത് പ്രയാസകരമായ കാര്യമായി അവര്‍ കാണുന്നു. ഈ മനക്ലേശം രോഗിയുടെ പെരുമാറ്റത്തിലൂടെ കൂടുതല്‍ വഷളാകുകയും ചെയ്യുന്നു.
രോഗി ഒരു സമയത്ത് തന്റെ കുടുംബത്തെ വളരെയധികം സ്നേഹിക്കുകയും തൊട്ടടുത്ത നിമിഷം കഠിനമായി വെറുക്കുകയും ചെയ്തേക്കാം. അതിനാല്‍ തങ്ങള്‍ എവിടെ നില്‍ക്കണം, എന്തായിരിക്കണം തങ്ങളുടെ സമീപനം, ഏതു തരത്തിലുള്ള സഹായവും പിന്തുണയുമാണ് രോഗിക്ക് ആവശ്യം തുടങ്ങിയ കാര്യങ്ങള്‍ തിരിച്ചറിയാനാകാതെ അവര്‍ കുഴങ്ങുന്നു.
രോഗിയെ പരിചരിക്കുന്നവര്‍ക്ക് തങ്ങളുടെ പ്രിയപ്പെട്ടവന്റെ / അവളുടെ ഈ തകരാറിനെക്കുറിച്ചോര്ത്ത് കുറ്റബോധം ഉണ്ടായേക്കാം. ബോര്‍ഡര്‍ലൈന്‍ വ്യക്തിത്വ തകരാര്‍ കുട്ടിക്കാത്തെ പീഡനം, അല്ലെങ്കില്‍ ആഘാതം മൂലം ഉണ്ടായേക്കാം. അതുപോലെ തന്നെ ഈ രോഗിക്ക് ഈ തകരാറുണ്ടായിരുന്ന ആരെങ്കിലുമായി ജനിതക ബന്ധമുണ്ടെങ്കിലും ഇതുണ്ടാകാനുള്ള സാധ്യതയേറെയാണ്. ഇത് മാതാപിതാക്കള്‍ക്ക് തങ്ങളുടെ കുട്ടിയുടെ പ്രശ്നത്തിന് തങ്ങളാണ് ഉത്തരവാദികള്‍ എന്ന വിചാരം ഉണ്ടാക്കുകയും അവര്‍ പരിഭ്രാന്തിയോടെ ഈ പ്രശ്നത്തിന് പരിഹാരം തേടുകയും ചെയ്യുന്നു.
ഈ തകരാറിനെക്കുറിച്ച് പഠിക്കുക : ബോര്‍ഡര്‍ലൈന്‍ വ്യക്തിത്വ തകരാര്‍ ഒരുപാട് ചീത്തപ്പേര് കേട്ടിട്ടുള്ള ഒരു തകരാറാണ്. ബോര്‍ഡര്‍ലൈന്‍ വ്യക്തിത്വ തകരാറുള്ള വ്യക്തികള്‍ മറ്റുള്ളവരെ ചൂഷണം ചെയ്യുന്നവരാണ്, മറ്റുള്ളവരുടെ ശ്രദ്ധ ആകര്‍ഷിക്കുന്നതിനുവേണ്ടി സ്വയം കൊല്ലുന്നതായി നടിക്കുന്നു; ഇവര്‍ വളരെ മര്‍ക്കടമുഷ്ടിക്കാരും പെരുമാറ്റത്തില്‍ മാറ്റം വരുത്താന്‍ ആഗ്രഹക്കാത്തവരുമാണ്, എന്നിങ്ങനെ ഈ തകാറിനെക്കുറിച്ച് പൊതുവില്‍ വിശ്വസിക്കപ്പെടുന്ന ധാരാളം കെട്ടുകഥകളുണ്ട്. ഇവര്‍ അനുഭവിക്കുന്ന ദുരിതം എന്താണെന്ന് മനസിലാക്കുന്നത് ഇവരുമായി ബന്ധപ്പെടുന്നതിന് നിങ്ങളെ സഹായിക്കും.
പരിചരണം നല്കുന്ന വ്യക്തിയെന്ന നിലയ്ക്ക് നിങ്ങളുടെ പ്രിയപ്പെട്ടവരുടെ ഈ അവസ്ഥയ്ക്ക് നിങ്ങളല്ല ഉത്തരവാദി എന്ന കാര്യവും നിങ്ങള്‍ക്ക് എല്ലാ കാര്യവും സ്വയം പരിഹരിക്കാന്‍ ആകില്ല എന്ന കാര്യവും അംഗീകരിക്കാന്‍ ശ്രമിക്കുക. നിങ്ങള്‍ക്ക് ചെയ്യാനാകുന്നത്, ചികിത്സയെ സംബന്ധിച്ച തീരുമാനങ്ങളെടുക്കാന്‍ രോഗിയെ സഹായിക്കുകയും അവര്‍ ചികിത്സാ പദ്ധതിയില്‍ നിന്ന് വ്യതിചലിക്കുന്നില്ലെന്ന് ഉറപ്പാക്കുകയും ചെയ്യുക എന്നതാണ്. നിങ്ങളുടെ പ്രിയപ്പെട്ടവന്റെ പെരുമാറ്റം നിങ്ങള്‍ക്ക് അന്യായമായും വിചിത്രമായും തോന്നിക്കുന്ന തരത്തിലുള്ളതാക്കുന്ന ഒരു തകരാറാണിതെന്ന കാര്യം എല്ലായ്പ്പോഴും ഓര്‍മ്മയില്‍ വെയ്ക്കുക. ഒരു ദിവസം അവര്‍ നിങ്ങളെ പൂജിച്ചേക്കാം, അടുത്ത ദിവസം വെറുത്തേക്കാം. ഇത് ബോര്‍ഡര്‍ലൈന്‍ വ്യക്തിത്വ തകരാറുള്ളവരുടെ പെരുമാറ്റത്തിലെ ഒരു വിചിത്രമായ പ്രത്യേകതയാണെന്ന വസ്തുത മനസിലാക്കുക. ഇത് വ്യക്തിപരമായെടുക്കുകയോ നിങ്ങളുടെ പരാജയത്തിന്റെ സൂചനയായി പരിഗണിക്കുകയോ ചെയ്യരുത്.
മനോഭാവത്തിലെ സ്ഥിരതയില്ലായ്മ മൂലം ഈ തകരാറുള്ളവരുമായി സംസാരിക്കുക എന്നത് വലിയ വെല്ലുവിളിയാണ്. തുറന്ന് പറയുക, ദുര്‍വ്യാഖ്യാനങ്ങള്‍ക്ക് ഒരവസരവും കൊടുക്കാതെ വ്യക്തമായി ചെറിയ വാചകങ്ങളില്‍ സംസാരിക്കുക. നിങ്ങള്‍ ഉദ്ദ്യേശിച്ചത് ആ വ്യക്തിക്ക് കൃത്യമായി മനസിലായിട്ടില്ല എന്ന് തോന്നിയാല്‍ കൂടുതല്‍ വ്യക്തമാക്കിക്കൊടുക്കുക. അവരെ സുഖിപ്പിക്കാനായി മുഖസ്തുതി നടത്തരുത്. ആ വ്യക്തിയുടെ പെരുമാറ്റത്തില്‍ നിങ്ങള്‍ ഇഷ്ടപ്പെടുന്ന കാര്യം കണ്ടെത്തുകയും അതിനെക്കുറിച്ച് സത്യസന്ധമായി സംസാരിക്കുകയും ചെയ്യുക. ഇത് അവരെക്കുറിച്ചുള്ള ധാരണ മെച്ചപ്പെടുത്താനും നിങ്ങള്‍ അവരില്‍ താല്പര്യം കാണിക്കുന്നു എന്ന് മനസിലാക്കാനും അവരെ സഹായിക്കും.
രോഗിയുടെ സമയക്രമത്തില്‍ പെട്ടന്ന് മാറ്റം വരുത്താന്‍ ശ്രമിക്കരുത്. ഈ തകരാറുള്ള വ്യക്തികള്‍ക്ക് പെട്ടെന്നുള്ള മാറ്റങ്ങളോട് പൊരുത്തപ്പെടാന്‍ ബുദ്ധിമുട്ടായിരിക്കും. അടുത്തുതന്നെ എന്തെങ്കിലും മാറ്റം ഉണ്ടാകുമെന്ന് നിങ്ങള്‍ക്ക് അറിയാമെങ്കില്‍ അതിനായി രോഗിയെ സജ്ജമാക്കുക.
പരിധി നിശ്ചയിക്കല്‍ : പരിചരണം കൊടുക്കുന്ന ഭൂരിപക്ഷം പേരും തങ്ങളുടെ പ്രിയപ്പെട്ടവര്‍ക്ക് പരമാവധി പിന്തുണ കൊടുക്കാന്‍ ആഗ്രഹിക്കുന്നു, പക്ഷെ എവിടെയാണ് പരിധി നിശ്ചയിക്കേണ്ടതെന്ന് അവര്‍ക്ക് അറിയില്ല. ചിലര്‍ രോഗി ആവശ്യപ്പെടുന്ന എല്ലാ കാര്യങ്ങളും അംഗീകരിക്കുന്നു, തങ്ങള്‍ വിസമ്മതിച്ചാല്‍ രോഗി സ്വയം അപകടപ്പെടുത്താന്‍ തുനിഞ്ഞാലോ എന്ന് അവര്‍ ഭയക്കുന്നതാണ് ഇതിന് കാരണം. 'പറ്റില്ല' എന്ന് പറയാന്‍ പഠിക്കുക. ഏതൊക്കെ പ്രവര്‍ത്തികളോടും പെരുമാറ്റങ്ങളോടുമാണ് നിങ്ങള്‍ക്ക് പൊരുത്തപ്പെട്ട് ജീവിക്കാന്‍ കഴിയുന്നത് ? അക്രമം സ്വീകാര്യമാണോ ? ഏതുകാര്യവും എന്തുവരെയാകാം, എത്രവരെയാകാം എന്ന് വ്യക്തമായി പരിധി നിശ്ചയിക്കുക.
രോഗി ശാരീരികമായി അക്രമാസക്തനാകുന്ന സാഹചര്യത്തെ എങ്ങനെ കൈകാര്യം ചെയ്യണം എന്നത് ഡോക്ടറോട് ചോദിച്ച് മനസിലാക്കുക.
ഈ സാഹചര്യം നേരിടുന്നതിന് നിങ്ങള്‍ സ്വയം ഒരുങ്ങിയിരിക്കുകയും ചെയ്യുക.
സ്വന്തം കാര്യങ്ങളില്‍ ശ്രദ്ധവെയ്ക്കുക. പരിചരിക്കുന്നയാള്‍ എന്ന ഉത്തരവാദിത്തത്തില്‍ നിന്നും കുറച്ചു സമയം മാറിനില്‍ക്കുക. ഈ സമയത്ത് നിങ്ങള്‍ക്ക് ആസ്വാദ്യകരമായ ഏതെങ്കിലും പ്രവര്‍ത്തനത്തില്‍ മുഴുകുക. നിങ്ങളുടെ സുഹൃത്തുക്കളുമായി ബന്ധപ്പെട്ടിരിക്കാനും നിങ്ങള്‍ക്ക് മനസുതുറന്ന് സംസാരിക്കാന്‍ ആരെങ്കിലും ഉണ്ടായിരിക്കാനും ശ്രദ്ധിക്കുക. നിങ്ങളുടെ പ്രദേശത്ത് ഒരു സഹായക സംഘം (സപ്പോര്‍ട്ട് ഗ്രൂപ്പ്) ഉണ്ടെങ്കില്‍ അതില്‍ ചേരുക. അതിലെല്ലാം പ്രധാനമായി, നിങ്ങള്‍ ക്ഷീണിതന് /ക്ഷീണിതയാകുമ്പോള്‍ നിങ്ങളുടെ ഡോക്ടറോട് അല്ലെങ്കില്‍ കൗണ്‍സിലറോട് പറയുക.