തകരാറുകൾ

ബോഡർലൈൻ പെഴ്‌സാണിലിറ്റി ഡിസോഡർ: കെട്ടുകഥകളും വസ്തുതകളും

വൈറ്റ് സ്വാൻ ഫൗണ്ടേഷൻ

കെട്ടുകഥ: ബോഡർ ലൈൻ പെഴ്‌സാണിലിറ്റി ഡിസോഡർ (ബിപിഡി,Borderline Personality Disorder, BPD) ചികിത്സിക്കാൻ സാദ്ധ്യമല്ല. 

വസ്തുത: ഔഷധങ്ങള്‍,  തെറപ്പി (പ്രത്യേക രോഗചികിത്സാ രീതി) വൈകാരിക പിന്തുണ എന്നിവയുടെ സംയുക്ത ഉപയോഗം കൊണ്ട്    ബിപിഡി  ചികിത്സിക്കാന്‍ കഴിയുന്നതാണ്. ആ അവസ്ഥ വേണ്ടവിധം കൈകാര്യം ചെയ്യുന്നതിനും തങ്ങളുടെ ജീവിതത്തിന്‍റെ ഗുണനിലവാരം മെച്ചപ്പെടുത്തുന്നതിനും ആ വ്യക്തിയെ   സഹായിക്കുന്നതിനു ചികിത്സക്കു കഴിയും. തകരാറിന്‍റെ തീവ്രതയ്ക്കും ചികിത്സ കൃത്യമായി പിൻതുടരുന്നതിനും അനുസൃതമായി ഒരു വ്യക്തി ശ്രദ്ധേയമായ അഭിവൃദ്ധി പ്രദര്‍ശിപ്പിക്കുന്നതിന് ആറു മാസം മുതൽ ഏതാനും വർഷങ്ങൾ വരെ സമയം എടുത്തേക്കാം.

 കെട്ടുകഥ: ആത്മഹത്യാ പ്രവണതകൾ പ്രദർശിപ്പിക്കുന്ന എല്ലാവർക്കും ബിപിഡി ഉണ്ട്.

വസ്തുത: ബോഡർലൈൻ പെഴ്‌സണാലിറ്റി ഡിസോഡർ ഉള്ള ഒരു വ്യക്തി അവനവനെ തന്നെ ശാരീരികമായി പീഡിപ്പിക്കുന്നതിന് ആവേശപൂർവ്വം ശ്രമിച്ചെന്നു വരാം. എന്നാൽ ആത്മഹത്യ ചെയ്യുന്ന എല്ലാ ആളുകളും ബിപിഡി രോഗികൾ അല്ല. ബിപിഡി നിർണ്ണയിക്കപ്പെടുന്നതിന് ആ വ്യക്തി വളരെ വ്യതിരിക്തമായ ലക്ഷണങ്ങൾ പ്രദർശിപ്പിച്ചിരിക്കണം. 

കെട്ടുകഥ: ബോഡർലൈൻ പെഴ്‌സണാലിറ്റി ഡിസോഡർ ബാധിച്ച വ്യക്തികൾ ആത്മഹത്യയ്ക്കു ശ്രമിക്കുമ്പോൾ അവര്‍ ശരിക്കും മരിക്കുവാൻ ആഗ്രഹിക്കുന്നില്ല. അവർ വെറുതെ ശ്രദ്ധാകേന്ദ്രം ആയിത്തീരുവാന്‍ ശ്രമിക്കുക മാത്രമാണ് ചെയ്യുന്നത്.

വസ്തുത: ആത്മഹത്യ ചെയ്യുന്ന മിയ്ക്ക ആളുകളേയും പോലെ തന്നെ ബിപിഡി ബാധിച്ച ഒരു വ്യക്തി അവനവനെ തന്നെ കൊല്ലുവാൻ ശ്രമിക്കുന്നു, കാരണം, ആ നിമിഷം, അവരുടെ യാതന അത്ര തീവ്രമാണ്, അതിനാൽ ജീവിതം ഇങ്ങനെ ജീവിക്കുന്നതിൽ അർത്ഥമില്ല എന്ന് അവർക്കു തോന്നിപ്പോകുന്നു. അവർ അതിതീവ്രമായ, വേദനാകരമായ വികാരങ്ങൾ അനുഭവിക്കുന്നുണ്ടാകും, ആത്മഹത്യ മാത്രമാണ് രക്ഷപ്പെടാനുള്ള ഏക മാർഗ്ഗം എന്ന് അവർ കരുതുകയും ചെയ്യുന്നു. ആത്മഹത്യാ പ്രവണത, സഹായത്തിനു വേണ്ടിയുള്ള അവരുടെ ആശയറ്റ നിലവിളിയാണ്.

കെട്ടുകഥ: ബോഡർലൈൻ പെഴ്‌സണാലിറ്റി ഡിസോഡർ ഉള്ള ആളുകൾക്ക് യഥാർത്ഥത്തിൽ തകരാർ ഒന്നുമില്ല. മറ്റുള്ളവരെ കൗശലത്താൽ സ്വാധീനിക്കുന്നതിനായി അവർ അതു വെറുതെ കാണിക്കുന്നതാണ്.

വസ്തുത: ബോഡർലൈൻ പെഴ്‌സണാലിറ്റി ഡിസോഡർ എന്നത് പ്രമേഹം, വാതം തുടങ്ങിയ രോഗങ്ങൾ പോലെ തന്നെയുള്ള ഒരു രോഗമാണ്. ബോഡർലൈൻ പെഴ്‌സണാലിറ്റി ഡിസോഡർ ഉള്ള ഒരു വ്യക്തി പ്രവചനാതീതമെന്നോ വിചിത്രമെന്നോ മറ്റുള്ളവർക്കു തോന്നത്തക്ക വിധം പ്രവർത്തിച്ചുവെന്നു വരാം.   മറ്റുള്ളവരെ കൗശലപൂർവ്വം സ്വാധീനിക്കുക അല്ലെങ്കിൽ മറ്റുള്ളവരുടെ ശ്രദ്ധ ആകർഷിക്കുക എന്നിവയിൽ ഏതിനെങ്കിലും വേണ്ടി ചെയ്യുന്ന ഒരു ബോധപൂർവ്വമുള്ള തിരഞ്ഞെടുപ്പ് ആണ് അത് എന്ന്  അവർക്ക് തോന്നിയെന്നു വരാം.  ബിപിഡി ബാധിച്ചിട്ടുള്ള ഒരു വ്യക്തി വികാരങ്ങളുടെ ചാഞ്ചല്യവും സ്വന്തം പ്രതിച്ഛായാ പ്രശ്‌നവും അഭിമുഖീകരിക്കുന്നുണ്ട് എന്നതാണ് യാഥാർത്ഥ്യം. അവരുടെ താഴ്ന്ന നിലയിലുള്ള ആത്മാഭിമാനവും നിരാസത്തെ കുറിച്ചുള്ള ഭീതിയും, തങ്ങൾ സ്‌നേഹിക്കപ്പെടുന്നവരുമായുള്ള അടുപ്പത്തിനു സഹായകമാകും എന്ന് അവർ കരുതുന്ന എന്തെങ്കിലും കാര്യം ചെയ്യുന്നതിനായി ഏതറ്റം വരെ പോകാനും അവരെ പ്രേരിപ്പിക്കുന്നു. ഉപദ്രവിക്കുക എന്നോ മറ്റുള്ളവരെ കൗശലപൂർവ്വം സ്വാധീനിക്കുക എന്നോ ഉള്ള മനഃപൂർവ്വമായ ഉദ്ദേശം അല്ല, മറിച്ച് അത് സഹായത്തിനു വേണ്ടിയുള്ള അവരുടെ ആശയറ്റ നിലവിളിയത്രേ..