വിഷാദരോഗത്തിന് ധാരണാസംബന്ധമായ പെരുമാറ്റ ചികിത്സകള്‍(കോഗ്നിറ്റീവ് ബിഹേവിയറല്‍ തെറാപ്പി-സി ബി റ്റി ) , വ്യക്തികള്‍ക്കിടയിലുള്ള ബന്ധം മെച്ചപ്പെടുത്തുന്നതിനുള്ള ഇന്റര്‍പേര്‍സണല്‍ തെറാപ്പി (ഐ പി റ്റി) എന്നിവ ഉള്‍പ്പെടെയുള്ള വിവിധ തരത്തിലുള്ള സൈക്കോതെറാപ്പികള്‍ വളരെ ഫലപ്രദമാണെന്ന് കാണുന്നു. പൊതുവില്‍ ഈ രണ്ട് തെറാപ്പികള്‍ ഹ്രസ്വകാലം മാത്രം മതിയാകുന്നതാണ്, സാധാരണയായി ചികിത്സയടക്കം ഇതിന് 10-20 ആഴ്ചയാണ് വേണ്ടി വരുന്നത്. ലഘുവായതുമുതല്‍ നിയന്ത്രിതമായതുവരെയുള്ള വിഷാദരോഗം മരുന്നോ തെറാപ്പിയോ മാത്രം കൊണ്ട് വിജയകരമായി ചികിത്സിക്കാമെന്ന് ഗവേഷണങ്ങള്‍ പറയുന്നു. എന്നാല്‍ കടുത്ത വിഷാദരോഗമുള്ള ഒരാള്‍ക്ക് ഇവ രണ്ടും ചേര്‍ത്തുള്ള ഒരു സംയോജിത ചികിത്സ വേണ്ടി വരും.
തെളിവുകളെ അടിസ്ഥാനപ്പെടുത്തിയുള്ളതും വളരെ ഫലപ്രദവുമായ ധാരണാ സംബന്ധമായ പെരുമാറ്റ ചികിത്സ (കോഗ്നിറ്റീവ് ബിഹേവിയറല്‍ തെറാപ്പി-സി ബി റ്റി ) വിഷാദരോഗം ചികിത്സിക്കാന്‍ വളരെ ഗുണകരമായതാണ്. ഇതിലൂടെ ഈ വ്യക്തിയെ വിഷാദരോഗത്തിന് പ്രേരക ശക്തിയാകുന്ന പ്രതികൂല ചിന്തകളെ മനസിലാക്കാനും നിയന്ത്രിക്കാനും നിര്‍ത്താനും പഠിപ്പിക്കുന്നതിനാല്‍ ഇത് പ്രതികൂല ചിന്തകളുടെ ഒഴുക്ക് തടയാന്‍ രോഗിയെ സഹായിക്കുന്നു. പ്രതികൂല ചിന്തകളുടെ രീതി/ പ്രക്രിയ ( ഉദാ: "എനിക്ക് ഒന്നും ശരിയായി ചെയ്യാന്‍ കഴിയില്ല" ) മനസിലാക്കുകയും അതിന്റെ സ്ഥാനത്ത് കൂടുതല്‍ ഗുണകരമായതും പെരുമാറ്റം മെച്ചപ്പെടുത്തുന്നതുമായ അനുകൂല ചിന്തകള്‍ (ഉദാ: "എനിക്കിത് ശരിയായി ചെയ്യാനാകും") ഉണ്ടാക്കുകയും ചെയ്യുന്നു.ഒരു വ്യക്തിയുടെ പെരുമാറ്റത്തില്‍ ചെറിയ മാറ്റം വരുത്തുന്നത് അയാളുടെ ചിന്തയിലും മനോഭാവത്തിലും വലിയ പുരോഗതി കൊണ്ടുവരും എന്നും കണ്ടുവരുന്നു, ഇത് വീട്ടില്‍ നിന്നും പുറത്തിറങ്ങി പത്തുപതിനഞ്ച് മിനിറ്റ് നടക്കുന്നതിലൂടെ പോലും സാധിച്ചെടുക്കാനായേക്കും.
ഇന്റര്‍പേഴ്സണല്‍ തെറാപ്പി (ഐ പി റ്റി) വ്യക്തിപരമായ ബന്ധങ്ങള്‍ മെച്ചപ്പെടുത്തുന്നതില്‍ ശ്രദ്ധകേന്ദ്രീകരിക്കുന്നു. തെറാപ്പിസ്റ്റ് വിഷാദരോഗമുള്ളവരെ മറ്റുള്ളവരോടുള്ള തങ്ങളുടെ പെരുമാറ്റം എങ്ങനെയാണെന്ന് വിലയിരുത്താനും സ്വയം സൃഷ്ടിക്കുന്ന ഒറ്റപ്പെടലിനെക്കുറിച്ച് തിരിച്ചറിവ് നേടാനും പഠിപ്പിക്കുന്നു. അതുപോലെതന്നെ തെറാപ്പിസ്റ്റ് മറ്റുളളവരുമായി പൊരുത്തപ്പെടാനും മറ്റുള്ളവരെ മനസിലാക്കാനും ഈ വ്യക്തിക്കുള്ള ബുദ്ധിമുട്ട് സ്വയം വിലയിരുത്താന്‍ അയാളെ സഹായിക്കുകയും ചെയ്യുന്നു.
മനശാസ്ത്ര വിദ്യാഭ്യാസം ഒരു വ്യക്തിയെ അവരുടെ രോഗത്തെക്കുറിച്ചും അതെങ്ങിനെ ചികിത്സിക്കാം, രോഗം തിരിച്ചു വരുന്നതിന്റെ സൂചനകള്‍ എങ്ങനെ മനസിലാക്കാം എന്നതിനെക്കുറിച്ചും പഠിപ്പിക്കുന്നു. ഇതിലൂടെ അവര്‍ക്ക് രോഗം വഷളാകുന്നതിന് മുമ്പ് അല്ലെങ്കില്‍ തിരിച്ചു വരുന്നതിന് മുമ്പ് ആവശ്യമായ ചികിത്സ നേടാന്‍ സാധിക്കും.
കുടുംബത്തിനുള്ള മനശാസ്ത്ര വിദ്യാഭ്യാസം കുടുംബത്തിനുള്ളിലുള്ള മാനസിക സംഘര്‍ഷവും, ആശയക്കുഴപ്പവും, ഉത്കണ്ഠയും കുറയ്ക്കാനും, ഈ സാഹചര്യത്തെ വിജയകരമായി അഭിമുഖീകരിക്കാനും സഹായിക്കുന്നു. ഇതിലൂടെ വിഷാദരോഗമുള്ള വ്യക്തിക്ക് മെച്ചപ്പെട്ട പരിചരണവും പിന്തുണയും കൊടുക്കാന്‍ അവര്‍ക്ക് കഴിവുണ്ടാകുന്നു.
മാനസിക രോഗങ്ങള്‍ നേരിടുന്ന വ്യക്തികള്‍ക്കും കുടുംബത്തിനുമുള്ള സഹായക സംഘങ്ങള്‍ (സപ്പോര്‍ട്ട് ഗ്രൂപ്പുകള്‍) ഇപ്പോള്‍ ധാരാളം ഉണ്ട്. ഇവിടെ ആളുകള്‍ക്ക് അവരുടെ അനുഭവങ്ങളും വികാരങ്ങളും പങ്കുവെയ്ക്കുകയും പരിശീലനം നേടിയിട്ടുള്ള സ്പെഷ്യലിസ്റ്റുകളില്‍ നിന്ന് സഹായം തേടുകയും ചെയ്യാം. അതുപോലെ തന്നെ സാമൂഹികമായ സാധ്യതകളെക്കുറിച്ച് പഠിക്കുകയും ഏത് ചികിത്സ അല്ലെങ്കില്‍ തെറാപ്പിയാണ് അവരുടെ രോഗമുക്തിക്ക് ഏറ്റവും ഫലപ്രദമാകുക എന്നതിനെക്കുറിച്ചുള്ള വിവരങ്ങള്‍ സമ്പാദിക്കാനാകുകയും ചെയ്യും.
ഇലക്ട്രോ കണ്‍വള്‍സീവ് തെറാപ്പി (ഈ സി റ്റി ) : ഇത് കടുത്ത വിഷാദരോഗത്തിനും മതിഭ്രമത്തോട് കൂടിയ കടുത്ത വിഷാദരോഗത്തിനും വളരെയധികം ഫലപ്രദമായ ചികിത്സയാണ്. കടുത്ത മതിഭ്രമം അല്ലെങ്കില്‍ ആത്മഹത്യാ ചിന്ത പ്രകടിപ്പിക്കുന്ന വിഷാദരോഗത്തിന് മരുന്നും സൈക്കോതെറാപ്പിയും ഫലപ്രദമല്ലാതെ വരുമ്പോള്‍ അല്ലെങ്കില്‍ ഈ വ്യക്തി ആന്റിഡിപ്രെസ്സന്റുകള്‍ കഴിക്കാന്‍ വിസമ്മതിക്കുമ്പോള്‍ ഇ സി റ്റി പരിഗണിച്ചേക്കാം. ചില വ്യക്തികള്‍ക്ക് ആന്റിഡിപ്രെസ്സെന്റുകള്ക്കൊപ്പം ചേര്‍ത്തും ഇ സി റ്റി ചികിത്സ നടത്താറുണ്ട്. ഇ സി റ്റി ചികിത്സയെ തുടര്‍ന്ന് ഓര്‍മ്മത്തകരാര്‍ ഉണ്ടായേക്കും, അതിനാല്‍ പ്രധാനപ്പെട്ടതും ഫലപ്രദവുമായ ഈ ചികിത്സയ്ക്കായി ശ്രദ്ധാപൂര്‍വം ഒരു അപകട- ഗുണ സാധ്യതാ വിലയിരുത്തല്‍ നടത്തേണ്ടതാണ്.