ഇന്നത്തെ മത്സരാധിഷ്ഠിത ലോകത്ത്, പഠനത്തിലും മറ്റ് പാഠ്യേതര പ്രവര്‍ത്തനങ്ങളിലും ഒന്നാംസ്ഥാനത്ത് നില്‍ക്കുന്നതിനായി അനാവശ്യമായ സമ്മര്‍ദ്ദത്തിലൂടെ കുട്ടികള്‍ വളരെയധികം പീഢിപ്പിക്കപ്പെടുന്നുണ്ട്. ഓരോ കുട്ടിയും അനന്യമായതാണ് എന്ന വസ്തുത മാതാപിതാക്കളും അദ്ധ്യാപകരും അവഗണിക്കുന്നു. കുട്ടി വളറെ കര്‍ക്കശമായ ഒരു സംവിധാനത്തെ പിന്തുടരാന് നിര്‍ബന്ധിക്കപ്പെടുകയും നിയമങ്ങള്‍ അടിച്ചേല്‍പ്പിച്ച് അനുസരിപ്പിക്കപ്പെടുകയും ചെയ്യുന്നു. ഇത് അവര്‍ക്ക് കൈകാര്യം ചെയ്യാനാകുന്നതിലും വളരെ അധികമാണ്. കുട്ടികളിലെ വിഷാദരോഗത്തിന് ഇത് ഏറ്റവും പ്രധാനമായ കാരണങ്ങളില്‍ ഒന്നാകാം. വീട്ടിലായാലും സ്കൂളിലായാലും കുട്ടികള്‍ അവരുടെ വളരെയധികം സമയം പഠിക്കാനായി ചെലവഴിക്കുന്നു. അതേസമയം കുട്ടിയുടെ മാനസികാരോഗ്യത്തെ ബാധിക്കുന്ന മറ്റ് സാമൂഹിക-മാനസിക ഘടകങ്ങളും ഉണ്ടാകാം. വൈകാരികവും മാനസികവുമായ കോളിളക്കങ്ങള്‍ താങ്ങാന്‍ പറ്റാത്ത കുട്ടികളും എളുപ്പത്തില്‍ വിഷാദരോഗത്തിന് വിധേയരായേക്കാം.
കുട്ടികളിലും കൗമാരക്കാരിലും താഴെപറയുന്ന കാരണങ്ങള്‍ മൂലം വിഷാദരോഗം ഉണ്ടാകാം.
- കുടുംബത്തിലെ സംഘര്‍ഷങ്ങള്‍ മൂലം ഉണ്ടാകുന്നതും നീണ്ടുനില്ക്കുന്നതുമായ മാനസിക സമ്മര്‍ദ്ദം, ഉദാഹരണത്തിന് മദ്യപാനിയായ രക്ഷകര്‍ത്താവുമായി ഇടപഴകേണ്ടി വരുന്നത്, അല്ലെങ്കില്‍ മാതാപിതാക്കളുടെ ദാമ്പത്യ പ്രശ്നങ്ങള്‍.
- ശാരീരികമോ മാനസികമോ ആയ പീഡനം, അക്രമം, അവഗണന തുടങ്ങിയവ പോലുള്ള ആഘാതമേല്‍പ്പിക്കുന്ന സംഭവങ്ങള്‍.
- ഉത്കണ്ഠാ രോഗം പോലെ ചികിത്സിക്കപ്പെടാതെപോകുന്ന മനോരോഗങ്ങള്‍
- കുട്ടിയുടെ ആത്മവിശ്വാസത്തേയും കഴിവുകളേയും ബാധിക്കുന്ന തരത്തിലുള്ള പഠന പ്രശ്നങ്ങള്‍.
കുട്ടികള്‍ക്കിടയിലെ വിഷാദരോഗം ഗുരുതരമല്ലാത്തത് മുതല്‍ ഇടത്തരം തീവ്രതയുള്ളത്, വളരെ ഗുരുതരമായത് എന്നിങ്ങനെ പല തരത്തിലുണ്ടായേക്കാം.
- ഗുരുതരമല്ലാത്ത വിഷാദരോഗം കുട്ടിയില്‍ അസന്തുഷ്ടി ഉണ്ടാകുന്നതിന് കാരണമായേക്കാമെങ്കിലും കുട്ടിക്ക് ഒരു സാധാരണ ജീവിതം നയിക്കാനാകും. കുട്ടി ദൈനംദിന പ്രവര്‍ത്തികളോ ഗൃഹപഠങ്ങളോ ചെയ്യാന്‍ അത്ര താല്പര്യം കാണിച്ചെന്നിരിക്കില്ല, എന്നാല്‍ മാതാപിതാക്കളുടെ സഹായത്തോടെയും ജീവിത ശൈലിയില്‍ വരുത്തുന്ന ലളിതമായ മാറ്റങ്ങള്‍ കൊണ്ടും കുട്ടിക്ക് ഈ വിഭാഗത്തിലുള്ള വിഷാദരോഗത്തെ അതിജീവിക്കാനാകും.
- ഇടത്തരം തീവ്രതയുള്ള വിഷാദരോഗം സാരമായിത്തന്നെ കുട്ടിയുടെ ജീവിതത്തെ ബാധിക്കും. കുട്ടി സ്ഥിരമായി ദുഃഖിതനും നിരാശനുമായേക്കാം. നിങ്ങളുടെ കുട്ടി വിഷാദരോഗത്തിന്റെ ഈ ലക്ഷണങ്ങള്‍ കാണിക്കുന്നതായി നിങ്ങള്‍ക്ക് തോന്നുന്നു എങ്കില്‍ നിങ്ങളുടെ കുടുംബ ഡോക്ടറുമായി ബന്ധപ്പെടുകയും ഒരു മാനസികാരോഗ്യ വിദഗ്ധന്റെ സഹായം തേടുകയും ചെയ്യുക.
- ഗുരുതരമായ വിഷാദരോഗം കുട്ടിയില്‍ താന്‍ കഴിവുകെട്ടവനാണ് എന്ന മനോവിചാരം ഉണ്ടാക്കിയേക്കാം. കുട്ടിയില്‍ സ്ഥിരമായ അവന് അല്ലെങ്കില്‍ അവള്‍ക്ക് തൃപ്തികരമായി നേരിടുന്നതിന് സാധിക്കാതെ വരുന്ന സങ്കടാവസ്ഥയും പ്രതികൂല ചിന്തകളും ഉണ്ടാകാം. നിങ്ങളുടെ കുട്ടി ഗുരുതരമായ വിഷാദരോഗത്തിന്റെ ലക്ഷണങ്ങള്‍ കാണിക്കുന്നു എങ്കില്‍ കുട്ടിയെ ഡോക്ടറെ കാണിക്കുകയും എത്രയും നേരത്തേ ചികിത്സ ആരംഭിക്കുകയും ചെയ്യുക.