തകരാറുകൾ

വാര്‍ദ്ധക്യകാല വിഷാദരോഗം

വൈറ്റ് സ്വാൻ ഫൗണ്ടേഷൻ

എന്താണ് വാര്‍ദ്ധക്യകാല വിഷാദരോഗം?

സുന്ദര്‍ 65 വയസുള്ള ഒരാളാണ്. അദ്ദേഹം നല്ല ആരോഗ്യ സ്ഥിതിയിലുമാണ്. എന്നാല്‍ കുറച്ചുനാള്‍ മുമ്പ് അയാള്‍  ഇടയ്ക്കിടെ ശരീരം വേദനയെക്കുറിച്ച് പരാതിപ്പെടാന്‍ തുടങ്ങി. ചില ദിവസങ്ങളില്‍ സുന്ദര്‍ പ്രത്യേകിച്ച് കാരണമൊന്നുമില്ലാതെ അസ്വസ്ഥനാകാനും വീട്ടിലുള്ളവരോട് കലിതുള്ളാനും മുറുമുറുക്കാനും തുടങ്ങി. പെരുമാറ്റത്തിലെ പെട്ടെന്നുള്ള ഈ മാറ്റം അദ്ദേഹത്തിന്‍റെ മകന് മനക്ലേശം ഉണ്ടാക്കി. ഡോക്ടറെ ചെന്നു കണ്ട് കാര്യം പറഞ്ഞ് പരിശോധനകള്‍ നടത്തിയപ്പോള്‍ സുന്ദര്‍ വിഷാദരോഗ ബാധിതനാണെന്ന കാര്യം വ്യക്തമായി. 
(ഈ  കഥ  ഇവിടെ പറഞ്ഞത് ഈ അസുഖം യഥാര്‍ത്ഥ ജീവിതത്തില്‍ എങ്ങനെയാണ് അനുഭവപ്പെടുന്നതെന്ന് മനസിലാക്കാന്‍ വേണ്ടിയാണ്.)
വയസ്സുചെന്നവരിലെ വിഷാദരോഗം (ജെറിയാട്രിക് ഡിപ്രഷന്‍) അപൂര്‍വമായി മാത്രമാണ് തിരിച്ചറിയപ്പെടുന്നതും ചികിത്സിക്കപ്പെടുന്നതും. പ്രായമായവര്‍ എപ്പോഴും ദുഃഖിതരായിരിക്കും എന്നൊരു തെറ്റിദ്ധാരണ പൊതുവില്‍ ഉണ്ട്. അതിന് കാരണമായി പറയപ്പെടുന്നത് അവര്‍ക്ക് ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടാകാം, അല്ലെങ്കില്‍ ഇഷ്ടപ്പെട്ടവരെ നഷ്ടപ്പെട്ടിട്ടുണ്ടാകാം തുടങ്ങിയ കാര്യങ്ങളാണ്. വിഷാദരോഗം പൊതുവില്‍ വയസ്സാകുന്നതിന്‍റെ ഭാഗമായി ഉണ്ടാകുന്നതാണ് എന്ന ധാരണയില്‍ തള്ളിക്കളയുന്നുമുണ്ട്. അതുപോലെ തന്നെ വയസ്സായവര്‍ മിക്കവാറും അവരുടെ പ്രശ്നങ്ങള്‍ പങ്കുവെയ്ക്കാന്‍ മടികാണിക്കുകയും ചെയ്യുന്നു. അതിന് കാരണമാകട്ടെ തങ്ങള്‍ അവഗണിക്കപ്പെടുകയും അപഹസിക്കപ്പെടുകയും ചെയ്യും എന്ന ഭയവുമാണ്. ഇതവര്‍ക്ക് വളരെ വേദനാജനകമായേക്കും.

വാര്‍ദ്ധക്യകാല വിഷാദരോഗത്തിന്‍റെ ലക്ഷണങ്ങള്‍

 
പ്രായമായവര്‍ക്കിടയിലെ വിഷാദരോഗം മിക്കവാറും അവഗണിക്കപ്പെടുകയോ അല്ലെങ്കില്‍ തിരിച്ചറിയാന്‍ പ്രയാസമുള്ളതിനാല്‍ കണ്ടെത്തപ്പെടാതെ പോകുകയോ ചെയ്യുന്നു. കാരണം, വിശപ്പില്ലായ്മ, ഉറക്കമില്ലായ്മ, ക്ഷീണം, അസ്വസ്ഥത പോലുള്ള പൊതുവായ ലക്ഷണങ്ങള്‍ പ്രായമാകുന്നതിന്‍റെ ഭാഗമോ വാര്‍ദ്ധക്യവുമായി ബന്ധപ്പെട്ടുള്ള എന്തെങ്കിലും ശാരീരിക അസുഖങ്ങള്‍ മൂലമോ ഉള്ളതാകാമെന്നതാണ്.  അല്‍ഷിമേഴ്സിന്‍റെ പ്രാരംഭ ലക്ഷണങ്ങള്‍, പാര്‍ക്കിന്‍സണ്‍സ്, കാഴ്ച ശക്തിയും കേള്‍വി ശക്തിയും നഷ്ടപ്പെടുന്നതുപോലുള്ള വൈകല്യങ്ങള്‍ തുടങ്ങിയവയുടെ ലക്ഷണങ്ങള്‍ക്കും ചിലപ്പോഴൊക്കെ വിഷാദരോഗത്തിന്‍റെ ലക്ഷണങ്ങളോട് സാമ്യം ഉണ്ടാകാറുണ്ട്.
വിഷാദരോഗത്തിന്‍റെ സാധാരണ ലക്ഷണങ്ങളോടൊപ്പം തന്നെ വാര്‍ദ്ധക്യകാല വിഷാദരോഗത്തിന് മറ്റ് ചില സ്വഭാവ സവിശേഷതകളും ഉണ്ട്. 
  •  സംഭവങ്ങള്‍ ഓര്‍ത്തുവെയ്ക്കാനുള്ള ശേഷിയില്ലായ്മ.
  •  മറ്റുള്ളവരുമായി ഇടപഴകാനുള്ള താല്‍പര്യമില്ലായ്മ.
  •  തൂക്കവും വിശപ്പും കുറയല്‍.
  •  ഇടയ്ക്കിടെ ശരീരവേദനയെക്കുറിച്ച് പരാതിപ്പെടല്‍.
  •  ക്ഷമ നഷ്ടപ്പെടലും കുടുംബാഗങ്ങളോട് ഇടയ്ക്കിടെ കലഹിക്കലും.
  • ഉറക്കക്കുറവും അടങ്ങിയിരിക്കാത്ത പ്രകൃതവും.
  •  നീണ്ടുനില്‍ക്കുന്ന രോഗങ്ങളായ പ്രമേഹം, ഉയര്‍ന്ന രക്തസമ്മര്‍ദ്ദം, മസ്തിഷ്കാഘാതം, സന്ധിവാതം, അര്‍ബുദം തുടങ്ങിയ രോഗങ്ങളോടൊപ്പവും വിഷാദരോഗം ഉണ്ടാകാം.

വാര്‍ദ്ധക്യകാല വിഷാദരോഗത്തിനുള്ള ചികിത്സ

 
 വാര്‍ദ്ധക്യകാല വിഷാദരോഗം കണ്ടെത്തപ്പെടുകയും ചികിത്സിക്കപ്പെടുകയും ചെയ്തില്ലെങ്കില്‍ അത് വളരെ ഫലപ്രദമായൊരു ജീവിതം നയിക്കാന്‍ സാധിക്കുന്ന വ്യക്തിക്കും കുടുംബത്തിനും അനാവശ്യമായ ദുരിതത്തിന് കാരണമാകും. ആയതിനാല്‍ പ്രായമായവര്‍ക്ക് വിഷാദരോഗത്തിന് പ്രാരംഭഘട്ടത്തിലേ ചികിത്സ ലഭ്യമാക്കേണ്ടത് വളരെ പ്രധാനമാണ്. 
ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിക്കുന്നത് പ്രായമായവരെ വിഷാദരോഗത്തില്‍ നിന്നും കരകയറ്റി സന്തോഷകരമായ ഒരു ജീവിതം നയിക്കാന്‍ സഹായിക്കുന്നതിന് ചികിത്സകളോടൊപ്പം തന്നെ സ്നേഹവും പരിചരണവും പതിവായ വ്യായാമവും കൃത്യമായ ദിനചര്യകളും ഒക്കെ കൂട്ടിചേര്‍ത്തുള്ള സഹായകരമായ ഒരു കുടുംബാന്തരീക്ഷവും കൂടി ഉണ്ടാകണം എന്നാണ്.

വാര്‍ദ്ധക്യകാല വിഷാദരോഗമുള്ളവരെ പരിചരിക്കല്‍

 
 നിങ്ങളുടെ കുടുംബത്തില്‍ പ്രായമായ ഒരാള്‍ക്ക് വിഷാദരോഗം ഉണ്ടെങ്കില്‍ നിങ്ങള്‍ ആ വ്യക്തിക്ക് വൈകാരികമായ പിന്തുണ നല്‍കണം. പ്രായമായവരുടെ പരിതാപങ്ങളും വികാരങ്ങളും മറ്റും  ക്ഷമയോടെയും സഹാനുഭൂതിയോടേയും കേട്ടിരുന്നാല്‍ അത് അവരെ വിഷാദരോഗാവസ്ഥയെ വിജയകരമായി അഭിമുഖീകരിക്കുന്നതിന് വളരെയധികം സഹായിക്കും. നിങ്ങള്‍ക്കവരെ പരിശോധനയ്ക്കായി ഒരു ഡോക്ടറുടെ അടുത്തേക്ക് കൊണ്ടുപോകാനും ആവശ്യമായ ചികിത്സ എടുക്കുന്നതിന് പ്രോത്സാഹിപ്പിക്കാനും കഴിയും. 
അതുപോലെ തന്നെ നിങ്ങള്‍ക്ക് കഴിയുന്ന മറ്റ് ചില കാര്യങ്ങള്‍ താഴെ പറയുന്നു :
  •  താല്‍പര്യമുള്ള എന്തെങ്കിലും പ്രവര്‍ത്തികളില്‍ ഏര്‍പ്പെടാന്‍ അവരെ പ്രോത്സാഹിപ്പിക്കുക. ഈ പ്രവര്‍ത്തി അവരെ തിരക്കുള്ളവരും ഒരു പ്രവര്‍ത്തിയില്‍ മുഴുകിയിരിക്കുന്നവരുമാക്കും.
  •  നിത്യവുമുള്ള നടത്തത്തിന് അവരെ അനുഗമിക്കുക.
  •  സുഹൃത്തുക്കളേയും മറ്റു കുടുംബാഗങ്ങളേയും അല്ലെങ്കില്‍  ബന്ധുക്കളേയും കാണാന്‍ അവരെ സൗമ്യമായി നിര്‍ബന്ധിക്കുക. ഇതിലൂടെ അവര്‍ക്ക് സമൂഹത്തിന്‍റെ ഭാഗമാകാനും മറ്റുള്ളവരുമായി ഇടപഴകാനും സാധിക്കും.
  •  അവരുടെ ദിനചര്യകള്‍ക്ക് ഒരു സമയപ്പട്ടിക ഉണ്ടാക്കുക, അതിലൂടെ അവര്‍ക്ക് ഒരു ദിനക്രമം പിന്തുടരാനാകും. 
  • അവരുടെ പോഷകാഹാരത്തിന്‍റെ കാര്യത്തില്‍ ശ്രദ്ധവെയ്ക്കുക.
വിഷാദരോഗമുള്ള വ്യക്തിയെ നിര്‍ദ്ദേശിക്കപ്പെട്ടിരിക്കുന്ന ചികിത്സാ രീതികള്‍ പിന്തുടരാന്‍ പ്രോത്സാഹിപ്പിക്കുക.