തകരാറുകൾ

ശീലങ്ങൾ ആസക്തികൾ ആയി മാറുന്നത് എങ്ങനെയാണ്?

ഒരു ശീലം എന്തെങ്കിലും തരത്തിലുള്ള ആശ്വാസമോ ശുഭാത്മക പ്രതികരണമോ പ്രദാനം ചെയ്യുന്നുണ്ടെങ്കിൽ, അത് ഒരുതരം ആസക്തി ആയി മാറിയേക്കാം

റിതിക ധാലിവാൾ

നിങ്ങൾ ആദ്യമായി ഒരു ജിമ്മിൽ ചേർന്ന സമയം ആലോചിക്കുക. ആദ്യം, ഉണർന്നെഴുന്നേൽക്കുക, ജിമ്മിൽ പോകുക, വ്യായാമം ചെയ്യാൻ തുടങ്ങുക എന്നതെല്ലാം മിയ്ക്കവാറും നിങ്ങൾക്ക് കഠിനമായ അദ്ധ്വാനം ആയിരുന്നിരിക്കണം. പക്ഷേ നിങ്ങൾ അതു തുടർന്നപ്പോൾ അത് ഒരു ശീലമായി തീർന്നു കാണും, ആദ്യത്തെ അത്ര അദ്ധ്വാനം പിന്നീട് വേണ്ടി വന്നു കാണുകയുമില്ല. സമാന്തര വാഹന പാർക്കിംഗ്, ചൂതാട്ടം, പുകവലി, അമിതമായ തീറ്റയും കുടിയും, നിങ്ങളുടെ പല്ല് തേയ്ക്കൽ തുടങ്ങി പലേ കാര്യങ്ങളും ശീലങ്ങളുടേയും നമ്മൾ ദിനേന ചെയ്യുന്ന കാര്യങ്ങളുടേയും ഉദാഹരണങ്ങളാണ്.

ഇത്തരം ശീലങ്ങൾ രൂപീകരിക്കുന്നത് എന്താണ്? അതേ പോലെ ശീലങ്ങൾ എങ്ങനെയാണ് ആസക്തികളായി മാറുന്നത്?

ശീലങ്ങൾ ഉണ്ടാകുന്നത് എങ്ങനെയാണ്?

ശീലങ്ങൾ ഉണ്ടാകുന്നത് ഒരു മൂന്നു കണ്ണി വളയം ആയിട്ടാണ്.  ഒരു സൂചകം (അഥവാ പശ്ചാത്തലം), ഒരു പ്രതികരണം, ഒരു പാരിതോഷികം (അഥവാ അനന്തരഫലം) എന്നിങ്ങനെ ഒരു ലക്ഷ്യത്തിലേക്കു നയിക്കുന്ന കാര്യങ്ങൾ നിലനിൽക്കുന്നുണ്ട്. പാരിസ്ഥിതിക സൂചന, പ്രതികരിക്കുന്നതിലേക്കു നമ്മെ നയിക്കുന്നു, നമ്മുടെ മസ്തിഷ്‌കം സൂചകവും പാരിതോഷികവും തമ്മില്‍ ബന്ധപ്പെടുത്തുന്നു. അങ്ങനെയാണ് നമ്മൾ ഒരു പ്രവൃത്തി ആവർത്തിക്കുവാൻ പഠിക്കുന്നത്. ലക്ഷ്യങ്ങള്‍ മൂലമാണ് ശീലങ്ങൾ രൂപീകരിക്കപ്പെടുന്നത്. ഒരു വലിയ അളവു വരെ ലക്ഷ്യങ്ങൾ വഴങ്ങുന്നവയും മാറിക്കൊണ്ടിരിക്കുന്നവയും ആയിരിക്കും, പക്ഷേ നമ്മുടെ ശീലങ്ങൾ സ്ഥിരമായി ഭവിക്കുന്നു. അവ ഇപ്പോൾ ലക്ഷ്യം സാധൂകരിക്കുന്നില്ലെങ്കിൽ  കൂടി അതു കൈവിടാതെ നിലനിര്‍ത്തത്തക്ക വിധം  അവ ക്രമപ്പെടുത്തപ്പെട്ടു പോകുന്നു. 

മസ്തിഷ്‌കത്തിന്‍റെ സിരാമണ്ഡലം ഈ ബന്ധങ്ങൾ രൂപീകരിക്കുന്നു, പിന്നീട് അവ സ്ഥിരമായി മാറുന്നതിനുള്ള പ്രവണത കാണിക്കുന്നു - എന്തെങ്കിലും തരം ആശ്വാസമോ ഒരു ശുഭാത്മക പ്രതികരണമോ കൂടി അതിൽ ഉൾപ്പെടുന്നുണ്ടെങ്കിൽ പ്രത്യേകിച്ചും. അതുകൊണ്ടാണ് ശീലങ്ങൾ ലംഘിക്കുന്നത് ബുദ്ധിമുട്ടാകുന്നത്.

നമുക്ക് ഒരു ഉദാഹരണം എടുക്കാം: നിങ്ങൾക്കു വിശക്കുന്നുണ്ട്, ഒരു കടയുടെ ഉള്ളിൽ നിങ്ങളെ വശീകരിക്കുന്ന മട്ടിലുള്ള ഒരു കേക്ക് നിങ്ങളുടെ ദൃഷ്ടിയിൽ പെടുകയും ചെയ്യുന്നു. കേക്ക് ഇവിടെ സൂചകമാണ്, വിശപ്പാണ് പശ്ചാത്തലം. നിങ്ങൾ കേക്ക് കഴിക്കുന്നു (പ്രതികരണം); നിങ്ങൾക്ക് തൃപ്തി അനുഭവപ്പെടുന്നു, നിങ്ങളുടെ ശരീരത്തിന് ആ പ്രക്രിയകൾ (ലക്ഷ്യം: നിലനിൽപ്പ്) തുടരുവാൻ കഴിയും. കൂടുതലായി പ്രതികരണവും രംഗത്തുണ്ട്: കേക്ക് കഴിച്ചു കഴിയുമ്പോൾ നിങ്ങൾക്ക് സുഖം തോന്നുന്നു, അത് ആ സ്വഭാവത്തെ ഊട്ടിയുറപ്പിക്കുന്നു. അടുത്ത പ്രാവശ്യം നിങ്ങൾ ഒരു കേക്ക് കാണാനിടയാകുമ്പോൾ,  അത് നിങ്ങളുടെ മസ്തിഷ്‌കത്തെ ഒരു സ്വയം പ്രേരണാ സംവിധാനത്തിലേക്ക് ഉത്തേജിപ്പിക്കുകയും കേക്ക് കഴിച്ചേ മതിയാകൂ എന്ന തീരുമാനത്തിലേക്ക് എത്തിക്കുകയും ചെയ്യുന്നു.

അങ്ങനെയുള്ള ഒരു പെരുമാറ്റത്തിൽ അന്തർലീനമായ തെറ്റൊന്നുമില്ല. പക്ഷേ,  ഗുണത്തേക്കാൾ കൂടുതൽ ദോഷം ചെയ്യുവാൻ തുടങ്ങുമ്പോഴാണ് അത് ഒരു ദുശ്ശീലമായി മാറുന്നത്. വിശപ്പു കൊണ്ടല്ലാതെ മാനസിക പിരിമുറുക്കം കൊണ്ട് ആഹാരം കഴിക്കുന്ന രീതി എടുക്കുക: മാനസിക പിരിമുറുക്കം അനുഭവിക്കുമ്പോൾ കൂടുതൽ മധുരമുള്ള ഭക്ഷണം കഴിക്കുവാൻ ആളുകൾക്ക് പ്രവണത ഉണ്ടാകും. നമ്മൾ മധുരമുള്ള എന്തെങ്കിലും ഭക്ഷണം കഴിക്കുമ്പോൾ, കഴിച്ചതെന്താണ്, എവിടെ നിന്നാണ് എന്ന് ഓർമ്മിപ്പിക്കുന്നതിനുള്ള സൂചന ശരീരം മസ്തിഷ്‌കത്തിനു നൽകുന്നു. അതുകൊണ്ട് ഓരോരിക്കൽ നിങ്ങൾ മാനസിക പിരിമുറുക്കം അനുഭവിക്കുമ്പോഴും, ആ കേക്കോ ഐസ് ക്രീമോ കഴിക്കുന്നതിലേക്ക് നമ്മെ മസ്തിഷ്‌കം കെണിയിൽ വീഴ്ത്തുന്നു, കാരണം അതു കഴിഞ്ഞ തവണ നമുക്ക് സുഖം തോന്നിപ്പിച്ചതാണ് അതിനു മുമ്പത്തെ തവണയും, അങ്ങനെയങ്ങനെ. അത് ഒരു അന്തർധായിയായ പ്രവണത പോലെയാണ്: അതിന്‍റെ പുറത്ത് നിങ്ങൾക്ക് യാതൊരു നിയന്ത്രണവുമില്ല എന്നതു പോലെ നിങ്ങൾക്കു തോന്നിയേക്കാം.

നമുക്ക് മറ്റൊരു ഉദാഹരണം എടുക്കാം: പുകവലിക്കൽ. മറ്റുള്ളവരെ എല്ലാവരേയും പോലെ പുകവലി ഒരു വളരെ 'സുഖകരമായ' കാര്യം ആണ് എന്ന് തോന്നിപ്പിക്കുന്ന വിധത്തിൽ പുകവലി ആരംഭിച്ച ഒരു സുഹൃത്ത് - കൈയ്യിൽ സിഗററ്റ് പിടിച്ച് വളരെ നാഗരികമായ രീതിയിൽ പുക പുറത്തേക്കു വിട്ടുകൊണ്ട് ഒരു ഫാൻസി കാർ ഓടിക്കുന്ന - നമുക്ക് എല്ലാവർക്കും ഉണ്ടാകും. അപ്പോൾ പുകവലി സുഖകരമായി അനുഭവപ്പെട്ടിട്ടുമുണ്ടാകാം:  ആ സമചിത്തരായ ജനക്കൂട്ടത്തിന്‍റെ ഭാഗമാണ് താനും എന്ന് തോന്നിപ്പിക്കുന്നതിന് അത് ഇടയാക്കുകയും ചെയ്‌തിരുന്നിരിക്കാം. പക്ഷേ കോളേജ് കഴിഞ്ഞ് 15 വർഷങ്ങൾ പിന്നിട്ടിട്ടും അവർ പുകവലി തുടർന്നു വന്നു, പല വട്ടം അത് ഉപേക്ഷിക്കുവാൻ ശ്രമിച്ചിട്ടും. അവർക്ക് ഏതാനും ചില വിജയങ്ങൾ ഉണ്ടായിട്ടുണ്ടായിരിക്കാം, പക്ഷേ ഒരു മാനസിക പിരിമുറുക്കം അനുഭവിക്കുന്ന സംഭവം അഭിമുഖീകരിക്കേണ്ടതായി വരുമ്പോൾ അവർ വീണ്ടും അതിലേക്ക് മടങ്ങിപ്പോയെന്നു വരാം.

മാനസിക പിരിമുറുക്കം അനുഭവിക്കുന്ന സംഭവങ്ങൾക്കിടയിൽ അപ്പോൾ എന്താണ് സംഭവിക്കുക? 

മസ്തിഷ്‌ക മുൻഭാഗത്തിന്‍റെ മുന്നിലെ ആവരണത്തിന്‍റെ (Prefrontal Cortex) - യുക്തിസഹമായ അനുമാനങ്ങൾ, തീരുമാനം കൈക്കൊള്ളൽ, സൃഷ്ടിപരമായ പ്രക്രിയകൾ തുടങ്ങിയവയ്ക്കു കാരണഭൂതമാകുന്ന മസ്തിഷ്‌ക ഭാഗം - കർത്തവ്യം പരിഗണിക്കുന്നത് ഇത്തരുണത്തിൽ സഹായമാകും. അമിതമായ ഭക്ഷണം കഴിക്കുന്നതോ പുകവലിക്കുന്നതോ നിങ്ങൾക്കു നന്നല്ല എന്ന്  നിങ്ങളുടെ ഈ മസ്തിഷ്‌കാവരണത്തിന് അറിയാം.

മാനസിക പിരിമുറുക്കം അനുഭവിക്കുന്ന സന്ദർഭങ്ങളിൽ, നമ്മുടെ യുക്തിബോധത്തേയും തീരുമാനം എടുക്കാനുള്ള കഴിവുകളേയും ബാധിപ്പിച്ചു കൊണ്ട് ആദ്യം പിൻവലിയുന്നത് ഈ ആവരണമാണ്. അതുകൊണ്ടാണ് മാനസിക പിരിമുറുക്കം അനുഭവിക്കുന്ന വേളകളിൽ, നമ്മുടെ ഉള്ളിൽ എവിടെയോ ഇതു സഹായകമാകാൻ പോകുന്നില്ല എന്ന് നമുക്ക് അറിയാം എന്നുള്ളപ്പോൾ കൂടി,  നമ്മൾ മറ്റുള്ളവരോട് അലറുകയും ദുശ്ശീലങ്ങളിലേക്ക് വഴുതി പോകുകയും ചെയ്യുന്നത്.

പാരിതോഷികം അടിസ്ഥാനപ്പെടുത്തിയ പഠനമാണ് ശീലങ്ങൾ രൂപീകരിക്കുന്നതിലേക്ക് നയിക്കുന്നത്. അത് നിലനിൽപ്പിൽ തന്നെ രൂഢമൂലമായതാണ്, പക്ഷേ അവസാനം അത് നമ്മെ തന്നെ കൊന്നു കളയുന്നതിലേക്ക് നയിച്ചേക്കാം: യഥാർത്ഥത്തിൽ ലോകം മുഴുവൻ എടുത്താൽ മരണത്തിന്‍റെ തടയാനാവുന്ന മുഖ്യ കാരണങ്ങൾ അമിതവണ്ണവും പുകയിലയും ആണ്.

ഇങ്ങനെയുള്ള എല്ലാ ശീലങ്ങൾക്കും ദൃഢീകരിക്കുന്ന അനന്തരഫലങ്ങള്‍ ഉണ്ട്, അങ്ങനെയാണ് രണ്ടാമതും മൂന്നാമതും നാലാമതും പ്രാവശ്യം നമ്മള്‍ ഇതേ കാര്യത്തിൽ മുഴുകേണ്ടതുണ്ടോ എന്ന് മസ്തിഷ്‌കം തീരുമാനമെടുക്കുന്നത്.

പക്ഷേ ചൂതാട്ടം പോലയുള്ള ആസക്തികളിൽ എന്താണ് സംഭവിക്കുന്നത്?  ശീലങ്ങളും ദൃഢീകരണവും എന്ന വിഷയം പഠിച്ച പെരുമാറ്റ സൈക്കോളജിസ്റ്റ് ആയ സ്റ്റീഫൻ കെൻഡോൾ, ദൃഡീകരണത്തിന്‍റേയും പാരിതോഷികത്തിന്‍റേയും  ഘടന വിശദീകരിക്കുവാൻ കഴിയുന്ന ഒരു വിഖ്യാതമായ പരീക്ഷണം നടത്തി.  ഓരോ ഉത്തോലനദണ്ഡുകൾ പിടിപ്പിച്ച രണ്ടു കൂടുകളിൽ ഇട്ടിരുന്ന പ്രാവുകളായിരുന്നു അദ്ദേഹത്തിന്‍റെ പരീക്ഷണ സംവിധാനത്തിൽ ഉൾപ്പെട്ടിരുന്നത്. ഒരു കൂട്ടിൽ പ്രാവ് എപ്പോഴെല്ലാം ദണ്ഡ് അമർത്തിയോ അപ്പോഴെല്ലാം ഭക്ഷണം എന്ന ദൃഡീകരിക്കൽ നൽകി വന്നു. അതേ സമയം ഇടയ്ക്കിടെ മാത്രമേ മറ്റേ കൂട്ടിൽ അങ്ങനെ ഭക്ഷണം എന്ന ദൃഢീകരണം നൽകി വന്നുള്ളു. ഇടയക്കിടെ മാത്രം ദൃഢീകരണം നടത്തുന്ന കൂട്ടിലെ പ്രാവുകൾ മറ്റേ കൂട്ടിലെ പ്രാവുകളേക്കാൾ കൂടുതൽ തവണ ദണ്ഡ് അമർത്തുന്നതായി കെൻഡോൾ കണ്ടെത്തി.

അതേ പോലുള്ള ഒരു സംവിധാനമാണ് ചൂതാട്ടത്തിലും പ്രവർത്തിക്കുന്നത്: എന്താണ് നിങ്ങൾക്ക് ലഭിക്കുവാൻ പോകുന്നത് എന്നത് അറിയാതെ വരുമ്പോഴുള്ള ആകാംക്ഷ അവിടെ കൂടുതൽ പ്രാവശ്യം പൊയ്‌ക്കൊണ്ടിരിക്കുന്നതിന് നിങ്ങളെ പ്രേരിപ്പിക്കുന്നു. ചെറു സാധനങ്ങൾ വിൽക്കുന്ന സ്ലോട്ട് മെഷീനിൽ കളിക്കുന്ന കുട്ടികളുടെ കാര്യത്തിലും സംഭവിക്കുന്നത് ഇതേ തത്വം തന്നെയാണ്. തുടർച്ചയായി ദൃഢീകരണം നൽകുന്നതിലും ഫലപ്രദമാകുന്നത് ഇടയ്ക്കിടെ നൽകുന്നതാണ് എന്ന് കെൻഡോളിന്‍റെ പരീക്ഷണം കാണിച്ചു തന്നു.

നമ്മുടെ ശീലങ്ങൾ, നമ്മുടെ സാമൂഹിക, വ്യക്തിഗത, തൊഴിൽ ജീവിതങ്ങളെ ബാധിക്കുവാൻ തുടങ്ങുമ്പോഴാണ് അവ പ്രശ്‌നബന്ധിതമാകുന്നത്. ഒരു സിഗററ്റു കൂടാതെ നിങ്ങൾക്ക് ഇനിമേൽ പ്രവർത്തിക്കുവാൻ ആവില്ല എന്നു വരുമ്പോൾ, ഓരോരിക്കൽ ഒരു ചെറിയ മാനസിക പിരിമുറുക്കം അനുഭവപ്പെടുമ്പോൾ പോലും ഒരു കഷണം ചോക്ലേറ്റ് ആവശ്യമായി വരുന്നു എന്നുള്ളപ്പോൾ, നിങ്ങൾ സ്വയം ഒന്നു പരിശോധന നടത്തേണ്ടതുണ്ട്. എല്ലാ ആസക്തികളുടേയും അടിസ്ഥാനമായിട്ടുള്ളത് ശീലങ്ങളാണ്. ആസക്തികൾക്ക് പ്രചോദനം തുടങ്ങിയ ഏതാനും ഘടകങ്ങൾ കൂടി ഉണ്ടെങ്കിലും, ഉൾപ്രേരണകളിന്മേലുള്ള പരിതാപകരമായ നിയന്ത്രണം, അവയുമായി ബന്ധപ്പെട്ടു സംഭവിക്കുന്ന ആഗ്രഹങ്ങൾ തുടങ്ങിയവയെല്ലാം മറ്റു ശീലങ്ങൾ പോലെ തന്നെയുള്ള സംവിധാനങ്ങളിലൂടെയാണ് രൂപീകരിക്കപ്പെടുന്നത്.