തകരാറുകൾ

ഇന്‍സോമ്നിയ (നിദ്രാവിഹീനത)

വൈറ്റ് സ്വാൻ ഫൗണ്ടേഷൻ

എന്താണ് ഇന്‍സോമ്നിയ ?

 
ഇന്‍സോമ്നിയ (നിദ്രാവിഹീനത അല്ലെങ്കില്‍ ഉറക്കമില്ലായ്മ) ഏറ്റവും സാധാരണമായ ഉറക്കത്തകരാറാണ് (സ്ലീപ്പിംഗ് ഡിസ്ഓര്‍ഡര്‍). ഇന്‍സോമ്നിയ ഉള്ളയാള്‍ക്ക് ഉറങ്ങാനോ ഉറക്കം നിലനിര്‍ത്താനോ ബുദ്ധിമുട്ടായിരിക്കും. ഇത് നിങ്ങള്‍ക്ക് ഉറങ്ങാന്‍ ആവശ്യത്തിന് സമയം ഉണ്ടെങ്കിലും ഇതുണ്ടാകും.നിങ്ങള്‍ എന്തെങ്കിലും കാരണം കൊണ്ട് വൈകിയുറങ്ങുകയോ വളരെ നേരത്തേഉണരുകയോ ചെയ്യുന്നതുകൊണ്ട് ഉണ്ടാകുന്നതല്ല ഇത്. ഇന്‍സോമ്നിയ ഉറക്കത്തിന്‍റെ അളവിനേയും അതിന്‍റെ ഗാഢതയേയും ബാധിക്കും. ഇതുള്ള വ്യക്തിക്ക് പകല്‍ സമയത്ത് ക്ഷീണവും ചുറുചുറുക്കില്ലായ്മയും അനുഭവപ്പെടും. 
നമുക്കെല്ലാവര്‍ക്കും പലപ്പോഴും ഉറക്കമില്ലാത്ത രാത്രികള്‍ ഉണ്ടാകാറുണ്ട്. ഇതിനര്‍ത്ഥം നമുക്ക് ഇന്‍സോമ്നിയ (നിദ്രാവിഹീനത) ഉണ്ടെന്നല്ല. ഇന്‍സോമ്നിയ ദീര്‍ഘകാലം നിലനില്‍ക്കുന്ന, നിങ്ങളുടെ ജോലിയെ, ബന്ധങ്ങളെ, തീരുമാനങ്ങളെടുക്കാനുള്ള ശേഷിയെ, ജീവിത നിലവാരത്തെ പ്രതികൂലമായി ബാധിക്കുന്ന ഒരവസ്ഥയാണ്. ഈ അവസ്ഥ ചികിത്സിക്കാവുന്നതും എത്രയും വേഗത്തില്‍ ചികിത്സ നേടുന്നുവോ അത്രയും വേഗത്തില്‍ ഇതില്‍ നിന്ന് മുക്തി നേടാവുന്നതുമാണ്.
 
 
 

ഇന്‍സോമ്നിയയുടെ ലക്ഷണങ്ങള്‍ എന്തെല്ലാം ?

 
താഴെ പറയുന്ന ലക്ഷണങ്ങള്‍ ഉണ്ടെങ്കില്‍ നിങ്ങള്‍ക്ക് ഇന്‍സോമ്നിയ ഉണ്ടായേക്കാം : 
  • രാത്രിയില്‍ ഉറക്കം വരാന്‍ ബുദ്ധിമുട്ട്.
  • പകല്‍ സമയത്ത് തുടര്‍ച്ചയായി നിങ്ങള്‍ക്ക് ഉറക്കം തൂങ്ങല്‍ അനുഭവപ്പെടുന്നു. നിങ്ങള്‍ക്ക് എപ്പോഴും ക്ഷീണവും ചുറുചുറുക്കില്ലായ്മയും അനുഭവപ്പെടുന്നു.
  • നിങ്ങള്‍ക്ക് എന്തിലെങ്കിലും ശ്രദ്ധവെയ്ക്കാനോ ഏകാഗ്രതപുലര്‍ത്താനോ ബുദ്ധിമുട്ട് അനുഭവപ്പെടുന്നു. പലപ്പോഴും നിങ്ങള്‍ കാര്യങ്ങള്‍ പലതും മറന്നു പോകാന്‍ തുടങ്ങുന്നു. ഇതിന്‍റെയൊക്കെ ഫലമായി നിങ്ങള്‍ സാധാരണയിലേറെയായി തെറ്റുകള്‍ അല്ലെങ്കില്‍ വീഴ്ചകള്‍ വരുത്തുന്നു.
  •  നിങ്ങള്‍ മുന്‍കോപിയാകുകയും നിങ്ങളുടെ സഹന ശേഷി കുറഞ്ഞുവരികയും ചെയ്യുന്നു.
  •  നിങ്ങള്‍ക്ക് പതിവായി തലവേദനയോ വയറുവേദനയോ അനുഭവപ്പെടുന്നു.
  •  നിങ്ങള്‍ ഉറക്കത്തെക്കുറിച്ച് വളരെയധികം വേവലാതിപ്പെടാന്‍ തുടങ്ങുന്നു.
ആരെങ്കിലും കുറച്ചേറെ നാളായി ഈ ലക്ഷണങ്ങള്‍ പ്രകടിപ്പിക്കുന്നതായി നിങ്ങള്‍ക്ക് അറിയാമെങ്കില്‍ ഇതിനെക്കുറിച്ച് അവരോട് സംസാരിക്കുകയും ഒരു ഡോക്ടറെ കാണാന്‍ അവരെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുക.
 
 

ഇന്‍സോമ്നിയ (നിദ്രാവിഹീനത)യ്ക്ക് എന്താണ് കാരണം ?

 
ഇന്‍സോമ്നിയ സാധാരണയായി താഴെ പറയുന്ന ചില അവസ്ഥകള്‍ മൂലമാണ് ഉണ്ടാകുന്നത് : 
  •  മാനസിക പിരിമുറുക്കം : മാനസിക പിരിമുറുക്കം / സമ്മര്‍ദ്ദം ഇന്‍സോമ്നിയയ്ക്കുള്ള ഒരു പൊതുവായ കാരണമാണ്. ഇത് ജോലി സംബന്ധമായ സമ്മര്‍ദ്ദം, പണത്തേയോ ആരോഗ്യത്തേയോ കുറിച്ചുള്ള ചിന്തകള്‍  തുടങ്ങിയ വിവിധ ദൈനംദിന പ്രശ്നങ്ങളുമായി ബന്ധപ്പെട്ടുള്ളതാകാം. അതുപോലെ തന്നെ ഈ പിരിമുറുക്കം പ്രിയപ്പെട്ട ആരുടെയെങ്കിലും മരണം, വിവാഹമോചനം, തൊഴില്‍ നഷ്ടപ്പെടല്‍ തുടങ്ങിയവ മൂലമുണ്ടാകുന്നതുമാകാം.
  •  മറ്റ് മാനസികാരോഗ്യ പ്രശ്നങ്ങള്‍ : വിഷാദ രോഗം, ഉത്കണ്ഠാ തകരാറുകള്‍ എന്നിവയും മറ്റ് മാനസികാരോഗ്യ പ്രശ്നങ്ങളും അനുഭവിക്കുന്നവര്‍ക്കും ഉറങ്ങാന്‍ പ്രയാസമുണ്ടായേക്കാം.  
  •  രോഗാവസ്ഥകള്‍ : ഏതെങ്കിലും തരത്തിലുള്ള ശാരീരികമായ അസുഖം മൂലം വേദനയോ അസ്വാസ്ഥ്യമോ അനുഭവപ്പെടുവര്‍ക്ക്, അല്ലെങ്കില്‍ ആസ്തമ പോലുള്ള ശ്വസന സംബന്ധമായ പ്രശ്നങ്ങള്‍ ഉള്ളവര്‍ക്ക് ഇന്‍സോമ്നിയ ഉണ്ടായേക്കാം. അതുപോലെ തന്നെ കാന്‍സര്‍, ഹൃദ്രോഗം,  തുടങ്ങിയ മറ്റ് ഗുരുതരമായ രോഗാവസ്ഥകള്‍, അല്ലെങ്കില്‍ അലര്‍ജി, പുളിച്ചുതികട്ടല്‍ തുടങ്ങിയ ലളിതമായ അവസ്ഥകള്‍ ഉള്ളവര്‍ക്കും ഇന്‍സോമ്നിയ(ഉറക്കമില്ലായ്മ) പിടിപെട്ടേക്കാം. 
  • മരുന്നുകളുടെ ഉപയോഗം : ഇന്‍സോമ്നിയ (ഉറക്കമില്ലായ്മ) ചിലപ്പോള്‍ നിങ്ങള്‍ കഴിക്കുന്ന ചില മരുന്നുകളുടെ പാര്‍ശ്വഫലം മൂലം ഉണ്ടാകുന്നതുമാകാം. വിവിധ വേദനാസംഹാരികള്‍ (പെയിന്‍ കില്ലേഴ്സ്) ജലദോഷത്തിനും കഫക്കെട്ടിനും മറ്റും നിങ്ങള്‍ മെഡിക്കല്‍ ഷോപ്പില്‍ നിന്നും ഡോക്ടറുടെ നിര്‍ദ്ദേശപ്രകാരമല്ലാതെ വാങ്ങിക്കഴിക്കുന്ന കഫീന്‍ അടങ്ങിയിട്ടുള്ള ചില മരുന്നുകള്‍ എന്നിവയക്കെ നിങ്ങളുടെ ഉറക്കത്തിന്‍റെ ക്രമത്തെ തടസപ്പെടുത്തിയേക്കാം. വിഷാദവും മാനസിക സമ്മര്‍ദ്ദവും മറ്റും കുറയ്ക്കാനുള്ള മരുന്നുകള്‍, രക്തസമ്മര്‍ദ്ദം നിയന്ത്രിക്കുന്നതിനുള്ള മരുന്നുകള്‍, ഹൃദയ സംബന്ധമായ പ്രശ്നങ്ങള്‍ക്കുള്ള മരുന്നുകള്‍ എന്നിവയും ഇന്‍സോമ്നിയക്ക് കാരണായേക്കാം. 
  •  മദ്യവും മയക്കുമരുന്നുകളും : മദ്യം, കഫീന്‍, നിക്കോട്ടിന്‍, മയക്കുമരുന്നുകള്‍ എന്നിവ ഇന്‍സോമ്നിയയ്ക്ക് കാരണമാകാറുള്ളതായി കണ്ടുവരുന്നു.കഫീന്‍ നിങ്ങളുടെ ഉറങ്ങാനുള്ള ശേഷിയെ നിയന്ത്രിക്കുമ്പോള്‍ മദ്യവും മയക്കുമരുന്നുകളും ഉറക്കത്തിനിടയില്‍ ഇടയ്ക്കിടയ്ക്ക് ഉണരുന്നതിന് കാരണമാകുന്നു. 
  •  മോശം ഉറക്ക ശീലവും സാഹചര്യവും : ഒട്ടും സമയക്രമം പാലിക്കാതെ ഒരോ ദിവസവും തോന്നുന്ന സമയത്ത് ഉറങ്ങുന്നത് കുറച്ചുനാള്‍ കഴിയുമ്പോള്‍ നിങ്ങളുടെ ആരോഗ്യത്തിന് ഹാനികരമായിത്തീരുകയും നിങ്ങള്‍ക്ക് ഇന്‍സോമ്നിയ (ഉറക്കമില്ലായ്മ)  പിടിപെടുന്നതിന് കാരണമാകുകയും ചെയ്യും. അതുപോലെ തന്നെ വളരെയധികം വെളിച്ചമുള്ളതും ശബ്ദകോലാഹലം നിറഞ്ഞതുമായ സുഖകരമല്ലാത്ത സാഹചര്യത്തില്‍ ഉറങ്ങുന്നതും നിങ്ങളുടെ ഉറക്കത്തെ ബാധിക്കുകയും ക്രമേണ ഉറക്കമില്ലായ്മയ്ക്ക് കാരണമാകുകയും ചെയ്തേക്കാം. 
  •  ജീവിതാവസ്ഥകള്‍ : നിങ്ങള്‍ക്ക് രാത്രി ഷിഫ്റ്റില്‍ ജോലിചെയ്യേണ്ടി വരുന്നത്, അല്ലെങ്കില്‍ മറ്റൊരു സമയ മേഖലയിലേക്ക് നിങ്ങള്‍ മാറുന്നത് തുടങ്ങിയ കാര്യങ്ങള്‍ ഉണ്ടാകുമ്പോള്‍ നിങ്ങളുടെ ശരീരത്തിന് ചിലപ്പോള്‍ അതുമായി പൊരുത്തപ്പെടാനാകാതെ വരികയും നിങ്ങള്‍ക്ക് ഉറങ്ങാന്‍ പ്രയാസം അനുഭവപ്പെടുകയും ചെയ്തേക്കാം. 
  •  പ്രായം വര്‍ദ്ധിക്കല്‍ : പ്രായം വര്‍ദ്ധിക്കുമ്പോറും നമ്മള്‍ ഇന്‍സോമ്നിയ (ഉറക്കമില്ലായ്മ)ക്ക് കൂടുതല്‍ വിധേയരായി മാറും. നിങ്ങളുടെ ഉറക്കത്തിന്‍റെ രീതി മാറാനും ദിവസത്തിന്‍റെ തുടക്കത്തില്‍ തന്നെ നിങ്ങള്‍ക്ക് ക്ഷീണം അനുഭവപ്പെടാനും തുടങ്ങിയേക്കാം. അതുപോലെ തന്നെ ശാരീരിക പ്രവര്‍ത്തികളില്‍ വരുന്ന കുറവ് നിങ്ങളുടെ ഉറക്കത്തിന്‍റെ നിലവാരത്തേയും കുറച്ചേക്കാം. കൂടാതെ  പ്രായമേറുന്തോറും നിങ്ങള്‍ക്ക് നിങ്ങളുടെ ഉറക്കത്തെ ശല്യപ്പെടുത്തുന്ന രോഗാവസ്ഥകളും ഉണ്ടായി വന്നേക്കാം. 
 

ഇന്‍സോമ്നിയക്ക് ചികിത്സ നേടല്‍

 
ഇന്‍സോമ്നിയ (ഉറക്കമില്ലായ്മ)യ്ക്ക്  നിങ്ങളുടെ ജീവിത നിലവാരത്തെ ഗുരുതരമായി ബാധിക്കാന്‍ കഴിയും, പക്ഷെ ഇത് ചികിത്സിക്കാവുന്നതാണ്. നിങ്ങളുടെ ഉറക്കത്തിന് പ്രശ്നം ഉള്ളതായി നിങ്ങള്‍ക്ക് അനുഭവപ്പെടുകയും അത് നിങ്ങളുടെ പകല്‍ ജീവിതത്തെ ബാധിക്കുകയും ചെയ്യുന്നുണ്ടെങ്കില്‍ ഈ പ്രശ്നവുമായി ബന്ധപ്പെട്ട് നിങ്ങള്‍ ഒരു ഡോക്ടറെ കാണേണ്ടതാണ്. 
ഇന്‍സോമ്നിയയ്ക്കുള്ള ചികിത്സ പ്രധാനമായും ശ്രദ്ധവെയ്ക്കുന്നത് അതിന് കാരണമായി നിലനില്‍ക്കുന്ന അടിസ്ഥാന പ്രശ്നത്തെ തിരിച്ചറിയുക എന്നതിലാണ്. ഡോക്ടര്‍ അനുയോജ്യമായ ചില മരുന്നുകള്‍ നല്‍കുകയും പ്രത്യേകമായ ചില പെരുമാറ്റപരമായ തെറാപ്പികള്‍ നിര്‍ദ്ദേശിക്കുകയും ചെയ്യും.
 
 

ഇന്‍സോമ്നിയ (ഉറക്കമില്ലായ്മ) അനുഭവിക്കുന്നവര്‍ക്കുള്ള പരിചരണം

 
ഇന്‍സോമ്നിയ ഒരു വ്യക്തിയില്‍ ഗുരുതരമായ അസ്വസ്ഥതകള്‍ക്ക് കാരണമാകുകയും ആ വ്യക്തി ക്രമേണ മുന്‍കോപിയും ഇച്ഛാഭംഗമുള്ളവനും ആയിത്തീരുകയും ചെയ്തേക്കാം. നിങ്ങള്‍ അവരോട് വളരെയധികം ക്ഷമ പുലര്‍ത്തുകയും അവരുടെ പ്രശ്നത്തില്‍ അവരെ സഹായിക്കാന്‍ ശ്രമിക്കുകയും ചെയ്യുക. അവരോട് അവരുടെ പ്രശ്നത്തെക്കുറിച്ച് സംസാരിക്കുക, എന്തെങ്കിലും വേവലാതി അവരുടെ ഉറക്കത്തെ അലട്ടുന്നുണ്ടെങ്കില്‍ അതിനെക്കുറിച്ച് സംസാരിക്കുന്നത് അവരെ നന്നായി ഉറങ്ങുന്നതിന് സഹായിച്ചേക്കും. നിങ്ങളുടെ കൂര്‍ക്കം വലി അല്ലെങ്കില്‍ നിങ്ങളുടെ ഇടയ്ക്കിടെ മാറുന്ന ഉറക്ക ക്രമം പങ്കാളിയുടെ ഉറക്കത്തിന് ശല്യമായി മാറുന്നുണ്ടെങ്കില്‍ കുറച്ചുനാളത്തേക്ക് മാറിക്കിടക്കുന്നകാര്യം പരിഗണിക്കുക. പ്രശ്നം ഗുരുതരമാണെങ്കില്‍  ഒരു ഡോക്ടറെ കാണുന്നതിനെക്കുറിച്ച് അവരോട് സംസാരിക്കുക.
 
 

ഇന്‍സോമ്നിയയെ വിജയകരമായി അഭിമുഖീകരിക്കല്‍

 
ഇന്‍സോമ്നിയ നിങ്ങളുടെ ദൈനംദിന ജീവിതത്തെ പ്രതികൂലമായി ബാധിച്ചേക്കും, പക്ഷെ ചില വിട്ടുവീഴ്ചകളും മാറ്റങ്ങളും നിങ്ങളെ നന്നായി ഉറങ്ങുന്നതിന് സഹായിക്കും. വ്യായാമം ചെയ്യാന്‍ ശ്രമിക്കുകയും പകല്‍ മുഴുവന്‍ സജീവമായി/പ്രവര്‍ത്ത നിരതനായിരിക്കുകയും ചെയ്യുക. നിങ്ങളുടെ ഉറക്കം കെടുത്തുന്ന വസ്തുക്കളായ മദ്യവും നിക്കോട്ടിനും ഒഴിവാക്കുകയും കഫീന്‍ ഉപഭോഗം നിയന്ത്രിക്കുകയും ചെയ്യുക. നിങ്ങള്‍ക്ക് ഉറങ്ങുന്നതിനുള്ള കിടക്കയും മറ്റ് സൗകര്യങ്ങളും സുഖകരമായവയാക്കുക. അതുപോലെ തന്നെ ഉറങ്ങാന്‍ കിടക്കുന്നതിന് മുമ്പ് അല്‍പം ഉല്ലാസകരമായ കാര്യങ്ങള്‍ ചെയ്യുക. ഉറക്കക്കുറവ് മൂലം നിങ്ങള്‍ക്ക് നിങ്ങളുടെ ദൈനംദിന കാര്യങ്ങള്‍ കൈകാര്യം ചെയ്യാന്‍ സാധിക്കുന്നില്ല എങ്കില്‍ ഒരു ഡോക്ടറെ കാണുക.