എന്തെങ്കിലും ഒരു ചിന്ത മനസിനെ പിടികൂടുകയും അത് നിയന്ത്രിക്കാനാകാത്ത പെരുമാറ്റ വൈകല്യമായി മാറുകയും ചെയുന്ന അവസ്ഥയാണിത്.
പകലത്തെ കാര്യങ്ങളെല്ലാം ചെയ്തു തീര്‍ത്ത് നിങ്ങള്‍ രാത്രി ഉറങ്ങാനായി പോകാന്‍ തുടങ്ങുകയായിരുന്നു, പെട്ടെന്ന് വീടിന്റെ മുന്‍വശത്തെ വാതില്‍ തുറന്നിട്ടിരിക്കുകയാണോ എന്നൊരു സംശയം നിങ്ങള്‍ക്കുണ്ടായി. നിങ്ങള്‍ ഇതില്‍ ഉത്കണ്ഠാകുലനാകുകയും വാതില്‍ അടച്ചിട്ടുണ്ടോ എന്ന് പരിശോധിക്കാനായി കിടക്കയില്‍ നിന്ന് എഴുന്നേറ്റ് പോകുകയും ചെയ്തു. നോക്കിയപ്പോള്‍ വാതില്‍ അടച്ചിട്ടുണ്ട്, അത് ഉറപ്പാക്കിയതോടെ നിങ്ങള്‍ സ്വസ്ഥനായി, ഉത്കണ്ഠ ഒഴിഞ്ഞു, തിരികെ വന്ന് കിടക്കയില്‍ ഉറങ്ങാന്‍ കിടക്കുകയും ചെയ്തു. ഇത്തരത്തിലുള്ള സാധാരണ ഉത്കണ്ഠകള്‍ നിങ്ങള്‍ക്ക് നല്ലതാണ്, കാരണം ഇത് നിങ്ങളുടെ ചുറ്റുപാടുകളെക്കുറിച്ച് ജാഗ്രത പുലര്‍ത്താന്‍ /ശ്രദ്ധയുണ്ടായിരിക്കാന് നിങ്ങളെ സഹായിക്കുന്നു.
എന്നാല്‍ ചിലസമയത്ത് ഈ ചിന്ത അനാവശ്യമായി ആവര്‍ത്തിച്ചാവര്‍ത്തിച്ച് വന്നേക്കും. നിങ്ങള്‍ വാതില്‍ പൂട്ടിയിട്ടുണ്ടോ എന്ന് നോക്കാന്‍ പോകുകയും അത് പൂട്ടിയിട്ടുണ്ട് എന്ന് ഉറപ്പാക്കിയിട്ട് തിരികെ കിടക്കയിലെത്തുകയും ചെയ്താലും വീണ്ടും വാതില്‍ പൂട്ടിയിട്ടുണ്ടോ എന്നോര്‍ത്ത് നിങ്ങള്‍ ആശങ്കപ്പെടാന്‍ തുടങ്ങിയേക്കാം.നിങ്ങള്‍ വീണ്ടും വാതില്‍ പൂട്ടിയിട്ടുണ്ടോ എന്ന് നോക്കാന്‍ പോയി തിരിച്ചു വരും, പക്ഷെ അപ്പോഴും നിങ്ങളുടെ ആശങ്ക ബാക്കി നില്ക്കും. ഇത്തരത്തില്‍ നിങ്ങളെ എല്ലായ്പ്പോഴും ആശങ്കയിലാഴ്ത്തുകയും നിങ്ങളുടെ ദൈനംദിന ജീവിതത്തിന്റെ സുഗമമായ മുന്നോട്ട് പോക്കിനെ ബാധിക്കുകയും ചെയ്യുന്ന, ആവര്‍ത്തിച്ചാവര്‍ത്തിച്ചു വരുന്ന ചിന്തകളെയാണ് 'ഒബ്സെഷന്‍സ്' (മനസില്‍ നിന്ന് വിട്ടുപോകാതിരിക്കുന്ന വിചാരം അഥവാ 'ഒഴിയാബാധ') എന്ന് പറയുന്നത്. ഇത് പല തരത്തിലുണ്ട്. ചില ആളുകള്‍ക്ക് ശുചിത്വമായിരിക്കും ഈ ഒഴിയാബാധ.അവര്‍ക്ക് ഒരു നിമിഷം മുമ്പ് കൈകഴുകിയതാണെങ്കില് പോലും തങ്ങളുടെ കൈയ്യില്‍ അണുക്കള്‍ പറ്റിയിട്ടുണ്ട് അല്ലെങ്കില്‍ അഴുക്കുണ്ട് എന്നോര്‍ത്ത് ആശങ്കയുണ്ടായേക്കാം.
ഒ സി ഡിയുള്ള ആളുകള്‍ക്ക് കടുത്ത ഉത്കണ്ഠയും മനക്ലേശവും അനുഭവപ്പെട്ടേക്കും. ഈ ഉത്കണ്ഠ ഒഴിവാക്കുന്നതിനായി ചില പ്രവര്‍ത്തികള്‍ ആവര്‍ത്തിച്ച് ചെയ്യും, ഇതിനെ 'കമ്പള്‍ഷന്‍' (അനിയന്ത്രിത/ നിര്‍ബന്ധിത പ്രേരണ) എന്ന് പറയുന്നു. ഒ സി ഡിയുള്ള ആളുകള്‍ക്ക് ഈ കമ്പള്‍ഷന്‍ അവരുടെ 'ഒഴിയാബാധ' യില്‍ നിന്ന് താത്ക്കാലികമായ വിടുതല്‍ മാത്രമാണ് നല്‍കുന്നത്. കടുത്ത ഒ സി ഡിയുള്ള കേസുകളില്‍ ഇത്തരം പ്രവര്‍ത്തികള്‍ ആവര്‍ത്തിച്ചാവര്‍ത്തിച്ച് ചെയ്തുകൊണ്ടിരിക്കാനുള്ള ത്വരയുണ്ടാകുകയും അത് ആ വ്യക്തിയുടെ ദൈനംദിന ജീവിതത്തെ ഗുരുതരമായി തടസപ്പെടുത്തുകയും ചെയ്യും. ഇത്തരത്തിലുള്ള അനിയന്ത്രിതമായ ചിന്തയും അതിനെ തുര്‍ന്ന് ഒരു പ്രവര്‍ത്തി തുടര്‍ച്ചയായി ആവര്‍ത്തിക്കുകയും ചെയ്യുന്നത് ഒരു വ്യക്തിയുടെ ദൈനംദിന ജീവിതത്തെ നേരിടാനുള്ള കഴിവിനെ തടസപ്പെടുത്തുകയാണെങ്കില്‍ ആ വ്യക്തിക്ക് 'ഒ സി ഡി' ആയേക്കാം.