നമ്മളില്‍ ഓരോരുത്തര്‍ക്കും വീട്, ജോലി, സാമൂഹ്യ ബന്ധങ്ങള്‍ എന്നിങ്ങനെയുള്ള വ്യത്യസ്തമായ സാഹചര്യങ്ങളില്‍ നമ്മളുടെ പ്രവര്‍ത്തികളെ സഹായിക്കുന്ന വ്യക്തിത്വ പ്രത്യേകതകള്‍ ഉണ്ട്. ഈ സ്വഭാവ സവിശേഷതകള്‍ ജീവിതത്തിലെ വിവിധ സാഹചര്യങ്ങളിലും മാറ്റങ്ങളിലും നമ്മളെ സഹായിക്കുന്നു. അതേസമയം ചില ആളുകളില്‍ അവരുടെ ചില പ്രത്യേക സ്വഭാവ സവിശേഷതകള്‍ അവരുടെ പ്രവര്‍ത്തനത്തെ ബാധിക്കുകയും അവര്‍ക്കോ ചുറ്റുമുള്ളവര്‍ക്കോ അസ്വസ്ഥതയും മനക്ലേശവുമുണ്ടാക്കുകയും ചെയ്യുന്ന തലത്തിലേക്ക് പോകുന്നു.
വ്യക്തിത്വ തകരാറുള്ള ഒരു വ്യക്തിക്ക് മറ്റുള്ളവരുമായി ബന്ധപ്പെടാനോ പുതിയൊരു സാഹചര്യത്തോട് ഇണങ്ങിച്ചേരാനോ ബുദ്ധിമുട്ടു നേരിടുന്നതായി കാണുന്നു. ചില സ്പഷ്ടമായ സ്വഭാവ പ്രത്യേകതകള്‍ മാറ്റങ്ങളെ നേരിടാനോ സങ്കീര്‍ണമായ സാഹചര്യങ്ങളെ മറികടക്കാനോ ഉള്ള ഒരു വ്യക്തിയുടെ ശേഷിയെ തടസപ്പെടുത്താറുണ്ട്. ഈ വ്യക്തിക്ക് സാമൂഹ്യാന്തരീക്ഷത്തില്‍ അയാളുടെ വികാരങ്ങള്‍ നിയന്ത്രിക്കാനും മറ്റുള്ളവരുമായി സമ്പര്‍ക്കപ്പെടാനും ബുദ്ധിമുട്ടുനേരിട്ടേക്കാം. അവര്‍ സാമൂഹ്യപരമായി ഉചിതമല്ലാത്ത കാര്യങ്ങള്‍ പ്രവര്‍ത്തിക്കുകയോ പറയുകയോ ചെയ്തേക്കാം. ലോകം എങ്ങനെയായിരിക്കണം, കാര്യങ്ങള്‍ എങ്ങനെയാണ് ചെയ്യേണ്ടത്, എന്താണ് ശരി അല്ലെങ്കില്‍ എന്താണ് തെറ്റ് തുടങ്ങിയ കാര്യങ്ങളെക്കുറിച്ച് ഇവര്‍ക്ക് വളരെ കര്‍ക്കശമായ ധാരണകളുണ്ടായേക്കാം. ഈ ബുദ്ധിമുട്ടുകള്‍ മൂലം ഒരു പ്രവര്ത്തനോന്മുഖമായ ജീവിതം നയിക്കാന്‍ ഇവര്‍ പാടുപെട്ടേക്കും.
"എനിക്ക് ഓര്‍മ്മയുള്ളിടത്തോളം ഞാനൊരിക്കലും ഒരു സംഘവുമായി ഇണങ്ങിയിരുന്നില്ല. എന്റെ കുടുംബവുമായിട്ടോ അയല്ക്കാരുമായിട്ടോ കൂട്ടുകാരുമായിട്ടോ സഹപാഠികളുമായിട്ടോ എനിക്ക് കൂട്ടുചേരാനായിട്ടില്ല. ചുറ്റുമുള്ള എല്ലാവരുമായും ഞാന്‍ പ്രശ്നമുണ്ടാക്കിയിട്ടുണ്ട്. എന്റെ ജീവിതം മുഴുവന്‍, എനിക്ക് ചുറ്റുമുള്ളവര്‍ ഞാന്‍ അര്‍ഹിക്കുന്ന സ്നേഹത്തോടേയും താല്പര്യത്തോടേയും എന്നോട് പെരുമാറിയിട്ടില്ല. ഞാന്‍ പറയുന്നതില്‍ കാര്യമുണ്ടെന്ന് അവര്‍ക്ക് കാണാന്‍ കഴിയുന്നില്ല, ഞാന്‍ ശരിയാണെന്നും അവര്‍ക്ക് തെറ്റുപറ്റുന്നു എന്നും മനസിലാക്കാന്‍ അവര്‍ക്ക് കഴിയുന്നില്ല, അല്ലെങ്കില്‍ അങ്ങനെ കാണാന്‍ അവര്‍ ആഗ്രഹിക്കുന്നില്ല.
ആരും എന്നെ സ്നേഹിക്കുന്നില്ല, എന്റെ കൂട്ടുകാര്‍, കുടുംബം, സഹപ്രവര്‍ത്തകര്‍ എല്ലാവരും ഞാന്‍ അടുക്കാന്‍ ശ്രമിക്കുമ്പോള്‍ എന്നെ ഒഴിവാക്കുന്നു.
ചിലപ്പോള്‍ ഓരോ ദിവസവും ഒരോ പുതിയ അഗ്നിപരീക്ഷയാണെന്ന് എനിക്ക് തോന്നും. ചിലപ്പോള്‍ ജീവിതം അര്‍ത്ഥശൂന്യമാണെന്ന് തോന്നും.
ചിലപ്പോള്‍ ഞാനെന്റെ കുടുംബത്തോടും സുഹൃത്തുക്കളോടും ഞാന്‍ ആത്മഹത്യ ചെയ്യാന്‍ പോകുകയാണെന്ന് പറയും, ഒരു പക്ഷെ അതുകൊണ്ടെങ്കിലും അവര്‍ എന്റെ വില മനസിലാക്കിയേക്കാം എന്ന് ഞാന്‍ കരുതും, പക്ഷെ അത് ഫലിക്കുന്നില്ല.
ഞാന്‍ ചെയ്യണമെന്ന് അവര്‍ ആഗ്രഹിച്ചതെല്ലാം ഞാന്‍ ചെയ്തു, അവര്‍ എന്നെ സ്നേഹിക്കുമെന്നോര്ത്ത് ഞാനെന്റെ പെരുമാറ്റത്തില്‍ മാറ്റം വരുത്തി, ഞങ്ങള്‍ക്ക് എല്ലാവര്ക്കും നല്ലാതായിരിക്കുന്ന രീതിയില്‍ കാര്യങ്ങള്‍ ചെയ്യാന്‍ ഞാന്‍ ശ്രമിക്കുകയും ചെയ്യുന്നു. പക്ഷെ അതൊന്നും ഗുണം ചെയ്യുന്നില്ല. എനിക്കാരുമില്ല, ഞാന്‍ ഒറ്റയ്ക്കാണ്.."
(ഈ സാങ്കല്‍പ്പിക സംഭവവിവരണം ഇവിടെ അവതരിപ്പിച്ചിരിക്കുന്നത് ഒരു യഥാര്‍ത്ഥ ജീവിത സാഹചര്യത്തിലൂടെ ഈ തകരാറിനെ മനസിലാക്കാന്‍ സഹായിക്കുന്നതിനാണ്).