ജീവിതശൈലിയിലെ ലളിതമായ മാറ്റങ്ങള്‍, ഈ അവസ്ഥയ്ക്ക് കാരണമായിരിക്കുന്ന അടിസ്ഥാന രോഗാവസ്ഥയ്ക്കുള്ള ചികിത്സ, ആര് എല്‍ എസിന്റെ ലക്ഷണങ്ങളെ ചികിത്സിക്കുന്നതിനുള്ള പ്രത്യേക മരുന്നുകള്‍ എന്നിങ്ങനെ വ്യത്യസ്തമായ ചികിത്സകളാണ് ആര് എല്‍ എസിനുള്ളത്.
പ്രാരംഭത്തില്‍ നിങ്ങളോട് ഒരു വ്യായാമമുറ പിന്തുടരുക, അമിതശരീരഭാരമുള്ള വ്യക്തിയാണെങ്കില്‍ ശരീരഭാരം കുറയ്ക്കുക, പുകവലിയും കഫീന്‍ പോലുള്ള ഉത്തേജക പാനീയങ്ങളും ഒഴിവാക്കുക തുടങ്ങിയ ലളിതമായ ജീവിതശൈലീ മാറ്റങ്ങള്‍ നിര്‍ദ്ദേശിച്ചേക്കാം. ഇനി ഇരുമ്പിന്റെ കുറവ് പോലുള്ള അടിസ്ഥാന കാരണങ്ങളുണ്ടെങ്കില്‍ അത് പരിഹരിക്കുന്നതിനുള്ള മരുന്നുകള്‍ നല്‍കും. ഇവ ഡോക്ടര്‍ പറഞ്ഞിട്ടുണ്ടെങ്കില്‍ മാത്രമേ കഴിക്കാവു. ഈ ചികിത്സകള്‍ നിങ്ങളുടെ പിരിമുറുക്കം കുറച്ചില്ലെങ്കില്‍ നിങ്ങള്‍ക്ക് താഴെപറയുന്ന ഏതെങ്കിലും മരുന്ന് നിര്‍ദ്ദേശിച്ചേക്കാം :
- പാര്ക്കിന്സണ് രോഗത്തിനുള്ള മരുന്ന് : ഈ മരുന്നുകള്‍ തലച്ചോറിലെ ഡോപമൈന്റെ അളവ് വര്‍ദ്ധിപ്പിക്കുകയും ആര് എല്‍ എസിന്റെ ലക്ഷണങ്ങള്‍ കുറയ്ക്കാന്‍ സഹായിക്കുകയും ചെയ്യും. ഇവിടെ ശ്രദ്ധിക്കേണ്ട ഒരു വസ്തുത ആര് എല്‍ എസ് ഉണ്ട് എന്നതിന് നിങ്ങള്‍ക്ക് പാര്ക്കിന്സണ് രോഗമുണ്ട് എന്ന് അര്‍ത്ഥമാക്കേണ്ടതില്ല എന്നതാണ്.
- മയക്കമുണ്ടാക്കുന്ന വേദനാ മരുന്നുകള്‍ : ഓപിയോയ്ഡ്സ് എന്നറിയപ്പെടുന്ന ഈ മരുന്നുകള്‍ ആര് എല്‍ എസിന്റെ ലക്ഷണങ്ങള്‍ കുറയ്ക്കാന്‍ സഹായകരമാണ് എന്നാല്‍ ഇത് ഉപയോഗിക്കുന്ന വ്യക്തിയില്‍ വീണ്ടും വീണ്ടും കിട്ടുന്നതിനുള്ള ആസക്തിയുണ്ടാകുകയും അതിന് അയാള്‍ അടിമയാകുകയും ചെയ്തേക്കാം എന്ന അപകടസാധ്യതയുണ്ട്.
- ഉറക്ക ഗുളികകളും പേശികളുടെ പിരിമുറുക്കം കുറയ്ക്കുന്നതിനുള്ള മരുന്നുകളും : ഈ മരുന്നുകള്‍ നിങ്ങളെ കൂടുതല്‍ എളുപ്പത്തില്‍ ഉറങ്ങാന്‍ സഹായിക്കും എന്നാല്‍ ആര് എല്‍ എസിന്റെ ലക്ഷണങ്ങളെ പൂര്‍ണമായും എടുത്തുമാറ്റില്ല. നിങ്ങള്‍ക്ക് വീണ്ടും പകല്‍ ഉറക്കം തൂങ്ങല്‍ അനുഭവപ്പെടും.
നിങ്ങള്‍ ഒരു ഡോക്ടറെ കാണുകയും ആ ഡോക്ടര്‍ നിര്‍ദ്ദേശിക്കുന്ന ചികിത്സാമുറയും മരുന്നുകളും തെറ്റാതെ തുടരുകയും ചെയ്യണം എന്നത് വളരെ പ്രധാനപ്പെട്ട കാര്യമാണ്. ചില മരുന്നുകള്‍ പല വ്യക്തികളിലും പല തരത്തിലാണ് പ്രവര്‍ത്തിക്കുന്നത്. ചിലര്‍ക്ക് രോഗലക്ഷണങ്ങള്‍ കൂടുകയും ചിലര്‍ക്ക് കുറയുകയും ചെയ്യും.അതിനാല്‍ മരിന്ന് എങ്ങനെയാണ് നിങ്ങളെ ബാധിക്കുന്നത് എന്ന കാര്യം സമയാസമയം നിങ്ങളുടെ ഡോക്ടറെ അറിയിച്ചുകൊണ്ടിരിക്കുക.