സ്കിസോഫ്രിനിയയുള്ള ഒരാളെ പരിചരിക്കുക എന്നത് വളരെ വലിയൊരു വെല്ലുവിളിയാണ്. നിങ്ങളുടെ പ്രിയപ്പെട്ടവരുടെ അപ്രതീക്ഷിതവും വിചിത്രവുമായ പെരുമാറ്റം നിങ്ങള്‍ക്ക് ആഘാതം ഉണ്ടാക്കിയേക്കാം. ഇവരെ പരിചരിക്കുന്നവര്‍- പ്രത്യേകിച്ച് മാതാപിതാക്കള്‍- ഈ രോഗത്തെക്കുറിച്ച് അറിഞ്ഞു കഴിയുമ്പോള്‍ വലിയ ദുഃഖവും കുറ്റബോധവും ഉണ്ടായേക്കാം. "എന്തുകൊണ്ട് ഞാന്‍?", "എവിടെയാണ് എനിക്ക് തെറ്റുപറ്റിയത്?", "ഞാനൊരു മോശം രക്ഷകര്‍ത്താവാണോ ?" തുടങ്ങിയവ സാധാരണയായി ഉണ്ടാകാറുള്ള ചില പ്രതികരണങ്ങളാണ്.
നിങ്ങള്‍ക്ക് പ്രിയപ്പെട്ട ആര്‍ക്കെങ്കിലും സ്കിസോഫ്രീനിയ ഉണ്ടെന്ന് നിങ്ങള്‍ സംശയിക്കുന്നു എങ്കില്‍ അവരുടെ പെരുമാറ്റത്തിലെ മാറ്റങ്ങള്‍ നിരീക്ഷിക്കുകയും മുഴുവന്‍ വിവരങ്ങളും ഡോക്ടറോട് പറയുകയും ചെയ്യുക. ഡോക്ടറോട് സംസാരിക്കുകയും രോഗനിര്ണരീതിയെ
ക്കുറിച്ച് വിശദമായി മനസിലാക്കുകയും ചെയ്യുക. നിങ്ങള്‍ക്ക് ഉണ്ടായ ആഘാതം, പശ്ചാത്താപം, അല്ലെങ്കില്‍ കുറ്റബോധം മറികടക്കാന്‍ സഹായം ആവശ്യമാണെങ്കില്‍ നിങ്ങളുടെ പ്രദേശത്തുള്ള ഒരു സഹായക സംഘത്തെ (സപ്പോര്‍ട്ട് ഗ്രൂപ്പ)ക്കുറിച്ച് അല്ലെങ്കില്‍ കൗണ്‍സിലറെക്കുറിച്ച് ഡോക്ടറോട് ചോദിക്കുക. കടന്നുപോകുന്ന സാഹചര്യത്തെക്കുറിച്ച് നിങ്ങള്‍ക്ക് ശരിയായ വിവരങ്ങളും
അത് മറികടക്കുന്നതിനുള്ള പിന്തുണയും ലഭിക്കുകയാണെങ്കില്‍ നിങ്ങള്‍ക്ക് രോഗിയെ പരിചരിക്കല്‍ കൂടുതല്‍ എളുപ്പമാകും.
ഡോക്ടര്‍മാര്‍ പറയുന്നത്, പ്രകടിപ്പിക്കപ്പെടുന്ന വികാരങ്ങള്‍ രോഗിയുടെ സുഖപ്പെടലില്‍ വലിയ പങ്ക് വഹിക്കുമെന്നാണ്. കുടുംബം തന്റെ രോഗത്തെ കൈകാര്യം ചെയ്യുന്ന രീതിയില്‍ നിന്ന് ഈ വ്യക്തിക്ക് ബോധപൂര്‍വ്വമായോ അബോധപൂര്‍വ്വമായോ ചില വൈകാരികമായ സൂചനകള്‍ പിടിച്ചെടുക്കാന്‍ കഴിയും. കുടുംബം പിന്തുണയും സംരക്ഷണവും നല്കുകയാണെങ്കില് ഇവര്‍ വേഗത്തില്‍ സുഖപ്പെടുന്നതായി കാണുന്നു. കുടുംബം ഇവരെ അവരുടെ രോഗത്തിന്റെ പേരില്‍ വിമര്‍ശിക്കുകയോ കുറ്റപ്പെടുത്തുകയോ ചെയ്യുകയാണെങ്കില്‍ ഇവര്‍ സുഖപ്പെടാന്‍ കഠിനമായി പ്രയാസപ്പെട്ടേക്കാം. അതുപോലെ തന്നെ രോഗത്തില്‍ നിന്ന് മുക്തിനേടിക്കൊണ്ടിരിക്കുന്നവരാണെങ്കില് പഴയ രോഗാവസ്ഥയിലേക്കുതന്നെ തിരിച്ചു പോയെന്നും വരാം.
പരിചരിക്കുന്നയാളെന്ന നിലയ്ക്ക് സ്കിസോഫ്രീനിയയുള്ള വ്യക്തിക്ക് തന്റെ രോഗലക്ഷണങ്ങളെക്കുറിച്ച് ഒരു തിരിച്ചറിവും ഉണ്ടായിരിക്കില്ല എന്ന കാര്യം നിങ്ങള്‍ പ്രത്യേകം ഓര്‍ക്കണം. അവര്‍ക്ക് തങ്ങളുടെ പെരുമാറ്റം സാധാരണമല്ലെന്നറിയാനും എന്തുകൊണ്ടാണ് അങ്ങനെയാകുന്നതെന്ന് മനസിലാക്കാനും കഴിവുണ്ടാകില്ല. മിഥ്യാബോധങ്ങളും മതിഭ്രമങ്ങളും (ഇല്ലാത്ത ശബ്ദങ്ങളും ഗന്ധങ്ങളും മറ്റും അനുഭവപ്പെടലും ഇല്ലാത്ത കാര്യങ്ങള്‍ കാണലും) യഥാര്‍ത്ഥ അനുഭവങ്ങളാണ് എന്ന് വിശ്വസിപ്പിക്കുന്ന സന്ദേശങ്ങളാണ് അവരുടെ തലച്ചോര്‍ അവര്‍ക്ക് നല്കിക്കൊണ്ടിരിക്കുന്നത്. അതുമൂലം ഇവര്‍ തങ്ങള്‍ക്ക് കുഴപ്പമൊന്നും ഇല്ലെന്ന് വിശ്വസിക്കുന്നതിനാല്‍ ചികിത്സയ്ക്ക് വഴങ്ങാതിരിക്കും. തങ്ങള്‍ മാനസികമായി രോഗികളാണ് എന്ന കാര്യം അവര്‍ക്ക് അറിവുണ്ടാകില്ല. ഇത്തരക്കാരെ പരിചരിക്കുന്ന ചിലര്‍- അവരോടുള്ള സ്നേഹം കൊണ്ടാകാം- അവര്‍ക്കുണ്ടാകുന്ന മിഥ്യാബോധങ്ങളൊന്നും ശരിയല്ലെന്ന് പറയുകയും സഹായം തേടാന്‍ അവരില്‍ സമ്മര്‍ദ്ദം ചെലുത്തുകയും ചെയ്തേക്കാം. ഇത് പരിചരിക്കുന്നവരില്‍ നിന്നും അകന്നു നില്ക്കാന് ഈ വ്യക്തിയെ പ്രേരിപ്പിക്കുകയും മിഥ്യാബോധങ്ങള്‍ മൂലം ഉണ്ടാകുന്ന ഭയവും മനോവിഭ്രാന്തിയും വര്‍ദ്ധിപ്പിക്കുകയും ചെയ്തേക്കാം.
താഴെ പറയുന്ന രീതിയില്‍ നിങ്ങള്‍ക്ക് നിങ്ങളുടെ പ്രിയപ്പെട്ടവരെ സഹായിക്കാനാകും :
- അവരോട് അവരുടെ അനുഭവങ്ങളെക്കുറിച്ച് ചോദിക്കുക (മതിഭ്രമങ്ങളെക്കുറിച്ചും മിഥ്യാബോധങ്ങളെക്കുറിച്ചും).
- അവരുടെ വിശ്വാസം നിഷേധിക്കുന്നതിന് പകരം ആ അനുഭവങ്ങള്‍ അവരെ സംബന്ധിച്ചിടത്തോളം സത്യമാണെന്നും, അവ അവരെ ശല്യപ്പെടുത്തുന്നുണ്ടെന്നും സമ്മതിച്ചുകൊടുക്കുക.
- ചികിത്സ സംബന്ധിച്ച തീരുമാനങ്ങളെടുക്കാന്‍ ഈ വ്യക്തിയെ പ്രോത്സാഹിപ്പിക്കുകയും സഹായിക്കുകയും ചെയ്യുക.
- ഈ വ്യക്തിക്ക് രോഗലക്ഷണങ്ങളേയും മരുന്ന് കഴിക്കുന്നതിനേയും കുറിച്ചുള്ള വളരെ പ്രസക്തമായ വിവരങ്ങള്‍ ഓര്‍ത്തെടുക്കാനോ മറ്റൊരാള്‍ക്ക് പറഞ്ഞുകൊടുക്കാനോ കഴിവുണ്ടാകില്ല എന്നതിനാല്‍ നിങ്ങള്‍ ഇക്കാര്യങ്ങളുടെ ഒരു റെക്കോര്‍ഡ് ഉണ്ടാക്കി എപ്പോഴും പുതുക്കി മുന്നോട്ട് കൊണ്ടുപോകേണ്ടതുണ്ട്. രോഗിയെക്കുറിച്ചുള്ള ശരിയായ വിവരങ്ങള്‍ ശേഖരിക്കുന്നതിന് ഡോക്ടര്‍ ആശ്രയിക്കുന്നത് കുടുംബത്തെയായിരിക്കുകയും ചെയ്യും.
- നിങ്ങളുടെ ഉത്കണ്ഠയെക്കുറിച്ച് മറ്റ് കുടുംബാംഗങ്ങളുമായി സംസാരിക്കുക, രോഗി ചികിത്സയിലൂടെ കടന്നു പോകുമ്പോള്‍ എങ്ങനെ നിങ്ങള്‍ക്ക് പരസ്പരം സഹായിക്കാനാകുമെന്ന് ചര്‍ച്ച ചെയ്യുക.
- നിങ്ങള്‍ക്കും നിങ്ങളുടെ പ്രിയപ്പെട്ടയാള്ക്കും വേണ്ടി വൈകാരികമായ പിന്തുണ തേടുന്നതിനായി ഒരു കൗണ്‍സിലറോട് സംസാരിക്കുകയോ അടുത്തുള്ള സഹായക സംഘത്തില്‍ ചേരുകയോ ചെയ്യുക. സ്കിസോഫ്രീനിയ പരിചരണം നല്കുന്നവരിലും വളരെ വലിയ സമ്മര്‍ദ്ദവും ദുഃഖവും ഉണ്ടാക്കിയേക്കാം. അതിനാല്‍ സ്വന്തം ആവശ്യങ്ങളിലും ശ്രദ്ധവെയ്ക്കുക, അത് രോഗിക്ക് മികച്ച പരിചരണം കൊടുക്കാന്‍ നിങ്ങള്‍ക്ക് സഹായകരമാകും.
രോഗം തിരിച്ചു വരുന്നതിന്റെ സൂചനകള്‍ ഉണ്ടോ എന്നറിയാന്‍ ആളെ നന്നായി നിരീക്ഷിച്ചുകൊണ്ടിരിക്കുക (ഇതിന് ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്തൊക്കെയെന്ന് ഡോക്ടര്‍ നിങ്ങള്‍ക്ക് പറഞ്ഞു തരും). അങ്ങനെ ചെയ്താല്‍ വീണ്ടും ആയാള്‍ ഒരു മനോരോഗാവസ്ഥയിലെത്തുന്നതിന് മുമ്പ് നിങ്ങള്‍ക്ക് സഹായം തേടാനാകും. ഗവേഷണങ്ങള്‍ വ്യക്തമാക്കുന്നത് രോഗം തിരിച്ചുവന്നാല്‍ അത് ആ വ്യക്തിയുടെ അവസ്ഥ പഴയതിനേക്കാള്‍ കൂടുതല്‍ മോശമാക്കുകയും രോഗമുക്തി നേടുകയെന്നത് കൂടുതല്‍ ദുഷ്കരമാക്കുകയും തലച്ചോറില്‍ പ്രതികൂലമായ ചില മാറ്റങ്ങള്‍ക്ക് കാരണമാകുകയും ചെയ്തേക്കാമെന്നാണ്.