ഒരു വ്യക്തിയുമായുള്ള സാധാരണ സംഭാഷണത്തില്‍ നമ്മള് പ്രതീക്ഷിക്കുന്നതുപോലുള്ള ഒരു പ്രതികരണം ആകണമെന്നില്ല,സ്കിസോഫ്രീനിയയുള്ള ഒരു വ്യക്തിയുടെ പ്രതികരണം. ചിലപ്പോള്‍ നിങ്ങളുടെ വാക്കുകള്‍ ചെന്നു മുട്ടുന്നത് മൗനത്തിലോ അല്ലെങ്കില്‍ ഒറ്റവാക്കിലുള്ള ഉത്തരങ്ങളിലോ ആയേക്കാം. ചില കേസുകളില്‍ നിങ്ങള്‍ സംസാരിക്കാന്‍ ആഗ്രഹിക്കുന്ന കാര്യങ്ങളില്‍ തനിക്ക് അതിയായ താല്പര്യമുണ്ട് എന്ന് ഈ വ്യക്തി പറഞ്ഞേക്കാം, പക്ഷെ അവരുടെ മുഖഭാവത്തിലും സ്വരത്തിലും ആ താല്പര്യം പ്രതിഫലിച്ചേക്കില്ല.
നിങ്ങള്‍ ആശയക്കുഴപ്പത്തിലാകുകയും ഈ ഉത്സാഹം വാസ്തവമാണോ എന്ന് മനസിലാക്കാന്‍ ശ്രമിക്കുകയും ചെയ്തേക്കാം, അല്ലെങ്കില്‍ എന്താണ് ഇയാള്‍ ഒരു തരം പലവികാരങ്ങള്‍ ഇടകലര്‍ന്ന സൂചനകള്‍ പ്രകടിപ്പിക്കുന്നത് എന്ന് അത്ഭുതപ്പെട്ടേക്കാം. ഇവിടെ, ആ വ്യക്തിയുടെ പെരുമാറ്റത്തിലെ ഇത്തരത്തിലുള്ള മാറ്റങ്ങളെല്ലാം രോഗം മൂലം ഉണ്ടാകുന്നതാണെന്ന വസ്തുത മനസിലാക്കുകയും അംഗീകരിക്കുകയും ചെയ്യണം എന്നത് വളരെ പ്രധാനമായ കാര്യമാണ്. നിങ്ങള്‍ ക്ഷമകാണിക്കുകയും ആ വ്യക്തിയോടൊപ്പം നിലനില്ക്കുകയും തൃപ്തികരമായ ഒരു പ്രതികരണത്തിനായി കാത്തിരിക്കുകയും വേണം.
നിങ്ങളുടെ അസൗകര്യം, അസ്വസ്ഥത, മടി അല്ലെങ്കില്‍ എന്ത് പറയും, എന്ത് ചെയ്യും എന്ന കാര്യത്തിലുള്ള ഉത്കണ്ഠ തുടങ്ങിയവയൊന്നും ഈ വ്യക്തിയുമായുള്ള സംസാരത്തിന് ഇടയിലേക്ക് കടന്നു വരാന്‍ അനുവദിക്കരുത്, കാരണം അത് മൂലം, നിങ്ങളുമായി സംസാരത്തിലേര്‍പ്പെടുക എന്നത് അയാള്‍ക്ക് ദുഷ്കരമാകും.
ഓര്‍ക്കുക, സ്കിസോഫ്രീനിയയുള്ള ഒരു വ്യക്തി അധികം വികാരപ്രകടനം നടത്തിയേക്കില്ല. പക്ഷെ അതുകൊണ്ട് അവര്‍ക്ക് തീവ്രമായ വികാനുഭവങ്ങള് ഉണ്ടാകുന്നില്ല എന്ന് അര്‍ത്ഥമാക്കരുത്. അതുപോലെ തന്നെ അവര്‍ ഉറക്കെ സംസാരിച്ചില്ലെന്നിരിക്കാം, പക്ഷെ അതിര്‍ത്ഥം അവര്‍ക്ക് ഒരു അഭിപ്രായം ഇല്ലെന്നും അല്ല.