വിദ്യാഭ്യാസം

പരീക്ഷാപ്പേടിയെ എങ്ങനെ നേരിടാം

വൈറ്റ് സ്വാൻ ഫൗണ്ടേഷൻ
ഡോ. ഗരിമാ ശ്രീവാസ്തവ

നമുക്കിടയിൽ ഏറെപ്പേര്‍ക്കും പരീക്ഷയെന്നാല്‍ സമ്മര്‍ദ്ദത്തിന്റെയും ഉത്കണ്ഠയുടെയും സമയമാണ്. നമ്മുടെ ആ ബുദ്ധിമുട്ടുകള്‍ സാധാരണരീതിയിലാണെങ്കില്‍ അത് നമ്മളെ പരീക്ഷയ്ക്ക് കുടുതല്‍ സഹായിക്കും, ചിന്തയുടെ വേഗത കൂട്ടും, പഠനത്തിന്റെ ഫലം കൂട്ടും. സമ്മര്‍ദ്ദത്തിന്റെ ചില നിശ്ചിതതലങ്ങള്‍ പ്രകടനത്തെ മെച്ചപ്പെടുത്തുമെന്നും ഉല്‍പാദനക്ഷമത വര്‍ധിപ്പിക്കുമെന്നും പ്രായോഗികപരീക്ഷണങ്ങള്‍‍‍ തെളിയിച്ചിട്ടുണ്ട്. എന്നിരുന്നാലും, നിങ്ങളുടെ പരിഭ്രമം ആഴത്തിലാണെങ്കില്‍, അത് നിങ്ങളുടെ പ്രകടനത്തെ ബാധിക്കുകതന്നെ ചെയ്യും. നമ്മളില്‍ ഏറെ പേർക്കും പരീക്ഷ സംബന്ധമായ പരിഭ്രമങ്ങള്‍ കാണും. അതിന്റെ സൂചനകള്‍ കണ്ടെത്തുന്നതും അതിനെ കൈകാര്യംചെയ്യുന്നതും വളരെ പ്രധാനമാണ്. നമ്മുടെ ഉത്കണ്ഠയുടെ കാരണം ബോധ്യപ്പെട്ട് അത് നിയന്ത്രിച്ചാല്‍തന്നെ പകുതി ബുദ്ധിമുട്ട് കുറയും. അപ്പോള്‍ നിങ്ങൾക്കത് സ്വയം നിയന്ത്രിക്കാനും നിങ്ങളോടുതന്നെ നീതിപുലര്‍ത്താനും സാധിക്കും. 
ഉത്കണ്ഠ കാരണം ഇനിപ്പറയുന്ന പ്രശ്നങ്ങളുണ്ടാകും:
  • ഉറക്കം പൂർത്തിയാകാതെ വരികയോ, രാത്രിയില്‍ ഉറക്കം വരാതെയിരിക്കുകയോ.
  • അസ്വസ്ഥതയും പെട്ടെന്ന് ദേഷ്യം വരലും.
  • തലവേദന, ദേഹവേദന, വയര്‍അസ്വസ്ഥമാകുക പോലെയുള്ള       ശാരീരികപ്രശ്നങ്ങള്‍.
  • പെട്ടനുണ്ടാകുന്ന വിശപ്പ്‌, കൂടുതല്‍ ഭക്ഷണം കഴിക്കല്‍ അല്ലെങ്കില്‍ വിശപ്പ്‌ നഷ്ടപ്പെടല്‍
ഇതുപോലെയുള്ള ലക്ഷണങ്ങൾ നിങ്ങള്‍ പരീക്ഷയ്ക്കോ മറ്റും മുന്‍പ് കാണുകയാണെങ്കിൽ‍‍, പരീക്ഷാസമയത്തും അതിനു മുന്‍പുമായി ചില കാര്യങ്ങള്‍ ചെയ്യേണ്ടതുണ്ട്.

പരീക്ഷയ്ക്ക് മുൻപായി :-

1.ഒരു ആഴ്ചയിലെ റിവിഷന്‍ ദിനചര്യ ഉണ്ടാക്കി അത് അതേ രീതിയില്‍ ചെയ്യണം. അവസാന നിമിഷത്തിലെ പരീക്ഷാപ്പേടി ഒഴിവാകാന്‍ ഇത് സഹായകമാകും.  എല്ലാം ഓർത്തെടുക്കാന്‍ കഴിയുന്നത് പഠനസമയത്തെ സമയ ക്രമീകരണത്തെ ആശ്രയിച്ചാണ്. പരീക്ഷാ സമയത്ത് സമയം ലാഭിക്കാനും ഇത് ഉപകരിക്കും. വിശ്രമസമയവും പൊതുകാര്യങ്ങള്‍ ചെയ്യാനുള്ള സമയവും ഉള്‍പ്പെടുത്തി യാഥാര്‍ഥ്യബോധത്തോടെ വേണം റിവിഷന്‍ സമയക്രമം തയ്യാറാക്കാന്‍. 
2.തയ്യാറാക്കി കിട്ടുന്ന നോട്ടുകള്‍ക്കപ്പുറം നാം സ്വയം തയ്യാറാക്കിയ നോട്ടുകള്‍ വേണം ഉപയോഗിക്കാന്‍. പഠനഭാഗങ്ങളുമായി സജീവമായി ഇടപഴകാന്‍ ഇതു നിങ്ങളെ സഹായിക്കുമെന്നു മാത്രമല്ല വിഷയത്തിലെ വ്യത്യസ്ത ആശയങ്ങള്‍ക്കിടയില്‍ മികച്ച ബന്ധമുണ്ടാക്കിയെടുക്കാനും ഇതുപകരിക്കും. 
3.വിവരങ്ങളെ മാനസികബന്ധപ്പടുത്തലുകളിലൂടെ (association) ചിത്രങ്ങളാക്കി വിശദീകരിക്കുന്ന മൈന്‍ഡ് മാപ്പുകള്‍, ഡയഗ്രങ്ങള്‍, ഫ്ളോചാർട്ടുകൾ തുടങ്ങിയവ വഴിയും മറ്റും കുടുതല്‍ വിവരങ്ങള്‍ ശേഖരിക്കുകയും ഏകോപിപ്പിക്കുകയും ചെയ്യാം. വിവരങ്ങളുടെ ഏകോപനത്തിന് സംഗ്രഹ പട്ടികയും ഒരു നല്ല ഉപകരണമാണ് .
4.സ്വയം നോട്ടുകള്‍ തയ്യാറാക്കുക, ആവര്‍ത്തനപഠനത്തിനായി വിഷയങ്ങള്‍ തെരഞ്ഞെടുക്കുക, മുന്‍പ് വന്ന പരീക്ഷ പേപ്പറുകള്‍ വഴികാട്ടിയായി ഉപയോഗിക്കുക.  പഴയ പരീക്ഷ പേപ്പറുകള്‍വച്ചുള്ള പരിശീലനം, മനസ്സിലാക്കിയവയിലെ വിടവ് നികത്താന്‍ ഉപകരിക്കും. 
5.ആവശ്യമെങ്കില്‍ അധ്യാപകരുടെ അടുത്ത് സഹായം ചോദിക്കുക. ചില പ്രത്യേക വിഷയങ്ങളില്‍ നിങ്ങള്‍ക്ക് കൂട്ടുകാരുമൊത്തിരുന്ന പഠിക്കാവുന്നതാണ്. അത് അറിവുകളും കാഴ്ചപ്പാടുകളും പങ്കിടാന്‍ ഉപകരിക്കും. 
6.ഇടയ്ക്കു ചെറിയ ഇടവേളകള്‍ എടുക്കണം. ഓരോ ഇടവേളയ്ക്കു ശേഷവും 10 മുതല്‍ 15 മിനിറ്റുവരെ മുന്‍പ് പഠിച്ച വിഷയം ഒന്നുകൂടി ഓര്‍ത്തു നോക്കണം. പിന്നെ  24 മണിക്കൂര്‍ കഴിഞ്ഞു അത് ഓർമയിലുണ്ടോ എന്ന് ഒന്നുകൂടി ഓര്‍ത്തുനോക്കുക. നിങ്ങളുടെ ഏകാഗ്രതയ്ക്ക് ഭംഗംവരാതെ നോക്കണം. അത് 40 മിനിട്ടില്‍ താഴെമാത്രം ദൈര്‍ഘ്യമുള്ളതായിരിക്കും.
7.നിങ്ങള്‍ റിവിഷൻ ചെയുമ്പോള്‍ നിശ്ശബ്ദവും ശല്യമില്ലാത്തതുമായ ഒരു സ്ഥലം തെരഞ്ഞെടുക്കുക. 
8.ശരീരത്തിലെ ജലാംശം ചോര്‍ന്ന് ക്ഷീണിതരാകാതിരിക്കാന്‍ നന്നായി ഭക്ഷണം കഴിക്കുകയും ധാരാളം വെള്ളം കുടിക്കുകയും വേണം. 
9.ബഹുബോധ രീതികള്‍ അവലംബിക്കുക- എഴുത്ത്, പറച്ചില്‍, കാണല്‍, കേള്‍ക്കല്‍ എന്നിങ്ങനെ. ഉദാഹരണത്തിന്, നിങ്ങള്‍ നോക്കിപ്പഠിക്കുന്ന ആളാണെങ്കില്‍ പ്രധാന വിവരങ്ങള്‍ ഒരു പേജിലേക്ക് ക്രോഡീകരിച്ച് ഒരു ചാര്‍ട്ട് ഉണ്ടാക്കി ഭിത്തിയില്‍ ഒട്ടിച്ചുവയ്ക്കുക. പ്രധാന വിവരങ്ങളും ആശയങ്ങളിലേക്കുള്ള ചൂണ്ടുപലകകളും വ്യത്യസ്ത വാദങ്ങളും പെട്ടെന്നു മനസ്സിലാക്കാന്‍ കളര്‍ പെന്‍സിലുകളുപയോഗിച്ച് അവ അടയാളപ്പെടുത്തുക. നിങ്ങള്‍ ശ്രവണത്തിലൂടെ പഠിക്കുന്ന ആളാണെങ്കില്‍ റിവിഷന്‍ നോട്ടുകള്‍ ഒരു വോയ്സ് റെക്കോഡറിലേക്കു പകര്‍ത്തുക. നിശ്ചിത ഇടവേളകളില്‍ അത് ശ്രവിക്കുന്നത് വിവരങ്ങള്‍ നന്നായി ഓര്‍ത്തെടുക്കാന്‍ സഹായിക്കും. 
10.സര്‍വ്വേ, ചോദ്യം, വായന, ഓര്‍മിക്കല്‍, പരിശോധിക്കല്‍ എന്ന തന്ത്രമായിരിക്കണം പഠിക്കുമ്പോള്‍ ഉപയോഗിക്കേണ്ടത്. 

പരീക്ഷാ സമയത്ത് :-
മിക്കയിടത്തും പരീക്ഷക്കു മുന്‍പായി 10 മിനിറ്റ് സമയം വായിക്കാനായി പരീക്ഷകര്‍ അനുവദിക്കാറുണ്ട്. 
ഈ സമയം താഴെപ്പറയുംവിധം ക്രിയാത്മകമായി പ്രയോജനപ്പെടുത്തണം:

1.ചോദ്യപ്പേപ്പറിലെ നിർദ്ദേശങ്ങൾ ശ്രദ്ധിച്ചു വായിക്കുക. ഇത് നിങ്ങൾക്ക് നിർബന്ധമായും ചെയ്യേണ്ട ചോദ്യങ്ങൾ കണ്ടുപിടിക്കാൻ സഹായിക്കും. അതിനോടൊപ്പം തന്നെ ഒരു വിഭാഗത്തിലെ എത്ര ചോദ്യങ്ങൾക്ക് ഉത്തരമെഴുതേണ്ടതുണ്ടെന്ന് കണ്ടെത്താനും കഴിയും. എന്തൊക്കെയാണെങ്കിലും ഇതൊരു പ്രധാന സമയമാണ്, ഏറ്റവും നന്നായി തയ്യാറായി വന്നിട്ടുള്ളവര്‍ക്ക്പോലും സമ്മര്‍ദ്ദവും  ഉല്‍ക്കണ്ഠയും മൂലം ഒന്നോടിച്ചു വായിക്കുന്നതിലൂടെ കാര്യങ്ങള്‍ ശരിയായി മനസ്സിലാക്കാന്‍ സാധിക്കാതെ വന്നേക്കാം.. 

2.എല്ലാ വിഭാഗങ്ങളും വായിച്ചു നോക്കി ഉത്തരമെഴുതാന്‍ കഴിയുന്നവയ്ക്കുനേരേ ശരി ചിഹ്നം കൊടുക്കണം. എന്താണ് ഉദ്ദേശിക്കുന്നതെന്ന് എല്ലായ്പോഴും അറിഞ്ഞിരിക്കണം. വായിക്കുമ്പോള്‍തന്നെ സൂചക പദങ്ങളും, വാക്യങ്ങളും മറ്റും അടിവരയിട്ട് വെയ്ക്കുക.

3. ഓരോ ചോദ്യത്തിനും ഉത്തരമെഴുതാന്‍ എത്ര നേരം വേണമെന്നും നിങ്ങളതിനെ ഏതു രീതിയിലാണ് സമീപിക്കുന്നതെന്നും കണക്കാക്കണം. ഒരിക്കല്‍ നിങ്ങൾ എഴുതിത്തുടങ്ങിയാൽ പിന്നെ അതിൽ തെറ്റൊന്നുമില്ലെന്ന് ഉറപ്പുവരുത്തുക. നിങ്ങളുടെ ഉത്തരം പ്രസക്തവും സമഗ്രവും വ്യത്യസ്തവും മൂല്യമുള്ളതുമായിരിക്കട്ടെ.
എല്ലാവിധ ആശംസകളും!