സ്ത്രീകൾ

ശരീര പ്രതിച്ഛായയും മാനസികാരോഗ്യവും - എപ്പോഴാണ് അതു പ്രശ്‌നമായി തീരുന്നത്?

ശ്രീരഞ്ചിത ജ്യൂർക്കർ

നമ്മൾ കാണപ്പെടുന്ന രീതി അധികഭാഗവും ബന്ധപ്പെട്ടിരിക്കുന്നത് നമ്മൾ ആരാണ് എന്നതും നമ്മൾ  എങ്ങനെയാണ് നമ്മെ തന്നെ നോക്കി കാണുന്നതും എന്നതിനും അനുസൃതമായിട്ട് ആയിരിക്കും. നമ്മുടെ ബാഹ്യരൂപം കാണപ്പെടുന്ന രീതിയിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നത് ഇന്ന് വളരെ നിർണ്ണായകമാണെന്നു തോന്നാം, പ്രത്യേകിച്ചും നമ്മെ 'കുറ്റമറ്റ' രീതിയിൽ കാണപ്പെടുന്നതിനും നമ്മെ അറിയാവുന്നവരിൽ നിന്നുള്ള അംഗീകാരം ലഭിക്കുന്നതിനും വേണ്ടി സോഷ്യൽ മീഡിയ നമ്മിൽ സമ്മർദ്ദം ചെലുത്തുന്ന ഇക്കാലത്ത്. എങ്കിൽ കൂടിയും നമ്മളിൽ മിയ്ക്കവരും നമ്മൾ എങ്ങനെയാണ് കാണപ്പെടുന്നത് എന്നതു സംബന്ധിച്ച് നൂറു ശതമാനം സംതൃപ്തി ഉള്ളവരും അല്ല താനും. തിരഞ്ഞെടുക്കുവാൻ ഒരു അവസരം ലഭിക്കുകയാണെങ്കിൽ, നമ്മൾ നമ്മുടെ ബാഹ്യരൂപത്തിൽ എന്തെങ്കിലും മാറ്റം വരുത്തും - പക്ഷേ നമ്മള്‍ എത്രത്തോളം വരെ പോകും? 

ഇതു നിങ്ങൾ താരതമ്യം ചെയ്യേണ്ടത്, നമുക്ക് ആഹാരവുമായി ഉള്ള ബന്ധം വച്ചു വേണം. ആരോഗ്യകരമായതിന്‍റേയും അനാരോഗ്യകരമായതിന്‍റേയും ഇടയ്ക്ക് സന്തുലിതാവസ്ഥ പാലിക്കുന്നതിനു ശ്രമിക്കവേ നമ്മളിൽ ചിലർ എന്താണ് നമ്മൾ കഴിക്കുന്നത് എന്നതു സംബന്ധിച്ച് ബോധമുള്ളവര്‍ ആയിരിക്കും, മറ്റു ചിലരാകട്ടെ ഇതെ കുറിച്ചൊന്നും ശ്രദ്ധിക്കുക തന്നെയില്ല. നമ്മൾ പോഷകഗുണം ഒട്ടുമില്ലാത്ത ഉപയോഗശൂന്യ (ജങ്ക്) ഭക്ഷണം കഴിക്കുന്നില്ല എന്ന് ഉറപ്പു വരുത്തുന്നതിനായി നമ്മളിൽ ചിലർ കൃത്യമായ ആഹാരക്രമം പാലിക്കുന്നു. എന്നാൽ ഒരു കുക്കി അഥവാ ഒരു കഷണം കേക്ക് മാത്രം കഴിച്ചുകൊണ്ട് ജിം ൽ മണിക്കൂറുകൾ ചെലവഴിക്കുന്നവരോ, അല്ലെങ്കിൽ അടുത്ത രണ്ടു ദിവസത്തേക്ക് പട്ടിണി ഇരിക്കുന്നവരോ നമുക്ക് ഇടയിൽ ഉണ്ട് - തീർച്ചയായും, അത് ഒട്ടും തന്നെ ആരോഗ്യകരമല്ല!

അതേപോലെ, നമ്മൾ എങ്ങനെ കാണപ്പെടുന്നു എന്നതു സംബന്ധിച്ച് ഒന്നോ രണ്ടോ കാര്യങ്ങൾ നമുക്ക് അനിഷ്ടമായിട്ടുള്ളതു കാണും, പുതുതായി ആരെയെങ്കിലും കണ്ടുമുട്ടുമ്പോൾ നമുക്ക് അതെ കുറിച്ച് ബോധം ഉണ്ടാകുകയും ചെയ്യുന്നു. നേരേ മറിച്ച്, മറ്റു ചിലരാകട്ടെ, ഇത്തരം വിശേഷലക്ഷണങ്ങൾ (വെളുപ്പിക്കുന്നതിനുള്ള ക്രീം/ തലമുടി നിറം ചെയ്യൽ/ ഫേഷ്യൽ ചെയ്യൽ) സംബന്ധിച്ച് എന്തെങ്കിലും മാറ്റം വരുത്തുന്നതിനായി ഉത്സാഹപൂർവ്വം ശ്രമിക്കുന്നു. പക്ഷേ നമ്മളിൽ ചിലർ അതിനും അപ്പുറം കൂടുതൽ വ്യത്യസ്തമായ തലത്തിലേക്ക് (പ്ലാസ്സിറ്റിക് സർജറി, മൂക്കിൽ നടത്തുന്ന റൈനോപ്ലാസ്റ്റി) വരെ പോയെന്നു വരാം.

ആഹാരം പോലെയല്ലാതെ, ഇവിടെ കാലറി കണക്കാക്കുന്നതിനോ അല്ലെങ്കിൽ  ഇത്തരം ചിന്തകൾ പേറുന്ന നിങ്ങൾ എത്രത്തോളം ആരോഗ്യമുള്ളവരാണ്,  എപ്പോഴാണ് അവ ഒരു ഒഴിയാബാധ ആയി തീരുന്നത് എന്ന് അളക്കുന്നതിനോ  കഴിയുന്നില്ല. പക്ഷേ അത് ബാഹ്യരൂപത്തിലേക്കു വരുമ്പോൾ നമ്മുടെ 'ആരോഗ്യകരത്തിന്‍റേയും' 'അനാരോഗ്യകരത്തിന്‍റേയും' ഇടയിൽ ഇതു രണ്ടുമല്ലാത്ത ബൃഹത്തായ ഒരു ഇടം ഉണ്ട്.

നമ്മുടെ ബാഹ്യരൂപം കാണപ്പെടുന്ന രീതി മാറ്റണം എന്നു നമ്മെക്കൊണ്ടു ആഗ്രഹിപ്പിക്കുന്നത് എന്താണ്?

നമ്മൾ കാണപ്പെടുന്ന രീതി ഇഷ്ടപ്പെടാതിരിക്കുന്നതിന്, അല്ലെങ്കിൽ എന്തെങ്കിലും മാറ്റം വരുത്തണമെന്ന് ആഗ്രഹിക്കുന്നതിന്, നമുക്ക് വ്യത്യസ്ത കാരണങ്ങൾ ഉണ്ടാകും - ആരോഗ്യം, ശാരീരിക അസ്വാസ്ഥ്യം, സാമൂഹിക അംഗീകാരം, 
ഉറ്റ ബന്ധം, കൂടുതൽ മെച്ചപ്പെട്ട ദൃഷ്ടിഗോചരത്വം, പിന്നെ അധികാരം. നമ്മൾ ഒരാളെ ആദ്യം കാണുമ്പോൾ, ആ വ്യക്തിയെ കൂടുതൽ അടുത്ത് അറിയുവാൻ ഇടയാകുന്നതു വരെ, അയാളെ കുറിച്ചുള്ള പ്രാഥമിക ബോധം രൂപപ്പെടുത്തുന്നത് ആ ആൾ എങ്ങനെ പുറമേയ്ക്ക് കാണപ്പെടുന്നു എന്നതു വച്ചാണ്. സാമൂഹ്യ വ്യവസ്ഥിതിപ്രകാരമുള്ള നമ്മുടെ പൊതുബോധം മൂലം മറ്റുള്ളവരുടെ ബാഹ്യരൂപം കാണപ്പെടുന്ന രീതിക്ക് ചിലതരം സ്വഭാവങ്ങളുമായി നമ്മൾ ബന്ധം കൽപ്പിക്കുന്നു, നമ്മൾ ആ വ്യക്തിയെ ആദ്യമായി കാണുമ്പോൾ  പ്രത്യേകിച്ചും. ഇത് നമ്മിൽ ബാഹ്യമായി നന്നായി കാണപ്പെടുന്നതിനുള്ള സമ്മർദ്ദം സൃഷ്ടിക്കുന്നു, നമ്മെ തന്നെ കൂടുതൽ മെച്ചപ്പെട്ട രീതിയിൽ കാണപ്പെടുന്നതിനുള്ള രീതികളെ പറ്റി നമ്മൾ അന്വേഷിക്കുകയും ചെയ്യുന്നു. 

ബംഗളുരുവിലെ ഒരു ഡെർമറ്റോളജിസ്റ്റ് (ത്വക്‌രോഗ വിദഗ്ദ്ധ) പറയുന്നത് പ്രണയിതാക്കളെ/വരന്മാരെ തേടുന്ന സ്ത്രീകൾ - സ്വയം ഡേറ്റിംഗിലൂടെ കണ്ടുപിടിക്കുന്നതോ അല്ലെങ്കിൽ വീട്ടുകാർ ആലോചിച്ച് ഉറപ്പിക്കുന്നതോ ആയാലും - ആയ 20 നും 30 നും മദ്ധ്യേ പ്രായമുള്ള സ്ത്രീകളാണ് അവരെ സമീപിക്കുന്ന കക്ഷികളിൽ അധികവും എന്നാണ്. ഇവിടെ ഊന്നൽ നൽകുന്നത് നിറം വർദ്ധിപ്പിക്കുന്നതിനും ശരീരഭാരം - പെൺകുട്ടി ലേശമൊന്നു പുഷ്ടിയുള്ള ശരീരപ്രകൃതമാണ്, അമിതവണ്ണം ഉള്ളവളല്ല എങ്കിൽ കൂടിയും - കുറയ്ക്കുന്നതിനും ആണ്. സ്ത്രീകൾക്കു പ്രായം കൂടി വരുമ്പോൾ, ഡെർമറ്റോളജിസ്റ്റ് പറയുന്നു, അവർ സമീപിക്കുന്നത്, തങ്ങളുടെ സുഹൃദ്‌വലയത്തിൽ കൂടുതൽ അംഗീകാരം നേടത്തക്കവിധം സൗന്ദര്യം വർദ്ധിപ്പിക്കുന്ന ചില നടപടിക്രമങ്ങൾക്ക് ആയിട്ടായിരിക്കും. "പലപ്പോഴും മദ്ധ്യവയസ്‌ക്കരായ സ്ത്രീകളെ സംബന്ധിച്ച്, അവരുടെ ഭർത്താവോ കുടുംബാംഗങ്ങളോ എന്തു പറയുന്നു എന്നതിനേക്കാൾ ഏറെ പ്രധാനം ആയി അവർ കണക്കാക്കുന്നത് തങ്ങളുടെ സുഹൃത്തുക്കൾ എന്തു പറയുന്നു എന്നതാണ്. അവർ പലപ്പോഴും ഒരു കൂട്ടം ആയിരിക്കും, അവിടെ ഒരാളുടെ ബാഹ്യരൂപത്തെ പറ്റി മറ്റാരെങ്കിലും അഭിപ്രായങ്ങൾ തട്ടിവിടുന്നു, അത് അവരെ വല്ലാതെ ബാധിക്കുകയും ചെയ്യുന്നു. അംഗീകാരം നേടിയെടുക്കുന്നതിനായി ഉടനേ തന്നെ അവർ ബോട്ടോക്‌സ്- ചർമ്മത്തിലെ ചുളിവുകളും മറ്റും മാറ്റാൻ ഉപയോഗിക്കുന്ന ഒരു രാസവസ്തു - അല്ലെങ്കിൽ മെലിയൽ ക്രമങ്ങൾ അവലംബിക്കുന്നു," അവർ പറയുന്നു.  മുഖക്കുരു നീക്കുന്നതിനും ചർമ്മം നിറം വയ്പ്പിക്കുന്നതിനും ഉള്ള നടപടിക്രമങ്ങൾക്കാണ് പുരുഷന്മാർ അധികവും വിധേയരാകാറുള്ളത്; പ്രായമാകുന്നത് തടയിടുന്നതിന് ഉള്ള പ്രതിവിധി അവർ വളരെ കുറച്ചേ തിരഞ്ഞെടുക്കാറുള്ളു.

ആളുകൾ സൗന്ദര്യവർദ്ധക നടപടികൾ തിരഞ്ഞെടുക്കുമ്പോൾ മുന്നിൽ കാണുന്ന ലക്ഷ്യങ്ങളിൽ ഒന്ന് സാമൂഹിക അംഗീകാരം നേടുക എന്നതാണ് - അത് മുഖക്കുരു നീക്കുന്നത് ആയാലും, ചർമ്മം വെളുപ്പിക്കുന്നതായാലും, മുഖം മുറുക്കുന്നത് ആയാലും. കൂടുതൽ അവതരണ യോഗ്യവും ആകർഷണീയവും  ആയി കാണപ്പെടുന്നത് മിയ്ക്ക ആളുകളിലും തങ്ങളുടെ ചർമ്മത്തെ പറ്റി  കൂടുതല്‍ ആത്മവിശ്വാസം ഉളവാക്കുന്നു; അവർക്ക് വളരെ ആശ്വാസവും യുവത്വവും അനുഭവപ്പെടുന്നു. ഇത് അവരുടെ ജീവിതങ്ങളിലെ മറ്റു മണ്ഡലങ്ങളിൽ  - അവർക്ക് പ്രവര്‍ത്തനമേഖലയിലോ അല്ലെങ്കിൽ വ്യക്തിബന്ധങ്ങളിലോ കൂടുതൽ നിശ്ചയദാര്‍ഢ്യം തോന്നിയാലും  - സ്വാധീനം ചെലുത്തുന്നു. ഇത്തരം നടപടിക്രമങ്ങൾ തങ്ങളുടെ സ്വയം പ്രതിച്ഛായയും ആത്മാഭിമാനവും പരിപോഷിപ്പിക്കുന്നതിന് അവരെ സഹായിക്കുന്നു. 

'സാധാരണം'  'തൃപ്തികരം' എന്നിവ നിർവചിക്കുന്നത്.

എന്നാല്‍ ഇവിടെയാണ് കാര്യങ്ങൾ അവ്യക്തമായി തീരുന്നത്. ബാഹ്യസൗന്ദര്യ പരമായ മാറ്റങ്ങൾ - തലമുടി വെട്ടുന്ന രീതി, മെലിയൽ, ചർമ്മം വെളുപ്പിക്കൽ, അല്ലെങ്കിൽ ബോട്ടോക്‌സ്- വരുത്തുന്നത് കുറച്ചുകൂടി ആഴത്തിൽ ഉള്ള മാറ്റങ്ങൾ സംബന്ധിച്ച് അല്ല എന്ന് ഒരാൾ എങ്ങനെയാണു തീരുമാനമെടുക്കുക? വ്യത്യസ്തങ്ങളായ ഘടകങ്ങൾ 'വെറും ഉപരിപ്ലവം' മാത്രം ആണോ എന്നു തീരുമാനിക്കുന്നതിനായി നമ്മൾ എങ്ങനെയാണ് അവ  - സാമൂഹികപരമായ പൊതുബോധം, സമ്മർദ്ദം, നമ്മൾ നമ്മെ തന്നെ എങ്ങനെ കാണുന്നു എന്നത്, നമ്മുടെ അഭിലാഷങ്ങൾ എന്തെല്ലാം ആണ് എന്നത് - വേര്‍തിരിച്ചെടുക്കുക?

"പൊതുവായി പറയുകയാണെങ്കിൽ, ഒരു സൗന്ദര്യവർദ്ധക നടപടിക്രമത്തിന് തന്‍റെ ബാഹ്യരൂപം സംബന്ധിച്ച് തനിക്കുള്ള തോന്നലുകൾ യഥാർത്ഥത്തിൽ മാറ്റുവാന്‍ കഴിയും എന്നാണെങ്കിൽ, മിയ്ക്കവാറും അത് അത്ര വിശാലമായ  രീതിയില്‍ ഉള്ള ആത്മാഭിമാന പ്രശ്‌നം ഒന്നും ആയിരിക്കുകയില്ല.. ഒരു സാമൂഹിക ക്ഷേമ കാഴ്ച്ചപ്പാടിലൂടെ, ഇത്തരം ചില വിശ്വാസങ്ങൾ മാറ്റിയെടുക്കുന്നതിനു വേണ്ടി നമുക്ക് പ്രവർത്തിക്കുവാൻ  കഴിയും. പക്ഷേ ഒരു വ്യക്തിപരമായ കാഴ്ച്ചപ്പാടിൽ, ഒരു വ്യക്തിയുടെ ബാഹ്യരൂപം കാണപ്പെടുന്ന രീതിയിലെ ഒരു സംഗതി മാറ്റണം എന്ന ആവശ്യം ഒരു മാനസിക രോഗം നിലനിൽക്കുന്നുണ്ട് എന്നതിന്‍റെ ഒരു സൂചന ആയി ക്കൊള്ളണമെന്നില്ല," ബംഗളൂർ ആസ്ഥാനമാക്കിയ പരിവർത്തൻ കൗൺസിലിംഗ് ട്രെയിനിംഗ് ആൻഡ് റിസേർച്ച് സെന്‍റർ എന്ന സ്ഥാപനത്തിലെ കൗൺസിലർ ആയ ഷബരി ഭട്ടാചാര്യ വിശദീകരിക്കുന്നു.

ഇത്രയും പറഞ്ഞ സ്ഥിതിക്ക്, ശരീര പ്രതിച്ഛായാ ഉത്കണ്ഠകൾ ആകെപ്പാടെ മറ്റെന്തിന്‍റേയോ വെറും ലക്ഷണം മാത്രമാണ് എന്നു സൂചന നൽകുന്ന ചില അടയാളങ്ങൾ ഉണ്ട്. അതു തിരിച്ചറിയുന്നതിനായി പരിശീലനം സിദ്ധിച്ചതോ അതിനോടു തന്മയീഭാവം പ്രകടിപ്പിക്കുന്നതോ ആയ ചില  ഡെര്‍മറ്റോളജിസ്റ്റുകളും കോസ്‌മെറ്റോളജിസ്റ്റുകളും ഉണ്ട് താനും.

ബോഡി സിസ്‌ഫോമിക് ഡിസോഡർ
ബോഡി സിസ്‌ഫോമിക് ഡിസോഡർ (BDD, ബിഡിഡി) ബാധിച്ചിട്ടുള്ള ആളുകൾക്ക് തങ്ങളുടെ ബാഹ്യരൂപം സംബന്ധമായി കൽപ്പിച്ചുണ്ടാക്കുന്ന കുറവുകളെപ്പറ്റി നിരന്തരം ഒഴിയാബാധ പോലുള്ള തോന്നലുകൾ ഉണ്ട്. അവർ അവരെ സ്വയം കാണുന്ന രീതി, മറ്റുള്ളവർ അവരെ കാണുന്ന രീതിയുമായി ചേർന്നു പോകുകയില്ല, അവരുടെ കുറവുകളെ കുറിച്ചുള്ള പീഡ അവരുടെ മനസ്സുകളിൽ വളരെ അധികം അതിശയോക്തിപരമായിരിക്കും.

സൈക്യാട്രിസ്റ്റ് ആയ ഡോ. സന്ദീപ് ദേശ്പാണ്ഡെ, മുഖത്ത് ഒരു ചെറിയ പാടുണ്ടായിരുന്ന ഒരു കൗമാരക്കാരന്‍റെ കഥ ഓർമ്മിച്ചു.  ആ പാട് നിരീക്ഷിക്കുന്നതിനായി എല്ലാ ദിവസവും അവൻ അനേകം സെൽഫികൾ എടുത്തു, കാരണം അത് പാണ്ഡുരോഗം (vitiligo) ആണ് എന്ന് അവന് ഉറപ്പ് ഉണ്ടായിരുന്നു. വ്യക്തമായി കാണുന്നതിനും  മണിക്കൂറുകൾക്കും ദിവസങ്ങൾക്കും മുൻപ് എടുത്ത ആ പാടിന്‍റെ ചിത്രങ്ങളുമായി താരതമ്യം ചെയ്യുന്നതിനും വ്യത്യസ്ത കോണുകളിൽ നിന്ന് അവ അളന്നു നോക്കുന്നതിനും ആയി അവൻ ചിത്രങ്ങൾ വലുതാക്കി (സൂം) കാണും. ആ പാട് വലുതായി എന്നുള്ള അവന്‍റെ സംശയം ഉറപ്പിക്കുന്നതിനായി, രാത്രിയുടെ മദ്ധ്യത്തിൽ ചിലപ്പോൾ അവൻ മാതാപിതാക്കളെ വിളിച്ചുണർത്തും. അവർ അത് ഇല്ല എന്നു പറയുമ്പോൾ, അവന് തെറ്റായ ഉറപ്പു കൊടുക്കുന്നതിനായി അവർ കള്ളം പറയുകയാണ് എന്ന് അവന് ബോദ്ധ്യപ്പെടും. ആ പാട് സംബന്ധമായ അവന്‍റെ ഒഴിയാബാധ ചിന്ത വളർന്നു വന്ന്, മറ്റൊന്നിനെ പറ്റിയും തന്നെ അവൻ ദിവസം മുഴുവനും ചിന്തിക്കാറു പോലുമില്ല എന്ന സ്ഥിതിയായി. കോളേജിൽ പോകുന്നത് അവൻ മതിയാക്കി, ദിവസം മുഴുവൻ അവൻ അകത്തു കഴിയാൻ തുടങ്ങി. അവനു ലഭിച്ചിരുന്ന ചികിത്സകളിൽ തൃപ്തി വരാതെ അവൻ പലേ ഡെർമറ്റോളജിസ്റ്റുകളെ സമീപിച്ചു കൊണ്ടേയിരുന്നു, അവസാനം അവനെ സൈക്യാട്രിസ്റ്റിന്‍റെ അടുത്തേക്കു പോകുവാൻ നിർദ്ദേശിക്കപ്പെടും വരെ. 

ഈ കൗമാരക്കാരന്‍റെ കാര്യം ബിഡിഡിയുടെ മിയ്ക്കവാറും ലക്ഷണങ്ങൾ - കൽപ്പിച്ചുണ്ടാക്കിയ ഒരു കുറവ് മൂലമുള്ള ഒഴിയാബാധ;  തങ്ങൾക്ക് ആവശ്യമായ ചികിത്സ എന്ന് അവർ വിശ്വസിക്കുന്ന ചികിത്സ ലഭിക്കുന്നതു വരെ ഡോക്ടർമാരെ മാറി മാറി സന്ദർശിക്കൽ, മാറി മാറി പരീക്ഷണങ്ങൾ നടത്തൽ - പ്രദർശിപ്പിക്കുന്നുണ്ട്.

ബിഡിഡി ഇൻഡ്യയിലും നിലവിൽ ഉണ്ട്.   

"ബിഡിഡി എന്നു പറയുന്നത് പടിഞ്ഞാറുകാരെ കേന്ദ്രീകരിച്ചുള്ള ഒരു തകരാർ ആണ് എന്നാണു പൊതുവായ ഒരു അവബോധം ഉള്ളത്," ഡോ. സന്ദീപ് ദേശ്പാണ്ഡെ പറയുന്നു. "തങ്ങളുടെ സാങ്കൽപ്പിക കുറവുകളെ കുറിച്ചുള്ള ഒഴിയാബാധ പോലുള്ള ചിന്തകൾ മൂലം ജീവിതം മുഴുവൻ തന്നെ ഇല്ലാതാക്കി കളഞ്ഞ ചില കക്ഷികളെ എനിക്ക് അറിയാം. അസാധാരണമായ ധാതുക്കൾ തന്‍റെ രക്തത്തിൽ ഉണ്ടോ എന്ന് അറിയുവാനായി പതിവായി രക്തപരിശോധനകൾ ചെയ്തുകൊണ്ടിരുന്ന ഒരു യുവാവിനെ എനിക്ക് അറിയാം, കാരണം അയാൾ വിശ്വസിച്ചിരുന്നത് തന്‍റെ തല നരയ്ക്കുന്നത് അതു കൊണ്ടാണ് എന്ന് ആയിരുന്നു. തന്‍റെ മുഖത്തെ പാടുകൾ തൃപ്തികരമായി മറയ്ക്കുന്നതിനായി എല്ലാ ദിവസവും കാലത്ത് ഒരു മണിക്കൂറിലധികം മുഖത്ത് ചമയങ്ങൾ ചെയ്യുമായിരുന്ന ഒരു ചെറുപ്പക്കാരിയായ സ്ത്രീയെ എനിക്കറിയാം. അവരിൽ ചിലർ നിയമപരമല്ലാത്ത ഗുളികകൾ ഒരു ശീലം എന്നോണം നിത്യവും കഴിക്കുന്നവരോ സ്വയം-ചികിത്സ ചെയ്യുന്നവരോ ആകാം, അത് അപകടകരവുമാണ്. അത് ഒരു ഒഴിയാബാധ ആകുമ്പോൾ, അത് ആ വ്യക്തിക്കും അയാൾക്കു ചുറ്റുമുള്ള മറ്റുള്ളവർക്കും ക്ലേശങ്ങൾ ഉളവാക്കുന്നു, താന്താങ്ങളുടെ ജീവിതചര്യപ്രകാരം ജീവിക്കുന്നതിന് അത് അവരെ തടസ്സപ്പെടുത്തുകയും ചെയ്യുന്നു. അപ്പോൾ സഹായം തേടേണ്ടത് ഏറ്റവും പ്രധാനമാണ്."

ഒരാളുടെ ബാഹ്യരൂപവുമായി ബന്ധപ്പെട്ട പീഡയാണ് തകരാർ എന്നിരിക്കെ, അവർ സമീപിക്കാൻ സാദ്ധ്യതയുള്ള ആദ്യ വ്യക്തി ഒരു ഡെർമറ്റോളജിസ്റ്റ് അഥവാ കോസ്‌മെറ്റോളജിസ്റ്റ് ആണ്. ഈ അവസരത്തിൽ മിയ്ക്കവാറും ഈ പ്രശ്‌നം വെളിപ്പെടുത്തപ്പെട്ടിട്ട് തന്നെ ഉണ്ടാവുകയില്ല, കാരണം കോസ്‌മെറ്റിക് ശസ്ത്രക്രിയയ്ക്കു മുൻപേ സൈക്യാട്രിക് അഥവാ സൈക്കോളജിക്കൽ പ്രാഥമിക പരിശോധനകൾ നടത്തിയിട്ടുണ്ടാവുകയില്ല. അവർ അത്തരം ഒരു നടപടി ക്രമം സ്വീകരിക്കുകയും പിന്നീട് അതിന്‍റെ ഫലപ്രാപ്തിയെ കുറിച്ച് അസന്തുഷ്ടി രേഖപ്പെടുത്തുകയും ചെയ്യും.

"ഞങ്ങളുടെ മിയ്ക്കവാറും എല്ലാ നടപടിക്രമങ്ങൾക്കും 50-60 ശതമാനം അഭിവൃദ്ധി വാഗ്ദാനം ചെയ്യുവാൻ സാധിക്കും, പക്ഷേ 100 ശതമാനം ഫലം കിട്ടിയേ മതിയാകൂ എന്നു വാശി പിടിക്കുന്ന ചില കക്ഷികൾ ഉണ്ട്. അതല്ലെങ്കിൽ അവർ വ്യത്യസ്ത നടപടിക്രമങ്ങൾക്കായി പിന്നെയും പിന്നെയും വന്നുകൊണ്ടേ ഇരിക്കുന്നു. ഇത് എന്‍റെ മനസ്സില്‍ ചെറിയൊരു ആപൽസൂചന ആയി മാറുന്നു, കാരണം, അയാളുടെ അതൃപ്തിക്ക് മറ്റെന്തെങ്കിലും കാരണം കാണും എന്ന് അത് എന്നോടു പറയുന്നു. അങ്ങനെ ദിവസത്തിന്‍റെ അവസാനം അത് നിങ്ങളുടെ ധാർമ്മികതയെ കുറിച്ചുള്ള ബോധം ആയി മാറുന്നു: യാതൊരു തീരുമാനവും ഇല്ലാതെ നിങ്ങൾക്ക് നടപടിക്രമം വെറുതെ അങ്ങു നടത്താം, അതല്ലെങ്കിൽ ഒരു രണ്ടു പ്രാവശ്യത്തെ അയാളുടെ സന്ദർശവേളകളിൽ അയാളോട് സംസാരിക്കാം, ആ വിഷയം സൗമ്യമായി അയാളോടു ചര്‍ച്ച ചെയ്യാം. പക്ഷേ നിർഭാഗ്യകരമെന്നു പറയട്ടെ, കോസ്‌മെറ്റോളജിസ്റ്റുകളെ സംബന്ധിച്ച് അങ്ങനെ ധാർമ്മികതയുടെ  ചട്ടക്കൂട് ഒന്നും തന്നെയില്ല - അവർ ചോദ്യങ്ങൾ ഒന്നും ചോദിക്കാതെ ഈ നടപടിക്രമങ്ങൾ അനുഷ്ഠിക്കുന്ന ആരെയെങ്കിലും കണ്ടുപിടിക്കുന്നതിന് എല്ലാ സാദ്ധ്യതയും ഉണ്ട്," ഒരു കോസ്‌മെറ്റോളജിസ്റ്റ് പറയുന്നു.

അപ്പോൾ എന്താണ് ഇതിന് ഒരു പരിഹാരം?

ഒരു വ്യക്തി അയാളുടെ ബാഹ്യരൂപം സംബന്ധിച്ച് ഒരു നടപടിക്രമത്തിനു ശേഷം തൃപ്തി രേഖപ്പെടുത്തുന്നുണ്ടെങ്കിൽ, അത് വലിയ രീതിയിലുള്ള ഒരു ആത്മാഭിമാന പ്രശ്‌നമായി ബന്ധപ്പെട്ടത് ആയിരിക്കുന്നതിന് സാദ്ധ്യത കുറവാണ്. എന്നാൽ, ആ വ്യക്തി തന്‍റെ ബാഹ്യരൂപത്തിൽ മാറ്റം വരുത്തുന്നതിനുള്ള വ്യത്യസ്ത നടപടിക്രമങ്ങളോ രീതികളോ ശ്രമിക്കുന്നു എങ്കിൽ, അതിന് അടിസ്ഥാനപരമായ കാരണം മനസ്സിലാക്കുന്നതിനായി ആ വ്യക്തിക്ക് ഒരു സൈക്കോളജിക്കൽ പിന്തുണ ആവശ്യമായി വന്നേക്കാം. എന്തു നടപടിക്രമത്തിനു മുമ്പും ഒരു കോസ്‌മെറ്റോളജിസ്റ്റ് അല്ലെങ്കിൽ പ്ലാസ്റ്റിക് സർജൻ ആ വ്യക്തിയെ സംബന്ധിച്ച് ഒരു ഉചിതമായ വിലയിരുത്തൽ നടത്തുന്നതിനായി,  മനഃശാസ്ത്രപരമായ പ്രാഥമിക പരീക്ഷണം ശുപാർശ ചെയ്യുക എന്നതു മാത്രമാണ് ഇതു കൈകാര്യം ചെയ്യുന്നതിനുള്ള ഏക രീതി. "ഒരു വ്യക്തിക്ക് അയാളെ സംബന്ധിച്ച് മോശമായി സ്വയം തോന്നുകയോ തങ്ങൾക്ക് കൂടുതൽ മെച്ചപ്പെട്ട രീതിയിൽ തോന്നുന്നതിനായി, അയാൾ ഒരു പ്ലാസ്റ്റിക് സർജറി പരിഗണിക്കുകയോ ചെയ്യുന്നുവെങ്കിൽ അതേ കുറിച്ച് തീർച്ചയായും വിശദമായ അന്വേഷണം നടത്തേണ്ടതുണ്ട്.  ആ വ്യക്തിക്ക് സ്വയം മെച്ചപ്പെട്ടു എന്നുള്ള ദൂരവ്യാപകമായ ഫലം നൽകുവാൻ അതു സഹായകമാകുമോ? കൂടുതൽ മെച്ചപ്പെടുത്താൻ കഴിയും എന്നുള്ള പ്രതീക്ഷ മൂലം നടത്തുന്ന ആവർത്തിച്ചുള്ള നടപടിക്രമങ്ങളും ഉത്കണ്ഠ ഉളവാക്കുന്നതാണ്, കാരണം ആത്മാഭിമാനം അല്ലെങ്കിൽ ശുഭകരമായ ശരീര പ്രതിച്ഛായ അല്ലെങ്കിൽ സ്വയയോഗ്യത ഒരു വ്യക്തിയുടെ ഉള്ളിൽ നിന്നു വരേണ്ടതാണ്, മറ്റുരീതിയിൽ വരേണ്ടതല്ല," ഷബരി ഭട്ടാചാര്യ പറയുന്നു.