ചില വ്യക്തികളോടുള്ള നിങ്ങളുടെ തീവ്രമായ ഇഷ്ടം എന്നത് നിങ്ങള്‍ക്ക് ഒരിക്കലും വിശദീകരിക്കാനാകാത്ത ഒന്നാണ്. ഒരു പക്ഷെ നിങ്ങളുടെ കൂട്ടുകാരനെ അല്ലെങ്കില്‍ കൂട്ടുകാരിയെക്കുറിച്ച് ഒരു കൂട്ടം നല്ല, വശ്യമായ കാര്യങ്ങള്‍ ഒന്നിച്ചുകൂട്ടി അവതരിപ്പിക്കാന്‍ നിങ്ങള്‍ക്ക് കഴിഞ്ഞേക്കും, പക്ഷെ അപ്പോഴും അത് നിങ്ങള്‍ ആ വ്യക്തിയെ എന്തുകൊണ്ടാണ് വളരെയധികം ഇഷ്ടപ്പെടുന്നത് എന്ന് വിശദമാക്കാന്‍ മതിയാകുന്നില്ല എന്ന് നിങ്ങള്‍ നിങ്ങളുടെ ഹൃദയത്തിന്‍റെ അഗാധതയില്‍ തിരിച്ചറിയുന്നുണ്ടാകും.
നിങ്ങള്‍ പരസ്പരം ചുറ്റിപ്പറ്റി നില്‍ക്കാന്‍ ആഗ്രഹിക്കുന്നു,പറയാനും ചിരിക്കാനും വളരെയധികം കാര്യങ്ങളുണ്ടാകുന്നു, മിക്കവാറും ഒരേ പാട്ട്, പുസ്തകം, സിനിമ തന്നെ ഇരുവര്‍ക്കും ഇഷ്പ്പെടുന്നു. പലപ്പോഴും ഒരേ ആളുകളെത്തന്നെയും ഇഷ്ടമാകുന്നു. നിങ്ങളുടെ ലോകത്ത് എല്ലാം നന്നായി പോകുന്നു, നിങ്ങള്‍ക്ക് വലിയ സുഖം തോന്നുന്നു. അതുപോലെ തന്നെ നിങ്ങള്‍ പങ്കുവെയ്ക്കുന്നതെല്ലാം തന്നെ എന്നെന്നേയ്ക്കും നിലനില്‍ക്കും എന്ന് നിങ്ങള്‍ പ്രതീക്ഷിക്കുകയും ചെയ്യുന്നു.
ഇത് എല്ലായ്പ്പോഴും ആ വഴിക്ക് തന്നെ പോയിക്കൊള്ളണം എന്നില്ല. ബന്ധങ്ങള്‍ക്ക് തകര്‍ച്ചയുണ്ടായേക്കാം, അത് പിരിഞ്ഞു പോയേക്കാം. എല്ലാ പ്രണയ ബന്ധങ്ങളും വിവാഹത്തിലൊ രജിസ്റ്റര്‍ ഓഫീസിലോ ചെന്നെത്തുന്നില്ല. മാത്രമല്ല നിങ്ങള്‍ വിവാഹം കഴിക്കാന്‍ ഉദ്ദേശിച്ചിരുന്നുമില്ല അല്ലേ? നിങ്ങള്‍ക്ക് ആകെ അറിയുമായിരുന്നത്, നിങ്ങള്‍ ആ വ്യക്തിയെ ഇഷ്ടപ്പെടുന്നു, ആ ബന്ധം നിങ്ങള്‍ക്ക് നല്ല രസമാണ് എന്നതു മാത്രമായിരുന്നു. അതുകൊണ്ടു തന്നെ നിങ്ങള്‍ നിങ്ങള്‍ക്ക് വിശേഷപ്പെട്ട ആളില്‍ നിന്ന് "എനിക്ക് കുറച്ചുകൂടി സ്വാതന്ത്ര്യം വേണമെന്ന് എനിക്ക് തോന്നുന്നു," എന്ന് കേള്‍ക്കുമ്പോള്‍ അത് ഒരു പിരിഞ്ഞുപോകലിന്‍റെ മുഖവുരയായേക്കാമെന്ന് നിങ്ങള്‍ക്ക് മനസിലാകുന്നു. അത് നിങ്ങളുടെ ജീവിതത്തിലെ ആദ്യത്തെ പ്രണയത്തകര്‍ച്ചയാണെങ്കില്‍ തീവ്രനൈരാശ്യം മൂലം നിങ്ങളുടെ സന്തോഷം കെട്ടുപോകുകയും നിങ്ങള്‍ നിങ്ങള്‍ക്കുണ്ടായിരുന്ന പ്രണയബന്ധത്തെക്കുറിച്ചുള്ള ഓരോരോ ഓര്‍മ്മകളിലും ഓരോരോ സംഭവങ്ങളുടെ വാര്‍ഷികങ്ങളിലും മാത്രം ചിന്തവെച്ച് അസ്വസ്ഥരാകുകയും മറ്റെല്ലാ കാര്യങ്ങളിലും പിടിവിടുകയും ചെയ്യുന്നു. ഈ ദുഃഖം മൂലം -കൂട്ടുകാര്‍, കുടുംബം, ഭക്ഷണം, പഠനം,വ്യയാമം- തുടങ്ങിയ എല്ലാ കാര്യങ്ങളും മാറ്റിവെയ്ക്കപ്പെടുന്നു. ഈ ദുഃഖമെന്നത് പ്രിയപ്പെട്ട ഒരാളുടെ മരണത്തില്‍ ഉണ്ടാകുന്ന സങ്കടത്തേക്കാള്‍ ഒട്ടും കുറഞ്ഞതായിരിക്കുകയുമില്ല. നിങ്ങളുടെ പ്രണയബന്ധം മരിക്കുകയും നിങ്ങള്‍ തകര്‍ന്നുപോകുകയും ചെയ്തിരിക്കുന്നു.
ഇങ്ങനെയൊരു അവസ്ഥ വരുന്നു എന്നത് നിങ്ങള്‍ എങ്ങനെയാണ് കാണാതെ പോയത്? ഇതിന്‍റെ സൂചനകള്‍ ഉണ്ടായിട്ടുണ്ടാകും-ഇത്തരം കാര്യങ്ങള്‍ ഒരു തയ്യാറെടുപ്പ് അല്ലെങ്കില്‍ ഒരുക്കം ഇല്ലാതെ സംഭവിക്കില്ല. നിങ്ങള്‍ 16 അല്ലെങ്കില്‍ 17 വയസിലാണ് തമ്മില്‍ കാണാന്‍ തുടങ്ങിയതെന്നും ഇപ്പോള്‍ നിങ്ങള്‍ക്ക് 20-21 ആയെന്നും ഇരിക്കട്ടെ. നിങ്ങള്‍ ആദ്യം കണ്ട സമയത്തില്‍ നിന്നും വ്യത്യസ്തമായി നിങ്ങള്‍ക്ക് തമ്മില്‍ പങ്കുവെയ്ക്കാന്‍ അത്രയധികം പൊതുവായ കാര്യങ്ങള്‍ ഇല്ലാത്ത അവസ്ഥയിലേക്ക് നിങ്ങള്‍ മാറിയതായിരിക്കാം കാരണം. അല്ലെങ്കില്‍ നിങ്ങളില്‍ ഒരാള്‍ മറ്റേയാളേക്കാള്‍ വളരെയധികം വിട്ടുവീഴ്ചകള്‍ചെയ്തതും കുറേയേറെക്കാലം കഴിഞ്ഞ് അതിന്‍റെ സമ്മര്‍ദ്ദം അനുഭവപ്പെടാന്‍ തുടങ്ങിയെന്നതും ആയിരിക്കാം കാരണം.ഒരു പക്ഷെ നിങ്ങളുടെ കൂട്ടുകാരി മറ്റൊരാളുടെ കൂടെയായിരിക്കുന്നതാണ് അവള്‍ക്ക് കൂടുതല്‍ സുഖകരം എന്ന് സ്വയം കണ്ടെത്തിയിട്ടുണ്ടാകാം. നിങ്ങളില്‍ എന്തെങ്കിലും കുറവുണ്ട് എന്ന് ഇതിന് അര്‍ത്ഥമില്ല, അവളുടെ ആവശ്യങ്ങള്‍ മാറിയിരിക്കുന്നു എന്ന് മാത്രമാണ് ഇതിന് അര്‍ത്ഥം. അവളുടെ ഭാഗത്തുനിന്ന് നോക്കുമ്പോള്‍ അവള്‍ ആകെ ആശയക്കുഴപ്പത്തിലാണെന്നും സ്വയം കാര്യങ്ങള്‍ ചിന്തിച്ചെടുക്കാന്‍ അവള്‍ക്ക് കുറച്ച് സമയം ആവശ്യമുണെന്നും അവള്‍ നിങ്ങളെ അറിയിക്കുക എന്നത് തികച്ചും ന്യായമാണ്. ഇതിന്‍റെ ഫലമായി ഒടുവില്‍ ഒരു തുറന്ന സംസാരം ആവശ്യമാണ്, അതില്‍ ചിലപ്പോള്‍ നിങ്ങള്‍ കാര്യങ്ങളെ അടുക്കിപ്പെറുക്കിയെടുക്കുകയും നിങ്ങളുടെ ബന്ധത്തെ കൂടുതല്‍ ഉയര്‍ന്ന ഒരു തലത്തിലേക്ക് കൊണ്ടുപോകുകയും ചെയ്തേക്കാം, അല്ലെങ്കില്‍ വഴി പിരിയാന്‍ തീരുമാനിച്ചേക്കാം. നിങ്ങള്‍ പിരിയുകയാണെങ്കില്‍ ഒരു മുറിവ്-മനോവേദന- ഒഴിവാക്കാനാകാത്തതാണ്. പക്ഷെ നിങ്ങള്‍ക്ക് ആവശ്യമുള്ള എന്തിനെങ്കിലും വേണ്ടി നിങ്ങള്‍ എത്തിപ്പിടിക്കുമ്പോള്‍ എല്ലായ്പ്പോഴും നേരിടുന്ന ഒരു അപകടമാണിത്.
ഈ മുറിവ് അല്‍പമൊന്ന് ഉണങ്ങുന്നതുവരെ നിങ്ങള്‍ നിങ്ങളുടെ പുറന്തോടിനുള്ളില്‍ കുറച്ചുനാള്‍ നിഷ്ക്രിയനായിരിക്കാന്‍ ആഗ്രഹിച്ചേക്കും, പക്ഷെ ആത്യന്തികമായി നിങ്ങള്‍ മുന്നോട്ട് പോകുക തന്നെ വേണം.
നിങ്ങള്‍ക്ക് ചുറ്റും ഒരുപാട് നല്ല ആളുകള്‍ ഉണ്ട് എന്ന കാര്യം നിങ്ങള്‍ തിരിച്ചറിയുകയാണെങ്കില്‍ വൈകാതെ തന്നെ കാര്യങ്ങള്‍ നിങ്ങള്‍ ചിന്തിച്ചിട്ടുള്ളതിനേക്കാള്‍ നല്ലതാതാകുന്നതായി നിങ്ങള്‍ക്ക് കാണാനാകും. ഒരു സ്ഥിര 'ബന്ധം' തെരഞ്ഞെടുക്കാന്‍ ചിന്തിക്കുന്നതിന് മുമ്പ് ധാരാളം നല്ല കൂട്ടുകാരെ നിങ്ങള്‍ സമ്പാദിക്കേണ്ടതുണ്ട്. അതിലും പ്രധാനപ്പെട്ട ഒരു കാര്യം, ഇത്തരത്തിലുള്ള സമ്പര്‍ക്കങ്ങളിലൂടെ നിങ്ങള്‍ നിങ്ങളെതന്നെ അറിയുകയും ആളുകളെ നന്നായി മനസിലാക്കുകയും ചെയ്യും എന്നതാണ്. ഭാവിയില്‍ വിവാഹം പോലെ ഗൗരവമുള്ള ഒരു ബന്ധത്തിന് നിങ്ങള്‍ സ്വയം തയ്യാറാകുമ്പോള്‍ ഇത് കൂടുതല്‍ എളുപ്പമുള്ളതായി നിങ്ങള്‍ക്ക് മനസിലാകും.
നിങ്ങള്‍ക്ക് ഒരു പ്രണയത്തകര്‍ച്ച ഉണ്ടാകുകയും കുറേ മാസങ്ങള്‍ക്ക് ശേഷവും അത് നിങ്ങളെ വല്ലാതെ അസ്വസ്ഥമാക്കുകയും ദുഃഖിപ്പിക്കുകയും കരയിക്കുകയും ചെയ്യുന്നുണ്ടെങ്കില്‍ നിങ്ങള്‍ എന്ത് ചെയ്യും? ഇത് ഒരു സങ്കടത്തിന് അപ്പുറത്തുള്ള കാര്യമാണ്, അത് പതുക്കെ നിങ്ങളെ നശിപ്പിക്കും. ഈ പ്രണയബന്ധ തകര്‍ച്ച നിങ്ങളുടെ ശാരീരികാരോഗ്യം, പഠനം, സാമൂഹ്യ ജീവിതം, പോലുള്ള എല്ലാ കാര്യങ്ങളുടേയും താളം തെറ്റിക്കുന്നു എങ്കില്‍ നിങ്ങള്‍ നിങ്ങളെ സ്വയം വിഷാദത്തിലേക്ക് തള്ളിവിട്ടതാകാന്‍ സാധ്യതയുണ്ട്. നിങ്ങളുടെ ഏറ്റവും അടുത്ത സുഹൃത്തിന് പോലും നിങ്ങളെ എങ്ങനെ ആശ്വസിപ്പിക്കണമെന്ന് അറിയാനാകില്ല.
അതിനാല്‍ ഇത്തരമൊരു സാഹചര്യത്തില്‍ ഒരു മാനസികാരോഗ്യ വിദഗ്ധനില്‍ നിന്ന് സഹായം സ്വീകരിക്കുന്ന കാര്യം നിങ്ങള്‍ പരിഗണിക്കേണ്ടതുണ്ട്. നിങ്ങളുടെ ഈ വിഷാദഘട്ടം വളരെ തീവ്രമായതും ദീര്‍ഘനാളായി തുടരുന്നതുമാണെങ്കില്‍ ചിലപ്പോള്‍ മരുന്നു കഴിക്കേണ്ടതായി വന്നേക്കും.
നമ്മുടെ രാജ്യത്ത് മിക്കവാറും മാതാപിതാക്കള്‍ തങ്ങളുടെ മകന്‍ അല്ലെങ്കില്‍ മകള്‍ പ്രണയബന്ധത്തിലേര്‍പ്പെടുന്നതിനെ അംഗീകരിക്കുന്നില്ല. മകന്/മകള്‍ക്ക് വിവാഹം കഴിക്കാന്‍ സമയമായി എന്ന് തങ്ങള്‍ക്ക് തോന്നുമ്പോള്‍ പരമ്പരാഗത രീതിയില്‍ കൂടിയാലോചിച്ച് ഉറപ്പിക്കുന്ന കല്യാണം കഴിച്ചു കൊടുക്കാനാണ് അവര്‍ താല്‍പര്യപ്പെടുന്നത്. ഇത് വളരെ സ്വീകാര്യമായി കാണുന്ന നിരവധി ചെറുപ്പക്കാരുണ്ട്, കാരണം അവരുടെ സമുദായത്തിലെ ആളുകളുമായും മൂല്യങ്ങളുമായും പൊരുത്തപ്പെടുന്നതിനും മാതാപിതാക്കളുടെ തീരുമാനത്തില്‍ വിശ്വാസമര്‍പ്പിക്കുന്നവരുമാണ് ഇവര്‍.
ചിലര്‍, തങ്ങള്‍ ആഗ്രഹിക്കുന്ന ജോലി- കരിയര്‍- കൈവരിച്ചതിന് ശേഷം മതി പ്രണയബന്ധങ്ങള്‍ എന്നു കരുതി അത് പിന്നത്തേക്ക് മാറ്റി വെയ്ക്കുന്നു. എന്തുകൊണ്ട് പാടില്ല? ഒരു കാമുകിയെ അല്ലെങ്കില്‍ കാമുകനെ നേടുക എന്നത് വളരെ നിസാരമായ ഒരു കാര്യമാണ്, കാരണം മറ്റെല്ലാവരും ഡേറ്റിംഗിലാണ് എന്ന സമ്മര്‍ദ്ദം അനുഭവപ്പെടുന്നതുകൊണ്ട് മാത്രം ഒരു കൂട്ടുകാരനേയോ കൂട്ടുകാരിയേയോ നേടുക എന്നത് മണ്ടത്തരമാണ്. ഈ രീതിയിലുള്ള പ്രണയബന്ധങ്ങള്‍ കാപട്യമായിരിക്കും, ഇത് ആത്യന്തികമായി സങ്കടം കൊണ്ടുവരിക മാത്രമായിരിക്കും ചെയ്യുന്നത്.
പ്രണയബന്ധങ്ങള്‍ സാധാരണയായി മുന്‍കൂട്ടി തീരുമാനിച്ചുള്ളതായിരിക്കില്ല. രണ്ട് വ്യക്തികള്‍ക്ക് പരസ്പരം ഇഷ്ടം തോന്നുന്നു, അവര്‍ ഒന്നിച്ച് സമയം ചെലവഴിക്കാന്‍ തുടങ്ങുകയും അവര്‍ തങ്ങളെ സ്വയം ഇണകളായി കാണാന്‍ തുടങ്ങുകയും ചെയ്യുന്നു. മുമ്പോട്ട് പോകുമ്പോള്‍ ഈ സമീകരണത്തിന് എന്തും സംഭവിക്കാം- ഇത് കൂടുതല്‍ മെച്ചപ്പെട്ടേക്കാം, ഒന്നുമില്ലാതായിത്തീര്‍ന്നേക്കാം, അല്ലെങ്കില്‍ പെട്ടെന്ന് അവസാനിച്ചേക്കാം.
പരസ്പരം - മറ്റേയാള്‍ ചിന്തിക്കുന്നതും പ്രവര്‍ത്തിക്കുന്നതും എന്താണെന്ന് - ശരിക്കും അറിയാത്ത രണ്ട് പേര്‍ ഉള്‍പ്പെടുന്ന ഒരു ബന്ധത്തില്‍ ഉണ്ടാകുന്ന യാഥാര്‍ത്ഥ്യബോധത്തോടെയല്ലാത്ത പ്രതീക്ഷകളാണ് മിക്കവാറും ബന്ധങ്ങളുടെ തകര്‍ച്ചയ്ക്ക് കാരണമാകുന്നത്. മനുഷ്യര്‍ക്ക് തങ്ങള്‍ വിചാരിക്കുന്നത്ര നന്നായി തങ്ങളെത്തന്നെ അറിയില്ലല്ലോ. പിന്നല്ലേ സങ്കീര്‍ണതയുള്ള മറ്റൊരു വ്യക്തിയില്‍ നിന്ന് എന്ത് പ്രതീക്ഷിക്കണം എന്ന് അറിയാനാകുക. ഏത് സാഹചര്യത്തിലും ഒരു ബന്ധത്തിന്‍റെ തകര്‍ച്ച എന്നാല്‍ ആരംഭത്തില്‍ വലിയ പ്രതീക്ഷ നല്‍കുകയും എന്നാല്‍ പ്രതീക്ഷിച്ച തരത്തിലേക്ക് തിരിയാതിരിക്കുകയും ചെയ്ത ഒരു ബന്ധം അവസാനിക്കല്‍ തന്നെയാണ്. ഇത് ഒരു അനുഭവം മാത്രമാണ്, നിങ്ങളുടെ ജീവിത പുസ്തകത്തിലെ ഒരു അദ്ധ്യായം, അല്ലാതെ നിങ്ങളുടെ ജീവിതത്തിന്‍റെ അര്‍ത്ഥവും മൂല്യവും കണക്കാക്കുന്നതിനുള്ള ഒരു അളവുകോലല്ല.