എന്‍റെ മകള്‍ക്ക് 17 വയസായി. ആറുമാസം കഴിയും മുമ്പ് അവള്‍ക്ക് 18 ആകുമെന്ന് എന്നെ നിര്‍ത്താതെ ഓര്‍മ്മപ്പെടുത്തിക്കൊണ്ടുമിരിക്കുന്നു. എന്ത്, ഇത് സത്യമാണോ! അവളുടെ കൗമാരം എന്ന കുഴിബോംബുകള്‍ ഒളിഞ്ഞിരിക്കുന്ന കാലം ഞാന്‍ തരണം ചെയ്തു കഴിയാറായോ? ശരി, അവള്‍ യുവതിയാകും മുമ്പുള്ള അവസാന നാഴികകളിലാണ് ഞാന്‍. കൗമാരത്തെക്കുറിച്ചും ചില മാതാപിതാക്കള്‍ അതിനെ ഏതാണ്ട് ഭയപ്പെടും വിധം ഒരു വെല്ലുവിളിയായി കാണുന്നത് എന്തുകൊണ്ടെന്നതിനെക്കുറിച്ചും ചിന്തിക്കാന്‍ പറ്റിയ സമയമാണിതെന്ന് തോന്നുന്നു.
കൗമാരം എന്നാല്‍ എങ്ങനെയെങ്കിലും കടിച്ചുപിടിച്ച് സഹിക്കേണ്ട ഒരു മോശം കാലഘട്ടമല്ല. ആത്യന്തികമായി കുട്ടിയേയും മാതാപിതാക്കളേയും വളരാനും ശരിയായി കൈകാര്യം ചെയ്യപ്പെട്ടാല്‍ മുതിര്‍ന്നവരെന്ന നിലയ്ക്ക് കുറെക്കൂടി ഉറപ്പുള്ള ബന്ധം സ്ഥാപിക്കാനും സഹായിക്കുന്ന ഘട്ടമാണിത്. പക്ഷെ വിജയകരമായി കൗമാരത്തെ തരണം ചെയ്യണമെങ്കില്‍ നമ്മള്‍ ഈ ഘട്ടത്തെ ശരീരശാസ്ത്രപരവും ധാരണാപരവുമായ വികാസത്തിന്‍റെ അടിസ്ഥാനത്തില്‍ മാത്രമല്ല സ്വത്വ രൂപീകരണത്തിന്‍റേയും മാതാപിതാക്കള്‍, സുഹൃത്തുകള്‍, പങ്കാളികള്‍ എന്നിവരുമായുള്ള ബന്ധം പുനര്‍നിര്‍വചിക്കുന്നതിന്‍റേയും അടിസ്ഥാനത്തില്‍ മനസിലാക്കേണ്ടതുണ്ട്.
ശരീരശാസ്ത്രപരമായ മാറ്റങ്ങള്‍ വളരെ പ്രകടമാണ്. അതിനെക്കുറിച്ച് വിശദീകരിച്ച് ഞാന്‍ സമയം പാഴാക്കുന്നില്ല. ധാരണാപരമായ വികാസം അത്ര നന്നായി മനസിലാക്കപ്പെട്ടതല്ല. ഒരു വ്യക്തിയുടെ ജീവിതത്തിലെ തലച്ചോറിന്‍റെ ത്വരിതമായ വികാസത്തിന്‍റെ രണ്ടാം തിരയിളക്കമാണ് കൗമാരം. കൂടുതല്‍ സങ്കീര്‍ണമായ ചിന്താ പ്രക്രിയകളുടെ തുടക്കം. അമിഗ്ഡല (തലച്ചോറില്‍ ഭയം, ദേഷ്യം, ആഹ്ലാദം തുടങ്ങിയ വികാരങ്ങളെ കൈകാര്യം ചെയ്യുന്ന ഭാഗം) മുതിര്‍ന്നവരിലേതുപോലെ വികാസം പ്രാപിച്ചിട്ടുള്ളതല്ലെങ്കിലും വികാരങ്ങളെ തിരിച്ചറിഞ്ഞ് മനസിലാക്കാനുള്ള അവരുടെ കഴിവ് അപര്യാപ്തമാണെങ്കിലും തലച്ചോറിന്‍റെ മറ്റ് ഭാഗങ്ങളില്‍ സ്ഫോടനാത്മകമായ വളര്‍ച്ച സംഭവിക്കുന്നുണ്ട്.
കൗമാരത്തിന്‍റെ ആദ്യഘട്ടത്തില്‍ ഇവര്‍ വീട്ടിലും സ്കൂളിലും വ്യക്തിപരമായ തീരുമാനങ്ങളില്‍ ശ്രദ്ധകേന്ദ്രീകരിക്കുന്നു-അധികാരത്തേയും സാമൂഹിക മാനദണ്ഡങ്ങളേയും അവര്‍ ചോദ്യം ചെയ്ത് തുടങ്ങുന്നു; അവരുടെ ജീവിതവുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ അവര്‍ സ്വന്തമായ ചിന്തകളും കാഴ്ചപ്പാടുകളും രൂപീകരിക്കാനും വാക്കുകളിലാക്കാനും തുടങ്ങുന്നു(ഞാന്‍ ഏത് കളി കളിക്കണം, ഏത് സുഹൃത്ത് സംഘത്തില്‍ ചേരണം, മാതാപിതാക്കളുടെ ഏത് നിയമമാണ് മാറ്റണമെന്ന് ഞാന്‍ നിര്‍ബന്ധിക്കേണ്ടത്).
കൗമാരത്തിന്‍റെ മധ്യഘട്ടത്തില്‍ ഇവര്‍ അവര്‍ ശ്രദ്ധകേന്ദ്രീകരിക്കുന്ന മേഖല വിപുലീകരിച്ച് കൂടുതല്‍ ദാര്‍ശനികവും ഭാവിസംബന്ധിയുമായ കാര്യങ്ങള്‍ കൂടി ചിന്തയില്‍ ഉള്‍പ്പെടുത്തുകയും ചെയ്യുന്നു. ഇവര്‍ കൂടുതല്‍ ചോദ്യം ചെയ്യുകയും വിശകലനം ചെയ്യുകയും ചെയ്യുന്നു. അവര്‍ അവരുടേതായ ധാര്‍മിക നിയമങ്ങള്‍ രൂപീകരിക്കാനും വ്യത്യസ്ത സാധ്യതകളെക്കുറിച്ച് ചിന്തിക്കാനും തങ്ങളുടെ സ്വത്വം രൂപീകരിക്കാനും തുടങ്ങുന്നു. അവര്‍ സാധ്യമായ ഭാവി ലക്ഷ്യങ്ങളെക്കുറിച്ച് ചിന്തിക്കുകയും കൂടുതല്‍ ദീര്‍ഘകാലാടിസ്ഥാനത്തിലുള്ള പദ്ധതികള്‍ ആവിഷ്ക്കരിക്കുകയും ചെയ്യുന്നു.
കൗമാരത്തിന്‍റെ അന്ത്യ ഘട്ടത്തില്‍ ഇവരുടെ സങ്കീര്‍ണ ചിന്താ പ്രക്രിയകള്‍ അത്ര ആത്മകേന്ദ്രീകൃതമല്ലാത്തതും കൂടുതല്‍ സാര്‍വലൗകികവുമായ നീതി, രാഷ്ട്രീയം തുടങ്ങിയ ആശയങ്ങളില്‍ കൂടുതല്‍ കേന്ദ്രീകരിക്കുന്നു. അവര്‍ക്ക് ആദര്‍ശവാദപരമായ കാഴ്ചപ്പാടുകള്‍ ഉണ്ടാകുന്നു. അവര്‍ ധാരാളം തര്‍ക്കിക്കുകയും ചര്‍ച്ച ചെയ്യുകയും വിരുദ്ധ കാഴ്ചപ്പാടുകളോട് അസഹിഷ്ണുത കാണിക്കുകയും ചെയ്യുന്നു. കരിയര്‍ സംബന്ധിച്ച തീരുമാനം എടുക്കുന്നതിലും മുതിര്‍ന്നവരുടെ സമൂഹത്തില്‍ തങ്ങള്‍ക്ക് ലഭിക്കാനിരിക്കുന്ന പങ്കിനെക്കുറിച്ച് ചിന്തിക്കുന്നതിലും ശ്രദ്ധകേന്ദ്രീകരിക്കുന്നു. അവര്‍ ഉള്ളിലേക്ക് നോക്കുകയും ആത്മബോധം ഉള്ളവരായിത്തീരുകയും ചെയ്യുന്നു. ഇത് ചിലപ്പോള്‍ അമിതമായി തന്‍റെ സ്വത്വത്തില്‍ ശ്രദ്ധകേന്ദ്രീകരിക്കുന്ന അവസ്ഥയിലേക്ക് എത്തിച്ചേരാം. അവര്‍ പ്രശ്നങ്ങളെ വിവിധ മാനങ്ങളില്‍ കാണാനും തുടങ്ങുന്നു. അവര്‍ വസ്തുതകളെ പരമസത്യങ്ങളായി അംഗീകരിക്കുന്നില്ല. അതിനാല്‍ അവര്‍ മാതാപിതാക്കളുടെ മൂല്യങ്ങളേയും അധികാരത്തേയും ചോദ്യം ചെയ്യുന്നു. ഇവിടെയാണ് മാതാപിതാക്കളായ നമുക്ക് വെല്ലുവിളി അനുഭവപ്പെടാന്‍ തുടങ്ങുന്നത്.
ഞാന്‍ ആരാണ്? എന്ന വലിയ ചോദ്യത്തെക്കുറിച്ച് ചിന്തിക്കാന്‍ തുടങ്ങുമ്പോള്‍ ഉള്ള ഒരു കൗമാരക്കാരന്‍റെ സ്വത്വാന്വേഷണം ഈ ഘട്ടത്തിന്‍റെ വലിയൊരു ഭാഗമാണ്. സുഘടിതമായ ഒരു സ്വത്വം രൂപീകരിക്കലും അതിനെക്കുറിച്ച് ആശയക്കുഴപ്പമില്ലാതിരിക്കലുമാണ് അവരുടെ പ്രധാന ലക്ഷ്യം. ഈ പ്രക്രിയയില്‍ തങ്ങള്‍ മാത്രമാണ് സ്വാധീനം ചെലുത്തുന്നത് എന്നു വിശ്വസിക്കാനാണ് മാതാപിതാക്കള്‍ക്ക് ഇഷ്ടം. എന്നാല്‍ ഈ സ്വത്വാന്വേഷണത്തെ സുഹൃത്തുക്കളും വിദ്യാലയവും അയല്‍പക്കവും സമൂഹവും മാധ്യമങ്ങളും എല്ലാം സ്വാധീനിക്കുന്നു. കൗമാരക്കാര്‍ ഈ പ്രക്രിയ വിജയകരമായി പൂര്‍ത്തിയാക്കണമെങ്കില്‍ അവര്‍ രണ്ട് പടികള്‍ കടക്കണം. ആദ്യത്തേതില്‍ പൊരുത്തപ്പെടാനാകാത്ത ബാല്യകാല വിശ്വാസങ്ങളെ ചോദ്യം ചെയ്യുകയും അവയില്‍ നിന്ന് വിട്ടുമാറുകയും അതിന് ശേഷം പൊരുത്തപ്പെടാനാകുന്ന ഒരുകൂട്ടം വിശ്വാസങ്ങളെ കണ്ടെത്തുകയുമാണ് ചെയ്യുന്നത്. രണ്ടാം ഘട്ടത്തില്‍ ഉണ്ടാകുന്നത് തങ്ങള്‍ തെരഞ്ഞെടുത്ത സ്വത്വത്തോട് പ്രതിബദ്ധത സ്ഥാപിക്കലാണ്.
സ്വയം നോക്കികാണുന്നതിനുള്ള വ്യത്യസ്ത വഴികളില്‍ തീഷ്ണമായ വിശകലനവും അന്വേഷണവും നടക്കുന്ന സമയമാണിത്. ഇതില്‍ നാടകീയമായ മാറ്റങ്ങളും അനിശ്ചിതത്വവും പൂര്‍വ്വകാല അനുഭവങ്ങളേയും വര്‍ത്തമാനകാല വെല്ലുവിളികളേയും സമൂഹത്തിന്‍റെ ആവശ്യങ്ങളേയും പ്രതീക്ഷകളേയും ഒരു സമഗ്ര രൂപത്തില്‍ ഏകീകരിക്കലും അടങ്ങിയിരിക്കുന്നു. കൗമാരക്കാരന് സ്വസ്ഥതയും ആത്മവിശ്വാസവും തന്‍റെ മൂല്യത്തെക്കുറിച്ച് ബോധവും അനുഭവപ്പെടണമെങ്കില്‍ അവന്‍ തെരഞ്ഞെടുത്ത സ്വത്വം മറ്റുള്ളവര്‍ തിരിച്ചറിയുകയും സ്ഥിരീകരിക്കുകയും അംഗീകരിക്കുകയും വേണം. അതുകൊണ്ടാണ് മാതൃകാവ്യക്തിത്വങ്ങളെ തീവ്രമായി അന്വേഷിക്കുന്ന ഈ ഘട്ടത്തില്‍ അവര്‍ സുഹൃത്ത് സംഘങ്ങളിലേക്ക് തിരിയുകയും പരമ്പരാഗതമായ അധികാരകേന്ദ്രങ്ങളോട് കലഹിക്കുകയും ചെയ്യുന്നത്.
ഒരു വ്യക്തിയുടെ സ്വത്വ വികാസം നേരത്തേ തന്നെ തുടങ്ങുന്നു, തങ്ങള്‍ വ്യതിരിക്തരും അനന്യരുമായ മാതാപിതാക്കളില്‍ നിന്ന് വ്യത്യസ്തരായ വ്യക്തികളാണെന്ന് ഒരു കുട്ടിക്ക് ആദ്യം ബോധമുണ്ടാകുമ്പോള്‍ തന്നെ, കൗമാരപ്രായക്കാരാകുമ്പോള്‍ മാതാപിതാക്കളൊഴികെ മറ്റാരായി നിര്‍വചിക്കപ്പെട്ടാലും മതി എന്ന് ചിന്തിക്കുന്ന ഘട്ടത്തിലെത്തുന്നു. തങ്ങള്‍ മാതാപിതാക്കളുടെ കൂടെ കാണപ്പെടുന്നത് പോലും അവര്‍ക്ക് ഇഷ്ടപ്പെട്ടെന്നിരിക്കില്ല. മാതാപിതാക്കള്‍ പറയുന്നതും ചെയ്യുന്നതും എന്തും അവരെ ലജ്ജിപ്പിക്കുകയോ ബുദ്ധിമുട്ടിലാക്കുകയോ ചെയ്യും. ഈ വേര്‍പിരിയല്‍ (ഒരു പക്ഷെ നിരസിക്കലും) മാതാപിതാക്കളായ നമുക്ക് വേദനാജനകമാണ്. പക്ഷെ ഇതൊരു സ്വാഭാവിക പ്രക്രിയയാണെന്ന് നമ്മള്‍ സ്വയം ഓര്‍മ്മപ്പെടുത്തിക്കൊണ്ടിരിക്കണം. നമുക്കും നമ്മുടെ കുട്ടിക്കും ഇടയില്‍ മാത്രമല്ല, എല്ലാ കൗമാരക്കാര്‍ക്കും മാതാപിതാക്കള്‍ക്കും ഇടയിലും ഇത് സംഭവിക്കുന്നു.
മാതാപിതാക്കളെന്ന നിലയില്‍ നമ്മള്‍ ആഗ്രഹിക്കുന്നത് അവര്‍ പൂര്‍ണമായി പ്രവര്‍ത്തന സജ്ജരായ മുതിര്‍ന്നവരാകുകയും തങ്ങളുടെ സാധ്യതകള്‍ ഫലപ്രദമായി ഉപയോഗപ്പെടുത്തുകയും വേണം എന്നാണെങ്കില്‍ അവരുടെ വ്യക്തിത്വ രൂപീകരണത്തിന്‍റെ ഈ ഘട്ടത്തില്‍ അവരെ നമ്മള്‍ പിന്തുണയ്ക്കേണ്ടത് അത്യാവശ്യമാണ്. സ്വത്വ പ്രതിസന്ധിയാണ് വികാസത്തിന്‍റെ ഘട്ടത്തില്‍ കൗമാരക്കാര്‍ നേരിടുന്ന പ്രധാന സംഘര്‍ഷങ്ങളിലൊന്ന്. അത് ആത്മവിശ്വാസക്കുറവിലേക്കും തങ്ങള്‍ക്കായി ഇടം ആവശ്യപ്പെടുന്നതിലേക്കും ചിലപ്പോള്‍ കപടമായ വീമ്പുകാണിക്കലിലേക്കും ചിലപ്പോള്‍ അജയ്യരാണെന്ന ബോധത്തിലേക്കു പോലും നയിക്കും. ഇതിനെല്ലാമിടയില്‍ മര്യാദകെട്ട പെരുമാറ്റവും ദാര്‍ഷ്ട്യവും അതിരുകടന്ന അവകാശവാദവും എല്ലാം ഉണ്ടാകും. ഇതൊരു സ്വാഭാവിക പ്രക്രിയയാണെന്ന് നമുക്ക് എത്ര കൂടുതല്‍ ബോധ്യമുണ്ടോ അത്രയും കുറവായിരിക്കും നമുക്കത് ഭീഷണിയായി അനുഭവപ്പെടുന്നതും ചെറുത്തു നില്‍ക്കാന്‍ തോന്നുന്നതും. അങ്ങനെയായാല്‍ നമുക്ക് കൂടുതല്‍ എളുപ്പത്തില്‍ നമ്മുടെ മാനസികാരോഗ്യം നിലനിര്‍ത്താനും അവരുടെ യാത്രയ്ക്ക് കൂടുതല്‍ പിന്തുണ നല്‍കാനും കഴിയും. അതുകൊണ്ട് നമ്മള്‍ എന്ത് ചെയ്താലും അതവര്‍ക്ക് ബുദ്ധിമുട്ടായിരിക്കുമെന്നും കൂട്ടുകാര്‍ക്ക് നമ്മളേക്കാള്‍ പ്രാധാന്യം കൂടുതലായിരിക്കുമെന്നും നമ്മള്‍ അവരുടെ കണ്‍വെട്ടത്ത് ഉണ്ടായിരിക്കരുതെന്നും എന്നാല്‍ എല്ലായ്പ്പോഴും അവരുടെ ആവശ്യമനുസരിച്ച് അവരുടെ വിളിപ്പുറത്തുണ്ടായിരിക്കണമെന്നും അവര്‍ ആഗ്രഹിക്കുന്നു എന്നും എതിര്‍ ലിംഗക്കാരോട് അവര്‍ക്ക് താല്‍പര്യം ഉണ്ടാകുമെന്നും ഏതു കാര്യത്തില്‍ നിന്നും തങ്ങള്‍ക്ക് എന്താണ് നേട്ടമെന്ന് അവര്‍ എപ്പോഴും ചോദിക്കുമെന്നും നമ്മള്‍ കൊണ്ടുവരുന്ന എല്ലാ ആശയങ്ങളും അവര്‍ നിരസിക്കുമെന്നും ഉള്ള കാര്യങ്ങള്‍ നമ്മള്‍ അംഗീകരിക്കേണ്ടിയിരിക്കുന്നു.
ഇതിനെ 'പുതിയ സ്വാഭാവികത'യായി- 'സ്വാഭാവികമായ' സമ്മര്‍ദ്ദത്തിന്‍റെ കാലഘട്ടമായി-നമുക്ക് കാണാനും മനസിലാക്കാനും അംഗീകരിക്കാനും നമ്മുടെ അധികാരത്തോടുള്ള വെല്ലുവിളിയായെടുക്കാതെ ഒഴുക്കിനൊത്ത് പോകാനും നമുക്ക് കഴിഞ്ഞാല്‍ അത് അവര്‍ക്കും നമുക്കും വലിയൊരു സഹായമായേക്കും. എന്‍റെ കാര്യം പറയുകയാണെങ്കില്‍ ഇതേണ്ടാത് കഴിഞ്ഞതില്‍ എനിക്ക് സന്തോഷമുണ്ടെന്ന് പറയട്ടെ.