പലര്‍ക്കും, പ്രത്യേകിച്ച് ചെറുപ്പക്കാര്‍ക്ക് കൂട്ടുകാരാണ് അവരുടെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ടവര്‍. അവര്‍ കൂട്ടുകാര്‍ക്കൊപ്പം സ്കൂളില്‍, കോളേജില്‍ അല്ലെങ്കില്‍ ജോലിസ്ഥലത്ത് സമയം ചെലവഴിക്കുകയും സ്കൂള്‍ സമയം അല്ലെങ്കില്‍ ജോലി സമയം കഴിഞ്ഞും അവരുമായി ബന്ധപ്പെട്ടിരിക്കുകയും ചെയ്യുന്നു. കൂട്ടുകാര്‍ ജീവിതത്തിലേക്ക് കൂട്ടിച്ചേര്‍ക്കുന്ന ഊര്‍ജം, സ്നേഹം, മമത, പിന്തുണ, വിനോദം തുടങ്ങിയവ സൗഹൃദത്തെ അര്‍ത്ഥപൂര്‍ണമാക്കുന്നു.
നിങ്ങള്‍ ഹൈസ്കൂളില്‍, കോളേജില്‍ അല്ലെങ്കില്‍ ഉദ്യോഗത്തിന്‍റെ ഏറ്റവും താഴത്തെ തട്ടില്‍ ആണെങ്കില്‍ മറ്റ് ചെറുപ്പക്കാരുമൊത്ത് ധാരാളം സമയം ചെലവഴിക്കാന്‍ സാധ്യതയുണ്ട്. നിങ്ങള്‍ ഏതുതരം ആളുകളുമായാണ് പൊരുത്തപ്പെടുന്നതെന്നും ഏതു തരക്കാരെ ഇഷ്ടപ്പെടുന്നില്ലെന്നും ഇതൊക്കെ എന്തുകൊണ്ടെന്നും നിങ്ങള്‍ മനസിലാക്കിത്തുടങ്ങുന്നു. നിങ്ങളേയോ മറ്റുള്ളവരേയോ മുറിപ്പെടുത്താതെ സാഹചര്യങ്ങളോട് പൊരുത്തപ്പെട്ട് പോകാന്‍ നിങ്ങള്‍ പഠിക്കും. സ്കൂളില്‍, ജോലിസ്ഥലത്ത് അല്ലെങ്കിള്‍ സമൂഹത്തില്‍ ആളുകളുമായി നന്നായി ഒത്തിണങ്ങി പോകുക എന്നത് മാനസിക സൗഖ്യത്തിന് വളരെ അത്യന്താപേക്ഷിതമായ കാര്യമാണ്.
ചെറുപ്പക്കാര്‍ക്ക് ഇടയിലുണ്ടാകുന്ന സൗഹൃദം വൈകാരികമായി വളരെ ആഴത്തിലുള്ളതും പലപ്പോഴും ആത്മാര്‍ത്ഥതയും വിശ്വാസവും വളരെ ശക്തമായതുമായിരിക്കും. നിങ്ങള്‍ അടുത്തകാലത്ത് കണ്ടുമുട്ടിയ സഹപാഠികളില്‍ നിങ്ങളുടെ സമാനസ്വഭാവമുള്ള ഒരാളെ കണ്ടെത്തുന്നതായിരിക്കും ലോകത്തിലെ ഏറ്റവും അതിശയകരമായ വികാരങ്ങളിലൊന്ന്, അതുപോലെ തന്നെ നിങ്ങള്‍ കാര്യങ്ങളെക്കുറിച്ച് സംസാരിക്കാന്‍ തുടങ്ങുമ്പോള്‍ " ഹേയ്, ഞാനും' അങ്ങനെ തന്നെ' എന്നു പറയാനും തുടങ്ങും.
ഒരു ഗ്രൂപ്പില്‍ ആയിരിക്കുന്നതും ആരുടെ അഭിപ്രായങ്ങളാണോ നിങ്ങള്‍ക്ക് വളരെ പ്രധാനപ്പെട്ടതായിരിക്കുന്നത് ആ കുട്ടികളാല്‍ അംഗീകരിക്കപ്പെടുന്നതും ആവേശകരമായതും നിങ്ങളെ സമാശ്വസിപ്പിക്കുന്നതും ധൈര്യപ്പെടുത്തുന്നതും ജീവിതത്തെക്കുറിച്ച് കൂടുതല്‍ ധൈര്യം പകര്‍ന്നു നല്‍കുന്നുമൊക്കെയായ കാര്യമാണ്. നിങ്ങള്‍ ഒരു ടീനേജര്‍ ആണെങ്കില്‍ ഇത് നിങ്ങളെ കൗമാരത്തിന്‍റെ പുതിയ ലോകത്ത് സുരക്ഷിതത്വം അനുഭവപ്പെടുത്തും-ഇത് നിങ്ങള്‍ സമീപകാലത്ത് വിട്ടുപോന്ന ബാല്യത്തിന്‍റെ ലോകത്തില്‍ നിന്നും വളരെ വ്യത്യസ്തമായതാണ്.
സൗഹൃദത്തിന്‍റെ ഊഷ്മളതയില്‍ പൊതിഞ്ഞ് നില്‍ക്കുമ്പോള്‍ നിങ്ങള്‍ക്ക് കാര്യമായി തോന്നുന്ന കാര്യങ്ങളെക്കുറിച്ച് ഒറ്റയ്ക്ക് ആലോചിച്ച് അവ വെച്ച് പുഴുങ്ങിയെടുക്കുന്നിന് പകരം അക്കാര്യങ്ങളെക്കുറിച്ച് സ്വതന്ത്രമായി സംസാരിക്കാന്‍ നിങ്ങള്‍ക്ക് കഴിയുന്നു.
ഉദാഹരണത്തിന്, തുടക്കത്തില്‍, എട്ടാം ക്ലാസില്‍ സംഘങ്ങള്‍ ഉണ്ടാകും. ഏട്ടാം ക്ലാസിനും പന്ത്രണ്ടാം ക്ലാസിനും ഇടയില്‍, ചില കുട്ടികള്‍ ജോടിയായി തിരിയുകയും പ്രത്യേകമായ ബന്ധങ്ങള്‍ രൂപപ്പെടുത്തുകയും ചെയ്യും. ചില സ്കൂളുകളില്‍ ഇത്തരത്തില്‍ ചെയ്യുന്നതിനായി സഹപാഠികളുമായി കിടമത്സരം തന്നെയുണ്ടാകും, മറ്റുള്ളയിടത്ത് കോളേജ് പ്രവേശന പരീക്ഷയ്ക്ക് തയ്യാറെടുക്കുന്നതിലായിരിക്കും ഇത്. അവിടെ കുട്ടികളില്‍ നല്ലൊരു വിഭാഗം ഡേറ്റിംഗ് പോലുള്ള കാര്യങ്ങളിലേക്ക് 'ശ്രദ്ധതിരിഞ്ഞ്' പോകുന്നവരെ പുച്ഛത്തോടെ കാണുന്നവരുമാണ്. തീര്‍ച്ചയായും, ഓരോ കുട്ടിക്കും ശരിയെന്ത്, തെറ്റെന്ത് എന്നതിനെക്കുറിച്ച് അവരുടേതായ, വ്യത്യസ്തമായ ധാരണയുണ്ടായിരിക്കും. ഈ സമയത്ത് രൂപപ്പെടുന്ന പ്രത്യേക ബന്ധങ്ങള്‍ പിന്നീട് യഥാര്‍ത്ഥത്തില്‍ തങ്ങള്‍ രണ്ടുപേരും ചിന്തിച്ചതുപോലെയല്ല എന്ന് കുട്ടികള്‍ തിരിച്ചറിയുമ്പോള്‍ അവസാനിച്ചേക്കാം. മിക്ക ചെറുപ്പക്കാര്‍ക്കും ഇതൊരു പരീക്ഷണം നടത്തി നോക്കാന്‍ ആഗ്രഹിക്കുന്ന ഘട്ടമാണ്, എങ്കിലും അവര്‍ ബന്ധമുണ്ടാക്കുന്ന ആളെക്കുറിച്ച് അവര്‍ പൂര്‍ണമായും തികഞ്ഞ ഗൗരവത്തിലായിരിക്കുകയും പരീക്ഷണം എന്ന വാക്ക് അവര്‍ വെറുക്കുകയും ചെയ്യുന്നു.പക്ഷെ ആളുകള്‍ക്ക് എപ്പോഴും മാറ്റം വന്നുകൊണ്ടിരിക്കുന്നു എന്നതാണ് യാഥാര്‍ത്ഥ്യം, പ്രത്യേകിച്ച് അവര്‍ ചെറുപ്പമായിരിക്കുമ്പോഴും എപ്പോഴും പുതിയ അനുഭവങ്ങള്‍ക്ക് അനുകൂലമായ സാഹചര്യങ്ങളിലായിരിക്കുമ്പോഴും. ഇത് വ്യക്തമാക്കാന്‍ ഒരു ഉദാഹരണം പറയുകയാണെങ്കില്‍- ഒരു കുടുംബത്തിലെ ഏറ്റവും മൂത്തകുട്ടിയും ഏറ്റവും ഇളയ കുട്ടിയും അവരുടെ മാതാപിതാക്കളെക്കുറിച്ച് പറയുന്നത് വളരെ വ്യത്യസ്തമായിട്ടായിരിക്കും, കാരണം മാതാപിതാക്കള്‍ ഇവരുടെ ജനനങ്ങള്‍ക്കിടയിലെ വര്‍ഷങ്ങള്‍ കൊണ്ട് കുട്ടികളെ വളര്‍ത്തുക എന്നതിന്‍റെ വിവിധ അനുഭവങ്ങളുടെ അടിസ്ഥാനത്തില്‍ വളരെയധികം മാറിയിട്ടുണ്ടാകും.
ഇക്കാര്യത്തില്‍ എനിക്ക് നല്‍കാനുള്ള ഒരേയൊരു ഉപദേശം: നിങ്ങളുടെ ഒരു ദിവസത്തെ- നിങ്ങള്‍ ഉണര്‍ന്നിരിക്കുന്ന 16-18 മണിക്കൂര്‍- വീതംവെയ്ക്കുക, ഒരു പിസ പകുക്കുന്നത് പോലെ. ഈ ആറു കക്ഷണത്തില്‍ രണ്ടില്‍ കൂടുതല്‍ കൂട്ടുകാര്‍ക്ക് കൊടുക്കാതിരിക്കുക. അവശേഷിക്കുന്ന സമയം വ്യക്തിപരമായ കാര്യങ്ങള്‍ക്കും സ്കൂള്‍ പ്രവര്‍ത്തനങ്ങള്‍ നടത്താനും കുടുംബകാര്യങ്ങളില്‍ പങ്കുചേരാനും വായന പോലെ ഒറ്റയ്ക്ക് ആസ്വദിക്കുന്ന പ്രവര്‍ത്തികളില്‍ ഏര്‍പ്പെടാനും നടക്കാന്‍ പോകുക, നിങ്ങളുടെ നായയെ നടക്കാന്‍ കൊണ്ടുപോകുക, വീട്ടുജോലികളില്‍ നിങ്ങളുടെ പങ്ക് നിര്‍വഹിക്കുക പോലെയുള്ള ദൈനംദിന കാര്യങ്ങള്‍ ചെയ്യാനും മറ്റും ആവശ്യമുണ്ട്. ഈയൊരു സംതുലനം പാലിച്ചുകഴിഞ്ഞാല്‍ നിങ്ങള്‍ക്ക് എല്ലാ കാര്യങ്ങളും ഒരുപോലെ ആസ്വദിക്കാന്‍ കഴിയുകയും ജീവിതത്തിലെ ഒരു കാര്യത്തിലും സമയമില്ലായെന്ന അവസ്ഥ ഉണ്ടാകാതിരിക്കുകയും ചെയ്യും.
ആളുകള്‍ വളരെയധികം വിശ്വാസവും വികാരങ്ങളും കൂട്ടുകാരില്‍ നിക്ഷേപിക്കുന്നുണ്ട്. ചിലപ്പോള്‍ ചതി പറ്റുന്നു. പരസ്പരം ജീവനായി കരുതിയിരുന്നവര്‍ തമ്മില്‍ തെറ്റിപ്പിരിയുന്നു. ഇത്തരം ഒരു നഷ്ടം കൊണ്ട് ഉണ്ടാകുന്ന ദുഃഖം നിങ്ങളുടെ ലോകത്തെ കീഴ്മേല്‍ മറിച്ചേക്കാം. കാരണം പ്രധാനമാണെന്ന് നിങ്ങള്‍ക്ക് അറിയാവുന്ന കാര്യങ്ങളില്‍ നിങ്ങള്‍ക്ക് ശ്രദ്ധിക്കാന്‍ കഴിയുന്നില്ല. അത് നിങ്ങള്‍ പന്ത്രണ്ടാം ക്ലാസിലെ അവസാന പരീക്ഷയെ അഭിമുഖീകരിക്കുന്ന സമയമോ, പ്രൊഫഷണല്‍ കോളേജിലെ സെമസ്റ്റര്‍ പരീക്ഷയുടെ സമയമോ ആണെങ്കില്‍ നിങ്ങള്‍ക്ക് തീര്‍ച്ചയായും സഹായം ആവശ്യമായിരിക്കും. കൂട്ടുകാരും പരീക്ഷയ്ക്കായി തയ്യാറെടുത്തുകൊണ്ടിരിക്കുകയായിരിക്കും എന്നതിനാല്‍ നിങ്ങള്‍ക്ക് നിങ്ങളുടെ പ്രശ്നങ്ങള്‍ കൂട്ടുകാരുടെ മേല്‍ ചുമത്താന്‍ പറ്റുന്നതിന് ഒരു പരിധിയുണ്ടായിരിക്കും. മാതാപിതാക്കളും സഹോദരങ്ങളുമായിരിക്കും നിങ്ങളുടെ ഏറ്റവും മികച്ച സഹായകേന്ദ്രം, ഒരു പക്ഷെ അവര്‍ നിങ്ങളുടെ ഏറ്റവും കടുത്ത വിമര്‍ശകരാണെങ്കില്‍ പോലും. നിങ്ങള്‍ക്ക് കഴിയുമെങ്കില്‍ അവരില്‍ വിശ്വാസം അര്‍പ്പിക്കുക. എന്തുതന്നെ സംഭവിച്ചാലും മടുപ്പിലേക്ക്, വിഷാദത്തിലേക്ക്, നൈരാശ്യത്തിലേക്ക് വീണുപോകാതിരിക്കുക.
നിങ്ങളുടെ ചുറ്റുവട്ടത്തുനിന്നും സഹായം നേടാന്‍ കഴിയുന്നില്ലായെങ്കില്‍ സ്കൂള്‍ കൗണ്‍സിലറെ, അല്ലെങ്കില്‍ നിങ്ങളുടെ ഡോക്ടറെ സമീപിക്കുക. ഇവരിലാര്‍ക്കെങ്കിലും നിങ്ങളെ ശാന്തരാക്കുന്നതിനും ശരിയായ പാതയിലേക്ക് കൊണ്ടുവരുന്നതിനോ അല്ലെങ്കില്‍ ആവശ്യമെന്നു കണ്ടാല്‍ ഒരു സൈക്യാട്രിസ്റ്റിനടുത്തേക്ക് പറഞ്ഞുവിടുന്നതിനോ കഴിയും.