ബാല്യകാലം

ശിക്ഷിക്കാതെ തന്നെ നിങ്ങളുടെ കുട്ടിയെ അച്ചടക്കം ശീലിപ്പി ക്കുവാൻ നിങ്ങൾക്ക് കഴിയുമോ?

വൈറ്റ് സ്വാൻ ഫൗണ്ടേഷൻ

ഈ പരമ്പരയിലെ എന്‍റെ കഴിഞ്ഞ ലേഖനത്തെപ്പറ്റി ചിന്തിക്കവേയാണ്, ഞാൻ പൂട്ടി  മുദ്ര വയ്ക്കാൻ ഉദ്ദേശിച്ചിരുന്ന ഒരു വിഷയത്തിൽ കൃത്യമായി ഉൾക്കൊള്ളുന്ന തരം ഒരു ചോദ്യം - ഫലപ്രദമായ അച്ചടക്കം നടപ്പിലാക്കൽ എന്ന വിഷയം - ഒരു വായനക്കാരനിൽ നിന്ന് ലഭിച്ചത്. വായനക്കാരന്‍റെ ചോദ്യം ഇങ്ങനെ പോയി: കുട്ടികൾ കുസൃതിക്കാരാണ്, പഠനത്തിൽ താൽപര്യമില്ല, അല്ലെങ്കിൽ അശ്രദ്ധമായ സ്വഭാവം ആണ് എന്നുള്ളപ്പോൾ അവരെ അടിക്കുകയോ, അല്ലെങ്കിൽ അവരുടെ ഭാവിയെപ്പറ്റി പറഞ്ഞ് ചെറിയ രീതിയിൽ ഭയപ്പെടുത്തുകയോ ചെയ്ത് അവരെ ശിക്ഷിക്കുന്നതിന് ഞങ്ങൾ നിർബന്ധിതരാകുന്നു. പ്രശ്‌നക്കാരായ കുട്ടികളെ മെച്ചപ്പെടുത്തി എടുക്കുന്നതിന് മറ്റെന്തെങ്കിലും പോംവഴി ഉണ്ടോ എന്ന് ദയവായി ഞങ്ങൾക്ക് മാർഗ്ഗനിർദ്ദേശം നൽകുവാൻ കഴിയുമോ?

ഒരു മിഥ്യാധാരണ ദുരീകരിച്ചുകൊണ്ട്, അച്ചടക്കം പരിശീലിപ്പിക്കുന്നതിനും ശിക്ഷിക്കുന്നതിനും തമ്മിലുള്ള വ്യത്യാസം എടുത്തുപറഞ്ഞുകൊണ്ട്, ഈ വിഷയം തുടങ്ങുന്നതിന് ഞാൻ ആഗ്രഹിക്കുന്നു. മാതാപിതാക്കള്‍ പലപ്പോഴും ഈ രണ്ടു വാക്കുകളും പരസ്പരം മാറ്റി, ഇടകലർത്തി ഉപയോഗിക്കുന്നുണ്ട്; എങ്കിലും പ്രചോദനം  നൽകുന്ന കാര്യത്തിൽ അവ രണ്ടും അടിസ്ഥാനപരമായി വ്യത്യസ്തമത്രേ. ശിക്ഷയുടെ ലക്ഷ്യം കഴിഞ്ഞുപോയ ഒരു മോശം പെരുമാറ്റത്തെ പറ്റി കുട്ടിയുടെ മേൽ കുറ്റം സ്ഥാപിക്കുക എന്നതാണ്. നേരേ മറിച്ച്, അച്ചടക്കത്തിന്‍റെ  ലക്ഷ്യമാകട്ടെ, ഭാവി പെരുമാറ്റം രൂപപ്പെടുത്തലാണ്. ഭാവി പെരുമാറ്റം രൂപപ്പെടുത്തുന്നതിനു വേണ്ടിയാണ് ശിക്ഷിക്കുന്നത് എന്നു വിശ്വസിക്കുന്നതിനാല്‍ ശിക്ഷ പരമാവധി വേദനിപ്പിക്കുന്നതായിരിക്കാന്‍ നമ്മള്‍ പരിശ്രമിക്കുന്നത് ഈ  വ്യത്യസ്തത  പലപ്പോഴും നമ്മള്‍ മറന്നു പോകുന്നതു കൊണ്ടാണ്.  നമ്മൾ  ഈ വ്യത്യസ്തത മനസ്സിലാക്കുമ്പോൾ, ശിക്ഷ വേദനാകരമായിരിക്കണം എന്നുള്ള അനുമാനം ജനാലയിലൂടെ പുറത്തേക്ക് എറിയപ്പെടുന്നു.

അച്ചടക്കം എന്നത് ഭാവി പെരുമാറ്റം രൂപപ്പെടുത്തലാണ് എന്നതിനാൽ, നമ്മൾ പരിഷ്‌കരിക്കുവാൻ ആഗ്രഹിക്കുന്നത് കൃത്യമായി എന്തു പെരുമാറ്റമാണ്, നമ്മൾ നേടാൻ ശ്രമിക്കുന്ന ഉത്തമമായ പെരുമാറ്റം എന്താണ്, എന്നതിനെ കുറിച്ച് നമുക്ക് വ്യക്തത ഉണ്ടായിരിക്കണം. നിങ്ങളുടെ കുട്ടിക്ക് ഏറ്റവും ഫലപ്രദമായി ഭവിച്ചേക്കാവുന്ന, കുട്ടിയുടെ ചെയ്തിയുടെ പരിണതഫലം എന്താണ് എന്നു നമ്മൾ കൃത്യമായി മനസ്സിലാക്കുകയും തിരിച്ചറിയുകയും ചെയ്യേണ്ടതുണ്ട്. ഇത് 'ഒരു അളവ് എല്ലാവർക്കും അനുയോജ്യമാകും' എന്നതു പോലെയുള്ള ഒരു അവസ്ഥയല്ല. ഒരു കുട്ടിക്ക് ഫലപ്രദമായ ഒരു കാര്യം, മറ്റൊരു കുട്ടിക്ക് തീർത്തും നിഷ്ഫലമായിരിക്കും. ഒരു കുട്ടി ടിവി കാണുന്നത് ഇഷ്ടപ്പെടുന്നുവെങ്കിൽ, കുട്ടിയുടെ ടിവി കാണൽ സമയം കുറയ്ക്കുക എന്നതായിരിക്കും കുട്ടിയുടെ ചെയ്തിക്കുള്ള ഒരു പ്രയോജനപ്രദമായ പരിണതഫലം. എങ്കിലും കുട്ടി തീരെ ടിവി കാണുന്നതേ ഇല്ലായെങ്കിൽ, വ്യക്തമായും ഇതിന് യാതൊരു അർത്ഥവും ഉണ്ടാകുകയുമില്ല.

ചെയ്തിയുടെ പരിണതഫലം ഉണ്ടാക്കിയേക്കാവുന്ന ശാരീരിക വേദനയുടെ തീവ്രതയ്ക്ക് യാതൊരു പ്രസക്തിയും ഇല്ല. തങ്ങൾ അനുസരിക്കാൻ ബാദ്ധ്യസ്ഥരായ 'നിയമങ്ങൾ' എന്തെല്ലാമാണ് എന്ന് കുട്ടികൾ മനസ്സിലാക്കുമ്പോൾ, 'നിയമങ്ങൾ' പാലിച്ചില്ലെങ്കിൽ തീർച്ചയായും തങ്ങൾ അതിന്‍റെ പരിണതഫലം അനുഭവിക്കേണ്ടി വരും എന്ന് അറിയുമ്പോൾ, എന്തായിരിക്കും ആ പരിണതഫലം എന്ന് മുൻകൂട്ടി തന്നെ അറിയുകയും ചെയ്യുമ്പോൾ, പെരുമാറ്റത്തിന് മാറ്റം ഉണ്ടാകും. ചെയ്തിയുടെ പരിണതഫലം ഉണ്ടാക്കുന്ന വേദനയുടെ തീവ്രത മൂലം സംഭവിക്കുന്ന ഒന്നല്ല പാഠം പഠിപ്പ്, പക്ഷേ, അതു സംഭവിക്കും എന്നുള്ള ഉറപ്പും അതിന്‍റെ നിർവ്വഹണത്തിന്‍റെ ഇടവേളയും മൂലമാണ് പാഠം പഠിക്കല്‍ സംഭവിക്കുന്നത്. ഇത് വളരെ ലളിതവും നേർവഴിക്കുള്ള ഒന്നാണ് എന്നു തോന്നുകയും ചെയ്യും. എന്നാൽ കുട്ടികളോട് വ്യക്തമായി ശരിയും തെറ്റും എന്താണ് എന്നു നിർവചിച്ചു കൊടുക്കാതെ തന്നെ, അത് എന്താണ് എന്നു കുട്ടികൾക്കു മനസ്സിലാകും എന്ന് ഊഹിക്കുന്ന മാതാപിതാക്കളുടെ എണ്ണം എത്രയുണ്ട് എന്നത് അറിയുമ്പോൾ നിങ്ങൾ അതിശയിച്ചു പോകും. പിന്നെ അവർ കുട്ടിയുടെ ചെയ്തിക്കുള്ള ഒരു പരിണതഫലം നടപ്പിലാക്കുന്നത് അവർക്ക് അതിനുള്ള ഊർജ്ജവും സമയവും ഉള്ളപ്പോൾ മാത്രമായിരിക്കും, തങ്ങളുടെ അപ്പോഴത്തെ മനോഭാവം അനുസരിച്ച്, അവർക്ക് അപ്പോൾ തോന്നിയ ഒരു പരിണതഫലം വെറുതെ അങ്ങ് നടപ്പിലാക്കുകയും ചെയ്യും.  

കുട്ടികൾ, നിർവചനാല്‍ തന്നെ, പഴി ഒഴിവാക്കിക്കൊണ്ട് രക്ഷപ്പെടാൻ സാധിക്കത്തക്കവിധം, തങ്ങൾക്ക് നീങ്ങാവുന്ന പരിധി എത്രത്തോളം എന്ന് പരീക്ഷിക്കുന്നു. മുതിർന്നവർ ചെയ്യുന്നതു പോലെ തന്നെ. പഴി ഒഴിവാക്കി രക്ഷപ്പെടാൻ സാധിക്കുമോ എന്നു പരീക്ഷിക്കുന്നതിനു വേണ്ടി മാത്രം, ട്രാഫിക് സിഗ്‌നലിൽ വച്ച് എത്ര പ്രാവശ്യം നമ്മൾ ചുവന്ന ലൈറ്റ് മറികടന്നു പോകാറുണ്ട്, പത്തിൽ ഒൻപതു പ്രാവശ്യവും അതു മൂലം നമ്മൾക്ക് പരിണതഫലമൊന്നും നേരിടേണ്ടി വരില്ല എന്ന നല്ല ഉറപ്പോടെ തന്നെ? 

കളി കഴിഞ്ഞ് നിങ്ങളുടെ കുട്ടി വൈകുന്നേരം ഏഴു മണിക്ക് വീട്ടിൽ വരണം എന്നു പ്രതീക്ഷിക്കുന്നുണ്ടെങ്കിൽ, 7 മണി കഴിഞ്ഞ് വീട്ടിൽ എത്തിയാൽ ആ വൈകുന്നേരം കുട്ടിയെ ടിവി കാണുവാൻ അനുവദിക്കുകയില്ല (ചെയ്ത തെറ്റിന്‍റെ പരിണതഫലത്തിന്‍റെ ഒരു ഉദാഹരണം എന്ന നിലയിൽ), 100 ശതമാനം പ്രാവശ്യവും അവർക്ക് ഇത് ഉറപ്പായും നേരിടേണ്ടി വരും എന്ന് നിങ്ങളുടെ കുട്ടി അറിഞ്ഞിരിക്കണം. നിങ്ങളുടെ കുട്ടിക്ക് ഇത് അറിയാമെങ്കിൽ, കളിയിലെ ആ അധികമുള്ള 5 മിനിറ്റു നേരം,  വിട്ടുവീഴ്ച്ച ചെയ്യുന്നത് മുതലാവില്ല, എന്ന് അവനോ അവളോ തീരുമാനിക്കും, കാലം കൊണ്ട്, പെരുമാറ്റം മാറുകയും ചെയ്യും. തന്‍റെ ചെയ്തികള്‍ക്ക് പരിണതഫലം ഒന്നും അനുഭവിക്കേണ്ടി വരാതെ രക്ഷപ്പെടുന്നതിന് ഒരു 75 ശതമാനം സാദ്ധ്യത ഉണ്ട് എന്ന് നിങ്ങളുടെ കുട്ടിക്കു തോന്നിയാൽ, അവൻ അല്ലെങ്കിൽ അവൾ പരിധികൾ പരീക്ഷിച്ചിരിക്കും.

പരിണതഫലത്തിന്‍റെ ഉറപ്പിനേയും അത് സംഭവിക്കുന്ന ഇടവേളകളേയും കുറിച്ച് അറിവുള്ളപ്പോൾ, പാഠം പഠിപ്പ് സംഭവിച്ചിരിക്കും എന്ന് ഞാൻ പറഞ്ഞത് ഓർമ്മിക്കുക. മുകളിൽ പറഞ്ഞ ഉദാഹരണത്തിൽ, അടുത്ത ആഴ്ച്ച മുഴുവൻ നിങ്ങളുടെ കുട്ടിയെ ടിവി കാണാൻ അനുവദിക്കുകയില്ല എന്നതായിരുന്നു അനുഭവിക്കേണ്ടി വരുന്ന പരിണതഫലമെങ്കിൽ, മാതാപിതാക്കൾ എന്ന നിലയ്ക്ക് നിങ്ങൾക്ക് ആഴ്ച്ചയുടെ ബാക്കി ദിവസങ്ങളിൽ  കുട്ടിയുടെ ചെയ്തിയുടെ പരിണതഫലം നടപ്പിലാക്കുന്നതിന് ഉള്ള അവസരം നഷ്ടപ്പെടുകയാണ്. ഇതിന്‍റെ അർത്ഥം നിങ്ങളുടെ കുട്ടിക്ക് ആ ആഴ്ച്ച മുഴുവനും തന്നെ പഠിക്കുന്നതിന് ഒരു അവസരം മാത്രമേ ലഭിക്കുന്നുള്ളു എന്നതാണ്. അതു കൂടാതെ, ഇത് ഒരാഴ്ച്ചത്തേക്ക് നടപ്പിലാക്കേണ്ടി വരുമ്പോൾ നിങ്ങൾ മിയ്ക്കവാറും അങ്ങേയറ്റം മടുക്കും, രണ്ടാമത്തേയോ മൂന്നാമത്തേയോ ദിവസങ്ങൾ കഴിയുമ്പോൾ തന്നെ നിങ്ങൾ വിട്ടുകൊടുക്കും, നിങ്ങൾ തന്നെ കുട്ടിയെ കളിക്കുവാൻ വിടുകയും ചെയ്യും. 

അതുകൊണ്ട് അച്ചടക്കം ശീലിപ്പിക്കൽ (അച്ചടക്കം ശീലിപ്പിക്കൽ എന്നാണ് ഞാൻപറയുന്നത്- ശിക്ഷിക്കൽ എന്നല്ല) എന്ന കാര്യത്തിന്, മാതാപിതാക്കൾ മനസ്സിലാക്കിയിരിക്കേണ്ടതായ ചില പ്രധാന കാര്യങ്ങളുണ്ട്. 

ആദ്യം തന്നെ നിങ്ങൾ യുദ്ധങ്ങൾ തെരഞ്ഞെടുക്കുന്നത് വളരെ ശ്രദ്ധാപൂർവ്വം ആയിരിക്കണം. തിരുത്തുന്നതിന് നിങ്ങൾ ആഗ്രഹിക്കുന്ന അമ്പതു വ്യത്യസ്ത സ്വഭാവങ്ങൾ ഉണ്ട് എന്നു വരാം, പക്ഷേ നിങ്ങളിടെ വീടും ജീവിതവും യുദ്ധക്കളം ആക്കുന്നതിന് നിങ്ങൾ ആഗ്രഹിക്കുകയില്ലല്ലോ. അതുകൊണ്ട്, അഭിമുഖീകരിക്കേണ്ടതായ ഏറ്റവും ആവശ്യമുള്ള അഞ്ച് പെരുമാറ്റങ്ങൾ നിങ്ങള്‍ തിരഞ്ഞെടുക്കണം, അവയിൽ പിടിച്ചു നിൽക്കുകയും വേണം. ഇതിന്‍റെ അർത്ഥം നിങ്ങളുടെ തന്നെ ചില തടസ്സങ്ങളും കുട്ടികളിൽ നിന്നുള്ള യുക്തിരഹിത പ്രതീക്ഷകളും വിട്ടുകളയുക എന്നതാണ്.

രണ്ടാമതായി, നിങ്ങളുടെ കുട്ടിയുടെ അംഗീകരിക്കുവാൻ കഴിയുന്നതും കഴിയാത്തതുമായ പെരുമാറ്റങ്ങളുടെ പരിധികൾ വ്യക്തമായി നിർവ്വചിക്കുക എന്നതാണ്. നിയന്ത്രണ രേഖ മറി കടന്നാല്‍ ഉറപ്പായും ഉണ്ടാകുന്ന  പരിണതഫലം എന്തായിരിക്കും എന്ന് നിർവചിക്കുക. നിങ്ങൾ തിരഞ്ഞെടുക്കുന്ന പരിണതഫലം ഒരു മാതാവോ പിതാവോ എന്ന നിലയക്ക് എല്ലായപ്പോഴും നിങ്ങൾക്ക് പ്രാവർത്തികമാക്കുവാൻ കഴിയുന്ന ഒന്നാണ് (ഇതാണ് മിയക്കവാറും ഏറ്റവും വെല്ലുവിളി ഉയർത്തുന്ന ഭാഗം) എന്ന് ഉറപ്പാക്കുക.

മൂന്നാമതായി, നിയന്ത്രണ രേഖ മറി കടക്കുന്ന ഓരോ തവണയും പരിണതഫലം നടപ്പിലാക്കുന്നുണ്ട് എന്നത് ഉറപ്പിക്കുക. അവസാനമായി നമ്മൾ നിർവ്വചിക്കുന്നതും സ്ഥാപിക്കുന്നതുമായ പരിധികൾ കുട്ടിയുടെ പ്രായത്തിന്‍റെ വെളിച്ചത്തിൽ വേണം, അത് പ്രായാനുസാരി ആയിരിക്കുകയും വേണം. കുട്ടികൾക്ക്  പ്രായം കൂടി വരുമ്പോൾ, പരിധികൾ പരിഷ്‌കരിക്കേണ്ടതായി വരാം, പരിധികൾ നിർവ്വചിക്കുക എന്നത് അംഗീകരിക്കാവുന്നത് എന്താണ് എന്ന് ആജ്ഞാപിക്കുന്നതിനു വിരുദ്ധമായി, കൂടുതലും പരിധികളെ പറ്റിയുള്ള സംഭാഷണങ്ങളും ചർച്ചകളും അധികരിച്ചാവണം. 

ഏറ്റവും ഒടുവിലായി, എനിക്ക് സംശയം അയച്ച രക്ഷാകർത്താവിനോട് ഒന്നു പറയുവാൻ ആഗ്രഹിക്കുന്നു - 'പ്രശ്‌നക്കാരായ' കുട്ടികൾ എന്നൊന്നില്ല, 'പ്രശ്‌നമുണ്ടാക്കുന്ന' പെരുമാറ്റങ്ങൾ എന്നതേയുള്ളു - പ്രയോജനപ്രദമായ അച്ചടക്ക ശീലങ്ങളിലൂടെ ഇത് നേരിടാനാവുന്നതാണ്, വേദനാജനകമായ ശിക്ഷ കൊണ്ട് അല്ല.

മാനസികാരോഗ്യ മേഖലയിൽ പ്രവർത്തിക്കുന്നതിനായി കോർപ്പറേറ്റ് ഔദ്യോഗികജീവിതം വേണ്ടെന്നു വച്ചയാളാണ്, ബംഗളുരു അടിസ്ഥാനമാക്കി പ്രവർത്തിക്കുന്ന ഉപദേഷ്ടാവ് ആയ മൗലിക ശർമ്മ. ആഗോള തലത്തിലുള്ള ഉദ്യോഗസ്ഥരുടെ സൗഖ്യത്തിനായി പ്രവർത്തിക്കുന്ന ഒരു ആഗോള കമ്പനിയായ വർക്ക്‌പ്ലെയ്‌സ് ഓപ്ഷൻസിലാണ് മൗലിക ജോലി ചെയ്യുന്നത്, ബംഗളുരുവിലുള്ള ഗവേഷണ ക്ലിനിക്കിൽ പ്രവർത്തിക്കുകയും ചെയ്യുന്നു. ഈ കോളം സംബന്ധിച്ച് നിങ്ങൾക്ക് എന്തെങ്കിലും സംശയങ്ങൾ ഉണ്ടെങ്കിൽ columns@whiteswanfoundation.org എന്ന വിലാസത്തിൽ ദയവായി ഞങ്ങൾക്ക് എഴുതുക.