എല്ലാവരും വിജയമാകാന്‍ ആഗ്രഹിക്കുന്നു. ആരും പരാജയമാകാന്‍ ആഗ്രഹിക്കുന്നില്ല.അത് മനസിലാക്കാവുന്നതുമാണ്. എന്നാല്‍ വിജയവും പരാജയവും സംഭവങ്ങളെ നിര്‍വചിക്കുന്നതിനുള്ള വാക്കുകളാണ്, വ്യക്തികളെയല്ല. ഒന്നുകില്‍ നിങ്ങള്‍ എന്തെങ്കിലും ചെയ്യുന്നതിലോ ഏതെങ്കിലും നാഴികക്കല്ലില്‍ എത്തുന്നതിലോ വിജയിച്ചു, അല്ലെങ്കില്‍ നിങ്ങള്‍ എന്തെങ്കിലും ചെയ്യുന്നില്‍ പരാജയപ്പെടുകയോ ഏതെങ്കിലും നാഴികക്കല്ലില്‍ എത്താതിരിക്കുകയോ ചെയ്തു. അതിനര്‍ത്ഥം നിങ്ങള്‍ ഒരു പൂര്‍ണവിജയമോ പൂര്‍ണ പരാജയമോ ആണെന്നല്ല. നിങ്ങള്‍ അത്ര വിജയമോ പരാജയമോ അല്ലാത്ത മറ്റ് ചില വശങ്ങളും നിങ്ങള്‍ക്കുണ്ട്. ഏറ്റവും വിജയിയായ വ്യക്തി (അങ്ങനെ ഒരാളെ വിശേഷിപ്പിക്കാമെങ്കില്‍) വലിയ ബാങ്ക് ബാലന്‍സുള്ള ആളായിരിക്കാം, പക്ഷെ രക്ഷകര്‍ത്താവ് എന്നോ ജീവിത പങ്കാളിയെന്നോ ഉള്ള നിലയ്ക്ക് പൂര്‍ണപരാജയമായേക്കാം.
ബിസിനസില്‍ പൂര്‍ണ പരാജയമായ ഒരു വ്യക്തി അവിശ്വസനീയമാം വണ്ണം നല്ല രക്ഷിതാവോ വളരെ നല്ലൊരു സുഹൃത്തോ ആയിരിക്കാം.
അതുകൊണ്ട് വിജയവും പരാജയവും എന്നത് നമ്മുടെ ജീവിതത്തിലെ ഒരു പ്രത്യേക സംഭവത്തില്‍ നമ്മള്‍ എന്ത് പ്രകടനം കാഴ്ചവെച്ചു എന്ന് വിശേഷിപ്പിക്കുന്ന വാക്കുകളാണ്- നമ്മള്‍ മൊത്തത്തില്‍ എങ്ങനെയാണെന്നല്ല, പക്ഷെ പലപ്പോഴും നമുക്കീ വ്യത്യാസം കാണാന്‍ കഴിയുന്നില്ല. പലപ്പോഴും നമ്മള്‍ വിശ്വസിക്കുന്നത് നമ്മള്‍ വിജയമാണെന്നും നമ്മുടെ കുട്ടി വിജയമാകണമെന്നുമാണ്. നമ്മുടേയോ അവരുടേയോ ജീവിതത്തില്‍ ഏതെങ്കിലും ചെറിയ വശത്ത് പരാജയത്തിന്‍റെ ഒരു സൂചന ഉണ്ടായാല്‍ അത് നമ്മെ വെറിപിടിപ്പിക്കുന്നു. അല്ലെങ്കില്‍ നമ്മള്‍ പരാജയമായിരുന്നു എന്ന് നമ്മള്‍ വിശ്വസിക്കുന്നു. അതുകൊണ്ട് നമ്മുടെ കുട്ടികള്‍ പരാജയങ്ങളായി തീരില്ലായെന്ന് ഉറപ്പാക്കാന്‍ ആഗ്രഹിക്കുന്നു. കുട്ടികള്‍ പരീക്ഷയില്‍ തോറ്റാല്‍ നമ്മളവരെ പരാജയങ്ങള്‍ എന്ന് വിളിക്കുന്നു. ഇനിയുള്ള ജീവിതകാലമത്രയും അവര്‍ പരാജയങ്ങളായിരിക്കുമെന്ന് നമ്മള്‍ പ്രവചിക്കുന്നു. എന്നാല്‍ അവര്‍ ഒരു പരീക്ഷയില്‍ തോറ്റിട്ടേയുണ്ടാകുകയുള്ളു. ജീവിതത്തിന്‍റെ മറ്റ് പല വശങ്ങളില്‍ അവര്‍ വിജയികളായിരിക്കും. അവര്‍ കായിക രംഗത്ത് മിടുക്കരായിരിക്കാം, അവര്‍ വളരെയേറെ സഹാനുഭൂതിയുള്ള വ്യക്തികളായിരിക്കാം, അവര്‍ മികച്ച ചിത്രകാരന്മാരോ ഗായകരോ ആയിരിക്കാം, അവര്‍ നല്ല പ്രാസംഗികരോ സര്‍ഗാത്മകമായി പ്രശ്നങ്ങള്‍ പരിഹരിക്കുന്നവരോ ആയിരിക്കാം, അവര്‍ സത്യസന്ധരും പരോപകാരികളുമായിരിക്കാം, ആളുകളുമായി വളരെ നന്നായി ഇടപഴകുന്നവരായിരിക്കാം എന്നീ കാര്യങ്ങളൊന്നും കാണാനും അംഗീകരിക്കാനും നമ്മള്‍ സ്വയം അനുവദിക്കുന്നില്ല. ഇതൊക്കെ അവഗണിച്ച് അവര്‍ ഒരു പരീക്ഷയില്‍ തോറ്റതുകൊണ്ടുമാത്രം നമ്മള്‍ അവരെ പരാജയം എന്ന് മുദ്രകുത്തുന്നു.
ഇതുപോലെ, നമുക്ക് ജോലി നഷ്ടപ്പെടുകയാണെങ്കില്‍ നമ്മള്‍ സ്വയം പരാജയമെന്ന് മുദ്രകുത്തുന്നു, ചിലപ്പോള്‍ ഇതില്‍ നിന്നും ഒരിക്കലും മുക്തിനേടാനാകാത്ത വിധത്തില്‍ ആ പ്രത്യേക ജോലിയിലെ പരാജയത്തെ നമുക്കും നമ്മുടെ മുഴുവന്‍ ജീവിതത്തിനും മേലുള്ള ഒരു വിധിപ്രഖ്യാപനമായി നമ്മള്‍ വ്യാഖ്യാനിക്കുന്നു. ഇതുമൂലം നമുക്കൊരിക്കലും വീഴ്ചയില്‍ നിന്നും കുതിച്ചുയരുവാനും നമ്മെക്കുറിച്ച് മറ്റൊരു തരത്തില്‍ ചിന്തിക്കാനും കഴിയില്ല.
നമ്മുടെ കുട്ടികളെ അവരുടെ എല്ലാ ശക്തികളോടും ദൗര്‍ബല്യങ്ങളോടും കൂടി സമഗ്രമായി അംഗീകരിക്കാന്‍(നമ്മള്‍ അംഗീകരിക്കുക തന്നെ ചെയ്യണം), നമ്മള്‍ വിജയത്തേയും പരാജയത്തേയും വ്യക്തികളെയല്ല, സംഭവങ്ങളെ നിര്‍വചിക്കാന്‍ ഉപയോഗിക്കുന്ന വാക്കുകളായി മനസിലാക്കണം. ഇതിനര്‍ത്ഥം ജീവിതത്തിന്‍റെ ചില വശങ്ങളില്‍ വിജയിക്കുകയും മറ്റു ചിലതില്‍ പരാജയപ്പെടുകയും ചെയ്ത വ്യക്തികളായിട്ടാണ് നമ്മള്‍ നമ്മളേയും കാണേണ്ടത് എന്നാണ്. പരാജയപ്പെട്ട കാര്യങ്ങളെ നമ്മള്‍ സമ്മതിക്കുകയും അംഗീകരിക്കുകയും ചെയ്യേണ്ടതുണ്ട്.
നമ്മുടെ പരാജയങ്ങളേക്കുറിച്ച് നമുക്ക് അസ്വസ്ഥത കൂടാതെ സംസാരിക്കാന്‍ കഴിയണം. നമ്മുടെ മുന്‍കാല പരാജയങ്ങളെ അംഗീകരിക്കാനും ആ അനുഭവങ്ങളില്‍ നിന്ന് പഠിച്ച പാഠങ്ങളെ വിലയിരുത്താനും നമുക്ക് കഴിയുമോ? ജീവിതത്തിന്‍റെ ചില വശങ്ങളില്‍ പരാജയപ്പെട്ടതിനെക്കുറിച്ച് നമുക്ക് അസ്വസ്ഥത ഇല്ലാതിരിക്കുകയും നമ്മുടെ പരാജയങ്ങളെക്കുറിച്ച് നമ്മുടെ കുട്ടികളോട് സംസാരിക്കുകയും ചെയ്യാന്‍ കഴിയുന്നുണ്ടോ? നമ്മുടെ പരാജയങ്ങളും നമ്മള്‍ അവയെ നേരിട്ട രീതിയും അത്താഴമേശയിലെ ഒരു അവിഭാജ്യ സംഭാഷണ വിഭവമാക്കി മാറ്റാന്‍ നമുക്ക് കഴിയുന്നുണ്ടോ? അങ്ങനെയാക്കുന്നത് പരാജയത്തെ തങ്ങളുടെ ജീവിതത്തിലെ ഒരു സംഭവം മാത്രമായി കണക്കാക്കാന്‍ അവരെ സഹായിക്കും -അതായത് അവരെ മൊത്തത്തില്‍ നിര്‍ണായകമായ തരത്തില്‍ അടയാളപ്പെടുത്തുന്ന ഒന്നായല്ല പഠിക്കാന്‍ അവര്‍ക്ക് കിട്ടിയ ഒരവസരമായി അംഗീകരിക്കാന്‍ അവരെ സഹായിക്കും.
കുറച്ചൊക്കെ പരാജയപ്പെടേണ്ടത് അനിവാര്യമാണ്- നമ്മുടെ ജീവിതത്തിലും നമ്മുടെ കുട്ടികളുടെ ജീവിതത്തിലും. തങ്ങളെക്കുറിച്ച് കൂടുതല്‍ ആഴത്തില്‍ മനസിലാക്കാനും കൂടുതല്‍ അറിവുകള്‍ നേടാനുമായി പരാജയത്തെ ഉപയോഗിക്കാന്‍ സഹായിക്കുന്ന ജീവിത നൈപുണ്യങ്ങള്‍ നമ്മുടെ കുട്ടികള്‍ക്ക് നല്‍കിയാല്‍ അത് നമ്മള്‍ അവര്‍ക്ക് നല്‍കുന്ന ഏറ്റവും അമൂല്യമായ സമ്മാനമായിരിക്കും- നമ്മള്‍ കഷ്ടപ്പെട്ട് ഉണ്ടാക്കാന്‍ ശ്രമിക്കുന്ന ഏറ്റവും വലിയ ബാങ്ക് ബാലന്‍സിനേക്കാള്‍ വിലയേറിയത്. ഇതില്‍ നിന്ന് അവര്‍ ചെറുത്തു നില്‍ക്കുന്നതിന്‍റെ പ്രാധാന്യം എന്തെന്ന് പഠിക്കും-കഷ്ടതയുണ്ടാകുമ്പോള്‍ വീണ്ടും കുതിച്ചുയരാനും കഷ്ടതകൊണ്ട് സ്വയം നിര്‍വചിക്കപ്പെടാതിരിക്കാനും അവര്‍ക്ക് കഴിയും. അവര്‍ ഈ ജീവിത പാഠം എത്ര നേരത്തേ പഠിക്കുന്നുവോ, അത്രത്തോളം അവര്‍ക്ക് അതുകൊണ്ട് ഗുണം ഉണ്ടാകും.
പക്ഷെ കുട്ടികള്‍ പഠിക്കുന്നത് അവര്‍ കാണുന്നതില്‍ നിന്നും അനുഭവിക്കുന്നതില്‍ നിന്നുമാണ്, നമ്മള്‍ പറയുകയോ വിളിച്ചു കൂവുകയോ ചെയ്യുന്നതില്‍ നിന്നല്ല. ഇതിനര്‍ത്ഥം മാതാപിതാക്കളായ നമ്മള്‍ വിജയത്തേയും പരാജയത്തേയും എങ്ങനെ നേരിടുന്നു എന്നതില്‍ നിന്നായിരിക്കും അവര്‍ വിജയത്തേയും പരാജയത്തേയും കുറിച്ചുള്ള ജീവിത പാഠങ്ങള്‍ പഠിക്കുക എന്നാണ്. പരാജയത്തെ അംഗീകരിച്ച് മറികടക്കുന്ന പെരുമാറ്റത്തിനുള്ള മാതൃക അവര്‍ നമ്മളില്‍ കാണേണ്ടതുണ്ട്. നമ്മള്‍ നമ്മുടെ പരാജയങ്ങളില്‍ നിന്ന് പഠിക്കുന്നത് അവര്‍ കാണേണ്ടതുണ്ട്. നമ്മള്‍ വീണിട്ട് വീണ്ടും കുതിച്ചുയരുന്നത് അവര്‍ കാണേണ്ടതുണ്ട്-ചിലപ്പോള്‍ പുതിയ ഉയരങ്ങളിലേക്ക് എത്താന്‍, ചിലപ്പോള്‍ വീണ്ടും വീഴാന്‍. അതോടൊപ്പം നമ്മള്‍ ചില കാര്യങ്ങളില്‍ വിജയിക്കുന്നതും വിജയത്തെ ഉള്‍ക്കൊള്ളുന്നതും അവര്‍ കാണേണ്ടതുണ്ട്. നമ്മള്‍ വിജയങ്ങളില്‍ ആഹ്ലാദിക്കുന്നത് അവര്‍ കാണേണ്ടതുണ്ട്.
ചുരുക്കത്തില്‍, നമ്മള്‍ പരാജയവും വിജയവും അനുഭവിക്കുന്നത് അവര്‍ കാണേണ്ടതുണ്ട്. പക്ഷെ ഏറ്റവും പ്രധാനമായി അവര്‍ വിജയത്തേയും പരാജയത്തേയും നമ്മുടെ ജീവിതത്തിലെ താല്‍ക്കാലിക സംഭവങ്ങളായി കാണേണ്ടതുണ്ട്, എന്നെന്നേക്കുമായി നമ്മളെ നിര്‍വചിക്കുന്ന ജീവിതാവസ്ഥകളായല്ല. ജോണ്‍ വുഡന്‍റെ വാക്കുകളില്‍ പറഞ്ഞാല്‍ "വിജയം ഒരിക്കലും അന്തിമമല്ല, പരാജയം ഒരിക്കലും മാരകമല്ല. ധൈര്യത്തിലാണ് കാര്യം".
കഷ്ടപ്പാടുകളെ നേരിടുമ്പോള്‍ ധൈര്യവും സമൃദ്ധിയെ നേരിടുമ്പോള്‍ എളിമയും എന്നതാണ് മാതാപിതാക്കളായ നമ്മള്‍ നല്‍കേണ്ട മാതൃക. അങ്ങനെയാണെങ്കിലേ നമ്മുടെ കുട്ടികള്‍ അതു നമ്മില്‍ നിന്നും അനുഭവിക്കുകയും അതിനനുസരിച്ച് ജീവിക്കാന്‍ പഠിക്കുകയും ചെയ്യുകയുള്ളു. അപ്പോഴാണ്, അപ്പോള്‍ മാത്രമാണ് ജീവിതം അവരുടെ പാതയില്‍ എറിയുന്ന എല്ലാ വെല്ലുവിളികളേയും ആഹ്ലാദങ്ങളേയും വിജയങ്ങളേയും പരാജയങ്ങളേയും നേരിടാനുള്ള ചെറുത്തുനില്‍പ്പ് ശേഷിയുള്ള മുതിര്‍ന്ന വ്യക്തികളായി വളരാന്‍ നമ്മള്‍ അവര്‍ക്ക് സഹായമാകു.
അനുകൂലമായോ പ്രതികൂലമായോ നമ്മുടെ കുട്ടികളുടെ ജീവിതത്തിന്മേല്‍ നമുക്കുള്ള സ്വാധീനശക്തിയെ ഒരിക്കലും വിലകുറച്ച് കാണരുത്. അതിന്‍റെ അനുകൂലഘടകങ്ങളെ പരമാവധിയാക്കാനും പ്രതികൂല ഘടകങ്ങളെ ഏറ്റവും പരിമിതമാക്കാനും നമുക്ക് യത്നിക്കാം.
മൗലിക ശര്‍മ്മ, മാനസികാരോഗ്യ രംഗത്ത് പ്രവര്‍ത്തിക്കുന്നതിനായി തന്‍റെ കോര്‍പ്പറേറ്റ് കരിയര്‍ ഉപേക്ഷിച്ച, ബാഗ്ലൂര്‍ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന കൗണ്‍സിലറാണ്. തൊഴിലാളികളുടെ ക്ഷേമത്തിനും സൗഖ്യത്തിനുമായി പ്രവര്‍ത്തിക്കുന്ന ഒരു ആഗോള സ്ഥാപനമായ വര്‍ക്ക് പ്ലേയ്സ് ഓപ്ഷന്‍സിനൊപ്പം പ്രവര്‍ത്തിക്കുന്ന മൗലിക ബാംഗ്ലൂരിലെ റീച്ച് ക്ലിനിക്കിലാണ് പ്രാക്ടീസ് ചെയ്യുന്നത്. ഈ കോളത്തെക്കുറിച്ച് നിങ്ങള്‍ക്ക് എന്തെങ്കിലും ചോദ്യങ്ങളോ സംശയങ്ങളോ അഭിപ്രായങ്ങളോ നിര്‍ദ്ദേശങ്ങളോ ഉണ്ടെങ്കില്‍ ഞങ്ങള്‍ക്ക് എഴുതേണ്ട വിലാസം- columns@whiteswanfoundation.org.