നിങ്ങളിലോ നിങ്ങളുടെ ജീവിത പങ്കാളിയിലോ മാതാപിതാക്കളിലോ സഹോദരങ്ങളിലോ ഒരു രോഗം കണ്ടെത്തി എന്നതിനെ നേരിടാന്‍ തീര്‍ച്ചയായും കൂടുതല്‍ എളുപ്പമാണ്. പക്ഷെ നിങ്ങളുടെ കുട്ടിയില്‍ ഒരു രോഗമോ വൈകല്യമോ കണ്ടെത്തിയതിനെ നേരിടുക എന്നത് തികച്ചും വ്യത്യസ്തമായ കാര്യമാണ്. അത് മാനസിക രോഗമാണെങ്കില്‍ അതിന് വ്യത്യസ്തമായ ഒരു മാനം തന്നെ കൈവരുന്നതായി തോന്നുന്നു. സങ്കീര്‍ണതയുടെ ഒരു തലം കൂടി അതിനുള്ളതായി അനുഭവപ്പെടുന്നു. എന്നാല്‍ അത് അങ്ങനെയായിരിക്കേണ്ടതില്ല. ഇവിടെ ഞാന്‍ ഈ പ്രതിഭാസത്തെ അല്‍പം കൂടുതല്‍ നന്നായി മനസിലാക്കിക്കാന്‍ ശ്രമിക്കുകയാണ്.
അപ്പോള്‍, നിങ്ങളുടെ കുട്ടിക്ക് മാനസിക രോഗമുണ്ടെന്ന് നിങ്ങള്‍ ആദ്യം കേള്‍ക്കുമ്പോള്‍ എന്ത് സംഭവിക്കുന്നു? നിങ്ങള്‍ വികാരങ്ങളുടെ ഒരു തിരയടിക്കലില്‍ മുങ്ങിപ്പോകുന്നത് എനിക്ക് സങ്കല്‍പ്പിക്കാം-പേടിയും ഉത്കണ്ഠയും, നാണക്കേടും സംഭ്രമവും, ആശയക്കുഴപ്പവും അമ്പരപ്പും, അവിശ്വാസവും വേദനയും. ഭീതി, മുന്നില്‍ എന്താണ് എന്നതിനെക്കുറിച്ചുള്ള ഭീതി, ലോകം എന്ത് പറയുമെന്ന ഭീതി-നിങ്ങളോട,് നിങ്ങളെപ്പറ്റി, നിങ്ങളുടെ കുട്ടിയോട്, നിങ്ങളുടെ കുട്ടിയെപ്പറ്റി. മുങ്ങിത്താഴുന്നതുപോലൊരു തോന്നല്‍. എന്തുകൊണ്ട് ഞാന്‍,എന്തു കൊണ്ട് എന്‍റെ കുട്ടി? പിന്നെ കുറ്റബോധവും. കുറ്റബോധത്തെക്കുറിച്ച് ഞാന്‍ എങ്ങനെ മറന്നുപോയി, അത് ആദ്യമേ പറയേണ്ടതായിരുന്നല്ലോ? മാതാപിതാക്കളെന്ന നിലയ്ക്ക് എന്തോ തെറ്റ് ചെയ്തെന്ന കുറ്റബോധം; കുട്ടിയിലേക്ക് കുഴപ്പമുള്ള ജീന്‍ പകര്‍ന്നു എന്ന കുറ്റബോധം; തെറ്റുപറ്റിയെന്ന കുറ്റബോധം; കുട്ടിക്ക് വളരുന്നതിന് ശരിയായ അന്തരീക്ഷം ഒരുക്കിയില്ല എന്ന കുറ്റബോധം; നിങ്ങളുടെ കുട്ടിയെ ഈ അവസ്ഥ അനുഭവിപ്പിക്കുന്നതിലുള്ള കുറ്റബോധം.
ഹോ, എത്രയധികം വികാരങ്ങളാണ്. നമ്മള്‍ മിക്കവരും ഇവയുണ്ടെന്ന് തന്നെ തിരിച്ചറിയാന്‍ നില്‍ക്കാറില്ല. പിന്നല്ലേ അവയെ കൈകാര്യം ചെയ്യാന്‍ സമയം കണ്ടെത്തല്‍. ഒരു ഭാഗത്ത് നിഷേധത്തിലും മറുഭാഗത്ത് കുട്ടിയെക്കുറിച്ചുള്ള ഭാവി പ്രതീക്ഷകളെ മൂടിയെന്ന് തോന്നുന്ന ഉത്കണ്ഠയുടെ കരിമേഘത്തിലും നമ്മള്‍ പെട്ടുപോയിരിക്കുന്നു. എന്‍റെ കുട്ടി സ്വതന്ത്രമാകുകയും അവന്‍റെ/അവളുടെ സാധ്യതകള്‍ പൂര്‍ത്തീകരിക്കുകയും ചെയ്യുമോ? എന്‍റെ കുട്ടിക്ക് എന്ത് തരം ജീവിതമായിരിക്കും? രക്ഷകര്‍ത്താവ് എന്ന നിലയില്‍ എന്‍റെ ഭാവിയെ അത് എങ്ങനെ ബാധിക്കും? ഒരു വ്യക്തിയെന്ന നിലയ്ക്ക് അതെങ്ങനെ ബാധിക്കും? ദാമ്പത്യബന്ധത്തെ അതെങ്ങനെ ബാധിക്കും? പലപ്പോഴും വിവാഹ ബന്ധത്തെ അത് ഭയങ്കരമായി ബാധിക്കുന്നു. ഭാര്യാഭര്‍ത്താക്കന്മാര്‍ 'കേടുള്ള' ജീനിന്‍റെ വാഹകരായതിനെക്കുറിച്ചുള്ള കുറ്റബോധത്തിന്‍റെ പിരിമുറുക്കത്തില്‍ പരസ്പരം കുറ്റപ്പെടുത്തലില്‍ ഏര്‍പ്പെടുന്നു. ഈ കളിയുടെ വ്യര്‍ത്ഥത ഓര്‍ക്കുമ്പോള്‍ വിശ്വസിക്കാന്‍ പ്രയാസമാണെങ്കിലും ഏറ്റവും വിദ്യാഭ്യാസവും അവബോധവും ഉള്ളവര്‍ക്കിടയില്‍ പോലും ഇത് സംഭവിക്കുന്നു! നിഷേധ മനോഭാവം ഈ അവസ്ഥയെ മുഖാമുഖം നേരിടുന്നതില്‍ നിന്ന് നമ്മെ തടയുന്നു. രോഗനിര്‍ണയത്തെക്കുറിച്ച് മനസിലാക്കുക, മറ്റൊരാളുടെ അഭിപ്രായം തേടി അത് സ്ഥിരീകരിക്കുക എന്നിട്ട് മുന്നോട്ട് പോകാനുള്ള ഏറ്റവും നല്ല വഴി കണ്ടെത്തുക എന്നതാണ് നമ്മള്‍ ചെയ്യേണ്ടത്. നമ്മള്‍ വായിക്കേണ്ടതുണ്ട്, കൂടുതല്‍ കൂടുതല്‍ വായിക്കേണ്ടതുണ്ട്, നമുക്ക് വേണ്ടി ഈ സാഹചര്യത്തെ എങ്ങനെ മനസിലാക്കണം എന്നതിനെക്കുറിച്ച്, അതിനെ എങ്ങനെ കൈകാര്യം ചെയ്യണം എന്നതിനെക്കുറിച്ച്, കുട്ടിയോട് അത് എങ്ങനെ വിശദീകരിക്കണം എന്നതിനെക്കുറിച്ച്. മാത്രമല്ല കുടുംബത്തിലോ സഹായക സംഘത്തിലോ കുട്ടിയെ എങ്ങനെ പിന്തുണയ്ക്കുകയാണ് നല്ലതെന്ന് അറിയേണ്ട ആവശ്യമുള്ളവരോട് എങ്ങനെ വിശദീകരിക്കണം എന്നതിനെക്കുറിച്ച്, ലോകത്തോട് ഇത് എങ്ങനെ വിശദീകരിക്കണം എന്നതിനെക്കുറിച്ച് നമ്മള്‍ കൂടുതല്‍ വായിച്ചറിയണം.
ഇതെല്ലാം നടന്നുകൊണ്ടിരിക്കുമ്പോള്‍ "ഇതാരുടേയും കുറ്റമല്ല- നിങ്ങളുടെയല്ല, നിങ്ങളുടെ കുട്ടിയുടെയല്ല. അംഗീകരിക്കലാണ് മുന്നോട്ടുള്ള ഏക വഴി!" എന്ന് ജീവിത വേദിയുടെ പിന്‍ കര്‍ട്ടനില്‍ എഴുതി വെയ്ക്കപ്പെട്ടിരിക്കുന്നതില്‍ നിങ്ങള്‍ എപ്പോഴും കണ്ണുവെയ്ക്കണം. ഇപ്പോള്‍ സുപ്രസിദ്ധമായിക്കഴിഞ്ഞ ഒരു ഉപമ ഉപയോഗിച്ചാല്‍ മിക്ക കുട്ടികളും എവിടേയും വേരുപിടിച്ച് അതിജീവിക്കാന്‍ കഴിയുന്ന ജമന്തിച്ചെടികള്‍ പോലെയാണ്. പക്ഷെ നിങ്ങളുടെ കുട്ടി ഓര്‍ക്കിഡ് പോലെയാണ്-ലോലമെങ്കിലും സുന്ദരം, ഓര്‍ക്കിഡിന് ആവശ്യമായ പ്രത്യേക പരിചരണം കൊടുത്താല്‍ മനോഹരമായി പുഷ്പിക്കാന്‍ കഴിയുന്നത്. മാതാപിതാക്കള്‍ ശരിയായ പരിപാലനവും ഉചിതമായ സാഹചര്യവും ലഭ്യമാക്കിയാല്‍ അത് 'ഓര്‍ക്കിഡ്' കുട്ടികളെ സമൂഹത്തില്‍ സര്‍ഗശേഷിയുള്ളവരും ജീവിത വിജയം നേടിയവരും പ്രിയപ്പെട്ടവരുമായ അംഗങ്ങളായി വളരാന്‍ സഹായിക്കും.
എങ്കില്‍ ഇതിന്‍റെ അര്‍ത്ഥമെന്താണ്? ഈ ഓര്‍ക്കിഡുകള്‍ക്ക് ആവശ്യമായ അന്തരീക്ഷം നിങ്ങള്‍ എങ്ങനെ സൃഷ്ടിക്കും?
- അംഗീകരിക്കല്‍ പരമപ്രധാനം-കുട്ടിയെ അംഗീകരിക്കുക, രോഗ നിര്‍ണയം അംഗീകരിക്കുക, ഇത് തന്‍റെ കുറ്റമല്ലെന്ന് കുട്ടി മനസിലാക്കുന്നു എന്ന് ഉറപ്പുവരുത്തുക.
- വിധികല്‍പ്പിക്കലില്ലാതെ കുട്ടിയുടെ വികാരങ്ങളെ അംഗീകരിക്കുക. സ്കൂളിലും മറ്റുള്ളവരുടെ മുന്നിലും കുട്ടികള്‍ പിടിച്ച് നില്‍ക്കാറുണ്ട്. എന്നാല്‍ അവര്‍ക്ക് ആവശ്യമുണ്ടെങ്കില്‍ ആത്മസംയമനം കൈവിടാനും മാനസികമായി തങ്ങളെ കെട്ടഴിച്ചു വിടാനും തളരാനും കൂടിയുള്ള സ്വാതന്ത്ര്യവും ഇടവും അനുവാദവും അവസരവും വീട്ടില്‍ ഉണ്ടായിരിക്കണം. ഇങ്ങനെ ചെയ്യുന്നതിനര്‍ത്ഥം അവര്‍ വീട്ടില്‍ അഭിനയിക്കുകയാണെന്നോ ഇരയുടെ വേഷം കെട്ടുകയാണെന്നോ അല്ല. സ്വകാര്യതയ്ക്കുള്ള അവരുടെ അവകാശത്തേയും അംഗീകരിക്കുക.
- ആശയവിനിമയത്തിനുള്ള വഴികള്‍ തുറന്നുവെയ്ക്കുക. പഠന വിഷയങ്ങളെക്കുറിച്ചല്ലാതെ വികാരങ്ങള്‍, ആശയങ്ങള്‍, ധാര്‍മിക പ്രതിസന്ധികള്‍ എന്നിവയെക്കുറിച്ചും വേണ്ടി വന്നാല്‍ പരാജയങ്ങളെക്കുറിച്ചും കുട്ടികളോട് സംസാരിക്കുക.
- ചെറിയ നേട്ടങ്ങള്‍ക്ക് പോലും ഉടന്‍ തന്നെ ഉദാരമായും പരസ്യമായും പ്രശംസിക്കുക. എന്നാല്‍ ശാസിക്കേണ്ടി വന്നാല്‍ അത് സൗമ്യമായും രഹസ്യമായും ചെയ്യുക. അനുകൂലമായ അഭിപ്രായ പ്രകടനങ്ങള്‍ എപ്പോഴും പ്രതികൂലമായവയേക്കാള്‍ ശക്തവും ഗുണകരമായിരിക്കും.
- നിങ്ങളുടെ കുട്ടിയുടെ ശേഷികള്‍ കണ്ടെത്തുന്നതിലും അവയെക്കുറിച്ച് ഇടയ്ക്കിടെ സംസാരിക്കുന്നതിലും ശ്രദ്ധകേന്ദ്രീകരിക്കുക. ഓരോ കുട്ടിക്കും സവിശേഷതയുണ്ടെന്നും തന്‍റേതായ ശേഷികളുണ്ടെന്നും മനസിലാക്കുക.
- സാമൂഹ്യ ബന്ധങ്ങള്‍ കെട്ടിപ്പടുക്കാന്‍ ഈ കുട്ടികള്‍ ക്ലേശിക്കുന്നുണ്ടാകും എന്നതിനാല്‍ സാമൂഹ്യ സമ്പര്‍ക്കത്തിന് കുട്ടിയെ സഹായിക്കുക-തന്നോടൊപ്പമുള്ളവരുമായുള്ള ബന്ധമാകുന്ന സമുദ്രത്തില്‍ സ്വയം നീന്തുകയോ മുങ്ങുകയോ ചെയ്യാന്‍ അവരെ വിടുന്നത് ശരിയാകില്ല. അവര്‍ക്കൊരു സുരക്ഷാകുപ്പായം ആവശ്യമാണ്, അത് നിങ്ങളായിരിക്കണം.
- ഏറ്റവും പ്രധാനം ശരിയായ വിദഗ്ധ സഹായം തേടലാണ്. കുട്ടിക്ക് വേണ്ടി മാത്രമല്ല നിങ്ങള്‍ക്ക് വേണ്ടിയും.
അതെ, നിങ്ങള്‍ക്ക് വേണ്ടി. കാരണം കുട്ടിക്ക് വേണ്ടി ഇതെല്ലാം ചെയ്യാന്‍ കഴിയണം എങ്കില്‍ സ്വന്തം വികാരങ്ങളെ നിങ്ങള്‍ അംഗീകരിക്കുകയും അവയോട് ഇണങ്ങുകയും ചെയ്യേണ്ടത് അത്യാവശ്യമാണ്. നിങ്ങള്‍ നിങ്ങളെ തന്നെ സംരക്ഷിക്കുകയും അവനവനായി സ്വയം ഊര്‍ജം സംഭരിക്കുകയും ചെയ്യണം. ഇതൊന്നും രക്ഷിതാവെന്നോ ജീവിതപങ്കാളിയെന്നോ മനുഷ്യജീവയെന്നോ ഉള്ള നിലയ്ക്കുള്ള നിങ്ങളുടെ പരാജയത്തിന്‍റെ പ്രതിഫലനമല്ലായെന്ന് ഓര്‍ക്കേണ്ടതുണ്ട്. നിങ്ങളുടെ ഉള്ളില്‍ തിളച്ചുകൊണ്ടിരിക്കുന്ന അനാവശ്യവും നിഷ്പ്രയോജനവുമായ വൈകാരിക പ്രക്ഷുബ്ധതയില്‍ നിന്ന് നിങ്ങള്‍ രക്ഷകണ്ടെത്തണം. എല്ലാവര്‍ക്കും ജീവിതത്തില്‍ പ്രശ്നങ്ങള്‍ ഉണ്ട്. അത് നിങ്ങള്‍ ബോധപൂര്‍വം ഓര്‍ക്കണം. എല്ലാവരും ജീവിതത്തിന്‍റെ ഏതെങ്കിലും ഘട്ടത്തില്‍ സ്വകാര്യമായ ഒരു പോരാട്ടത്തിലായിരിക്കും, അതുകൊണ്ട് അക്കാര്യത്തില്‍ നിങ്ങള്‍ തനിച്ചല്ല. നിങ്ങള്‍ ഭാവിയില്‍ സംഭവിച്ചേക്കാമെന്ന് നിങ്ങള്‍ ഭയപ്പെടുന്ന സാധ്യത മാത്രമായ ദുരന്തങ്ങളെക്കുറിച്ച് ചിന്തിക്കുന്നത് നിര്‍ത്തുകയും അതാത് നിമിഷത്തില്‍ ജീവിക്കാന്‍ പഠിക്കുകയും വേണം. എത്ര ശ്രമിച്ചാലും ഭാവിയെ നിയന്ത്രിക്കാന്‍ നിങ്ങള്‍ക്കാകില്ല എന്ന് തിരിച്ചറിയണം. മറ്റെല്ലാത്തിനും പുറമേ, വീട്ടിലെ മറ്റ് കുട്ടികളെ ഇതുമായി പൊരുത്തപ്പെടാന്‍ സഹായിക്കുന്നതിലും കഴിയുമെങ്കില്‍ നിങ്ങളുടെ വിവാഹ ബന്ധം തകരാതെ സൂക്ഷിക്കുന്നതിലും കൂടി ശ്രദ്ധ കേന്ദ്രീകരിക്കേണ്ടി വരും. ഇതെല്ലാം വിദഗ്ധസഹായം തേടാതെ ചെയ്യുക എന്നത് പ്രയാസമുള്ള കാര്യമായിരിക്കും.