നിങ്ങള്‍ക്ക് മാനസിക പ്രശ്നങ്ങള്‍ ഉള്ള സമയത്ത് ഗര്‍ഭിണിയാവുന്നത് വലിയ അപകടമാകണം എന്നില്ല. നിങ്ങളെ ചികിത്സിക്കുന്ന മനോരോഗവിദഗ്ദ്ധനോടും ഗൈനക്കോളജിസ്റ്റിനോടും അഭിപ്രായം ആരായുകയും അവരുമായി തുടര്‍ച്ചയായി ബന്ധപ്പെട്ട് നിങ്ങളുടെ മാനസികാവസ്ഥയെക്കുറിച്ചും ശാരീരികാവസ്ഥയെക്കുറിച്ചും അറിയിക്കുകയും ചെയ്യണം. അവരുടെ നിര്‍ദ്ദേശമനുസരിച്ച് പ്രവര്‍ത്തിച്ചാല്‍ നിങ്ങള്‍ക്ക് രോഗാവസ്ഥയെ നിയന്ത്രണത്തില്‍ നിര്‍ത്തുകയും വലിയ ബുദ്ധിമുട്ടുകളില്ലാതെ ഗര്‍ഭകാലം ആസ്വദിക്കാനും കഴിയും. നിങ്ങളുടെ ഗൈനക്കോളജിസ്റ്റിനോടു സംസാരിക്കുമ്പോള്‍ രണ്ടു കാര്യങ്ങള്‍ സൂചിപ്പിക്കാന്‍ മറക്കരുത്.
- നിങ്ങളുടെ മനോരോഗത്തിന്‍റെ ചരിത്രം
- നിങ്ങള്‍ കഴിക്കുന്ന മരുന്നുകളുടെ വിശദവിവരങ്ങള്‍ നിങ്ങളെ ചികിത്സിക്കുന്ന മനോരോഗവിദഗ്ദ്ധന്‍ നിങ്ങളുടെ ഗൈനക്കോളജിസ്റ്റുമായി നേരിട്ട് ഇക്കാര്യത്തെക്കുറിച്ച് ചര്‍ച്ച ചെയ്യുന്നത് വളരെ നല്ലതായിരിക്കും. എങ്കില്‍ ഗൈനക്കോളജിസ്റ്റിന് കാര്യങ്ങള്‍ കൂടുതല്‍ വ്യക്തതയോടെ മനസ്സിലാക്കാനും എന്തെങ്കിലും പ്രശ്നം വന്നാല്‍ അത് കൈകാര്യം ചെയ്യാന്‍ എല്ലാവിധ തയ്യാറെടുപ്പോടെയും ഇരിക്കാനും കഴിയും.
ഗര്‍ഭധാരണം, പ്രസവം തുടങ്ങിയവയുമായി ബന്ധപ്പെട്ട നിങ്ങളുടെ പദ്ധതി ഡോക്റ്ററെ അറിയിക്കുന്നതും നന്നായിരിക്കും. കാരണം നിങ്ങള്‍ക്ക് എന്തെല്ലാം സഹായങ്ങളും സൗകര്യങ്ങളും എവിടെ നിന്ന്, എങ്ങനെയൊക്കെ ഉപയോഗപ്പെടുത്താന്‍ കഴിയുമെന്നും എന്തെങ്കിലും സങ്കീര്‍ണ്ണതകള്‍ വരികയാണെങ്കില്‍ എന്തു ചെയ്യാന്‍ പറ്റുമെന്നും ഒക്കെ ഡോക്റ്ററും അറിഞ്ഞിരിക്കുന്നത് നല്ലതാണ്.
- നിങ്ങള്‍ എന്തെങ്കിലും മരുന്നുകള്‍ കുറച്ചു നാളായി കഴിച്ചു കൊണ്ടിരിക്കുകയോ അല്ലെങ്കില്‍ ഇപ്പോള്‍ കഴിക്കുകയോ ചെയ്യുന്നുണ്ടെങ്കില്‍ അക്കാര്യം ഡോക്റ്ററെ അറിയിക്കണം. നിങ്ങളുടെയും കുട്ടിയുടെയും സുരക്ഷക്കുവേണ്ട മുന്‍കരുതലുകള്‍ എടുക്കാന്‍ ഡോക്റ്റര്‍ക്ക് ഈ അറിവ് ആവശ്യമാണ്.
- നിങ്ങള്‍ മുന്‍ നിശ്ചയപ്രകാരമല്ലാതെ അപ്രതീക്ഷിതമായി ഗര്‍ഭം ധരിച്ചതാണെങ്കില്‍, നിങ്ങള്‍ മരുന്ന് കഴിക്കുകയും ചെയ്യുന്നുണ്ടെങ്കില്‍ തീര്‍ച്ചയായും രോഗചരിത്രവും മരുന്നുവിവരങ്ങളും ഡോക്റ്ററെ അറിയിക്കണം. എങ്കില്‍ ഡോക്റ്റര്‍ക്ക് ആവശ്യമായ പരിശോധനകളും സ്കാനുകളും മറ്റും നടത്തി, ഭ്രൂണവളര്‍ച്ച ശരിയായ വിധത്തില്‍ നടക്കുന്നുണ്ടോ എന്നറിയാന്‍ സാധിക്കും.
- ചില മരുന്നുകള്‍ ചിലരില്‍ പ്രമേഹരോഗം സൃഷ്ടിച്ചേക്കാം. നിങ്ങള്‍ കഴിക്കുന്ന മരുന്നുകള്‍ ഈ വിഭാഗത്തില്‍ പെടുന്നവയാണെങ്കില്‍ ഡോക്റ്റര്‍ക്ക് നിങ്ങളുടെ രക്തത്തിലെ പഞ്ചസാരയുടെ അളവ് തുടര്‍ച്ചയായി പരിശോധിക്കുകയും ആവശ്യമായ സമയത്ത് ഇടപെടുകയും ചെയ്യാനാകും.
നിങ്ങളുടെ മാനസികപ്രശ്ങ്ങള്‍ ഗര്‍ഭധാരണത്തിനു മുമ്പും ഗര്‍ഭാവസ്ഥയിലും പ്രസവശേഷവും മനോരോഗവിദഗ്ദ്ധന്‍, ഗൈനക്കോളജിസ്റ്റ് എന്നിവരുമായി ചര്‍ച്ച ചെയ്യേണ്ടതാണ്. അങ്ങനെ ചെയ്യുന്നത് സ്വന്തം കുഞ്ഞിനും അവനവനു തന്നെയും ശരിയായ പരിചരണം കിട്ടാന്‍ സഹായിക്കും.