കുഞ്ഞിനെ പരിചരിക്കാനായി ഞാന്‍ ജോലിയില്‍ നിന്ന് അല്പകാലം വിട്ടുനില്‍ക്കണോ? അതോ ജോലി പൂര്‍ണ്ണമായും വിടണോ? കുഞ്ഞിനെ നോക്കാന്‍ ഒരു ജോലിക്കാരിയെ ഏല്പിച്ചാലോ? 'ഇതിനൊന്നും കൃത്യമായ ഉത്തരമില്ല. നിങ്ങള്‍ക്ക് യോജിക്കുന്നതെന്താണ്- അതാണ് നിങ്ങളെ സംബന്ധിച്ചിടത്തോളം ശരിയായ ഉത്തരം'. സക്ര വേള്‍ഡ് ഹോസ്പിറ്റലിലെ കണ്‍സള്‍ട്ടിങ് സൈക്യാട്രിസ്റ്റ് ഡോ. സബീന റാവുവിന്‍റെ അഭിപ്രായമാണിത്. മൂന്നു കുഞ്ഞുങ്ങളുടെ അമ്മയാണ് ഡോ. സബീന. കുഞ്ഞുങ്ങളുടെ കാര്യം പരിഗണിച്ച് സൗകര്യപ്രദമായ സമയത്ത് ജോലി ചെയ്യാന്‍ അനുവദിച്ച ആശുപത്രിയുടെ മെഡിക്കല്‍ ഡയറക്റ്ററോട് ഡോക്റ്റര്‍ക്ക് വളരെയധികം നന്ദിയുണ്ട്. വീട്ടിനു പുറത്തുപോയി ജോലി ചെയ്യുന്ന നഗരവാസികളായ സ്ത്രീകള്‍ നേരിടുന്ന ഇത്തരം ധര്‍മ്മസങ്കടങ്ങളെക്കുറിച്ച് ഡോ. സബീന നമ്മോട് സംസാരിക്കുന്നു. ഇത്തരം കാര്യങ്ങളുമായി ബന്ധപ്പെട്ട് സ്ത്രീകള്‍ ചുമന്നു നടക്കുന്ന അനാവശ്യമായ കുറ്റബോധം തീര്‍ത്തും ഒഴിവാക്കണമെന്നാണ് ഡോക്റ്ററുടെ ഉറച്ച അഭിപ്രായം.
ഒരു കുട്ടിയെ പ്രസവിക്കുക എന്നത് ഇപ്പോള്‍ ജീവിതത്തെ തന്നെ മാറ്റി മറിക്കുന്ന തീരുമാനമായി കണക്കാക്കപ്പെടുന്നു. ഈ വിഷയത്തില്‍ ചെറുപ്പക്കാരായ ദമ്പതികള്‍ പരിഗണിക്കുന്ന കാര്യങ്ങള്‍ എന്തൊക്കെ?
വിവാഹം കഴിഞ്ഞാല്‍ ഒട്ടും വൈകാതെ സ്ത്രീ പ്രസവിക്കണം എന്ന നിര്‍ബന്ധം ഇപ്പോള്‍ കോസ്മോപൊളിറ്റന്‍ നഗരങ്ങളില്‍ കുറഞ്ഞുവരികയാണ്. മിക്കവാറും ഇങ്ങനെ നിര്‍ബന്ധം പിടിക്കാറുള്ളത് ഭര്‍ത്തൃമാതാപിതാക്കളോ പെണ്‍കുട്ടിയുടെ അച്ഛനമ്മമാരോ ആയിരിക്കും. ഇപ്പോള്‍ മിക്കവാറും ദമ്പതികള്‍ ഇരുകൂട്ടരുടെയും കുടുംബങ്ങളില്‍ നിന്ന് അകന്ന് തനിയെ താമസിക്കുന്നതിനാല്‍ കാരണവന്മാരുടെ ഇടപെടലുകള്‍ കുറയും. അതിനാല്‍ ഇപ്പോള്‍ നവദമ്പതികള്‍ ഇക്കാര്യത്തില്‍ സ്വന്തമായി തീരുമാനമെടുക്കുന്ന രീതി വര്‍ദ്ധിച്ചു വരികയാണ്. സ്ത്രീകള്‍ ഇപ്പോള്‍ സാമ്പത്തികഭാഗത്തെക്കുറിച്ചു കൂടി ചിന്തിച്ചിട്ടാണ് കുഞ്ഞിന്‍റെ കാര്യത്തില്‍ തീരുമാനം എടുക്കുന്നത്. ഉദാഹരണമായി പ്രസവശേഷം കമ്പനിയില്‍ പോയാല്‍ കമ്പനി തന്നെ എടുക്കുമോ, തനിക്കും ഭര്‍ത്താവിനും കുട്ടിയെ പോറ്റാനുള്ള കഴിവുണ്ടോ എന്നെല്ലാം. ഗര്‍ഭിണിയാകുന്നത് വൈകാരികമായി തന്നെ എങ്ങനെ ബാധിക്കും എന്നു കൂടി ചിന്തിച്ചു തുടങ്ങിയിരിക്കുന്നു. ചില കമ്പനികള്‍ കൂടുതല്‍ സ്ത്രീസൗഹൃദപരമായി വരുന്നുണ്ട്. അവര്‍ സ്ത്രീജീവനക്കാരെ അനാവശ്യഭാരം എന്ന നിലയിലല്ലാതെ ഒരു മുതല്‍ക്കൂട്ടായി കണ്ടു തുടങ്ങിയിരിക്കുന്നു. എന്തായാലും മിക്കവാറും സ്ത്രീകളെ സംബന്ധിച്ചിടത്തോളം പ്രധാന പരിഗണന താന്‍ ജോലിയ്ക്കു പോയാല്‍ കുഞ്ഞിനെ ആരു സംരക്ഷിക്കും എന്നതു തന്നെയാണ്. കുട്ടിയെ പ്രസവിച്ചു വളര്‍ത്തുക എന്ന തീരുമാനം സ്ത്രീയെ സംബന്ധിച്ചിടത്തോളം മിക്കവാറും ജീവിതം തന്നെ അടിമുടി മാറ്റുന്ന തീരുമാനമാണ്. അത് നിങ്ങളുടെ ശരീരത്തെയും വികാരങ്ങളെയും പലപ്പോഴും നിങ്ങള്‍ ആരാണ് എന്ന നിങ്ങളുടെ ആത്മബോധത്തിനെയും വരെ മാറ്റി മറിയ്ക്കുന്നു.
അപ്പോള്‍ സമയമെടുത്ത് ചിന്തിക്കുകയും പദ്ധതി രൂപീകരിക്കുകയുമാണോ പോംവഴി?
മിക്കവാറും ദമ്പതികള്‍ക്ക് അധികം ചിന്തിക്കാനൊന്നും സമയം കിട്ടാറില്ല. ഏറ്റവും വിദ്യാഭ്യാസം ലഭിച്ച സ്ത്രീകള്‍ പോലും കുടുംബത്തിന്‍റെ അല്ലെങ്കില്‍ സമൂഹത്തിന്‍റെ നിയമങ്ങള്‍ക്കും നിര്‍ബന്ധങ്ങള്‍ക്കും വഴങ്ങിപ്പോകുന്നു. മിക്കവാറും സ്ത്രീകളെ സംബന്ധിച്ചിടത്തോളം അതാണ് ചെയ്യേണ്ട 'ശരിയായ കാര്യം'. വിവാഹം കഴിക്കുക, കുട്ടികളെ പ്രസവിക്കുക- ഇതാണ് സ്ത്രീയുടെ കടമ എന്ന ആശയം മനസ്സിലുറയ്ക്കുന്ന വിധത്തിലാണ് നമ്മുടെ സമൂഹത്തില്‍ പെണ്‍കുട്ടികളെ വളര്‍ത്തുന്നത്. ഒരു സ്ത്രീ ഒരു കുട്ടിയെ പ്രസവിക്കാന്‍ എല്ലാതരത്തിലും തയ്യാറാണ് എന്ന് ഒരിക്കലും ആര്‍ക്കും പറയാനാകില്ല എന്നൊരു പറച്ചിലുണ്ട്. അത് ശരിയാണ്. അമ്മയാവുക എന്ന അനുഭവം നിങ്ങള്‍ക്ക് എങ്ങനെയിരിക്കും എന്ന് ആര്‍ക്കും പ്രവചിക്കാനോ അതിനെ നിയന്ത്രിക്കാനോ പറ്റില്ല. എന്നാല്‍ ചില കാര്യങ്ങള്‍ ഒരു പരിധി വരെ നമുക്ക് നിയന്ത്രിക്കാം. നിങ്ങളുടെ സാമ്പത്തികാവസ്ഥ എങ്ങനെ? ജോലിയില്‍ നിന്ന് കുറച്ചു നാള്‍ വിട്ടു നില്‍ക്കാന്‍ പദ്ധതിയുണ്ടോ? നിങ്ങള്‍ ജോലിയ്ക്ക് തിരിച്ചു കയറുമ്പോള്‍ കുഞ്ഞിന്‍റെ കാര്യത്തിലും മറ്റും ആരാണ് സഹായത്തിന് ഉണ്ടാവുക? ഈ കാര്യങ്ങളെല്ലാം ചിന്തിക്കുന്നതും ചില പദ്ധതികള്‍ രൂപീകരിക്കുന്നതും കാര്യങ്ങള്‍ കുറെക്കൂടി എളുപ്പമാക്കും- തീര്‍ത്തും സുഖകരമാക്കിയില്ലെങ്കില്‍ പോലും. ഗര്‍ഭത്തോട് നിങ്ങളുടെ ശരീരം എങ്ങനെയാണ് പ്രതികരിക്കുക, ഗര്‍ഭധാരണം എളുപ്പമായിരിക്കുമോ, സങ്കീര്‍ണ്ണതകള്‍ ഇല്ലാത്ത ഗര്‍ഭമായിരിക്കുമോ - ഈ ആശങ്കകളൊക്കെ നിങ്ങളുടെ നിയന്ത്രണത്തിന് അപ്പുറത്താണ്.
ജോലി ചെയ്യുന്ന സ്ത്രീകള്‍ ഗര്‍ഭിണികളാകുമ്പോള്‍ നേരിടുന്ന സമ്മര്‍ദ്ദങ്ങള്‍ എന്തൊക്കെ?
ഇന്ത്യയില്‍ ഗര്‍ഭധാരണം, കുഞ്ഞിനെ വളര്‍ത്തല്‍ തുടങ്ങിയ കാര്യങ്ങളില്‍ സ്ത്രീകളെ സ്വകാര്യസ്ഥാപനങ്ങള്‍ വേണ്ടത്ര സഹായിക്കുന്നില്ല എന്നു പരാതിപ്പെടുന്നതില്‍ വലിയ അര്‍ത്ഥമില്ല. കാരണം, രാജ്യത്തെ മൊത്തം അവസ്ഥ തന്നെ അങ്ങനെയാണ്. കുട്ടിയെ ഏല്പിക്കാന്‍ പറ്റിയ നല്ല ഡെ കെയര്‍ സ്ഥാപനങ്ങള്‍, കുട്ടിയെ പരിചരിക്കാന്‍ നല്ല സഹായികള്‍... ഇങ്ങനെയിങ്ങനെ കുട്ടിയ്ക്കും അമ്മയ്ക്കും വേണ്ട സഹായങ്ങളൊന്നും കിട്ടുക ഇവിടെ എളുപ്പമല്ല. ചുരുക്കത്തില്‍ അണുകുടുംബത്തില്‍ താമസിക്കുന്ന സ്ത്രീകള്‍ സ്വന്തം കാര്യമെല്ലാം സ്വയം നോക്കണം എന്ന സ്ഥിതിയാണ്. കുറച്ചു പേര്‍ക്കൊക്കെ കുടുംബത്തില്‍ നിന്ന് സഹായം ലഭിക്കാന്‍ സാദ്ധ്യതയുണ്ട്. എന്നാല്‍ നേരത്തെ സൂചിപ്പിച്ച വിവിധകാരണങ്ങളാല്‍ ഇപ്പോള്‍ സ്ത്രീകള്‍ അമ്മമാരാകുന്ന പ്രായം ഉയരുന്നുണ്ട്. അപ്പോള്‍ അവരുടെ മാതാപിതാക്കളുടെയും ഭര്‍ത്തൃമാതാപിതാക്കളുടേയും പ്രായവും ഉയരുകയാണ്. ഈ സാഹചര്യത്തില്‍ സ്ത്രീകള്‍ ജോലിക്കു പോകാന്‍ നിശ്ചയിച്ചാല്‍ എന്താണു ചെയ്യുക? ഇവിടെ ഉത്തരവാദിത്വം ജോലി ചെയ്യുന്ന സ്ഥാപനത്തിന്‍റെതാകുന്നു. പ്രസവാവധി കൂടുതല്‍ കൊടുക്കുക, സ്ഥാപനത്തോടു ചേര്‍ന്ന് നല്ല ശിശുപരിപാലന കേന്ദ്രങ്ങള്‍ നടത്തുക തുടങ്ങിയവ കമ്പനികള്‍ക്ക് അവരുടെ സ്ത്രീ ജീവനക്കാര്‍ക്കു ചെയ്യാന്‍ കഴിയുന്ന സഹായങ്ങളാണ്. ജോലിയില്‍ സ്ത്രീകള്‍ പുരുഷന്മാരേക്കാള്‍ ഒട്ടും താഴെ അല്ലെന്ന് നമുക്കറിയാം. കമ്പനികള്‍ കൂടുതല്‍ സ്ത്രീ സൗഹൃദപരമാവുകയും സ്ത്രീത്വവും മാതൃത്വവും അംഗീകരിച്ച് അവര്‍ക്ക് ആവശ്യമായ സമയവും സൗകര്യവും കൊടുക്കുകയും ചെയ്താല്‍ സ്വാഭാവികമായും സ്ത്രീ ജീവനക്കാര്‍ക്ക് അത് പ്രോത്സാഹനമാവുകയും അവര്‍ കമ്പനിയോട് കൂടുതല്‍ കൂറു കാണിക്കുകയും ചെയ്യും. കുഞ്ഞിനെ വീട്ടുകാരെയോ സഹായിയേയോ ഏല്പിച്ച് ജോലിക്കു പോകുന്ന സ്ത്രീകള്‍ സമൂഹത്തിന്‍റെ കണ്ണില്‍ നല്ല സ്ത്രീകളോ അമ്മമാരോ അല്ല. സമൂഹത്തിന്‍റെ ഈ പിന്തിരിപ്പന്‍ കാഴ്ചപ്പാടും ഗര്‍ഭധാരണത്തെക്കുറിച്ചുള്ള സ്ത്രീകളുടെ ചിന്തയേയും തീരുമാനത്തെയും കൂടുതല്‍ സമ്മര്‍ദ്ദത്തിലാക്കുന്നു.
കുറ്റബോധം അത്രവലിയ പ്രശ്നമാണോ?
കുറ്റബോധം എന്നത് ലോകമൊട്ടാകെ ഉള്ളതാണ്. ഇന്‍ഫര്‍മേഷന്‍ ടെക്നോളജി സെക്റ്റര്‍ (ഐ. ടി . സെക്റ്റര്‍) തന്നെയെടുക്കാം. പ്രസവത്തിനോ കുട്ടിയെ വളര്‍ത്താനോ വേണ്ടി ഒന്നോ രണ്ടോ വര്‍ഷം വിട്ടു നില്‍ക്കുന്ന സ്ത്രീകള്‍ക്കു വേണ്ടി ഐ.ടി സെക്റ്റര്‍ കാത്തുനില്‍ക്കുന്നില്ല. ടെക്നോളജി വളര്‍ന്നു കൊണ്ടേയിരിക്കുന്നു. പഠനം കഴിഞ്ഞിറങ്ങിയതു മുതല്‍ ഈ രംഗത്ത് പ്രവര്‍ത്തിച്ചിരുന്നവര്‍ ഒന്നോ രണ്ടോ വര്‍ഷം അവധിയെടുത്തു കഴിയുമ്പോള്‍ ടെക്നോളജി അവരെ വിട്ടു ബഹുദൂരം മുന്നോട്ടു പോയിക്കഴിയും. ചെയ്തത് അബദ്ധമായോ എന്ന ചിന്തയാകും പിന്നീട്. എന്നാല്‍ ഈ ഓട്ടത്തില്‍ പങ്കെടുക്കാം എന്നു കരുതിയാലോ? സ്വന്തം കുഞ്ഞിനെ വിട്ടു ജോലിക്കു പോകുന്നതിന്‍റെയും കുഞ്ഞിനൊപ്പം വേണ്ടത്ര സമയം ചെലവഴിക്കാത്തതിന്‍റെയും കുറ്റബോധമായിരിക്കും അന്തിമഫലം. ചുരുക്കത്തില്‍ ജോലി വിട്ടാലും ജോലിക്കു പോയാലും സ്ത്രീകള്‍ കുറ്റബോധത്തിന് അടിമപ്പെടും. പല പഠനങ്ങളും കാണിക്കുന്നത് ജോലിയ്ക്കു പോകുന്ന അമ്മമാരുടെ കുഞ്ഞുങ്ങള്‍ കൂടുതല്‍ ആത്മവിശ്വാസമുള്ളവരായിത്തീരുന്നു എന്നാണ്. അമ്മയ്ക്ക് സ്വയം താന്‍ ശരിയാണ് എന്നു തോന്നുന്നതാണ് പ്രധാനം. അങ്ങനെ തോന്നിയാല്‍ അവര്‍ തന്‍റെ കുട്ടിയുടെ ആവശ്യങ്ങള്‍ നിറവേറ്റാന്‍ കെല്പുള്ള മാതാവ് ആകാനാണ് സാദ്ധ്യത. വികാരപരമായി താന്‍ ആരോഗ്യവതിയാണ് എന്ന് അമ്മയ്ക്ക് തോന്നണം. എനിക്കു പറയുവാനുള്ളത്- കുറ്റബോധത്തെ എടുത്തു ദൂരെ കളയുക. തങ്ങളെ സംബന്ധിച്ചിടത്തോളം പ്രായോഗികമായ കാര്യം എന്താണോ അതാണ് ശരിയായ തീരുമാനം - ഇക്കാര്യം സ്ത്രീകള്‍ മനസ്സിലാക്കേണ്ടതുണ്ട്. കുട്ടിയെ വളര്‍ത്തി വലുതാക്കലാണ് തങ്ങളുടെ മനസ്സിന് തൃപ്തി തരുന്ന കര്‍ത്തവ്യം എന്നു കരുതുന്ന സ്ത്രീകള്‍ ഇല്ലേ? അതു ചെയ്യുമ്പോഴായിരിക്കും അവര്‍ക്ക് സംതൃപ്തി. അവര്‍ അതു ചെയ്യട്ടെ. എന്നാല്‍ മറിച്ചു തോന്നുന്ന സ്ത്രീകളും ഉണ്ട്. അതാണ് അവരുടെ ശരി. ജോലി ചെയ്യുമ്പോഴാണ് ഒരു സ്ത്രീയ്ക്ക് പൂര്‍ണ്ണതയും സംതൃപ്തിയും തോന്നുന്നത് എങ്കില്‍ അവര്‍ ജോലി ചെയ്യണം. നിങ്ങള്‍ പഠിച്ചു നേടിയ ഡിഗ്രി എന്തിനു പാഴാക്കണം? എല്ലാംചെയ്യണമെന്നും എല്ലാത്തിലും വിജയിക്കണമെന്നും പലപ്പോഴും സ്ത്രീകള്‍ക്ക് തോന്നാറുണ്ട്. എന്നാല്‍ എല്ലാം കൂടി ഒരുമിച്ചു ചെയ്തു വിജയിക്കാന്‍ വേണ്ടി ഒരുപാടു വെപ്രാളപ്പെടുന്നതില്‍ അര്‍ത്ഥമില്ല. എന്‍റെ അഭിപ്രായത്തില്‍ നിങ്ങള്‍ക്ക് സന്തോഷം തരുന്നതെന്തോ അതു ചെയ്യുക. ജോലി, കുടുംബത്തിലെ ഉത്തരവാദിത്വങ്ങള്‍... ഇതിന്‍റെയിടയില്‍ ഗര്‍ഭധാരണം, പ്രസവം, കുട്ടിയെ വളര്‍ത്തല്‍ - ഈ കാലഘട്ടം സമ്മര്‍ദ്ദങ്ങളും സങ്കീര്‍ണ്ണതകളും നിറഞ്ഞതാണ്. ഈ സമയത്ത് ആശയക്കുഴപ്പങ്ങളും ആശയസംഘട്ടനങ്ങളുമൊക്കെ സാധാരണം. തന്മൂലം അതിനെക്കുറിച്ച് വ്യാകുലപ്പെടേണ്ടതില്ല.
ബാഹ്യസമ്മര്‍ദ്ദങ്ങളും സാമൂഹിക നിര്‍ബന്ധങ്ങളും സ്ത്രീകളുടെ മാനസികാരോഗ്യത്തെ ബാധിക്കുമോ?
മിക്കവാറും സ്ത്രീകളുടെ കാര്യത്തില്‍ ഇതുസംഭവിക്കാറുണ്ട് എന്നതാണ് വസ്തുത. നവമാതാക്കള്‍ ഉത്ക്കണ്ഠയിലേക്കും വിഷാദത്തിലേക്കും എളുപ്പം വീണു പോകാറുണ്ട്. പ്രസവാനന്തരവിഷാദാവസ്ഥ വളരെ സാധാരണമാണ്. ബാഹ്യ സമ്മര്‍ദ്ദങ്ങള്‍ കൂടിയാകുമ്പോള്‍ കാര്യങ്ങള്‍ കൂടുതല്‍ വഷളാകുന്നു. കുട്ടിയെ പരിചരിക്കുക എന്ന ഉത്തരവാദിത്വവും അവള്‍ക്കുണ്ടല്ലോ. ഈ അവസ്ഥയില്‍ ചിലപ്പോള്‍ അവള്‍ക്കു തോന്നും എത്രയും പെട്ടെന്ന് ജോലിക്കു പോയിത്തുടങ്ങുകയായിരിക്കും ഭേദം എന്ന്. അതിനിടയില്‍ ചുറ്റമുള്ളവരുടെ ചില അഭിപ്രായപ്രകടനങ്ങളും ഉണ്ടാകും. 'വലിയ ഡിഗ്രിയൊക്കെ എടുത്തിട്ട് എന്തു കാര്യമുണ്ടായി? ഇനി വീട്ടില്‍ ഇരിക്കാന്‍ പോവുകയല്ലേ?' എന്ന മട്ടില്‍. ഇതു കൂടി കേള്‍ക്കുമ്പോള്‍ ചെറുപ്പക്കാരിയായ നവമാതാവ് കൂടുതല്‍ മാനസിക സമ്മര്‍ദ്ദത്തിലാകും. ഇതൊന്നും കേട്ട് പരിഭ്രമിക്കാതിരിക്കുക. പ്രസവശേഷം ആറ് ആഴ്ചയെങ്കിലും വിശ്രമിക്കാന്‍ ശ്രമിക്കണം. നിങ്ങളുടെ സ്ഥാപനം വളരെ ചെറിയ പ്രസവാവധി മാത്രമേ തരുകയുള്ളു എങ്കില്‍, മേലധികാരികളോട് സംസാരിച്ച് കുറച്ചുകാലത്തേക്കു കൂടി അവധി നീട്ടിക്കിട്ടുമോ എന്നു നോക്കുക. ഒന്നു ശ്രമിക്കുന്നതില്‍ തെറ്റൊന്നുമില്ലല്ലോ.
ഇവിടെ ജീവിതപങ്കാളിയ്ക്കുള്ള പങ്കെന്ത്?
തീരുമാനമെടുക്കുന്നതില്‍ ജീവിതപങ്കാളിയ്ക്ക് വളരെ പ്രധാനപ്പെട്ട പങ്കുണ്ട്. മാതൃത്വമെന്നത് പൊതുവെ സ്ത്രീയുടെ മാത്രം 'പ്രശ്നം' എന്ന നിലയില്‍ കാണുന്ന പ്രവണത ഇവിടെ നിലനില്‍ക്കുന്നുണ്ട്. ഗര്‍ഭം, പ്രസവം തുടങ്ങിയ കാര്യങ്ങള്‍ ശരാശരി ഇന്ത്യന്‍ പുരുഷന്‍റെ ചിന്താമണ്ഡലത്തിന് അപ്പുറത്താണ്. എന്നാല്‍ ഈ കാലഘട്ടത്തില്‍ പുരുഷന്‍ സ്ത്രീയ്ക്ക് സാമ്പത്തിക സഹായത്തേക്കാള്‍ കൂടുതലായി കൊടുക്കേണ്ടത് വൈകാരിക പിന്തുണയാണ്. ജീവിതപങ്കാളിയോടൊപ്പം ഇരുന്ന് നിങ്ങളുടെ ആഗ്രഹങ്ങളെയും പ്രതീക്ഷകളെയും കുറിച്ച് തുറന്ന ഒരു ചര്‍ച്ച നടത്തുക. ഒരു കുട്ടിയ്ക്കു ജന്മം കൊടുക്കാന്‍ ആലോചിക്കുമ്പോള്‍ മുതല്‍ തന്നെ ഈ ചര്‍ച്ച ആരംഭിക്കണം. ഇക്കാര്യങ്ങളെക്കുറിച്ച് വായിച്ചു മനസ്സിലാക്കല്‍, പദ്‌ധതികള്‍ രൂപീകരിക്കല്‍, കുട്ടിയ്ക്ക് ആഹാരം കൊടുക്കല്‍, നാപ്പി മാറ്റല്‍... എന്നു വേണ്ട എല്ലാ കാര്യങ്ങളിലും കുട്ടിയുടെ പിതാവും പങ്കാളിയാകണം. എനിക്ക് പുരുഷന്മാരോടു പറയാന്‍ ഉളളത് ഇതാണ്- കുട്ടിയെ വളര്‍ത്തുന്ന കാര്യത്തില്‍ നിങ്ങളും പങ്കാളികളാകണം. അത് തീര്‍ച്ചയായും പുരുഷത്വം തന്നെയാണ്.
ആശയക്കുഴപ്പം വരുമ്പോള്‍ സ്ത്രീകള്‍ ആരോടു സംസാരിക്കണം?
നിങ്ങളുടെ അമ്മയ്ക്കോ അമ്മായിയമ്മയ്ക്കോ നിങ്ങളെ മനസ്സിലാക്കാന്‍ ആകുന്നില്ല എന്ന തോന്നല്‍ വരുന്ന അവസരം ഉണ്ടാകും. അങ്ങനെയുള്ളപ്പോള്‍ നിങ്ങളുടെ അതേ അനുഭവങ്ങളുള്ള സ്ത്രീകള്‍ ആരുണ്ടെന്നു നോക്കുക. നിങ്ങളുടെ ജോലി സ്ഥലത്തോ അയല്‍പക്കത്തോ അടുത്ത ഫ്ളാറ്റിലോ ഒക്കെ ആരെങ്കിലുമൊക്കെ അമ്മ എന്ന റോളും ഉദ്യോഗസ്ഥ എന്ന റോളും ഒരുമിച്ചു കൈകാര്യം ചെയ്യുന്നവരുണ്ടാകും. ഇവിടെ ഒരു കാര്യം ഓര്‍മ്മിക്കാനുള്ളത്, ഓരോ മനുഷ്യരുടെയും പ്രശ്നങ്ങള്‍ ഓരോ തരത്തിലായിരിക്കും എന്നതാണ്. ചില കമ്പനികളില്‍ വനിതാജീവനക്കാരുടെ മാനസികപ്രശ്നങ്ങള്‍ കൈകാര്യം ചെയ്യാനും വൈകാരികവും ധാര്‍മ്മികവുമായ പിന്തുണ നല്‍കാനുമായി കൗണ്‍സിലര്‍മാരോ സീനിയര്‍ ആയ സ്ത്രീ ജീവനക്കാരോ ഉണ്ടാകും. എന്തായാലും ആവശ്യമുണ്ടെങ്കില്‍ തീര്‍ച്ചയായും ഒരു കൗണ്‍ലസറിനെ കണ്ട് കാര്യങ്ങള്‍ തുറന്നു സംസാരിക്കാവുന്നതാണ്.
സ്ത്രീകള്‍ക്ക് സ്വയം എങ്ങനെ സഹായിക്കാം?
മിക്കാവാറും സ്ത്രീകള്‍ ഒരു കുഞ്ഞിനെ പ്രസവിച്ചു കഴിയുമ്പോഴേക്കും വിഷമിച്ച്, ഉറക്കം നഷ്ടപ്പെട്ട് ആകെ തളര്‍ന്നു പോകാറുണ്ട്. അവര്‍ക്ക് കുടുംബാംഗങ്ങളില്‍ നിന്നും കുട്ടിയുടെ അച്ഛനില്‍ നിന്നും വളരെയധികം സാന്ത്വനവും പിന്തുണയും ആവശ്യമുണ്ട്. പഴയ ദിനചര്യയിലേക്കു തിരിച്ചുവരികയും വീട്ടിലെ ഉത്തരവാദിത്വങ്ങള്‍ ഏറ്റെടുക്കുകയും ചെയ്യാന്‍ അവര്‍ക്ക് വളരെയധികം ബുദ്ധിമുട്ടുണ്ടാകും. ചില സ്ത്രീകള്‍ പ്രസവിച്ച് ഏതാനും ആഴ്ചകള്‍ക്കുള്ളില്‍ തന്നെ തന്‍റെ സാധാരണ ദിനചര്യകളിലേക്ക് തിരിച്ചുവരികയും ഗര്‍ഭത്തോട് അനുബന്ധിച്ച് വര്‍ദ്ധിച്ച തൂക്കം കുറയ്ക്കുകയും കാര്യങ്ങളെല്ലാം പഴയ പോലെ നിയന്ത്രണത്തില്‍ കൊണ്ടുവരികയും ചെയ്തു കാണാറുണ്ട്. ഇങ്ങനെയുള്ള സ്ത്രീകളെക്കുറിച്ച് കേട്ട്, അവരെ പോലെ ആകാന്‍ പറ്റുന്നില്ലല്ലോ എന്നോര്‍ത്ത് നിങ്ങള്‍ വിഷമിക്കേണ്ട കാര്യമില്ല. ഓരോ സ്ത്രീയുടെയും അനുഭവങ്ങള്‍ വ്യത്യസ്തമാണെന്ന കാര്യം ഓര്‍ക്കുക മാത്രം ചെയ്യുക.
നിങ്ങള്‍ക്ക് ഉപകാരപ്രദമാകുന്ന ചില കാര്യങ്ങള്‍ കുറിയ്ക്കാം: ദിനചര്യ എഴുതിത്തയ്യാറാക്കുക. പറ്റുമെങ്കില്‍ കുട്ടിയുമായി ബന്ധപ്പെട്ട് നിങ്ങള്‍ ദിവസം എങ്ങനെ ചെലവഴിക്കണം എന്നതിന്‍റെ പദ്ധതി രൂപവല്‍ക്കരിക്കുക. പറ്റുന്നതിന്‍റെ പരമാവധി വിശ്രമിക്കുക. ചിലപ്പോള്‍ എഴുതിയതിന്‍റെ പകുതി കാര്യങ്ങള്‍ പോലും നിങ്ങള്‍ക്ക് ചെയ്യാന്‍ കഴിഞ്ഞില്ലെന്നു വരാം. അതിനെക്കുറിച്ച് കുറ്റബോധം തോന്നേണ്ട കാര്യമില്ല. സ്വന്തം നന്മയ്ക്കു വേണ്ട എല്ലാ കാര്യങ്ങളും ചെയ്യുക. നിങ്ങള്‍ക്ക് മനസ്സ് തുറന്ന് സംസാരിക്കാന്‍ വീട്ടില്‍ ആരുമില്ലെങ്കില്‍ മനസ്സിലുള്ള കാര്യങ്ങള്‍ എഴുതി വെയ്ക്കുക. മനസ്സിന് വല്ലാത്ത അസ്വസ്ഥതയോ വിഷാദമോ ഉത്ക്കണ്ഠയോ തോന്നുകയാണെങ്കില്‍ ഒരു മനോരോഗവിദഗ്ധനെയോ കൗണ്‍സലറിനെയോ പോയി കാണുക.
മുലകുടിക്കുന്ന കുഞ്ഞിനെ വീട്ടിലാക്കി ജോലിയ്ക്ക് പോകാന്‍ തയ്യാറെടുക്കുന്നവര്‍ ഡോക്റ്ററെ കണ്ട് വിവരം പറയണം. മുലപ്പാല്‍ പിഴിഞ്ഞെടുക്കുകയും കേടുവരാതെ സൂക്ഷിച്ചുവെയ്ക്കുകയും ചെയ്യുന്നതിനെക്കുറിച്ച് വിദഗദ്ധരോട് ചോദിച്ചു മനസ്സിലാക്കണം. അമ്മയായ ശേഷം എല്ലാവരും ഓര്‍മ്മിക്കേണ്ട കാര്യമുണ്ട്. പഴയ ആളല്ല നിങ്ങള്‍. പണ്ടത്തേതിനേക്കാള്‍ കുറെക്കൂടി മെച്ചപ്പെട്ട ആളായി നിങ്ങള്‍ ഇന്നു മാറിയിരിക്കുന്നു. അതിന് നിങ്ങള്‍ സ്വയം അഭിനന്ദിക്കേണ്ടത് അത്യാവശ്യമാണ്!