ജീവിതഘട്ടങ്ങൾ

ഗര്‍ഭകാലത്ത് പങ്കാളിയുടെ പങ്ക്

വൈറ്റ് സ്വാൻ ഫൗണ്ടേഷൻ
ഗര്‍ഭകാലയളവില്‍ വേണ്ട പണം മാത്രം നല്‍കുന്ന നിലയില്‍ തന്‍റെ ചുമതല പരിമിതപ്പെടുത്തുന്ന പുരുഷസംസ്ക്കാരം നമ്മുടെ നാട്ടില്‍ സാധാരണമാണ്. ഗര്‍ഭകാലം പൊതുവെ പ്രതീക്ഷയും സന്തോഷവും നിറഞ്ഞതാണെങ്കിലും ആദ്യമായി ഗര്‍ഭം ധരിക്കുന്നവര്‍ക്ക് കുഞ്ഞിന്‍റെയും, തന്‍റെയും ആരോഗ്യത്തെക്കുറിച്ചും, ശാരീരികമായ സങ്കീര്‍ണ്ണതകളെപ്പറ്റിയും, അവര്‍ നേരിടാന്‍ പോകുന്ന സാമൂഹ്യവും സാംസ്കാരികവുമായ സമ്മര്‍ദ്ദത്തെയും കുറിച്ച് ഉത്ക്കണ്ഠയും ആശങ്കയും ഉണ്ടാകാം. ഈ സാഹചര്യത്തില്‍ ഗര്‍ഭിണിയുടെ ഏറ്റവുമടുത്ത വ്യക്തിയെന്ന നിലയ്ക്ക്, ഭര്‍ത്താവ് തന്‍റെ പങ്കാളിയുടെ കാര്യങ്ങളില്‍ അങ്ങേയറ്റം സ്നേഹത്തോടെ സമീപിക്കേണ്ടതാണ്. ഗര്‍ഭകാലശുശ്രൂഷകളില്‍ നിന്നും ഭര്‍ത്താവ് മാറി നില്‍ക്കുന്നതിന്‍റെ കാരണം പൊതുവെ, ഭാര്യയെ എങ്ങനെ സഹായിക്കാം എന്ന വിഷയത്തിലുള്ള അയാളുടെ അജ്ഞതയും പ്രസവവും കുട്ടികളും ഇവയുമായി ബന്ധപ്പെട്ട കാര്യങ്ങളും എല്ലാം സ്ത്രീയുടെ മാത്രം ചുമതലയാണെന്ന മുന്‍വിധിയും മൂലമാകാം. സഹായമനസ്കരായ ഭര്‍ത്താക്കന്മാരുള്ള സ്ത്രീകള്‍ അനുഭവിക്കുന്ന മാനസിക പിരിമുറുക്കങ്ങള്‍ പൊതുവെ കുറവായിരിക്കും. അവരുടെ ഗര്‍ഭകാലവും, ശേഷമുള്ള പ്രസവാനന്തരകാലവും സന്തോഷം നിറഞ്ഞതാകും. ഒരു ഭര്‍ത്താവിന് എന്തൊക്കെ ചെയ്യാന്‍ കഴിയും?
  • അമ്മയുമായി കുഞ്ഞിന്‍റെ ജനനത്തെകുറിച്ച് സംസാരിക്കുക. പ്രസവത്തിനുള്ള ചെലവും, പ്രസവത്തിന് മുമ്പും അതിനുശേഷവുമുള്ള സഹായങ്ങളെപ്പറ്റിയുള്ള മുന്നൊരുക്കങ്ങള്‍, കുഞ്ഞിനെ സ്വാഗതം ചെയ്യാന്‍ വീട്ടിലൊരുക്കിയ മാറ്റങ്ങള്‍ തുടങ്ങിയ കാര്യങ്ങളെല്ലാം പരസ്പരം ചര്‍ച്ചചെയ്യേണ്ടതാണ്. 
  • ഗൈനക്കോളൊജിസ്റ്റിനെ സന്ദര്‍ശിക്കുമ്പോള്‍ ഭാര്യയെ അനുഗമിക്കുക, ഗര്‍ഭസ്ഥശിശുവിന്‍റെ വളര്‍ച്ചയും പുരോഗതിയും മനസ്സിലാക്കുക, എന്തെങ്കിലും ബുദ്ധിമുട്ടുകളുണ്ടോയെന്നു അന്വേഷിക്കുക. ഗര്‍ഭിണിയായ ഭാര്യയുടെ വിവരങ്ങളും ആവശ്യങ്ങളും മനസ്സിലാക്കുക.
  • നഗരങ്ങളില്‍ മിക്കവാറും കുടുംബങ്ങള്‍ ഭാര്യയും, ഭര്‍ത്താവും മാത്രമടങ്ങുന്ന അണുകുടുബങ്ങള്‍ മാത്രമായതിനാല്‍ ഗര്‍ഭിണിയായ ഭാര്യ മതിയായ പോഷകാഹാരം കഴിക്കുന്നുവെന്നും, യഥാസമയം മരുന്നു കഴിക്കുന്നുവെന്നും ഉറപ്പു വരുത്തേണ്ടത് ഭര്‍ത്താവിന്‍റെ ചുമതലയാണ്.
  • ഗര്‍ഭകാലത്ത് മനോനിലയിലുള്ള വ്യതിയാനങ്ങള്‍ സാധാരണയാണ്. അത് മനസ്സിലാക്കി ഭാര്യക്ക് വേണ്ട പിന്തുണ നല്കുക.
  • തമാശകളും, സ്നേഹവും, പരിചരണവും കൊണ്ട് ഗര്‍ഭകാലം അവര്‍ക്ക് ആസ്വാദ്യകരമാക്കുക.
  • കുടുംബത്തിലെ മറ്റുള്ളവരുമായി ഉണ്ടാകുന്ന ചെറിയ കശപിശകളില്‍ ഭാര്യയെ പിന്തുണയ്ക്കുക. ഓര്‍ക്കുക നിങ്ങളിപ്പോള്‍ രണ്ടല്ല, ഒന്നാണ്.