സമൂഹവും മാനസികാരോഗ്യവും

അഭിമുഖം: മാനസിക ആരോഗ്യം എല്ലാവരുടെയും കാര്യമാണെന്ന് ഓർക്കുക

വൈറ്റ് സ്വാൻ ഫൗണ്ടേഷൻ
മനുഷ്യരുടെ ശാരീരിക പ്രശ്‌നങ്ങൾ കൈകാര്യം ചെയ്യാൻ കാണിക്കുന്ന അത്രയും തന്നെ താത്പര്യം മാനസിക പ്രശ്‌നങ്ങൾ കൈകാര്യം ചെയ്യാനും കാണിക്കണം. അതും വളരെ പ്രധാനപ്പെട്ട കാര്യമാണ്. ഈ വിഷയത്തിൽ ഇന്ത്യ നേരിടുന്ന വെല്ലുവിളികളെക്കുറിച്ച് വൈറ്റ്‌സ്വാൻ ഫൗണ്ടേഷന്റെ പ്രിയങ്ക മന്ത്രി പ്രഗദയോട് സംസാരിക്കുകയാണ് വേൾഡ് സൈക്രാട്രിക്ക് അസോസിയേഷൻ പ്രസിഡന്റ് പ്രൊഫ. ദിനേഷ് ബുഗ്ര. മാനസികരോഗികളോട് കാണിക്കുന്ന വിവേചനങ്ങളെക്കുറിച്ചും അവർ നേരിടുന്ന അപമാനത്തെക്കുറിച്ചും പ്രൊഫ. ദിനേഷ് ബുഗ്ര സംസാരിക്കുന്നു. 
 
മാനസികരോഗികളും അവരുടെ ബന്ധുക്കളും സമൂഹത്തിൽ നേരിടുന്ന വെല്ലുവിളികൾ എന്തൊക്കെയാണ്? 
 
മികച്ച ചികിത്സാ സൗകര്യങ്ങൾ ഇല്ലാത്തതാണ് പ്രധാനമായും മാനസികരോഗികളും അവരുടെ ബന്ധുക്കളും നേരിടുന്ന പ്രധാന വെല്ലുവിളി. എവിടെയാണ് ചികിത്സയ്ക്ക് വേണ്ടി പോകുക, ആരാണ് പണം മുടക്കുക തുടങ്ങിയ കാര്യങ്ങളിൽ വലിയ അവ്യക്തതയാണ് ഉള്ളത്. മാനസികരോഗം തുടങ്ങുന്നതിനും ചെറിയ തോതിൽ തുടങ്ങുന്ന മാനസികരോഗം മൂർച്ഛിക്കുന്നതിനും സമൂഹം ഒരുപരിധിവരെ കാരണമാണ്. അല്ലെങ്കിൽ സാമൂഹികമായ കാരണങ്ങളാണ് ഒരാളെ മാനസികരോഗി ആക്കുന്നത് എന്ന് പറയാം. ഉദാഹരണത്തിന്, മാനസികരോഗം ബാധിച്ച ഒരാൾക്ക് വളരെ പെട്ടെന്ന് ജോലി നഷ്ടമാകുന്നു. അയാൾക്ക് വീട് മാറേണ്ടി വരുന്നു. ചിലപ്പോൾ കുടുംബം തന്നെ നഷ്ടപ്പെടുന്നു. സാമൂഹികജീവി എന്ന നിലയിൽ ഉള്ള പരിഗണന ഏതൊരാളും അർഹിക്കുന്നുണ്ട്. ഒരാൾക്ക് മാനസികവിഭ്രാന്തി തുടങ്ങാനുള്ള സാധ്യതകൾ ഉണ്ടെന്നത് വസ്തുതയാണ്. അങ്ങനെ ഉണ്ടായാൽ അയാൾക്ക് വീടും സമൂഹവും നഷ്ടമാകുന്ന അവസ്ഥ ഉണ്ടാകാതെ നോക്കേണ്ടത് ഓരോരുത്തരുടെയും ഉത്തരവാദിത്വമാണ്. ഇത് അവരുടെ വ്യക്തിത്വത്തെയും അതിജീവനശേഷിയേയും സാമൂഹിക ജീവിതത്തേയും ബാധിക്കും. 
 
ഈ വെല്ലുവിളികൾ എങ്ങനെയാണ് അവരുടെ ജീവിതത്തെ ബാധിക്കുന്നത്? 
 
അസുഖ ബാധിതനായ ഏതൊരാളും അത് മാനസികമോ ശാരീരികമോ ആയ രോഗമാകാം നേരിടുന്ന ആദ്യത്തെ പ്രശ്‌നം ജീവിത നിലവാരം തന്നെയാണ്. മാനസികരോഗമോ ഭ്രാന്തോ ബാധിച്ചിട്ടുള്ളവരെ ഇത് കൂടുതലായി ബാധിക്കുന്നു. ജോലിയോ കുടുംബമോ സുഹൃത്തുക്കളെയോ മെച്ചപ്പെട്ട ജീവിതമോ ആഗ്രഹിക്കുന്ന ഏതൊരാൾക്കും സമൂഹം ഏർപ്പെടുത്തുന്ന വിലക്കുകൾ വലിയ പ്രതിബന്ധമാണ് സൃഷ്ടിക്കുന്നത്. മാനസികരോഗമോ വിഭ്രാന്തിയോ കാണിക്കുന്നവർക്ക് ഇതൊന്നും ലഭിക്കുന്നില്ല എന്ന് മാത്രമല്ല, സമൂഹം വലിയ തോതിൽ വേർതിരിവ് കാണിക്കുകയും ചെയ്യും. സമൂഹത്തിൽ ഇടപെട്ടാണ് ഇവർ മാറാൻ ആഗ്രഹിക്കുന്നത്. എന്നാൽ സമൂഹം ഇവരെ മാറ്റിനിർത്തുകയാണ് ചെയ്യുന്നത്. 
 
ഈ സാമൂഹിക വേർതിരിവിനെ വിജയകരമായി കൈകാര്യം ചെയ്യാൻ രാജ്യങ്ങൾക്ക് സാധിച്ചിട്ടുണ്ടോ?
 
അങ്ങനെയൊരു രാജ്യം ഭൂമിയിലുണ്ടോ എന്ന കാര്യത്തിൽ സംശയമുണ്ട്. ഓരോ രാജ്യത്തിനും അതിന്റേതായ പ്രശ്‌നങ്ങളും വെല്ലുവിളികളുമുണ്ട്. ഈ പ്രശ്‌നം കൈകാര്യം ചെയ്യാൻ നിഷേപിക്കുന്ന പണത്തിൽ തുടങ്ങുന്നതാണ് രാജ്യങ്ങൾ നേരിടുന്ന വെല്ലുവിളി. ഞാൻ മനസിലാക്കുന്നത് ഇന്ത്യ മൊത്തം ആഭ്യന്തര ഉത്പാദനത്തിന്റെ ഒരു ശതമാനം മാത്രമാണ് ആരോഗ്യമേഖലയിൽ നിക്ഷേപിക്കുന്നത് എന്നാണ്. ഇതിൽതന്നെ പത്ത് ശതമാനം മാത്രമാണ് മാനസിക ആരോഗ്യമേഖലയിൽ നിക്ഷേപിക്കുന്നത്. അമേരിക്ക പോലൊരു രാജ്യം മൊത്തം ആഭ്യന്തര ഉത്പാദനത്തിന്റെ 21 ശതമാനമാണ് ആരോഗ്യമേഖലയിൽ നിക്ഷേപിക്കുന്നത്. യുകെ ഉൾപ്പെടെയുള്ള യൂറോപ്യൻ രാജ്യങ്ങൾ എട്ട് ശതമാനം മുതൽ പത്ത് ശതമാനം വരെയാണ് ആരോഗ്യമേഖലയിൽ നിക്ഷേപിക്കുന്നത്. സൗകര്യങ്ങളും പുതിയ ചികിത്സാരീതികളും നിലവിലുണ്ടെങ്കിലും മാനസികരോഗ ചികിത്സാരംഗത്ത് നിക്ഷേപിക്കുന്ന പണവുംകൂടി പ്രധാനപ്പെട്ട കാര്യമാണ്. സർക്കാർ തലത്തിൽ വിഷയത്തെ ഗൗരവത്തോടെ പരിഗണിക്കേണ്ടത് അത്യാവശ്യമാണ്. അഭയം വേണ്ടവർക്ക് അത് നൽകാനും ആശുപത്രികൾക്ക് പണം നിഷേപിക്കാനും സാമൂഹിക ആരോഗ്യകേന്ദ്രങ്ങൾക്കായും പണം നിക്ഷേപിക്കണം. മാനസികരോഗം ബാധിച്ചവരെ എങ്ങനെയാണ് പരിഗണിക്കേണ്ടതെന്ന കാര്യത്തിൽ ജനങ്ങളിൽ ബോധവത്കരണം നടത്തണം.സ്വന്തം ആരോഗ്യ നില കാത്തു സൂക്ഷിക്കാനും അവരെ പഠിപ്പിക്കണം.
 
സാമൂഹിക വേർതിരിവിൽനിന്ന് ഇന്ത്യക്ക് എങ്ങനെയാണ് പുറത്ത് കടക്കാനാവുക? 
 
മറ്റ് ഏതൊരു സമൂഹത്തേയും പോലെ ഇന്ത്യയ്ക്കും സ്വന്തം വെല്ലുവിളികൾ തരണം ചെയ്യേണ്ടതുണ്ട്. അതൊരു സാംസ്‌കാരികമായ രൂപപരിണാമം കൂടിയാണ്. പരമ്പരാഗത കുടുംബവ്യവസ്ഥകൾ ഒരുപാട് മാറിയിട്ടുണ്ട്. കൂടുതൽ കൂടുതൽ ജനങ്ങൾ നഗരപ്രദേശങ്ങളിലേക്ക് മാറുകയാണ്. അല്ലെങ്കിൽ കൂടുതൽ കൂടുതൽ പ്രദേശങ്ങൾ നഗരങ്ങളായി മാറിക്കൊണ്ടിരിക്കുന്നു. മാനസികരോഗം ബാധിച്ച ഒരാളുടെ ചികിത്സയും കുടുംബവ്യവസ്ഥയും തമ്മിൽ അഗാധമായ ബന്ധമുണ്ട്. രോഗബാധിതനായ ഒരാൾക്ക് പ്രിയപ്പെട്ടവരോടൊപ്പം കഴിയുന്നതാണ് ഏറ്റവും നല്ലത്. എന്നാൽ പുതിയ സാഹചര്യത്തിൽ ഇത് സാധ്യമല്ലാതെ വരുന്നു. മിക്കവാറും പേരും വീടിന് പുറത്താകുന്ന അവസ്ഥയാണ് ഉണ്ടാകുന്നത്. വലിയൊരു സമൂഹമാണ് നമുക്ക് ചുറ്റുമുള്ളത്. അതിൽ രാഷ്ട്രീയ നേതാക്കന്മാരും നയങ്ങൾ രൂപീകരിക്കുന്നവരും പ്രൊഫഷണലുകളും മത, സാമൂദായിക നേതാക്കന്മാരും അധ്യാപകരുമുണ്ട്. ഇവരെല്ലാം ചേർന്ന് മാനസികരോഗികളോട് കാണിക്കുന്ന വേർതിരിവ് ഇല്ലാതാക്കാൻ ശ്രമിച്ചാൽ മതി. കുറച്ചുകൂടി കരുതൽ അർഹിക്കുന്നവരാണ് മാനസികരോഗികൾ എന്ന ചിന്ത രൂപപ്പെട്ടാൽതന്നെ നല്ല കാര്യം. ആരോഗ്യം, പ്രത്യേകിച്ച് മാനസ്സികാരോഗ്യം എല്ലാവരുടേയും ചുമതലയാണ് എന്ന ചിന്ത മനസ്സിലുണ്ടാകണം. 
 
മനോരോഗ വിദഗ്ദ്ധർക്ക് എങ്ങനെയാണ് ബോധവത്കരണം നടത്താൻ സാധിക്കുക? 
 
മനോരോഗ വിദഗ്ദ്ധർ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി രോഗികൾക്കിടയിലും അവരെ പരിചരിക്കുന്നവർക്കിടയിലും ബോധവത്കരണം നടത്തുക എന്നതാണ്. മിക്കവാറും മാനസികരോഗികൾക്ക് പ്രത്യേക ഇടം ഉണ്ടാകാറില്ല. അവരുടെ അഭിപ്രായം പറയുവാനോ പ്രകടിപ്പിക്കുവാനോ സാധിക്കാറില്ല. അവർക്ക് അവരുടെ കാര്യം പറയാൻ സാധിക്കാത്തതുകൊണ്ടുതന്നെ മറ്റുള്ളവർ അവർക്ക് വേണ്ടി സംസാരിക്കേണ്ട അവസ്ഥ ഉണ്ടാകുന്നു. “ഇതാണ് ഞങ്ങളുടെ ആവശ്യം” എന്ന് മനോരോഗികൾക്ക് വേണ്ടി മറ്റുള്ളവർ പറയണം. മനോരോഗ വിദഗ്ദ്ധൻ മനോരോഗികൾക്ക് വേണ്ടി ബന്ധുക്കളോടും സുഹൃത്തുക്കളോടും രാഷ്ട്രീയ, മത, സാമൂദായിക നേതാക്കന്മാരോടും സംസാരിക്കുകയാണ് ഒരു  മാർഗ്ഗം. ശരിയായ രീതിയിലുള്ള ഇടപെടൽ ശരിയായ സമയത്ത് ശരിയായ അളവിൽ ലഭ്യമാക്കണമെന്ന് പറയാൻ മനോരോഗ വിദഗ്ദ്ധന്മാർക്ക് സാധിക്കണം. പ്രമേഹ രോഗികൾക്ക് വിഷാദരോഗം ഉണ്ടായാൽ വളരെ പതുക്കെ പ്രമേഹവും വിഷാദരോഗവും വഷളാകുന്നു. നിങ്ങൾക്ക് ഉയർന്ന രക്തസമ്മർദ്ദവും വിഷാദരോഗവും ഉണ്ടെങ്കിൽ രക്തസമ്മർദ്ദം കൈകാര്യം ചെയ്യാനാവാത്ത സ്ഥിതിയുണ്ടാകുന്നു. അതുകൊണ്ടുതന്നെ ഡോക്ടർമാർക്ക് വിഷാദരോഗാവസ്ഥയെക്കുറിച്ച് കൃത്യമായ ധാരണയുണ്ടാകണം. ഒരു മനോരോഗ വിദഗ്ദ്ധനോടൊപ്പം പ്രവർത്തിച്ച് വിഷാദരോഗവും മറ്റ് മാനസിക രോഗങ്ങളും തടയാൻ കഴിയണം.