സമൂഹവും മാനസികാരോഗ്യവും

അഭിമുഖം: കൂടുതല്‍ പ്രസിദ്ധര്‍ തങ്ങളുടെ മാനസ്സിക പ്രശ്നങ്ങളെ കുറിച്ച് സംസാരിച്ചു തുടങ്ങണം

ഇതു മാനസ്സികരോഗികളെ സഹായം തേടുന്നതില്‍ തെറ്റില്ലെന്ന് മനസ്സിലാക്കാന്‍ സഹായിക്കും.

വൈറ്റ് സ്വാൻ ഫൗണ്ടേഷൻ
മാനസികരോഗം ഇപ്പോഴും ഒരു രോഗാവസ്ഥയായി അംഗീകരിക്കപ്പെട്ടിട്ടില്ല. എന്തെന്നാല്‍ അത് അമൂർത്തവും മനസിൽ ഉണ്ടാകുന്നതുമാണ്. വ്യക്തി മാത്രമല്ല അയാളുടെ അടുത്ത ആളുകളും മാനസ്സിക പ്രശ്നങ്ങളെ ഒരു രോഗമായി കണ്ട് എത്രയും വേഗം സഹായം തേടാന്‍ ശ്രമിക്കണം- വൈറ്റ് സ്വാൻ ഫൗണ്ടേഷന്റെ മനോജ് ചന്ദ്രനും ഇന്ത്യയിലെ മുതിർന്ന മനശാസ്ത്രജ്ഞനും ചിന്തകനും എഴുത്തുകാരനുമായ ഡോ. സുധീർ കേക്കറും പറഞ്ഞു.
മാനസികരോഗം എന്നു കേൾക്കുമ്പോൾ സാധാരണ മനുഷ്യരിൽ ഉണ്ടാകുന്ന ചിന്തകൾ എന്തൊക്കെയാണ്?
മാനസികരോഗം എന്ന് കേൾക്കുമ്പോൾ സാധാരണ മനുഷ്യർക്ക് പേടിയാണ് ആദ്യമുണ്ടാകുക. എന്നാൽ അവർ മനഃശാസ്ത്രജ്ഞനെ സമീപിക്കുന്നതോടെ പേടിയും പ്രതീക്ഷയും ഇടകലർന്ന മനോഭാവമാകുന്നു. ആദ്യഘട്ടത്തിൽ മനശാസ്ത്രജ്ഞൻ ചെയ്യുന്നത് പേടിയെ പ്രതീക്ഷ കൊണ്ട് മറികടക്കാൻ രോഗിയെ പ്രേരിപ്പിക്കുകയാണ്. ഇത് ഡോക്ടറുമായുള്ള സംഭാഷണംകൊണ്ടോ ഒരു മനഃശാസ്ത്ര പോര്‍ട്ടലിലൂടെയോ മനശ്ശാസ്ത്രജ്ഞന്റെ ഉപദേശം വഴിയോ മാത്രമാണ് സാധ്യമാകുക. അങ്ങനെ പ്രതീക്ഷയാണ് പേടിയെക്കാൾ വലുതെന്ന് തിരിച്ചറിയണം. അതാണ് പ്രധാനപ്പെട്ട കാര്യം. 
എന്തുകൊണ്ടാണ് തലച്ചോറിലെ ശരീരശാസ്ത്രപരമായ ലോകവും മാനസിക ആരോഗ്യവും തമ്മിൽ ബന്ധപ്പെടുത്താൻ നമുക്ക് സാധിക്കാതെ പോകുന്നത്? 
തലച്ചോർ എന്നത് ഏറ്റവും ആധുനികമായ ഒരു വാക്കായത് കൊണ്ടാണ്. മനുഷ്യർ എപ്പോഴും മനസിനെക്കുറിച്ചാണ് സംസാരിക്കുന്നത്, തലച്ചോറിനെക്കുറിച്ചല്ല. തലച്ചോറും മനസും തമ്മിൽ ബന്ധപ്പെടുത്താനുള്ള ശ്രമങ്ങൾ ഏറ്റവും പുതിയ കാര്യമാണ്. തലച്ചോറിന് കാര്യമായ സ്വാധീനം ചെലുത്താൻ സാധിക്കുമെന്ന വസ്തുതയെക്കുറിച്ച് ജനങ്ങള്‍ ബോധവാന്മാരല്ല. അതുകൊണ്ടുതന്നെ മനസ് എന്ന് പറയുന്നതാണ് കാര്യങ്ങൾ കുറച്ചുകൂടി ലളിതമാക്കാൻ എളുപ്പം. തലച്ചോറ് മനസിന്റെ ഭാഗമോ പ്രധാനപ്പെട്ട ഘടകമോ ആണെങ്കിലും മനസ് എന്ന് പറഞ്ഞാൽ മനുഷ്യർക്ക് കുറച്ചുകൂടി മനസിലാകും. സാധാരണ മനുഷ്യരെ സംബന്ധിച്ചിടത്തോളം തലച്ചോറ് ഏറ്റവും പുതിയ വാക്കും കൂടുതല്‍ ശാസ്ത്രീയമായ ഘടകവുമാണ്. 
സാധാരണ മാനസികരോഗം വളരെ ഗൗരവമുള്ള രോഗമായിട്ടാണ് കരുതപ്പെടുന്നത്, എന്നാൽ മാനസിക പിരിമുറുക്കവും വിഷാദരോഗവും ഇങ്ങനെ പരിഗണിക്കപ്പെടാറില്ല. അത് ജീവിതത്തിന്റെ ഭാഗമായിട്ടാണ് കരുതപ്പെടുന്നത്. എങ്ങനെയാണ് ജനങ്ങളിൽ ഇത് സംബന്ധിച്ചുള്ള അവബോധം സൃഷ്ടിക്കുക? ഇവയെല്ലാം പരിശോധിക്കപ്പെടുകയും ചികിത്സപ്പെടുകയും ചെയ്യേണ്ട അസുഖമാണെന്ന് എങ്ങനെ ബോധ്യമാക്കും? 
ഈ ചോദ്യത്തിന് ഉത്തരം പറയുക ബുദ്ധിമുട്ടാണ്. കാരണം, മാനസികരോഗം കാണാൻ കഴിയാത്ത രോഗമാണ്. അത് ശരീരത്തിൽ നിന്നല്ല, മനസിൽ നിന്നാണ് ഉണ്ടാകുന്നത്. അതുകൊണ്ടുതന്നെ അതിനെ അത്രകണ്ട് ഗൗരവത്തിൽ എടുക്കാറില്ല. കാണാൻ സാധിക്കാത്തത് കൊണ്ടുതന്നെ അവ (സാധാരണ മാനസികരോഗങ്ങൾ) രോഗങ്ങളായി പരിഗണിക്കപ്പെടുന്നില്ല. എന്നാല്‍ അവ ഗുരുതരപ്രശ്നങ്ങളായി മാറുകയും രോഗലക്ഷണങ്ങള്‍ പ്രത്യക്ഷമാകുകയും ചെയ്യുമ്പോള്‍ മാത്രമാണ് അവ രോഗങ്ങളായി പരിഗണിക്കപ്പെടുന്നത്. സമൂഹം വിഷയങ്ങളെ കൃത്യമായി വിലയിരുത്തുകയും ഇതാണ് പ്രശ്‌നമെന്ന് പറയുകയും ചെയ്യുന്നില്ല. എന്താണ് പ്രശ്‌നം എന്നതിലല്ല, പ്രശ്‌നം എങ്ങനെ കൈകാര്യം ചെയ്യുമെന്നതിലാണ് കാര്യം. പൊതുസമൂഹമാണ് പലപ്പോഴും പ്രശ്‌നത്തെ തിരിച്ചറിയുന്നത്. അവര് നിർദ്ദേശിക്കുകയും പരിഹാര മാർഗ്ഗങ്ങൾ ആരായുകയും ചെയ്താൽ തീരാവുന്നതാണ് എല്ലാം. ഇതൊരു സ്വത്വപ്രശ്‌നമല്ല, ഞാൻ എന്താണ് എന്നത് ഒരു പ്രശ്‌നമല്ല, മറ്റുള്ളവരാണ് ഞാൻ എന്താണെന്ന് പറയുന്നത്. മാനസ്സിക രോഗലക്ഷണങ്ങള്‍ പുറത്തേക്ക് പ്രത്യക്ഷമാകാന്‍ തുടങ്ങുമ്പോള്‍ അവ സ്കീസോഫ്രീനിയയോ തീവ്രമായ വിഷാദരോഗമോ പോലെ ഗുരുതരമായേക്കാം. സ്കീസോഫ്രീനിയ, ഉയർന്ന തോതിലുള്ള വിഷാദരോഗം എന്നിവയെ മാത്രമാണ് സമൂഹം മാനസികരോഗങ്ങളുടെ പട്ടികയിൽ പെടുത്തി പരിഗണിക്കുന്നത്. നിങ്ങളുടെ രോഗാവസ്ഥയെ സമൂഹം അംഗീകരിക്കാത്തത് കൊണ്ടുതന്നെ അതിനെ രോഗാവസ്ഥയായി പരിഗണിക്കാൻ നിങ്ങൾക്കും സാധിക്കില്ല. തുടക്കത്തിൽ ചികിത്സിച്ചാൽ കിട്ടാനിടയുള്ള ആനുകൂല്യം നിങ്ങൾക്ക് ലഭിക്കാതാകും. മാനസികരോഗം ബാധിച്ച ഒരാളെ സംബന്ധിച്ചിടത്തോളം അടുത്ത സുഹൃത്തുകളും ബന്ധുക്കളും ചുറ്റുപാടുകളും രോഗാവസ്ഥ തടയുന്നതിന് ഒരു പരിധിവരെ സഹായിക്കുമെങ്കിലും ആദ്യഘട്ടത്തിൽ ഇതുണ്ടാവണമെന്നില്ല. നിങ്ങൾ രോഗാവസ്ഥയെക്കുറിച്ച് പറയുന്നയാൾക്ക് നിങ്ങളുടെ ജീവിതത്തിൽ കൃത്യമായ സ്ഥാനമുണ്ടായിരിക്കുകയും അവർക്ക് മികച്ച ജീവിതാവസ്ഥ ഉണ്ടാക്കാൻ സാധിക്കുമെന്ന ഉറപ്പും വേണം. ഇത് മർമ്മപ്രധാനമായ കാര്യമാണെന്നാണ് എനിക്ക് തോന്നുന്നത്. സമൂഹത്തിന് ഇവിടെ നിർണ്ണായക സ്ഥാനമുണ്ട്, രോഗബാധിതനായ ഒരു വ്യക്തിയോട് പ്രശ്‌നത്തെ കൈകാര്യം ചെയ്യാമെന്ന ഉറപ്പ് നൽകി മാനസികമായി തയ്യാറെടുപ്പിക്കേണ്ടത് സമൂഹമാണ്. അവനോ അല്ലെങ്കിൽ അവൾക്കോ ഇതു തനിച്ച് കൈകാര്യം ചെയ്യാന്‍ സാധിക്കുകയില്ല.  
കഴിഞ്ഞ കുറച്ച് ദശാബ്ദങ്ങളായി നിങ്ങൾ മനഃശാസ്ത്രജ്ഞനായി പ്രവർത്തിക്കുന്നുണ്ട്. എന്താണ് ഇന്ത്യയിൽ മാനസികരോഗ ചികിത്സാരംഗത്ത് കഴിഞ്ഞ കുറച്ച് വർഷങ്ങൾക്കുള്ളിൽ ഉണ്ടായിട്ടുള്ള പ്രധാനമായ മാറ്റങ്ങൾ? 
മാനസികരോഗ ചികിത്സാരംഗം പകുതി നിറഞ്ഞും പകുതി ഒഴിഞ്ഞുമാണ് കാണുന്നത്. പകുതി ഒഴിഞ്ഞത് എന്നാൽ, ഇന്ത്യ പോലെ വലിയ രാജ്യത്തിന് കൈകാര്യം ചെയ്യാവുന്നതിലും വലിയ പ്രശ്‌നമാണ് നിലവിലുള്ളത്. യഥാർത്ഥത്തിൽ ഒന്നും സംഭവിക്കുന്നില്ല. അതേസമയം പകുതി നിറഞ്ഞത് എന്നും പറയാം, കാരണം, കുറേപ്പേര്‍ക്ക് മനോരോഗത്തെക്കുറിച്ച് കൃത്യമായ ധാരണയുണ്ട്. അവരതിനെ രോഗാവസ്ഥയായി മനസിലാക്കുന്നുണ്ട്. പ്രത്യേകിച്ച് മെട്രോ നഗരങ്ങളിൽ ഉള്ളവർക്ക് മാനസികരോഗത്തെക്കുറിച്ചും മാനസിക ആരോഗ്യത്തെക്കുറിച്ചും കൃത്യമായ ബോധ്യമുണ്ട്. കൃത്യമായി പറഞ്ഞാൽ 50-50 ശതമാണ് ഇന്ത്യയിലെ സാഹചര്യം എന്ന് പറയാം. മെട്രോ നഗരങ്ങളിലെ വിദ്യാഭ്യാസമുള്ളവർക്കിടയിൽ രോഗാവസ്ഥയുമായി ബന്ധപ്പെട്ട് ചില നല്ല കാര്യങ്ങൾ സംഭവിക്കുന്നുണ്ട്. എന്നാൽ അതിന് പുറത്തുള്ള ഒരു സമൂഹത്തിൽ മാനസികരോഗാവസ്ഥ ഇപ്പോഴും ഒരു അഴിയാക്കുരുക്കാണ്. അത് ജനങ്ങൾക്കിടയിലും സർക്കാരിനും മറ്റ് ഏജന്‍സികള്‍ക്കും അങ്ങനെ തന്നെയാണ്. 
മാനസികരോഗം നിഷേധിക്കാൻ ധാരാളം ഉപായങ്ങൾ നമുക്കുണ്ട്, രോഗം ഒരിക്കലും വലിയൊരു പ്രശ്‌നമല്ലെന്നാണ് പൊതുവിചാരം. നമുക്ക് അതിനെക്കുറിച്ച് അറിയാമെന്നാണ് നമ്മുടെ ധാരണ. നമ്മൾക്ക് ആ അസുഖം ഇല്ല, അല്ലെങ്കിൽ അത് ബാധിച്ചവരെ നമുക്ക് അറിയില്ല, അതുകൊണ്ട് ഇത് ആശങ്കപ്പെടേണ്ട പ്രശ്‌നമല്ല. മാനസികരോഗാവസ്ഥയ്ക്ക് പ്രാധാന്യമുണ്ടെന്ന ധാരണ എങ്ങനെയാണ് ജനങ്ങളിൽ എത്തിക്കുക? 
മുമ്പ് പറഞ്ഞ ഉത്തരം ഈ വിഷയത്തെക്കുറിച്ച് കൂടിയുള്ളതാണെന്ന് തോന്നുന്നു. മാനസികരോഗം ജീവിതത്തിന്റെ ഭാഗമാണ് എന്നതാണ് നേര്. ജീവിതത്തിൽ ഭൂരിപക്ഷം ആളുകളും സഹിക്കുകയാണ് ചെയ്യുന്നത്. അതിനിടയിൽ മാനസികപ്രശ്‌നങ്ങളും ഉണ്ടാകാം. ഇത് പൂർണ്ണമായും നിങ്ങളെങ്ങനെ സഹിക്കുന്നു എന്നതിനെ മാത്രം ആശ്രയിച്ചിരിക്കും. ജീവിതത്തിൽ വിജയിച്ച പ്രമുഖരായ ആളുകൾ മാനസികരോഗ ചികിത്സ നേടിയിട്ടുണ്ടെങ്കിൽ അത് പൊതുസമൂഹത്തിൽ തുറന്ന് പറഞ്ഞ് മറ്റുള്ളവർക്ക് മാതൃകയാവണം. പ്രസിദ്ധരായവർ തങ്ങളുടെ രോഗാവസ്ഥയുടെ ഭൂതകാലം വെളിപ്പെടുത്തുന്നതിലൂടെ രോഗത്തെക്കുറിച്ച് പൊതുസമൂഹത്തിലുള്ള തെറ്റിദ്ധാരണയാണ് മാറുന്നത്. മാനസികരോഗം തൊട്ടുകൂടാത്ത ഒന്നാണെന്ന ധാരണ മാറും. രോഗം ബാധിച്ചവർക്ക് നഷ്ടമാകുന്ന സാമൂഹിക സമ്പർക്കവും കഴിവുകളും ജീവിത വിജയവും ഒറ്റപ്പെടലും ഇല്ലാതാക്കാൻ അത് സഹായിക്കും. സിക്‌സ് പായ്ക്ക് ശരീരസൗന്ദര്യമുള്ള നമ്മുടെ പല സിനിമതാരങ്ങളും റോൾ മോഡലുകളാണ്. ശരീരം സംരക്ഷിക്കാനും മറ്റും ആരാധകർ അവരെ മാതൃകയാക്കാറുണ്ട്. എന്നാല്‍ മാനസ്സികാരോഗ്യത്തിന് നമുക്ക് റോള്‍‌ മോഡലുകള്‍ ഇല്ല. 10 മുതൽ 20 വർഷം വരെ സൈക്കോതെറാപ്പി ചികിത്സ നേടിയിട്ടുള്ള നടൻ ദിലീപ് കുമാറിനെപ്പോലെ തങ്ങളുടെ മാനസികരോഗാവസ്ഥ കൂടി വെളിപ്പെടുത്താൻ താരങ്ങൾ തയ്യാറായാൽ, അതിനെ മറികടക്കാൻ ചെയ്ത കാര്യങ്ങൾ കൂടി വെളിപ്പെടുത്തിയാൽ, അത് പൊതുജനങ്ങളിൽ രോഗത്തെക്കുറിച്ചുള്ള തെറ്റിദ്ധാരണ മാറാനിടയാക്കും. ജീവിതത്തിലെ പലനിലകളിൽ വിജയിച്ച കൂടുതൽ ആളുകൾ തങ്ങളുടെ മാനസികരോഗാവസ്ഥയെ (ഉണ്ടെങ്കിൽ, ചികിത്സ തേടിയിട്ടുണ്ടെങ്കിൽ) കുറിച്ച് തുറന്ന് പറയുന്നത് ഗുണം ചെയ്യാനാണ് സാധ്യത കൂടുതൽ. ഇക്കാര്യത്തിൽ റോൾമോഡലുകൾക്ക് കൂടുതൽ പ്രോല്‍സാഹനം ആവശ്യമാണ്. ഇത്രയും കാലത്തെ എന്റെ മെഡിക്കൽ പ്രാക്ടിസിൽനിന്ന് വ്യക്തമായ ഒരു കാര്യം പലനിലകളിലും വിജയിച്ച ഒരുപാട് ആളുകൾ ഈ പ്രശ്‌നത്തെ കൈകാര്യം ചെയ്തവരാണ്. പലരും പലതരത്തിലുള്ള മാനസിക പ്രശ്‌നങ്ങളിലൂടെ കടന്ന് പോയിട്ടുള്ളവരാണ്. എന്നാൽ എനിക്ക് മാനസികപ്രശ്‌നം  ഉണ്ടായിരുന്നുവെന്ന് പറയാൻ സാധിക്കണം. അതിന് സ്ഥിതി കുറച്ചുകൂടി മെച്ചപ്പെടേണ്ടതുണ്ട്. ഇതെല്ലാം തുറന്ന് പറയാൻ സാധിക്കുന്ന കൂടുതൽ അംബാസിഡർമാരും ചാമ്പ്യൻമാരും റോൾ മോഡൽസും നമുക്ക് വേണം. 
ഇപ്പോഴത്തെ അവസ്ഥയിൽ മാനസികരോഗ ചികിത്സ ലഭിക്കുന്നവരിൽ മാനസികാപഗ്രഥനം വഹിക്കുന്ന സ്ഥാനമെന്താണ്? 
മാനസികരോഗത്തെക്കുറിച്ച് ബോധവാന്മാരല്ലാത്ത ജനങ്ങളിൽ അവബോധം സൃഷ്ടിക്കാനും കാര്യങ്ങൾ മനസിലാക്കിക്കാനും സാധിക്കുന്നു എന്നതാണ് മാനസികാപഗ്രഥനത്തിന്റെ പ്രത്യേകത. പല പ്രശ്‌നങ്ങളും ഉയർന്ന് വരുന്നത് അബോധമനസിലാണ്, പലതും നമ്മൾ തിരിച്ചറിയുന്നില്ലെന്ന് മാത്രം, എന്നാൽ അത് അത്യാവശ്യമാണുതാനും. പലരുടെയും പ്രശ്‌നങ്ങൾ ആരംഭിക്കുന്നത് അവരുടെ വളർച്ചയുടെ ആദ്യഘട്ടത്തിലാണ്. ബാല്യകാലത്തെ ബന്ധങ്ങളും അനുഭവങ്ങളും മാതാപിതാക്കളും കുടുംബവുമായുള്ള ബന്ധവും മറ്റും നന്നായി വിശകലനം ചെയ്യേണ്ടതുണ്ട്.  അതുകൊണ്ടുതന്നെ അതീവശ്രദ്ധയും നിരീക്ഷണവും ഇക്കാര്യത്തിൽ ആവശ്യമുണ്ട്. ആത്മപരിശോധനാപരമായ ചികിത്സാരീതിയാണ് ഇവിടെ ആവശ്യം. അത് ഒരാളുടെ ഉള്ളിലേക്ക് നോക്കാൻ ശ്രമിക്കുന്നു. അയാളുടെ ജീവിതത്തെ കുറച്ചുകൂടി നന്നാക്കാൻ സഹായിക്കുന്നു. നമ്മുടെ പാരമ്പര്യം പഠിപ്പിക്കാൻ ശ്രമിച്ച ആത്മപരിശോധനാരീതിയിൽ നിന്ന് അത്ര വ്യത്യസ്ഥമല്ല ഇത്. ആത്മപരിശോധനാരീതി മാനസികരോഗ ചികിത്സയുടെ ഒരു ഭാഗമാണ്, അബോധമനസിലെ കാര്യങ്ങൾ അറിയാനുള്ള ഒരു വഴിയാണ്.