ആത്മഹത്യ തടയൽ

നിങ്ങള്‍ക്ക് അറിയാവുന്ന ആരെങ്കിലും ആത്മഹത്യ ചെയ്തിട്ടുണ്ടോ?

നിങ്ങള്‍ക്ക് അറിയാവുന്ന ആരെങ്കിലും സ്വന്തം ജീവന്‍ എടുത്തിട്ടുണ്ടെങ്കില്‍ ആ അനുഭവത്തെ നിങ്ങള്‍ എങ്ങനെ അതിജീവിക്കും?

വൈറ്റ് സ്വാൻ ഫൗണ്ടേഷൻ
ഡോ. മനോജ് ശര്‍മ്മ
കുടുംബത്തില്‍ ഒരു ആത്മഹത്യ ഉണ്ടായാല്‍, മരിച്ചയാളെ സംരക്ഷിച്ചിരുന്നവര്‍, അല്ലെങ്കില്‍ പരിചരിച്ചിരുന്നവര്‍ തീവ്രമായ ദുഃഖത്തിലേക്ക് വീണുപോകുക സ്വാഭാവികമാണ്.  ആ സംഭവം പലപ്പോഴും അവരെ തകര്‍ത്തുകളയുകയും, കഠിനമായ സങ്കടം  താങ്ങാനാകാതെ വരികയും, ജീവിതം വേദനാജനകമാകുകയും ചെയ്യും. പലപ്പോഴും "എനിക്ക് എന്തുകൊണ്ട് ഇങ്ങനെ സംഭവിച്ചു?", അല്ലെങ്കില്‍ " കഠിനമായ മനോവേദനയുടെ സൂചനകള്‍ തിരിച്ചറിയാന്‍ എനിക്ക് എന്തുകൊണ്ട് കഴിയാതെ പോയി?" അതുമല്ലെങ്കില്‍ "അവന്‍/അവള്‍ എന്തുകൊണ്ട് ആത്മഹത്യയ്ക്ക് ശ്രമിക്കുന്നതിന് മുമ്പ് എന്നെ വിളിച്ചില്ല?", "ഞാനൊരു നല്ല അച്ഛന്‍/അമ്മ അല്ലെ ?"എന്നിങ്ങനെയുള്ള ഉത്തരം കിട്ടാത്ത ചോദ്യങ്ങള്‍ മനസില്‍ ആവര്‍ത്തിച്ചു വന്നുകൊണ്ടിരിക്കും. ഓരോ ആത്മഹത്യയും ചുരുങ്ങിയത് മറ്റ് ആറുപേരെയെങ്കിലും ബാധിക്കുമെന്നാണ് ഇതുസംബന്ധിച്ചുണ്ടായിട്ടുള്ള പഠനങ്ങള്‍ കണക്കാക്കിയിട്ടുള്ളത്. ഈ കൂട്ടത്തില്‍ കുടുംബാംഗങ്ങള്‍, സഹപ്രവര്‍ത്തകര്‍, അയല്‍ക്കാര്‍, സഹപാഠികള്‍, അടുത്ത സുഹൃത്തുക്കള്‍ തുടങ്ങിയവരും ഉള്‍പ്പെട്ടേക്കാം.
വൈകാരികമായ കാര്യങ്ങള്‍ (മാനസിക വിക്ഷോഭം) പലപ്പോഴും മരണദുഃഖം അനുഭവിക്കുന്ന കുടുംബത്തിന്‍റെ മുറിവുണങ്ങുന്ന പ്രക്രിയയെ കീഴടക്കി അതിന് തടസമായി നില്‍ക്കും. ഈ വികാരങ്ങള്‍ ഒറ്റയായിട്ടോ കൂട്ടമായിട്ടോ വന്നുകൂടാം. അവ ഒന്നു മിന്നിമറയുകയോ ദീര്‍ഘകാലം നിലനില്‍ക്കുകയോ ചെയ്തേക്കാം. കുടംബത്തിന്‍റെ മുറിവ് ഉണങ്ങാന്‍ തുടങ്ങണം എങ്കില്‍ ഇവയെയെല്ലാം കൈകാര്യം ചെയ്യേണ്ടതുണ്ട്. 
മാനസികാഘാതം : ഒരു ആത്മഹത്യമൂലമുള്ള ദുരിതം അനുഭവിക്കുന്ന മിക്കവാറും പേര്‍ക്ക് ശാരീരികമായ മരവിപ്പിനൊപ്പം പെട്ടെന്നുള്ള ഒരു പ്രതികരണമായി മാനസികമായ ആഘാതവും അനുഭവപ്പെടും.
ദേഷ്യം: പ്രിയപ്പെട്ടവരും കുടുംബാംഗങ്ങളും പലപ്പോഴും ഒരു മനുഷ്യ ജീവന്‍ പാഴായതോര്‍ത്ത് ദേഷ്യം പ്രകടിപ്പിക്കും (അല്ലെങ്കില്‍  അമര്‍ത്തിവെയ്ക്കും). ദേഷ്യമെന്നത് ഒരു സങ്കടം പ്രകടിപ്പിക്കലാണ്. ഇത് ആത്മഹത്യ ചെയ്ത ആള്‍ക്കുനേരെയോ അവനവനോടോ മറ്റ് കുടുംബാംഗങ്ങളോടോ അല്ലെങ്കില്‍ ഒരു പ്രൊഫഷണലിനോടോ ഒക്കെയായേക്കാം പ്രകടിപ്പിക്കുന്നത്.
കുറ്റബോധം : ആത്മഹത്യ മൂലമുള്ള മരണത്തെ തുടര്‍ന്ന് അതിന്‍റെ ഫലം അനുഭവിക്കുന്ന കുടുംബാംഗങ്ങള്‍ എന്ത് സൂചനയാണ് തങ്ങള്‍ക്ക് പിടികിട്ടാതെ പോയത്, അവര്‍ക്ക് എങ്ങനെ ആ ആത്മഹത്യ തടയാനാകുമായിരുന്നു തുടങ്ങിയ കാര്യങ്ങള്‍ പരതാന്‍ തുടങ്ങും. ഈ സ്വയം കുറ്റപ്പെടുത്തലില്‍ അവര്‍ പറഞ്ഞ കാര്യങ്ങള്‍ (അല്ലെങ്കില്‍ പറയാതിരുന്നത്) , സ്നേഹവും താല്‍പര്യവും മറ്റും പ്രകടിപ്പിക്കുന്നതില്‍ തങ്ങള്‍ക്കുണ്ടായ പരാജയം, അവര്‍ ചെയ്യാന്‍ പദ്ധതിയിട്ടിരുന്ന കാര്യങ്ങള്‍ (എന്നാല്‍ ചെയ്യാന്‍ കഴിയാതെ പോയത്) - എന്നിങ്ങനെ എന്തും ഏതും ഒരിക്കലും അവസാനിക്കാത്ത ഒരു  കാലിഡോസ്കോപ്പിലൂടെ എന്ന പോലെ അവര്‍ നോക്കിക്കൊണ്ടിരിക്കും.
ഭയം : കുടുംബത്തിലെ ഒരാള്‍ ആത്മഹത്യ ചെയ്തതുകൊണ്ട് ഇനി മറ്റാരെങ്കിലും കൂടി അതിന് ശ്രമിച്ചേക്കുമോ എന്ന ഭയം എല്ലാവരേയും അലട്ടിയേക്കാം.
വിഷാദം : ഇത് ഉറക്കമില്ലായ്മ, അല്ലെങ്കില്‍ അസ്വസ്ഥമായ ഉറക്കം, വിശപ്പില്ലായ്മ, ക്ഷീണം, ജീവിതത്തില്‍ സന്തോഷം നഷ്ടപ്പെടല്‍ തുടങ്ങിയ അവസ്ഥകള്‍ക്ക് കാരണമാകും.
ഈ തീവ്രമായ വികാരങ്ങളില്‍/അനുഭവങ്ങളില്‍ ഭൂരിപക്ഷവും കുറച്ചുനാള്‍ കഴിയുമ്പോള്‍ ഇല്ലാതാകും, എന്നാല്‍ അവശേഷിക്കുന്ന ചില വികാരങ്ങള്‍ /അനുഭവങ്ങള്‍ ഒരിക്കലും ശരിക്കും അകന്നു പോകുകയില്ല. ഈ സങ്കടാവസ്ഥ ഓരോ വ്യക്തിയിലും വ്യത്യസ്തമായ രീതിയിലായിരിക്കും. അതോടൊപ്പം ചില ചോദ്യങ്ങള്‍ എല്ലാകാലത്തും ഉത്തരംകിട്ടാതെ ശേഷിക്കുകയും ചെയ്യും.
ഒരു  ആത്മഹത്യയുടെ ആഘാതത്തെ  അതിജീവിക്കല്‍
  • നിങ്ങളുടെ  തീവ്ര വികാരങ്ങളെല്ലാം തന്നെ ദുഃഖകരമായ ഒരു സംഭവത്തോടുള്ള തികച്ചും സ്വാഭാവികമായ പ്രതികരണമാണെന്ന യാഥാര്‍ത്ഥ്യം അംഗീകരിക്കുക.
  • നിങ്ങളെ അലട്ടുന്ന ചോദ്യങ്ങള്‍ക്ക് തൃപ്തികരമായ ഉത്തരം കണ്ടെത്താന്‍ സമയമെടുത്തേക്കാം. നിങ്ങള്‍ക്ക് ഭാഗികമായ ഉത്തരങ്ങളേ കണ്ടെത്താന്‍  കഴിയുന്നുള്ളു, കൂടുതലൊന്നും പ്രതീക്ഷിക്കാനില്ല എന്നാണെങ്കില്‍   അതില്‍ തൃപ്തി കണ്ടെത്തിയാല്‍ നിങ്ങള്‍ക്ക് മുന്നോട്ട് പോകാം.
  • മറ്റ് കുടുംബാംഗങ്ങളുമായി ബന്ധപ്പെട്ട് നില്‍ക്കുക. പ്രിയപ്പെട്ട ഒരാളുടെ ആത്മഹത്യയെ തുടര്‍ന്നു വരുന്ന ആദ്യത്തെ ആറുമാസം  മറ്റുള്ളവരുമായി ബന്ധപ്പെട്ട് നില്‍ക്കുക എന്നത്വളരെ പ്രധാനപ്പെട്ട കാര്യമാണ്. ആ ആത്മഹത്യയെക്കുറിച്ചുള്ള നിങ്ങളുടെ ചിന്തകളും വിഷമങ്ങളും മറ്റ് കുടുംബാംഗങ്ങളോട് തുറന്ന് സംസാരിക്കുക, അവരോട് സഹായം ആവശ്യപ്പെടുക.
  • കുട്ടികളുടെ കാര്യത്തില്‍ പ്രത്യേക ശ്രദ്ധവെയ്ക്കുക. തങ്ങള്‍ക്ക് അനുഭവപ്പെട്ടുകൊണ്ടിരിക്കുന്ന വികാരങ്ങളെ നേരിടുക എന്നത് കുട്ടികള്‍ക്ക് വളരെ ബുദ്ധിമുട്ടേറിയ കാര്യമായിരിക്കും. അവയെല്ലാം തന്നെ ദുഃഖം വരുമ്പോള്‍ ഉണ്ടാകുന്ന സ്വാഭാവിക പ്രതികരണങ്ങള്‍, വികാരങ്ങള്‍ മാത്രമാണെന്ന് അവരെ ഓര്‍മ്മപ്പെടുത്തണം. അതിലെല്ലാം ഉപരിയായി നിങ്ങള്‍ ഇപ്പോഴും അവരെ സ്നേഹിക്കുന്നുണ്ടെന്നും അവര്‍ക്കുവേണ്ടി എപ്പോഴും അവരുടെ കൂടെ ഉണ്ടാകുമെന്നും അവരെ ബോധ്യപ്പെടുത്തുകയും അവര്‍ക്കൊപ്പം സമയം ചെലവഴിക്കുകയും വേണം.
  • അവധിക്കാലങ്ങള്‍, ജന്മദിനങ്ങള്‍, വാര്‍ഷികങ്ങള്‍, അതുപോലുള്ള മറ്റ് വിശേഷ ദിവസങ്ങള്‍ എല്ലാം തന്നെ ഒരു ആത്മഹത്യയുടെ ആഘാതത്തെ നേരിട്ട് ജീവിച്ചിരിക്കുന്നവര്‍ക്ക് വളരെ മാനസിക പിരിമുറുക്കം ഉണ്ടാക്കിയേക്കാവുന്ന ദിവസങ്ങളായിരിക്കും എന്ന കാര്യം അറിഞ്ഞിരിക്കുക.  അത്തരം ദിവസങ്ങളില്‍ എന്തിലെങ്കിലും വ്യാപൃതരായിരിക്കാന്‍ ശ്രദ്ധിക്കുക, അല്ലെങ്കില്‍ മറ്റുള്ളവര്‍ക്കൊപ്പമായിരിക്കുക.
  • ഹൃദയത്തിനേറ്റ മുറിവുണങ്ങാന്‍ സമയമെടുക്കും.കൃത്യമായി നിശ്ചയിക്കപ്പെട്ടിരിക്കുന്ന ഒരു ദിവസം ഇത് സംഭവിക്കും എന്ന് പ്രതീക്ഷിക്കരുത്.ഈ മുറിവുണങ്ങല്‍ ഓരോരുത്തരിലും വ്യത്യസ്തമായ തരത്തിലായിരിക്കും.
  • മറ്റുള്ളവരോടും അവനവനോടും ക്ഷമകാണിക്കുക. ഏതവസ്ഥയിലൂടെയാണ് നിങ്ങള്‍ കടന്നുപോകുന്നതെന്ന കാര്യം എല്ലാവര്‍ക്കും മനസിലായിക്കൊള്ളണം എന്നില്ല. അതുപോലെ തന്നെ മറ്റ് കുടുംബാംഗങ്ങള്‍ക്കും മരിച്ചയാളെ സ്നേഹിക്കുന്നവര്‍ക്കും അവരുടേതായ ദുഃഖം ഉണ്ടെന്ന കാര്യവും അവരുടെ ശേഷിക്കനുസരിച്ച് അവര്‍ അതിനെ നേരിട്ടുകൊണ്ടിരിക്കുകയാണെന്നതും ഓര്‍ക്കുക. 
  • വിദഗ്ധരുടെ സഹായം തേടുക എന്നത് എല്ലായ്പ്പോഴും വളരെ പ്രധാനപ്പെട്ട കാര്യമാണ്.
ഡോ. മനോജ് ശര്‍മ്മ നിംഹാന്‍സിലെ ക്ലിനിക്കല്‍ സൈക്കോളജി വിഭാഗത്തില്‍ അസോസിയേറ്റ് പ്രൊഫസറാണ്.
കൂടുതല്‍ വിവരങ്ങള്‍ക്ക് രാവിലെ 9 മണിക്കും വൈകുന്നേരം 4.30 നും ഇടയ്ക്ക് ബന്ധപ്പെടുക : നിംഹാന്‍സ് സെന്‍റര്‍ ഫോര്‍ വെല്‍ ബിയ്ങ് (ചഇണആ)  +919480829670 / (080) 2668594.