ആത്മഹത്യ തടയൽ

അരുത്, ആത്മഹത്യ ഒന്നിനും ഒരു പരിഹാരമല്ല

വൈറ്റ് സ്വാൻ ഫൗണ്ടേഷൻ
ഡോ. വി. സെന്തില്‍ കുമാര്‍ റെഡ്ഡി
 "കൊടുങ്കാറ്റ് കടന്നുപോകാന്‍ കാത്തിരിക്കരുത്, മഴയത്ത് നൃത്തം ചെയ്യാന്‍ പഠിക്കുക"- വിവിയന്‍ ഗ്രീന്‍
ഈ ഉദ്ധരണി ഒരു വ്യക്തി ആത്മഹത്യാ ചിന്തകള്‍ക്കെതിരായി സ്വയം സഹായിക്കേണ്ടതിന്‍റേയും അത്തരം ചിന്തകളില്‍ നിന്ന് അകന്നു പോകുന്നതിനുള്ള മാര്‍ഗങ്ങള്‍ പഠിക്കേണ്ടതിന്‍റേയും  പ്രധാന്യം വ്യക്തമാക്കുന്നു. ദൗര്‍ഭാഗ്യത്തെ അല്ലെങ്കില്‍ വിപത്തുക്കളെയും  തരണം ചെയ്യാനാകാത്ത സാഹചര്യങ്ങളേയും നേരിടുന്ന ആളുകളാണ് പലപ്പോഴും ആത്മഹത്യയെക്കുറിച്ച് ചിന്തിക്കുന്നത്. ഈ സാഹചര്യത്തില്‍ ആളുകള്‍ സ്വയം സഹായിക്കേണ്ടത് അത്യാവശ്യമാണ്. ആളുകള്‍ക്ക് തങ്ങളെ എങ്ങനെയെല്ലാം ശക്തമായി സ്വയം സഹായിക്കാനാകും എന്ന് പഠിക്കാന്‍ കഴിയുന്ന പല വഴികള്‍ ഉണ്ട്.
ഐടി പ്രൊഫഷണലായ മനോജ് (26 വയസ്) വളരെ സത്യസന്ധനായ, ആത്മാര്‍ത്ഥതയുള്ള ജീവനക്കാരനാണ്. താന്‍ ജോലിയില്‍ പുലര്‍ത്തുന്ന മികവിന്‍റെ പേരില്‍ അയാള്‍ പലപ്പോഴും സഹപ്രവര്‍ത്തകരുടേയും മേലധികാരികളുടേയും അഭിനന്ദനത്തിന് പാത്രമായിട്ടുമുണ്ട്. എന്നാല്‍ അടുത്ത കാലത്തായി ജോലിയില്‍ കാര്യക്ഷമമായി മുന്നേറാന്‍ അയാള്‍ക്ക് ബുദ്ധിമുട്ട് നേരിട്ടു, മിക്കവാറും സമയത്ത് അയാള്‍ക്ക് ക്ഷീണം അനുഭവപ്പെട്ടു, ഏകാഗ്രത കുറഞ്ഞു, ശരിയായി ഉറങ്ങാന്‍ കഴിയാതായി. അയാളുടെ മുഴുക്കുടിയനായ അച്ഛന്‍ മിക്കാവാറും അമ്മയുമായി തല്ലുകൂടുമായിരുന്നു. അച്ഛന്‍റെ മദ്യപാനവും അതുമൂലമുള്ള പ്രശ്നവും കാരണം മനോജ് അതിയായ സങ്കടത്തിലായി. അമ്മയുടെ ആരോഗ്യവും കുടുംബത്തിന്‍റെ സാമ്പത്തിക നിലയും അയാളെ കൂടുതല്‍ മനോവിഷമത്തിലാക്കി. ഇതിന്‍റെയെല്ലാം അനന്തരഫലമായി അയാള്‍  ജീവിതം അവസാനിപ്പിക്കുന്നതിനെക്കുറിച്ച് ചിന്തിച്ചു തുടങ്ങി.
മനോജിന് മുമ്പ് കോളേജില്‍ പഠിക്കുമ്പോള്‍ രണ്ടാം സെമസ്റ്റര്‍ പരീക്ഷ തോറ്റപ്പോഴും ഇതേപോലുള്ള ആത്മഹത്യാ ചിന്ത ഉണ്ടായിട്ടുണ്ട്. അന്ന് മനോജ്  തന്‍റെ മുറിയില്‍ താമസിക്കുന്ന രവിയോട് താന്‍ ആത്മഹത്യ ചെയ്യുവാന്‍ ആലോചിക്കുന്ന കാര്യം പറയുകയും അതിലൂടെ മനോജിന് വളരെ ആശ്വാസം അനുഭവപ്പെടുകയും ചെയ്തിരുന്നു. അന്ന് മനോജ് കോളേജ് ക്രിക്കറ്റ് ടീമില്‍ അംഗമായിരുന്നു. തൊട്ടടുത്ത് വരാന്‍ പോകുന്ന ഒരു ടൂര്‍ണമെന്‍റിനായി അവന് പരിശീലനത്തില്‍ പങ്കെടുക്കണമായിരുന്നു. അവന്‍ രവിയോട് സംസാരിക്കാനും ക്രിക്കറ്റ് പരിശീലനത്തില്‍ ശ്രദ്ധയൂന്നാനും തുടങ്ങിയതോടെ അവന്‍റെ ആത്മഹത്യാ ചിന്ത കുറഞ്ഞു വന്നു. അവന്‍റെ ടീം ടൂര്‍ണമെന്‍റില്‍ വിജയിച്ചു, അവന്‍ പരീക്ഷ എഴുതിയെടുക്കുന്നതിനായി രവിയോടൊപ്പം പഠിക്കാന്‍ തുടങ്ങുകയും ചെയ്തു.അവനിലെ ആത്മഹത്യാ ചിന്ത പൂര്‍ണമായി അകന്നു പോകുകയും ചെയ്തു.
തന്‍റെ കോളേജ് ദിനങ്ങളില്‍ ഈ ചിന്തയെ മറികടക്കാന്‍ താന്‍ എന്താണ് ചെയ്തെന്ന് ഓര്‍ത്തെടുത്തപ്പോള്‍ വീണ്ടും അതേ വഴി സ്വീകരിക്കാന്‍ മനോജ് തീരുമാനിച്ചു. അവന്‍ രവിയെ ഫോണില്‍ വിളിച്ച് സംസാരിക്കുകയും പതിവായി വ്യായാമം ചെയ്യാന്‍ തുടങ്ങുകയും ചെയ്തു. തന്‍റെ മാനസിക സംഘര്‍ഷവും അതോടൊപ്പം തന്നെ ആത്മഹത്യാ ചിന്തയും കുറഞ്ഞുവരുന്നതായി മനോജ് അറിഞ്ഞു. ജോലിയിലുള്ള അവന്‍റെ പ്രകടം വളരെയധികം മെച്ചപ്പെട്ടു.  തന്‍റെ കുടുംബത്തെക്കുറിച്ചുള്ള ആശങ്കകള്‍ അയാളില്‍ നിലനിന്നിരുന്നു എങ്കിലും ആത്മഹത്യാ ചിന്തകള്‍ ഇല്ലാതായി. തുടര്‍ന്ന് രവിയുടെയും മേലുദ്യോഗസ്ഥരുടേയും  സഹായത്തോടെ അയാള്‍ തന്‍റെയും കുടുംബത്തിന്‍റേയും ഭാവിക്കുവേണ്ടിയുള്ള പദ്ധതികള്‍ തയ്യാറാക്കി. 
നമുക്ക് ചുറ്റുമുള്ള ആളുകളില്‍ മൂന്നിലൊരാള്‍ അവരുടെ ജീവിതത്തില്‍ എപ്പോഴെങ്കിലും ആത്മഹത്യയെക്കുറിച്ച് ചിന്തിക്കുന്നു എന്നാണ് പഠനങ്ങള്‍ പറയുന്നത്. ഇത് വളരെ പൊതുവായതും എന്നാല്‍ ശല്യപ്പെടുത്തുന്നതും പലപ്പോഴും പങ്കുവെയ്ക്കാന്‍ പ്രയാസമുള്ളതുമായ അനുഭവമാണ്. ആളുകള്‍  ഇതിനെക്കുറിച്ച് സംസാരിക്കുന്നില്ല, കാരണം ഇതിനെക്കുറിച്ചുള്ള സംസാരം ഈ ചിന്തകളെ കൂടുതല്‍ ബലപ്പെടുത്തുകയും  അടുത്തുള്ളവരെയും വേണ്ടപ്പെട്ടവരേയും സങ്കടപ്പെടുത്തുകയും മാത്രമേ ചെയ്യു എന്ന് അവര്‍ തെറ്റിദ്ധരിക്കുന്നു. അതേസമയം ഈ ചിന്ത പങ്കുവെയ്ക്കുന്നവരാകട്ടെ ഈ സംസാരം അവര്‍ക്ക് കൂടുതല്‍ ആശ്വാസം ഉണ്ടാക്കുകയും അവരില്‍ ഒരു വികാരശുദ്ധീകരണം നടത്തുകയും ചെയ്യുന്നതായി പറയുന്നു. സ്വയം അപകടപ്പെടുത്താനോ ആത്മഹത്യ ചെയ്യാനോ ഉള്ള ചിന്ത മറ്റാരെങ്കിലുമായി പങ്കുവെയ്ക്കുന്നതിലൂടെ ആ ചിന്തയെ വലിയൊരളവില്‍ കുറയ്ക്കാന്‍ കഴിയും.
ആത്മഹത്യ ചെയ്യാനുള്ള ചിന്തക്ക് ആവര്‍ത്തിച്ച് വരാനുള്ള ഒരു പ്രവണതയുണ്ട്, പ്രത്യേകിച്ച് വ്യക്തി തനിച്ചായിരിക്കുകയോ ഒട്ടും തിരക്കിലല്ലാതിരിക്കുകയോ ചെയ്യുമ്പോള്‍. അടുത്ത കുടുംബാംഗങ്ങളുമൊത്തോ കൂട്ടുകാരുമൊത്തോ സമയം ചെലഴിക്കുകയോ എന്തെങ്കിലുമൊക്കെ പ്രവര്‍ത്തികളില്‍ ഏര്‍പ്പെട്ടുകൊണ്ട് അവനവനെ സ്വയം തിരക്കുള്ള വ്യക്തിയാക്കി മാറ്റുകയോ ചെയ്യുന്നതിലൂടെ ആത്മഹത്യാ ചിന്തകളുടെ തീവ്രതയും അതിന്‍റെ ദൈര്‍ഘ്യവും കുറയ്ക്കാന്‍ കഴിയും. ഇതിനായി ഒരു വ്യക്തിക്ക് ഒരു പുതിയ വിനോദം പോലുള്ള ആസ്വാദ്യകരമായ പ്രവര്‍ത്തനങ്ങള്‍ തുടങ്ങാം,  അല്ലെങ്കില്‍ പഴയ വിനോദം പുനഃരാരംഭിക്കാം. ആത്മഹത്യാ ചിന്തയെ അതിജീവിച്ചിട്ടുള്ള ആളുകള്‍ പറയുന്നത് ഇത്തരം പ്രവര്‍ത്തനങ്ങള്‍ ഒരു മാനസികസൗഖ്യം നല്‍കുമെന്നും അതിന്‍റെ ഫലമായി ആത്മഹത്യാ ചിന്ത കുറയുമെന്നുമാണ്.
ഒരു വ്യക്തി, താന്‍ മുമ്പ് സമാനമായ സാഹചര്യങ്ങളെ അതിജീവിച്ചത് എങ്ങനെയെന്നും അന്ന് എന്തെല്ലാം സ്വയംസഹായക പ്രവര്‍ത്തികളാണ് തന്നെ സഹായിച്ചതെന്നും ബോധപൂര്‍വം ചിന്തിക്കാന്‍ തുടങ്ങിയാല്‍ ആത്മഹത്യാ ചിന്തകള്‍ താനേ കുറയും. മനോജ് തന്‍റെ ഇപ്പോഴത്തെ അവസ്ഥയെ അതിജീവിക്കാന്‍ തന്‍റെ മുന്‍കാല അനുഭവം ഉപയോഗപ്പെടുത്തി. അവന്‍ നിരന്തരപ്രയത്നം നടത്തുകയും തന്‍റെ ആത്മ-വിശ്വാസം വര്‍ദ്ധിപ്പിച്ച ഗുണകരമായ അനുഭവത്തിലേക്ക് മുന്നേറാന്‍ ശേഷിനേടുകയും ചെയ്തു.
ആത്മഹത്യാ ചിന്തകള്‍ ദിവസത്തിലെ ചില പ്രത്യേക സമയങ്ങളില്‍ കൂടുതല്‍ തീവ്രമാകുകയും  ഒരു ദിവസം പലതവണ എന്നു തുടങ്ങി കുറച്ചു ദിവസങ്ങളോ മാസങ്ങളോ ആവര്‍ത്തിച്ച് വരുകയും ചെയ്തേക്കാം. ഈ ചിന്തകളെ അതിജീവിക്കുന്നതിന് ആവശ്യമായ സമയത്ത് സഹായം തേടുന്നതിനുള്ള ഓരോരോ സാധ്യതകള്‍ അടക്കമുള്ള ഒരു പദ്ധതിയുണ്ടാക്കുന്നത്  വളരെ ഉപകാരപ്രദമാകും.
താഴെ പറയുന്ന കാര്യങ്ങള്‍ ഇത് വളരെ എളുപ്പമാക്കും: 
  • ജീവിച്ചിരിക്കുന്നതിനുള്ള കാരണങ്ങള്‍ ഒന്നൊന്നായി എഴുതിവെയ്ക്കുക( ലക്ഷ്യങ്ങള്‍, ഭാവി പദ്ധതികള്‍, നിങ്ങള്‍ അത്യധികം ഇഷ്ടപ്പെടുന്ന  വ്യക്തികള്‍, മുന്‍കാലത്തെ നല്ല ജീവിതാനുഭവങ്ങള്‍ തുടങ്ങിയവ).
  • ആത്മഹത്യ ചെയ്യുക എന്നതുപോലുള്ള ചിന്തകളില്‍ നിന്നും നിങ്ങളെ വഴിമാറ്റുന്ന എന്തെങ്കിലും  പ്രവര്‍ത്തികളില്‍ ഏര്‍പ്പെടുക.
  • നിങ്ങള്‍ക്ക് വിശ്വാസമുള്ള ഒരാളെ ബന്ധപ്പെടുന്നതിനുള്ള ഏര്‍പ്പാട് ചെയ്യുക, അല്ലെങ്കില്‍ പതിവായി അയാളുമായി സംസാരിക്കുക.
  • ആത്മഹത്യ ഒഴിവാക്കാന്‍ സഹായിക്കുന്ന ഹെല്‍പ് ലൈനുകളുടെ അല്ലെങ്കില്‍ കൗണ്‍സിലറുടെ ഫോണ്‍ നമ്പര്‍ സൂക്ഷിക്കുക.
  • ഈ പദ്ധതിയുടെ ഒരു കോപ്പി നിങ്ങള്‍ സൂക്ഷിക്കുകയും മറ്റൊന്ന് നിങ്ങള്‍ക്ക് വിശ്വാസമുള്ള ഒരാളുമായി പങ്കുവെയ്ക്കുകയും ചെയ്യുന്നത് ഈ പദ്ധതി എവിടെ വെച്ചും ഏതു സമയത്തും പ്രാവര്‍ത്തികമാക്കാന്‍ സഹായിക്കും.
 ആത്മഹത്യാ ചിന്ത അനുഭവപ്പെടുന്ന ആളുകള്‍ യഥാര്‍ത്ഥത്തില്‍ തങ്ങളുടെ മാനസികപിരിമുറുക്കത്തില്‍ നിന്നും ആശ്വാസം ആഗ്രഹിക്കുകയാണ് ചെയ്യുന്നത്. സ്വയം സഹായിക്കുന്നതിനുള്ള തന്ത്രങ്ങളും ടെക്നിക്കുകളും ആത്മഹത്യാ ചിന്ത കുറയ്ക്കാനും മാനസിക പിരിമുറുക്കം ഒഴിവാക്കാനും വളരെയധികം സഹായകരമാകും. ഈ ശ്രമങ്ങളെയെല്ലാം എതിര്‍ത്ത് ആത്മഹത്യാ ചിന്ത നിലനില്‍ക്കുന്നതായി നിങ്ങള്‍ക്ക് തോന്നിയാല്‍ ഒരു മാനസികാരോഗ്യ വിദഗ്ധനെ സമീപിക്കാന്‍ മടികാണിക്കാതിരിക്കുക. നിങ്ങളുടെ തൊട്ടടുത്തുള്ള ഡോക്ടര്‍ക്ക് (ജനറല്‍ ഫിസീഷ്യന്) പോലും നിങ്ങളെ സഹായിക്കാനാകും.
ഡോ. വി സെന്തില്‍ കുമാര്‍ റെഡ്ഡി, നിംഹാന്‍സിലെ  സൈക്യാട്രി വിഭാഗത്തില്‍ അസോസിയേറ്റ് പ്രൊഫസറാണ്.
കൂടുതല്‍ വിവരങ്ങള്‍ക്ക് നിംഹാന്‍സ് സെന്‍റര്‍ ഫോര്‍ വെല്‍ബിയിംഗിലേക്ക് ((ചഇണആ)) വിളിക്കുക- വിളിക്കേണ്ട നമ്പര്‍- +919480829670/ (080) 2668594. 
വിളിക്കേണ്ട സമയം- രാവിലെ 9 മണിക്കും വൈകുന്നേരം  4.30 നും ഇടയില്‍.