മാനസികാരോഗ്യത്തെ കുറിച്ചു മനസ്സിലാക്കൽ

എപ്പോഴാണ് നിങ്ങൾ ഒരു ഹെൽപ്പ് ലൈനിൽ വിളിക്കേണ്ടത്? 

വൈറ്റ് സ്വാൻ ഫൗണ്ടേഷൻ
എന്താണ് ഹെൽപ്പ്‌ലൈൻ?
പ്രതിസന്ധി ഘട്ടങ്ങളിൽ വ്യക്തികളുടെ പ്രശ്‌നങ്ങൾ കേട്ട് വിമർശന സ്വഭാവമില്ലാത്ത രീതിയിൽ സേവനം നൽകുന്ന സംവിധാനമാണ് ഹെൽപ്പ്‌ലൈൻ. ഇത്തരം സേവനങ്ങൾ സാധാരണയായി നൽകുന്നത് ഫോണിലൂടെയാണ്. ചില ഹൈൽപ്പ് ലൈനുകൾ 24 മണിക്കൂറും ഉപയോഗിക്കാം എന്നിരിക്കെ ചിലതിന് സേവന സമയം ക്രമപ്പെടുത്തിയിട്ടുണ്ട്. വൈകാരിക സമ്മർദ്ദം അനുഭവിക്കുന്ന ഒരാൾക്ക് ഹെൽപ്പ്‌ലൈനിൽ വിളിച്ച് സഹായം അഭ്യർത്ഥിക്കാവുന്നതാണ്. 
എന്തിനാണ് ഹെൽപ്പ്‌ലൈനിൽ വിളിക്കുന്നത്? 
തരണം ചെയ്യാൻ പ്രയാസം അനുഭവപ്പെടുന്ന വിവിധതരം സമ്മർദ്ദങ്ങളും വെല്ലുവിളികളും നമ്മുടെ ജീവിതത്തിലുണ്ട്. ചിലപ്പോൾ സുഹൃത്തുക്കളോടോ കുടുംബത്തോടോ പങ്കുവെയ്ക്കാൻ നിങ്ങൾക്ക് സാധിക്കുന്നു. മറ്റ് ചിലപ്പോൾ കുറ്റപ്പെടുത്തപ്പെടുമോ എന്ന പേടിയാലോ അല്ലെങ്കിൽ നമുക്ക് ചുറ്റുമുള്ളവര്‍ നമ്മെ വേറിട്ട് കാണുമെന്നോ നമ്മുടെ പ്രശ്‌നങ്ങളുടെ അടിസ്ഥാനത്തിൽ നമ്മളെ വിധിക്കുമെന്നോ കരുതി വിഷമിച്ച് അവരോട് പലതും പങ്കുവെയ്ക്കാൻ സാധിച്ചെന്ന് വരില്ല. ചില കേസുകളിൽ അങ്ങേയറ്റം വൈകാരികവും വ്യക്തിപരവുമായ വിവരങ്ങൾ നമുക്ക് അടുപ്പമുള്ളവരോട് പങ്കുവെയ്ക്കണമെന്ന് ആഗ്രഹമുണ്ടെങ്കിൽ പോലും അതിന് കഴിഞ്ഞെന്ന് വരില്ല. ചില സന്ദർഭങ്ങളിൽ നമ്മുടെ മാനസിക സമ്മർദ്ദങ്ങൾ ആരുമായെങ്കിലും പങ്കുവയ്ക്കണമെന്ന് ആഗ്രഹമുണ്ടായാലും തക്ക സമയത്ത് അവരുമായി സമ്പർക്കം പുലർത്താൻ കഴിയാതെ വന്നേക്കാം. ചില സമയങ്ങളിൽ എന്താണ് ചെയ്യേണ്ടതെന്ന് നമുക്ക് അറിയാതെ വരികയും ആരെങ്കിലും തിരിച്ചൊന്നും ചോദിക്കാതെ എല്ലാം കേൾക്കണമെന്ന് ആഗ്രഹിക്കുകയും ചെയ്യും. സാധ്യമായ കാര്യങ്ങളെക്കുറിച്ച് സംസാരിക്കുന്നത് തന്നെ ചിലപ്പോൾ വ്യക്തത നൽകും. ഇവയിൽ ഏത് സന്ദർഭത്തിലും നിങ്ങൾക്ക് ഒരു ഹെൽപ്പ്‌ലൈനിൽ വിളിക്കാവുന്നതാണ്. രാജ്യത്തിന്റെ പലഭാഗങ്ങളിലും മാനസിക ആരോഗ്യ സേവനങ്ങൾ ലഭിക്കുന്നതിലും എളുപ്പത്തിൽ ഹെൽപ്പ് ലൈനിൽ വിളിക്കാൻ സാധിക്കും.
ഒരു ഹെൽപ്പ്‌ലൈനിൽ വിളിക്കുമ്പോൾ നിങ്ങൾക്ക് ഒന്നും നഷ്ടപ്പെടുവാനില്ല, മറിച്ച് നേടുവാൻ ഒരുപാട് ഉണ്ടുതാനും. മിക്ക ഹെൽപ്പ്‌ലൈനുകളും സൗജന്യസേവനങ്ങൾ നൽകുമ്പോൾ (ടെലിഫോൺ കോൾ വിളിക്കാനാവശ്യമായ നാമമാത്രമായ തുക മാത്രം നിങ്ങൾ മുടക്കിയാൽ മതി) ചിലതിൽ മാനസിക സാമൂഹിക പിന്തുണ നൽകുന്നതിന് പരിശീലിനം സിദ്ധിച്ച കൗൺസിലർമാരുടെ (ബോധവത്കരണം നടത്തുന്നവർ) സേവനവും ലഭിക്കും. വിളിക്കുന്നയാളുടെ വിവരങ്ങൾ രഹസ്യമായിരിക്കും. വിധിക്കപ്പെടുമോ എന്ന പേടി കൂടാതെയും രഹസ്യമായി ഇരിക്കുമെന്ന ഉറപ്പോടെയും നിങ്ങളെ വൈകാരിക സംഘർഷത്തിലാക്കുന്ന എന്തിനെക്കുറിച്ചും സംസാരിക്കാനുള്ള സ്വാതന്ത്ര്യം നിങ്ങൾക്കുണ്ട്. ഹെൽപ്പ്‌ലൈൻ കൗൺസിലർ നിങ്ങളുടെ ആവശ്യങ്ങളെ വിശകലനം ചെയ്ത് സമീപത്തുള്ള കേന്ദ്രങ്ങളിലേക്ക് നിങ്ങളെ നയിക്കുന്നു. 
ഹെൽപ്പ്‌ലൈൻ നമ്പറുകൾ സംഘർഷ സാഹചര്യങ്ങളിലേക്ക് മാത്രമുള്ളതാണോ? 
ഒരു ഹെൽപ്പ്‌ലൈൻ പ്രതിസന്ധി ഘട്ടങ്ങളിലേക്ക് മാത്രമുള്ളതോ ജീവന് ഭീഷണിയുണ്ടാകുന്ന വിധത്തിൽ പ്രശ്‌നങ്ങൾ അനുഭവിക്കുന്നവർക്കോ മാത്രമുള്ളതല്ല. നിങ്ങളുടെ ഏത് പ്രശ്‌നങ്ങളെക്കുറിച്ചുമുള്ള വിവരങ്ങൾ തേടാനും അവ എങ്ങനെ കൈകാര്യം ചെയ്യണമെന്ന് അറിയുവാനുമായി നിങ്ങൾക്കൊരു ഹെൽപ്പ്‌ലൈന്റെ സഹായം തേടാവുന്നതാണ്. മാനസിക ആരോഗ്യ പ്രശ്‌നം ഉണ്ടെന്ന് നിങ്ങൾക്കറിയുന്ന മറ്റൊരാൾക്ക് വേണ്ടിയും നിങ്ങൾക്ക് വിളിക്കാവുന്നതാണ്. 
ഫോണിലൂടെ മാത്രമേ എനിക്ക് സഹായം തേടാൻ സാധിക്കുകയുള്ളോ? 
ചില ഹെൽപ്പ്‌ലൈനുകൾ ഫോണിലൂടെ മാത്രമാണ് ലഭ്യമാകുന്നത്. ടിഐഎസ്എസ് ഐകാൾ (TISS iCall) പോലെയുള്ള മറ്റ് ചിലത് ഇ മെയിലുകൾ വഴിയും മാനസിക പിന്തുണ നൽകാറുണ്ട്. എന്നാൽ പരിവർത്തൻ, സ്‌നേഹ തുടങ്ങിയവ നേരിട്ടുള്ള കൗൺസിലിങ്ങും (ബോധവത്കരണവും) നൽകാറുണ്ട്. 
ഒരു ഹെൽപ്പ്‌ലൈനിൽ വിളിക്കുമ്പോൾ ഞാൻ എന്താണ്  പ്രതീക്ഷിക്കേണ്ടത്? 
ഹെൽപ്പ്‌ലൈനിൽ വിളിക്കുമ്പോൾ നിങ്ങൾക്ക് പ്രതീക്ഷിക്കാൻ കഴിയുന്നത്: 
  • കുറച്ചെങ്കിലും പരിശീലനവും കൗൺസിലിങ്ങ് കഴിവുമുള്ള ഒരു കൗൺസിലറിനോടോ സന്നദ്ധ പ്രവർത്തകനോടോ സംസാരിക്കുക.
  • കൗൺസിലർ വിമർശന സ്വഭാവം ഇല്ലാത്തവനും അനുകമ്പയോടെ കേട്ടിരിക്കുന്നവനുമാകും. 
  • കൗൺസിലറോട് സംസാരിച്ച് നിങ്ങളുടെ പ്രശ്‌നങ്ങൾക്ക് വ്യക്തക വരുത്തുക
  •  വിമർശിക്കപ്പെടുമോ എന്ന് പേടിക്കാതെ എന്ത് പ്രശ്‌നങ്ങളെക്കുറിച്ചും സംസാരിക്കാനുള്ള ഇടം .
  • നിങ്ങളുടെ പ്രശ്‌നങ്ങൾക്കായുള്ള തുടർന്നുള്ള സഹായം എങ്ങനെ ലഭ്യമാകും എന്നന്വേഷിക്കുക.
  • സഹായിക്കാന്‍ പറ്റുന്ന വിദഗ്ദ്ധന്റെ വിവരം.
  • നിങ്ങൾക്ക് ആവശ്യമായ പ്രായോഗിക പിന്തുണകൾ, ഉദാഹരണത്തിന് ബാലപീഡനമാണെങ്കിൽ അതിനാവശ്യമായ ചൈൽഡ് ഹെൽപ്പ് സർവ്വീസിന്റെ വിവരങ്ങൾ.
ഒരു ഹെൽപ്പ്‌ലൈനിലേക്ക് വിളിക്കുമ്പോൾ എന്തുതരം ചോദ്യങ്ങളാണ് എന്നോട് ചോദിക്കുക? 
നിങ്ങൾ ഒരു ഹെൽപ്പ്‌ലൈനിലേക്ക് വിളിക്കുമ്പോൾ കൗൺസിലർ അവരെ പരിചയപ്പെടുത്തുകയും നിങ്ങളുടെ പേര് ചോദിക്കുകയും എത്ര സമയം കോൾ നീണ്ടുനിൽക്കുമെന്ന് പറയുകയും ചെയ്യുന്നു. ലൈൻ വിച്ഛേദിക്കപ്പെടുന്നത് വരെ എത്ര സമയമാണ് വിളിക്കുന്നയാൾക്ക് സംസാരിക്കാൻ അനുവദിച്ചിട്ടുള്ളത് എന്നതിൽ ഓരോ ഹെൽപ്പ്‌ലൈനിലും വ്യത്യസ്തത ഉണ്ടാകും. ആവശ്യമെങ്കിൽ കൃത്യമായ സ്ഥലമോ കേന്ദ്രങ്ങളോ നിർദ്ദേശിക്കാനായി കൗൺസിലർ നിങ്ങളുടെ വയസ്സോ സ്ഥലമോ ചോദിച്ചേക്കാം. നിങ്ങളുടെ പേര് വെളിപ്പെടുത്താൻ പറ്റില്ലെങ്കിൽ എന്ത് പേരിൽ വിളിക്കപ്പെടണമെന്ന് അവർ ചോദിച്ചേക്കാം. അതിലൂടെ സംഭാഷണത്തിലുടനീളം നിങ്ങൾക്ക് വളരെ സ്വഭാവികമായി ഇടപെടാൻ സാധിക്കും. ഹെൽപ്പ്‌ലൈന്റെ രഹസ്യ സ്വഭാവത്തെ സംബന്ധിച്ചുള്ള നയങ്ങളെക്കുറിച്ചും അവർ നിങ്ങളോട് സംസാരിച്ചേക്കാം. 
എന്ത് പ്രശ്‌നങ്ങൾക്കാണ് എനിക്ക് ഹെൽപ്പ്‌ലൈനിൽ വിളിക്കാനാകുക? 
പല തരത്തിലുള്ള ഹെൽപ്പ്‌ലൈനുകളുണ്ട്. നിങ്ങൾ തേടുന്ന സഹായത്തെ ആശ്രയിച്ചിരിക്കണം നിങ്ങളുടെ ഹെൽപ്പ്‌ലൈനിന്റെ തിരഞ്ഞെടുപ്പ്. ഭൂരിഭാഗം ഹെൽപ്പ്‌ലൈനുകളും കേൾക്കാനുള്ള സംവിധാനമാണ് പ്രധാനമായും ഒരുക്കുന്നത്. വിദഗ്ദ്ധരുമായി മുഖാമുഖം കാണുന്നത് എങ്ങനെയാണ് എന്നതുൾപ്പെടെയുള്ള കാര്യങ്ങളിൽ കൃത്യമായ വിവരങ്ങൾ നൽകുന്നു. ഇന്ത്യയിൽ ആത്മഹത്യ, ഗാർഹിക പീഡനം, ബാല ലൈംഗീകപീഡനം, എൽജിബിറ്റി പ്രശ്‌നങ്ങൾ തുടങ്ങി പല തരത്തിലുള്ള പ്രശ്‌നങ്ങൾക്ക് സഹായം നൽകുന്ന ഹെൽപ്പ്‌ലൈനുകളുമുണ്ട്. ഇത്തരം ഹെൽപ്പ്‌ലൈനുകൾ കൃത്യമായ വിവരങ്ങളും സൗകര്യങ്ങളും നൽകി വിളിക്കുന്നയാളെ പ്രബുദ്ധരാക്കാൻ സഹായിക്കുന്നു. 
ഒരു സുഹൃത്തിനോ കുടുംബാംഗത്തിനോ സഹായം തേടുവാനായി എനിക്ക് വിളിക്കാമോ? 
തീർച്ചായും മറ്റൊരാളുടെ ക്ഷേമത്തേയോ രോഗത്തേയോ പറ്റിയുള്ള നിങ്ങളുടെ പേടിയെക്കുറിച്ച് നിങ്ങൾക്ക് ഹെൽപ്പ്‌ലൈനില്‍ വിളിച്ച് സംസാരിക്കാവുന്നതാണ്. അവർ നിങ്ങളെ കൃത്യമായ കേന്ദ്രങ്ങളിലെത്തിക്കും. എന്നിരുന്നാലും നിങ്ങൾക്ക് മറ്റൊരാളെ അവരുടെ തീരുമാനത്തിന് എതിരായി കൗൺസിലിങ്ങ് ചെയ്യിക്കാനാവില്ല. കൗൺസിലിങ്ങ് ഫലവത്താവണമെങ്കിൽ അതിനുള്ള പ്രേരണ വ്യക്തിയിൽനിന്ന് തന്നെ ഉണ്ടാകേണ്ടതുണ്ട്. എങ്കിലും പ്രശ്‌നം സംസാരിക്കുന്നതിനായി ഒരു വ്യക്തിയെ സമീപിക്കുന്നതിനും പ്രശ്‌നത്തെ സംബന്ധിച്ച നിങ്ങളുടെ തന്നെ പേടികളെയോ ഉത്കണ്ഠകളെയോ കൈകാര്യം ചെയ്യുന്നതിനുമുള്ള പിന്തുണ നൽകുവാൻ ഹെൽപ്പ്‌ലൈൻ കൗൺസിലർക്ക് കഴിഞ്ഞേക്കും. 
ഒരു ഹെൽപ്പ്‌ലൈനിലേക്ക് വിളിക്കുകയാണെങ്കിൽ ആരോടാണ് എനിക്ക് സംസാരിക്കാൻ കഴിയുക? 
ഒരു ഹെൽപ്പ്‌ലൈനിലേക്ക് വിളിക്കുമ്പോൾ മാനസിക, സാമൂഹിക പിന്തുണ നൽകുവാനുള്ള സാമാന്യ പരിശീലനം ലഭിച്ച ഒരു കൗൺസിലറിനോടാണ് നിങ്ങൾ  സംസാരിക്കുക. നിങ്ങളോട് സംസാരിക്കുന്ന ആളിന്റെ വിദ്യാഭ്യാസ യോഗ്യത ഹെൽപ്പ്‌ലൈന്റെ നിയമാവലി ആശ്രയിച്ചിരിക്കുന്നു. ബാംഗ്ലൂർ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന കൗൺസിലിങ്ങ്, പരിശീലനം, ഗവേഷണ കേന്ദ്രമായ പരിവർത്തൻ നടത്തുന്ന ഹെൽപ്പ്‌ലൈനിൽ കൗൺസിലിങ്ങ് കഴിവുകളിലും കുട്ടികൾക്കും കൗമാരക്കാർക്കും ദമ്പതികൾക്കും കുടുംബാംഗങ്ങൾക്കുമായുള്ള മെച്ചപ്പെട്ട ബോധവത്കരണ പരിശീലന രീതിയിലും ഏകദേശം ഒരു വർഷത്തെ പരിശീലനം ലഭിച്ച കൗൺസിലർമാരോടാണ് സംസാരിക്കാനാകുക. ടാറ്റ ഇൻസ്റ്റിട്ട്യൂട്ട് ഓഫ് സോഷ്യൽ സയൻസസിന്റെ ഐകോളിൽ (iCall)  ക്ലിനിക്കൽ സൈക്കോളജിയിലും അപ്പ്ള്ളൈഡ് സൈക്കോളജിയിലും ബിരുദാനന്ദര ബിരുദമുള്ള വിദഗ്ദ്ധരെയാണ് നിയമിച്ചിരിക്കുന്നത്. 
ചില ഹെൽപ്പ്‌ലൈനുകൾ സന്നദ്ധ പ്രവർത്തകർ കൈകാര്യം ചെയ്യുമ്പോൾ മറ്റ് ചിലയിടത്ത് മുഴുവൻ സമയ ജോലിക്കാരുണ്ട്. സന്നദ്ധ പ്രവർത്തകരോ പകുതി/മുഴുവൻ സമയ ജോലിക്കാരോ ആയ എല്ലാവർക്കും തന്നെ ഫോണെടുക്കുന്നതിന് മുമ്പ് ടെലിഫോൺ കൗൺസിലിങ്ങിൽ പരിശീലനം കൊടുക്കുന്നു. ചില ഹെൽപ്പ്‌ലൈനുകളിൽ ഏതെങ്കിലും തരത്തിലുള്ള സംഘർഷം അനുഭവിച്ചവരും സമാന പ്രശ്‌നം അനുഭവിക്കുന്ന മറ്റുള്ളവരെ പിന്തുണയ്ക്കാൻ താത്പര്യം ഉള്ളവരുമായ ആളുകളെ നിയമിച്ചിരിക്കുന്നു.
എന്റെ വിവരങ്ങൾ പങ്കുവെയ്ക്കപ്പെടുമോ? 
സാധാരണ ഹെൽപ്പ്‌ലൈനുകളെല്ലാം രഹസ്യസ്വഭാവം പുലർത്തുന്നു. സ്വന്തം ജീവനോ ചുറ്റുമുള്ളവരുടെ ജീവനോ ഭീഷണിയായില്ലെങ്കിൽ മിക്ക ഹെൽപ്പ്‌ലൈനുകളും വിളിച്ചയാളുടെ പേരോ നമ്പറോ തിരിച്ചറിയാനുള്ള മറ്റ് വിവരങ്ങളോ പുറത്താക്കുകയില്ല. ഒരു ഹെൽപ്പ്‌ലൈനിൽ വിളിക്കുമ്പോൾ നിങ്ങളുടെ വിവരങ്ങൾ അജ്ഞാതമായിരിക്കുന്നതിനെ കുറിച്ച് ഉറപ്പ് കിട്ടണമെങ്കിൽ തുടക്കം തന്നെ അവരുടെ നയമെന്താണെന്ന് നിങ്ങൾക്ക് ചോദിച്ചു മനസിലാക്കാവുന്നതാണ്. മിക്ക ഹെൽപ്പ്‌ലൈനുകളും അവരുടെ നയങ്ങളെക്കുറിച്ച് വെബ്‌സൈറ്റിൽ രേഖപ്പെടുത്തിയിട്ടുണ്ടാകും. വിളിക്കുന്നതിന് മുമ്പ് അതിനെക്കുറിച്ച് നിങ്ങൾക്ക് വായിച്ച് ബോധ്യപ്പെടാവുന്നതാണ്. 
എനിക്കൊരു മുഖാമുഖമുള്ള കൗൺസിലിങ്ങിൽ താത്പര്യമില്ല. തുടർച്ചയായി വിളിക്കാൻ പറ്റുമോ? 
ദീർഘനേരത്തെ ബോധവത്കരണ കൗൺസിലിങ്ങിന് പകരമാകാൻ ഒരു ഹെൽപ്പ്‌ലൈനിനുമാകില്ല. എന്നിരുന്നാലും എല്ലാവർക്കും മനോരോഗ വിദഗ്ദ്ധനെയോ മനഃശാസ്ത്രജ്ഞനെയോ കാണേണ്ട ആവശ്യമില്ല. നിങ്ങൾക്ക് കൂടുതൽ പിന്തുണ ആവശ്യമുണ്ടോ എന്ന് മനസിലാക്കുന്നതിനായി ഹെൽപ്പ്‌ലൈൻ കൗൺസിലർ നിങ്ങളുടെ ആവശ്യങ്ങളെ വിശകലനം ചെയ്യാറുണ്ട്. അത്തരം സന്ദർഭങ്ങളിൽ നിങ്ങളുടെ പ്രശ്‌നത്തിന് അർഹമായ മാനസിക ആരോഗ്യ സേവനങ്ങളെ സംബന്ധിച്ച വിവരങ്ങൾ നൽകുകയോ നിങ്ങളുടെ പ്രദേശത്തിനടുത്തുള്ള മാനസിക ആരോഗ്യ വിദഗ്ദ്ധനെ കാണുവനായി പറയുകയോ ചെയ്യുന്നു. 
ഹെൽപ്പ്‌ലൈൻ ബോധവത്കരണത്തിന് എന്റെ എല്ലാ മാനസിക പ്രശ്‌നങ്ങളെയും പരിഹരിക്കാൻ കഴിയുമോ? 
ഹെൽപ്പ്‌ലൈൻ കൗൺസിലിങ്ങ് എല്ലാത്തരം മാനസിക ആരോഗ്യ പ്രശ്‌നങ്ങൾക്കും യോജിച്ചതോ കൃത്യമായതോ അല്ല. ചില മാനസിക രോഗങ്ങൾക്ക് മരുന്നുകളോ ചികിത്സയോ പുനരധിവാസമോ ആവശ്യമുണ്ട്. നിങ്ങളെ ചികിത്സിക്കാൻ കഴിയുന്ന ഒരു മാനസിക ആരോഗ്യ വിദഗ്ദ്ധനെ നിങ്ങൾക്ക് നിർദ്ദേശിച്ചേക്കാം. 
ഒരു ഹെൽപ്പ്‌ലൈനിൽ വിളിക്കുമ്പോൾ ചെയ്യാൻ പാടില്ലാത്തത്: 
ഒരു ഹെൽപ്പ്‌ലൈനിൽ വിളിക്കുകയാണെങ്കിൽ അവർ എന്തൊക്കെയാണ് ചെയ്യുന്നതെന്നും ചെയ്യാത്തതെന്നും ഓർത്തിരിക്കുന്നത് നല്ലതാണ്. ചെയ്യരുതാത്ത ചില കാര്യങ്ങൾ ഇതാ: 
  • ഒരൊറ്റ ഫോൺ വിളികൊണ്ട് നിങ്ങളുടെ എല്ലാ പ്രശ്‌നങ്ങളും പരിഹരിക്കപ്പെടുമെന്ന് കരുതരുത്. ചില പ്രശ്‌നങ്ങൾ ഗുരുതരവും ദീർഘകാലത്തെ സഹായം ആവശ്യമുള്ളതുമാകാം. 
  • നിങ്ങളുടെ പ്രശ്‌നത്തിന്റെ ഉത്തരവാദിത്വം ഉപേക്ഷിക്കാതിരിക്കുക. പ്രശ്‌നങ്ങൾ കൗൺസിലറോട് പങ്കുവെയ്ക്കുക എന്നത് അത് പരിഹരിക്കാനുള്ള സകല ഉത്തരവാദിത്വവും അവരുടെ കൈയ്യിലാണ് എന്നല്ല അർത്ഥമാക്കുന്നത്. 
  • ഉപദേശം ചോദിക്കരുത്; ഞാൻ എന്ത് ചെയ്യും? കൗൺസിലിങ്ങിന്റെ ലക്ഷ്യം നിങ്ങളുടെ പ്രശ്‌നങ്ങൾക്ക് കൗൺസിലർമാർ പരിഹാരക്രിയകൾ നിർദ്ദേശിക്കുക എന്നതല്ല. നിങ്ങളുടെ വെല്ലുവിളികളെക്കുറിച്ചുള്ള വ്യക്തത വരുത്തുവാനും അവയെ കൈകാര്യം ചെയ്യുവാനുള്ള കഴിവുകളെ വളർത്തിയെടുക്കുവാനും നിങ്ങളെ ശക്തിപ്പെടുത്തുക എന്നതാണ്. 
  • എന്താണ് ചെയ്യേണ്ടതെന്ന് അവരോട് പറയാതിരിക്കുക. ചില രക്ഷകർത്താക്കൾ കൗൺസിലർമാരെ വിളിച്ച് അവരാഗ്രഹിക്കുന്ന പോലെ പ്രവർത്തിക്കാൻ കുട്ടികളോട് പറയണമെന്ന് ആവശ്യപ്പെടുന്നതിനെക്കുറിച്ച് ഒരു ഹെൽപ്പ്‌ലൈൻ സൂപ്പർവൈസർ പറയുന്നു. ഇത് കുട്ടികൾക്ക് നല്ലതല്ല. അവർ രക്ഷകർത്താക്കളിൽനിന്ന് വീണ്ടും അകലുകയും രക്ഷാകർത്താക്കൾക്കും കൗൺസിലർക്കും ഇടയിൽപ്പെട്ട് വിഷമിക്കുകയും ചെയ്യുന്നു. 
  • സൗകര്യങ്ങളെ ചൂഷണം ചെയ്യുകയോ ദുരുപയോഗം ചെയ്യുകയോ ചെയ്യാതിരിക്കുക: ശകാര വാക്കുകൾ ഉപയോഗിക്കാനോ നിങ്ങളുടെ ലൈംഗീകഭ്രമങ്ങളെക്കുറിച്ച് വിവരിക്കുവാനോ ഒരു ഹെൽപ്പ്‌ലൈനിലും വിളിക്കാതിരിക്കുക.
  • വെറുതെ സംസാരിക്കാൻ വിളിക്കാതിരിക്കുക: സേവനങ്ങൾ നൽകുന്ന ഒരു വിദഗ്ദ്ധനോ ഒരു സന്നദ്ധ പ്രവർത്തകനോ ആണ് ഒരു ഹെൽപ്പ്‌ലൈൻ പ്രവർത്തകൻ, ഒരു സുഹൃത്തല്ല. അവരുമായുള്ള ബന്ധത്തിന് ഔപചാരികത നിലനിർത്തേണ്ടത് അത്യാവശ്യമാണ്. ഒരു സൗഹൃദ സംഭാഷണത്തിനായി ഹെൽപ്പ്‌ലൈനിൽ വിളിക്കുന്നവർ ഏതെങ്കിലും സംഘർഷത്തിൽ ആയിരിക്കുന്നവർക്ക് സമയോചിതമായ സഹായം കൊടുക്കുന്നതിന് തടസമാകുന്നു. 
ഏത് ഹെൽപ്പ്‌ലൈനാണ് എനിക്കാവശ്യമെന്ന് എങ്ങനെയാണ് അറിയുക?
ഒരു ഹെൽപ്പ്‌ലൈൻ മികച്ചതാണെന്നും ഫലവത്താണെന്നും തിരിച്ചറിയാൻ വഴികളൊന്നുമില്ല. അവരുടെ സ്വകാര്യത സംരക്ഷിക്കുന്ന നയങ്ങളെക്കുറിച്ച് നിങ്ങൾക്ക് പ്രശ്‌നമൊന്നും ഇല്ലെന്നും നിങ്ങളുടെ ജീവിതകഥ പങ്കുവെയ്ക്കുന്നത് സുരക്ഷിതമാണെന്നും തോന്നുന്നത് പ്രധാനമാണ്. വിളിച്ചശേഷം ഉടനടി അവലോകനം നടത്താം. നിങ്ങളുടെ ആവശ്യം നടക്കുന്നുണ്ടോ? നിങ്ങളുടെ പങ്കുവെയ്ക്കലിനോടും പേടികളോടും ചോദ്യങ്ങളോടുമുള്ള കൗൺസിലറുടെ മറുപടിയിലും നിങ്ങൾ സംതൃപ്തരാണോ? വിളിച്ചത് നിങ്ങളുടെ സ്ഥിതി മെച്ചപ്പെട്ടെന്ന് തോന്നുവാനോ വിവരങ്ങളെക്കുറിച്ച് വ്യക്തത വരുത്തുവാനോ നിങ്ങളെ സഹായിച്ചോ? ഉത്തരം ഇല്ല എന്നാണെങ്കിൽ നിങ്ങളുടെ ഹെൽപ്പ്‌ലൈൻ തിരഞ്ഞെടുപ്പ് നിങ്ങൾ പുനഃപരിശോധിക്കേണ്ടതുണ്ട്. 
വിവരങ്ങള്‍
1) സഹായി
സ്ഥലം:
ബാംഗ്ലൂർ
നടത്തുന്നത്: സഹായി, നിംഹാൻസിന്റെയും മെഡിക്കോ പാസ്ടറൽ അസോസിയേഷൻ ആന്റ് റോട്ടറി ബാഗ്ലൂർ ഈസ്റ്റിന്റെയും സഹകരണത്തോടെ  
ലക്ഷ്യം വെയ്ക്കുന്നത്: വൈകാരിക പ്രശ്‌നങ്ങളിൽ പെടുന്ന ഏതൊരാളെയും
ഹെൽപ്പ്‌ലൈൻ നമ്പർ: 080 - 25497777
പ്രവർത്തന സമയം: തിങ്കൾ മുതൽ ശനിവരെ. രാവിലെ 10 മുതൽ 6വരെ
സൈറ്റ്: http://www.sahaihelpline.org
2) പരിവർത്തൻ കൗൺസിലിങ്ങ് ഹെൽപ്പ്‌ലൈൻ
സ്ഥലം:
ബാംഗ്ലൂർ
നടത്തുന്നത്: പരിവർത്തൻ കൗൺസിലിങ്ങ്, ട്രെയ്‌നിങ്ങ് ആന്റ് റിസർച്ച് സെന്റർ
ലക്ഷ്യം വെയ്ക്കുന്നത്:  വൈകാരിക പ്രശ്‌നങ്ങളിൽ പെടുന്ന ഏതൊരാളെയും
ഹെൽപ്പ്‌ലൈൻ നമ്പർ: 080 - 65333323 
പ്രവർത്തന സമയം: തിങ്കൾ മുതൽ വെള്ളിവരെ. 4 പി എം മുതൽ 10പിഎം വരെ
ഭാഷകൾ: ഇംഗ്ലീഷ്, കന്നഡ. ഹിന്ദി, തമിഴ്, പഞ്ചാബി, മറാത്തി, ഒറിയ, ബംഗാളി
വെബ്‌സൈറ്റ്:  http://www.parivarthan.org/
 
3) ഐകാൾ
സ്ഥലം:
മുംബൈ
നടത്തുന്നത്: ടാറ്റ ഇൻസ്റ്റിട്ട്യൂട്ട് ഓഫ് സോഷ്യൽ സയൻസസ്
ലക്ഷ്യം വെയ്ക്കുന്നത്:  വൈകാരിക പ്രശ്‌നങ്ങളിൽ പെടുന്ന ഏതൊരാളെയും
ഹെൽപ്പ്‌ലൈൻ നമ്പർ: 022-25563291 മെയിൽ ഐഡി icall@tiss.edu
പ്രവർത്തന സമയം: തിങ്കൾ മുതൽ ശനിവരെ. 10 എഎം മുതൽ 10പിഎം വരെ
ഭാഷകൾ: ഇംഗ്ലീഷ്. ഹിന്ദി, മറാത്തി, പഞ്ചാബി, ഗുജറാത്തി, തമിഴ്, മലയാളം
വെബ്‌സൈറ്റ്: http://www.tiss.edu/TopMenuBar/field-action/projects/i-call-initiating-concern-for-all
4) നിംഹാൻസ് ഹെൽപ്പ്‌ലൈൻ (മുതിർന്നവർക്ക്)
സ്ഥലം:
ബാംഗ്ലൂർ
നടത്തുന്നത്: നാഷണൽ ഇൻസ്റ്റിട്ട്യൂട്ട് ഓഫ് മെന്റൽ ഹെൽത്ത് ആന്റ് ന്യൂറോ സയൻസസ് 
ലക്ഷ്യം വെയ്ക്കുന്നത്:  വൈകാരിക പ്രശ്‌നങ്ങളിൽ പെടുന്ന ഏതൊരാളെയും
ഹെൽപ്പ്‌ലൈൻ നമ്പർ: 080-26685948 അല്ലെങ്കിൽ 09480829670
പ്രവർത്തന സമയം: തിങ്കൾ മുതൽ ശനി വരെ, 9.30 എഎം മുതൽ 4.30പിഎം വരെ
ഭാഷകൾ: ഇംഗ്ലീഷ്, കന്നഡ
വെബ്‌സൈറ്റ്:  nimhans.wellbeing@gmail.com
5) സ്‌നേഹ ഇന്ത്യ
സ്ഥലം:
 ചെന്നൈ
ലക്ഷ്യമിടുന്നത്: ആത്മഹത്യ പ്രവണതയുള്ളവർ
ഹെൽപ്പ്‌ലൈൻ നമ്പർ: 044-24640050; 91-44-24640060 മെയിൽ ഐഡി help@snehaindia.org 
പ്രവർത്തന സമയം: ടെലിഫോൺ നമ്പർ 24 മണിക്കൂറും. രാവിലെ 8 മുതൽ രാത്രി പത്ത് വരെ നേരിട്ട് വരാവുന്നതാണ്. തിങ്കൾ മുതൽ ഞായർ വരെ
6) 1098
ലക്ഷ്യമിടുന്നത്
: മാനസികമായും ശാരീരികമായും മനക്ലേശം അനുഭവിക്കുന്ന കുട്ടികൾ
ഹെൽപ്പ്‌ലൈൻ നമ്പർ: 1098
പ്രവർത്തന സമയം: 24/7 
വെബ്‌സൈറ്റ്: http://www.childlineindia.org.in/1098/b1b-partnership-model.htm